Global block

bissplus@gmail.com

Global Menu

സാക്ഷരതാ യജ്ഞം ജനകീയാസൂത്രണം കുടുംബശ്രീ... കേരളത്തിന് അഭിമാനമാകാൻ കെ-ഡിസ്‌കും

ലോകം കേരളത്തിൽ നിന്ന് അത്ഭുതാദരങ്ങളോടെ പഠിച്ചെടുത്ത....ഇന്നും പഠിച്ചെടുക്കാൻ ശ്രമിക്കുന്ന വിപ്ലവങ്ങളാണ് സാക്ഷരാതമിഷനും,ജനകീയാസൂത്രണവും കുടുംബശ്രീയും. അതുപോലെ വരുംകാലത്ത് കേരളത്തിന്റെ അഭിമാനമാകും എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്തു നടപ്പിലാക്കിയ കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജി കൗൺസില(കെ-ഡിസ്‌ക്)ും അതിന്റെ പ്രവർത്തനങ്ങളും. വരുംകാലത്ത് ലോകത്തിന് മുന്നിൽ മറ്റൊരു കേരള വിജയഗാഥയാകും കെ-ഡിസ്‌ക്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ കിഫ്ബിയാണ് ആധിപത്യം പുലർത്തിയിരുന്നത്. എന്നാൽ, രണ്ടാം പിണറായി വിജയൻ സർക്കാരിൽ കിഫ്ബിക്ക് തുല്യമായോ അല്ലെങ്കിൽ കിഫ്ബിയെക്കാൾ പ്രാധാന്യത്തോടെയോ ഉയർന്നുവരാൻ സാധ്യതയുളള സ്ഥാപനമാണ് കെ-ഡിസ്‌ക്. സംസ്ഥാനത്തിന്റെ നൈപുണ്യ വികസന പരിപാടികൾ ഏകോപിപ്പിക്കുന്നതിലും തൊഴിലവസര സൃഷ്ടിയിലും പ്രധാന പങ്ക് ഈ സ്ഥാപനത്തിനാകുമെന്നതിൽ സംശയമില്ല തന്നെ.
തൊഴിലവസരങ്ങളുടെ ഖജനാവ്
2026നകം 20 ലക്ഷം പേർക്ക് തൊഴിൽ
അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന് വിവിധ സർക്കാർ ഏജൻസികളെ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല സർക്കാർ നൽകിയിരിക്കുന്നത് കെ-ഡിസ്‌കിനാണ്.  ഈ ലക്ഷ്യത്തിലേക്കെത്തുന്നതിനായി കെ-ഡിസ്‌ക് ആവിഷിക്കരിച്ച പ്രധാനപദ്ധതിയാണ് നോളജ് ഇക്കോണമി മിഷൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായോ വീടിനു സമീപത്തെ പൊതുസ്ഥാപനങ്ങളുമായോ ബന്ധിപ്പിച്ചതും സൂക്ഷ്മതയോടെ രൂപപ്പെടുത്തിയതുമായ സാങ്കേതിക ചട്ടക്കൂട് ഉപയോഗിച്ച്  സംസ്ഥാന വിദ്യാഭ്യാസ സമ്പ്രദായത്തിൽ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിലൂടെ അടുത്ത 5 വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ വികസിപ്പിച്ചെടുക്കുക എന്നതാണ് നോളജ് ഇക്കോണമി മിഷന്റെ ലക്ഷ്യം.ഇതിന്റെ ഭാഗമായി കേരള കേരള ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) എന്ന സംവിധാനത്തിന് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ രൂപംകൊടുക്കുകയും 35 ലക്ഷത്തിലേറെ ഉദ്യോഗാർത്ഥി്കൾ ഇതിനോടകം ഇതിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കുടുംബശ്രീയുടെ ഉപമിഷനായി ഇത് പരിഗണിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.  