Global block

bissplus@gmail.com

Global Menu

പുതുമാർഗ്ഗങ്ങളിലൂടെ കുതിച്ച് കെൽട്രോൺ വിറ്റുവരവ് 500 കോടി

പൊതുമേഖലയിൽ കേരളത്തിന്റെ അഭിമാനസ്ഥാപനമാണ് കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ്  ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് അഥവാ കെൽട്രോൺ. ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് ഈ സ്ഥാപനം പ്രധാനമായും പ്രവർത്തിക്കുന്നത്. കെ. പി. പി. നമ്പ്യാരുടെ നേതൃത്വത്തിൽ 1970-കളിലാണ് കെൽട്രോൺ ആരംഭിച്ചത്. കെൽട്രോണിന്റെ ടെലിവിഷൻ, റേഡിയോ തുടങ്ങിയവ ഒരു കാലത്ത് വളരെ പ്രശസ്തമായിരുന്നു. കെൽട്രോണിൽ പരിശീലനം നേടിയാൽ ജോലി എന്ന് ഒരു തലമുറ വിശ്വസിച്ചു. ഇപ്പോഴും ആ വിശ്വാസം ഇളക്കമില്ലാതെ തുടരുന്നു. ഐഎസ്ആർഒയുടെ അക്രഡിറ്റഡ് ട്രെയിനിംഗ് സ്ഥാപനമാണ് കെൽട്രോൺ. ഐഎസ്ആർഒ,നേവി തുടങ്ങിയവയ്ക്ക് വേണ്ട ഇലക്ട്രോണിക് ഘടകങ്ങൾ, ട്രാഫിക് മാനേജ്‌മെന്റ്, ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് എന്നീ മേഖലകളിൽ കെൽട്രോണാണ് കേരളത്തിൽ അവസാനവാക്ക്. ഇതിനൊക്കെ പുറമെ ഡിഫൻസ് , ഐടി സർവ്വീസസ്. പിന്നെ പവർ ഇലക്ട്രാണിക്‌സ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കെൽട്രോണിന്റെ മാസ്റ്റർപ്ലാൻ വിഭാവനം ചെയ്യുന്നതെന്ന് കെൽട്രോൺ സിഎംഡി (ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ) എൻ.നാരായണമൂർത്തി പറയുന്നു. വിഎസ്എസ്സി, ഐഎസ്ആർഒ എന്നിവിടങ്ങളിൽ പ്രോജക്ട് ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന റിട്ട.ശാസ്ത്രജ്ഞനായ അദ്ദേഹത്തിന് കീഴിൽ സ്ട്രാറ്റജിക് ഉത്പന്നങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ച് ഇലക്ട്രോണിക്‌സ് വ്യവസായരംഗത്ത് കെൽട്രോൺ എന്ന പേര് ഇന്ത്യയുടെ മുൻനിരകമ്പനികളുടെ നിരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുളള കുതിപ്പിലാണ്. 500 കോടി വിറ്റുവരവിലേക്ക് എത്തി ഒരു നാഴികക്കല്ലുകൂടി താണ്ടിയ കെൽട്രോണിന്റെ പദ്ധതികളെയും ലക്ഷ്യത്തെയും കുറിച്ച് എൻ നാരായണമൂർത്തി പറയുന്നു......
2026-ൽ 1000 കോടി ലക്ഷ്യം
500 കോടി ടേൺഓവർ എന്നു പറയുന്നത് ഒരു ബിസിനസ് സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ബഞ്ച്മാർക്കാണ്. 2026ൽ 1000 കോടിയിലെത്തിക്കുക എന്നുളളതാണ് ലക്ഷ്യം. അതിന്റെ ഒരു ആദ്യ ചുവടുവയ്പായി ഇതിനെ കരുതാം. 2016ലൊക്കെ 458 കോടിവരെ നേട്ടം കൈവരിച്ചിട്ടുണ്ട്. രണ്ടുമാസം അടച്ചിട്ടിരുന്നു. ഇലക്ട്രോണിക് ഇൻഡസ്ട്രിയെ സംബന്ധിച്ച് സപ്ലൈ ചെയ്ൻ പ്രതിസന്ധിയിലായിരുന്നു. അസംസ്‌കൃതവസ്തുക്കൾക്ക് 25 ശതമാനം മുതൽ 30 ശതമാനം വരെ വിലകൂടി. ഡെലിവറി ടൈം സാധാരണഗതിയിൽ എട്ട് മുതൽ പത്ത് ആഴ്ച വരെയായിരുന്നത് ഇപ്പോൾ 40 മുതൽ 50 ആഴ്ച വരെയായി. ഈ പ്രശ്‌നങ്ങൾക്കിടയിലും 521 കോടി ടേൺ ഓവർ എന്നുപറയുന്നത് ജീവനക്കാർക്കെല്ലാം പ്രചോദനകരമായ കാര്യമാണ്. ഈ വർഷം ടാർഗറ്റ് 573 കോടി രൂപയാണ്. അത് ചിലപ്പോൾ റിവൈസ് ചെയ്യും.
