Global block

bissplus@gmail.com

Global Menu

ഭീഷണി വേണ്ട; വായ്പക്കാരെ ശല്യപ്പെടുത്തരുത്

 

അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടിയായിരിക്കുമല്ലോ സാധാരണ ഗതിയില്‍ ഒരാള്‍ വായ്പ എടുക്കുക. എന്നാല്‍ ലോണ്‍ തിരിച്ചടവിനുള്ള കണക്കുക്കൂട്ടലുകള്‍ ചിലരുടെയെങ്കിലും തെറ്റിപ്പോകാറുണ്ട്. ഇത്തരത്തില്‍ കുടിശിക വരുത്തുന്നവരില്‍ നിന്നും വായ്പാത്തുക തിരിച്ചു പിടിക്കാന്‍ മിക്ക ധനകാര്യ സ്ഥാപനങ്ങളും പുറംകരാര്‍ അടിസ്ഥാനത്തില്‍ ഏജന്റുമാരെയാണ് ഇപ്പോള്‍ നിയോഗിക്കാറുള്ളത്. ലോണ്‍ കുടിശിക ഏജന്റുമാരുടെ പ്രവര്‍ത്തനം അതിരുകടക്കുന്നതായ വ്യാപക പരാതിയുടെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി രംഗത്തെത്തി.

ഇതുപ്രകാരം വായ്പ കുടിശിക വസൂലാക്കുന്നതിന് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും നിയോഗിക്കുന്ന റിക്കവറി ഏജന്റുമാര്‍ ഉപഭോക്താക്കളെ ഫോണ്‍വഴി ബന്ധപ്പെടുന്നതിന് സമയപരിധിയും നിയന്ത്രണവും നിശ്ചയിച്ചു. രാവിലെ എട്ട് മണിക്കു ശേഷവും വൈകീട്ട് ഏഴിനും ഇടയിലുള്ള സമയത്ത് മാത്രമേ ഇത്തരം ഫോണ്‍വിളികള്‍ പാടുള്ളൂവെന്നാണ് പ്രധാന നിര്‍ദേശം. ഉപഭോക്താക്കളെ അപമാനിക്കുന്ന ഇടപെടലുകള്‍ റിക്കവറി ഏജന്റുമാരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.

നിലവില്‍ ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍ക്കും മൈക്രോ ഫിനാന്‍സ് കമ്പനികള്‍ക്കും മാത്രമായി നിശ്ചയിച്ചിരുന്ന വ്യവസ്ഥയാണ് എല്ലാത്തരം വായ്പകള്‍ക്കും ഇപ്പോള്‍ ബാധകമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍, റീജണല്‍ റൂറല്‍ ബാങ്ക്, എക്സിംബാങ്ക്, നബാര്‍ഡ്, സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, സിഡ്ബി, നാഷണല്‍ ഹൗസിങ് ബാങ്ക്, നാബ്ഫിഡ് പോലുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍, ഭവനവായ്പാ കമ്പനികള്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ കമ്പനികള്‍, ആസ്തി പുനര്‍നിര്‍മാണ കമ്പനികള്‍ എന്നിവയ്ക്കെല്ലാം പുതിയ ഉത്തരവ് നടപ്പാക്കേണ്ടിവരും.

ലോണ്‍ റിക്കവറി നടപടികള്‍ സാമാന്യ മര്യാദയുടെ പരിധി കടക്കാതിരിക്കാന്‍ ഇതിനോടകം പല തവണകളായി 26 ഉത്തരവുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. എന്നിട്ടും ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ചുമതലപ്പെടുത്തിയ റിക്കവറി ഏജന്റുമാര്‍ കേന്ദ്ര ബാങ്കിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചും പ്രവര്‍ത്തിക്കുന്നതായുള്ള പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നീക്കം. അസമയങ്ങളില്‍ വിളിച്ച് ഉപഭോക്താക്കളെ ശല്യം ചെയ്യരുതെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും സമയം വ്യക്തമാക്കിയിട്ടില്ലായിരുന്നു.