കൂടാതെ, അഞ്ച് വർഷത്തിനുള്ളിൽ അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ ഇരുപത് ലക്ഷം പേരുടെ നൈപുണ്യ വികസനം കെ-ഡിസ്‌ക് ഏറ്റെടുക്കുകയും ചെയ്തു. അതിനോടൊപ്പം സർവകലാശാലകളിലെയും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെയും പരിവർത്തനം ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഗവൺമെന്റിനെ പ്രതിനിധീകരിച്ച് 2026നുളലിൽ 20 ലക്ഷം പേർക്ക് തൊഴിൽ എന്ന ദൗത്യം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി യോഗ്യരായ ഓരോരുത്തരുടേയും- അവർ തൊഴിലന്വേഷിക്കുന്ന യുവാക്കളാണോ, വീട്ടമ്മമാരാണോ, ജോലിയിൽ ഇടവേളവന്ന പ്രൊഫഷണലുകൾ ആണോ അല്ലെങ്കിൽ ഭിന്നശേഷിക്കാരാണോ എന്നൊന്നും നോക്കാതെ- അവർക്ക് ഇഷ്ടമുള്ള മേഖലകളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളിൽ പരിശീലനം നേടാനും അതിലൂടെ തൊഴിൽ ഉറപ്പാക്കാനും സാധിക്കുംവിധം വിദ്യാഭ്യാസം, പരിശീലനം, വൈദഗ്ദ്ധ്യം, തൊഴിൽ എന്നിവയ്ക്കായി ഒരു ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനായി കെ-ഡിസ്‌ക് പ്രവർത്തിക്കുന്നു.
 എന്താണ് ഡിജിറ്റൽ വർക്ക്്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്)
ലോകമെമ്പാടുമുള്ള വൈജ്ഞാനിക തൊഴിലുകളും അനുയോജ്യരായ തൊഴിലാളികളും നൈപുണ്യ പരിശീലന ഏജൻസികളും കൂടിച്ചേരുന്ന ഇടമാണ് ഡബ്‌ള്യുഎംഎസ്. ഇതിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് തൊഴിൽമേഖലയുടെ ആവശ്യകതയ്ക്കനുസരിച്ച് നൈപുണ്യം വർദ്ധിപ്പിച്ച് തൊഴിൽശേഷി മെച്ചപ്പെടുത്താനും ജോലിസാധ്യത വർദ്ധിപ്പിക്കാനുമുള്ള പരിശീലനവും നല്കും . തൊഴിലുടമകൾ തങ്ങൾക്കു പറ്റിയ തൊഴിലന്വേഷകരെ ഇവിടെനിന്ന് കണ്ടെത്തും. അവരവരുടെ കഴിവിനും ശേഷിക്കുമനുസരിച്ച് ഇഷ്ടമുള്ളിടത്തുനിന്ന് സൗകര്യപ്രദമായ സമയത്ത് തൊഴിൽ സ്വീകരിച്ച് അതിനുള്ള പ്രതിഫലം പറ്റുന്ന ഗിഗ്, ഫ്രീലാൻസിംഗ്, വിജ്ഞാന തൊഴിലുകളിലേക്ക്  അഭ്യസ്തവിദ്യരെ എത്തിക്കാൻ ഇതിലൂടെ സാധിക്കും.
ഐടി, ഐടിസേവന മേഖലകൾക്കുമപ്പുറം ലോജിസ്റ്റിക്‌സ്, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായംതുടങ്ങി പ്രധാന മേഖലകളിലെയെല്ലാം ഇന്ത്യക്കകത്തും പുറത്തുമുള്ള തൊഴിലവസരങ്ങൾ ഈ സംവിധാനത്തിൽ ഉൾപ്പെടും. അതിലേറെയും വൈദഗ്ദ്ധ്യം ആവശ്യമുള്ള വിജ്ഞാന തൊഴിലുകളായിരിക്കും.
