Global block

bissplus@gmail.com

Global Menu

"സ്മാർട്ടായി ജലവിഭവ വകുപ്പ്" - റോഷി അഗസ്റ്റിൻ ജലവിഭവ വകുപ്പ് മന്ത്രി

രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ മികച്ച ഒട്ടനവധി പദ്ധതികൾ സാക്ഷാത്കരിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് ജലവിഭവ വകുപ്പ്

 

 

ചരിത്രംകുറിച്ച വിജയവുമായി തുടർഭരണത്തിന് അംഗീകാരം ലഭിച്ച പിണറായി സർക്കാരിന് ഇത് സാഫല്യത്തിന്റെ ആദ്യവർഷം. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കി തുടങ്ങിയതിന്റെ ചാരിതാർഥ്യമാണ് എനിക്കും ജലവിഭവ വകുപ്പിനുമുള്ളത്. ചുമതലയേറ്റ് ഒരു വർഷം പൂർത്തിയാക്കുമ്പോൾ അഭിമാനാർഹമായ ഒട്ടനവധി നേട്ടങ്ങളുമായി തിളങ്ങുകയാണ് രണ്ടാം പിണറായി സർക്കാർ.  പൊതുജനങ്ങൾക്ക് നേരിട്ടു ഗുണം ലഭ്യമാകുന്ന ഒരുപിടി പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു നടപ്പിലാക്കാൻ സാധിച്ചു എന്ന് നിസംശയം പറയാം. അദ്ദേഹത്തിെ വാക്കുകളിലൂടെ...
കേരളത്തിലെ ഏക ആദിവാസി പഞ്ചായത്താണ് മൂന്നാർ മേഖലയിലെ ഇടമലക്കുടി. മൂന്നാറിൽ നിന്നും 36 കിലോമീറ്റർ വടക്ക് കൊടുംവനത്തിലുള്ളിലെ ഇടമലക്കുടിയിലാകെ ദുർഘടമായ വനപാതകൾ മാത്രമുള്ള സ്ഥലം. അതും ചെങ്കുത്തായ കയറ്റവും ഇറക്കവുമുള്ളത്. മുതുവാൻ ഗോത്രവർഗക്കാരാണ് ഇവിടുത്തെ താമസക്കാർ. വനത്തിൽ അങ്ങിങ്ങ് 24 കുടികളിലായാണ് ഇവരുടെ താമസം.
ചെറുതും വലുതുമായ ജലസ്രോതസുകളാൽ സമൃദ്ധമാണ് ഇടമലക്കുടി പഞ്ചായത്തെങ്കിലും ശുദ്ധമായ കുടിവെള്ളം ജനങ്ങൾക്ക് കിട്ടുന്നില്ലെന്നതാണ് യാഥാർഥ്യം. വേനൽക്കാലത്ത് ദുർഘടമായ പാതകളിലൂടെ തലച്ചുമടായി വെള്ളമെത്തിക്കുന്നതിന്റെ ബുദ്ധിമുട്ട് ചിന്തിക്കാവുന്നതിനും അപ്പുറം. ഈ വഴികളിലെല്ലാം വന്യമൃഗങ്ങളുടെ ആക്രമണങ്ങളും ഭയക്കണം.
കാട്ടിനുള്ളിലെ ഈ ആദിവാസി സമൂഹത്തിന് എന്നെങ്കിലും പൈപ്പ് വഴി വെള്ളം നൽകാനാകുമെന്നു ചിന്തിക്കാൻ പോലും കഴിയാത്ത സ്ഥിതിവിശേഷമുണ്ടായിരുന്നു. ഈ അവസ്ഥ മാറുകയാണ്.  കൊടുംവനത്തിലുള്ളിൽ താമസിക്കുന്ന ഈ അരികുജീവിതങ്ങളും ശുദ്ധമായ കുടിവെള്ളത്തിന്റെ സൗഭാഗ്യം അനുഭവിക്കാൻ തയാറെടുക്കുന്നു. സംസ്ഥാന സർക്കാരിന്റെ ജലജീവൻ മിഷൻ എന്ന പദ്ധതി മഹത്തരമാകുന്നത് ഇവയൊക്കെ കൊണ്ടാണ്.
