Global block

bissplus@gmail.com

Global Menu

ഇ-കോമേഴ്സ് വമ്പന്മാർക്ക് ഭീഷണിയായി മീഷോ

 

ആമസോണിനെയും ഫ്ലിപ്കാർട്ടിനെയും പിടിച്ചു കെട്ടാൻ ആരുണ്ട് എന്നൊരു ചോദ്യം പൊതുവേ കേൾക്കാം. 2015 ൽ ബം​​ഗളൂരുവിൽ ആരംഭിച്ചൊരു സ്റ്റാർട്ടപ്പ് ഇന്ന് ഇ-കോമേഴ്സ് വമ്പന്മാർക്ക് ഭീഷണിയാവുകയാണ്. പ്രതിദിനം നടക്കുന്ന 9 ദശലക്ഷം ഇ-കൊമേഴ്‌സ് ഓർഡറുകളിൽ, 2.7 ദശലക്ഷവും മീഷോയിൽ നടക്കുന്നവയാണ്. ബാക്കി 5 ദശലക്ഷം ഓ‌ർഡറുകളാണ് ആമസോണും ഫ്ലിപ്കാർട്ടും കൈകാര്യം ചെയ്യുന്നത്. പെട്ടന്നുണ്ടായൊരു വളർച്ചയല്ല മീശോയ്ക്ക്. ആദ്യം ശ്രമം പരാജയപ്പെട്ടിടത്ത് നിന്ന് താഴേ തട്ടിന്റെ പൾസറിഞ്ഞുള്ള ബിസിനസ് തന്ത്രമാണ് വലിയ ഉപഭോക്താക്കളിലേക്ക് മീഷോയെ എത്തിച്ചത്.

മീഷോയുടെ സ്ഥാപകരായ സഞ്ജീവ് ബര്‍ണ്‍വാളും വിദിത് ആത്രേയും ചേര്‍ന്ന് 2015 ല്‍ ഫാഷ്‌നര്‍ (FASHNER) എന്ന സംരംഭമാണ് ആദ്യം തുടങ്ങിയത്. സ്വിഗ്ഗി, സോമാറ്റോ രീതിയില്‍ പ്രദേശത്തുള്ള കടകളിലെ വസ്ത്രങ്ങള്‍ വാങ്ങാനുള്ള സൗകര്യമാണ് ഫാഷ്‌നറില്‍ ഒരുക്കിയിരുന്നത്. ടെക്‌സ്റ്റൈല്‍ കടകള്‍ക്ക് ഫാഷനറില്‍ രജിസ്റ്റര്‍ ചെയ്യാനും ഓര്‍ഡര്‍ അനുസരിച്ച് വിതരണക്കാര്‍ വഴി സാധനം എത്തിക്കുകയുമായിരുന്നു രീതി. ഇതിനു വേണ്ടി കടകളിൽ കയറിയിറങ്ങി ആപ്പിൽ കാറ്റ്‌ലോഗുണ്ടാക്കാൻ മെനകെട്ടതും ഇരുവരും തന്നെ. ഒരുവേള ഫാഷ്‌നറില്‍ വിതരണക്കാരന്റെ റോളിലും വിദിത് ഉണ്ടായി. എന്നാൽ ബിസിനസ് ശരിയായ ദിശയിലേക്കല്ലെന്ന് എളുപ്പം ഇരുവർക്കും മനസിലായി. ഉപഭോക്താക്കള്‍ക്ക് പ്രാദേശികമായി വസ്ത്രം വാങ്ങുന്നതില്‍ ആശങ്കയില്ല. എന്നാൽ കച്ചടവടക്കാർക്ക് രാജ്യത്തൊട്ടാകെയുള്ള ഉപഭോക്താക്കളിലേക്കാണ് ഉത്പ്പന്നം എത്തിത്തേണ്ടത്. ഈ തിരിച്ചറിവാണ് ഫാഷ്നറിന് പകരം മീഷോ തുടങ്ങാൻ കാരണം. 

മീഷോയയുടെ ഭാഗമായിട്ടുള്ള പല കച്ചവടക്കാരും വാട്‌സ്ആപ്പ് വഴി ഓണ്‍ലൈന്‍ രംഗത്തുള്ളവരായിരുന്നു. എന്നാല്‍ വില്പന പ്രാദേശികമായി ചുരുങ്ങി. ഇവര്‍ക്ക് രാജ്യത്തെമ്പാടും ഉപഭോക്താക്കളെ ഉണ്ടാക്കി നല്‍കുകയാണ് കമ്പനി ചെയ്തത്. റീസെല്ലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയിലുള്ള ഒരു പാലമായി, ഇടനിലക്കാരുടെ റോളിലാണ് മീഷോ പ്രവര്‍ത്തിക്കുന്നത്. ഡെലിവറി നൽകുന്നത് മീഷോയാണ്. ഇതിനാൽ ക്യാഷ് ഓൻ ഡെലിവറി സുഗമമാക്കുന്നു, കൂടാതെ ഉപഭോക്താക്കള്‍ക്ക് ഉത്പ്പന്നങ്ങൾ തിരികെ നല്‍കുന്നതിനുള്ള സഹായവും ഉറപ്പാക്കുന്നു. 