എന്റെ തൊഴിൽ എന്റെ അഭിമാനം                               ' പ്രചാരണപരിപാടി
സാക്ഷരതാ പ്രവർത്തനത്തിനും ജനകീയാസൂത്രണ പ്രവർത്തനത്തിനും ശേഷം കേരളം ഏറ്റെടുക്കുന്ന ജനകീയ ക്യാമ്പയിനാണ് 'എന്റെ തൊഴിൽ എന്റെ അഭിമാനം'. ഭാവി കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുകയും കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കുകയും അഭ്യസ്തവിദ്യരായ തൊഴിൽശേഷിയെ പ്രാദേശിക സർക്കാരുകളുടെ മുൻകൈയിൽ ഒരുക്കിയെടുക്കുകയും ചെയ്യുന്ന വിപ്ലവകരമായ പ്രവർത്തനത്തിനാണ് കേരള സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്.
'വിജ്ഞാനത്തിലൂടെ തൊഴിൽ, തൊഴിലിലൂടെ വരുമാനം' എന്നതാണ് സംസ്ഥാനസർക്കാർ പുതുതായി രൂപംകൊടുക്കുന്ന വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ ആപ്തവാക്യം. 2026-നകം 20ലക്ഷം അഭ്യസ്തവിദ്യർക്ക് ആഗോളതൊഴിൽമേഖലകളിൽ തൊഴിലവസരമൊരുക്കാനായി സംസ്ഥാനസർക്കാർ തൊഴിലന്വേഷകരെതേടി വീടുകളിലേക്കെത്തുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. കേരളത്തിന്റെ സാമ്പത്തികവളർച്ചയെ ഉത്തേജിപ്പിച്ച് സുസ്ഥിരവികസനം സാധ്യമാക്കാനുള്ള പുതിയ വികസനമാതൃകയാണിത്. കുടുംബശ്രീപ്രവർത്തകർ വീടുകളിലെത്തി വിവരങ്ങൾചോദിച്ചറിയുന്ന 'എന്റെതൊഴിൽ എന്റെഅഭിമാനം' ക്യാമ്പയിൻ ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. 20 വയസിൽ താഴെ, 21-30, 31-40, 41-50, 51-56, 56വയസിനുമുകളിൽ, ഐടി, ഡിപ്ലോമ, പ്ലസ്ടു, ഡിഗ്രി, പിജിതലങ്ങൾ, സ്ത്രീ, പുരുഷൻ എന്നിങ്ങനെ തരംതിരിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
18നും 59നും ഇടയിൽ പ്രായമുള്ളവർക്ക്  തൊഴിലവസരം
18നും 59നും ഇടയിൽ പ്രായമുള്ളവരാണ്  എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഗുണഭോക്താക്കൾ. അതിനായി സലൃമഹമസിീംഹലറഴലാശശൈീി.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുകയാണ് ചെയ്യേണ്ടത്.പ്ലസ് ടു,പ്രീഡിഗ്രി, ഐടിഐ, ഡിപ്ലോമ എന്നിവയോ അതിനു മുകളിലേക്കോ വിദ്യാഭ്യാസയോഗ്യതയുള്ളവരായിരിക്കണം ഉദ്യോഗാർത്ഥികൾ. രജിസ്‌ട്രേഷനു ശേഷം ഇതേ പ്ലാറ്റ്‌ഫോംവഴി നല്കുന്ന പരിശീലനങ്ങളിൽ പങ്കെടുക്കുന്നതിലൂടെ സ്വയം മെച്ചപ്പെടാനും നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും അവസരം ലഭിക്കും. കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാല, ഐസിടി അക്കാദമി കേരള, കേരള സ്റ്റാര്ട്ടപ്പ് മിഷൻ, കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ്(കേയ്‌സ്), അഡ്വാൻസ്ഡ് സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്), കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളാണ് നൈപുണ്യപരിശീലനം നല്കുന്നത്.
