Global block

bissplus@gmail.com

Global Menu

"മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനുമായി ഈ-സമൃദ്ധ പദ്ധതി"- ജെ. ചിഞ്ചുറാണി ക്ഷീരവികസന വകുപ്പ് മന്ത്രി

പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി. ജെ ചിഞ്ചുറാണി ബിസിനസ്‌ പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ നിന്ന്....

 

ജെ. ചിഞ്ചുറാണി  ക്ഷീരവികസന വകുപ്പ് മന്ത്രി

 

പാൽ ഉൽപ്പാദന രംഗത്ത് സ്വയംപര്യാപ്തത നേടുമെന്ന് കുറെ കാലമായി പറഞ്ഞുകേൾക്കുന്നു. ഈ ഗവൺമെന്റ് എടുത്ത നടപടികൾ ?
മിൽമയുടെ മേഖല യൂണിയനുകൾ പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും, ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുവേണ്ടിയും പാലുൽപാദനത്തിൽ സുസ്ഥിരത കൈവരിക്കുന്നതിനുവേണ്ടി വിവിധ തരത്തിലുള്ള പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം സഹകരണത്താൽ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. ഇതോടൊപ്പം യൂണിയനുകൾ അവരുടെ സ്വന്തം ഫണ്ട് ഉപയോഗിച്ച് വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. ഇതുമൂലം പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ഏതാണ്ട് കഴിഞ്ഞിട്ടുണ്ട്.
മിൽമയുടെ മൂന്ന് മേഖലാ യൂണിയനുകളുടെയും ആഭ്യന്തര പാൽ സംഭരണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത് . 2020-21 കാലത്തെ അപേക്ഷിച്ച് ആഭ്യന്തര സംഭരണത്തിൽ ദിനംപ്രതി ശരാശരി 12.5% വർധനവുണ്ടായി. ഈ സാഹചര്യത്തിൽ മുൻകാലങ്ങളിൽ പാലിനായി അയൽ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന സംവിധാനത്തിൽ മാറ്റം വരുത്തുകയും സർപ്ലസ് മിൽക്ക് മാനേജ്‌മെന്റ് വഴി പാൽ അധികമുള്ള മലബാർ പ്രദേശത്തു നിന്നും പാൽ കുറവ് അനുഭവപ്പെടുന്ന തെക്കൻ കേരളത്തിലേക്ക് അയയ്ക്കുകയും ചെയ്യാൻ സാധിച്ചിട്ടുണ്ട്.
മിൽമ പാലിന് ഇനിയും വില കൂടുമോ ?
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പാലിന് സംഭരണവില നൽകുന്ന സംസ്ഥാനമാണ് കേരളം. അയൽസംസ്ഥാനങ്ങളിൽ കേരളത്തെ അപേക്ഷിച്ച് സംഭരണ വില കുറവാണ് . പാൽ ഉത്പാദനം കൂടുതൽ ആവുന്ന സമയങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ പലപ്പോഴും സംഭരണവില കുറയ്ക്കുന്ന രീതിയാണ് ഉള്ളത്. എന്നാൽ സംവരണം കൂടുതലായിരുന്നു സമയങ്ങളിൽ പോലും മിൽമ സംഭരണ വില കുറച്ചിട്ടില്ല. ഉല്പാദനച്ചെലവ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൂടുതലാണ് . കാലിത്തീറ്റയുടെ വില ഉൽപ്പാദനചെലവിനെ സ്വാധീനിക്കുന്ന മുഖ്യഘടകമാണ്. കാലിത്തീറ്റ ഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ എല്ലാം തന്നെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത് കാലിത്തീറ്റ ഉത്പാദനത്തിനുള്ള അസംസ്‌കൃതവസ്തുക്കൾ തദ്ദേശീയമായി ഉത്പാദിപ്പിച്ച് കർഷകരുടെ ഉത്പാദനച്ചെലവ് കുറച്ചു നഷ്ടം ലഘൂകരിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നുണ്ട്.
മിൽമയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വളരെ ചുരുക്കം കടകളിൽ മാത്രമേ കണ്ടു വരാറുള്ളൂ. സർക്കാരിന്റെ സപ്ലൈകോ കൺസ്യൂമർഫെഡ് സ്ഥാപനങ്ങളിൽ സ്റ്റോക്ക് കാണാറില്ല പലപ്പോഴും എന്തുകൊണ്ടാണ് ?
സപ്ലൈകോ വഴി മിൽമ ഉൽപ്പന്നങ്ങൾ വിപുലമായി വിതരണം ചെയ്തുവരുന്നുണ്ട്. അതോടൊപ്പം സപ്ലൈകോയുടെ ഓൺലൈൻ മാർക്കറ്റിംഗ് സംവിധാനമായ സപ്ലൈ കേരള ആപ്പ് വഴി മിൽമ ഉൽപ്പന്നങ്ങളും വിൽപ്പന നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് കേരളത്തിലെ പൊതുവിതരണ സംവിധാനം ആയ റേഷൻ ഷോപ്പുകൾ വഴി വിൽപ്പന നടത്തുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ഇതുസംബന്ധിച്ച് ഒരു ചർച്ച 27. 4. 2022 തീയതി ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസിൽ വച്ച് നടക്കുന്നുണ്ട്. ഇതുപോലെ കൺസ്യൂമർഫെഡ്, കെറ്റിഡിസി, കെഎസ്ആർടിസി, ദേവസ്വംബോർഡ്, കുടുംബശ്രീ തുടങ്ങിയ വകുപ്പുകൾ വഴിയും മിൽമ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
വിദേശരാജ്യങ്ങളിലെ മൃഗശാലകളിൽ Elephant Show,Sea Show തുടങ്ങിയ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന      നിരവധി പ്രോഗ്രാമുകൾ ഉണ്ട്. ഇവിടെ എന്തെങ്കിലും പദ്ധതി ഉണ്ടോ ?.
ശരിയാണ് വിദേശരാജ്യങ്ങളിലെ മൃഗശാലകളിൽ അത്തരത്തിൽ Elephant Show, Sea Show തുടങ്ങിയവ നടത്തിവരാറുണ്ട്.  പക്ഷേ കേന്ദ്ര മൃഗശാല അതോറിറ്റിയുടെ നിയമമനുസരിച്ച് ഇന്ത്യയിലെ മൃഗശാലകളിൽ ഇത്തരത്തിലുള്ള പ്രദർശനം  കർശനമായി നിരോധിച്ചിട്ടുണ്ട്.
മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ ഒരു വർഷത്തെ ഭരണ നേട്ടങ്ങൾ ?.
തെരഞ്ഞെടുപ്പ് കാലത്ത് പ്രകടനപത്രികയിലൂടെ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ സമയബന്ധിതമായും കൃത്യതയോടെയും പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മെയ്മാസം പ്രയാണം തുടങ്ങിയ ഈ സർക്കാർ ഒരു വർഷം കൊണ്ട് ഏറെ ദൂരം മുന്നോട്ട് പോയി കഴിഞ്ഞിരിക്കുന്നു. പാൽ, മുട്ട, മാംസം എന്നിവയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുവാനും സംസ്ഥാനത്ത് പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തതയിൽ എത്തിക്കുവാനുമായി നിരവധി പദ്ധതികൾ കഴിഞ്ഞ അഞ്ചു വർഷം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടർച്ച എന്ന രീതിയിൽ നൂതനങ്ങളായ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാനുള്ള തീവ്രശ്രമങ്ങൾ ആണ് വകുപ്പിന്റെ ഭാഗത്തു നിന്നും നടന്നു വരുന്നത്.