ഉപഭോക്താക്കള്‍ക്കും കച്ചവടക്കാര്‍ക്കുമിടയില്‍ ഇടനിലക്കാരാണ് മീഷോ. ബിസിനസുകളില്‍ നിന്നുള്ള ഫീസുകളും കമ്മീഷനുമാണ് മീഷോയുടെ വരുമാനം. കച്ചവടക്കാരില്‍ നിന്ന് മീഷോ ഈടാക്കുന്ന കമ്മീഷൻ വരുമാനത്തിന്റെ പ്രധാന സ്രോതസ്സാണ്. ഒരു റീസെല്ലര്‍ മീഷോ പ്ലാറ്റ്ഫോമില്‍ ഒരു ഉത്പ്പന്നം വില്‍ക്കുമ്പോള്‍ വില്പനക്കാരനില്‍ നിന്ന് ഒരു നിശ്ചിത ശതമാനം കമ്മീഷന്‍ ഈടാക്കും. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടേതിന് സമാനമാണ് കമ്മീഷന്‍ അടിസ്ഥാനമാക്കിയുള്ള ബിസിനസ്. മീഷോ നല്‍കുന്ന ലോജിസ്റ്റിക്‌സ് സേവനത്തിനും വില്പനക്കാരില്‍ നിന്ന് ചാര്‍ജ് ഈടാക്കുന്നുണ്ട്. ലോജിക്‌സ്റ്റിക്‌സ് ചാര്‍ജ് കുറച്ച് വില്പനക്കാരുടെ ലാഭം ഉയര്‍ത്താനുള്ള ശ്രമങ്ങളിലാണ് കമ്പനി. 

മീഷോയുടെ വരുമാനത്തിന്റെ ഒരു ഭാഗം പരസ്യങ്ങളില്‍ നിന്നാണ്. പ്ലാറ്റ്ഫോമില്‍ വില്പനക്കാരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍, റീസെല്ലര്‍മാരുടെ മുന്നില്‍ ഉല്പന്നങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരിൽ നിന്ന് പരസ്യ വരുമാനം മീഷോയ്ക്ക് ലഭിക്കുന്നുണ്ട്. സ്വകാര്യത പ്രശ്നങ്ങൾ ലംഘിക്കാതെ ഡാറ്റ വില്പന വഴിയും മീഷോ വരുമാനം നേടുന്നു.

കോവിഡിന് ശേഷം ഉപഭോക്താക്കളിലും വില്പനക്കാരിലും മീഷോയ്ക്ക് വർധനവുണ്ടായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ 120 ദശലക്ഷം പ്രതിമാസ സജീവ ഉപഭോക്തക്കശ്‍ മീഷോയക്ക് ഉണ്ടായി. ഫ്‌ലിപ്കാര്‍ട്ടിനും ആമസോണിനും 200 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കളുണ്ട്. 100 ദശലക്ഷം വില്പനക്കാരും ഒരു ബില്യണ്‍ ഉപഭോക്താക്കളും എന്ന ലക്ഷ്യത്തിലേക്കാണ് മീഷോ പ്രവർത്തിക്കുന്നത്. 2021 ഓക്ടോബര്‍ 6-9 വരെ നടത്തിയ മഹാ ഇന്ത്യന്‍ ശോപ്പിംഗ് ലീഗിന് പിന്നാലെ 2020 തിനെക്കാള്‍ 750 ശതമാനം ഉപഭോക്താക്കളില്‍ വര്‍ധനവുണ്ടായി. 2020 സാമ്പത്തിക വര്‍ഷത്തില്‍, മീഷോ 341.6 കോടി രൂപയുടെ വരുമാനം നേടി. പ്രവര്‍ത്തന വരുമാനം 307 കോടി രൂപയായി രേഖപ്പെടുത്തി. ചെലവ് 657 കോടി രൂപയായിരുന്ന ഇതേ വർഷം കമ്പനിക്ക് 306.70 കോടി രൂപയുടെ നഷ്ടമുണ്ടായി. 2020 സാമ്പത്തിക വർഷത്തിൽ 3.8 മടങ്ങ് വളര്‍ച്ച രേഖപ്പെടുത്തിയ മീഷോ, 2021-ല്‍ 2.6 മടങ്ങ് വളര്‍ച്ച രേഖപ്പെടുത്തി.

Post your comments