521 കോടി ടേൺഓവർ നേടിയപ്പോൾ പ്രധാനമായും മൂന്ന് മേഖലകളിലാണ് നേട്ടം കൊയ്തത്. അതിൽ പ്രഥമസ്ഥാനത്ത് ഡിഫൻസ് ഇലക്ട്രോണിക്്‌സ് ആണ്. അതിൽ 88 കോടി രൂപയാണ് ടേൺഓവർ. കെൽട്രോൺ കൺട്രോൾ സ് - അരൂരും, കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സ് - കരകുളവുമാണ്ഇത് ചെയ്യുക. നേവിയുടെ ഭാഗമായ ഡിഫൻസ് ഉപകരണങ്ങളാണ് ഇവിടങ്ങളിൽ പ്രധാനമായും നിർമിക്കുന്നത്. ഈ വർഷവും 110 കോടി രൂപയുടെ ഓർഡറുണ്ട്. കഴിഞ്ഞ വർഷം ടേൺ ഓവർ കൂടുതലുണ്ടായ മറ്റൊരു മേഖല  സേഫ് കേരള പ്രൊജക്ടിന്റെ ഭാഗമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിനായി 700 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ, സ്പീഡ് ഡിറ്റക്ഷനുവേണ്ടി നാല് മൊബൈൽ വാഹനങ്ങൾ അതിന്റെ കൺട്രോൾ റൂമും റെഡിയായി കഴിഞ്ഞു. അതിന്റെ ടേൺ ഓവർ 106 കോടി രൂപ. അത് ഈ മാസം കമ്മിഷൻ ചെയ്യും. അതുപോലെ കേരള പൊലീസിന്റെ ഒരു പുതിയ ഓർഡർ കിട്ടിയിട്ടുണ്ട്. 500 കോടിരൂപയുടെ ഓർഡറാണ്. അതും പത്തുവർഷത്തേക്കുളള ബൂട്ട് മോഡലാണ്. പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയ്ക്ക് ആവശ്യമായ ബേസിക് ഇലക്ട്രോണിക്സ് കമ്പോണന്റുകൾ കെൽട്രോൺ നിർമ്മിച്ചു നൽകിവരുന്നു.. മോട്ടോർവെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റേത് 235 കോടിയുടെ ഓർഡറായിരുന്നു. അത് അഞ്ചുവർഷത്തിലൊരിക്കലാണ് കിട്ടുന്നത്. അതും ഒരു ബൂട്ട് മോഡലാണ്.
മൾട്ടി ഡിസിപ്ലിനറി കാപ്പബിലിറ്റി
ഏത് ഇൻഡസ്ട്രിയായിരുന്നാലും സിസ്റ്റം എൻജിനീയറിംഗും പ്രൊജക്ട് മാനേജ്‌മെന്റുമാണ് പ്രഥമസ്ഥാനത്ത് നിൽക്കേണ്ടത്. ഒരു സ്ഥാപനത്തിന് മൾട്ടി ഡിസിപ്ലിനറി കാപ്പബിലിറ്റി ഉളളത് നല്ലതാണ്. ഉദാഹരണമായി കെൽട്രോൺ തന്നെയെടുക്കാം - കുറച്ചു മാനുഫാക്ചറിംഗ്, കുറച്ച് സർവ്വീസിംഗ്, കുറച്ച് ഐടി സർവ്വീസസ്, കുറച്ച് പ്രൊജക്ട് മാനേജ്‌മെന്റ് ഇതെല്ലാമുണ്ട്.എന്നിരുന്നാലും ഒരു സ്ഥാപനത്തിനും മൾട്ടി ഡിസിപ്ലിനറിയിൽ നൂറുശതമാനം പ്രൊജക്ടും ചെയ്യാൻ പറ്റില്ല. അങ്ങനെയുളള സ്ഥാപനങ്ങൾക്ക് പിടിച്ചുനിൽക്കാൻ പാടാണ്. കെൽട്രോണിൽ ഇപ്പോൾ 25 -30 ശതമാനമാണ് മാനുഫാക്ചറിംഗ് . മാക്‌സിമം 40% വരെ പോകാം. മാനുഫാക്ചറിംഗിൽ ടെക്‌നോളജി മാറുന്നതിനനുസരിച്ച് നമ്മളും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച് ഇക്കാര്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കൽ, ഇൻവെസ്റ്റ്‌മെന്റ് എന്നിവയൊക്കെ സമയമെടുക്കും.