നിലവിൽ കുടിവെള്ള പദ്ധതികളൊന്നുമില്ലാത്ത ഇടമലക്കുടിയിൽ പദ്ധതിക്കായി സർവേ ആരംഭിച്ചുകഴിഞ്ഞു. അധികം താമസിയാതെ ജലജീവൻ മിഷൻ കുടിവെള്ളം ഇടമലക്കുടിയിലുമെത്തുമ്പോൾ ലക്ഷ്യപൂർത്തിയുടെ വലിയൊരു അധ്യായം തന്നെ ജലജീവൻ മിഷൻ പദ്ധതിനേട്ടങ്ങളുടെ താളുകളിൽ എഴുതിച്ചേർക്കപ്പെടും.
അതിതീവ്ര കടൽ ശോഷണം നേരിടുന്ന കേരളത്തിലെ 65 കിലോമീറ്ററോളം തീരപ്രദേശങ്ങളിൽ ടെട്രാപ്പോഡും മറ്റു നൂതന സംവിധാനങ്ങളും ഉപയോഗിച്ച് കടൽ ക്ഷോഭം നേരിടാനുള്ള സ്ഥിരമായ സംവിധാനം ഒരുക്കുന്നതിന് ചെല്ലാനത്ത് തുടക്കമിടാൻ കഴിഞ്ഞത് വകുപ്പിന്റെ എടുത്തു പറയത്തക്ക നേട്ടങ്ങളിലൊന്നാണ്. ഭിന്നശേഷിക്കാരായ മക്കളുള്ള കുടുംബങ്ങൾക്ക് സൗജന്യ വാട്ടർ കണക്ഷൻ നൽകാൻ സാധിച്ചത് വകുപ്പിന്റെ മാനുഷിക മുഖത്തിന്റെ ഉദാഹരണം കൂടിയായി. ഗ്രാമീണ മേഖലയിൽ മുഴുവൻ ടാപ്പു വഴി കുടിവെള്ള എത്തിക്കുന്ന പദ്ധതിയായ ജലജീവൻ മിഷനും നഗരപ്രദേശങ്ങളിലെ കുടിവെള്ള വിതരണ പദ്ധതിയായ അമൃതും കേരളത്തിലെ ജലവിതരണ ശൃംഖലകളുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്നതാണ്.
പ്രതീക്ഷയാണ് ചെല്ലാനം
മഴകനക്കുമ്പോൾ ഭീതിയാണ് തീരദേശവാസികൾക്ക്. ഓരോമഴയിലും വീടുകളിലേക്ക് കടൽവെള്ളം കയറും. അപ്പോഴെല്ലാം അവർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടും. ഇതിനെല്ലാം ശാശ്വതപരിഹാരം കണ്ടെത്തുകയാണ് സംസ്ഥാന ജലവിഭവ വകുപ്പ്. സംസ്ഥാനത്ത് ഒൻപത് ജില്ലകളിലായി 576 കിലോമീറ്റർ നീളത്തിലുളളതാണ് കടൽത്തീരം. 65 കിലോമീറ്റർ തീരത്തിന് അടിയന്തര സംരക്ഷണം ആവശ്യമാണെന്നു കണ്ടെത്തി നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.
