Global block

bissplus@gmail.com

Global Menu

മറ്റൊരു കേരള ബദൽ നവ കേരള വിപ്ലവമാകാൻ കെ-ഡിസ്‌കിെ നോളേജ് എക്കണോമി മിഷൻ

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നിന്ന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലേക്കും മറ്റ് അധിനിവേശ ആസ്ഥാനങ്ങളിലേക്കും ഇന്ത്യയുടെ സമ്പത്തും കൂലിതൊഴിലാളികളും മാത്രമല്ല കടത്തപ്പെട്ടത്, ഇന്ത്യയുടെ ബൗദ്ധികശേഷി കൂടിയാണ്. അഭ്യസ്തവിദ്യരായ, ലോകത്തിന് മികച്ച സംഭാവനകൾ പ്രദാനം ചെയ്യാൻ കഴിയുന്ന ഇന്ത്യൻ തലച്ചോറുകൾ ഇവിടങ്ങളിലേക്ക് പറിച്ചുനടപ്പെട്ടു. ആ തിരിച്ചറിവിലാണ് ദാദാഭായ് നവറോജി ബ്രെയിൻ ഡ്രെയിൻ തിയറി മുന്നോട്ടുവച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും അത് പൂർവ്വാധികം ശക്തിയോടെ തുടരുകയാണ് എന്നതാണ് കൗതുകകരം. ഒരു ഘട്ടം വരെ രാജ്യത്തിന്റെ ശേഷി വിനിയോഗിക്കുകയും ഫലം കിട്ടാറാകുമ്പോൾ വിദേശ രാജ്യങ്ങളുടെ പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിലെ തൊഴിൽ-ജീവിതസാഹചര്യങ്ങളുടെ പ്രലോഭനങ്ങളിൽ കുടുങ്ങി നാടുവിടുകയും ചെയ്യുന്നു. ഫലമോ രാജ്യത്തിന്റെ വർഷങ്ങളുടെ പ്രയ്തനം കായ്ഫലമില്ലാത്ത തെങ്ങുപോലെ വിഫലമാകുന്നു. സമ്പൂർണ്ണസാക്ഷരത നേടിയ, ലോകം എന്നും ഉറ്റുനോക്കുന്ന വിജ്ഞാനസമൂഹമുളള കേരളത്തിന്റെയും സ്ഥിതി മറിച്ചല്ല. സർക്കാർ കോളേജിൽ മെറിറ്റിൽ പഠിച്ചകയറുന്ന മിടുക്കന്മാരും മിടുക്കികളും അത്യാവശ്യം പരിചയസമ്പത്താർജ്ജിക്കുന്ന മുറയ്ക്ക് നാടുവിടുന്നു. പരമ്പരാഗത വിദ്യാഭ്യാസം നേടി മികച്ച അക്കാദമിക് റെക്കോർഡുമായി നൈപുണ്യമില്ലാത്ത, പരിചയസമ്പത്തില്ലാത്ത മറ്റൊരു വിഭാഗം തൊഴിലില്ലായ്മ എന്ന ഗുരുതരപ്രശ്‌നത്തിന്റെ നീണ്ടക്യൂവിൽ അണിചേരുന്നു. ഇതിന്  അന്ത്യംകുറിച്ച് നാടിന്റെ ബൗദ്ധികശേഷി നാടിനുതന്നെ ഉപകാരപ്രദമാക്കുക പരമ്പരാഗത വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യവികസനം സാധ്യമാക്കുക എന്നിങ്ങനെ സുപ്രധാനമായ ലക്ഷ്യങ്ങളോടെയാണ് അമ്പരപ്പിക്കുന്ന ദീർഘവീക്ഷണത്തോടെ ഇടതുസർക്കാർ വിഭാവനം ചെയ്ത പദ്ദതിയാണ് കേരള ഡവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ-ഡിസ്‌ക്) അതിനോടനുബന്ധിച്ചുളള നോളജ് ഇക്കോണമി മിഷനും.