കമേഴ്‌സ്യൽ യുപിഎസിലേക്ക്
കെൽേട്രാണിന്റെ വളർച്ച ഭാവിയിൽ വിഭാവനം ചെയ്യുന്നത് എന്താണെന്നുവച്ചാൽ, നമ്മൾ ഇപ്പോൾ ഒരു മാസ്റ്റർപ്ലാൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അതുപ്രകാരം 395 കോടി രൂപ മുതൽ മുടക്കണം. അങ്ങനെ ചെയ്തുകഴിഞ്ഞാൽ നിലവിലുളള ക്രോർ ബിസിനസുകളെ വിപുലീകരിക്കാം. ഉദാഹരണമായി ട്രാഫിക് മാനേജ്‌മെന്റ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് സിസ്റ്റം. അത് അഖിലേന്ത്യാതലത്തിൽ കെൽട്രോണിന്റെ വളരെ കരുത്തുറ്റ ഒരു മേഖലയാണ്. പിന്നെ ഡിഫൻസ് , ഐടി സർവ്വീസസ്. പിന്നെ പവർ ഇലക്ട്രാണിക്‌സ്. അതായത് ഇന്ത്യയിലെ ന്യൂക്ലിയാർ പവർ കോർപറേഷന് കീഴിലെയും നാഷണൽ തെർമൽ പവർ കോർപറേഷന് കീഴിലെയും ഒട്ടുമിക്ക സ്ഥാപനങ്ങളിലും ഈ ഹൈപവർ യുപിഎസ് സിസ്റ്റവും റെക്ടിഫയറുകളും എല്ലാം കെൽട്രോണിന്റേതാണ്.  ഈ വർഷം 20 കോടി രൂപയുടെ ഓർഡർ കൂടംകുളം പ്രൊജക്ടിനുവേണ്ടി ചെയ്യാനുണ്ട്.കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഗുജറാത്തിലെയും രാജസ്ഥാനിലെയും രണ്ട് ന്യൂക്ലിയാർ പവർ പ്ലാന്റുകളിലും കെൽട്രോണിന്റെ ഉപകരണങ്ങളുണ്ടായിരുന്നു. ഐഎൻഎസ് വിക്രാന്തിനുവേണ്ടി 5 ഉപകരണങ്ങൾ ചെയ്തു. കഴിഞ്ഞയാഴ്ച ബോംബെയിൽ നീറ്റിലിറക്കിയ രണ്ട് കപ്പലുകളിലും കെൽട്രോണിന്റെ ഉപകരണങ്ങളുണ്ട്. പവർ ഇലക്ട്രോണിക്‌സുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രധാനമായും നിർമ്മിക്കുന്നത് ഹൈപവർ യുപിഎസ് സിസ്റ്റം മാത്രമാണ്. കമേഴ്‌സ്യൽ യുപിഎസ് കൂടി നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. കാരണം ഇപ്പോൾ ഇന്ത്യൻ വിപണിയിലേക്ക് വേണ്ട കമേഴ്‌സ്യൽ യുപിഎസ്  ഇറക്കുമതി ചെയ്ത് അസംബിൾ ചെയ്യുകയാണ്. ഈ സാഹചര്യത്തിലാണ് കെൽട്രോൺ കമേഴ്‌സ്യൽ യുപിഎസ് നിർമ്മാണത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. സർക്കാരിന്റെ ഇ-ഹെൽത്ത് പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ആദ്യ ഓർഡർ ലഭിച്ചിരിക്കുന്നത്. 170 കമേഴ്‌സ്യൽ യുപിഎസ് സിസ്റ്റമാണ് കെൽട്രോൺ ഇതിന്റെ ഭാഗമായി ഒരുക്കുക.
