Global block

bissplus@gmail.com

Global Menu

ഡിജിറ്റല്‍ രംഗത്ത് റീട്ടെയ്ല്‍ വിപ്ലവം തീര്‍ത്ത് ഓക്‌സിജന്‍

എന്നെ സംബന്ധിച്ച് ആരോഗ്യകരമായ മത്സരം മാത്രമാണ് ബിസിനസ് രംഗത്തുളളത്. എതിരാളികളല്ല ഓക്‌സിജൻ ഗ്രൂപ്പിനൊപ്പം മത്സരിക്കുന്നവരെല്ലാം സുഹൃത്തുക്കളാണ്. പടിപടിയായി ഉയർന്നുവന്ന ചരിത്രമാണ് ഓക്‌സിജൻ ഗ്രൂപ്പിനുളളത്. ചെറിയ മാർജിനുകൾക്കായി കുറുക്കുവഴികൾ തേടാറില്ല. അത് ബിസിനസിന് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യില്ല. അതുകൊണ്ടുതന്നെ കുറുക്കുവഴികളിൽ താല്പര്യവുമില്ല- ഓക്‌സിജൻ ഗ്രൂപ്പ് സി ഇ ഓ ഷിജോ കെ തോമസിന്റെ വാക്കുകൾ. ആയിരം കോടി ടേൺ ഓവറിലേക്ക് വളരുന്ന ഒരു വൻ ബ്രാൻഡിന്റെ അമരക്കാരനാണെന്ന ഭാവം അദ്ദേഹത്തിന്റെ മുഖത്തില്ല. അഭിമുഖത്തിനായി ചെന്നപ്പോൾ കണ്ടത് സ്യൂട്ടിനുളളിൽ എരിപൊരികൊളളുന്ന ബിസിനസുകാരനെയല്ല മറിച്ച് മലയാളിത്തം തുളുമ്പുന്ന വേഷത്തിൽ ഭാവഹാവാദികളി ലാളിത്യം തുളുമ്പുന്ന സംസാരത്തിൽ മിതത്വം പാലിക്കുന്ന ഒരു മനുഷ്യനെ. ഓക്‌സിജൻ ഗ്രൂപ്പ് എന്തുകൊണ്ട് ജനമനസ്സിൽ ഇടംനേടി മുന്നേറുന്നു എന്നതിനുളള ഉത്തരം അദ്ദേഹത്തിന്റെ മുഖത്തുനിന്നു വായിച്ചെടുക്കാം. കേരളമാകെ പടർന്നുപന്തലിച്ചുനിൽക്കുന്ന ഓക്‌സിജൻ ശൃംഖലയുടെ അധിപൻ ഷിജോ കെ തോമസ് ബിസിനസ് പ്ലസിന് നൽകിയ അഭിമുഖത്തിൽ നിന്ന്......

 

കേരളത്തിന്റെ സ്വന്തം
ഡിജിറ്റല്‍ എക്‌സ്‌പെര്‍ട്ട്
23 വര്‍ഷങ്ങള്‍

30 ലക്ഷം
സന്തുഷ്ട കസ്റ്റമേഴ്‌സ്

32 ബ്രാഞ്ചുകള്‍

 

ബിസിനസിൽ പടിപടിയായി ഉയർന്നുവന്ന ആളാണല്ലോ? തുടക്കം വിശദീകരിക്കാമോ?
ആദ്യം കമ്പ്യൂട്ടർ അസംബ്ലിങ്ങുമായി ബന്ധപ്പെട്ട ജോലിയാണ് ചെയ്തിരുന്നത്. രണ്ടുവർഷത്തോളം ജോലി ചെയ്തു. വ്യക്തിപരമായ ചില കാരണങ്ങളാൽ ജോലി രാജിവയ്‌ക്കേണ്ടി വന്നു.ആറുമാസത്തോളം ജോലിയൊന്നുമില്ലാതെ നിന്നു. അന്ന് ഒരു ബിസിനസൊന്നും തുടങ്ങാനുളള സാമ്പത്തികസ്ഥിതിയല്ല. പിന്നീട് സ്വയംതൊഴിൽ എന്ന നിലയ്ക്ക് ഓസോൺ കമ്പ്യൂട്ടേഴ്‌സ് എന്ന പേരിൽ കമ്പ്യൂട്ടർ അസംബ്ലിങ്ങ് യൂണി്റ്റ് 1999ൽ കാഞ്ഞിരപ്പളളിയിൽ തുടങ്ങി. 100 ച.അടിയിൽ താഴെയുളള സ്ഥലത്താണ് തുടങ്ങിയത്. അക്കാലത്ത് ഒരു മാസം ഒരു കമ്പ്യൂട്ടറൊക്കെയാണ് വിറ്റുപോവുക. അന്ന് ഡെസ്‌ക്ടോപ്പ്് കമ്പ്യൂട്ടറുകളാണുളളത്. അങ്ങനെപടിപടിയായി വളർന്നു. പിന്നീട് കോട്ടയത്ത് ഹോൾസെയിൽ യൂണിറ്റ് തുടങ്ങി. അതും ചെറിയ രീതിയിലാണ്.. ബസിലൊക്കെ പോയി ഞാൻ തന്നെയാണ് കംപോനന്റ്‌സ് ഒക്കെ കൊണ്ടുവന്നിരുന്നത്. തുടർന്ന് വിപണി വലുതായി. ഡിസ്ട്രിബ്യൂഷൻ വലുതായി. ആ സമയത്താണ് എനിക്കൊരു അപകടം സംഭവിക്കുന്നത്. കുറച്ചധികം നാൾ വിശ്രമം വേണ്ടിവന്നു. ആ സമയത്താണ് റീട്ടെയ്ൽ രംഗത്തെ സാധ്യതകളെകുറിച്ച് ചിന്തിക്കുന്നത്. അന്ന് ഡിജിറ്റൽ രംഗത്ത് ഒരു ഓർഗനൈസ്ഡ് റീട്ടെയ്‌ലർ ഉണ്ടായിരുന്നില്ല. അങ്ങനെ ഓക്‌സിജൻ എന്ന പേരിൽ റീട്ടെയ്ൽ രംഗത്തേക്ക് വന്നു. ഇന്ന് 40,000 ച.അടിയാണ് ഓക്‌സിജന്റെ പുത്തൻ ഷോറൂമിന്റെ വിസ്തീർണ്ണം. ഞാൻ ഒറ്റയ്ക്ക് എല്ലാം നോക്കിയിരുന്ന സ്ഥാനത്ത് ഇന്ന് 700 ജീവനക്കാരുണ്ട്. ഞങ്ങൾ ഒരു ടീമായി മുന്നോട്ടുപോകുന്നു.