യുഎസ്ടിഗ്ലോബൽ, ടിസിഎസ്, ഇ ആൻഡ് വൈ തുടങ്ങിയ ബഹുരാഷ്ട്രകമ്പനികൾ, വ്യവസായസ്ഥാപനങ്ങളുടെ കൂട്ടായ്മയായ കോണ്‌ഫെഡറേഷൻ ഓഫ് ഇന്ത്യ്ൻ ഇൻഡസ്ട്രി, ഐ.ടിസ്ഥാപനങ്ങളുടെ കൂട്ടായ്മയായ ജി-ടെക്, നാസ്‌കോം, രാജ്യാന്തര റിക്രൂട്ടിംഗ് പ്ലാറ്റ്‌ഫോമുകളായ മോൺസ്റ്റർ, ഫ്രീലാൻസർ തുടങ്ങിയവയെല്ലാം ഈ പ്ലാറ്റ്‌ഫോം വഴി തൊഴിലവസരങ്ങളൊരുക്കുന്നുണ്ട്.
ഏഴുലക്ഷംപേർക്ക് തൊഴിൽ നൽകുന്നതിനായാണ് കെ-ഡിസ്‌കും സിഐഐയും കരാർ ഒപ്പിട്ടിരിക്കുന്നത്. രാജ്യത്തെ വ്യവസായസ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ സിഐഐ ഡിഡബ്ള്യുഎംഎസിൽ രജിസ്റ്റർചെയ്യും. ഇതേവിധത്തിലാണ് മറ്റു കമ്പനികളും തൊഴിലന്വേഷകരെ കണ്ടെത്തുന്നത്. മോണ്സ്റ്ററിന്റേയും ഫ്രീലാൻസറിന്റേയും വെബ്‌സൈറ്റുകളിൽ വരുന്ന തൊഴിലവസരങ്ങൾ അതതുസമയത്തുതന്നെ ഡിജിറ്റൽ വർക്ക്‌ഫോിഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലും ഉൾപ്പെടുത്താനുള്ള ചർച്ചകളും പുരോഗമിക്കുന്നു. ഈ തൊഴിൽദാതാക്കൾ ഡിഡബ്‌ള്യുഎംഎസ് വഴി നേരിട്ടെത്തി തൊഴിലന്വേഷകരെ ഇന്റർവ്യു ചെയ്ത് തങ്ങൾക്കാവശ്യമുള്ളവരെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.  
എന്തുകൊണ്ട് കെ-ഡിസ്‌ക്?
അഭ്യസ്തവിദ്യരായ എന്നാൽ തൊഴിൽദാതാക്കൾക്ക് വേണ്ടത്ര മികവില്ലാത്തവർ ഏറെയുളള സംസ്ഥാനമാണ് കേരളം.  
2019ലെ ഇക്കണോമിക് റിവ്യൂവിന്റെ കണക്കുകൾ പ്രകാരം തൊഴിൽരഹിതരായ 45 ലക്ഷംപേരാണ് കേരളത്തിലുള്ളത്.ഇതിൽ22 ലക്ഷംപേരുംപ്ലസ്ടുവിന് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. 2020 മാർച്ച്  31ലെ കണക്ക് പ്രകാരം 34.24ലക്ഷം പേർഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നുണ്ട്. യോഗ്യതകൾക്കനുസരിച്ചുള്ള ജോലി ലഭിക്കാത്തവരും (അണ്ടർഎംപ്ലോയ്‌മെന്റ്) ജോലി നഷ്ടപ്പെട്ടവരുംകോവിഡ് മഹാമാരിയുടെ ഭാഗമായി മടങ്ങിവന്ന പ്രവാസികളും വിവിധ പ്രൊഫഷണൽ കോഴ്‌സ് പാസായി ജോലിക്ക് പോകാതെ ഇരിക്കുന്ന വീട്ടമ്മമാരുമൊക്കെയാണ് ഇന്ന് കേരളത്തിലെ തൊഴിൽസേനയുടെ ഭാഗമായുള്ളത്. എല്ലാവരും ലക്ഷ്യമിടുന്നത് സർക്കാർ ജോലിയാണ്. എന്നാൽ വരുന്ന നാലു വർഷംകൊണ്ട് സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിൽ പരമാവധി സൃഷ്ടിക്കാനാകുക കേവലം രണ്ടുലക്ഷം  തൊഴിലവസരങ്ങളാണ്. തൊഴിലന്വേഷകരിൽ നല്ലൊരു പങ്കും മറ്റ് മെച്ചപ്പെട്ട ജോലികളിലേക്ക് തിരിയേണ്ടിവരുമെന്നർത്ഥം.
ഇവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുഭവസമ്പത്തിനും അനുയോജ്യമായതും ഇന്നത്തെ ലോകതൊഴിൽമേഖലയിൽവന്ന മാറ്റങ്ങൾക്കും കോവിഡാനന്തര സമ്പദ് വ്യവസ്ഥയുടെ പുതിയ സാഹചര്യങ്ങൾക്കും അനുസൃതമായതുമായ സംരംഭങ്ങളിലും മേഖലകളിലും എത്തിപ്പെടാനുള്ള സാധ്യത ഒരുക്കുകയാണ് നോളജ് എക്കണോമി മിഷൻ  ചെയ്യുക.
ലോകത്തിന്റെ സാമ്പത്തികസ്ഥിതിയെ ഇന്ന് നിയന്ത്രിക്കുന്നത് വിജ്ഞാന വ്യവസായങ്ങളും വ്യാവസായികലോക സാമ്പത്തിക സ്ഥാപനങ്ങളുമാണ്. ലോകത്ത് പല പരമ്പരാഗത ജോലികളും ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. 85 മില്യൺ ജോലികൾ പുതിയ 97 മില്യൺ ജോലികൾക്കായി വഴിമാറിക്കൊടുക്കുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്. പുതിയതരം തൊഴിൽരീതികളും ഉണ്ടായിവരുന്നു. ജോലികൾ ഡിജിറ്റൈസ് ചെയ്യുന്നതും ഫ്രീലാൻസർമാരുടെ ആവിർഭാവവും പ്രധാന ഘടകങ്ങളാണ്.
സംസ്ഥാനത്തിന്റെ വിജ്ഞാന വിഭവശേഷിയെ പുറത്തേക്ക് വിടാതെ സംസ്ഥാനത്തിന്റെതന്നെ വികസനത്തിന് ഉപയോഗിക്കുന്നതിനെപ്പറ്റിയാണ് ഇന്ന് കേരളം ചിന്തിക്കുന്നത്. വീടിനു പുറത്തുപോകാതെതന്നെ വിജ്ഞാനാധിഷ്ഠിത ജോലികളുടെ നല്ലൊരു പങ്കും ചെയ്തുതീർക്കാനാകുമെന്ന തിരിച്ചറിവ് കൊവിഡിന്റെ സംഭാവനയാണ്.  ആവശ്യത്തിന് മത്സരശഷിയുള്ള കേരളത്തിലെ പ്രതിഭകൾക്ക്  ഡിജിറ്റൽ ഇടങ്ങൾ ഉപയോഗിച്ച് ഇവിടിരുന്നു ചെയ്തുകൊടുക്കാവുന്ന പുതിയ ജോലിസാധ്യതകൾ ലോകത്തെവിടെനിന്നും കണ്ടെത്താനും തുടങ്ങാനുമാകും. അത് ഐ.ടി. ജോലികൾ മാത്രമാകണമെന്നില്ല. ധനകാര്യ സേവനങ്ങളോ, ലോജിസ്റ്റിക്‌സ്, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, നിയമം, ചെറുകിട വ്യാപാരം, ഉല്പാ്ദനം, കൃഷി തുടങ്ങിയ മേഖലകളിലോ ഒക്കെയാകാം.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഗണ്യമായ തോതിൽ നൈപുണ്യ വിടവ് സംഭവിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഓരോ മേഖലയിലേക്കും ആഴത്തിൽ പോയി, ആഭ്യന്തര ആവശ്യം എത്രമാത്രമാണെന്നും വിദൂരത്തിലിരുന്ന് ചെയ്യാനാകുന്ന ജോലികൾ എത്രത്തോളം അവശേഷിക്കുന്നുണ്ടെന്നുമൊക്കെ നോക്കിയാൽ, ഒരു കോടിയോളം തൊഴിലവസരങ്ങൾ ആഭ്യന്തരമായും അന്തർദേശീയമായും ലഭ്യമാണെന്ന് മനസ്സിലാകും. അതിൽ ഒരു ചെറിയ ശതമാനം കേരളത്തിന് ഏറ്റെടുക്കാൻ കഴിയും. അതിലേക്ക് കേരളത്തിലെ അഭ്യസ്തവിദ്യരായ യുവ തലമുറയെ സജ്ജമാക്കാൻ നോളജ് എക്കോണമി മിഷനിലൂടെയും അതിന്റെ ഡിജിറ്റൽ വര്ക്ക്‌ഫോഴ്‌സ്മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെയും സാധിക്കും.
