Global block

bissplus@gmail.com

Global Menu

"കേരള വികസനത്തിൽ നാഴികക്കല്ല് നോളജ് ഇക്കോണമി മിഷൻ"- ഡോ. പി. വി. ഉണ്ണികൃഷ്ണൻ

2017 അവസാനമാണ് ഡോ.കെ.എം.എബ്രഹാം ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്നത്. പിന്നീട് അദ്ദേഹം ചെയർമാനായി കേരള ഡെവലപ്‌മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) നിലവിൽ വ്ന്നു. 2018 മാർച്ച് 24നാണ് കെ-ഡിസ്‌ക് ഉദ്ഘാടനം ചെയ്യപ്പെട്ടത്. കുട്ടികൾക്കിടയിൽ പുത്തനാശയരൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം എന്ന ഒരു പരിപാടി നടത്തിക്കൊണ്ടാണ് കെ-ഡിസ്‌ക് പ്രവർത്തനമാരംഭിച്ചത്.

 

 

കേരള വികസനത്തിൽ നാഴികക്കല്ലാവുകയാണ് നോളജ് ഇക്കോണമി മിഷൻ. ഇതിന്റെ മാതൃസ്ഥാപനമാണ് കേരള ഡെവലപ്‌മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്). കെ-ഡിസ്‌ക് എന്ന ആശയത്തിന് എങ്ങനെയാണ് മുളപൊട്ടിയത് എന്നതിനെക്കുറിച്ചും നോളജ് ഇക്കോണമി മിഷനെക്കുറിച്ചും കെ-ഡിസ്‌ക് ഡയറക്ടർ ഉണ്ണിക്കൃഷ്ണൻ ബിസിനസ് പ്ലസിന് നൽകിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിൽ നിന്ന്.....
കെ-ഡിസ്‌ക് എന്ന ആശയത്തിന് വിത്തുപാകിയത്് ആരാണ്?
കെഡിസ്‌കിന്റെ തുടക്കത്തെ കുറിച്ചുളള യഥാർത്ഥ വസ്തുത അധികം ആർക്കും അറിയില്ല എന്നതാണ് വാസ്തം. ഒന്നാം യുപിഎ സർക്കാർ ഇന്ത്യയിൽ അധികാരത്തിൽ വന്നപ്പോഴാണ് 2010-20 ഇന്നവേഷൻ ഡെക്കേഡ് ആയി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. അതിന് തൊട്ടുമുമ്പുളള സർക്കാർ 2006കളിൽ നോളജ് കമ്മിഷൻ എന്ന സംവിധാനം രൂപീകരിച്ചു. സാം പിത്രോഡ ആയിരുന്നു ചെയർമാൻ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഡയറക്ടറും ജെഎൻയുവിലെ പ്രൊഫസറുമായിരുന്ന ജയദീപ് ഘോഷിന് പുറമെ വിവിധ സർവ്വകലാശാലകളിലെ വൈസ്ചാൻസലർമാരും അടങ്ങുന്നതായിരുന്നു നോളജ് കമ്മിഷൻ. ഈ നോളജ് കമ്മിഷൻ 2006ൽ ഒരു റിപ്പോർട്ട് സമർപ്പിച്ചു. ഇപ്പോൾ ഇന്ത്യയിൽ സോഫ്റ്റ് വെയർ മേഖലയിലും ഐടി മേഖലയിലുമൊക്കെ വളർച്ചയുണ്ടായിരുണ്ട്. ഈ വളർച്ചയൊക്കെ പരിശോധിച്ചുകൊണ്ട് എങ്ങനെ  പുതിയ സഹസ്രാബ്ദത്തിൽ ഇന്ത്യയെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം, പുത്തൻ സാങ്കേതിക ശേഷികൾ എങ്ങനെ ഇന്ത്യയുടെ വളർച്ചയ്ക്ക് ഉപയോഗിക്കാം എന്നതിനെ സംബന്ധിച്ച ഒരു വിസ്തരിച്ചുളള പഠനം നടക്കുന്നത് ഈ റിപ്പോർട്ടിലാണ്. അതിന്റെ തുടർച്ചയായിട്ടാണ് ഒന്നാം യുപിഎ സർക്കാർ 2010-20  പുത്തൻആശയത്തിന്റെ ദശകം (ഇനവേഷൻ ഡെക്കേഡ്) ആയി ദേശീയതലത്തിൽ പ്രഖ്യാപിക്കുന്നത്. പുത്തൻ ആശയരൂപീകരണവും അതുമായി ബന്ധപ്പെട്ട സങ്കേതങ്ങൾക്ക് ദേശീയ വളർച്ചയിലുളള പ്രാധാന്യവും അംഗീകരിച്ചുകൊണ്ടായിരുന്നു ഈ പ്രഖ്യാപനം. തുടർന്ന് നാഷണൽ ഇനവേഷൻ കൗൺസിൽ രൂപീകൃതമായി. സാം പിത്രോഡയായിരുന്നു ചെയർമാൻ.നാഷണൽ ഇന്നവേഷൻ കൗൺസിലിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ സ്റ്റേറ്റ് ഇന്നവേഷൻ കൗൺസിലുകൾ രൂപീകരിച്ചു. ഇതാണ് വൈജ്ഞാനികതലത്തിലെ പ്രവർത്തനങ്ങൾക്ക് രാജ്യത്തിന്റെ മൊത്തമായ വികസനത്തിലുളള പ്രാധാന്യം കണക്കിലെടുത്ത് ആധുനിക ഇന്ത്യയിലുണ്ടായ ആദ്യ ചുവടുവയ്പ്.
പിന്നീട് എന്താണ് ആ പദ്ധതിക്ക് സംഭവിച്ചത്?
യുപിഎ സർക്കാർ മാറി 2014ൽ  എൻഡിഎ സർക്കാർ അധികാരത്തിൽ വന്നപ്പോൾ 2015ഓടുകൂടി ആസൂത്രണ കമ്മിഷൻ  പിരിച്ചുവിട്ടു.പകരം നീതി ആയോഗ് വന്നു. ഏതാണ്ട് അതേ സമയത്താണ് നാഷണൽ ഇനവേഷൻ കൗൺസിലിന്റെ ചെയർമാൻ സ്ഥാനം സാം പിത്രോഡ ഒഴിഞ്ഞത്. അതോടെ  നാഷണൽ ഇന്നവേഷൻ കൗൺസിൽ ഇല്ലാതാവുകയും സ്റ്റേറ്റ് ഇന്നവേഷൻ കൗൺസിലുകൾ ഏതാണ്ട് പ്രവർത്തനരഹിതമാകുകയും ചെയ്തു.
ഒരു ഇടതുപക്ഷസർക്കാരിനെ സംബന്ധിച്ചിടത്തോളം തുല്യതയിൽ ഊന്നിയ വളർച്ച എന്നതാണ് അടിസ്ഥാനമായിട്ടുളള പ്ലാൻ. അങ്ങനെ തുല്യതയിൽ സംസ്ഥാനത്തിന്റെ വികാസവും സാമൂഹ്യക്ഷേമപദ്ധതികളും നടപ്പിലാക്കുക. ഇതോടൊപ്പം തന്നെ ഒരുപിടി മേഖലകളിൽ സാങ്കേതികവിദ്യ ഉപയോഗിച്ച് മുന്നോട്ടുപോകണമെന്നും അടിസ്ഥാനസൗകര്യവികസനം ഉൾപ്പെടെയുളള മേഖലകളിലെ പിന്നോക്കാവസ്ഥ പരിഗണിക്കണം എന്നുമുളള ബോധവും ഒന്നാം പിണറായി സർക്കാരിന് ഉണ്ടായി. തത്ഫലമായി പുത്തൻസാങ്കേതികവിദ്യകളുടെ മേഖലയിൽ ഇടപെടാനായിട്ടുളള ഒരു സംവിധാനമുണ്ടാകണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിനോട് ആവശ്യപ്പെട്ടു. 2017ന്റെ തുടക്കത്തിലായിരുന്നു ഇത്. അപ്പോൾ ഡോ.കെ.എം.