ഓക്‌സിജൻ ഷോറൂമിലെത്തുന്ന കസ്റ്റമറെ കാത്തിരിക്കുന്നത്?
ഓക്‌സിജൻ ഷോററൂമിലെത്തുന്ന ഉപഭഭോക്താവിന് അയാൾക്ക് ആവശ്യമായ ഇലക്ട്രോണിക് ഉത്പന്നങ്ങളെല്ലാം ലഭിക്കും. രണ്ട് കാറ്റഗറി ഷോറൂമുകളാണുളളത്. ഒന്ന് മൊബൈൽ, ലാപ്‌ടോപ്പ് തുടങ്ങി ഡിജിറ്റൽ ഉത്പന്നങ്ങളൾക്ക് പ്രത്യേകമായുളള ഷോറൂമുകൾ. മറ്റൊന്ന് ഹോം അപ്ലയൻസസും ഡിജിറ്റൽ ഉത്പന്നങ്ങളും എല്ലാം ഒരു കുടക്കീഴിൽ വരുന്ന ഷോറൂമുകൾ. ഭാവിയിൽ ഇലക്ട്രോണിക്‌സ് രംഗത്ത് പുതുതായി വരുന്ന എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന എക്‌സ്‌ക്ലൂസീവ് ഷോറുമുകൾ ഒരുക്കുവാനാണ് പദ്ധതിയിടുന്നത്.
ഓക്‌സിജൻ ഗ്രൂപ്പിനെ വേറിട്ടുനിർത്തുന്നത് എന്താണ്?
ഓക്‌സിജനിേേലക്ക് ഒരു കസ്റ്റമർ വരുമ്പോൾ അവർ തരുന്ന വിലയിലും മികച്ച സേവനം നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വാങ്ങുന്ന ഉത്പന്നത്തിന്റെ വില അവർ തരുന്നുണ്ട്. പക്ഷേ സർവ്വീസിൽ വാല്യു ആഡ് ചെയ്യുക എന്നതാണ് ഓക്‌സിജന്റെ ലക്ഷ്യം. അതിനായി കസ്റ്റമർ സർവ്വീസിനായി മാത്രം ഓരോ ഷോറൂമിലും പ്രത്യേക വിഭാഗമുണ്ട്.  മിക്കവാറും ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ വാങ്ങാനെത്തുന്ന പല കസ്റ്റമേഴ്‌സിനും ആ ഉത്പന്നത്തെപ്പറ്റി നല്ല ബോധ്യമുണ്ടാവണമെന്നില്ല. അപ്പോൾ അവർ അതെക്കുറിച്ച് വ്യക്തമായി അറിഞ്ഞ് ബോധ്യപ്പെട്ട് വാങ്ങണം, അതവരുടെ അവകാശമാണെന്നാണ് ഓക്‌സിജൻ ഗ്രൂപ്പ് വിശ്വസിക്കുന്നത്. അതിനായി ഞങ്ങളുടെ സ്‌ററ്റാഫിന് പരിശീലനം നൽകിയിട്ടുണ്ട്. അത് ഒരു വാല്യു അഡിഷനാണ്. ഇനി ഉത്പന്നം വാങ്ങിയ ശേഷവും കസ്റ്റമേഴ്‌സിന് സംശയങ്ങളുണ്ടാവും, സർവ്വീസ് സംബന്ധിയായ വിഷയങ്ങളുണ്ടാവും അതെല്ലാം നിവർത്തിച്ചുകൊടുക്കുക, ഉപഭോക്താവിനൊപ്പം നിൽക്കുക എന്നതാണ് ഞങ്ങളുടെ തീരുമാനം. ആദ്യ. ഷോറൂമിൽ തുടങ്ങി കോട്ടയത്തെ ഏറ്റവും പുതിയ ഷോറൂമിൽ വരെ ഓക്‌സിജൻ കെയർ എന്ന പേരിൽ കസ്റ്റമർകെയർ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. അതിനായി പ്രത്യേക ഇൻഫ്രാസ്ട്രക്ചറും സ്റ്റാഫും ഉണ്ട്. അവർക്ക് വില്പനയുമായി ബന്ധമില്ല. കസ്റ്റമറുടെ സംശയങ്ങൾ നിവർത്തിക്കുക, സർവ്വീസ് സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുക അങ്ങനെ പൂർണ്ണമായും കസ്റ്റമർക്കൊപ്പം നിൽക്കാനുളള സംവിധാനമാണ്  ഓക്‌സിജൻ കെയർ. ഉപഭോക്താവ് ഉത്പന്നം വാങ്ങിയ ശേഷമാണ് ഓക്‌സിജൻ കെയറും അദ്ദേഹവും തമ്മിലുളള ബന്ധം ആരംഭിക്കുന്നത്. ആ ബന്ധം കസ്റ്റമർ ആ ഉത്പന്നം എത്രകാലം ഉപയോഗിക്കുന്നോ അത്രനാളും നിലനില്ക്കും.