എന്താണ് നോളജ് ഇക്കോണമി മിഷൻ
ആഗോളമാറ്റങ്ങൾ ഉൾക്കൊണ്ട് കേരളത്തിൽ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുക, കേരളത്തിലെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നീ സുപ്രധാന ലക്ഷ്യങ്ങളോടെ എൽഡിഎഫ്  സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ അഭിമാന പദ്ധതിയാണ് നോളേജ് എക്കണോമി മിഷൻ. അഭ്യസ്തവിദ്യരിലെ തൊഴിൽരഹിതരുടെ എണ്ണത്തിൽ വളരെ മുന്നിലുളള സംസ്ഥാനമാണ് കേരളം. ദേശീയ- അന്തർദ്ദേശീയ തലത്തിൽ ധാരാളം നവലോകതൊഴിലുകൾ സൃഷ്ടിക്കപ്പെടുമ്പോഴും മികച്ച അക്കാദിക് റെക്കോർഡുളള മലയാളിയുവത തൊഴിലന്വേഷകരായി തുടരുന്നു. ഈ വൈരുദ്ധ്യത്തിന് കാരണം വിദ്യാഭ്യാസമുണ്ട് തൊഴിൽ നൈപുണ്യമില്ല എന്നതാണ്. അപ്പോൾ സംജാതമാകുന്ന നവലോകതൊഴിലുകൾ കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്  പരമാവധി ഉപയോഗപ്പെടുത്താനാകുംവിധം നൈപുണ്യ പരിശീലനം നൽകി അവരെ തൊഴിൽസജ്ജരാക്കുകയും ആഗോള തൊഴിൽ വിപണിയിൽ നിന്നുള്ള അവസരങ്ങളുമായി കൂട്ടിച്ചേർക്കുകയുമാണ് നോളജ് ഇക്കോണമി മിഷന്റെ ലക്ഷ്യം.
കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ
ആധുനിക കാലത്തെ തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കേരളത്തിലെ യുവതലമുറയെ പര്യാപ്തമാക്കുക എന്ന ദീർഘവീക്ഷണത്തോടെ കേരള സർക്കാർ രൂപീകരിച്ച തന്ത്രപ്രധാന ചിന്താകേന്ദ്രവും ഉപദേശക സമിതിയുമാണ് കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെ-ഡിസ്‌ക്). സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിനും മുന്നേറ്റത്തിനും ഉതകുന്ന നൂതനാശയങ്ങൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും നടപ്പാക്കാനും ആവശ്യമായ ഉപദേശനിർദ്ദേശങ്ങൾ കേരള സര്ക്കാരിന് നല്കുന്നതിനുള്ള തന്ത്രപ്രധാന സ്ഥാപനമാണിത്.
സമഗ്രമായ ആരോഗ്യപരിരക്ഷ, തൊഴിലധിഷ്ഠിത വൈദഗ്ധ്യം, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തൽ, ഉയർന്ന നിലവാരമുള്ള സാമൂഹിക സുരക്ഷ, ദരിദ്രവിഭാഗങ്ങൾക്ക് തുടർച്ചയായ ഭക്ഷണ- പോഷണാവശ്യങ്ങൾ ഉറപ്പാക്കൽ, ലിംഗനീതി, പദ്ധതികളുടെ ഗുണഭോക്തൃപട്ടികയിൽ പാർശ്വവത്കൃതരെ ഉൾപ്പെടുത്തൽ തുടങ്ങി പല സുപ്രധാന മേഖലകളിലും കടുത്ത സാമ്പത്തിക പരിമിതികൾമൂലമുളള രണ്ടാംതലമുറ പ്രശ്‌നങ്ങൾ സംസ്ഥാനം അഭിമുഖീകരിക്കുന്നുണ്ട്. ഇതിന് ശാശ്വതപരിഹാരം കണ്ടെത്തിയേ മതിയാകൂ. അതോടൊപ്പം സംസ്ഥാനത്ത് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുകയും വിജ്ഞാന വിപ്ലവത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും അത്യാധുനിക മേഖലകളിൽ അതിവേഗം മുന്നേറുകയും വേണം. ഈ സാഹചര്യത്തിൽ നൂതന വികസന മാതൃകകൾ ഉയർന്നുവരുന്നത് നാടിന്റെ അഭിവൃദ്ധിക്കും മത്സരക്ഷമതയ്ക്കുമുള്ള ഉപാധിയാണെന്ന് മാത്രമല്ല ജനങ്ങളുടെ  യഥാർത്ഥ ജീവിതപ്രശ്നപരിഹാരത്തിനുള്ള സമർത്ഥമായ സംവിധാനവുമാണ്.  അത്യസാധാരണമായ പുതിയ മൂല്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനമായിക്കൂടിയാണ് ഈ നവവികസന മാതൃകകളെ കാണേണ്ടത്.   അത്തരത്തിലൊരു കേരള മോഡൽ ആകുകയാണ് കെ-ഡിസ്‌ക്.
