Global block

bissplus@gmail.com

Global Menu

നിംസിനോട് വിടചൊല്ലി പത്മശ്രീ പി ഗോപിനാഥൻ നായർ

മുഖ ഗാന്ധിയനും പത്മശ്രീ ജേതാവും  സ്വാതന്ത്ര്യസമരസേനാനിയുമായ പി ഗോപിനാഥൻ നായർ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ആശുപത്രിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.    ജൂലായ് അഞ്ചിന് ചൊവ്വാഴ്ച രാത്രി  8.45 ഓടെയാണ് മരണം സംഭവിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന്  ഒന്നര മാസക്കാലം നിംസിൽ  ചികിത്സയിലായിരുന്നു അദ്ദേഹം.
ഗാന്ധിയൻ , സ്വാതന്ത്ര്യ സമര സേനാനി  എന്ന നാമത്തിൽ മലയാളികൾ ആദ്യം പറയുന്ന പേരുകളിൽ പ്രമുഖനാണ് പത്മശ്രീ ഗോപിനാഥൻ നായർ   ഭൂദാൻ, ഗ്രാമദാൻ  പ്രസ്ഥാനങ്ങളുടെ  ഒരു കാലഘട്ടത്തിലെ കരുത്തുറ്റ പോരാളിയായ  ഗോപിനാഥൻ നായർ ആചാര്യ വിനോഭബാവേയുടെ സന്തത സഹചാരിയായിരുന്നു. ഗാന്ധിജി, നെഹ്റു തുടങ്ങിയ സ്വാതന്ത്ര്യ സമര നായകരോടൊപ്പം അടുത്തിടപെടാൻ അവസരം ലഭിച്ച  അപൂർവ്വം മലയാളികളിൽ ഒരാളാണിദ്ദേഹം. കേരളത്തിന്റെ തെരുവോരങ്ങളിൽ  ചോര പുരണ്ടാൽ  ആമുറിപ്പാടുകളെ ഇല്ലാതാക്കി സമാധാനം കൈവരുത്താൻ മുഖ്യമന്ത്രിമാരടക്കമുള്ളവർ ഗോപിനാഥൻ നായരെ മാധ്യസ്ഥം വഹിക്കാനായി, പലതവണ അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി എന്നത് തന്നെ ഈ വയോവൃദ്ധനായ സ്വാതന്ത്ര്യ സമരപോരാളിയുടെ മഹത്വം വിളിച്ചോതുന്നതാണ്.
ഗാന്ധിയൻ ചിന്തകളെ കുറിച്ച് നിരവധി ലേഖനങ്ങൾ ഗോപിനാഥൻ നായർ എഴുതിയിട്ടുണ്ട്. അധ്യാപികയായിരുന്ന സരസ്വതിയമ്മയാണ് ഭാര്യ. കേരളത്തിലെ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ കോ ഓർഡിനേറ്ററുകൂടിയാണിദ്ദേഹം. ഭൂദാനയജ്ഞത്തിന് നേതൃത്വം നൽകിയ വിനോബാഭാവെയുടെ പദയാത്രയിൽ 13 വർഷവും ഗോപിനാഥൻനായർ പങ്കെടുത്തു. ജയപ്രകാശ് നാരായണൻ നയിച്ച സത്യഗ്രഹങ്ങളിൽ പ്രധാന പങ്കുവഹിച്ചു.'അഖിലേന്ത്യാ ഗാന്ധിസ്മാരക നിധിയുടെ തുടക്കം മുതൽ സേവനം അനുഷ്ഠിച്ചവരിൽ പ്രമുഖനാണ് പി. ഗോപിനാഥൻ നായർ. ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തിൽ 11 വർഷം പ്രസിഡന്റായിരുന്നു. ആചാര്യ വിനോബാജിയുടെ ഭൂദാന പ്രസ്ഥാനത്തിലും അണിചേർന്നിട്ടുണ്ട്''മാറാട് കലാപ സമയത്ത് മുഖ്യമന്ത്രിയായിരുന്ന ഏ.കെ ആന്റണി സർക്കാരിന്റെ സമാധാന ദൂതനായി അയച്ചതും ഗോപിനാഥൻ നായരെ ആയിരുന്നു. ദേശീയ തലത്തിൽ നടന്ന സിഖ് ഹിന്ദ് സംഘർഷത്തിൽ ശാന്തിയുടെ സന്ദേശവാഹകനായും അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു'.