100 ച.അടിയിലെ സംരംഭത്തിൽ നിന്ന് 40,000 ച.അടിയിലെ കോട്ടയത്തെ വമ്പൻ ഷോറൂമിലെത്തി നിൽക്കുന്നു. കോട്ടയത്തെ ഷോറൂമിന്റൈ പ്രത്യേകത
കോട്ടയത്തെ ഷോറൂമിൽ ഉപഭോക്താവിന് തികച്ചും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവമാണ് ലഭിക്കുക. ഓക്‌സിജന്റെ എല്ലാ ഷോറൂമുകളിലും എന്നതുപോലെ ഇവിടെയും എല്ലാ ബ്രാൻഡുകളുടെയും എല്ലാ പ്രൊഡക്ടുകളുമുണ്ട്. പക്ഷേ ഏറ്റവും പുതിയ ഉത്പന്നങ്ങൾ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുകയാണിവിടെ ചെയ്തിരിക്കുന്നത്. വ്യക്തിഗതമായി  കസ്റ്റമേഴ്‌സിന് മികച്ച അനുഭവം നൽകുക.മൊത്തത്തിൽ ഓട്ടോമേറ്റ് ചെയ്ത ഒരു സ്മാർട്ട് ഹോമിന്റെ മിനിയേച്ചർ ആ ഷോറൂമിൽ ചെയ്തിട്ടുണ്ട്. അപ്പോൾ ഒരു വീടിനെ എങ്ങനെ ഓട്ടോമേറ്റ് ചെയ്യാം എന്ന് ഉപഭോക്താവിന് വ്യക്തമായ ഐഡിയ ലഭിക്കും. അതുപോലെ ഇന്റർനെറ്റ് ഓൺ തിങ്‌സ് എന്നുപറയുമ്പോലെ ഉത്പന്നങ്ങൾ തമ്മിൽ ഒരു കമ്മ്യൂണിക്കേഷനുളള കാലമാണിത്.. അതൊക്കെ ഡെമോൺസ്ട്രേറ്റ് ചെയ്യുന്ന യൂണിറ്റുണ്ട്. അതുപോലെ ഏറ്റവും ബെസ്റ്റ് പ്രൊഡക്ടുകൾ അവിടെ ലഭ്യമാക്കുന്നു.
ഏത്  പ്രായക്കാരിലാണ് ഡിജിറ്റൽ ഗാഡ്ജറ്റിനോട്  കമ്പം അധികമായുളളത്?
ഇന്ന് എല്ലാ പ്രായക്കാരും ഡിജിറ്റൽ ലോകത്താണ്. മൊബൈൽ എല്ലാവർക്കും അത്യാവശ്യ ഗാഡ്ജററ്റായി മാറിക്കഴിഞ്ഞു. 2007ലാണ് സ്മാർട്ട്‌ഫോൺ വിപ്ലവം വന്നത്. അന്ന് സംഗീതം, ഇന്റർനെറ്റ്, ആശയവിനിമയം എന്നീ മൂന്ന് കാര്യങ്ങളാണ് സ്മാർട്ട്‌ഫോണിലൂടെ ജനം ആസ്വദിച്ചത്. ഇന്ന് അതിൽനിന്നൊക്കെ മാറി നിരവധി കാര്യങ്ങളുടെ സംയോജനമാണ് സ്മാർട്ട്‌ഫോണിൽ നടക്കുന്നത്. ആഹാരം ഓർഡർ ചെയ്യുന്നതുമുതൽ ബാങ്കിംഗ്, ട്രാവൽടിക്കറ്റ് ബുക്കിംഗ് എന്നുതുടങ്ങി നമ്മുടെ ദൈനംദിനജീവിതത്തിൽ നിന്ന് സ്മാർട്ട്‌ഫോണിനെ ഒഴിച്ചുകൂടാനാവില്ല. വ്യക്തിഗത ജീവിതത്തിൽ സ്മാർട്ടഫോണിന്റെ പങ്ക് വളരെ വലുതാണ്.
സാങ്കേതികവിദ്യ അനുദിനം മാറുന്നു. ഐടി, ഇലക്ട്രോണിക്‌സ് മേഖലയിൽ ഭാവി വളർച്ച?
സാങ്കേതികവിദ്യയിലുളള മാറ്റങ്ങൾ ഞങ്ങൾ അ്‌നുദിനം അപ്‌ഡേറ്റ്‌ചെയ്യുന്നുണ്ട്. മാനുഫാക്ചറർമാരിൽ നിന്നുളള അപ്‌ഡേഷനുപുറമെ അതിനായി ഞങ്ങൾക്ക് സ്വന്തമായി ഒരു റിസർച്ച് സംവിധാനമുണ്ട്. വരാനിരിക്കുന്ന മാറ്റങ്ങൾ, അതുമായി ബന്ധപ്പെട്ട് വരാവുന്ന ഉപകരണങ്ങൾ , അതിൽ ഓക്‌സിജന്റെ ഇടം എന്താണ് ഇതെക്കുറിച്ചെല്ലാം നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. ലോകത്ത് എവിടെ ഏത് പുതിയ ഉപകരണം അവതരിപ്പിക്കപ്പെട്ടാലും അത് കേരളത്തിൽ ആദ്യമെത്തിക്കുന്നത് ഓക്‌സിജനായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നത്.
