Global block

bissplus@gmail.com

Global Menu

"സാമൂഹ്യ വികസനത്തിന് ഒപ്പം നിന്ന ഒരു വർഷം " കെ. രാധാകൃഷ്ണൻ ദേവസ്വം, പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ ഒരു വർഷം പൂർത്തീകരിക്കുകയാണ്. നവകേരള നിർമ്മിതിക്കാവശ്യമായ വികസന നയങ്ങളാണ് ഈ സർക്കാരിനെ മുന്നോട്ടു നയിക്കുന്നത്. ഒപ്പം തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുകയെന്ന ദൗത്യവും ലോകത്തിന് മാതൃകയായ 'കേരള മോഡൽ വികസന'ത്തെ പുതിയ തലത്തിലേക്ക് ഉയർത്തി ജനാഭിലാഷം സാർത്ഥകമാക്കാനുള്ള പ്രവർത്തനങ്ങളാണ് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസനവും ദേവസ്വവും പാർലമെന്ററി കാര്യവും വകുപ്പുകളും തുടരുന്നത്.
ദുരിതമനുഭവിക്കുന്ന പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക വിഭാഗങ്ങളിലെ ജനസമൂഹത്തെ പൊതുസമൂഹത്തിനൊപ്പം മുന്നിലേക്ക് ഉയർത്തികൊണ്ടുവരുന്ന പ്രവർത്തനങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകിയത്. ഇവരുടെ ഉന്നമനത്തിന് ഒട്ടേറെ പദ്ധതികൾ നാളുകളായി നിലവിലുണ്ടെങ്കിലും അവയുടെ പ്രയോജനം പൂർണ്ണമായി ലഭിക്കുന്നതിനും, കണ്ടെത്തിയ പോരായ്മകൾ പരിഹരിച്ച് കൃത്യമായി നടപ്പാക്കാനുമാണ് തുടക്കംമുതലേ പ്രത്യേകം ശ്രദ്ധിച്ചത്. സാമൂഹ്യ മൂലധനത്തിന്റെ അഭാവമാണ് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിന് പരിഗണന ലഭിക്കുന്നതിന് പ്രധാന തടസ്സം. ഈ സാഹചര്യത്തിൽ എല്ലാ മേഖലകളിലും ഇവരുടെ പ്രാതിനിധ്യം ഉറപ്പാക്കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടുവരുന്നതിന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. വിദ്യാഭ്യാസ പുരോഗതി, ആരോഗ്യ സംരക്ഷണം, തൊഴിൽ സാധ്യത വർദ്ധിപ്പിക്കൽ, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, ഭൂമിയും ഭവനവും ഉറപ്പാക്കൽ എന്നീ പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പ്രധാനമായും നടന്നത്.        
കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസിന് പഠിക്കുന്ന പട്ടികവിഭാഗ വിദ്യാർഥികൾക്ക് വരുമാനത്തിന് വിധേയമായി ആയി 25,00,000 ലക്ഷം രൂപവരെ ഫീസ് നൽകുന്ന വിങ്‌സ് പദ്ധതി ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ്. അതിരുകളില്ലാത്ത ആകാശത്തിലേക്ക് പറന്നുയരുന്ന സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് ചിറകേകാനും ഇതുവഴി സാധ്യമായിട്ടുണ്ട്. എൽ.എൽ.ബി., മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾക്ക് കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രത്യേക പരിശീലനവും നല്കി വരുന്നുണ്ട്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള പ്രായപരിധി 40 വയസ്സാക്കി ഉയർത്തി. വിദൂര കോളനി മേഖലകളിലുള്ള പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കാൻ സാധിച്ചത് വലിയ നേട്ടമാണ്. ഇടമലക്കുടിയിൽ ഇന്റർനെറ്റ് കണക്ടിവിറ്റിക്കായി മാത്രം നാലരക്കോടി രൂപയുടെ പദ്ധതി നടത്തി വരുന്നു. വന മേഖലയിലുള്ള 1284 പട്ടികവർഗ്ഗ കോളനികളിൽ 1085 ഇടത്തും ഇതിനോടകം കണക്ടിവിറ്റി ലഭ്യമാക്കി.