തീരദേശ സംരക്ഷണം പദ്ധതി ആദ്യമായി നടപ്പാക്കുന്നത് എറണാകുളം ജില്ലയിലെ ചെല്ലാനത്താണ്. 344 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. അഞ്ചു വർഷത്തിനുള്ളിൽ 5300 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാനത്തെ തീരദേശ സംരക്ഷണത്തിനായി സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി അനുസരിച്ച് തീരദേശത്ത് ടെട്രാപോഡുകൾ, ജിയോട്യൂബുകൾ എന്നിവ ഉപയോഗിച്ച് പ്രതിരോധം തീർക്കും. രണ്ടു ടൺ, 3.5 ടൺ വീതം ഭാരമുള്ള ടെട്രാപോഡുകളാണ് കടൽത്തീര സംരക്ഷണ പ്രവർത്തനങ്ങൾക്കായി കരിങ്കല്ലിനൊപ്പം വിരിക്കുക. തിരയ്ക്കൊപ്പം മണൽ കടലിലേക്ക് തിരിച്ചൊഴുകുന്നത് തടയാൻ ഇവയ്ക്കു കഴിയും.
ആവശ്യമുളളയിടങ്ങളിൽ പുലിമുട്ട് നിർമ്മിക്കും. ചെല്ലാനത്ത് വേ ബ്രിഡ്ജുകളുടെ നിർമാണം തുടങ്ങിക്കഴിഞ്ഞു. ടെട്രാപോഡ്, കരിങ്കല്ല് എന്നിവ ഉപയോഗിച്ച് 10 കിലോമീറ്റർ നീളത്തിൽ കടൽഭിത്തിയും കണ്ണമാലി, ബസാർ എന്നിവിടങ്ങളിൽ പുലിമുട്ടുകളും നിർമിക്കുന്നതാണ് ചെല്ലാനം പദ്ധതി. ചെന്നൈ ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാകും പദ്ധതികൾ നടപ്പിലാക്കുക.
കടലേറ്റ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം സംസ്ഥാനത്തെ ആദ്യമത്സ്യ ഗ്രാമം പദ്ധതിയും ചെല്ലാനത്ത് നടപ്പിലാക്കും. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം കേന്ദ്രം സ്ഥാപിക്കും.
സ്നേഹമാണ് ഈ തീർത്ഥം
ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ സംസാരിച്ച പിതാവിന്റെ വേദനയാണ് അത്തരം കുട്ടികളുടെ കുടുംബത്തിന് സൗജന്യ കുടിവെള്ള കണക്ഷൻ എന്ന ആശയത്തിലേക്ക് എന്നെ എത്തിച്ചത്.  ജലവിഭവ വകുപ്പിനെ സാധാരണക്കാരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും കൂടുതൽ അടുപ്പിക്കുന്ന പദ്ധതിയാണ് 'സ്നേഹ തീർത്ഥം'.
സ്‌നേഹം പകർന്നു നൽകിയാൽ പോലും തിരിച്ചറിയാനാകാത്ത കുട്ടികളാണ് ഇവർ. അവരുടെ ചികിത്സയ്ക്കു തന്നെ ഭാരിച്ച ചെലവാണ്. പലർക്കും കുടിവെള്ള കണക്ഷൻ ഇല്ല. ഒരുപാട് ദൂരത്തു നിന്നാണ് വീട്ടിലേക്ക് കുടിവെള്ളം ചുമന്നു കൊണ്ടു വരുന്നത്. ഇതെല്ലാം അറിഞ്ഞപ്പോൾ ഈ കുട്ടികൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ നൽകാൻ തീരുമാനിക്കുകയായിരുന്നു. നിയമസഭയിൽ ജലവിഭവ വകുപ്പിന്റെ ഡിമാൻഡ് ഡേ ചർച്ചയിൽ ഇക്കാര്യം പ്രഖ്യാപിക്കുകയും അധികം വൈകാതെ നടപ്പാക്കുകയും ചെയ്തു. ജലവിഭവ വകുപ്പിലെ എഞ്ചിനിയർമാരുടെ സംഘടനയായ ഇഎഫ്‌കെഡബ്ല്യുവും റോട്ടറി ക്ലബും സഹകരിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.
