Global block

bissplus@gmail.com

Global Menu

ക്ലീൻ എനർജി ഇനവേഷൻ ആന്റ് ബിസിനസ്സ് ഇൻകുബേഷൻ സെന്റർ നിലവിൽ വന്നു

എനർജി മാനേജ്മെന്റ്  സെന്ററും  ക്ളീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്ററും കെ ഡിസ്‌കും  ചേർന്ന്  ആരംഭിക്കുന്ന ക്ളീൻ എനർജി  ഇനവേഷൻ ആന്റ് ബിസിനസ്സ് ഇൻകുബേഷൻ സെന്റർ  - സിബെക് - നിലവിൽ വന്നു. തിരുവനന്തപുരം അപ്പോളോ ഡിമോറയിൽ വെച്ചായിരുന്നു ഉദ്ഘാടനം.
സാധാരണക്കാരന് ഗുണംകിട്ടുന്ന ഗവേഷണങ്ങളാണ് വേണ്ടതെന്നും സൗരോർജ്ജത്തിന്റെ കാര്യത്തിലായാലും ജലവൈദ്യുതിയുടെ കാര്യത്തിലായാലും ചെലവു ചുരുക്കി ഉല്പാദനം സാധ്യമാക്കുന്ന സാങ്കേതിക വിദ്യകളാണ് വേണ്ടതെന്നും   സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് വൈദ്യുതി വകുപ്പു മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.  കേരളത്തിൽ ലഭ്യമായ തോറിയം ഉപയോഗിച്ച് ചെലവു കുറഞ്ഞ തോതിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യവും ശാസ്ര്തജ്ഞന്മാർ ആലോചിക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.
ക്‌ളീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്ററുമായി 2022 ഫെബ്രുവരിയിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ഭാഗമായാണ് ഈ സെന്റർ സ്ഥാപിച്ചത്. ഉദ്ഘാടനച്ചടങ്ങിൽ ഗതാഗതവകുപ്പുമന്ത്രി ആന്റണി രാജു ആദ്ധ്യക്ഷം വഹിച്ചു.  കാലഘട്ടത്തിന്റ വെല്ലുവിളികൾ  നേരിടാൻ ഉതകുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സെന്ററുകൾ സംസ്ഥാനത്തിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാർട്ട്  അപ്പുകളുടെ സഹായത്തോടുകൂടി ഡീസൽ ബസ്സുകൾ ഇലക്ട്രിക്  ബസ്സുകളാക്കുന്നതിനുള്ള ചർച്ച്കൾ ഗതാഗത വകുപ്പു നടത്തിയിട്ടുണ്ടെന്നും പറഞ്ഞു.  
ചടങ്ങിൽ  വ്യവസായ വകുപ്പു മന്ത്രി  പി. രാജീവ്  മുഖ്യപ്രഭാഷണം നടത്തി. അക്കാദമിക് സ്ഥാപനങ്ങളെയും  വ്യവസായങ്ങളെയും  ഗവേഷണസ്ഥാപനങ്ങളെയും  എങ്ങിനെ ബന്ധിപ്പിക്കാം എന്നാണ് സർക്കാർ ആലോചിക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു. ഗവേഷണ ഫലങ്ങൾ  സാധാരണക്കാരന് താങ്ങാവുന്നതായിരിക്കണം എന്നും സർക്കാർ സ്റ്റാർട്ട്  അപ്പുകൾക്കായി ലക്ഷ്യമിട്ടിരിക്കുന്ന വെർച്ച്വൽ ഫണ്ട് ഉപയോഗിക്കണമെന്നും പറഞ്ഞു.   ചടങ്ങിൽ സിബെക് ന്റെ ലോഗോ, വെബ്സൈറ്റ് എന്നിവ പ്രകാശനം ചെയ്തു. സ്റ്റാർട്ട്  അപ്പുകൾക്കായി ഇന്നൊവേഷൻ ചാലഞ്ച്     പ്രഖ്യാപനവും നടത്തി. ചാലഞ്ചിൽ വിജയികളാകുന്നവർക്ക്    മറ്റു സൗകര്യങ്ങളോടൊപ്പം ഇരുപത്തിഅഞ്ചു ലക്ഷം രൂപ വരെ ഇംപ്ളിമെന്റേഷൻ ഗ്രാന്റായി ലഭിക്കും.  
ഉദ്ഘാടനച്ചടങ്ങിന് ഊർജ്ജ  വകുപ്പു സെക്രട്ടറി രാജേഷ്‌കുമാർ സിൻഹ ഐ. എ. എസ്  സ്വാഗതം പറഞ്ഞു. ടാറ്റാ പവർ കമ്പനി സി. ഇ. ഒ ഡോഃ പ്രവീർ സിൻഹ, ഡോഃ പി. വി. ഉണ്ണിക്കൃഷ്ണൻ, കെ. ഡിസ്‌ക് മെമ്പർ സെക്രട്ടറി, ക്‌ളീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്റർ സി. ഇ. ഒ ഡോഃ ജി. ഗണേഷ് ദാസ്,  ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ  വി. സി. അനിൽകുമാർ, ഇ. എം. സി. ഡയറക്ടർ ഡോഃ ആർ. ഹരികുമാർ,  സോഷ്യൽ ആൽഫ സി. ഇ. ഒ മനോജ്കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

 

 

Post your comments