ക്ഷീരമേഖലയെ സംബന്ധിച്ച് പറയുമ്പോൾ കേരളത്തിൽ ഏകദേശം എട്ടു ലക്ഷം കുടുംബങ്ങൾ പശു വളർത്തലിൽ ഏർപ്പെട്ടിരിക്കുന്നു. ഇതിൽ 3.97 ലക്ഷം അംഗങ്ങൾ ക്ഷീരസംഘങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിലുടനീളമുള്ള 3,635 പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേന 21.17 ലക്ഷം ലിറ്റർ പാൽ ദിനംപ്രതി വകുപ്പിന്റെ നിയന്ത്രണത്തിൽ സംഭരിക്കുന്നു. നിലവിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പാലിന് ഏറ്റവും കൂടുതൽ വില നൽകുന്ന സംസ്ഥാനം നമ്മുടെ ഈ കൊച്ചുകേരളം ആണെന്ന് അഭിമാനത്തോടെ പറയാം.
സംസ്ഥാനത്ത് കന്നുകാലികളുടെ ജനിതകപപരമായ പുരോഗമനത്തിനും അതുവഴി അത്യുൽപ്പാദന ക്ഷമതയുള്ള കന്നുകാലികളെ വാർത്തെടുക്കുന്നതിനും വേണ്ടിയുള്ള നയങ്ങളും പരിപാടികളും നടപടികളും നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരളാ ലൈവ് സ്റ്റോക്ക് ഡവലപ്പ്‌മെന്റ് ബോർഡും (KLDB) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിസർച്ച് സെന്ററും (IISER) ചേർന്ന് കന്നുകാലികളുടെ ജനിതക ഗവേഷണ രംഗത്ത് സംയുക്തമായി ആരംഭിക്കുന്ന ഗവേഷണ പദ്ധതികളുടെ ധാരണാ പത്രത്തിൽ ഒപ്പു വെക്കാനായി എന്നത് ഒരു വലിയ നേട്ടമായി കരുതുന്നു.
പെരിയാറിന്റെ തീരത്തെ വനമേഖലയിൽ കണ്ടുവരുന്നതും, വംശനാശ ഭീഷണി നേരിടുന്നതുമായ നാടൻ പശുക്കളുടെ വർഗ്ഗസംരക്ഷണത്തിനായുള്ള തുടക്കം കുറിക്കാനായി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കേരള കന്നുകാലി വികസന ബോർഡ് പരിപാലന സംഘം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടമ്പുഴ കുള്ളൻ (പെരിയാർ പശു) എന്നറിയപ്പെടുന്ന ഇവയുടെ സംരക്ഷണവും വംശവർദ്ധനവും ഉറപ്പാക്കാൻ ഈ ഇനത്തിൽപ്പെട്ട രണ്ട് കാളകളെ ബീജശേഖരണതിനായി ഏറ്റെടുത്തു. വെച്ചൂർ പശുക്കൾക്ക് ശേഷം കേരളത്തിൽ നിന്നും രണ്ടാമതായി അംഗീകൃതഇനമെന്ന പദവി നേടുന്നതിനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ്.
ക്ഷീരമേഖലയിൽ വിവരസാങ്കേതിക വിദ്യയുടെ സമയോചിതമായ ഉപയോഗപ്പെടുത്തൽ ലക്ഷ്യമിട്ട് ക്ഷീരവികസനവകുപ്പ് നടപ്പാക്കുന്ന യൂണിഫൈഡ് സോഫ്റ്റ്വെയർ പദ്ധതിയാണ് ക്ഷീരശ്രീ പോർട്ടൽ.  സാമ്പത്തിക സഹായങ്ങൾക്ക് ഓൺലൈൻ അപേക്ഷ നൽകുന്നതിനും പാലിൻറെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ക്ഷീര സംഘങ്ങളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിനും ഈ വെബ് പോർട്ടൽ സഹായകരമാകും. പാൽ സംഭരണം, വിപണനം, വില നിർണയം, ക്ഷീരസംഘങ്ങളുടെ അക്കൌണ്ടിംഗ് എന്നിവയും ഇതിന്റെ  പരിധിയിൽ വരും.
മറ്റു  പ്രധാന പ്രവർത്തനങ്ങൾ
മൃഗസംരക്ഷണ ക്ഷീരവികസന മേഖലയെ ആശ്രയിച്ചു കഴിഞ്ഞുവരുന്ന കർഷകരെ ഈ മേഖലയിൽ നിലനിർത്തുന്നതിനും, കൂടുതൽ പേരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിന് നിരവധി പദ്ധതികളാണ് നടപ്പിലാക്കാൻ ഉദേശിക്കുന്നത്.