എബ്രഹാം പറഞ്ഞത് എന്തിനാണ് ഇതിനായി പുതിയൊരു സംവിധാനം. നിലവിൽ സംസ്ഥാന ഇന്നവേഷൻ കൗൺസിൽ എന്നൊരു സംവിധാനമുണ്ടല്ലോ. അതിനെ എന്തുകൊണ്ട് ഇത്തരത്തിൽ നിർണായകമായ വികസനപദ്ധതികൾക്കുളള സംവിധാനമാക്കി മാറ്റിക്കൂടാ എന്നും അദ്ദേഹം ആരാഞ്ഞു. അങ്ങനെ സംസ്ഥാന ഇന്നവേഷൻ കൗൺസിലിനെ പുനഃസംഘടിപ്പിച്ചുകൊണ്ട് ഈ പുതിയ ചുമതലകൾ കൂടി വഹിക്കാൻ കഴിയുന്ന, അതായത് സംസ്ഥാന സർക്കാരിന്റെ ഒരു ഉപദേശക ബോർഡ് അല്ലെങ്കിൽ ആശയസംഭരണി (Think Tank) എന്ന നിലയ്ക്ക് പ്ലാനിംഗ് ബോർഡിനെ കൂടി സഹായിക്കുന്ന വിധത്തിൽ ഡോ.എബ്രഹാം ചെയർമാനായി കേരള ഡെവലപ്‌മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) നിലവിൽ വന്നു. 2018 മാർച്ച് 24നാണ് കെ-ഡിസ്‌ക് ഉദ്ഘാടനം ചെയ്യപ്പെട്ടത്. കുട്ടികൾക്കിടയിൽ പുത്തനാശയരൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം എന്ന ഒരു പരിപാടി നടത്തിക്കൊണ്ടാണ് കെ-ഡിസ്‌ക് പ്രവർത്തനമാരംഭിച്ചത്. പുത്തനാശയരൂപീകരണവും അതോടൊപ്പം തന്നെ വ്യത്യസ്ത വകുപ്പുകൾ കൈകാര്യം ചെയ്യുന്ന, എന്നാൽ അവർക്ക് സ്വന്തമായി ചെയ്യാൻ കഴിയാത്ത പ്രവർത്തനങ്ങളും കെ-ഡിസ്‌കിന്റെ ചുമതലയായി.
എന്തുകൊണ്ടാണ് ശാസ്ത്രസാങ്കേതി കൗൺസിലിന്  പകരം പ്ലാനിംഗ് ബോർഡിന് കീഴിൽ ഈ സംവിധാനം വന്നത്.
പുത്തൻ ആശയരൂപീകരണം രണ്ട് തലത്തിലാണ് സംഭവിക്കുക. ഒന്ന് ശാസ്ത്രസാങ്കേതികവിദ്യാ ഗവേഷകർ അവരുടെ ശാസ്ത്രവിശകലനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പുതിയ ആശയങ്ങൾ . അത് ഒരു ശ്രേണിയാണ്. രണ്ടാമത്തേതും വളരെ പ്രധാനപ്പെട്ടതുമായ ശ്രേണി എന്നു പറയുന്നത് പ്രായോഗിക പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനുഭവങ്ങളിൽ നിന്നുളള കാര്യങ്ങൾ. ഉദാഹരണത്തിന് നമ്മുടെ സ്റ്റാർട്ടപ്പുകൾ ഏറിയ പങ്കും ശാസ്ത്രസാങ്കേതികമേഖലകളിലല്ല ഉണ്ടായിട്ടുളളത്. എൻജിനീയറിംഗ് കോളേജുകളിലും പോളിടെക്‌നിക്ക് കോളേജുകളിലുംനിന്നുളളവർ ചില കാര്യങ്ങളിലിടപെട്ട് അതിന്റെ ഒരു അനുഭവത്തിന്റെ അഥവാ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ഉടലെടുക്കുന്ന പുത്തൻ ആശയങ്ങളാണ്. ഉദാഹരണമായി ഞാൻ കല്യാശ്ശേരിയിൽ ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടത്തിലുളള പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. ഊർജ്ജസർവ്വേയായിരുന്നു എന്റെ ചുമതലയിലുണ്ടായിരുന്നത.