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് നൽകാൻ കഴിഞ്ഞു. പ്രതിമാസ ഹോസ്റ്റൽ അലവൻസ് 3500 രൂപയായും പ്രൈവറ്റ് ഹോസ്റ്റലുകളിൽ 4500 രൂപയായും ഉയർത്തിയത് വിദ്യാർത്ഥികൾക്ക് ഏറെ സഹായകമായിട്ടുണ്ട്. പോസ്റ്റ് മെട്രിക് പ്രീമെട്രിക് ഹോസ്റ്റലുകൾ ആധുനികവൽക്കരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ വിദ്യാർത്ഥി പ്രവേശനത്തിനുള്ള മാതാപിതാക്കളുടെ വരുമാന പരിധി ലക്ഷത്തിൽ നിന്നും രണ്ടു ലക്ഷമാക്കി ഉയർത്തി. ഈ അധ്യയനവർഷം മുതൽ കാസർകോട് ഏകലവ്യ സ്‌പോർട്‌സ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയാക്കി. പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പാലക്കാട് മെഡിക്കൽ കോളേജിൽ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ നിരന്തരമായ ഇടപെടലുകളാണ് സർക്കാർ നടത്തിയത്.
പട്ടികവിഭാഗങ്ങളുടെ സാമൂഹിക പുരോഗതി, വിദ്യാഭ്യാസം എന്നപോലെതന്നെ പ്രാധാന്യമുള്ളതാണ് വരുമാനമുള്ള തൊഴിൽ. കുടുംബത്തിലെ ഒരാൾക്കെങ്കിലും സ്ഥിരവരുമാനമുള്ള തൊഴിൽ നൽകുക എന്ന കാഴ്ചപ്പാടിലാണ് സർക്കാർ മുന്നോട്ടു പോകുന്നത്. അതിന്റെ ഭാഗമായി നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പാസ്സായ പട്ടിക വിഭാഗ വിദ്യാർഥികൾക്ക് ആരോഗ്യവകുപ്പുമായി സഹകരിച്ച് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ രണ്ടു വർഷത്തെ സ്‌റ്റൈപ്പന്റോടു കൂടിയ ഇന്റേൺഷിപ്പിനുള്ള നടപടികൾ ആരംഭിച്ചു. രണ്ടായിരത്തിലധികം പേർക്ക് ആദ്യഘട്ടത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കും. ഇന്റേൺഷിപ്പിനുശേഷം ലഭ്യമാകുന്ന എക്‌സ് പീരിയൻസ് സർട്ടിഫിക്കറ്റ് വഴി സ്വദേശത്തും വിദേശത്തും കൂടുതൽ മെച്ചപ്പെട്ട് തൊഴിൽ ലഭിക്കും. എൻജിനീയറിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള 500 പേരെ തദ്ദേശ സ്ഥാപനങ്ങളിൽ നിയമിക്കാനുള്ള നടപടികളും പൂർത്തിയായി. ഇതിനുപുറമേ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി പട്ടികവർഗ്ഗത്തിൽപ്പെട്ട 500 പേരെയും എക്‌സൈസ് ഗാർഡുകൾ ആയി 500 പേരെയും നിയമിക്കുന്നതിന് നടപടികളായി. പട്ടികവിഭാഗം യുവജനങ്ങളെ സരംഭകരായും തൊഴിൽ ദാതാക്കളായും സജ്ജമാക്കുന്നതിന് എംപവർമെന്റ് സൊസൈറ്റികൾ രൂപീകരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. പട്ടികജാതി-പട്ടികവർഗ്ഗത്തിൽപെട്ടവരുടെ ആരോഗ്യ പുരോഗതിയ്ക്ക് ഈ വലിയ പരിഗണനയാണ് നൽകിയിട്ടുള്ളത്. പട്ടികജാതി വിഭാഗത്തിലെ 14192 ഗുണഭോക്താക്കൾക്കായി 30,22,15,287 കോടി രൂപയും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 41573 പേർക്ക് 23,81,26,400 കോടി രൂപയും ചികിത്സ ധനസഹായമായി അനുവദിച്ചു.
അട്ടപ്പാടിയിൽ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുകൊണ്ട് ഒരു സമഗ്രമായ പാക്കേജ് നടപ്പിലാക്കി അട്ടപ്പാടിയിലെയും ഇടമലക്കുടിയിലെയും തൃശ്ശൂർ അരേക്കാപ്പിലെയുമെല്ലാം പ്രശ്‌നങ്ങൾ പരിഹരിക്കാനായി ലക്ഷ്യബോധത്തോടെ ഇടപെടാൻ സാധിച്ചുവെന്നത് അഭിമാനകരമാണ്. ട്രൈബൽ പ്ലസ് പദ്ധതിയിലൂടെ 29647 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് അധികതൊഴിൽ നൽകി.
ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവിഭാഗക്കാർക്ക് ഭൂമിയും ഭവനവും നൽകാൻ ലൈഫ് മിഷന് 2021-22 സാമ്പത്തിക വർഷം 418 കോടി രൂപ കൈമാറി. പട്ടികവിഭാഗക്കാരുടെ പൂർത്തിയാകാതെ കിടന്ന 1188 വീടുകൾ പൂർത്തീകരിച്ചു. അംബേദ്കർ ഗ്രാമം സെറ്റിൽമെന്റ് പദ്ധതികൾ പൂർത്തീകരിക്കാൻ ചടുലമായ ഇടപെടലുകൾ ദൃശ്യമായ ഒരു വർഷമാണ് കഴിഞ്ഞു പോകുന്നത്. പട്ടികജാതി പട്ടികവർഗ്ഗ മേഖലകളിലെ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുകയാണ്. ഈ വിഭാഗത്തിന്റെ ഉന്നമനത്തിനായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ ബോധപൂർവ്വം വൈകിപ്പിക്കുകയും യഥാർത്ഥ ഗുണഭോക്താക്കളെ ഒഴിവാക്കി അനർഹർ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതിനായും മോണിറ്ററിംഗ് സംവിധാനം മെച്ചപ്പെടുത്തുന്നതിന് നിയോജക മണ്ഡലാടിസ്ഥാനത്തിൽ സമിതികൾ രൂപീകരിച്ചു തുടങ്ങി.