മാണി സാറിൻെ ഓർമയിൽ മൈക്രോ ഇറിഗേഷൻ
നാണ്യവിളകളുടെ ഉത്പാദനം പ്രോൽസാഹിപ്പിക്കാൻ കൃഷിവകുപ്പ്, സഹകരണവകുപ്പ്, വൈദ്യുതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഊർജിത സാമൂഹിക മൈക്രോ ഇറിഗേഷൻ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതിയുടെ ഭാഗമായി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ 3.10 കോടിരൂപ ചെലവിൽ കരടിപ്പാറ പദ്ധതി പൂർത്തിയാക്കി. മൂങ്കിൽ മട വലിയേരി, നാവിതൻകുളം, കുന്നംകാട്ടുപതി, അത്തിച്ചാൽ എന്നിവിടങ്ങളിലും നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.
സംരക്ഷിക്കണം നദികളെ, അണക്കെട്ടുകളെ...
തോട്ടപ്പള്ളി ഹാർബറിൽ നിന്നും അധികമായി അടിഞ്ഞു കൂടിയ മണൽ രൂക്ഷമായ പ്രളയമാണ് കുട്ടനാട്ടിൽ സൃഷ്ടിച്ചു കൊണ്ടിരുന്നത്. ഏകദേശം രണ്ടേകാൽ ലക്ഷത്തോളം ക്യൂബിക് മീറ്റർ മണ്ണ് തീവ്രയത്നത്തിലൂടെ മാറ്റി കടലിലേക്കും തിരിച്ചും ഉള്ള നീരൊഴുക്ക് സുഗമമാക്കി. വിലയേറിയ മിനറൽസ് വേർതിരിച്ച് സർക്കാരിന് ഉപയോഗിക്കാനും സാധിക്കും.
പ്രധാനപ്പെട്ട ഡാമുകളുടെ ഡീസിൽറ്റേഷൻ ഈ വകുപ്പിന്റെ പ്രധാന ലക്ഷ്യമങ്ങളിലൊന്നാണ്. മംഗലം ഡാമിലെ ഡീസിൽറ്റേഷൻ ആരംഭിച്ചുകഴിഞ്ഞു. ചുള്ളിയാർ, മീങ്കര ഉൾപ്പെടെ ഉടൻ തുടങ്ങും. ആർസിബികളിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ഇന്ത്യയിൽ തന്നെ ആദ്യത്തെ ഡാം ഡീസിൽറ്റേഷൻ ആണ് മംഗലം ഡാമിൽ നടക്കുന്നത്.
പ്രളയത്തെ തുടർന്ന നദികളുടെ നീരൊഴുക്കും ഗതിയും മാറി കരകൾ നശിച്ചിരുന്നു. ഇതു പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ 44 നദികളുടെയും ചുമതല ഓരോ എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നൽകി. നദികളിലെ എക്കലും മറ്റു തടങ്ങളും നീക്കം ചെയ്യാനുള്ള പ്രവർത്തികൾക്ക് നേതൃത്വം നൽകി വരുന്നു. വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു നടപടി വകുപ്പ് തലത്തിൽ സ്വീകരിക്കുന്നത്.
അഭിമാനമായി ജലജീവൻ മിഷൻ
കേരളത്തിന്റെ കുടിവെള്ള വിതരണ ഭൂപടം തന്നെ മാറ്റിയെഴുതുകയാണ് ജലജീവൻ മിഷൻ. കുടിവെള്ള ടാപ്പുകൾ ആദ്യം നഗരങ്ങളിലെ വീടുകൾക്ക് എന്നതായിരുന്നു നാം ഇതുവരെ ശീലിച്ച രീതി. ഏതു തരത്തിലുള്ള വികസനമായാലും ആദ്യം നഗരത്തിൽ വന്ന ശേഷം പിന്നീട് ഗ്രാമങ്ങളിലേക്ക് എന്നതാണ് ലോകത്തു പലയിടങ്ങളിലെയും രീതി. എന്നാൽ ജലജീവൻ മിഷൻ നമ്മുടെ കാഴ്ചകളെയും ശീലങ്ങളെയുമെല്ലാം മാറ്റിയെഴുതുകയാണ്.