ബാറ്ററി നിർമ്മാണം മാസ്റ്റർപ്ലാനിൽ
ബാറ്ററി അസംബ്ലിംഗ് കെൽട്രോൺ ചെയ്യുന്നുണ്ട്. ബാറ്ററി നിർമ്മാണം ഇപ്പോൾ പരിഗണനയിലില്ല. പക്ഷേ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി അത് പ്രൊപ്പോസലിലുണ്ട്. മാത്രമല്ല കേരള സർക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിയിൽ ഇതുമായി ബന്ധപ്പെട്ട പ്രൊപ്പോസലുണ്ട്.
വൻകിട സോളാർ പ്രൊജക്ടുകൾ മാത്രം
കെൽട്രോൺ സോളാർ പ്രൊജക്ടുകൾ ചെയ്യുന്നുണ്ട്. വലിയ പ്രൊജക്ടുകളാണ് ചെയ്യുന്നത്. രണ്ടുവർഷം മുമ്പ് ഏഴിമല നേവൽ അക്കാദമിയിൽ അത്തരമൊരു വലിയ പ്രൊജക്ട് ചെയ്യുന്നു. ഇപ്പോൾ ആലുവയിൽ ഡിഫൻസിനുവേണ്ടി രണ്ട് മെഗാവാട്ടിന്റെ പ്രൊജക്ട് ചെയ്തു. ഇന്ത്യയിൽ വലിയ പാനലുകൾ ചെയ്യുന്നവർ അദാനി, ടാറ്റ തുടങ്ങി വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. മാസ്റ്റർപ്ലാനിൽ ചെയ്യാനുദ്ദേശിക്കുന്ന സോളാർ പ്രൊജക്ടുകൾ ഇടുക്കി രാമക്കൽമേടിലെ ഒരു മെഗാവാട്ട് പദ്ധതി, സിഡാകാണ് ടെക്‌നോളജി പാർട്‌നർ. അവർ തന്നെ 500 കിലോവാട്ടിന്റെ പവർ കണ്ടീഷൻ യൂണിറ്റ് വികസിപ്പിച്ചു. അത് കെൽട്രോൺ നിർമ്മിക്കുന്നു. കെഎസ്ഇബി  അംഗീകാരം ലഭിച്ചുകഴിഞ്ഞു. അതും അനർട്ടിന്റെ ഭാഗമായാണ്.ഗാർഹിക ഉപയോഗമേഖലയിൽ  നേരത്തേ സോളാർ പദ്ധതികൾ ചെയ്തിരുന്നു. പക്ഷേ നിലവിൽ ചെയ്യുന്നില്ല. മാസ്റ്റർപ്ലാനിലും അത് ഉൾപ്പെടുത്തിയിട്ടില്ല. അതുമല്ല ഭാവിയിൽ ഇന്ത്യയിൽ മൈക്രോപവർ ഇൻവർട്ടറുകൾക്കാണ് വിപണി.അതായത് ഒരു കിലോവാട്ട് രണ്ടുകിലോവാട്ട് ഇൻവെർട്ടറുകളാണ് ഭാവിയിൽ വ്യാപരിക്കുക.അല്ലാതെ വലിയ സോളാർ പ്രൊജക്ടുകളല്ല.
അപ്പോൾ അത്തരത്തിലുളള ഇൻവെർട്ടറുകൾ വികസിപ്പിച്ച് വൻതോതിൽ നിർമ്മിക്കാനാണ് മാസ്റ്റർപ്ലാനിൽ വിഭാവനം ചെയ്യുന്നത്. കാരണം അടുത്ത അഞ്ച് വർഷം കഴിയുമ്പോൾ അതിനായിരിക്കും മാർക്കറ്റ്. ഇതാണ് സോളാറുമായി ബന്ധപ്പെട്ട് കെൽട്രോൺ പ്രധാനമായുംചെയ്യുന്നത്.  മറ്റൊന്ന് പ്രധാനമന്ത്രിയുടെ കുസും പദ്ധതിയുടെ ഭാഗമായി സോളാർ പമ്പ് കൺട്രോളർ നിർമ്മിക്കുന്നു.  അത് കേരളത്തിൽ വലിയ സാധ്യതകളുളള ഒന്നാണ്. അതായത് വൈദ്യുതി എത്താത്ത എത്രയോ പാടങ്ങളുണ്ട്. വൈദ്യുതി ഇല്ലാത്തതുകൊണ്ട് മാത്രം കൃഷിയിറക്കാൻ കഴിയാത്ത പ്രദേശങ്ങളുമുണ്ട്. അവിടങ്ങളിൽ സോളാർ പമ്പ് കൺട്രോളറിന് വലിയ സാധ്യതയാണ്.