2018 മാർച്ച് 24ന് ആരംഭിച്ച കെ-ഡിസ്‌കിന്, സംസ്ഥാനത്ത് ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുമതല ലഭിച്ചു. സാങ്കേതികവിദ്യ, ഉൽപ്പന്ന- സംസ്‌കരണ നവീകരണങ്ങൾ, സാങ്കേതികവിദ്യകളുടെ സാമൂഹികരൂപീകരണം, സംസ്ഥാനത്ത് നൂതന വികസന ആശയങ്ങൾ വളർത്തുന്നതിന് ആരോഗ്യകരവും അനുകൂലവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കൽ തുടങ്ങി പുതിയ ദിശകളെ പ്രതിഫലിപ്പിക്കുന്ന നൂതനങ്ങളും തന്ത്രപരവുമായ പദ്ധതികൾ കൊണ്ടുവരികയാണ് കെ-ഡിസ്‌ക് ലക്ഷ്യമിടുന്നത്. സർക്കാർ തലത്തിൽ നൂതന വികസന ആശയങ്ങളേയും അവയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നവരേയും പാർശ്വവത്ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനെയുമൊക്കെ  പ്രോത്സാഹിപ്പിക്കുന്നതിനായി ഒട്ടേറെ മുൻനിരപരിപാടികൾ കെ-ഡിസ്‌ക് ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ചെയർപേഴ്സണായ ആറംഗ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഒരു വകുപ്പായാണ് കെ-ഡിസ്‌ക് ആദ്യം രൂപീകരിച്ചത്. നോളജ് മിഷന്റെ പുതുതായി ചുമതലപ്പെടുത്തിയ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് കെ-ഡിസ്‌കിനെ സജ്ജീകരിക്കുന്നതിനായി ശാസ്ത്രം, നൂതന വികസനാശയങ്ങൾ, സാങ്കേതികവിദ്യ എന്നിവയിൽ പ്രശസ്തരായ ആറ് പേരാണ് ആദ്യം കൗൺസിലിലുണ്ടായിരുന്നത്.
കേരളത്തെ ഒരു ഇന്നൊവേഷൻ ഹബ് ആക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനത്തിൽ കെ-ഡിസ്‌കിനുള്ള വർദ്ധിച്ച പങ്ക് കണക്കിലെടുത്ത്, കൗൺസിലിന്റെ ഘടന പൂർണ്ണമായും നവീകരിച്ചു. മുഖ്യമന്ത്രി ചെയർപേഴ്സണും ധനമന്ത്രി വൈസ് ചെയർപേഴ്സണും വ്യവസായം, ഉന്നത വിദ്യാഭ്യാസം, തൊഴിലുംനൈപുണ്യവും, കൃഷി മന്ത്രിമാർ അംഗങ്ങളുമായി 2021 മെയ് നാലിന് ഒരു സൊസൈറ്റിയായി കെ-ഡിസ്‌ക് രജിസ്റ്റർ ചെയ്തു. സംസ്ഥാനത്തെ പ്രധാന സർവകലാശാലകളിലെ വൈസ് ചാൻസലർമാരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും അടങ്ങുന്നതാണ് ഭരണസമിതി.ഡോ.കെ.എം. എബ്രഹാം, എക്സിക്യൂട്ടീവ് വൈസ് ചെയർമാനും (ഇവിസി) ഡോ. പി.വി. ഉണ്ണികൃഷ്ണൻ മെമ്പർ സെക്രട്ടറിയുമാണ് (എംഎസ്). എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ നേതൃത്വത്തിലുള്ള അഞ്ച് ഡിവിഷനുകൾ ഉൾപ്പെടുന്നതാണ് കെ-ഡിസ്‌കിന്റെ ഘടന.