സ്വന്തം ബ്രാൻഡ്
ഓക്‌സ് വ്യൂ എന്ന പേരിൽ ഓക്‌സിജൻ സ്വന്തം ബ്രാൻഡിലെ ടിവി വിപണിയിലെത്തിക്കാനുളള ഒരുക്കത്തിലാണ്. ഓണത്തിന് വിപണിയിലെത്തിക്കും. സാധാരണക്കാരനും അഫോർഡബിളായ റേഞ്ചിലുളള ടിവി എന്ന സങ്കല്പത്തിലാണ് കൊണ്ടുവരുന്നത്. കാരണം പ്രീമിയം പ്രൊഡക്ടുകൾ വാങ്ങാൻ താല്പര്യമുളളവർക്ക് ഇവിടെ യഥേഷ്ടം ബ്രാൻഡുകളുണ്ട്. എന്നാൽ അത്രയും മുതൽമുടക്കാനില്ലാത്ത സാധാരണക്കാരെ കണക്കിലെടുത്ത് ന്യായമായ വിലയിൽ മികച്ച ഉത്പന്നം എന്നതാണ് ഓക്‌സി വ്യൂവിലൂടെ പദ്ധതിയിടുന്നത്. മികച്ച വില്പനാനന്തരസേവനവും ഉറപ്പാക്കും. കാരണം കസ്റ്റമറുടെ അവകാശങ്ങൾ നടപ്പാക്കിക്കൊടുത്തില്ലെങ്കിൽ നാം പുറംതളളപ്പെടും.
ഭാവി പദ്ധതികൾ
നേരത്തേ പറഞ്ഞതുപോലെ ഒക്‌സിവ്യൂ എന്ന സ്വന്തം ബ്രാൻഡ്.രണ്ടാമതായി ഒരു സോഫ്റ്റ് വെയർ കമ്പനിയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. കാരണം ഇന്ന് എല്ലാ ബിസിനസും ഐടി അധിഷ്ഠിതമാണ്. ഓട്ടോമൊബൈല്ഡ രംഗത്ത് എലോൺ മസ്‌കിന്റെ സംഭാവനകൾ വലുതാണ്. തനിയെ ഓടുന്ന കാർ എന്ന സങ്കല്പം ഇൻഡസ്ട്രിയെ തന്നെ മാറ്റിമറിച്ചു. ഇപ്പോൾ എല്ലാ ബ്രാൻഡുകളും ഓട്ടോമേറ്റഡ് കാറുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അത്തരത്തിൽ സോഫ്റ്റ് വെയർ മേഖലയ്ക്ക് പ്രാധാന്യമുളള ലോകത്ത് അത്തരത്തിലൊരു കമ്പനിയാണ് വിഭാവനം ചെയ്യുന്നത്. ബിസിനസുകാർക്ക് പ്രയോജനപ്രദായ രീതിയിൽ അവർക്കുവേണ്ട ബിസിനസ് ഇന്റലിജൻസ് ടൂൾ (സോഫ്റ്റ് വെയർ) നിർമ്മിച്ചുനൽകുന്ന കമ്പനിയാണ് പദ്ധതിയിടുന്നത്. അതായത് ഒരു ബിസിനസ് സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെല്ലാം ഓട്ടോമേറ്റ് ചെയ്യുന്ന സോഫ്റ്റ് വെയർ. മാർക്കറ്റിംഗ്, പർച്ചേസ്, സെയിൽസ്, ഓഡിറ്റിംഗ്, ബാങ്കിംഗ് തുടങ്ങി ഒരു ബിസിനസ് സ്ഥാപനത്തിന്റെ വിവിധ വെർട്ടിക്കലുകൾ കൈകാര്യം ചെയ്യാൻ പര്യാപ്തമായ ടൂൾ. അതിനായി ചില സ്റ്റാർട്ടപ്പുകളുമായി ചർച്ച നടക്കുന്നു.സംയുക്ത സംരംഭമായി തുടങ്ങാനാണ് പദ്ധതി. അതുപോലെ  മെബൈൽ ആക്‌സസറീസ് സ്വന്തമായി നിർമ്മിക്കാനും പ്ലാനുണ്ട്.