1922  ജൂലൈ 7 നു നെയ്യാറ്റിൻകരയിൽ  പത്മനാഭപണിക്കാരുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ചു.  ക്വിറ്റ് ഇന്ത്യ സമരങ്ങളിടക്കം നിരവധി സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പങ്കെടുക്കുകയും ജയിൽ വാസം അനുഭവിക്കുകയുമുണ്ടായി.  ഗാന്ധിമാർഗ്ഗത്തിലേക്ക് ചെറുപ്പത്തിൽതന്നെ കടന്നുവന്നു. കുട്ടിയായിരുന്നപ്പോൾ നെയ്യാറ്റിൻകരയിൽ വന്ന ഗാന്ധിജിയെ നേരിൽ കാണുകയും ചെയ്തു. കോളജ് വിദ്യാർഥിയായിരുന്നപ്പോൾ സ്വാതന്ത്ര്യസമരത്തിനിറങ്ങി. ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ് എന്ന് ഗോപിനാഥൻ നായർ പറയാറുണ്ട്.  1946-48 കാലത്ത് ചീനാഭവനിൽ വിശ്വഭാരതി സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായി. 1951ൽ കെ. കേളപ്പന്റെ അധ്യക്ഷതയിൽ രൂപംകൊണ്ട ഗാന്ധി സ്മാരകനിധിയിൽ പ്രവർത്തിച്ചുകൊണ്ടാണ് കേരളത്തിലെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് അതിന്റെ അധ്യക്ഷ സ്ഥാനത്തത്തെി. സർവസേവാ സംഘത്തിന്റെ കർമസമിതി അംഗമായും അഖിലേന്ത്യാ പ്രസിഡൻറായും സംഘത്തെ നയിച്ചിട്ടുണ്ട്.
നിംസ് സ്ഥാപനങ്ങളുടെപതിറ്റാണ്ടുകളായുള്ള ഉപദേശകനും  നിംസ് എം. ഡി. ശ്രി. എം. എസ് ഫൈസൽ ഖാന്റെ ഗുരുതുല്യനും മാർഗ്ഗദർശിയും  ആയാണ്  ഇദ്ദേഹം അറിയപ്പെടുന്നത്. 'ജീവകാരുണ്യത്തിന്റെ  നിസ്തുല പ്രതീകമായ നിംസിന്റെ അംബാസഡർമാരായി  നാമെല്ലാം മാറണമെന്നെന്ന്' എല്ലാ വേദിയിയിലും പ്രഖ്യാപിക്കുന്ന അദ്ദേഹം അവസാന ശ്വാസം  വരേയ്ക്കും നിംസിന് വേണ്ടി തന്നെ നില കൊള്ളുകയായിരുന്നു. മരണ വർത്ത അറിഞ്ഞ ഉടനെ  വിദേശത്തായിരുന്ന  നിംസ് എം. ഡി. ശ്രി. എം. എസ് ഫൈസൽ ഖാൻ അന്തിമോപചാര ചടങ്ങുകൾക്ക്  നേതൃത്വം നൽകാൻ നിംസ് മാനേജ്‌മെന്റ് വിഭാഗത്തോട് പറയുകയുണ്ടായി. നൂറുൽ ഇസ്ലാം സ്ഥാപനങ്ങളുടെ ചെയർമാൻ ശ്രീ  എ. പി. മജീദ് ഖാൻ മരണ വർത്തയറിഞ്ഞ ഉടനെ തന്നെ നിംസിലെത്തി ആദരാഞ്ജലി  അർപ്പിച്ചു. 'എട്ടു പതിറ്റാണ്ടിലേറെക്കാലമുള്ള അഭേദ്യമായ ബന്ധമാണ് ഞാൻ എന്റെ പ്രിയ ജേഷ്ഠ സഹോദരനായി കാണുന്ന ഗോപി നാഥൻ നായരുമായെന്നു' അദ്ദേഹം അനുസ്മരിച്ചു. 'നിംസിന്റെ എല്ലാ സ്ഥാപനങ്ങളുടെയും  വളർച്ചയിലും പുരോഗതിയിലും ഒരു പ്രധാന സ്ഥാനം അദ്ദേഹത്തിനായിരുന്നു,' ശ്രി മജീദ് ഖാൻ പറഞ്ഞു.   