Global block

bissplus@gmail.com

Global Menu

IT രംഗത്ത് ഒരു കനേഡിയൻ വീരഗാഥ

കോവിഡിനു ശേഷേം IT രംഗത്ത് ലോകമെമ്പാടും വലിയ രീതിയി ലുള്ള മുന്നേറ്റമാണ് നടക്കുന്നത്. IT മേഖലയിൽ ലോകത്തിൽതന്നെ മുൻനിരയിൽ നില്ക്കുന്ന ഇന്ത്യാമഹാരാജ്യത്ത് തൊഴിലവസരങ്ങൾക്ക് വൻ വർധനയാണ് ഈ രണ്ട് വർഷത്തിൽ ഉയർന്നുവന്നിട്ടുള്ളത്. പല മുൻനിര കമ്പനികളും ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് അനേകം IT പ്രഫഷണലുകളെ ഈ കാലയളവിൽ കമ്പിയിലേക്ക് ആകർഷിക്കുന്നുണ്ട്. പഠിച്ച് ഇറങ്ങിയവർക്ക് ഉടനെ ട്രെയ്‌നിംഗ് നല്കി കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്ത് എടുക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും പ്രതിദിന പ്രവൃത്തി സമയം പലപ്പോഴും 10-12 മണിക്കൂറിനും മുകളിൽ ആണ്. ജോലിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ ശമ്പളം താരതമ്യേന കുറവാണ് ജീവനക്കാർക്ക് ലഭിക്കുന്നത്.
ഇതിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത് IT രംഗത്ത്തന്നെ ഒരു വിപ്ലവമായി മാറുകയാണ് കാനഡ ആസ്ഥാനമായ AOT Technologies എന്ന കമ്പനി. തൊഴിലിടത്തിലെ വേറിട്ട സംസ്‌ക്കാരത്തിലും, വേതനത്തിലുമെല്ലാം ഏറെ വ്യത്യസ്തത പുലർത്തുന്ന കമ്പനിയാണ് AOT Technologies. ജീവനക്കാർക്ക് എല്ലാ രീതിയിലുള്ള ഉന്നമനവും ലക്ഷ്യം വച്ചാണ് കമ്പനി പ്രവർത്തിക്കുന്നത്.
കേരളത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കി അമേരിക്കയിലും കാനഡയിലും പലപ്രമുഖ കമ്പനികളിലും ജോലി ചെയ്ത ശേഷമാണ് AOT Technologies-ന്റെ സാരഥികളും മലയാളികളുമായ George Philip, Praveen Ramachandran എന്നീ രണ്ട് യുവാക്കൾ ഈ കമ്പനിക്ക് കാനഡയിൽ തുടക്കം കുറിച്ചത്. ഇരുവരും എഞ്ചിനീയറിംഗിന് ഒരുമിച്ചു പഠിച്ച സൗഹൃദമാണ് പിൽക്കാലത്ത് AOT എന്ന കമ്പനി ഒരുമിച്ച് തുടങ്ങുവാൻ പ്രേരണയായത്. ഈ കൂട്ടുകെട്ടും പരസ്പര വിശ്വാസവും ഉയർന്ന കാഴ്ച്ചപ്പാടും AOT എന്ന കമ്പനിയെ വളർച്ചയുടെ ഉന്നതിയിൽ എത്തിച്ചു. തിരുവനന്തപുരം സ്വദേശിയാണ് George Philip ആലപ്പുഴ നിവാസിയാണ് Praveen Ramachandran.
മെയ് 2-ാം തീയതി AOT Technologies-ന്റെ തിരുവനന്തപുരം Technopark-ലെ അത്യാധുനിക ഓഫീസിൽ നിന്നും George Philip, Praveen Ramachandran എന്നിവർ ബിസിനസ് പ്ലസ്സിനായി നല്കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളിൽ നിന്ന്....
എ.ഒ.ടിയിലെ തൊഴിലിടവും സംസ്‌കാരവും
ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ച്, ജോലിക്ക് പുറത്ത് സ്വന്തം ഇഷ്ടങ്ങളെയും താൽപര്യങ്ങളേയും തൃപ്തിപ്പടുത്തി രണ്ടും ഒരുമിച്ച് കൊണ്ടുപോകുന്നത് ഏറെ പ്രയാസകരമാണ്. അവിടെയാണ് എ.ഒ.ടി. വ്യത്യസ്തമാകുന്നത്. ജീവനക്കാരുടെ ഔദ്യോഗിക ജീവിതത്തിനൊപ്പം സ്വകാര്യ ജീവിതവും കുടുംബ ജീവിതവും മികച്ചതാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും എ.ഒ.ടി. ഒരുക്കി കൊടുക്കും. ഉദാഹരണത്തിന് യാത്ര ചെയ്യാനിഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക് ജോലിയിൽ നിന്ന് അവധിയെടുത്ത് യാത്ര പോകേണ്ട കാര്യമില്ല. പകരം ഇന്റർനെറ്റ് കണക്ഷനുള്ള എവിടെയിരുന്നും ഏത് രാജ്യത്തിരുന്നും ജോലി ചെയ്യാം. താർ മരുഭൂമി ചുറ്റിക്കറങ്ങുന്നതിനിടയിൽ ജോലി ചെയ്യുന്ന അതിഥി നാരായണനും കുടുംബ സഹിതം ഹിമാലയം കാണാനിറങ്ങിയ ഷിബിൻ തോമസിനും ജോലിയിൽ നിന്ന് അവധിയെടുക്കേണ്ടി വരാതിരുന്നത് രണ്ടുപേരും എ.ഒ.ടി ജീവനക്കാരായതിനാലാണ്. റിട്ടയർമെ്വരയോ, അല്ലെങ്കിൽ എല്ലാം കഴിഞ്ഞ് കുറച്ച് സമ്പാദ്യം കയ്യിൽ വരുന്നതുവരെയോ യാത്രകളോ അതുപോലുള്ള മറ്റ് ഇഷ്ടങ്ങളോ മാറ്റിവയ്‌ക്കേണ്ടെന്ന് ചുരുക്കം.
പുതിയ ആശയങ്ങളുമായെത്തുന്ന ജീവനക്കാർക്ക് എല്ലാ വിധ പിന്തുണയും എ.ഒ.ടി. നൽകുന്നുണ്ട്. പുതിയ സംഭരകർക്ക് ആവശ്യമെങ്കിൽ ഇവിടെ ജോലി ചെയ്യുമ്പോൾ തന്നെ സ്റ്റാർട്ടപ്പുകൾ തുടങ്ങാം. ഒരേ സമയം മറ്റൊരു കമ്പനിയിൽ ജീവനക്കാരനും സ്വന്തം കമ്പനിയുടെ ഉടമയുമാകാം. കഴക്കൂട്ടത്തെ എ.ഒ.ടിയുടെ പുതിയ ഓഫീസ് കെട്ടിടം ഡിസൈൻ ചെയ്തത് ഐസ്‌കേപ് എന്ന കമ്പനിയാണ്. ഈ സ്ഥാപനത്തിന്റെ ഉടമ ബിനു ജനാർദ്ദനൻ എ.ഒ.ടിയിൽ പ്രൊജക്ട് മാനേജരാണ്. എല്ലാ രാജ്യക്കാരെയും സംസ്‌ക്കാരത്തെയും രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയും അവർക്ക് വളരാൻ അവസരമൊരുക്കുകയും ചെയ്യുന്ന കാനഡ എന്ന രാജ്യത്തപ്പോലെ, എ.ഒ.ടിയിലെ ജീവനക്കാരിലും ഇതേ വൈവിധ്യം കാണാനാകും. ഓഫീസിലുള്ള 120 ജീവനക്കാരിൽ അമേരിക്ക, ഉക്രൈൻ, റുമേനിയ, ഇന്ത്യ, ബ്രസീൽ, മെക്‌സിക്കോ, യു.കെ. ദക്ഷിണാഫ്രിക്ക, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നിങ്ങനെ ഒട്ടനവധി രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. എ.ഒ.ടിയിലെ ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോൾ അവരുടെ പൗരത്വമോ, ജെൻഡർ വ്യത്യാസങ്ങളോ, താൽപര്യങ്ങളോ ഒന്നും തടസ്സമാകാറില്ലെന്ന് കമ്പനി ഉടമകളായ പ്രവീൺ രാമചന്ദ്രനും ജോർജ് ഫിലിപ്പും എടുത്തു പറയുന്നു.