കൊവിഡ് കാലത്തെ ബിസിനസ്
കൊവിഡ് കാലം ആരംഭിച്ചപ്പോൾ വളരെ ആശങ്കയോടെയാണ് നോക്കിക്കണ്ടത്. എന്നാൽ പിന്നീട് ഓൺലൈൻ വിദ്യാഭ്യാസം, വർക്ക് ഫ്രം ഹോം ഒക്കെ വന്നു. ആ സമയത്ത് ഡിജിറ്റൽ ഉത്പന്നങ്ങളുടെ ആവശ്യം വൻതോതിൽ വർദ്ധിച്ചു. ഡിമാൻഡ് അനുസരിച്ച് കൃത്യമായി ഉപഭോക്താക്കൾക്ക് എത്തിക്കാൻ ഒക്‌സിജൻ ഗ്രൂപ്പിന് കഴിഞ്ഞു. ആ സമയത്ത് ഡിജിറ്റൽ ഉത്പന്നങ്ങൾക്ക് ആഗോളതലത്തിൽ ഷോർട്ടേജുണ്ടായി. കാരണം ചൈനയിലും മറ്റും 50% പ്രൊഡക്ഷനാണ് നടന്നത്. എന്നാൽ ഓക്‌സിജന്റെ കസ്റ്റമേഴ്‌സിന് അത് അനുഭവപ്പെട്ടില്ല. അത്രയേറെ കാര്യക്ഷമമായി നിന്ന് ഉത്പന്നങ്ങൾ ഷോറൂമുകളിലെത്തിച്ച് ആവശ്യക്കാർക്ക് നൽകി. കൊവിഡ് സമയത്ത് സത്യം പറഞ്ഞാൽ ബിസനസ് വളർച്ചയാണുണ്ടായത്.
കൊവിഡ് കാലത്ത് ബിസിനസുകൾ പലതും ഓൺലൈനായി. ഇ-കൊമേഴ്‌സ് രംഗത്ത് മൾട്ടിനാഷണൽ കമ്പനികളെത്തി. മത്സരം കടുക്കുകയാണ്. അവിടെ ഓക്‌സിജൻ ഗ്രൂപ്പിനെ വേറിട്ടുനിർത്തുന്ന ഘടകം?
ഞങ്ങളുടെ വാല്യു ആഡഡ് സർവ്വീസുതന്നെയാണ്. അതായത് ഓൺലൈനിൽ ഉത്പന്നം വാങ്ങുന്ന ഒരു കസ്റ്റമർക്ക് ഓഫ്‌ലൈനിൽ വാങ്ങുമ്പോൾ ലഭിക്കുന്ന അതേ വില്പനനാന്തര സേവനം ലഭ്യമാക്കുന്നു. മറ്റ് ഓൺലൈൻ സൈറ്റുകളിൽ നിന്ന് ഓൺലൈനായി വാങ്ങുന്നവർ പോലും സർവ്വീസിനായി ഞങ്ങളെ സമീപിക്കുന്ന സ്ഥിതിയുണ്ട്.
ഇലക്ട്രോണിക്‌സ്, ഡിജിറ്റൽ ഉത്പന്നങ്ങളുടെ പാർട്‌സുകളിലേറെയും ചൈനയിൽ നിന്നാണല്ലോ വരുന്നത്. ഇന്ത്യ-ssN-\-þ പ്രശ്‌നം ബിസിനസിനെ ബാധിച്ചോ
ബാധിച്ചിട്ടുണ്ട്. എല്ലാ കമ്പനികളും ചൈനയെ തന്നെയാണ് ആശ്രയിക്കുന്നത്.ആപ്പിളിന്റെ പോലും മുഖ്യമാനുഫാക്ചറിംഗ് യൂണിറ്റ് ചൈനയിലാണ്. അതുകൊണ്ട് ഇന്നത്തെ പരിതസ്ഥിതിയിൽ ചൈനയെ പൂർണ്ണമായും മാറ്റിനിർത്തുക സാധ്യമല്ല. സത്യം പറഞ്ഞാൽ സ്‌പെയർ പാർട്ടുകളുടെ അപര്യാപ്തത ഇപ്പോഴും ഈ രംഗത്തുണ്ട്. പിന്നെ ഇന്ത്യ മേക്ക് ഇൻ ഇന്ത്യ പോലുളള പദ്ധതികളിലൂടെ സ്വയംപര്യാപ്തത കൈവരിക്കാനുളള ശ്രമം നടത്തുകയാണല്ലോ. പക്ഷേ ഈ പദ്ധതിയുടെ ഭാഗമായി ഇപ്പോൾ കൂടുതലും വരുന്നത് അസംബ്ലിങ് യൂണിറ്റുകളാണ്. കംപോനന്റ്‌സ് നിർമ്മാണത്തിലേക്കു കൂടി നാം കൂടുതലായി കടന്നുവരേണ്ടതുണ്ട്. അപ്പോഴേ പൂർണ്ണമായും സ്വയംപര്യാപ്തത കൈവരിക്കാനാകൂ.നേരത്തേ ഇന്ത്യൻ കമ്പനികൾ സ്വന്തമായി കംപ്യൂട്ടർ നിർമ്മാണം നടത്തിയിരുന്നുവെങ്കിലും മത്സരത്തിൽ ചൈനയുമായി പിടിച്ചുനിൽക്കാനായില്ല. ചൈനയുടെ അത്രയുംതന്നെ ഉത്പാദനം ലോ കോസ്റ്റിൽ ഇവിടെ സാധ്യമല്ല. അവരുടെ പ്രൊഡക്ഷൻ വോള്യം വലുതാണ്. മാത്രമല്ല മൈക്രോപ്രോസസർ പോലുളള ഘടകങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതിചെയ്താണ് അന്നും നിർമ്മാണം നടത്തിയത്.
മേക്ക് ഇൻ ഇന്ത്യയിലൂടെ സ്വയംപര്യാപ്തത നേടാമെന്നാണോ?