പുതുമേഖലകളിലേക്ക്
കെൽട്രോണിന്റെ പ്രധാന പ്രൊജക്ടുകൾ എന്നു പറയുന്നത് ട്രാഫിക് മാനേജ്‌മെന്റ്, ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ടാണ്. കേരളത്തിൽ കൂടാതെ നാഷണൽ ഹൈവേ പ്രൊജക്ടുമായി ബന്ധപ്പെട്ടും ഓർഡറുകൾക്കുളള നടപടികൾ പുരോഗമിക്കുകയാണ്. പരീക്ഷണാർത്ഥം ഡൽഹിയിൽ ഒരു പാലത്തിനടിയിൽ സ്പീഡ് ഡിറ്റക്ടർ ക്യാമറ ഘടിപ്പിച്ചുകഴിഞ്ഞു. അത് വേൾഡ്ബാങ്ക് ഫണ്ടാണ്.
മെഡിക്കൽ ഇലക്ട്രോണിക്‌സിലും പുതിയ മേഖലകളിലേക്ക് കടക്കുകയാണ്. മെഡിക്കൽ ഇലക്ട്രോണിക്‌സിൽ നിലവിൽ ഹിയറിംഗ് എയ്ഡ് പ്രധാനമായും ചെയ്യുന്നത് . അതിന്റെ തന്നെ ഒരു അഡ്വാൻസ്ഡ് വെർഷൻ അതായത് വൈഫൈ കണക്റ്റഡ് ഹിയറിംഗ് എയ്ഡ് ആണ് പുതിയ വെർഷൻ.  മറ്റൊരു കാര്യം ഡിഫൻസ് ലാബുമായി സഹകരിച്ച് കോക്ലിയർ ഇംപ്ലാന്റ് നിർമ്മിക്കാനുളള പഠനറിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. അത് പ്രാരംഭഘട്ടത്തിലാണ്. നിലവിൽ കോക്ലിയർ ഇംപ്ലാന്റ് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുകയാണ്.
സ്ട്രാറ്റജിക് ഉത്പന്നങ്ങൾ നേട്ടമുണ്ടാക്കും
കമേഴ്‌സ്യൽ ഉത്പന്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനെക്കാൾ സ്ട്രാറ്റജിക് ഉത്പന്നങ്ങളിൽ ശ്രദ്ധപതിപ്പിച്ചാൽ മത്സരം കുറയും. പേരും കിട്ടും.
നേരത്തേ സൂചിപ്പിച്ച കമേഴ്‌സ്യൽ യുപിഎസിന്റെ കാര്യമെടുത്താൽ അത് കടകളിലോ ഓഫീസിലോ സപ്ലൈ ചെയ്യുന്നതിലല്ല കെൽട്രോൺ ഊന്നൽ നൽകുക. റെയിൽവേ ട്രാക്ഷൻ സിസ്റ്റത്തിലാണ് ഇത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. റെയിൽവേയിലും ആർമിയിലും നേവിയിലുമെല്ലാം വ്യത്യസ്ത സ്റ്റാൻഡേർഡുകളിലുളള യുപിഎസാണ് വേണ്ടത്. അതായത് കെൽട്രോൺ തത്കാലം കമേഴ്‌സ്യൽ ഉത്പന്നങ്ങളിൽ ശ്രദ്ധപതിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടാണ് ഡിഫൻസ്, ട്രാഫിക് , സ്ട്രാറ്റജിക് സെക്ടർ, ഐടി തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സോഫ്റ്റ് വെയർ രംഗത്തും കെൽട്രോൺ ശ്രദ്ധകേന്ദ്രീകരിക്കുന്നു. വരുമാനം കൂടുതൽ സോഫ്റ്റ് വെയർ സൈഡിലാണ്. ഹാർഡ് വെയറിന് മാർജിൻ കുറവാണ്. സോഫ്റ്റ് വെയറിൽ കസ്റ്റമർ ബേസ് സ്ഥിരതയുളളതാണ്.ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബും സെറ്റുചെയ്യുന്നുണ്ട്.  