മറ്റ് പ്രധാന നിര്‍ദേശങ്ങള്‍ 
#ലോണ്‍ റിക്കവറിക്ക് ചുമതലപ്പെടുത്തുന്ന ഏജന്റുമാര്‍ വായ്പ എടുത്തവരെ വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ശല്യം ചെയ്യരുത്. 
#പൊതുസമൂഹത്തില്‍ അപമാനിക്കുകയോ ഉപഭോക്താവിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്വകാര്യതയിലേക്ക് കടന്നുകയറുകയോ ചെയ്യാന്‍ പാടില്ല. 
# അനുയോജ്യമല്ലാത്ത സന്ദേശങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴിയോ സമൂഹ മാധ്യമങ്ങള്‍ വഴിയോ ഉപഭോക്താക്കള്‍ക്ക് അയക്കാന്‍ പാടില്ല. 
# തിരിച്ചടവ് മുടങ്ങിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പെരുപ്പിച്ച് കാട്ടുകയോ തെറ്റായ വിവരങ്ങളോ ഏജന്റുമാര്‍ നല്‍കരുത്. 
# റിക്കവറി ഏജന്‍സി സ്വീകരിക്കുന്ന നടപടികളുടെ ഉത്തരവാദിത്തം വായ്പ നല്‍കിയ ധനകാര്യ സ്ഥാപനത്തിന് തന്നെയായിരിക്കും.

ലോണ്‍ റിക്കവറി ഏജന്റുമാരുടേതിന് സമാനമായി അംഗീകൃത ഡിജിറ്റല്‍ വായ്പദാതാക്കള്‍ക്കുള്ള മാര്‍ഗനിര്‍ദേശം കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം ഡിജിറ്റല്‍ ആപ്പുകള്‍ മുഖേന വായ്പ എടുക്കുന്നവരുടെ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റ്, കോള്‍ വിവരങ്ങള്‍, ഫയലുകള്‍ എന്നിവ വായ്പദാതാവ് ഒരു കാരണവശാലും എടുക്കുകയോ പരിശോധിക്കുകയോ ചെയ്യരുതെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. അനധികൃത വായ്പ ആപ്പുകള്‍ നിരോധിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന ശുപാര്‍ശ ആര്‍ബിഐ സര്‍ക്കാരിനു കൈമാറി.

ഫോണിലെ ക്യാമറ, ലൊക്കേഷന്‍, മൈക്ക് തുടങ്ങിയവ രജിസ്‌ട്രേഷന്‍, തിരിച്ചറിയല്‍ (കെവൈസി) ആവശ്യങ്ങള്‍ക്കു മാത്രം ഒരു തവണ ഉപയോഗിക്കാന്‍ അനുമതിയുണ്ടാകും. നിശ്ചിത ഡേറ്റ ഉപയോഗിക്കുന്നതിന് ഉപഭോക്താവിന്റെ അനുമതി നിര്‍ബന്ധമാണ്. ഡേറ്റ എടുക്കുന്നതിനായി ആദ്യം നല്‍കിയ അനുമതി പിന്‍വലിക്കാനും ഉപയോക്താവിന് ഇനി അവസരമുണ്ടാകും. അതുപോലെ ഡിജിറ്റല്‍ വായ്പ സ്വീകരിച്ച ശേഷം മനസ്സുമാറുന്ന ഉപയോക്താവിന് അധികബാധ്യത വരാതെ പിന്മാറാനും അവസരമുണ്ടാകും. ഇതോടെ ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ വായ്പാ മുതലും 'കൂളിങ് ഓഫ് ദിവസ'ങ്ങളിലെ പലിശയും മാത്രം നല്‍കി പിന്മാറാന്‍ അവസരം നല്‍കണം. നിലവില്‍ കാലാവധി തികച്ച് വലിയ പലിശ നല്‍കി മാത്രമേ ഓണ്‍ലൈന്‍ വായ്പ ആപ്പുകളില്‍ നിന്നും സ്വീകരിച്ച ലോണ്‍ അവസാനിപ്പിക്കാന്‍ കഴിയൂ.

മറ്റ് ശുപാര്‍ശകള്‍ 
*ഉപയോക്താവിന്റെ അനുമതിയില്ലാതെ ക്രെഡിറ്റ് ലിമിറ്റ് (കടമെടുപ്പു പരിധി) വര്‍ധിപ്പിക്കരുത്. 
*വായ്പ എടുത്തയാളുടെ പരാതികളില്‍ 30 ദിവസത്തിനകം തീര്‍പ്പുണ്ടായില്ലെങ്കില്‍ ആര്‍ബിഐ ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാനില്‍ പരാതി നല്‍കാം. 
*വായ്പയ്ക്കുള്ള എല്ലാ ചാര്‍ജുകളും കൃത്യമായി ആദ്യമേ അറിയിക്കണം. 
*മറ്റൊരു കക്ഷിക്ക് ഡേറ്റ കൈമാറുന്നിന് നിര്‍ബന്ധമായും ഉപയോക്താവിന്റെ അനുമതി തേടണം. *എല്ലാത്തരം ഡേറ്റയും ഇന്ത്യന്‍ സെര്‍വറുകളില്‍ സൂക്ഷിക്കണം. 
*ഉപയോക്താവിന്റെ ബയോമെട്രിക് വിവരങ്ങളൊന്നും സൂക്ഷിക്കരുത്.

Post your comments