ശരിയായ രീതിയിൽ ശ്രമിച്ചാൽ സാധ്യമാണ്. നിലവിൽ ഇന്ത്യയിൽ നിരവധി നിർമ്മാണയൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. എങ്കിലും സ്വയംപര്യാപ്തതയിലേക്കെത്താൻ നാം ആദ്യം നമ്മുടെ വിദ്യാഭ്യാസസംവിധാനം തന്നെയാണ് മാറ്റേണ്ടത്. നമ്മളിപ്പോഴും പഴയ സിലബസിലാണ് പോകുന്നത്. നൈപുണ്യ വികസനത്തിൽ(സ്‌കിൽ ഡെവലപ്‌മെന്റ്) ഊന്നിയ വിദ്യാഭ്യാസസംവിധാനമാണ് പ്രൈമറി ലെവൽമുതൽ വേണ്ടത്. നമ്മുടെ കുടുംബശ്രീ പോലുളള സംരംഭങ്ങളിൽ നാളെ മൈക്രോപ്രോസസർ നിർമ്മാണയൂണി്റ്റുകളുണ്ടാകുന്നത് സങ്കല്പിച്ചുനോക്കു. അത് സമൂഹത്തിൽ വലിയ മാറ്റം കൊണ്ടുവരും. അതിന് പരിശീലനം ആവശ്യമാണ്. അവിടെയാണ് സ്‌കിൽ ഓറിയന്റഡ് ആയിട്ടുളള വിദ്യാഭ്യാസത്തിന്റെ പ്രസക്തി.
ചരിത്രപരമായി പരിശോധിച്ചാൽ വ്യവസായ വിപ്ലവത്തിലാണല്ലോ മാറ്റങ്ങളുടെ തുടക്കം. നിലവിൽ നാം ഈ മാറ്റത്തിന്റെ നാലാമത്തെ ഘട്ടത്തിലാണ് നിൽക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻലിജൻസ് തുടങ്ങിയ സങ്കേതങ്ങളൊക്കെ ഇപ്പോഴാണ് വന്നത്. ഇനി വരാനിരിക്കുന്നത് അഞ്ചാമത്തെ ഘട്ടമാണ്. അവിടെ മനുഷ്യനും മെഷീനും തമ്മിൽ ഒരുമിച്ച് പോകുന്ന ഒരു കാലമാകും അതെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് മാൻ ആൻഡ് മെഷീൻ വിൽ ഡാൻസ് ടുഗദർ എന്നാണ് സങ്കല്പം. അതെക്കുറിച്ച് എനിക്കുളള ആശങ്ക നമ്മുടെ രാജ്യം ആ സാഹചര്യത്തെ അഞ്ചാംഘട്ട മാറ്റത്തെ നേരിടാൻ സജ്ജമാണൊ എന്നതാണ്. മറ്റ് രാജ്യങ്ങളിലെ ജനത വിദ്യാഭ്യാസത്തിലൂടെയും മറ്റും ആ കാലത്തെ നേരിടാനുളള ഒരുക്കത്തിലാണ്. നമ്മളും അതുപോലെ മാറണം. കോഡിംഗും മറ്റും പ്രൈമറി തലം മുതൽ സിലബസിന്റെ ഭാഗമാക്കണം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖല വളരെയധികം മുന്നോട്ടുപോയിക്കഴിഞ്ഞു. അവിടെയുണ്ടാകുന്ന നവനവങ്ങളായ മാറ്റങ്ങൾ നമുക്കെങ്ങനെ പ്രയേജനപ്പെടുത്താനാകുംആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമസ്തമേഖലകളിലേക്കും വരികയാണ്. നേരത്തേ 2007ലെ സ്മാർട്ട്‌ഫോൺ വിപ്ലവത്തിന്റെ കാര്യം സൂചിപ്പിച്ചിരുന്നു. അതുപോലെ നിലവിൽ നാം ചർച്ചചെയ്യുന്നത് മെറ്റാവേഴ്‌സിനെക്കുറിച്ചാണ്. സ്മാർട്ട്‌ഫോണിന്റെ കാര്യത്തിലെന്ന പോലെ മെറ്റാവേഴ്‌സിന്റെ കാര്യത്തിലും മൂന്ന് കാര്യങ്ങളുടെ ഇന്റർസെക്ഷനാണ് നടക്കുന്നത്. ഒന്ന് ഒരു വെർച്ച്വൽ വേൾഡ്, അതിന്റെ വെയർഎബൗട്ട്‌സ് അതായത് ഉപയോഗിക്കേണ്ട ഉപകരണങ്ങൾ, അതുപോലെ വെബ്3.0 എന്നപേരിൽ പുതിയൊരു പ്ലാറ്റ്‌ഫോം. അതിലൂടെയായിരിക്കും ഇനി പണമിടപാടുകൾ നടക്കുക. അതായത് ക്രയവിക്രയങ്ങൾ വിർച്ച്വലാകുമ്പോൾ ഒരു വിർച്ച്വൽ ഇക്കോണമി ഉടലെടുത്തേ മതിയാകൂ. അതുപോലെ വിർച്ച്വൽ അസെറ്റ്‌സ് വരുന്നു. അങ്ങനെ ഈ മൂന്നുകാര്യങ്ങൾ സംയോജിച്ചുവരുന്നതിനാൽ മെറ്റാവെഴ്‌സിന്റെ ലോകത്തിലേക്ക് വരുമ്പോൾ എല്ലാം ഡിജിറ്റലായി മാറുന്നു.