പ്ലാനിംഗ് കോംപിറ്റൻസി ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സിസ്റ്റം (പിസിഐ)
സ്‌കിൽസ് എംപ്ലോയ്‌മെന്റ് ആൻഡ് എൻട്രപ്രണർഷിപ്പ് (എസ്ഇഇ)
ഇന്നൊവേഷൻ ടെക്‌നോളജീസ് (ഇ ടി)
സോഷ്യൽ എന്റർപ്രൈസസ് ആൻഡ് ഇൻക്ലൂഷൻ (എസ്‌ഐ)
മാനേജ്‌മെന്റ് സർവ്വീസസ് (എംഎസ്)
കെ-ഡിസ്‌ക് ചട്ടക്കൂടും പ്രവർത്തനങ്ങളും
ഡിസൈൻ തിങ്കിംഗ്, സജീവപഠനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ശേഷിവികസന പരിപാടികൾ, നാലാം വ്യാവസായിക വിപ്ലവത്തിന് (ഇൻഡസ്ട്രി 4.0) കേരളത്തെ സജ്ജമാക്കൽ, വികസനത്തിൽ എല്ലാവരേയും ഉൾപ്പെടുത്തൽ,  ഉപജീവന തന്ത്രങ്ങളിലൂടെ പങ്കാളിത്തവും സ്വാശ്രയത്വവും ഉറപ്പാക്കൽ എന്നിവയെ അടിസ്ഥാനമാക്കി പരിപാടികളുടെ ഒരു ചട്ടക്കൂട് കെ-ഡിസ്‌ക് രൂപപ്പെടുത്തിയിട്ടുണ്ട്. ആ ചട്ടക്കൂടിനുളളിൽ നിന്നുകൊണ്ടുതന്നെ സർക്കാരിന്റെ നൂതന വികസനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നൂതനാശയങ്ങളുള്ള യുവാക്കളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും  പാർശ്വവത്ക്കരിക്കപ്പെട്ടവരെ സാമൂഹികമായി ഒപ്പംനിർത്താനും പാരിസ്ഥിതിക പ്രാധാന്യമുള്ള നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കാനുമൊക്കെയുളള പ്രവർത്തനങ്ങളും കെ-ഡിസ്‌ക് ഏറ്റെടുത്തിട്ടുണ്ട്. ചുരുങ്ങിയ കാലയളവിനുളളിൽ തന്നെ  ഇവയിൽ പലതിലും ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനും കഴിഞ്ഞുവെന്നത് എടുത്തുപറയേണ്ടതുണ്ട്. ഈ പ്രവർത്തനങ്ങൾ കണക്കിലെടുത്ത്, കേരളത്തെ ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കാനുള്ള ചുമതല കേരള സർക്കാർ 2021-22 ബജറ്റിലൂടെ കെ-ഡിസ്‌കിനെ  ഏല്പി്ച്ചു. അതുപ്രകാരമുളള പ്രധാന ചുമതലകൾ ചുവടെ:
വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ സ്ത്രീകൾക്കും വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവർക്കും തൊഴിൽ നൽകുന്നതിന് ഒരു ബൃഹത്തായ നൈപുണ്യ പരിപാടി ഏറ്റെടുക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവയിൽ നൂതന വികസന ആശയ പരിപാടി സംഘടിപ്പിക്കുക.
അടിസ്ഥാന സൗകര്യങ്ങളും മാനവശേഷിയുടെ ഗുണനിലവാരവും മെച്ചപ്പെടുത്തിയും അത്യാധുനിക മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിച്ചുകൊണ്ടും ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമൂലമായ പരിവർത്തനം ഏറ്റെടുക്കുക
കൃഷിയിലും അനുബന്ധ മേഖലകളിലും, ലോജിസ്റ്റിക്‌സ്, അടിസ്ഥാന സൗകര്യങ്ങൾ, സേവന മേഖല എന്നിവയിലും കേരള സമ്പദ്വ്യവസ്ഥയുടെ ഡിജിറ്റൽ പരിവർത്തനത്തിന് ഉത്തരവാദിത്തപൂർവ്വവും എല്ലാവരേയും ഉൾക്കൊള്ളുന്നതും പരിസ്ഥിതി സൗഹൃദവുമായ പരിപാടികൾ ആരംഭിക്കുക.