മികച്ച തൊഴിലിടങ്ങളെ ജീവനക്കാരുടെ ഇടയിലൂടെ നടത്തുന്ന സർവ്വേയിലൂടെ കണ്ടെത്തി അംഗീകാരം നൽകുന്ന 'ഗ്രേറ്റ് പ്ലേസ് വർക്ക്' എന്ന സംഘടനയുടെ പുരസ്‌ക്കാരം 2020, 2021 ലും എ.ഒ.ടിയെ തേടിയെത്തി. വിക്‌ടോറിയയ്ക്ക് പുറമെ വാൻകൂവറിലും പോർട്ട്‌ലാൻഡിലും എ.ഒ.ടി. ടെക്‌നോളജിസിന് ഓഫീസുകൾ ഉണ്ട്. 120 ജീവനക്കാരുള്ള കമ്പനി കാനഡയിലെ ഏറ്റവും വേഗത്തിൽ വളരുന്ന കമ്പനികളിൽ ഒന്നാണെന്ന് ബിസിനസ്സ് മാധ്യമങ്ങളായ കനേഡിയൻ ബിസിനസും മക്ക്‌ളൈൻസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 'ഫോംസ്ഫ്‌ളോ' (Formsflow) എന്ന എ.ഒ.ടി.യുടെ ഓപ്പൺ സോഴ്‌സ് സ്ഫ്റ്റ്‌വെയർ, ബ്രിട്ടീഷ് കോളംബിയ സർക്കാരിന്റെ ഒട്ടുമിക്ക വകുപ്പുകളും അവരുടെ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഉപയോഗിക്കുന്നുണ്ട്. കാലതാമസമില്ലാതെ, വളരെ വേഗത്തിൽ സുതാര്യമായ് ആവശ്യക്കാർക്ക് സേവനം ലഭ്യമാക്കാൻ സഹായിക്കുന്നതാണ് 'ഫോംസ്‌ളോ'യെ വ്യത്യസ്തമാക്കുന്നത്. ഫോംസ്‌ളോയുടെ പ്രവർത്തന മികവിനെക്കുറിച്ച് അറിഞ്ഞ് മറ്റ് രാജ്യങ്ങളിലെ സർക്കാരുകളും ഈ സേവനം ആവശ്യപ്പെട്ട് എ.ഒ.ടിയെ സമീപിച്ചിട്ടുണ്ട്.
ടീം സ്‌പേസ്
വർക്ക് ഫ്രം ഹോം എന്ന രീതി നീണ്ടുപോയപ്പോൾ തിരിച്ച് ഓഫീസിലേക്ക് വരണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നവരുട എണ്ണം കൂടാൻ തുടങ്ങി. പഠിച്ചിറങ്ങിയ ഉടനെ ജോലി കിട്ടിയെങ്കിലും കൊറോണ കാരണം ഓഫീസ് അനുഭവം കിട്ടാത്ത 'ഫ്രെഷേഴ്‌സിനും' ഈ താൽപര്യമുണ്ടെന്ന് അറിയിച്ചു. അങ്ങനെയാണ് ഓഫീസ് സ്‌പേസിൽ മാറ്റങ്ങൾ വരുത്താനായ് പ്രവീണും ജോർജ്ജും ആലോചിച്ചത്. അങ്ങനെയാണ്, ഒരു മേശയും കസേരയും മുന്നിൽ ഒരു ലേപ്‌ടോപ്പോ ഡെസ്‌ക്‌ടോപ്പോ ഒക്കെ വച്ചുള്ള പരമ്പരാഗത ഓഫീസ് സിസ്റ്റത്തെ ഒന്ന് മാറ്റിപിടിച്ചുകൊണ്ട് എ.ഒ.ടി.യുടെ തിരുവനന്തപുരത്തെ ഓഫീസ് തയ്യാറാക്കിയിരിക്കുന്നത്. ഒരാൾക്ക് ഒരു പ്രത്യേക സ്ഥലം എന്നതിന് പകരം ടീമിനായ് ഒരിടം എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്. വർക്ക് ഫ്രം ഹോമിനിടയ്ക്ക് ഒരു ദിവസം ഓഫീസിൽ വന്ന് ജോലി ചെയ്യുമ്പോൾ സ്വന്തം ടീമിന്റെ സ്ഥലത്തിരുന്ന് ജോലി ചെയ്യാം. കൂടുതലും ഗ്ലാസ്സ് കൊണ്ടുള്ള സ്‌ക്രീനുകളാണ് ഓഫീസിനുള്ളിൽ അധികവും വച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സുതാര്യവുമാണ്. ഓഫീസിലെത്തി ജോലി ചെയ്യുമ്പോഴും ജീവനക്കാർക്ക് മടുപ്പില്ലാതിരിക്കാനും കുറച്ചുകൂടി ക്രീയാത്മകമായും സ്വതന്ത്രമായും ജോലി ചെയ്യാനുള്ള ഇടമാക്കി മാറ്റുന്നതിനുമാണ് ഈ പുതിയ രീതി സ്വീകരിക്കുന്നത്.
കോസ്‌മോജെൻസ്