് കേരളത്തിൽ ഒരുപക്ഷേ എറ്റവും ചിട്ടയായി നടന്ന ഊർജ്ജഉപഭോഗ സർവ്വേ കല്യാശ്ശേരിയിൽ അന്ന് നടന്നതാണെന്ന് പറയാം.ഇത്തരത്തിൽ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്  ഡോ.ഗുലാത്തി എന്നിവരുടെ നേതൃത്വത്തിൽ കല്യാശ്ശേരിയിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഒരു റിപ്പോർട്ട് സിഡിഎസിൽ സമർപ്പിച്ചു. അത് അവതരിപ്പിച്ചതിന്റെതുടർച്ചയായിട്ടാണ് ജനകീയാസൂത്രണം എന്ന ആശയം തന്നെ വരുന്നത്. അപ്പോൾ ഇത്രയധികം പഞ്ചായത്തുകളിലെ പ്ലാനുകളിലെ വിവരങ്ങൾ എങ്ങനെ ഏകോപിപ്പിക്കും എന്ന പ്രശ്‌നമുയർന്നുവന്നു. അതിന് പരിഹാരം കാണുന്നതിനായി ആദ്യഘട്ടത്തിൽ കുമരകം ഗ്രാമപ്പഞ്ചായത്തിൽ നടത്തിയ കമ്പ്യൂട്ടർവത്ക്കരണപ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് 1999ൽ ഇൻഫർമേഷൻ കേരള മിഷൻ വരുന്നത്. അതായത് ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന പ്രായോഗികപ്രവർത്തനങ്ങളിൽ നിന്നാണ് പുത്തൻആശയരൂപീകരണം പ്രധാനമായും നടക്കുന്നത്. അതായത് ഇനവേഷന്റെ ശ്രേണികളെ എസ്ടിഐ (സയൻസ് ആൻഡ് ടെക്‌നോളജി ഇന്നവേഷൻ) എന്നും ഡിയുഐ (ഡൂയിംഗ് ബൈ ഇന്ററാക്ടിംഗ്) ഇന്നവേഷൻ എന്നും രണ്ടായി തിരിക്കാം.
യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിനുശേഷം കെ-ഡിസ്‌ക് നടത്തിയ ആദ്യകാല പ്രവർത്തനങ്ങൾ ഏതൊക്കെയാണ്?
  ആക്‌സിലറേറ്റഡ് ബ്ലോക്‌ചെയിൻ കോംപിറ്റൻസി (എബിസിഡി) പ്രോഗ്രാം ബ്ലോക്ക് ചെയിൻ സങ്കേതത്തിൽ നടത്തി. സാധാരണഗതിയി്ൽ നാം അക്കൗണ്ടുകളും മറ്റുമെല്ലാം കൈകാര്യം ചെയ്യുന്നത് കേന്ദ്രീകൃതമായ ഒരു ബാങ്കിംഗ് സംവിധാനത്തിലാണ്. അതിന്റെ അടിസ്ഥാനത്തിലാണ് എടിഎം, ഇതര ബാങ്ക് ട്രാൻസാക്ഷനുകൾ നടത്താനാവുന്നത്. അതിന്റെ സുരക്ഷവർദ്ധിപ്പിക്കുന്നതിനുളള ക്രിപ്‌റ്റോഗ്രഫിക് സാങ്കേതികവിദ്യ കൂടി ഉപയോഗിക്കുന്ന സംവിധാനമാണ് ബ്ലോക്ക് ചെയിൻ . വികേന്ദ്രീകൃത കമ്പ്യൂട്ടിംഗ് സംവിധാനത്തിന്റെ അടിത്തറകൂടിയാണിതെന്നതാണ് സവിശേഷത. ഇടനിലക്കാരനില്ലാതെ തീരുമാനമെടുക്കാവുന്ന സങ്കേതങ്ങൾ ഇതിലുൾപ്പെടുന്നു. കേരളത്തെ ഒരു ബ്ലോക്ക് ചെയിൻ ഹബ്ബാക്കണം എന്ന ഉദ്ദേശത്തോടെയാണ് ആക്‌സിലറേറ്റഡ് ബ്ലോക്‌ചെയിൻ കോംപിറ്റൻസി (എബിസിഡി) പ്രോഗ്രാം നടത്തിയത്. പിന്നീട് 