Global block

bissplus@gmail.com

Global Menu

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് സുരക്ഷിതമാക്കാന്‍ ടോക്കണൈസേഷന്‍; സമയപരിധി സെപ്റ്റംബര്‍ 30 ന് അവസാനിക്കും.

 

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് റിസർവ് ബാങ്ക് കൊണ്ടുവന്ന ടോക്കണൈസേഷന്‍ സമയപരിധി സെപ്റ്റംബര്‍ 30 ന് അവസാനിക്കും. 3 തവണ റിസര്‍വ് ബാങ്ക് ടോക്കണൈസേഷനുള്ള സമയ പരിധി നീട്ടി നല്‍കിയിരുന്നു. സുരക്ഷയ്‌ക്കൊപ്പം ഇടപാടിന്റെ ഗുണനിലവാരം വര്‍ധിക്കുകയും ചെയ്യുന്നതാണ് ടോക്കണൈസേഷന്റെ ഗുണം. ടോക്കണൈസേഷന്‍ വഴി ഉപഭോക്താവിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താതെ ഇടപാട് നടത്താന്‍ സാധിക്കും. റിസര്‍വ് ബാങ്ക് ചട്ട പ്രകാരം കാര്‍ഡിലെ യഥാര്‍ഥ വിവരങ്ങള്‍ക്ക് പകരം എന്‍ക്രിപ്റ്റഡ് ഡിജിറ്റല്‍ ടോക്കണാണ് ഉപയോഗിക്കുക.

ഇടപാടുകൾ വേ​ഗത്തിലാക്കാൻ ഉപഭോക്താക്കളുടെ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ഇ-കോമേഴ്സ് വെബ്‌സൈറ്റുകളും ആപ്പുകളും സേവ് ചെയ്യുന്ന രീതി നിലവിലുണ്ട്. സുരക്ഷയുടെ ഭാ​ഗമായി ഇനി വിവരങ്ങൾ സേവ് ചെയ്യാൻ വെബ്സൈറ്റുകൾക്ക് സാധിക്കില്ല. ആർബിഐ ചട്ടപ്രകാരം കാർഡ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നതിന്റെ ഭാ​ഗമായി ഇനി വെബ്സൈറ്റുകളിൽ കാർഡ് വിവരങ്ങൾക്ക് പകരം "ടോക്കൺ" എന്ന് വിളിക്കുന്ന ഒരു ഇതര കോഡ് ആണ് ഉപയോഗിക്കുക. ഓരോ വെബ്സൈറ്റിലും ഒരേ കാർഡിന് പല ടോക്കണുകളായിരിക്കും. ഇടപാടുകളുടെ സൗകര്യാര്‍ഥം കാര്‍ഡ് വിവരങ്ങളായ സിവിവി, കാര്‍ഡ് കാലാവധി തീയതി എന്നീ വിവരങ്ങള്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളുടെ ഡാറ്റാബേസില്‍ ശേഖരിച്ചിരുന്നു. ഇവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സുരക്ഷ പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ടാണ് റിസര്‍വ് ബാങ്ക് പുതിയ ടോക്കണൈസേഷന്‍ നടപ്പിലാക്കിയത്. 

ടോക്കണൈസേഷന്‍ നടപ്പിലാക്കുന്നതോടെ കാര്‍ഡ് അനുവദിക്കുന്നവര്‍ക്കല്ലാതെ മറ്റൊരാള്‍ക്കും വിവരങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കില്ല. നേരത്തെ സൂക്ഷിച്ച വിവരങ്ങള്‍ വെബ്‌സൈറ്റുകള്‍ അവരുടെ ഡാറ്റബേസില്‍ നിന്ന് നീക്കം ചെയ്യേണ്ടിവരും. ടോക്കണൈസേഷന് അനുമതി നല്‍കിയാല്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ സിവിവിയും ഒടിപിയും മാത്രം നല്‍കിയാല്‍ മതി. ടോക്കണൈസേഷന്‍ സംവിധാനം മുഴുവനായി സൗജന്യമാണ്. സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെടാതെ തന്നെ വേഗത്തില്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നതാണ് ടോക്കണൈസേഷന്റെ പ്രത്യേകത. 

എങ്ങനെ കാര്‍ഡ് ടോക്കണൈസേഷന്‍ നടത്താം 

* ഇ-കോമേഴ്‌സ് വെബ്‌സൈറ്റോ ആപ്പോ തുറന്ന് ആവശ്യമായ സാധാനങ്ങൾ തിരഞ്ഞെടുക്കുക. 
* പണം അടയ്ക്കുന്നതിന് ആവശ്യമായ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കുക. 
* 'Tokenize your card per RBI guidelines or secure your card as per RBI guidelines എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കുക. 
* മൊബൈൽ എസ്എംഎസ് ആയോ ഇ-മെയിലായോ ബാങ്കില്‍ നിന്നും ലഭിക്കുന്ന ഒടിപി നമ്പര്‍ നല്‍കി ഇടപാട് പൂര്‍ത്തിയാക്കുക. 
* ടോക്കണൈസേഷന്‍ പൂര്‍ത്തിയായാൽ കാര്‍ഡിലെ വിവരങ്ങള്‍ക്ക് പകരം ടോക്കണ്‍ ലഭിക്കും. 
* അതേ വെബ്സൈറ്റ്/ ആപ്പിലെ പിന്നീടുള്ള ഇടപാടുകളിൽ കാര്‍ഡിന്റെ അവസാന നാലക്ക നമ്പറാണ് കാണാുന്നതെങ്കിൽ ടോക്കണൈസേഷന്‍ വിജയകരമായി പൂർത്തിയായതായി മനസിലാക്കാം. 

ടോക്കണൈസേഷൻ നടപ്പിലാക്കുന്നതോടെ ഉപഭോക്താവിന്റെ കാർഡ് വിവരങ്ങൾ വ്യാപാരി, പേയ്‌മെന്റ് ഗേറ്റ്‌വേ, ഡിജിറ്റൽ ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നതിന് സഹായിക്കുന്ന മൂന്നാം കക്ഷി എന്നിയ്ക്ക് ലഭ്യമാകില്ല. ഇതിനാൽ ടോക്കണൈസേഷൻ നടത്താത്ത ഉപഭോക്താക്കൾ ഓരോ ഇടപാടിലും കാ‌ർഡ് വിവരങ്ങൾ നൽകേണ്ടതായി വരും. കാർഡ് വിശദാംശങ്ങൾ ടോക്കണൈസ് ചെയ്യുന്നതിന് 2021 ജൂൺ 30 ആയിരുന്നു ആദ്യ സമയപരിധി. പേയ്മെന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ സാങ്കേതിക വിദ്യയിൽ മാറ്റം വരുത്താൻ വൈകിയതോടെ മൂന്ന് തവണയാണ് സമയം നീട്ടി നൽകിയത്. ആദ്യം 2021 ഡിസംബർ 31 വരെ നീട്ടി. പിന്നീട് 6 മാസം സമയം നീട്ടി 2022 ജൂൺ 30 ആക്കിയെങ്കിലും അഭ്യർഥനയെ തുടർന്നാണ് സെപ്റ്റംബർ30 ലേക്ക് എത്തിയത്.

Post your comments