ഗ്രാമീണ മേഖലയ്ക്ക്  കുടിവെള്ള കാര്യത്തിൽ അർഹിച്ച നീതി ലഭിച്ചിരുന്നില്ലെന്നു തന്നെ പറയേണ്ടി വരും. പദ്ധതികളുടെയും ഫണ്ടുകളുടെയും  അപര്യാപ്തത തന്നെയായിരുന്നു ഈ വ്യത്യസ്ത നീതിക്കു കാരണമായിരുന്നത്. ഗ്രാമീണമേഖലയിൽ സ്ലോ മോഷനിൽ നീങ്ങിക്കൊണ്ടിരുന്ന ജലവിതരണ ശൃംഖലയ്ക്ക് അതിവേഗം, ബഹുദൂരം എന്ന വിശേഷണമാണിപ്പോൾ ചേരുന്നത്. ജലജീവൻ മിഷനിലൂടെ അസാധ്യമെന്നു കരുതിയതെല്ലാം സാധ്യമാകുന്നു.
സംസ്ഥാനത്ത് ജലജീവൻ മിഷൻ പദ്ധതിപ്രവർത്തനം തുടങ്ങി ഒന്നരവർഷം പിന്നിടുമ്പോൾ നൽകിയ കണക്ഷനുകളുടെ എണ്ണം 12 ലക്ഷം പിന്നിട്ടിരിക്കുന്നു. ലജീവൻ മിഷൻ ടാർഗറ്റുകൾ അനുസരിച്ചു നോക്കുമ്പോൾ കുറവാണെന്നു തത്വത്തിൽ പറയാമെങ്കിലും സംസ്ഥാനത്തെ ജലവിതരണമേഖലയിലെ പഴയകാല ചരിത്രം പരിശോധിക്കുമ്പോൾ ഇതൊരു റെക്കോർഡ് നേട്ടമാണ്.
ജലജീവൻ മിഷൻ പദ്ധതി ദേശീയ തലത്തിൽ പ്രഖ്യാപിച്ച 2019 ഓഗസ്റ്റ് 15-ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ആകെയുള്ള 70.69 ലക്ഷം ഗ്രാമീണ വീടുകളിൽ 16.64 ലക്ഷം വീടുകളിൽ മാത്രമാണ് കുടിവെള്ള കണക്ഷനുകൾ ഉണ്ടായിരുന്നത് (23.54 ശതമാനം). 01-01-2022 ലെ കണക്കനുസരിച്ച് 40.47% വീടുകൾക്ക് കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ്-പ്രളയകാല പ്രതിസന്ധികളെ അതിജീവിച്ച് സംസ്ഥാനത്ത് പദ്ധതിയിൽ ചിട്ടയായ വളർച്ചയും ഗതിവേഗവും ദൃശ്യമാകുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് ആകെ 28.61 ലക്ഷം ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷനുകൾ  ലഭ്യമായിട്ടുണ്ട്.  മിഷൻ പദ്ധതിപ്രകാരം ഇനി 42 ലക്ഷത്തോളം വീടുകൾക്കാണ് കുടിവെള്ള കണക്ഷൻ നൽകേണ്ടത്. ഇത് 2024ഓടെ കൊടുത്തുതീർക്കുകയാണ് ലക്ഷ്യം.