9 വയസ്സുമുതൽ 12 വയസ്സുവരെയുളള കുട്ടികളുടെ ഗണിതാഭിരുചി മെച്ചപ്പെടുത്തുന്നതിനായി മഞ്ചാടി എന്ന പരിപാടി സംഘടിപ്പിച്ചു. കാരണം ആ സമയത്താണ് നാഷണൽ അസെസ്‌മെന്റ് സർവ്വേ വരുന്നത്. അതിൽ കേരളത്തിലെ കുട്ടികളിൽ ഗണിത അഭിരുചിയിൽ പോരായ്മകളുണ്ട് എന്ന് തിരിച്ചറിയുകയും അതനുസരിച്ച് ഇതെക്കുറിച്ച് പരിശോധിക്കാൻ ഡോ.എബ്രഹാമിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തുകയുമായിരുന്നു. കേരളത്തിൽ പാലക്കാട് ചളവറ, കൊല്ലം ആലപ്പാട്, വയനാട്ടിലെ തിരുനെല്ലി, കോഴിക്കോട് ഫറൂഖ്, തിരുവനന്തപുരം പെരുന്താന്നി തുടങ്ങി അഞ്ചുകേന്ദ്രങ്ങളിലാണ് മഞ്ചാടി ആരംഭിച്ചത്.അത് വളരെ മികച്ച റിസൾട്ടുണ്ടാക്കി. 2019ൽ സർക്കാർ വകുപ്പുകളിൽ പുത്തനാശയരൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിനുളള പ്രവർത്തനങ്ങൾ ആരംഭിച്ചു.  
ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഏറ്റെടുത്ത പ്രവർത്തനമാണ് ബ്ലഡ് ബാഗ്.
നോളജ് മിഷനിലേക്ക് എത്തുന്നത് എങ്ങനെയാണ്?
കേരളത്തിന്റെ വികസനത്തെക്കുറിച്ചുളള അന്വേഷണത്തിന്റെ തുടർച്ചയായിട്ടാണ് ഡോ.ടി.എം.തോമസ് ഐസക് നോളജ് മിഷൻ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കേരളവികസനം സംബന്ധിച്ച പൊതു കാഴ്ചപ്പാടിൽ പ്രധാനമായും രണ്ടു കാര്യങ്ങളാണുണ്ടായിരുന്നത്. ഒന്ന് തുല്യതയിലൂന്നിയ വികസനം, രണ്ടാമത്തേത് പശ്ചാത്തലസൗകര്യവികസനത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കൽ. ആദ്യത്തെ കാര്യമെടുത്താൽ, അതായത്  തുല്യതയിലൂന്നിയ വികസനം എന്നതിൽ ഒരു പ്രശ്‌നമുണ്ട്. ഉദാഹരണമായി കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസമേഖലകളിലെ പ്രശ്‌നങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങൾ പോലെയല്ല. കേരളത്തിൽ രണ്ടാം തലമുറ വികസനപ്രവർത്തനങ്ങളാണ് നടക്കുന്നത്.
ഇനി രണ്ടാമത്തെ കാര്യം. പശ്ചാലത്തലസൗകര്യവികസനത്തിന്റെ കാര്യത്തിൽ കേരളം ദശകങ്ങളുടെ പിന്നോക്കാവസ്ഥയിലാണ്. ഇതിനു കാരണം കേന്ദ്രസർക്കാരിന്റെ നിക്ഷേപങ്ങൾ കേരളത്തിലേക്ക് വേണ്ടവിധം എത്തുന്നില്ല എന്നതും വ്യവസായവത്ക്കരണത്തിലെ പിന്നോക്കാവസ്ഥയുമാണ് . ഈ രണ്ടു കാര്യങ്ങൾ പരിഹിക്കുന്നതിനാണ് കിഫ്ബി കൊണ്ടുവരുന്നത്.