അതായത് ടിവി ആദ്യമായി വന്നപ്പോൾ നമ്മുടെ ഒരു ദിവസത്തിന്റെ 20 മിനിട്ടോളമാണ് ശരാശരി ടിവിയുടെ മുന്നിൽ ചെലവിട്ടുന്നത്. എന്നാൽ സ്മാർട്ട്‌ഫോണിലേക്കെത്തിയപ്പോൾ ദിവസത്തിന്റെ പകുതിയും അതിലായി. മെറ്റാാവേഴ്‌സിന്റെ ലോകത്തിലേക്ക് വരുമ്പോൾ നമ്മുടെ ഒരു ദിവസത്തിന്റെ 95 ശതമാനവും അവിടെയാണ് ചെലവഴിക്കപ്പെടുമെന്നാണ് പറയുന്നത്. അതായത് ജോലിയും വ്യക്തിജീവിതവും വിനോദവുമെല്ലാം ഒരുമിച്ച് മുന്നോട്ടുപോകും.
അത്തരമൊരു ലോകത്ത്  ഓക്‌സിജന്റെ ഇടം?
അന്ന അവതരിപ്പിക്കപ്പെടുന്ന ഡിജിറ്റൽ ഉത്പന്നങ്ങൾ ആദ്യം വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓക്‌സിജൻ ഗ്രൂപ്പ് മുന്നോട്ടുപോകുന്നത്.
ലോകത്ത് അവതരിപ്പിക്കപ്പെട്ടതും കേരളത്തിലേക്ക് എത്തിക്കാൻ ഓക്‌സിജൻ ഗ്രൂപ്പ് പദ്ധതിയിടുന്നതുമായ സങ്കേതങ്ങൾ?
റൊബോട്ടിക്‌സ് ആഗോളതലത്തിൽ അതിവേഗം വികസിക്കുന്ന മേഖലയാണ്. അതിന്റെ വിലയാണ് പ്രശ്‌നം. റെബോട്ടിക് ഉത്പന്നങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാനാവില്ല. എന്നാൽ ഇൻഡസ്ട്രിയലായി അത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആ മേഖലയിൽ ധാരാളം ഇനവേഷൻ നടക്കുന്നു. റൊബോട്ടിക് ഉത്പന്നങ്ങൾ സാധാരണക്കാർക്കുകൂടി പ്രാപ്യമായ നിരക്കിൽ ലഭ്യമാക്കാനാകുന്ന അവസരം വരുമ്പോൾ അത് ആദ്യം ലഭ്യമാക്കണമെന്ന രീതിയിലാണ് ഓക്‌സിജൻ ഗ്രൂപ്പ് മുന്നോട്ടുപോകുന്നത്.
ഓണം ഓഫറുകളെപ്പറ്റി പറയാമോ?
കഴിഞ്ഞ രണ്ടുവർഷമായി ഓണം കൊവിഡിന്റെ പിടിയിലായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ബ്രാൻഡുകളും മികച്ച ഓഫറുകളാണ് ഈ ഓണക്കാലത്ത് മുന്നോട്ടുവച്ചിരിക്കുന്നത്. ഓക്‌സിജൻ  നേരിട്ട് നൽകുന്ന ഓഫറുകളുമുണ്ട്. ഈ ഓഫർ സംവിധാനവും ഞങ്ങൾ ഡിജിറ്ററലൈസ് ചെയ്തു. അതായത് ഒരാൾ പുതിയ മൊബൈൽ ഫോൺ വാങ്ങാൻ തീരരുമാനിച്ചാൽ ഒരു ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ ഏത് ഉത്പന്നമാണ്, ഉദ്ദേശിക്കുന്ന വില തുടങ്ങി ചില ചോദ്യങ്ങളുണ്ടാകും  അതിനനുസരിച്ച് ആ റേഞ്ചിലുളള ബ്രാൻഡുകളുടെയും ഓഫറുകളുടെയും വിവരം വീട്ടിലിരുന്നുതന്നെ അറിയാം.
ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാനാണല്ലോ?
അതെ, ലേറ്റസ്റ്റ് ഇലക്ട്രോണിക് -ഡിജിറ്റൽ പ്രൊഡക്ടുകളോടെല്ലാം താല്പര്യമുളളയാളാണ്. അതെക്കുറിച്ച് അപ്‌ഡേറ്റഡുമാണ്.
സർക്കാരിൽ ഈ മേഖലയ്ക്ക് സഹായം ആവശ്യമാണോ?
അതെ. സോഫ്്റ്റ്  വെയർ രംഗത്തിന് അനുകൂലമായ പല നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. സോഫ്റ്റ് വെയർ പാർക്കുകൾ പോലെയുളളവ. അതുപോലെ ഹാർഡ്‌വെയർ മേഖലയിലും ഇനിഷ്യേറ്റീവുകൾ ഉണ്ടാകണം. സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തത്തിലുളള സംരംഭങ്ങൾ വരണം . എന്നാലേ വിപണിയിൽ വിജയിക്കാനാവൂ. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കണം. രണ്ടാമത്തെ കാര്യം ഹാർഡ്‌വെയർ മേഖല അത്രകണ്ട് സംഘടിതമല്ല. ഹാർഡ് വെയർ മേഖലയിൽ ജോലി ചെയ്യുന്നവർക്കും മറ്റ് പല മേഖലകളിലും ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്നതുപോലെ സർക്കാരിന്റെ പിന്തുണ വേണം. കാരണം നാടിന്റെ ഭാവി നിർണ്ണയിക്കുന്ന രീതിയിലുളള ഉത്പന്നങ്ങളാണ് ഹാർഡ് വെയർ മേഖലയിലുളളവർ നൽകുന്നത്. അപ്പോൾ ആ മേഖലയിൽ പണിയെടുക്കുന്നവർക്കും മറ്റ് മേഖലകളിലുളളവർക്ക് ലഭിക്കുന്ന പരിരക്ഷകൾ വേണം.