ജല ജീവൻ മിഷൻ പദ്ധതിയിലൂടെ പ്രതിദിന ആളോഹരി ജല ലഭ്യത 55 ലിറ്റർ എന്ന കണക്കിലാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ സംസ്ഥാനത്ത് പ്രതിദിന ആളോഹരി ജല ലഭ്യത 100 ലിറ്റർ എന്ന കണക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
നമ്മുടെ നാടിനെ ജലസമൃദ്ധമാക്കാനുള്ള അപൂർവ അവസരമാണ് ജലജീവൻ മിഷൻ നൽകുന്നത്. 100 ശതമാനം സാക്ഷരതിൽ മാതൃകയായ കേരളം 100 ശതമാനം ടാപ്പ് വഴിയുള്ള കുടിവെള്ള ലഭ്യതയിലും മാതൃകയാവണം. മാത്രമല്ല ഈ നേട്ടം സുസ്ഥിരമായി തുടരുകയും വേണം. ജലജീവൻ മിഷൻ വലിയൊരു മാറ്റത്തിലേക്കുള്ള കുതിച്ചുചാട്ടമാണ്. വെള്ളമില്ലാത്ത സങ്കടം പറയുന്ന ഒരാളും നമ്മുടെ നാട്ടിൽ ഉണ്ടായിക്കൂടാ. അതിനായി ജലജീവൻ മിഷന്റെ കൈപിടിച്ച് നമുക്ക് എല്ലാ വീടുകളിലും കുടിവെള്ള ടാപ്പുകൾ പ്രവർത്തിപ്പിക്കണം.
സ്മാർട്ടായി സർവീസുകൾ
ബിൽ പേയ്മെന്റും പുതിയ കണക്ഷനുള്ള അപേക്ഷയും ഉൾപ്പടെയുള്ള സേവനങ്ങൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി.
ഉപഭോക്താവിന് സ്വയം വാട്ടർ ബിൽ റീഡിങ് നടത്താൻ സഹായിക്കുന്ന സെൽഫ് മീറ്റർ റീഡിങ് സംവിധാനം ആരംഭിച്ചു.
ഉപഭോക്താവിന്റെ മൊബൈൽ നമ്പറിലേക്ക് എസ്എംഎസായി ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് മീറ്ററിലെ റീഡിങ് രേഖപ്പെടുത്തുന്നതിനൊപ്പം ബിൽതുകയും ഈ പദ്ധതി പ്രകാരം ഓൺലൈനായി അടയ്ക്കാം.
പുതിയ കണക്ഷൻ ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഇ-ടാപ്പ് പദ്ധതി ആരംഭിച്ചു. ഒരു ഘട്ടത്തിൽ പോലും അപേക്ഷകർ ഓഫീസിൽ എത്തേണ്ടതില്ല എന്നതാണ് പദ്ധതിയുടെ സവിശേഷത.
വിവരങ്ങൾക്ക് 1916 എന്ന ടോൾ ഫ്രീ നമ്പർ സംവിധാനം ഏർപ്പെടുത്തി.
തിരുവനന്തപുരത്തെ സ്വിവേജ് കണക്ഷൻ വർധിപ്പിക്കുന്നതിനുള്ള സർവേ നടത്തി. തുടർ നടപടികൾ ഉടൻ ആരംഭിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ 5 എംഎൽഡി കപ്പാസിറ്റിയുടെ സിവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പൂർത്തിയാക്കി.
ഗുരുവായൂരിൽ സിവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പൂർത്തിയാക്കി.
തിരുവനന്തപുരത്തിന്റെ പ്രധാന കുടിവെള്ള ശ്രോതസ്സായി അരുവിക്കര ഡാം ഡീസിൽറ്റേഷൻ ഉടൻ തുടങ്ങും.
നദികളുടെ കൈവഴികളും കരകളും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി നിരവധി ഇടങ്ങളിൽ സംരക്ഷണ ഭിത്തി അടക്കം നിർമിച്ചു.
വരട്ടാർ നദിയുടെ പുനരുജ്ജീവനുമായി ബന്ധപ്പെട്ട് ബൃഹത്തായ പദ്ധതി ആവിശഷ്‌കരിച്ചു. മണ്ണും എക്കലും നീക്കം ചെയ്തു ഒഴുക്ക് സുഗമമാക്കിയതടക്കം നിരവധി പദ്ധതികളാണ് പൂർത്തീകരിച്ചിട്ടുള്ളത്.

Post your comments