Global block

bissplus@gmail.com

Global Menu

ഷോക്കടിപ്പിച്ച് വൈദ്യുതി നിരക്ക് വർദ്ധന ഞങ്ങ നിക്കണോ....പോണോ???

44 നദികളുളള വൻ ജലവൈദ്യുതപദ്ധതികളുളള കേരളത്തിൽ വൈദ്യുതി ബിൽ ഉപയോക്താവിനെ ഷോക്കടിപ്പിക്കുമ്പോൾ കൃഷിക്ക് പോലും കടംകൊണ്ട വെളളം ഉപയോഗിക്കുന്ന തമിഴകത്തേക്കാൾ മൂന്നര ഇരട്ടിയിലേറെ കൂടുതലാണ് കേരളത്തിലെ വൈദ്യുതി നിരക്ക്. കാരണമായി പറയുന്നതോ വൈദ്യുതി വാങ്ങിയതിലെ നഷ്ടക്കണക്കും. എന്തേ കേരളത്തിന് ഇത്രമാത്രം നഷ്ടക്കണക്ക്......

 

വ്യവസായ സൗഹൃദസംസ്ഥാനമെന്ന് അവകാശപ്പെടുമ്പോഴും കേരളത്തിലെ നിക്ഷേപകരും കേരളത്തിൽ നിക്ഷേപം നടത്താൻ മോഹിച്ചെത്തുന്നവരും അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് ചായുന്നു. കാരണങ്ങൾ പലതാണ്. ഷീറ്റുകൊണ്ട് മറച്ച് ഷെഡിൽ പോലും സംരംഭങ്ങൾ തുടങ്ങി വിജയകരമാക്കുന്നവരുടെ നാടാണ് തമിഴകം എന്നതാണ് പണ്ടേയുളള ആകർഷണം. സർക്കാരും ബന്ധപ്പെട്ട വിഭാഗങ്ങളും ഇത്തരം സംരംഭകരെ മുട്ടാപ്പോക്കുകൾ പറഞ്ഞ് കുഴക്കാത്തതാകാം അതിന് പ്രധാനകാരണം. മറ്റൊന്ന് നിക്ഷേപകർക്ക് തമിഴ്‌നാട് സർക്കാർ വിദേശികളും സ്വദേശികളുമായ നിക്ഷേപകർക്ക് നൽകുന്ന അടിസ്ഥാനസൗകര്യങ്ങളും ഇളവുകളുമാണ്. കേരളത്തിൽ സ്ഥലം മുതൽ വൈദ്യുതിയും വെളളവും ലൈസൻസും എന്തിന് മാലിന്യനിർമാർജ്ജനം വരെ പ്രശ്‌നങ്ങൾ ഒന്നൊന്നായി തലപൊക്കുമ്പോൾ. അതിനെല്ലാം ആദ്യമേ തന്നെ വൺടൈം സെറ്റിൽമെന്റ് നടത്തിയാണ് തമിഴകം നിക്ഷേപകരെ സ്വാഗതം ചെയ്യുക. ഇപ്പോഴിതാ പ്രളയവും കൊവിഡും സാമ്പത്തികപ്രതിസന്ധിയുമെല്ലാം നട്ടെല്ലൊടിച്ച വ്യാപാരി-വ്യവസായി സമൂഹത്തിന്റെ മേൽ അശനിപാതം പോലെ വൈദ്യുതനിരക്ക് വർദ്ധന വന്നുവീഴുമ്പോൾ കേരളത്തെയും തമിഴകത്തെയും തമ്മിൽ വീണ്ടും സംരംഭകരും നിക്ഷേപകരും താരതമ്യം ചെയ്യുകയാണ്.
ജൂൺ 25ന്   പ്രഖ്യാപിച്ച വൈദ്യുതനിരക്ക് വർദ്ധനവിൽ നടുങ്ങിനിൽക്കുകയാണ് കേരള വ്യാപാരി-വ്യവസായി സമൂഹം.
സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6% വർധനയാണുണ്ടായിരിക്കുന്നത്.   2022-23 വർഷത്തെ വർദ്ധിപ്പിച്ച വൈദ്യുതി നിരക്കുകൾക്കു റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി. നിരക്കു വർധന ജൂൺ 25 അർധരാത്രി പ്രാബല്യത്തിൽവന്നു. നിരക്കുവർധനയിലൂടെ കെഎസ്ഇബിക്ക് 1000 കോടിയോളം രൂപയുടെ വരുമാനം ലഭിക്കും.നിരക്കുവർദ്ധന ഇങ്ങനെ: പ്രതിമാസം 50 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കു വർധനയില്ല. 25 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് 25 പൈസ. 88 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.