ജനസംഖ്യയുടെ 65 ശതമാനം വരുന്ന പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ശക്തിപ്പെടുത്തുന്നതിനായി പാലക്കാടും കൊല്ലത്തും പുതിയ മേഖലാ ഓഫീസുകൾ ആരംഭിച്ചു. 14 ജില്ലകളിലും പുതിയ ഓഫീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ പരിഗണനയിലാണ്. പിന്നാക്ക വിഭാഗ കോർപ്പറേഷൻ, പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ, പരിവർത്തിത ക്രൈസ്തവ ശുപാർശിത വികസന കോർപ്പറേഷൻ, കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ ക്ഷേമ വികസന കോർപ്പറേഷൻ എന്നിവ വഴി പാവപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനുമായി വിവിധ പദ്ധതികൾ ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കി.
തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, മലബാർ, കൂടൽമാണിക്യം എന്നീ ദേവസ്വം ബോർഡുകൾ ആണ് സർക്കാറിന് കീഴിലുള്ളത്. പ്രളയവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധികൾ ദേവസ്വം ബോർഡുകളുടെ വരുമാനത്തിലും വലിയ ഇടിവാണ് ഉണ്ടാക്കിയത്. എന്നാൽ ബോർഡുകൾക്ക് കീഴിൽ 17000 . ജീവനക്കാരുടേയും അത്രതന്ന ദേവസ്വം വരുന്ന പെൻഷൻകാരുടെയും ശമ്പളവും പെൻഷനും മുടക്കമില്ലാതെ നൽകാൻ സർക്കാർ 220 കോടി രൂപ നൽകി. കോവിഡ് മഹാമാരിക്കാലത്തും പരാതികളില്ലാതെ ശബരിമല തീർത്ഥാടനം മികച്ചനിലയിൽ പൂർത്തിയാക്കി. ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കാനുള്ള കുരുക്കഴിക്കാൻ ഒട്ടേറെ നടപടികൾ സ്വീകരിച്ചുവരുന്നു. ശബരിമല തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതും നൂതന സൗകര്യങ്ങളുള്ളതുമായ ഇടത്താവളങ്ങളുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനും സാധിച്ചു. കിഫ്ബി സഹായത്തോടെ കഴക്കൂട്ടം, ചെങ്ങന്നൂർ, എരുമേലി, നിലയ്ക്കൽ, ചിറങ്ങര (ചാലക്കുടി), ശുകപുരം (പൊന്നാനി) മണിയംകോട് (കൽപ്പറ്റ) എന്നിവിടങ്ങളിലാണ് ഇടത്താവളങ്ങൾ ഉയരുന്നത്.
നിക്ഷിപ്ത താൽപര്യക്കാർ വിശ്വാസം ദുരുപയോഗം ചെയ്യുന്നത് തടയാനും പുതുതായി .പ്രവർത്തങ്ങൾ കൊണ്ടുപോകാനും ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജാതിവെറിയും സാമൂഹ്യഅനാചാരങ്ങളും തിരിച്ചുകൊണ്ടുവരാൻ ഇരുട്ടിന്റെ ശക്തികൾ ശ്രമം നടത്തുമ്പോൾ പാർശ്വവൽക്കരിക്കപ്പെട്ടതും അകറ്റിനിർത്തപ്പെട്ടിരുന്നവരുമായ ജനവിഭാഗത്തിൽ നിന്നുള്ളവരെ ക്ഷേത്ര ജീവനക്കാരായി നിയമിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. പട്ടികവിഭാഗങ്ങളടക്കമുള്ള പിന്നാക്ക ജനതയ്ക്ക് വിദ്യാഭ്യാസത്തിലൂടെ പുരോഗതി നൽകുകയാണ് രണ്ടാം പിണറായി സർക്കാരിന്റെ മുഖ്യലക്ഷ്യം. അതിനായി പ്രീപ്രൈമറി മുതൽ പിഎച്ച്ഡിവരെ വിപുലമായ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ പുരോഗതിയിലൂടെ സാമൂഹ്യ-സാമ്പത്തിക പുരോഗതിയിലേയ്ക്ക് പട്ടിക-പിന്നാക്ക ജനതയെ - നയിക്കാം. അതിനുള്ള കെടാവിളക്കാകുകയാണ് എൽഡിഎഫ് സർക്കാരും പട്ടികവിഭാഗ പിന്നാക്കക്ഷേമ വകുപ്പുകളും

 

Post your comments