സ്വപ്‌നം
ജനജീവിതം ലളിതമാക്കുന്ന ഏറ്റവും അത്യാധുനിക ഉത്പന്നങ്ങൾ ലഭ്യമാക്കുക. മാറ്റങ്ങൾക്കൊപ്പം മാറുന്ന സങ്കേതങ്ങൾക്കൊപ്പം ഉപഭോക്താക്കളുടെ ഡിമാൻഡിനൊപ്പം സഞ്ചരിക്കുക. ഒരു ഉത്പന്നത്തെക്കുറിച്ച് ഉപഭോക്താവ് ആലോചിക്കുമ്പോൾ അവരുടെ മനസ്സിൽ ഓക്‌സിജൻ മുൻനിരയിൽ ഉയർന്നുവരണം.
5ജി വിപ്ലവം വരികയാണല്ലോ.അതെങ്ങനെ നോക്കിക്കാണുന്നു?
5ജി വലിയൊരു വിപ്ലവം കൊണ്ടുവരികയാണ്. വീണ്ടും കമ്പ്യൂട്ടിംഗ് സ്പീഡ് കൂടും. മാററിവരുന്ന സങ്കേതങ്ങൾക്ക് അനുസരിച്ച് ഉപകരണങ്ങളും മാറും. അപ്പോൾ അപ്‌ഗ്രേഡ് അല്ലെങ്കിൽ എക്‌സ്‌ചേഞ്ച് ബിസിനസിൽ വലിയ സാധ്യതയുണ്ട്. ഇപ്പോൾ തന്നെ ഫിനാൻസ് കമ്പനികൾ മികച്ച സ്‌കീമുകളുമായാണ് വരുന്നത്. രൊക്കം പണം കൊടുക്കാതെ തന്നെ കൈയിലുളള ഫോൺ മാറി പുതിയ അപ്‌ഗ്രേഡഡ് ഫോൺ വാങ്ങാനുളള സൗകര്യമുണ്ട്. എല്ലാ ബ്രാൻഡുകളും അതിനെ സപ്പോർട്ട് ചെയ്യുന്നു. അത് മാർക്കറ്റിൽ ഉണർവ്വുണ്ടാക്കും.
5ജിയുടെ കാലത്ത് തൊഴിലവസരങ്ങളുടെ സാധ്യത
ഓട്ടോമേഷനൊക്കെ വരുമ്പോൾ തൊഴിലവസരങ്ങൾ കുറയില്ലേ എന്ന സംശയം സാധാരണമാണ്. കമ്പ്യൂട്ടറിന്റെ കാര്യത്തിലും അതുണ്ടായിരുന്നു. വാസ്തവത്തിൽ ഇവിടെ പുതിയതരം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്. സാങ്കേതികവിദ്യയോട് മുഖംതിരിച്ചുനിന്ന് ഒരു മുന്നോട്ടുപോക്ക് ആർക്കും സാധ്യമല്ല. കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിലേക്കാണ് കാര്യങ്ങൾ മാറുക.
വിജയരഹസ്യം
ഏതു മേഖലയിലായാലും നാം ഡീൽ ചെയ്യുന്നത് ആരുമായിട്ടാണോ അവരുടെ ആവശ്യങ്ങൾ നിവർത്തിക്കണം. അവരുടെ അവകാശങ്ങളും സംരക്ഷിക്കണം. ഓക്‌സിജനിൽ കസ്റ്റമറുടെ അവകാശം സംരക്ഷിക്കപ്പെടുന്നു. അവരുടെ ആവശ്യത്തിന് മുൻഗണന നൽകുന്നു.കാരണം അവരുടെ പണമാണ് നമ്മുടെ മുതൽക്കൂട്ട്. അവർ തരുന്ന നാണയത്തുട്ടുകളാാണ് നമ്മെ വളർത്തുന്നത്. അതുപോലെ നമ്മുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരോട് സോഷ്യലിസ്റ്റ് മനോഭാവം വേണം.
പുതിയ തലമുറയ്ക്കുളള സന്ദേശം
പുതിയ തലമുറ വളരരെ അപ്‌ഡേറ്റഡ് ആണ്. അവരുടെ ബിസിനസ് മോഡലുകൾ വളരെ  അഡ്വാൻസ്ഡ് ആണ്.  എലോൺ മസ്‌കും ജാക് മായുമൊക്കെയാണ് അവരുടെ മാതൃകാവ്യക്തിത്വങ്ങൾ. പിന്നെ വേണ്ടത് ക്ഷമയാണ്. എന്റെ കാര്യം തന്നെ നോക്കിയാൽ ആദ്യ അഞ്ചുവർഷം നഷ്ടം പെരുകിക്കൊണ്ടേയിരുന്നു. ക്ഷമയോടെ പ്രതീക്ഷയോടെ പിടിച്ചുനിന്നു. അതുപോലെ ബിസിനസിൽ ക്ഷമ വേണം. പെട്ടെന്ന് ആർക്കും വളരാനാവില്ല. അതുപോലെ കുറുക്കുവഴികളും സ്വീകരിക്കരുത്. നമ്മൾ കർമ്മം ചെയ്യുക. ഫലം വരിക തന്നെ ചെയ്യും. കുറുക്കുവഴികൾ ദീർഘകാലാടിസ്ഥാനത്തിൽ ഫലം ചെയ്യില്ല.യ ജീവനക്കാരെ കുടുംബാംഗങ്ങളെ പോലെ കാണുക.

Post your comments