Global block

bissplus@gmail.com

Global Menu

ഓഹരി വിപണിയിലെ മനഃശാസ്ത്രം

നമ്മുടെയെല്ലാം ഒരു വലിയ സ്വപ്നമാണ് നമ്മൾ ഉറങ്ങുമ്പോഴും നമ്മൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സമ്പാദ്യമാർഗ്ഗം ഉണ്ടാക്കിയെടുക്കുക എന്നത്. എന്നാൽ ഏതൊരു കുട്ടിക്കും ആഗ്രഹിക്കാവുന്നതും ഒരു ഡീമാറ്റ് അക്കൗണ്ട് എടുത്തുകൊണ്ട് വളരെ എളുപ്പത്തിൽ തുടക്കം കുറിക്കാവുന്നതുമായ ഒരു സാമ്പത്തിക ശീലത്തെ കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്. നമ്മുടെ ട്രഡീഷണൽ നിക്ഷേപ മാർഗ്ഗങ്ങളായ ബാങ്കിങ് എഫ്ഡി, റെക്കറിംഗ് ഡെപ്പോസിറ്റ്, പോസ്റ്റൽ സേവിങ്‌സ് എന്നിവയെക്കാൾ വലിയ വളർച്ചാ സാധ്യതയുള്ള നിക്ഷേപ മാർഗങ്ങളാണ് ഓഹരി, മ്യൂച്ചൽ ഫണ്ട് തുടങ്ങിയ നിക്ഷേപ മാർഗ്ഗങ്ങൾ. ഓഹരിയിൽ നിന്നും മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിൽ നിന്നും പലപ്പോഴും ആളുകൾ വിട്ടു നിൽക്കാനുള്ള പ്രധാന കാരണം അത്തരം നിക്ഷേപങ്ങൾ കൈകാര്യം ചെയ്യാനുള്ള സാങ്കേതിക അറിവില്ലായ്മയും അത്തരം കാര്യം സത്യസന്ധമായി പറഞ്ഞു കൊടുക്കാനും നടപ്പിലാക്കി കാണിക്കാനും ആളില്ലാത്തതുമായിരുന്നു. എന്നാൽ ഇന്ന് ഇത്തരം കാര്യങ്ങൾ ചെയ്യാനും പറഞ്ഞു തരാനും ധാരാളം ഫണ്ട് മാനേജർമാർ നമ്മുടെ ചുറ്റുപാടും ധാരാളം ഉണ്ട്. ആർക്ക് വേണമെങ്കിലും അവരെ സമീപിച്ചു നല്ലൊരു നിക്ഷേപ മാർഗ്ഗം ഡിസൈൻ ചെയ്തു എടുക്കാവുന്നതേയുള്ളൂ.
മ്യൂച്ചൽ ഫണ്ടിലാവട്ടെ ഓഹരി വിപണിയിലാവട്ടെ ഇതിലും നമുക്ക് ഒരു പോലെ ഒരു എസ്‌ഐപി മാതൃകയിൽ നിക്ഷേപം നടത്തി നല്ല ലാഭം നേടാൻ കഴിയും. മ്യൂച്ചൽ ഫണ്ട് നിക്ഷേപം ആവുമ്പോൾ ശ്രദ്ധിക്കേണ്ടത് നല്ല വളർച്ച സാധ്യതയുള്ള ഫണ്ടിൽ ഗ്രോത്ത് ഓപ്ഷൻ തിരഞ്ഞെടുത്ത് റെഗുലറായി എല്ലാ മാസവും നിക്ഷേപം നടത്തുക എന്നതാണ്. പത്തോ ഇരുപതോ വർഷത്തെ ദീർഘകാല ലക്ഷ്യം വെച്ചാവണം മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്തേണ്ടത്. എന്നാൽ ഓഹരിവിപണിയിൽ നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം സമയാസമയങ്ങളിൽ ലാഭം എടുക്കാൻ നമ്മൾ തയ്യാറാവുകയും അത് ക്രമമായി നടപ്പിലാക്കി മുന്നോട്ടു പോവാനും കഴിയണം. ഇല്ലെങ്കിൽ അത് നമ്മുടെ നിക്ഷേപത്തിന്റെ വളർച്ചയെ തടയും. അതായത് ഓഹരിവിപണിയിൽ നിക്ഷേപം നടത്തുമ്പോൾ നമ്മൾ അതിനെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യണമെന്നർത്ഥം.
