Global block

bissplus@gmail.com

Global Menu

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം ഊഴം സഹകരണവകുപ്പിനും നൂറിൽ നൂറ്

കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലാദ്യമായി ഇടതുമുന്നണി തുടർഭരണനേടുകയും രണ്ടാമൂഴത്തിലെ നൂറുദിനങ്ങൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നു.രണ്ടാം നൂറുദിനപദ്ധതി പൂർത്തീകരണത്തിലേക്കടുക്കുകയുമാണ്.  സർക്കാരിന്റെ ഈ വിജയക്കുതിപ്പിൽ ഓരോ വകുപ്പും ഒപ്പത്തിനൊപ്പം നിൽക്കുന്നു എന്നതാണ് ശ്രദ്ധേയം. സഹകരണവകുപ്പും പുതിയ ഊർജ്ജത്തോടെ പുത്തൻ പദ്ധതികളുമായി മുന്നോട്ടാണ്. അടിസ്ഥാനവർഗത്തിന് ഭൂരിപക്ഷമുളള കേരള സമൂഹത്തിന്റെ നട്ടെല്ലാണ് സഹകരണമേഖല. സാധാരണക്കാരന്റെ കൈത്താങ്ങായി വളർന്നുവന്ന് ഇന്ന് കേരളത്തിന്റെ മുഖമുദ്രയായി മാറിയ കേരളബാങ്ക് എന്ന വടവൃക്ഷത്തിന്റെ തണലിൽ ജനതയുടെ സ്വപ്‌നങ്ങളും ഭാവിപദ്ധതികളും ഭദ്രമാണ്. സംരംഭകർക്കും വ്യാപാരികൾക്കുമായി നവനവങ്ങളായ പദ്ധതികളും എല്ലാവർക്കും സുരക്ഷിതമായ പാർപ്പിടം എന്ന ലക്ഷ്യത്തോടെ കെയർ ഹോം പദ്ധതി തുടങ്ങി സഹകരണരംഗം മുന്നോട്ടുതന്നെയാണ്. സഹകരണമേഖലയുടെ പ്രവർത്തനപുരോഗതിയെയും പുത്തൻ പദ്ധതികളെയും കുറിച്ച് സഹകരണമന്ത്രി വി.എൻ.വാസവന്റെ വാക്കുകളിലൂടെ...

 

 

സഹകരണ രംഗം പുത്തൻ ഉണർവിൽ ആണല്ലോ.ഒരു വർഷത്തെ പ്രവർത്തനം എങ്ങനെ       നോക്കി കാണുന്നു?
കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ  വിലയിരുത്തേണ്ടത് പൊതു സമൂഹമാണ്. ഇടതുപക്ഷ മുന്നണിയുടെ പ്രകടന പത്രികയുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുന്നത്. പ്രഖ്യാപിച്ച കാര്യങ്ങൾ സമയ ബന്ധിതമായി നടപ്പിലാക്കുകയാണ് ചെയ്യുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി ശക്തമായി തുടരുന്നതിനിടയിലാണ് രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തുന്നത്. ആ പ്രതിസന്ധിയെ മറികടക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിനായുള്ള പദ്ധതികൾക്കും പരിപാടികൾക്കും സർക്കാർ രൂപം നൽകി. സഹകരണ വകുപ്പിൽ നിരവധി പദ്ധതികളാണ് ഈ ഘട്ടത്തിൽ നടപ്പിലാക്കിയത്. ഇതിനിടെയാണ് ആദ്യ നൂറ് ദിന കർമ്മ പരിപാടി പ്രഖ്യാപിക്കുന്നത്. നൂറ് ദിന കർമ്മ പരിപാടിയിലെ പ്രഖ്യാപനങ്ങൾ നിശ്ചിത ദിവസത്തിനുള്ളിൽ തന്നെ മറികടന്നു. തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള നടപടികളും വായ്പകൾ അനുവദിച്ച് പൊതുസമൂഹത്തെ സഹായിക്കുന്ന കാര്യങ്ങളിലും നിശ്ചിത പരിധിയും കഴിഞ്ഞുള്ള പ്രകടനമായിരുന്നു സഹകരണ വകുപ്പ് നടത്തിയത്. ആദ്യ നൂറുദിന പരിപാടിയുടെ വിജയത്തിനു പിന്നാലെ പ്രഖ്യാപിക്കപ്പെട്ട രണ്ടാം നൂറു ദിന പരിപാടിയും പൂർത്തീകരണത്തിലേയ്ക്കു കടക്കുകയാണ്. പൂർത്തീകരണ സമയത്തിനു മുമ്പു തന്നെ തൊഴിൽ സൃഷ്ടിക്കുന്ന കാര്യത്തിലും മറ്റു ചിലതിലുമൊക്കെ നിശ്ചയിച്ച പരിധിയും കഴിഞ്ഞ് മുന്നേറുകയാണ്.
തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ സഹകരണ വകുപ്പിന്റെ നേട്ടം?
നൂറു ദിന പരിപാടി പ്രഖ്യാപിച്ചതിനേക്കാൾ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. നാളിതു വരെ സഹകരണ വകുപ്പിൽ 1712 സ്ഥിരം നിയമനങ്ങൾ നടന്നു കഴിഞ്ഞു. അടുത്തിടെയാണ് ആയിരം ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തത്. കൂടുതൽ സഹകരണ സ്ഥാപനങ്ങളിലെ ഒഴിവുകൾ കൃത്യ സമയത്തു റിപ്പോർട്ട് ചെയ്യുകയും അതിന് ആവശ്യമായ പരീക്ഷയും അഭിമുഖങ്ങളും നടത്തി യോഗ്യരായവരെ നിയമിക്കുകയും ചെയ്യുന്ന നടപടി കുറ്റമറ്റ രീതിയിൽ നടക്കുകയാണ്. പരാതികൾക്കിടനൽകാത്ത തരത്തിലാണ് നിയമനങ്ങൾ നടക്കുന്നത്. ഉദ്യോഗാർത്ഥികളായ യുവജനതയെ സംരക്ഷിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. സർക്കാർ സർവ്വീസിലെ സ്ഥിരം ജോലി മാത്രമല്ല സുരക്ഷിതമായുള്ളത്. സ്വയം സംരംഭങ്ങൾ നടത്തി മാന്യമായ വരുമാനം നേടാനും കൂടുതൽ പേർക്ക് തൊഴിൽ നൽകാനും കഴിയുന്ന സംവിധാനങ്ങളുണ്ട്. വലിയൊരു വിഭാഗം സ്വയം തൊഴിൽ സംരംഭങ്ങൾക്ക് താൽപ്പര്യം പ്രകടിപ്പിച്ചു മുന്നോട്ട് വരുന്നുണ്ട്. ഇവരെ സഹകരണ സംഘങ്ങൾ വഴിയും സ്ഥാപനങ്ങൾ വഴിയും സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ഒരു വർഷത്തിനുള്ളിൽ സൃഷ്ടിച്ചത് 45,606 തൊഴിൽ അവസരങ്ങളാണ്. ചരിത്രപരമായ നേട്ടമാണിത്.
ജനോപകാരപ്രദമായ മറ്റ് പദ്ധതികൾ?
സഹകരണ വകുപ്പിന്റെ അഭിമാന സ്തംഭമായ പദ്ധതിയാണ് കെയർ ഹോം. അടച്ചുറപ്പുള്ള നല്ലൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്.സാധാരണക്കാരനെ സംബന്ധിച്ച് ഒരായുസിന്റെ സമ്പാദ്യമാണ് വീട്.  പ്രകൃതി ദുരന്തം ഇത് കവർന്നെടുക്കുമ്പോൾ മറ്റൊരു വീട് നിർമ്മിക്കാനുള്ള അവസ്ഥയില്ലാതെ പ്രതിസന്ധിയിലാകും. സ്വന്തമായി ഭൂമിയില്ലാത്തവരുമുണ്ടാകും. സാധാരണക്കാർക്ക് വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനാണ് സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി ആവിഷ്‌കരിച്ചത്. ഭൂമിയും താമസ സ്ഥലവും ഇല്ലാത്തവർക്ക് 14 ജില്ലകളിലും ലൈഫ് പദ്ധതി നിർദ്ദേശിക്കുന്ന സ്ഥലത്ത് ഭവന സമുച്ചയങ്ങൾ നിർമ്മിച്ചു നൽകാൻ തീരുമാനിച്ചു. ആദ്യ ഭവന സമുച്ചയം തൃശ്ശൂർ ജില്ലയിൽ പഴയന്നൂർ ഗ്രാമ പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കി. 4 വീടുകൾ വീതമുള്ള പത്ത് ബ്ലോക്കുകൾ നിർമ്മാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറി. മറ്റ് ജില്ലകളിലും നടപടികൾ പുരോഗമിക്കുന്നു.
