Global block

bissplus@gmail.com

Global Menu

വീണാ മാധവൻ- ഐഎഎസ് കാർക്കിടയിലെ ചിത്രകാരി

ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥയായ വീണ ബഹുവിധ മാധ്യമങ്ങൾ ഉപയോഗിച്ച് ചിത്രരചനയിൽ പരീക്ഷണങ്ങൾ നടത്തുന്ന കലാകാരി ആണ്. ഫ്‌ലൂയിഡ് ആർട്ട് ശൈലിയിലെ ആക്രിലിക് പോറിംഗ്, റെസിൻ, വാട്ടർ കളർ ഇൻക്, ആൽക്കഹോൾ ഇൻക് തുടങ്ങിയവ വീണ ഉപയോഗിക്കുന്ന മാധ്യമങ്ങളാണ്. പലപ്പോഴും പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അമൂർത്തവും പ്രതിഫലനാത്മകവുമായ ചിത്രങ്ങളാണ് വീണയുടേത്. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി നേടിയിട്ടുണ്ട് ഈ കലാകാരി. എംഫിൽ, പി എച്ച് ഡി ഗവേഷണ വിഷയങ്ങൾ അടിസ്ഥാനമാക്കി വിവിധ ലേഖനങ്ങൾ സാഹിത്യ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫിയും വീണയുടെ താൽപര്യങ്ങളിൽ ഉൾപ്പെടുന്നു.
'എൻചാന്റഡ് ഹ്യൂസ്' എന്ന അവരുടെ ആൽക്കഹോൾ ഇൻകിലെ ആദ്യ സോളോ ചിത്രപ്രദർശനം 18, 19 ജൂൺ  2022 കോഴിക്കോട് കേരള ലളിതകലാ അക്കാദമിയിൽ നടന്നു. 'എൻചാന്റഡ് ഹ്യൂസ്' എന്ന ചിത്രപ്രദർശനത്തിലൂടെ ആ മാധ്യമത്തിന്റെ ചടുലതയും ജൈവികമായ ഒഴുക്കും ദൃശ്യമാക്കുന്നു.
ഫ്‌ലൂയിഡ് ചിത്രരചന ശൈലിയിൽ ആൽക്കഹോൾ ഇൻക് താരതമ്യേന പുതിയ മാധ്യമമാണ്. ഈ പുതു മാധ്യമത്തിൽ ചിത്രങ്ങൾ വരയ്ക്കുവാൻ യുപ്പോ പേപ്പർ ആണ് ഉപയോഗിച്ചിരിക്കുന്നത്. യുപ്പോ പേപ്പറിൽ ആൽക്കഹോൾ based പിഗ്മെന്റ് ഒപ്പം ഐസോ പ്രൊപ്രൈൽ ആൽക്കഹോൾ ചേർത്താണ് വിവിധ ചിത്രങ്ങൾ വരച്ചിരിക്കുന്നത്.
ആൽക്കഹോൾ  ഇൻക്   ചിത്രങ്ങൾ സൃഷ്ടിക്കാനായി ഹെയർ ഡ്രയർ,പെയിൻറ് ബ്രഷ്, സ്‌ട്രോ  എന്നിവ ഉപയോഗിക്കാവുന്നതാണ്.  'എൻചാന്റഡ് ഹ്യൂസ്'   എന്നെ എക്‌സിബിഷനിൽ കൂടുതലും ഹെയർ ഡ്രയർ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരുന്നത്. ചിത്രരചനയിൽ വ്യത്യസ്ത ആകൃതികൾ ഉണ്ടാക്കുവാൻ കഴിയുന്നത് ഹെയർ ഡ്രയറുടെ ചലനങ്ങൾ അനുസരിച്ചിരിക്കും.
പ്രകൃതിയുടെ സ്വാഭാവിക കലാരൂപങ്ങൾ പോലെ ഓരോ ആൽക്കഹോൾ ഇൻക് ഡിസൈനും അതിന്റേതായ അനുപമമായ നിലനിൽപ്പുണ്ട്. അമൂർത്തവും പ്രതിഫലനാത്മകവുമായ ചിത്രങ്ങളിൽ ചലനാത്മകമായ വർണ്ണങ്ങൾ ഉപയോഗിച്ചുകൊണ്ട് ആൽക്കഹോൾ ഇൻകിന്റെ ഒഴുക്കും അതിന്റെ നിയന്ത്രണവും വരച്ചുകാട്ടുന്നതാണ്  വീണയുടെ ശൈലി.

Post your comments