Global block

bissplus@gmail.com

Global Menu

ചാഞ്ചാടി കേരളത്തിൽ സ്വർണ്ണവില

കേരളത്തിൽ സ്വർണ്ണവിലയിൽ വർധന. ഒരു പവന് ഇന്ന് 37,120 രൂപയാണ് വില. ഒരു ഗ്രാമിന് ഇന്ന് 4640 രൂപയാണ് വില. ഇന്ന് ഒരു പവന് 320 രൂപയും, ഒരു ഗ്രാമിന് 40 രൂപയുമാണ് ഇന്ന് വർധിച്ചത്. കേരളത്തിൽ ഇന്നലെ സ്വർണ്ണവില ഇടിഞ്ഞിരുന്നു. ഒരു പവന് ഇന്നലെ 36,800 രൂപയായിരുന്നു വില. ഇന്നലെ ഒരു ഗ്രാമിന് 4600 രൂപയായിരുന്നു. ഇന്നലെ ഒരു ഗ്രാമിന് 40 രൂപയും, ഒരു പവന് 320 രൂപയുമാണ് കുറഞ്ഞിരുന്നത്. ജൂലൈ മാസത്തെ ഏറ്റവും താഴ്ന്ന വിലനിലവാരമായിരുന്നു ഇന്നലെ.

വ്യാവസായിക ലോഹങ്ങൾ കഴിഞ്ഞ ആഴ്ചയുടെ അവസാനം ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ചെമ്പിന്റെ വിലയിടിവ് ആശങ്കയുണ്ടാക്കുന്നുണ്ട്. ഡോളർ കരുത്തു കാട്ടിക്കൊണ്ടിരിക്കുന്നത് സ്വർണ്ണത്തിന് ക്ഷീണമാണ്. ഹ്രസ്വകാലത്തേക്ക് വില ഇനിയും താഴുമെന്നാണ് കരുതുന്നത്. ഈയാഴ്ച യൂറോപ്യൻ കേന്ദ്രബാങ്ക് പ്രഖ്യാപിക്കുന്ന പലിശനിരക്ക് വിപണിയെ ബാധിക്കാനും സാധ്യത മുന്നിലുണ്ട്. യുഎസ് പലിശ നിരക്കുകൾ വർധിക്കുമെന്ന ആശങ്കയാണ് ഇന്നലെ സ്വർണ്ണവിലയെ താഴ്ചയിലെത്തിച്ചത്. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യയിൽ നിന്ന് യു.എ.ഇ ലേക്കുള്ള സ്വർണ്ണത്തിന്റെ കയറ്റുമതി ഇന്ത്യൻ രൂപയിൽ 15 ശതമാനം വർധിച്ചു.

ഡോളറിന്റെ സൂചിക നിലവാരം കഴിഞ്ഞ ദിവസം 108.18 ലേക്ക് ഉയർന്നു. രണ്ട് ദശാബ്ദത്തിനിടെയിലെ ഉയർന്ന നിരക്കാണിത്. ഇതും സ്വർണ്ണവിലയെ പ്രതികൂലമായി ബാധിച്ചിരുന്നു. ചൈന 22,000 കോടി ഡോളറിന്റെ ഉത്തേജന പാക്കേജ് നടപ്പാക്കുമെന്ന പ്രഖ്യാപനം, കഴിഞ്ഞയാഴ്ച വ്യാവസായിക ലോഹങ്ങളുടെ വില വർധിക്കാൻ കാരണമായിരുന്നു. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ തീരുവ ഈയിടെ വർധിപ്പിച്ചിരുന്നു. 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായാണ് തീരുവ വർധിപ്പിച്ചത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കുത്തനെയുണ്ടായ ഇടിവും സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നു. റിസർവ്വ് ബാങ്കിന്റെ നിരന്തരമായ ഇടപെടലുകളാണ് കൂടുതൽ തകർച്ചയിൽ നിന്നും രൂപയെ രക്ഷിച്ചു നിർത്തിയിരുന്നത്. ആയിരക്കണക്കിനു കോടി യുഎസ് ഡോളറുകൾ വിപണിയിൽ വിറ്റഴിച്ചാണ് റിസർവ്വ് ബാങ്ക് രൂപയെ പിടിച്ചു നിർത്തുന്നത്. പൊതുവെ ഇത്തരത്തിൽ ചെലവഴിക്കുന്ന തുകയുടെ മൂല്യം ആർബിഐ ഔദ്യോഗികമായി സ്ഥിരീകരിക്കാറില്ല. എന്നാൽ ദിവസങ്ങളായി രൂപയുടെ മൂല്യം ഇടിവിൽ തന്നെ തുടരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. സ്വർണ്ണവിലയിൽ അസ്ഥിരതകൾ നില നിൽക്കുമ്പോഴും രാജ്യത്തെ എൻബിഎഫ്സി മേഖല കുതിപ്പിന്റെ പാതയിലാണ്.

ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു. സ്വർണം ഔൺസിന് 1714.87 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സ്ഥിരമായി ഉയർന്ന നിലവാരത്തിൽ നിൽക്കുന്നതും, ഉയരുന്ന ഉപഭോക്തൃവില സൂചികകളും, അസ്ഥിരമായ വിപണികളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Post your comments