ഭാവിയിലെ ഒഴിവുകളിലേക്കും സന്നദ്ധരാക്കും
കോളജുകളിൽനിന്ന് ജയിച്ചിറങ്ങുന്നവർക്ക് തൊഴിൽക്ഷമതയുടെയും നൈപുണ്യത്തിന്റെയും പ്രശ്നങ്ങളുണ്ട്. തൊഴിൽ നൈപുണ്യം അവർ നേടിയെടുക്കുന്നത് പ്രധാനമായും തൊഴിലിടങ്ങളിൽ നിന്നാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ശക്തമായ അടിത്തറ ഒരുക്കുമ്പോഴും അതിനെ ഉടനടിയുള്ള തൊഴിൽസാധ്യതകൾക്കനുയോജ്യമായി പരുവപ്പെടുത്താൻ നമ്മുടെ കലാലയങ്ങൾക്ക് സാധിക്കുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കൃത്യമായ ഇടപെടലുകളുണ്ടെങ്കിൽ കേരളത്തിലെ കലാലയങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് വളരെവേഗം ഈ മത്സരാങ്കണത്തിലേക്ക് പ്രവേശിക്കാനാകും. അതായത് ഏതെങ്കിലും മേഖലയിൽ തൊട്ടടുത്ത ഭാവിയിൽ ഇന്ന തൊഴിലിന് ഒഴിവുകളുണ്ടാകുമെന്ന് മുൻകൂട്ടി അറിവു ലഭിച്ചാൽ അതിലേക്ക് മത്സരിക്കത്തക്ക വിധത്തിൽ കേരളത്തിലെ ക്യാംപസുകളിലെ യുവതയെ പ്രസ്തുത തൊഴിലിൽ നൈപുണ്യപരിശീലനം നല്കി തയ്യാറാക്കി നിറുത്താം. ഇതിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഐടിഐകൾ ഉൾപ്പെടെയുളള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന്  വലിയൊരു ക്യാംപെയ്‌നും നോളജ് എക്കണോമി മിഷൻ പദ്ധതിയിടുന്നുണ്ട്. ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള തൊഴിലുകളിലേക്ക് ക്യാംപസിൽ നിന്നുതന്നെ ഇവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇതിനായി ചില ഹ്രസ്വകാലകോഴ്‌സുകളിൽ വിദ്യാർത്ഥികൾക്ക്്  പരിശീലനം നല്‌കേണ്ടിവരും. അതോടൊപ്പം അഭിമുഖങ്ങളിൽ പങ്കെടുക്കാൻ ആശയവിനിമയത്തിലുൾപ്പെടെ ആവശ്യമായ പരിശീലനവും നല്കും. 'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ തുടർച്ചയായി നോളജ് എക്കണോമി മിഷൻ നടത്തുന്ന വിപുലമായ ക്യാംപെയ്‌നായിരിക്കും ക്യാംപസുകൾ കേന്ദ്രീകരിച്ചുള്ളത്.

Post your comments