തോമസ് ഐസക് നോളജ് മിഷൻ എന്ന ആശയം മുന്നോട്ടുവച്ചതിന് പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളാണ്. കേരളത്തിന്റെ സമ്പദ്ഘടന പ്രധാനമായും പരമ്പരാഗതവ്യവാസായത്തിലൂന്നിയതാണെന്നും അവിടെ ഇന്നവേഷന്റെ കുറവുകൊണ്ട് ഉത്പാദനക്ഷമത കുറവാണെന്നുമുളള കണ്ടെത്തൽ. രണ്ട് ടൈറ്റാനിയം പോലുളള വൻ ഊർജ്ജഉപഭോഗമുളള കെമിക്കൽ വ്യവസായങ്ങളുടെ വളർച്ചയ്ക്ക് കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് പരിമിതികളുണ്ടെന്ന തിരിച്ചറിവ്. മൂന്ന് വ്യവസായക്ലസ്റ്ററുകളിലൂടെ വിപണിപിടിക്കാം എന്ന ബോധ്യം.കോഴിക്കോട് നിന്ന് ഉയർന്നുവന്ന് ലോകവിപണി കീഴടക്കിയ വികെസി എന്ന ഫുട് വെയർ ക്ലസ്റ്റർ തന്നെയാണ് അതിന്റെ മികച്ച ഉദാഹരണം. അതായത്  മൂല്യവർദ്ധനം കുറഞ്ഞ, ഉത്പാദനക്ഷമത കുറഞ്ഞ ലോ പ്രൊഡക്ടിവിറ്റി റെജിമിൽ നിന്നാൽ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മുന്നോട്ടുപോക്ക് സാധ്യമല്ല എന്ന ബോധ്യമാണ് വൈജ്ഞാനിക സമൂഹത്തിലേക്ക് പോകണം എന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനം. മുൻകാലങ്ങളിൽ നമ്മുടെ വ്യവസായവത്ക്കരണത്തിന്റെ അടിസ്ഥാനം എന്നുപറയുന്നത് ഭൂമി, മൂലധനം, ലേബർ എന്നീ മൂന്ന് ഘടകങ്ങളായിരുന്നു. ഇന്ന് അതോടൊപ്പം തന്നെ സാങ്കേതിവിദ്യയുടെ പ്രാധാന്യം, പുത്തനാശയരൂപീകരണത്തിന്റെ പ്രധാന്യം എന്നിവ കൂടി പ്രധാനഘടകമായി തീർന്നിരിക്കുന്നു. പുത്തനാശയ രൂപീകരണം കൈകാര്യം ചെയ്യുന്ന ചെറിയ ചെറിയ സ്റ്റാർട്ടപ്പുകൾ അടക്കമുളള സങ്കേതങ്ങളാണ് പലതരത്തിലുളള സാങ്കേതികവിദ്യയിലുളള മുന്നേറ്റങ്ങളുടെ പ്രധാന ചാലകശക്തിയായി മാറുന്നത്.
നോളജ്മിഷനിൽ സ്ത്രീകൾക്കായി പ്രത്യേക പരാമർശമുണ്ടല്ലോ?
അതെ, കേരളത്തിലെ ഏകദേശം രണ്ടുലക്ഷം സ്ത്രീകളെങ്കിലും ഇടയ്ക്കുവച്ച് ജോലിഉപേക്ഷിച്ച് വീട്ടുകാര്യങ്ങൾ നോക്കി ജീവിക്കുന്നു. അവരെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരണം എന്നതും നോളജ് മിഷന്റെ ലക്ഷ്യമാണ്. കാരണം കേരളത്തെ സംബന്ധിച്ച് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം പ്രധാനമാണ്.
അഭ്യസ്തവിദ്യർക്കിടയിലെ തൊഴിലില്ലായ്മയ്ക്ക് നോളജ് മിഷൻ പരിഹാരമാണോ?