വികസനരംഗത്തെ വെല്ലുവിളികളെ നേരിടുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും മത്സരക്ഷമതയ്ക്കും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും തുല്യവും സമഗ്രവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്ര സാങ്കേതിക വിദ്യയുടെ യുക്തിസഹമായ പ്രയോഗത്തിലൂടെ സംസ്ഥാനത്ത് നവീകരണം പ്രോത്സാഹിപ്പിക്കുക.
പരീക്ഷണങ്ങളേയും വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനേയും സർഗ്ഗാത്മകതയേയും പ്രോത്സാഹിപ്പിക്കുന്നതിന് പിന്തുണയേകുംവിധം നൂതന വികസനാശയങ്ങൾക്ക്  സംസ്ഥാനത്തുടനീളം ആവാസവ്യവസ്ഥ സൃഷ്ടിക്കുക.
നൂതനാശയ വികസനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഭൗതികവും മാനുഷികവും വിജ്ഞാന മൂലധനത്തിലുമുള്ള തടസ്സങ്ങൾ ഇല്ലാതാക്കുന്നതിനുമായി വിജ്ഞാന സമ്പദ്വ്യവസ്ഥയിലെ യുവാക്കളുടെ നൈപുണ്യവും പെരുമാറ്റരീതികളും മനോഭാവവും ശക്തിപ്പെടുത്തുക.
അധ്യാപന സ്ഥാപനങ്ങൾ, സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾ, ഗവേഷണ വികസന സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ എന്നിങ്ങനെ വ്യത്യസ്തവും വൈവിധ്യമാർന്നതുമായ സ്ഥാപനതലങ്ങളിലെ നൂതനവികസന പ്രക്രിയകളെ പിന്തുണച്ച് നൂതനാശയ വികസന മനോഭാവവും പ്രതിഭയും, പ്രത്യേകിച്ച് യുവ പ്രതിഭകളിൽ, മെച്ചപ്പെടുത്തുക.
സർവ്വകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് നാലാം വ്യാവസായിക വിപ്ലവ സാങ്കേതികവിദ്യകൾ സംസ്ഥാനത്ത് ഗൗരവകരമായി വികസിപ്പിക്കുന്നതിനുള്ള കഴിവുകൾ ശക്തിപ്പെടുത്താൻ തന്ത്രങ്ങൾ വികസിപ്പിക്കുകയും കേരള സ്റ്റാർട്ട് അപ്പ് മിഷനും ഇന്നൊവേഷൻ കളക്റ്റീവുകളുമായി ചേർ്ന്ന്  സ്റ്റാർട്ടപ്പുകളുടെ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
10 വിജ്ഞാന സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും സർവകലാശാലകളുമായും മറ്റ് സ്ഥാപനങ്ങളുമായും ചേർന്ന്  വിവിധ മേഖലകളിൽ ഡിജിറ്റൽ പരിവർത്തനത്തിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും സർക്കാരിന് പിന്തുണ നൽകുക.
ഗവേഷണ വികസന കേന്ദ്രങ്ങളിൽ നിന്ന് സ്റ്റാർട്ടപ്പുകളിലേക്കും ഇന്നൊവേഷൻ കളക്റ്റീവുകളിലേക്കും ഗവേഷണം ട്രാൻസ്‌ലേറ്റ് ചെയ്യുന്നതിന് സർവകലാശാലകളുമായി ചേർന്ന്  സംസ്ഥാനത്ത് ട്രാൻസ്‌ലേഷൻ എൻജിനീയറിംഗിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുക.
അടിസ്ഥാനതലങ്ങളേയും ഗ്രാമീണ നൂതന വികസനാശയങ്ങളേയും പ്രോത്സാഹിപ്പിക്കുകയും അവയെ നൂതനാശയ വികസന പരിതസ്ഥിതിയുമായി ബന്ധിപ്പിക്കുകയും ചെയ്യുക.

 

Post your comments