അനാഥാലയങ്ങൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയെ നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി. എൻഡോസൾഫാൻ ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ് വർധിപ്പിച്ചില്ല. 4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. കാർഷിക ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാർജ് 5രൂപ കൂട്ടി.ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ നിരക്കിന്റെ താരിഫ് ആനുകൂല്യം 1000 വാൾട്ടിൽനിന്ന് 2000 വാൾട്ടായി വർധിപ്പിച്ചു. ഏകദേശം 5.5ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജിങ് നിരക്ക് വർധിപ്പിച്ചു. ഫിക്സഡ് ചാർജ് 75 രൂപയിൽനിന്ന് 90 രൂപയാക്കി. എനർജി ചാർജ് 5 രൂപയിൽനിന്ന് 5.50 രൂപയാക്കി. ഈ നിരക്കുകൾ ചാർജിങ് സ്റ്റേഷനുകൾ കെഎസ്ഇബിയിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള നിരക്കാണ്.
ചാർജിങ് സ്റ്റേഷനുകൾ ഉപഭോക്താക്കളിൽനിന്ന് വൈദ്യുതി ചാർജിനത്തിൽ യൂണിറ്റിന് 8 രൂപയിൽ കൂടുതൽ വാങ്ങാൻ പാടില്ലെന്ന് റഗുലേറ്ററി കമ്മിഷൻ ചെയർമാൻ പറഞ്ഞു. പലയിടത്തും ചാർജിങിന് അധികവില ഈടാക്കുന്നതിനാലാണ് ഈ തീരുമാനം. കമ്മിഷന് ഇതു സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഹിയറിങ് നടത്തിയശേഷം ഇതിനായി ചട്ടങ്ങൾ കൊണ്ടുവരും.
1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ള വരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് താരിഫ് വർധന ഇല്ല.
പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് താരിഫ് വർധനവില്ല. സംസ്ഥാനത്ത് ഏകദേശം 25 ലക്ഷം ഉപഭോക്താകളാണ് ഈ വിഭാഗത്തിലുള്ളത്. ഇവർക്ക് ആനുകൂല്യം ലഭിക്കും.
അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അങ്കണവാടികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് താരിഫ് വർധനവില്ല. ഏകദേശം 35,200 ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളിൽ ക്യാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കിൽ താരിഫ് വർധനവില്ല.
എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി.
ചെറിയ പെട്ടികടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടിൽനിന്നു 2000 വാട്ടായി വർധിപ്പിച്ചു.
കാർഷിക ഉപഭോക്താക്കൾക്ക് ചാർജ് വർധിപ്പിച്ചിട്ടില്ല.
10 കിലോവാട്ടുവരെ കണക്ടഡ് ലോഡും ചെറുകിട വ്യവസായങ്ങളായ അരി പൊടിക്കുന്ന മില്ലുകൾ, തയ്യൽ ജോലി ചെയ്യുന്നവർ, തുണിയേയ്ച്ചുകൊടുക്കുന്നവർ തുടങ്ങിയ ചെറുകിട സംരംഭകർക്കുള്ള വൈദ്യുതി നിരക്കിലുള്ള ആനുകൂല്യം തുടരും. ഈവിഭാഗങ്ങൾക്ക് ശരാശരി യൂണിറ്റിന് 15 പൈസയുടെ താരിഫ് വർധനവ് വരും.
ഗാർഹിക ഉപഭോക്താക്കൾക്ക് ഒരു മാസം വർധിക്കുന്ന നിരക്ക് ഇങ്ങനെ
 