തീർച്ചയായും. അഭ്യസ്തവിദ്യർക്കിടയിലെ തൊഴിലില്ലായ്മ വളരെ രൂക്ഷമായ സംസ്ഥാനമാണ് നമ്മുടേത്. അതിന് പരിഹാരം കാണണമെങ്കിൽ വിജ്ഞാനപ്രധാനമായ മേഖലകളിൽ പുതിയ സ്‌കില്ലിംഗ് നടക്കണം. അതിന്റെ ഭാഗമായി പുതിയ സംരംഭങ്ങളുണ്ടാവണം.  സമസ്തമേഖലയിലെ വികസനപ്രവർത്തനങ്ങളിലും ഈ വിജ്ഞാനത്തിന്റെ സ്വാധീനം നമുക്ക് സൃഷ്ടിക്കാനാകണം. ആദ്യഘട്ടമെന്ന നിലയിൽ നോളജ് മിഷൻ 20 ലക്ഷം പേർക്ക് തൊഴിൽ എന്ന ആശയം മുന്നോട്ടുവച്ചു. അത് സാധ്യമാകണമെങ്കിൽ 50 ലക്ഷം തൊഴിലുകളെങ്കിലും സൃഷ്ടിക്കപ്പെടണം. അതായത് ഒരു പുതിയ ശേഷി പഠിച്ചാൽ ജോലി കിട്ടും എന്ന ഉറപ്പുവേണം. അതിന് പറ്റുന്ന ഒരു സംവിധാനമുണ്ടായാൽ മാത്രമേ കുട്ടികൾ പുതിയ നൈപുണ്യമാർജ്ജിക്കാൻ തയ്യാറാവൂ. അങ്ങനെ വിദ്യാർത്ഥികൾക്ക് അവർ ചെയ്യുന്ന കോഴ്‌സുകൾക്കൊപ്പം നൈപുണ്യവികസനവും സാധ്യമാക്കി തൊഴിൽ നേടിയെടുക്കുന്നതിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ്  ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം കൊണ്ടുവന്നത്. ഇതുവരെ 3000 പേർക്ക് ജോലി നേടിക്കൊടുത്തു. 13,000 പേർക്ക് ഓഫർ ലെറ്ററും കൊടുക്കാനായി.
കാലോചിതമായ മാറ്റങ്ങളിലൂടെ വികസനം
പുതിയകാലത്ത് നോളജ് മിഷന്റെ വിഷൻ?

ഇന്ന് ലോകത്തുടനീളം കാണുന്ന ഒരു പ്രധാനപ്പെട്ട പ്രതിഭാസമെന്നു പറയുന്നത് എന്റർപ്രൈസുകൾ ഷ്രിങ്ക് ചെയ്യുകയാണ്. പല ജോലികളും ഫ്രീലാൻസ് ജോലികളായി മാറുന്നു. അപ്പോൾ അത്തരത്തിലുളള ജോലികളുടെ സാധ്യത കൂടി കണ്ടെങ്കിലേ നമുക്ക് ഈ പരമ്പരാഗത രീതിയിൽ നിന്ന് മാറി പുത്തൻ തൊഴിൽ സങ്കേതങ്ങളിലേക്ക് മാറാനാവൂ. അതുപോലെ ഒരു വലിയ നഗരത്തിൽ ഉത്പാദനം നടക്കുക എന്ന സ്ഥിതിവിട്ട് അത് ചെറുനഗരങ്ങളിലേക്ക് മാറിയിരിക്കുന്നു. മാത്രമല്ല ഉത്പാദനം ഒരു ശൃംഖലയിൽ നടക്കുക എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. ഡിജിറ്റലായി കൈകാര്യം ചെയ്യാവുന്ന വിധത്തിലേക്ക് ഉത്പാദനപ്രവർത്തനവും മാറിയിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ തൊഴിലിടത്തിലെ ഉത്പാദനപ്രവർത്തനവും മാറുന്നു. ഈ മാറ്റം കൊണ്ടുവരാനാണ് നോളജ് ഇക്കോണമി മിഷൻ ശ്രമിക്കുന്നത്.  

Post your comments