നടപ്പ് സാമ്പത്തിക വർഷം റീബിൽഡ് കേരള പദ്ധതിയ്ക്കായി 13.61 കോടി രൂപ മൃഗസംരക്ഷണവകുപ്പിന് അനുവദിച്ചിട്ടുണ്ട്. പശു വളർത്തൽ, കിടാരി വളർത്തൽ, ആടു വളർത്തൽ, കാലിത്തീറ്റ സബ്‌സിഡി, തൊഴുത്ത് നിർമ്മാണത്തിന് ധനസഹായം, ഫാം യന്ത്രവത്ക്കരണത്തിന് ധനസഹായം, തീറ്റപ്പുൽകൃഷിയ്ക്ക് സഹായം, ശാസ്ത്രീയ കന്നുകുട്ടി പരിപാലന പദ്ധതിപോലുള്ളവ നടപ്പിലാക്കിവരുന്നു. പദ്ധതി പൂർത്തീകരണഘട്ടത്തിലാണ്. 3 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം അനുവദിക്കുകയും 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ഉടൻ തന്നെ സജ്ജമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ-സമൃദ്ധ പദ്ധതി: വിവിധ പദ്ധതികളിലായി കന്നുകാലികളെ തിരിച്ചറിയുന്നതിനായി ടാഗിംഗ് ചെയ്യുന്നുണ്ട്. നിലവിൽ പ്ലാസ്റ്റിക് ടാഗുകൾ ആണ് ഉപയോഗിച്ചുവരുന്നത്. എന്നാൽ പ്ലാസ്റ്റിക് ടാഗിംഗ് ചെയ്യുന്ന ചെവിയുടെ ഭാഗത്ത് അണുബാധ, ടാഗുകൾ പെട്ടെന്ന് നഷ്ടപ്പെടുന്ന അവസ്ഥ, പ്ലാസ്റ്റിക് ടാഗിങ്ങ് ചെയ്യുമ്പോൾ ചെവിയിൽ ഉണ്ടാകുന്ന മുറിവ് എന്നിവ ഉണ്ടാകാം. ഇതിന് പരിഹാരമാണ് RFID (Radio Frequency Identification) ടാഗിംഗ്. ഈ പുതിയ സംവിധാനത്തിൽ ടാഗിംഗ് നടത്തുമ്പോൾ മേൽപ്പറഞ്ഞ പോരായ്മകൾ പരിഹരിക്കപ്പെടും. കൂടാതെ ഇതിനോടനുബന്ധിച്ച് തയ്യാറാക്കപ്പെടുന്ന സോഫ്റ്റ്വെയറിലൂടെ ഇത്തരത്തിൽ ടാഗിംഗ് ചെയ്യുന്ന ഓരോ മൃഗത്തിന്റെയും വിശദാംശങ്ങൾ അടങ്ങിയ ബൃഹത്തായ വിവരശേഖരണവും സൃഷ്ടിക്കുവാൻ കഴിയും. ആദ്യമായി ഈ പദ്ധതി പത്തനംതിട്ട ജില്ലയിൽ ആണ് നടപ്പിലാക്കുന്നത്. ഇതിനായി 7.28 കോടി രൂപ കേരള പുനർനിർമാണ പദ്ധതിയിലൂടെ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിൽ ഒരു സമഗ്രമായഡിജിറ്റൽ സംവിധാനം മൃഗസംരക്ഷണമേഖലയിൽ ഒരു സർക്കാർ വകുപ്പ് നടപ്പിലാക്കുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ പദ്ധതിയുടെ നടത്തിപ്പുചുമതല കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിക്കാണ്.
പുതിയതായി പഠിച്ചിറങ്ങിയ വെറ്ററിനറി ഡോക്ടർമാരെ മൃഗാശുപത്രികളിൽ ജൂനിയർ റസിഡന്റ് ഡോക്ടർമാരായി നിയോഗിച്ചു കൊണ്ട് പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനം കാര്യക്ഷമമാക്കുന്നതിനും, മെച്ചപ്പെട്ടതാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിലൂടെ 39 പേരെ ഇത്തരത്തിൽ നിയമിക്കുവാനും സാധിച്ചു.
സംസ്ഥാനത്ത് നിന്ന് ഒരു പ്രത്യേക പ്രതിനിധി സംഘത്തോടൊപ്പം രാജ്യതലസ്ഥാനത്ത് എത്തി (2-4, ഒക്ടോബർ 2021) കേന്ദ്ര മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തി. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി പാർഷോത്തം രൂപലാ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര തോമർ കേന്ദ്ര മൃഗസംരക്ഷണ ക്ഷീര സഹ മന്ത്രി സഞ്ജീവ് കുമാർ ബല്യാൻ, നീതി ആയോഗ് അംഗം പ്രൊ. രമേശ് ചാന്ദ് എന്നിവരെ എല്ലാം പ്രത്യേകം പ്രത്യേകം സന്ദർശിക്കുകയും കേരളത്തിലെ പാലോട് വാക്‌സിൻ ഗവേഷണ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യവികസനം മുതൽ കേരളത്തിലെ കാലിതീറ്റയുടെ വിലകുറയ്ക്കുന്നതിനായി അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതുൾപ്പടെ  വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. അനുകൂലമായ പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിച്ചത് എന്നത് വരും കാലത്തെക്കുറിച്ചുള്ള നല്ല പ്രതീക്ഷക്ക് വക നൽകുന്നതാണ്. നൂറുദിന പദ്ധതി കേരളത്തിന്റെ വളർച്ചയ്ക്കും, പുരോഗതിക്കും കരുത്തും ഗതിവേഗവും പകർന്നു എന്നതിൽ തർക്കമില്ല.