500 യൂണിറ്റിന് കേരളത്തിൽ 8772 രൂപ
തമിഴ്‌നാട്ടിൽ 2360 രൂപ!!!
കേരളത്തിൽ 500 യൂണിറ്റ് ഉപയോഗിക്കുന്ന വീട്ടുകാർക്ക് രണ്ടു മാസത്തിലൊരിക്കൽ വരുന്നത് 8772 രൂപയുടെ ബില്ല്. തമിഴ്‌നാട്ടിൽ ഇത്രയും വൈദ്യുതിക്ക് ഈടാക്കുന്നതോ വെറും 2360 രൂപ.നിരക്കിലെ വ്യത്യാസം മാത്രമല്ല, കേരളത്തിൽ അമിത നിരക്ക് ഈടാക്കാൻ പ്രയോഗിക്കുന്ന തന്ത്രമാണ് ഈ വ്യത്യാസത്തിന് പിന്നിൽ. കേരളത്തിൽ ആദ്യത്തെ അമ്പത് യൂണിറ്റിന് നിരക്ക് 3.15 രൂപയാണ്. അടുത്ത അമ്പത് യൂണിറ്റിന് 3.95 ആണ്. അമ്പത് കഴിഞ്ഞ് ഉപയോഗിക്കുന്ന യൂണിറ്റിന് മാത്രം അധിക നിരക്ക് കൊടുത്താൽ മതി. നൂറു കഴിഞ്ഞാൽ അടുത്ത അമ്പതിന് അഞ്ചു രൂപയായി. ഇത്തരത്തിലാണ് ക്രമീകരണം. എന്നാൽ, 250 യൂണിറ്റിൽ കൂടുതൽ ഒരു യൂണിറ്റെങ്കിലും ഉപയോഗിച്ചാൽ തട്ടുതിരിച്ചുള്ള നിരക്കിന്റെ ആനുകൂല്യം ലഭിക്കില്ല. മൊത്തം യൂണിറ്റിനും 6.20 രൂപ വച്ചു നൽകണം. 500 യൂണിറ്റിന്റെ പരിധി കടന്നാൽ മൊത്തം യൂണിറ്റിനും 7.60രൂപ വച്ചു നൽകണം. ഇതിനൊപ്പം ഫിക്‌സഡ് ചാർജ്ജ് 200 ആക്കി ഉയർത്തിയതോടെ രണ്ടുമാസത്തേക്ക് അത് 400 രൂപയാകും. വൈദ്യുതിചാർജ്ജിന്റെ പത്തുശതമാനം 760 രൂപ ഇലക്ട്രിസിറ്റി ഡ്യൂട്ടിയായും 12രൂപ മീറ്റർ വാടകയായും ഉൾപ്പെടുത്തും. ജി.എസ്.ടിയും കൂടി ചേരുമ്പോൾ, രണ്ടു മാസത്തെ മൊത്തം ബിൽത്തുക 8772 രൂപയാകും.
തമിഴകത്ത് എല്ലാവർക്കും സൗജന്യം
ആദ്യത്തെ നൂറ് യൂണിറ്റ് എല്ലാവർക്കും സൗജന്യം. 500 യൂണിറ്റ് ഉപയോഗിക്കുന്നവരും ആദ്യ 100 യൂണിറ്റിന് പണം നൽകേണ്ട. തുടർന്ന് 200 മുതൽ 300 വരെ നിരക്ക് 2.50 രൂപയാണ്. അതിന് 50 പൈസ സബ്‌സിഡിയുണ്ട്. അതായത് രണ്ടു രൂപ നൽകിയാൽ മതി. എത്ര കൂടുതൽ ഉപയോഗിച്ചാലും ഈ ആനുകൂല്യം കിട്ടും.ഇതനുസരിച്ച് തുക 200 രൂപയാകും. 201 മുതൽ 500 വരെയുള്ള മൂന്നൂറ് യൂണിറ്റിന് മൂന്നു രൂപയാണ്. ആ തുക 900 രൂപയാകും. അങ്ങനെ
മൊത്തം വൈദ്യുതി ചാർജ്ജ് 1100 രൂപയാകും. ഇതിനൊപ്പം 30 രൂപ ഫിക്‌സഡ് ചാർജ്ജും 50 രൂപ ഇലക്ട്രിസിറ്റി നികുതിയും ചേർത്ത് ഒരു മാസത്തേക്ക് 1180 രൂപയാകും. രണ്ടുമാസത്തെ ബിൽത്തുക 2360 രൂപ മാത്രം.
