Global block

bissplus@gmail.com

Global Menu

"ലോക കേരള സഭ വിശ്വകേരളത്തിന്റെ പരിച്ഛേദം"- പി.ശ്രീരാമകൃഷ്ണൻ

വാസി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് വിശ്വകേരളത്തിന്റെ പരിച്ഛേദമായാണ് ലോക കേരള സഭ രൂപീകരിച്ചിരിക്കുന്നതെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ.ഗാർഹിക തൊഴിലാളികളും തയ്യൽ തൊഴിലാളികളും ഹൗസ്  ഡ്രൈവറും  മുതൽ വിവിധ കമ്പനികളുടെ സി.ഇ.ഒമാരും നിക്ഷേപകരുമടക്കം പ്രവാസി സമൂഹത്തിന്റെ സമഗ്രമായ പ്രാതിനിധ്യം ലോകകേരള സഭ ഉറപ്പുവരുത്തിയിട്ടുണ്ട്. പരമാവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, വിവിധ തൊഴിൽ വിഭാഗങ്ങൾ, സ്ത്രീകൾ, യുവാക്കൾ, പ്രൊഫഷണലുകൾ തുടങ്ങിയവരെല്ലാം സഭയിൽ അംഗങ്ങളാണ്.
 ആകെയുള്ള 182 അംഗങ്ങളിൽ 117 പേരോളം വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളാണ്. ഇവരിൽ 35 പേരോളം അവിദഗ്ദ്ധ-അർദ്ധ വിദഗ്ദ്ധതൊഴിലുകളിൽ ഏർപ്പെടുന്നവരാണ്. കൂടാതെ എൻ എസ് മാധവൻ,റസൂൽ പൂക്കുട്ടി,അജിത് ബാലകൃഷ്ണൻ(റെഡിഫ്.കോം),ഡോ നന്ദിത മാത്യു, ബോസ്സ് കൃഷ്ണമചാരി തുടങ്ങിയ 36 അംഗങ്ങൾ സാമൂഹിക-സംസ്‌കാരിക-ശാസ്ത്ര- അക്കാദമിക് മേഖലകളുടെ പ്രതിനിധികളാണ്.
ഇതിനു പുറമെ വിവിധ കമ്പനികളുടെ സി.ഇ.ഒ തലത്തിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകളായ ഒമ്പതു പേരും അംഗങ്ങളുടെ പട്ടികയിലുണ്ട്.  മറ്റുള്ള അംഗങ്ങളിൽ ഭൂരിപക്ഷവും നോർക്ക റൂട്ട്സ്, പ്രവാസി ക്ഷേമനിധി ബോർഡ്, എൻ.ആർ.ഐ കമ്മീഷൻ എന്നീ സ്ഥാപനങ്ങളുടെ  ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നവരാണ്.
പ്രത്യേക ക്ഷണിതാക്കളിലും ഭൂരിപക്ഷവും സംഘടനാ പ്രതിനിധികളാണ്. 173 അംഗങ്ങളിൽ 78പേർ മലയാളി സംഘടനകളെ പ്രതിനിധീകരിച്ചു പങ്കെടുത്തവരാണ്. സംഘടനാ പ്രതിനിധികളിൽ 30 പേരോളം  ഒ.സി.ഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ )കാർഡ് ഉള്ളവരാണ്. ക്ഷണിതാക്കളിൽ 35 പേർ വിവിധ കമ്പനികളുടെ സിഇഒ തലത്തിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകളും നിക്ഷേപകരുമാണ്. കൂടാതെ 27 പ്രത്യേക ക്ഷണിതാക്കൾ സാമൂഹിക-സംസ്‌കാരിക-ശാസ്ത്ര- അക്കാദമിക് മേഖലകളുടെ പ്രതിനിധികളായി പങ്കെടുത്തു. സംഘടനാ പ്രതിനിധികൾ ഉൾപ്പെടെ 30 പ്രത്യേക ക്ഷണിതാക്കൾ സാധാരണ തൊഴിലുകളിൽ ഏർപ്പെടുന്നവരാണെന്നും പി.ശ്രീരാമകൃഷ്ണൻ പ്രസ്താവനയിൽ വ്യക്തമാക്കി.
62  വിദേശ രാജ്യങ്ങളിൽ നിന്നും 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ എത്തിച്ചേർന്ന ഈ സമ്മേളനം ലോക മലയാളികളുടെ അഭിമാനകരമായ സംഗമവേദിയായിരുന്നു.ഈ സഭ സമ്പന്നരുടെയും നിക്ഷേപകരുടെയും മാത്രം സഭയല്ല. കലാകാരന്മാരുടെ, തൊഴിലാളികളുടെ, ഗദ്ദാമമാരുടെ, സാങ്കേതിക വിദഗ്ദ്ധരുടെ, ചിത്രകാരൻമാരുടെ, സംഗീതജ്ഞരുടെ, എഴുത്തുകാരുടെ എല്ലാം സഭയാണ്. ആഗോള മലയാളികളുടെ സർഗ്ഗ സൗഹൃദ കൂട്ടായ്മയെ അപഹസിക്കാനുള്ള ശ്രമത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം.

Post your comments