മൃഗങ്ങളെ പോറ്റിവളർത്തുന്ന കർഷകരുടെ വീട്ടുപടിക്കൽ അടിയന്തിര സന്ദർഭങ്ങളിൽ മൃഗ ചികിത്സ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ രണ്ട് മൊബൈൽ ടെലി വെറ്റിറിനറി യൂണിറ്റുകൾ എറണാകുളം, കണ്ണൂർ ജില്ലകളിലായി ഈ കാലയളവിൽ ഫ്‌ലാഗ് ഓഫ് ചെയ്തു. ചികിത്സാ രംഗത്ത് ആംബുലൻസ് സേവനം വ്യാപിപ്പിക്കുന്നതിനായി 12 ആംബുലൻസുകൾ കൂടി കേരള പുനർനിർമ്മാണ പദ്ധതിയിലൂടെ നടപ്പിൽ വരുത്തുവാൻ അനുമതി ലഭിച്ചിട്ടുണ്ട്. കുന്നംകുളത്തെ പിഗ് ബ്രീഡിംഗ് യൂണിറ്റ്, മുണ്ടയാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രം, പറശ്ശിക്കലെയും, അട്ടപ്പാടിയിലെയും, ഇരിട്ടിയിലെയും ചെക്ക് പോസ്റ്റുകൾ എന്നിവ ഈ കാലയളവിൽ ഉദ്ഘാടനം ചെയ്യപ്പെട്ടവയാണ്. ഇതിലൂടെ പത്തോളം പേർക്ക് നേരിട്ടും, മുപ്പതോളം പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ നൽകാനായി.
ക്ഷീരമേഖലയിലെ ആധുനികവൽക്കരണം ലക്ഷ്യമിട്ട് ഡയറി മാനേജ്‌മെന്റ് ഇൻഫർമേഷൻ സെന്ററിന്റെ ഉത്ഘാടനവും അതോടൊപ്പം കാലിത്തീറ്റ പദ്ധതി സബ്സിഡിയുടെ ഉദ്ഘാടനവും വലിയതുറ കിടാരി പാർക്ക് യൂണിറ്റിന്റെ തറക്കല്ലിടലും ഈ കാലയളവിനുള്ളിൽ പൂർത്തീകരിക്കപ്പെട്ടതാണ്. പത്തോളം തൊഴിലവസരങ്ങൾ ഇതുവഴി സൃഷ്ടിക്കപ്പെട്ടു.
കെപ്കോ കൊല്ലം കുരിയോട്ടുമലയിൽ ആദിവാസി പട്ടികജാതി മേഖലയിൽ നടപ്പാക്കുന്ന ഹൈടെക്ക് കോഴി വളർത്തൽ യൂണിറ്റുകളുടെ ഉദ്ഘാടനവും കൊല്ലം കോട്ടുക്കലിൽ   സ്ഥാപിക്കുന്ന മീറ്റ് പ്രോസ്സസിംഗ് പ്ലാന്റിന്റെ തറക്കല്ലിടലും സമയബന്ധിതമായി നടപ്പിലാക്കി. പ്രത്യക്ഷവും പരോക്ഷവുമായി ഏകദേശം ഇരുന്നൂറ്റിഅമ്പത്തഞ്ചോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയുണ്ടായി. കേരളഫീഡ്‌സിന്റെ സെയിൽസ് ഔട്ട് ലെറ്റുകളുടെ ഉത്ഘാടനത്തോടെ ഏകദേശം 50- ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.
മിൽമയുടെ തിരുവനന്തപുരം, മലബാർ, എറണാകുളം മേഖലകളിലായി ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതിയാണ് ബസ് ഓൺ വീൽ ഷോപ്പി. അത് പോലെ തന്നെ കൂടുതൽ മൊത്തവിതരണക്കാരെയും ചില്ലറ വിതരണക്കാരെയും തിരുവനന്തപുരം, മലബാർ മേഖലയിൽ നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 5 എക്‌സിക്യൂട്ടീവ് പ്രീമിയം മിൽമ പാർലറുകളും എറണാകുളം മേഖലയിൽ മിൽമ ഹോം ഡെലിവറി സിസ്റ്റവും BMC യൂണിറ്റുകളും മലബാർ മേഖലയിൽ മിൽമ പ്രയോറിറ്റി ഔട്ട് ലെറ്റും ആരംഭിച്ചു. മിൽമയുടെ 3 മേഖലകളിലുമായി സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങൾ 283 ആണ്.

Post your comments