Global block

bissplus@gmail.com

Global Menu

കടത്തിന് മുകളിലെന്ന് റിപ്പോർട്ടുകൾ നിൽക്കേ സിമെന്റ് കമ്പനികൾ സ്വന്തമാക്കി അദാനി

 

തുറമുഖം, ഹരിത ഊര്‍ജം, ടെലികോം മേഖലകള്‍ മാത്രമല്ല അദാനിയുടെ ലക്ഷ്യം. എന്‍ഡിടിവി പിടിച്ചെടുക്കല്‍ നീക്കം പാതിവഴിയില്‍ നില്‍ക്കെ, രാജ്യത്ത രണ്ട് സിമെന്റ് കമ്പനികള്‍കൂടി അദാനി സ്വന്തമാക്കുന്നു. ബിസിനസ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് രാജ്യത്തെ വന്‍കിട സിമെന്റ് കമ്പനികളായ എസിസി, അംബുജ എന്നിവയുടെ 26ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കാനായി ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ചത്. 31,000 കോടിയലിധികം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. 

സ്വിസ് സ്ഥാപനമായ ഹോള്‍സിമിന് വന്‍തോതില്‍ നിക്ഷേപമുള്ള സ്ഥാപനങ്ങളാണ് എസിസിയും അംബുജവും. ഹോള്‍സിം ലിമിറ്റഡിന്റെ ഇന്ത്യയിലെ ബിസിനസുകളിലുള്ള ഓഹരികള്‍ സ്വന്തമാക്കാന്‍ മെയില്‍ ആദാനി ഗ്രൂപ്പ് കരാറിലെത്തിയിരുന്നു. 84,000 കോടി രൂപയുടെ ഇടപാടായിരുന്നു അത്. ഇതോടെ അംബുജ സിമെന്റ്‌സിന്റെ 63.1ശതമാനവും എസിസിയുടെ 54.53 ശതമാനവും ഓഹരികള്‍ അദാനി ഗ്രൂപ്പിന്റെ സ്വന്തമാകും. കഴിഞ്ഞയാഴ്ചയാണ് ഓപ്പണ്‍ ഓഫറിന് സെബിയുടെ അനുമതി അദാനിക്കുലഭിച്ചത്. ഓഗസ്റ്റ് 26ന് ആരംഭിച്ച ഓഫര്‍ സെപ്റ്റംബര്‍ ഒമ്പതിനാണ് അവസാനിക്കുക. 

അംബുജ സിമെന്റ്‌സിന്റെ ഓഹരിയൊന്നിന് 385 രൂപയും എസിസിക്ക് 2,300 രൂപയുമാണ് വില നിശ്ചയിച്ചിരുന്നത്. ഇതുപ്രകാരം അംബുജ സിമെന്റ്‌സിന്റെ 26ശതമാനം(51.63 കോടി) ഓഹരികള്‍ക്കായി 19,879.57 കോടി രൂപയും എസിസി ലിമിറ്റഡിന്റെ (4.89 കോടി ഓഹരികള്‍ക്കായി) 26ശതമാനത്തിനായി 11,259.97 കോടി രൂപയുമാണ് അദാനി ഗ്രൂപ്പിന് ചെലവഴിക്കേണ്ടിവരിക. ഇരുകമ്പനികള്‍ക്കുമായി നിലവില്‍ പ്രതിവര്‍ഷം 70 ദശലക്ഷം ടണ്‍ സ്ഥാപിത ഉത്പാദനശേഷിയുണ്ട്. രണ്ടു കമ്പനികള്‍ക്കുമായി 23 സിമെന്റ് പ്ലാന്റുകള്‍, 14 ഗ്രൈന്‍ഡിങ് സ്റ്റേഷനുകള്‍, 80 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍, 50,000ലധികം വിതരണക്കാര്‍ എന്നവയാണുള്ളത്. അതായത് ഇന്ത്യയിലുടനീളം സാന്നിധ്യം ശക്തമാണെന്നു ചുരുക്കം. വെള്ളിയാഴ്ച രാവില എസിസിയുടെ ഓഹരി 2,283.15 രൂപയ്ക്കും അംബുജയുടെ ഓഹരി 397.10 രൂപയ്ക്കുമാണ് വ്യാപാരം നടന്നത്.

Post your comments