Global block

bissplus@gmail.com

Global Menu

കെ-ഡിസ്‌കിന്റെ ലക്ഷ്യം നവലോകഅവസരങ്ങൾക്കു യോജിച്ച തൊഴിൽശക്തി: മുഖ്യമന്ത്രി

ആധുനിക കാലത്തെ തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കേരളത്തിലെ യുവതലമുറയെ പര്യാപ്തമാക്കേണ്ടത് അനിവാര്യമാണെന്നും. ആ ലക്ഷ്യം മുൻനിർത്തിയാണ് കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിനു (കെ-ഡിസ്‌ക്) സംസ്ഥാന സർക്കാർ രൂപം നൽകിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഉണ്ടാകുന്ന പുരോഗതിയ്ക്കനുസൃതമായി തൊഴിൽ മേഖലയിലുണ്ടാകുന്ന മാറ്റങ്ങളും പുതിയ തൊഴിൽ അവസരങ്ങളും ഉപയോഗിക്കാൻ സാധ്യമാകുന്ന തൊഴിൽശക്തി ഉത്പാദിപ്പിക്കുന്നതിനായി നിരവധി പദ്ധതികളാണ് കെ-ഡിസ്‌കിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും അക്കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നോളജ് ഇക്കോണമി മിഷൻ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ഈ വിപ്ലവാത്മക ചുവടുവയ്പിനെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ......
തൊഴിൽരഹിതരില്ലാത്ത കേരളത്തിനായ്
 തൊഴിലില്ലായ്മ നേരിടുക എന്നതാണ് നോളജ് ഇക്കോണമി മിഷന്റെ പ്രാഥമികമായ ചുമതലകളിലൊന്ന്. ഏകദേശം 20 ലക്ഷം ആളുകൾക്ക് വരുന്ന അഞ്ചുവർഷം കൊണ്ട് തൊഴിൽ നൽകുക എന്ന ലക്ഷ്യമാണ് ഏറ്റെടുത്തിരിക്കുന്നത്. അതിനായി കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ തൊഴിലധിഷ്ഠിതമാക്കേണ്ടതും നൈപുണ്യവികസനത്തിന് ഊന്നൽ നൽകേണ്ടതും അനിവാര്യമാണ്. അതിനു വേണ്ടി ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ അഴിച്ചുപണിക്കുള്ള പദ്ധതികൾ ഒരുങ്ങുകയാണ്. അതോടൊപ്പം വിദ്യാഭ്യാസരംഗത്തെ വ്യാവസായിക രംഗവുമായി ബന്ധിപ്പിക്കുവാനുള്ള ശ്രമങ്ങളും മുന്നേറുകയാണ്.
ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പ്ലാറ്റ്‌ഫോമാണ് നോളജ് ഇക്കോണമി മിഷൻ ആവിഷ്‌കരിച്ച ഒരു പ്രധാന പദ്ധതി. സാങ്കേതികരംഗത്തടക്കം നൈപുണ്യം ഉണ്ടായിട്ടുകൂടി തൊഴിൽ ലഭിക്കാത്ത ഒരു സാഹചര്യം കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ 16 ലക്ഷം അഭ്യസ്തവിദ്യരായ ചെറുപ്പക്കാരാണ് എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരുടെ സേവനം സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിൽ ഉപയോഗപ്പെടുത്തുന്നതിനായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിൽ രജിസ്റ്റർ ചെയ്യുന്ന യുവാക്കൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും നൈപുണ്യത്തിനും അനുസരിച്ചുള്ള ജോലി ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്. തൊഴിൽ ദാതാക്കളും ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാകുന്നതോടുകൂടി കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം
 കെ-ഡിസ്‌ക് അത്യധികം ഉൽക്കർഷേച്ഛയോടെ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണ്  യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം. ഇന്ത്യയിൽ തന്നെ മറ്റൊരിടത്തുമില്ലാത്ത ഈ പദ്ധതി അമേരിക്കയിലെ നാഷണൽ സയൻസ് ഫൗണ്ടേഷൻ നോബൽ ജേതാക്കളെ സൃഷ്ടിക്കാൻ വേണ്ടി രൂപപ്പെടുത്തിയ മാതൃകയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇളം തലമുറയിലെ പ്രതിഭാധനരെ കണ്ടെത്താനും അവർക്കാവശ്യമായ സൗകര്യങ്ങളും അവസരങ്ങളും നൽകി വളർത്തിയെടുക്കാനും ലക്ഷ്യമിടുന്ന യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം ഭാവിയിലേയ്ക്കുള്ള നിക്ഷേപമാണ്.