ഇതുകൂടാതെ നിരവധി പദ്ധതികൾ ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കി. 30 യുവജന സഹകരണ സംഘങ്ങൾ, 14 പട്ടികജാതി, പട്ടിക വർഗ യുവജന സംഘങ്ങൾ, വനിതാ സംഘങ്ങൾക്കുള്ള സഹായം, സഹകരണ സംഘങ്ങളുടെ വൈവിദ്ധ്യമാർന്ന ഉൽപ്പന്നങ്ങളുടെ വിപണനത്തിനായുള്ള ഏകീകൃത ബ്രാൻഡിംഗ്, നെൽ കർഷകർക്ക് വേണ്ടിയുള്ള സഹകരണ സംഘം, 551.83 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി, കൊള്ളപ്പലിശക്കാരിൽ നിന്നും മത്സ്യ തൊഴിലാളി മേഖലയെ രക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ സ്‌നേഹതീരം വായ്പ, സഹകാരികളിലെ അശരണരായവർക്കുള്ള ധനസഹായം, സഹകരണ സംഘം അംഗങ്ങളിൽ ഗുരുതര രോഗം ബാധിച്ചവർക്കും അശരണരായവർക്കുമുള്ള ധനസഹായം എന്നിങ്ങനെ നിരവധി പദ്ധതികളാണ് ഒരു വർഷത്തിനിടയിൽ സഹകരണ വകുപ്പ് നടപ്പിലാക്കിയത്.
സഹകരണ ബാങ്കുകളിലെ  അഴിമതി പരക്കെ ആശങ്ക പടർത്തിയിട്ടുണ്ടല്ലോ?
സഹകരണ ബാങ്കുകളിലെ അനഭലഷണീയ പ്രവണതകൾക്കെതിരെ ശക്തമായ ജാഗ്രത പുലർത്തുന്നുണ്ട്. സാധാരണക്കാരിൽ സാധാരണക്കാരായവരുടെ നിക്ഷേപം കൊണ്ടാണ് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്. സാധാരണക്കാർക്ക് പൂർണ വിശ്വാസമുള്ളത് കൊണ്ടാണ് അവർ സഹകരണ സംഘങ്ങളെ ആശ്രയിക്കുന്നത്. അതുകൊണ്ടാണ് മറ്റുള്ളവർക്ക്, അതായത് ആവശ്യക്കാരായ സാധാരണക്കാർക്ക് വായ്പ നൽകാൻ കഴിയുന്നത്. ഇങ്ങനെ  സാധാരണക്കാരുടെ പണം കൈകാര്യം ചെയ്യുന്നതിനിടയിലെ അനഭലഷീണീയ പ്രവണതകൾ പൊറുക്കാനാവില്ല. സാധാരണക്കാരുടെ വിശ്വാസം ഒരു തരത്തിലും നഷ്ടപ്പെടുത്താനുമാകില്ല. അതുകൊണ്ടു തന്നെ ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുകയും തടയുകയും ചെയ്യും. ഇത്തരത്തിലുള്ള സംഭവങ്ങൾ നേരിടുന്നതിനായി സമഗ്ര നിയമത്തിൽ ശക്തമായ വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നുണ്ട്. ക്രമിനിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനും അന്വേഷണം നടത്തുന്നതിനും ക്രിമിനൽ നടപടി ക്രമം അനുസരിച്ച് നടപടികൾ നേരിടേണ്ടതായും വരും. സ്വത്ത് കണ്ടു കെട്ടുന്നതിനുവരെയുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ടാകും. സാധാരണക്കാരായ നിക്ഷേപകരുടെ പണം നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള ബാദ്ധ്യത സഹകരണ സംഘങ്ങൾക്കുണ്ട്. ഇതിനുള്ള ജാഗ്രത സൂക്ഷ്മതയോടെ പുലർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ എന്തെങ്കിലും അസാധാരണ സംഭവമുണ്ടായാൽ നിക്ഷേപങ്ങൾക്ക് സുരക്ഷ നൽകുന്നതിനുള്ള പദ്ധതി നിലവിലുണ്ട്. നിക്ഷേപ ഗ്യാരന്റി സ്‌കീം. സമഗ്ര നിയമത്തിൽ പ്രത്യേക വ്യവസ്ഥ ഉൾപ്പെടുത്തി നിക്ഷേപ ഗ്യാരന്റി സ്‌കീമിന്റെ പരിധി അഞ്ച് ലക്ഷമായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര സഹകരണ നിയമം കേരളത്തിലെ സഹകാരികൾ എതിർക്കുന്നുവല്ലോ?