കോസ്‌മോജെൻസ് എന്ന സ്റ്റാർട്ടപ്പ് ടെക്കീസിന് മുന്നിൽ നിരവധി സാധ്യതകളാണ് തുറക്കുന്നത്. അതിൽ തന്നെ ഇടനിലക്കാരില്ലാതെ അമേരിക്കയിലും കാനഡയിലുള്ള ഐ.ടി. കമ്പനികളിൽ ജോലി ചെയ്യാം എന്നതാണ് പ്രധാന ആകർഷണം. ഒന്നുകൂടെ വ്യക്തമാക്കിയാൽ കേരളത്തിലിരുന്ന് അമേരിക്കയിൽ ജോലി ചെയ്യുന്നവർക്ക് കിട്ടുന്ന അതേ ശമ്പളം വാങ്ങാം. ശമ്പളം മാത്രമല്ല, എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. 60 മുതൽ 90 ലക്ഷം വരെ പ്രതിവർഷം ശമ്പളം ലഭിക്കുന്ന നൂറിലധികം തൊഴിലാവസരങ്ങൾ ഇപ്പോൾതന്നെ കോസ്‌മോജെൻസിന്റെ വെബ്‌സൈറ്റിൽ കാണാവുന്നതാണ്. പഠിച്ചിറങ്ങി അധികം വൈകാതെ ഉയർന്ന ശമ്പളത്തിൽ, മികച്ച കമ്പനികളിൽ, മെച്ചപ്പെട്ട തൊഴിലിടങ്ങളിൽ ഒരു ജോലി കണ്ടെത്താനുള്ള കോസ്‌മോജെൻസ് ഒരുക്കുന്ന ഈ അവസരം ഐ.ടി. മേഖലയിലുള്ളവർക്ക് നൽകുന്ന പ്രതീക്ഷ വലുതാണ്. വിദേശകമ്പനികളുമായ് ഇടപെടുന്നതിന് മുൻപ്, എങ്ങനെയാണ് ഇന്റർവ്യൂ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നൊക്കെ അറിയാൻ, ആവശ്യക്കാർക്ക് പരിശീലനം നൽകാൻ കോസ്‌മോജെൻസിന്റെ പ്രത്യേക ടീം എപ്പോഴും തയ്യാറാണ്.
ഔട്ട്‌സോഴ്‌സിങ് ഔട്ട്
'റിമോട്ട് വർക്കിങ്' എന്ന ആശയത്തിന് കൂടുതൽ സ്വീകാര്യത കിട്ടിയത്, കൊറോണയുടെ സമയത്താണ്. വർക്ക് ഫ്രം ഹോം എന്നത് ന്യൂ നോർമൽ ആയപ്പോൾ ലോകത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും ജോലി ചെയ്യാൻ അവസരമൊരുക്കുന്നതിന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെ സോഫ്റ്റ്‌വെയർ കമ്പനികൾ തയ്യാറാക്കി. പക്ഷെ, മറ്റൊരു രാജ്യത്തെ തൊഴിൽ നിയമങ്ങൾ അതിന് തടസ്സം സൃഷ്ടിച്ചപ്പോൾ പല കമ്പനികളും പിൻമാറി. അവിടെയാണ് കോസ്‌മോജെൻസ് എന്ന സ്റ്റാർട്ടപ്പിന്റെ ഇടപെടൽ വ്യത്യാസം വരുത്തുന്നത്. ജീവനക്കാർക്കും കമ്പനിക്കും പരസ്പരം കരാറിലേർപ്പെടാനുള്ള ഒരു പ്ലാറ്റ്‌ഫോമായ് കോസ്‌മോജെൻസ് മാറുന്നു. ശമ്പളത്തിലോ, ജോലിക്കാര്യങ്ങളിലോ ഇടപെടാതെ നിയമപരമായ പിന്തുണ കമ്പനികൾക്കും ജീവനക്കാർക്കും ലഭിക്കും. ഐ.ടി. മേഖലയിലെ ഔട്ട്‌സോളിങ് താൽപര്യമില്ലാത്തവർക്ക് അതൊഴിവാക്കാനുള്ള സാധ്യതയാണ് കോസ്‌മോജെൻസ് നൽകുന്നത്.

 

AOT Technologies-ന്റെ പ്രവർത്തനം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം Technopark നിള ബിൾഡിംഗിന്റെ മൂന്നാം നിലയിൽ ഈ മാസം 2-ാം തീയതി കമ്പനിയുടെ ഓഫീസ് ഉത്ഘാടനം ചെയ്തു. ഡോ. ശശി തരൂർ M.P. യാണ് ഉത്ഘാടക കർമ്മം നിർവ്വഹിച്ചത്. കാനഡയിലെ പാർലമെന്റ് അംഗമായ അലിസ്റ്റെയർ മാക്ഗ്രിഗർ, സിറ്റിസൺ സെർവീസസ് വിഭാഗം സീനിയർ ഡയറക്ടർ സാക്കറി വുഡ് വാഡ്, ബ്രിട്ടീഷ് കൊളിംബിയയിലെ മുൻ ഡപ്യൂട്ടി മിനിസ്റ്റർ ഡോൺ ഫാസ്റ്റ്, കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രി എം.എസ്. കേരള ഐ.ടി. പാർക്ക് സിഇഒ ജോൺ എം. തോമസ്, തിരുവനന്തപുരം ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

Post your comments