പതിനായിരം കോടി പ്രഖ്യാപിതലക്ഷ്യം
പതിനായിരം കോടി ടേൺ ഓവറിലേക്ക് എത്തണം എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. അതുകൊണ്ടുതന്നെ ഡിഫൻസ് ഉത്പന്നങ്ങളിൽ കേന്ദ്രീകരിക്കാനാണ് കെൽട്രോണിന്റെ തീരുമാനം. ഡിഫൻസിന്റെ പർച്ചേസ് പ്രിഫറൻസ് (പ്രിഫറൻസ് ടു മേക്ക് ഇൻ ഇന്ത്യ)എന്നൊരു സ്‌കീമുണ്ട്. അതിൽ നിന്നാണ് ഇലക്ട്രോണിക്‌സ് ഇൻഡസ്ട്രിക്ക് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാകുന്നത്. അതായത് 2000 രൂപയ്ക്ക് മുകളിൽ ചെലവുളള ഒരു  കപ്പലോ വിമാനമോ വാങ്ങാൻ തീരുമാനിച്ചാൽ 50% വരെയുളള ഉത്പന്നങ്ങൾ ആ കമ്പനി ഇന്ത്യയിൽ നിന്ന് വാങ്ങണം എന്നാണ്. അതനുസരിച്ച് ഇന്ത്യയിൽ അവസരങ്ങളേറെയാണ്. ഇന്ത്യയിലെ ഇലകട്രോണിക്‌സ് മാനുഫാക്ചറിംഗ് സെക്ടറിൽ കേരളത്തിനൊരു സ്ഥാനമുണ്ടാകണമെങ്കിൽ എയർക്രാഫ്റ്റ് മാനുഫാക്ചറിംഗിന്റെ ഇലക്ട്രോണിക് ഘടകങ്ങൾ നിർമ്മിച്ചുനൽകണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫണ്ടിംഗ് ഉളളത് എച്ച്എഎല്ലിനാണ്. അത് എയർക്രാഫ്റ്റ് കംപോനന്റ്‌സ് നിർമ്മിച്ചുനൽകുന്നതുകൊണ്ടാണ്.
വിഷൻ
നിലവിലുളള ബിസിനസ് ശക്തിപ്പെടുത്തുക എന്നതാണ്. അത്തരത്തിൽ ശക്തിപ്പെടുത്തണമെങ്കിൽ ആദ്യം ഇൻഫ്രാസ്ട്രക്ചർ ആധുനികവത്ക്കരിക്കണം. നിക്ഷേപം വന്നാലേ അത് സാധ്യമാകൂ. ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം തുടങ്ങിയവ മെച്ചപ്പെടുത്തണം. പവർ ഇലക്ട്രോണിക്‌സ് വിപുലീകരിക്കണം. ഡിഫൻസുമായി ബന്ധപ്പെട്ട് ഇപ്പോൾ നേവി മാത്രമാണ് ചെയ്യുന്നത്. മറ്റ് സെക്ഷനുകളിലേക്കു കൂടി ഉത്പന്നങ്ങൾ നിർമിച്ചുനൽകാൻ കഴിയണം.