കേന്ദ്ര സഹകരണ നിയമം സംസ്ഥാനങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റമാണ്. ഫെഡറലിസത്തിലേയ്ക്കുള്ള കടന്നു കയറ്റം. സഹകരണം സംസ്ഥാന വിഷയമാണ്. നിയമത്തിൽ മാറ്റങ്ങൾ വരുത്തിയും കടന്നു കയറ്റത്തിനുള്ള പരോക്ഷ വ്യവസ്ഥകൾ ഉൾപ്പെടുത്തിയും പരിഷ്‌കരണം നടത്തുന്നത് സംസ്ഥാനത്തിന്റെ ചുമതലയിലുള്ള സഹകരണ സംഘങ്ങളെ കേന്ദ്ര സർക്കാരിന്റെ പരിധിയിൽ കൊണ്ടു വരുന്നതിനാണ്. സഹകരണ മന്ത്രാലയത്തിന്റെ രൂപീകരണവും മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ വ്യാപകമാക്കുന്നതിനു പിന്നിലുള്ള ഉദ്ദേശവും വ്യത്യസ്തമല്ല. അടുത്തിടെ റിസർവ്വ് ബാങ്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് നോട്ടീസിൽ വസ്തുതാ വിരുദ്ധ പരാമർശങ്ങളായിരുന്നു ഉണ്ടായിരുന്നത്. ബാങ്ക്, ബാങ്കിംഗ്, ബാങ്കർ എന്ന പദങ്ങൾ സഹകരണ സംഘങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും ചെക്കുകൾ അടക്കമുള്ള ബാങ്കിംഗ് മാർഗങ്ങൾ സ്വീകരിക്കാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ കേന്ദ്രത്തിന്റെ നിക്ഷേപ ഗ്യാരന്റി സ്‌കീമിൽ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ലഭ്യമാകില്ലെന്നും പറയുന്നുണ്ട്. നാളിതു വരെ കേരളത്തിലെ ഒരു സഹകരണ സംഘങ്ങൾക്കും ഈ പദ്ധതിയിൽ അംഗത്വം നൽകിയിട്ടില്ല. ഇത്തരത്തിൽ സഹകരണ മേഖലയിലേയ്ക്കുള്ള കടന്നു കയറ്റത്തിനായാണ് നിയമ പരിഷ്‌കരണത്തിന് ശ്രമിക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയ ഭേദമന്യേ സഹകാരികളും പൊതു സമൂഹവും കേന്ദ്ര നീക്കത്തെ എതിർക്കുന്നത്. സർക്കാരാകട്ടെ ഈ നിർദ്ദേശങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിപ്പിച്ചിട്ടുണ്ട്.
കേരള ബാങ്കിന്റെ പ്രവർത്തനം?