ഇന്ധനം മുതൽ നിത്യോപയോഗ സാധനങ്ങൾ വരെയുള്ളവയ്ക്കു തീവില നൽകുന്നതിനിടെയാണ് ഇരുട്ടടിയായി വൈദ്യുതി നിരക്കും കൂടുന്നത്. അപ്പോ വ്യാപാരികൾ ചോദിക്കുന്ന ചോദ്യമുണ്ട്: ഞങ്ങ നിക്കണോ പോണോ???
താങ്ങാനാകില്ല
സാമ്പത്തിക പ്രതിസന്ധിമൂലം നിലവിലെ വൈദ്യുതി ചാർജ് പോലും അടയ്ക്കാൻ ബുദ്ധിമുട്ടുന്ന ചെറുകിട, വ്യാപാര, വ്യവസായ മേഖലയ്ക്കു ചാർജ് വർധന താങ്ങാനാകില്ലെന്നും നടപടി പിൻവലിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാപാര, വ്യവസായ മേഖലകൾ വളർന്ന് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാകണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങളായ ഇന്ധനവും വൈദ്യുതിയും സൗജന്യമായോ സർക്കാർ സബ്‌സിഡിയിൽ കുറഞ്ഞ നിരക്കിലോ ലഭ്യമാക്കണം. ഇന്ത്യയിൽ ഭൂരിഭാഗം സംസ്ഥാനങ്ങളും ഈ രീതിയിലുള്ള ഇളവുകൾ നൽകി വ്യവസായങ്ങൾ വളരാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുമ്പോൾ കേരളത്തിൽ നേരെ വിപരീതമാണ്. ഇതിൽ നിന്നു സർക്കാർ പിന്മാറണം
ദുരിതത്തിലേക്കു തള്ളിവിടുന്നതിനു തുല്യം
വിളകൾക്ക് അർഹിക്കുന്ന വില കിട്ടുന്നില്ല. ഗ്യാസ് ഉൾപ്പെടെയുള്ള സാധനങ്ങൾക്കു ദിനംപ്രതി വില വർധിക്കുന്നു.കോവിഡ് കാലം കഴിഞ്ഞ് ആളുകൾ കാര്യമായി വരുമാനമില്ലാതെ ബുദ്ധിമുട്ടുന്ന സമയത്താണ് നിരക്കു വർധിപ്പിച്ചിരിക്കുന്നത്.  ഇത് സാധാരണക്കാരെ കൂടുതൽ ദുരിതത്തിലേക്കു തള്ളിവിടുന്നതിനു തുല്യമാണ്-വനജാക്ഷൻ, തിരുവനന്തപുരം
കുരുക്കായി സെക്യൂരിറ്റി ഡിപ്പോസിറ്റ്
വൈദ്യുതി നിരക്കു വർധനയുടെ ആഘാതം താങ്ങാനാവാത്ത സാധാരണക്കാരനു കുരുക്കായി ഇത്തവണത്തെ ബില്ലിൽ സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകയും. ശരാശരി ബില്ലിന്റെ 50 ശതമാനം വരെ തുക കൂടി കൂട്ടിയാണ് വാങ്ങുന്നത്.2000 രൂപയുടെ ബിൽ അടയ്ക്കുന്ന ഉപഭോക്താവ് അഡീഷനൽ സെക്യൂരിറ്റി തുകയായി 1000 രൂപ കൂടി അടയ്ക്കണം. ഡിപ്പോസിറ്റ് തുകയ്ക്കു പലിശ നൽകുമെന്നും മറ്റുമുള്ള ന്യായവാദങ്ങൾ കെഎസ്ഇബി പറയുന്നുണ്ടെങ്കിലും വൈദ്യുതി നിരക്കിനൊപ്പം ഈ തുകയും കണ്ടെത്തേണ്ടി വരുന്നതു സാധാരണക്കാർക്കു വലിയ ബാധ്യതയാണുണ്ടാക്കുന്നത്.

 

 

Post your comments