ഐഎസ്ആർഒയുമായി വർഷങ്ങളായി കരാറുണ്ട്. ഒരു പിഎസ്എൽവിയിൽ 350 ഇലക്ട്രോണിക് പാർട്ടുകളുണ്ടെങ്കിൽ അതിൽ 40 എണ്ണമെങ്കിലുംകെൽട്രോളിന്റെ സംഭാവനയായിരിക്കും. പിന്നെ സാറ്റലൈറ്റ് ബാഗേജുകൾ നിർമ്മിക്കുന്നുണ്ട്. മൺവിളയിൽ അതിനായി ഒരു കെട്ടിടം പണിയുന്നുണ്ട്. നിലവിൽ ബാംഗ്ലൂരിലെ അവരുടെ ഫാക്ടറിയിൽ കെൽട്രോണിന്റെ ടെക്‌നീഷ്യന്മാർ പോയി ചെയ്യുകയാണ്. അതിനായി മുന്നൂറോളം പരിശീലനം സിദ്ധിച്ച ടെക്‌നീഷ്യന്മാരുണ്ട്.പൊതുമേഖലാ വ്യവസായങ്ങൾക്ക് ആവശ്യമായ ഒരു ഇലക്ട്രോണിക് ടെസ്റ്റിംഗ് കേന്ദ്രവും കേരളസർക്കാർ വിഭാവനം ചെയ്യുന്നു. 100 കോടി രൂപയെങ്കിലും ചെലവ് വരും. ആദ്യഘട്ടത്തിൽ 28 കോടി രൂപയാണ് വകയിരുത്തുക. ഇതൊക്കെ പ്രാരംഭഘട്ടത്തിലാണ്.  
ട്രെയിനിംഗ് വിംഗ് സുശക്തം
കെൽട്രോണിന്റെ കോഴ്‌സുകൾക്ക് എന്നും ഡിമാൻഡാണ്. ഐഎസ്ആർഒക്കുവേണ്ട ടെക്‌നീഷ്യൻസിന്റെ ട്രെയിനിംഗ് അക്രഡിറ്റേഷൻ ഇപ്പോൾ കെൽട്രോണിനാണ് തന്നിരിക്കുന്നത്. കരകുളം കെൽട്രോണിൽ ഒരു ബാച്ചിന് മൂന്നാഴ്ച എന്ന രീതിയിലാണ് പരിശീലനം നൽകിവരുന്നത്. ഒരു വർഷം 10 കോടിയാണ് കെൽട്രോണിന്റെ ട്രെയിനിംഗ്  പ്രോഗ്രാമുകളിൽ നിന്നുളള ടേൺ ഓവർ. കേരളത്തിൽ നോളജ് സർവ്വീസ് സെന്റർ എന്ന ഗ്രൂപ്പിന് ഏകദേശം 160 കേന്ദ്രങ്ങളാണുളളത്. പ്രതിവർഷം 8000 കുട്ടികളാണ് പഠിച്ചിറങ്ങുന്നത്. സർക്കാർ അംഗീകൃത കോഴ്‌സുകളാണ്. ചില കോഴ്‌സുകൾ പഠിച്ചിറങ്ങുന്നവർക്ക് ഗൾഫിലൊക്കെ വലിയ ഡിമാൻഡാണ്. ഫയർ ആൻഡ് സേഫ്റ്റി, ലോജിസ്റ്റിക്‌സ് എന്നിവയ്‌ക്കെല്ലാം വലിയ ഡിമാൻഡാണ്. പഠിച്ചിറങ്ങിയ ഉടനെ ജോലിയാണ്. ഇപ്പോൾ ആനിമേഷൻ, വെർച്ച്വൽ റിയാലിറ്റി തുടങ്ങിയ മേഖലയിൽ പുതിയ കുറെ കോഴ്‌സുകൾ ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധയോടെ മുന്നോട്ട്

1982ലൊക്കെ 100 കോടി ടേൺ ഓവർ ഉണ്ടായിരുന്ന സ്ഥാപനമാണ് കെൽട്രോൺ.അന്ന് വിപ്രോ പോലുളള വമ്പന്മാർക്കു പോലും 13 കോടിയായിരുന്നു ടേൺ ഓവർ. ഇപ്പോൾ കെൽട്രോണിന് വീണ്ടും പുതുജീവൻ വയ്ക്കുകയാണ്. ആ ഘട്ടത്തിൽ നിക്ഷേപം നടത്തുന്നത് വളരെ ശ്രദ്ധയോടെയാണ്. അനുയോജ്യമായ ജീവനക്കാരെ നിയമിക്കുന്നു. ഫിക്‌സഡ് ചാർജ്ജ് കുറയ്ക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ ശാപമാണ് ഫിക്‌സഡ് ചാർജ്ജ്. ജീവനക്കാരും അധികൃതരും തികഞ്ഞ പ്രതിബദ്ധതയോടെ പ്രവർത്തിച്ചാൽ ഏതു സ്ഥാപനവും വളരും.ജീവനക്കാർക്ക് ആവശ്യമായ പ്രചോദനം നൽകണമെന്ന് മാത്രം.  

 

Post your comments