ഇന്ത്യയിൽ വളരെ മിന്നും പ്രകടനം കാഴ്ചവെക്കുന്ന മ്യൂച്ചൽ ഫണ്ടുകൾ നല്കുന്ന കമ്പനികളാണ് ഐസിസിഐ പ്രുഡൻഷ്യൽ, ആക്‌സിസ് ഫണ്ട്, എച്ച്ഡിഎഫ്‌സി ഫണ്ടുകൾ, എസ്ബിഐ ഫണ്ടുകൾ എന്നിവ. പല അസറ്റ് മാനേജ്മന്റ് കമ്പനികളും വർഷാവർഷം 12 മുതൽ 20% വരെ റിട്ടേൺ നൽകി വരുന്നുണ്ട്. അതേസമയം നമ്മൾ ഓഹരി വിപണിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്കിൽ നമ്മുടെ വളർച്ചാ സാധ്യതയെന്നത് പലപ്പോഴും 20% മുതൽ 40% വരെയാണ്. പക്ഷെ രണ്ടു നിക്ഷേപത്തിലും റിസ്‌ക് ഫാക്ടറുകളുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഇവിടെ ഒരു നല്ല നിക്ഷേപം എന്ന നിലയിൽ നമ്മൾക്ക് ചെയ്യാൻ കഴിയുന്നത് സമ്പാദ്യം ഒരു നിക്ഷേപ ശ്രേണിയിൽ മാത്രം ഒരുക്കാതെ 20% ബാങ്ക് എഫ്ഡി, 20% പോസ്റ്റൽ  സേവിങ്‌സ്, 20% മ്യൂച്ചൽ ഫണ്ട്, 20% ഓഹരിയിൽ, 20% ഗോൾഡിൽ എന്നിങ്ങനെ ക്രമീകരിച്ചു നിക്ഷേപം നടത്തിയാൽ മാർക്കറ്റ് മാറി മറിഞ്ഞു വരുമ്പോൾ ഈ അഞ്ചു വിഭാഗത്തിൽ ഏതിൽ നിന്നെങ്കിലും നമുക്ക് നല്ല റിട്ടേൺ വർഷാവർഷം ലഭിച്ചു കൊണ്ടിരിക്കുകയും നമ്മുടെ റിസ്‌ക് റേഷ്യോ വളരെ കുറഞ്ഞിരിക്കുകയും ചെയ്യും. നമ്മുടെ കുട്ടികളുടെ ഭാവിയാണ് ലക്ഷ്യം എങ്കിൽ ഗ്രോത്ത്  നൽകുന്ന വിവിധ മ്യൂച്ചൽ ഫണ്ടുകളിൽ ഒരേ സമയം നിക്ഷേപം നടത്തുക.
അതുപോലെ ഓഹരിവിപണിയിലെ നിക്ഷേപത്തിലും ഒന്നോ രണ്ടോ കമ്പനികളിൽ മാത്രം ഒതുങ്ങാതെ 5-8 കമ്പനികൾ തിരഞ്ഞെടുത്തു നിക്ഷേപം നടത്തുക. ബാങ്കിങ്, ഏവിയേഷൻ എന്നീ സെക്ടർ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത്തരം കമ്പനികളിൽ പൊതുവിൽ എൻപിഎ അതുപോലെ ട്രാവൽ ഇൻഷുറൻസ് എന്നിവ കൂടുതലായത് കാരണം പ്രോഫിറ്റബിലിറ്റി വളരെ കുറയും.  മെറ്റൽ, സ്റ്റീൽ, ഫാർമാ, ഓട്ടോമൊബൈൽ, ടെക്‌നോളജി എന്നിവ എപ്പോഴും നമുക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന സെക്ടറുകൾ ആയി കരുതപ്പെടുന്നു.
നല്ല നിക്ഷേപകന് വേണ്ട ഗുണങ്ങളാണ് ക്ഷമ, തിരിച്ചറിവ് എന്നിവ. കമ്പനികളെ നന്നായി പഠിച്ച ശേഷം മാത്രം നിക്ഷേപത്തിന് മുതിരുക, നിക്ഷേപം നടത്തിയാൽ നമ്മൾ പ്രതീക്ഷിക്കുന്ന ലാഭം വരുന്നത് വരെ ക്ഷമയോടെ കരുതലോടെ കാത്തിരിക്കുക എന്നതാണ് പ്രധാനം. തീർച്ചയായും മാർക്കറ്റ് നിങ്ങളുടെ കൈകളിലേക്ക് ഒരു നാൾ വരും നിറഞ്ഞ കൈകളോടെ ..ക്ഷമയോടെ നിക്ഷേപം നടത്തുക. നല്ല കമ്പനികളിൽ മാത്രം നിക്ഷേപം നടത്തുക.
ഓഹരി, മ്യൂച്ചൽ ഫണ്ട് പോലുള്ള  നിക്ഷേപം മാർക്കറ്റിന്റെ വ്യതിയാനങ്ങൾക്ക് വിധേയമാണ്, നമ്മൾ പ്രതിപാദിച്ച കാര്യങ്ങൾ എല്ലാം മാർക്കറ്റ് അവലോകനം മാത്രമാണ് എന്ന് പ്രത്യേകം തിരിച്ചറിയുക.

അമീർഷാ
സർട്ടിഫൈഡ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് സ്ട്രാറ്റജി കൺസൾട്ടന്റ്ഇക്വിറ്റി ഇന്ത്യ ആൻഡ് റിസർച്ച്

Post your comments