ഹൈസ്‌കൂൾ മുതൽ ഗവേഷണ തലം വരെയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ വികസിപ്പിക്കാനും അവ പ്രാവർത്തികമാക്കുവാനും ആവശ്യമായ സാങ്കേതികവും  സാമ്പത്തികവുമായ സഹായങ്ങൾ ഈ പരിപാടിയിലൂടെ കെ-ഡിസ്‌ക് നൽകും. യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് 'വോയിസ് ഓഫ് കസ്റ്റമർ (ഢീഇ)' എന്ന ഒരു ടൂൾ കിറ്റിലൂടെ ഓൺലൈൻ പരിശീലനം നൽകി വരുന്നു. ഉപയോക്താവിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായി പ്രശ്നപരിഹാരം കണ്ടെത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ടൂൾ കിറ്റാണിത്. ഇതു കൂടാതെ ആശയം മെച്ചപ്പെടുത്തുന്നതിനായി വിദ്യാർത്ഥി സംഘങ്ങൾക്ക് അവർ തിരഞ്ഞെടുത്തിരിക്കുന്ന പ്രശ്നമേഖലയിലെ പ്രഗത്ഭരുടെ സഹായം, വിപണി വികസനം ആസൂത്രണം ചെയ്യാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശം, പുത്തൻ സാങ്കേതിക വിദ്യകളിലുള്ള സഹായം, ബൗദ്ധിക സ്വത്തവകാശ സഹായം, പ്രോട്ടോടൈപ്പ് മാതൃക വികസന സഹായം എന്നിവയും വിവിധ ഘട്ടങ്ങളിലായി നൽകും.
2018 ൽ ആരംഭിച്ച യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ ആദ്യ ഘട്ടം 2021-ൽ പൂർത്തിയായി. മൂന്നു വർഷത്തേക്ക് ആയിരുന്നു അതിൽ പങ്കെടുത്തവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയത്. നിരവധി നൂതനമായ ആശയങ്ങളാണ് ഈ കാലഘട്ടത്തിൽ യുവാക്കളുടെ ഇടയിൽ നിന്നും ഉയർന്നുവന്നത്. അത്തരം ആശയങ്ങൾ അവതരിപ്പിച്ചവരെ സാങ്കേതിക സർവകലാശാല അടക്കമുള്ള വിവിധ സർവകലാശാലകളുമായി ബന്ധിപ്പിക്കാനും ആശയം കൂടുതൽ ബൃഹത്തായ രീതിയിൽ വികസിപ്പിക്കാനും ഈ കാലഘട്ടത്തിൽ കഴിഞ്ഞിട്ടുണ്ട്. തുടർന്ന് 2021-ൽ നാലാമത്തെ യങ്ങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം സംഘടിപ്പിക്കയുണ്ടായി.
കേരളത്തിന്റെ പൊതുവായ വികസനം മുൻനിർത്തി തിരഞ്ഞെടുത്തിട്ടുള്ള 20 മേഖലകളിലെ പ്രായോഗിക ജീവൽ പ്രശ്നങ്ങളുടെ പരിഹാരത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് 2021-ലെ പ്രോഗ്രാം നടപ്പാക്കിയത്. വിവിധ വിഷയങ്ങളിൽ 9400 ആശയങ്ങള് 13-നും 37-നും ഇടയിൽ പ്രായമുള്ള ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾ സമർപ്പിച്ചിട്ടുണ്ട്. ഇവയുടെ പരിശോധനയും തുടർനടപടികളും നടന്നുവരുന്നു. പ്രോഗ്രാമിന്റെ ആദ്യ പതിപ്പിൽ തെരഞ്ഞെടുക്കപ്പെട്ട 17 പേരുടെ നൂതനാശയങ്ങൾ സമീപഭാവിയിൽ വിപണിയിൽ സാധ്യതയുള്ള ഉത്പന്നങ്ങളാക്കി മാറ്റാനുതകുന്ന പ്രോട്ടോടൈപ്പുകൾ ഇതിനോടകം വികസിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.  
8 ലക്ഷം തൊഴിലുകൾ പ്രാദേശികമായി
5 വർഷംകൊണ്ട് 20 ലക്ഷം തൊഴിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ 8 ലക്ഷം തൊഴിലുകൾ പ്രാദേശികമായി കണ്ടെത്തേണ്ടവയാണ്. ഇങ്ങനെയുള്ള പ്രാദേശികാവസരങ്ങളാവട്ടെ നമ്മുടെ നാട്ടിൽ നടക്കുന്ന വിജ്ഞാന പുനരുത്പാദന പ്രവർത്തനങ്ങളിലൂടെയാണ് സൃഷ്ടിക്കപ്പെടേണ്ടത്. നമ്മുടെ മുന്നിലുള്ള ഈ വലിയ വെല്ലുവിളി വിജയകരമായി മറികടക്കാൻ കെ-ഡിസ്‌കിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾ ഊർജ്ജം പകരും.

 

Post your comments