'നിംസിന്റെ  എല്ലാ മേഖലകളിലും   അവയുടെ  മാർഗ്ഗ ദർശിയായ  പത്മശ്രി ഗോപിനാഥൻ സാറിന്റെ കയ്യൊപ്പു   പതിഞ്ഞിട്ടുണ്ടെന്നു' വിദേശത്തു നിന്നും അനുശോചന സന്ദേശത്തിൽ നിംസ് എം. ഡി. ശ്രി. എം. എസ് ഫൈസൽ ഖാൻ അനുസ്മരിക്കുകയുണ്ടായി. 'അദ്ദേഹത്തിന്റെ ദയാവായ്പ്പും സൗമ്യതയും എക്കാലത്തും ഓർമ്മയിൽ തങ്ങി നിൽക്കും. പതിറ്റാണ്ടുകളായി  നിംസിലെ വിശേഷ ദിവസങ്ങളിലെ ഒരു പ്രധാന അഥിതിയായിരുന്ന അദ്ദേഹം   ഞങ്ങൾക്കെല്ലാം അനുഗ്രഹവും  ഞങ്ങളുടെയെല്ലാം ജീവിതത്തിന്റെ ഒരു ഭാഗവുമായി മാറുകയായിരുന്നു. നൂറുൽ ഇസ്ലാം  സിവിൽ സർവീസ് അക്കാദമിയുടെ  രക്ഷാധികാരിയാണ്  അദ്ദേഹം എന്നത്  ഒരഭിമാനമായി ഞങ്ങൾ കരുതുന്നു', ശ്രി. എം. എസ് ഫൈസൽ ഖാൻ  അഭിപ്രായപ്പെട്ടു.
അന്തിമോപചാര ചടങ്ങുകൾക്ക്  നിംസ് കോളേജ് ഓഫ് ഡെന്റൽ സയൻസസ് ഹാളിൽ  എം എൽ എ മാരായ എം. വിൻസെന്റ്, സി കെ ഹരീന്ദ്രൻ, കെ ആൻസലൻ, കേരള ഗാന്ധി സ്മാരക നിധി സെക്രട്ടറി ഡോക്ടർ രാധാകൃഷ്ണൻ നായർ,  മുനിസിപ്പൽ ചെയർമാൻ പി കെ രാജ് മോഹൻ,  മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്ളിൻ, നിംസ് സ്‌പെക്ട്രം ഡയറക്ടറും ആരോഗ്യ സർവ്വകലാശാല മുൻ  വൈസ്ചാന്‌സലറുമായ  പ്രൊ. ഡോ. എം കെ സി  നായർ, കെ പി സി സി സെക്രട്ടറിയും സത്യാഗ്രഹ ഫൗണ്ടേഷൻ ചെയർമാനുമായ മലയിൻ കീഴ് വേണുഗോപാൽ, ഗാന്ധി സെന്റർ സംസ്ഥാന ചെയർമാൻ വി എസ് ഹരീന്ദ്രൻ,  അഡ്വക്കറ്റ് ജയചന്ദ്രൻ നായർ,  എസ്. കെ. ജയകുമാർ, നിംസ് ജനറൽ മാനേജർ  ഡോ. കെ. എ. സജു, ഫൈനാൻസ് മാനേജർ മുരളീ കൃഷ്ണൻ , അഡ്മിനിസ്ട്രേറ്റീവ് കോ ഓർഡിനേറ്റർ ശിവ് കുമാർ രാജ്, അനൂപ് നായർ, അരുൺ ബാബു, സുബിൻ, ബിപിൻ പാർഥിവ്, ആന്റോ സൈമൺ,  രിഫായി അബ്ദു റഹീം,  കിഷോർ, ജിതിൻ ടി. എസ്,  തുടങ്ങിയവർ നേതൃത്വം നൽകി.
ജൂലായ് ആറു ബുധനാഴ്ച രാവിലെ പതിനൊന്നരക്ക് തിരുവനന്തപുരം  ഗാന്ധിഭവനിലും പിന്നീട് നെയ്യാറ്റിൻകര മുനിസിപ്പൽ ഹാളിലും മൃതദേഹം പൊതു സർശനത്തിനായി വെക്കുകയുണ്ടായി. വൈകിട്ട് നാലര മണിക്ക്  നെയ്യാറ്റിൻകര യിലെ സ്വവസതിയിൽ മൃതദേഹം സംസ്‌കരിച്ചു. കേരള  മുഖ്യമന്ത്രി പിണറായി വിജയൻ,  മറ്റു മന്ത്രിസഭാംഗങ്ങൾ, മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്  വി. ഡി. സതീശൻ,  യു  ഡി എഫ്  കൺവീനർ എം എം ഹസ്സൻ,  കെ പി സി സി പ്രസിഡന്റ്  കെ. സുധാകരൻ എം പി, ഡോ.  ശശി തരൂർ  എം പി, ഡോ. എം കെ മുനീർ,  ബിജെപി നേതാവ്  പി പി മുകുന്ദൻ, വിവിധ വകുപ്പ്  മേധാവികൾ,  തുടങ്ങി അദ്ദേഹവുമായി ബന്ധപ്പെട്ട ആയിരങ്ങൾ ആദരാഞ്ജലികൾ അർപ്പിയ്ക്കാനെത്തി.

 

Post your comments