ന്യൂ ജനറേഷൻ ബാങ്കുകളെക്കാൾ മികച്ച പ്രവർത്തനമാണ് കേരളബാങ്ക് നടത്തുന്നത്. ആദ്യ പൂർണ സാമ്പത്തിക വർഷം പൂർത്തിയാക്കിയപ്പോൾ മികച്ച നേട്ടമാണുണ്ടാക്കിയത്. നിക്ഷേപം, വായ്പ എന്നിവയിലുണ്ടായ വർദ്ധന, നിഷ്‌ക്രിയ ആസ്തിയിലുണ്ടായ കുറവ് എന്നിവ പ്രവർത്തന മികവിന്റെ തെളിവാണ്. സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്കായി മാറിയതിന് ശേഷമുള്ള ചുരുങ്ങിയ കാലയളവിലാണ് ഈ മികവ് പുലർത്തിയെന്നതാണ് മനസിലാക്കേണ്ടത്. ഇത്തരത്തിലുള്ള ശക്തമായ പ്രവർത്തനം കൊണ്ടാണ് കേരളത്തിലെ രണ്ടാമത്തെ ബാങ്കായി കേരള ബാങ്ക് വളരാൻ കഴിഞ്ഞത്. സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പദ്ധതികളാണ് കേരള ബാങ്ക് നടപ്പിലാക്കുന്നത്.  സഹകരണ വകുപ്പ് നടത്തിയ നിക്ഷേപ സമാഹരണ യജ്ഞത്തിൽ ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് കേരള ബാങ്കാണ്. 1025 കോടി രൂപയായിരുന്നു ലക്ഷ്യം. നിക്ഷേപ സമാഹരണം യജ്ഞം അവസാനിച്ച ദിവസം 3375.54 കോടി രൂപ വിവിധ നിക്ഷേപങ്ങളായി ലഭിച്ചു. ലക്ഷ്യത്തേക്കാൾ 329 ശതമാനം അധിക നിക്ഷേപമാണ് കേരള ബാങ്കിനു ലഭിച്ചത്. ഇത്തരത്തിൽ മികച്ച പ്രവർത്തനങ്ങളുമായാണ് കേരള ബാങ്ക് മുന്നേറ്റം.
കൊവിഡിൽ വ്യാപാരരംഗം ആകെ തകർന്നിരിക്കുകയാണല്ലോ  വ്യാപാരിക്കൾക്കായി പ്രത്യേക പദ്ധതികൾ പ്രതീഷിക്കാമോ?
വ്യാപാരികൾക്കും ചെറുകിട കച്ചവടക്കാർക്കുമായി നിരവധി പദ്ധതികൾ സഹകരണ സംഘങ്ങൾ നടപ്പാക്കി വരുന്നു. ചെറിയ കാലയളവിൽ കുറഞ്ഞ പലിശയ്ക്കുള്ള വായ്പകൾ ലഭ്യമാക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിക്കാലത്ത് കേരള ബാങ്ക് അടക്കമുള്ള സഹകരണ സ്ഥാപനങ്ങൾ വ്യാപാര വാണിജ്യ മേഖലയെ സഹായിക്കാൻ രംഗത്തിറങ്ങിയിരുന്നു. വിവിധ പദ്ധതികൾ തയ്യാറാക്കുകയും ചെയ്തു. കോവിഡ് കാലത്തെ അടച്ചിടലിന് ശേഷം തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ച സമയത്ത് വ്യാപാര സ്ഥാപനങ്ങളിലെ അറ്റകുറ്റ പണികൾക്കും പുതിയ സ്റ്റോക്കെടുക്കുന്നതിനും വേണ്ടിയും  വായ്പാ പദ്ധതികളും തയ്യാറാക്കി. കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാനും കഴിഞ്ഞിരുന്നു. മാത്രമല്ല മുൻകാല വായ്പകൾ തിരിച്ചടയ്ക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടന്നപ്പോഴുണ്ടായ വരുമാന നഷ്ടം പരിഗണിച്ചാണ് വായ്പ തിരിച്ചടവിൽ ഇളവു നൽകിയത്. പലിശയിലും പിഴ പലിശയിലും നോട്ടീസ് നിരക്കുകളിലും ഇളവു നൽകിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയും ഇവർക്കായി നടപ്പിലാക്കി. ഒറ്റത്തവണ തീർപ്പാക്കലിന്റെ കാലാവധി രണ്ടു തവണ ദീർഘിപ്പിക്കുകയും ചെയ്തു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ചെയ്യുന്നത് പോലെ പലിശയും കൂട്ടുപലിശയും ഈടാക്കി തിരിച്ചടവിന് സമ്മർദ്ദം ചെലുത്തുന്ന രീതി കേരള ബാങ്കോ സഹകരണ സ്ഥാപനങ്ങളോ സ്വീകരിച്ചിട്ടില്ല. സൗഹാർദ്ദപരമായ സമീപനമാണ് വ്യാപാരി വ്യവസായികളോടും സംരംഭകരോടും സ്വീകരിക്കുന്നത്. ഇനിയും ഇത്തരക്കാർക്കായി പുതിയ പദ്ധതികൾ നടപ്പിലാക്കും.

Post your comments