Global block

bissplus@gmail.com

Global Menu

"ബിസിനസ് മാറി സംരംഭകനും മാറണം"- ഡോ. സുധീർ ബാബു.

അവർ നാലു പേരുണ്ടായിരുന്നു. മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും. നാലുപേരും എഞ്ചിനീയർമാർ, സഹപാഠികൾ. കോഴി ക്കോട് നിന്നായിരുന്നു അവർ എന്നെ കാണാൻ എറണാകുളത്ത് എത്തിച്ചേർന്നത്.
കോളേജ് പഠനം കഴിഞ്ഞയുടനെ നാലുപേരും കൂടി ഒരു സംരംഭം ആരംഭിച്ചു. തികച്ചും നൂതനമായ, വിജയ സാധ്യതയുള്ള ആശയവുമായിട്ടായിരുന്നു തുടക്കം. വീട്ടിൽ നിന്നും ലഭിച്ച പിന്തുണയും ബാങ്ക് ലോണുമൊക്കെയായി മൂലധനം സംഘടിപ്പിച്ചു. വലിയ സ്വപ്നങ്ങളുമായി അവർ വളരെയധികം ഉത്സാഹിച്ചു. പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ രണ്ടു വർഷത്തിനുള്ളിൽ കമ്പനി അടച്ചുപൂട്ടേണ്ട ഗതികേടിലേക്കെത്തി.
''എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത്?'' ഞാൻ ചോദിച്ചു.
''നല്ലൊരു ആശയമായിരുന്നു ഞങ്ങളുടേത്. പക്ഷേ ധൃതി അല്പം കൂടിപ്പോയി. തുടങ്ങുകയും പിന്നീട് കാര്യങ്ങൾ പഠിച്ച് മുന്നോട്ടു പോകാമെ ന്നും കരുതി. എന്നാൽ തുടക്കത്തിൽ തന്നെ ഒരുപാട് പാളിച്ചകൾ ഉണ്ടായി. അവയൊന്നും തിരുത്തുക അത്ര എളുപ്പമായിരുന്നില്ല. ഞങ്ങൾക്ക് ചിലപ്പോൾ കുറച്ചുകൂടി അനുഭവസമ്പത്തും അറിവും ഉണ്ടായിരുന്നെങ്കിൽ പല മണ്ടത്തരങ്ങളും ഒഴിവാക്കാമായിരുന്നു. പലതും തിരിച്ചറിഞ്ഞപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. ധാരാളം പണം വെറുതെ പാഴായി.'' അവരിലൊരാൾ പറഞ്ഞു.
അതേ, ഇത് ചിലരുടെ മാത്രം കഥയല്ല. സംരംഭകരാകാൻ ഇറങ്ങിത്തിരിക്കുന്ന ഭൂരിഭാഗം പേരുടെയും കഥയാണ്. ഞങ്ങൾ പഠിക്കേണ്ടതായിരുന്നു എന്ന് ചിലർ മാത്രം അംഗീകരിക്കും. മറ്റു ചിലർ അത് തിരിച്ചറിഞ്ഞാലും തെറ്റുകൾ ആവര്ത്തി ച്ചു കൊണ്ടേയിരിക്കും.
പുതിയ കാലത്ത് സംരംഭകത്വത്തിൽ സംഭവിച്ച മാറ്റങ്ങൾ
സംരംഭകത്വം എന്നും ഒരേപോലെ തന്നെയാണ് എന്ന ഉറച്ച ധാരണയാണ് നാം പുലർത്തിപ്പോരുന്നത്. സംരംഭകത്വത്തിന്റെ അടിസ്ഥാനതത്വങ്ങൾ അതേപോലെ തന്നെ നിലനില്ക്കുന്നുവെങ്കിലും പ്രവർത്തതന തലങ്ങളിൽ സമൂലമായ മാറ്റം സംഭവിച്ചു കഴിഞ്ഞു. ഇത് തിരിച്ചറിയാതെ പോകുന്നതു കൊണ്ടാണ് നാം പഴയ മാനസിക ബോധത്തിൽ നിന്നുകൊണ്ട് മിക്കപ്പോഴും പെരുമാറുന്നത്.
എഴുപതുകളിലും എൺപതുകളിലുമുണ്ടായിരുന്ന സംരംഭകത്വ സംസ്‌കാരം തൊണ്ണൂറുകളിൽ എത്തിയപ്പോഴേക്കും വലിയ മാറ്റം സംഭവിച്ചു കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ കടന്നു വരവും എല്ലാ മേഖലകളിലേക്കുള്ള അതിന്റെ വ്യാപനവും വളരെ പെട്ടെന്നായിരുന്നു സംഭവിച്ചത്. ശാസ്ത്രത്തിലും കലയിലും വിദ്യാഭ്യാസത്തിലും എന്നല്ല ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാങ്കേതിക വിദ്യ കൊണ്ടു വന്ന പരിവർത്തനം സംരംഭകത്വത്തിലും പ്രതിഫലിച്ചു. പ്രവൃത്തികളുടെ വേഗത പതിന്മടങ്ങായി. അറിവ് സാർവത്രികമായി ജനാധിപത്യവത്കരിക്കപ്പെട്ടു.
മുൻ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന അതേ ആയുധങ്ങൾ ഉപയോഗിച്ച് പോരാടുക ആധുനിക യുഗത്തിൽ അസാദ്ധ്യമാകുന്നു. എത്രയും വേഗതയിൽ കാര്യങ്ങൾ നടപ്പിലാക്കുക എന്നതു പോലെതന്നെപ്രധാനപ്പെട്ടതാകുന്നു ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുക എന്നതും. വിപണി ശക്തമായ മത്സരത്തിന്റെ വേദിയാകുന്നു. സംരംഭകത്വത്തിലേക്ക് കടന്ന് മെല്ലെ മെല്ലെ കാര്യങ്ങൾ പഠിച്ച് തെറ്റുകൾ വരുത്തുകയും തിരുത്തുകയും ചെയ്തു കൊണ്ട് വലിയൊരു സമയമെടുത്ത് ജയിക്കാം എന്ന തന്ത്രം ആധുനിക യുഗത്തിൽ അപ്രസക്തമാകുന്നു.
പുതിയ കാലത്തെ സംരംഭകൻ                                     എങ്ങിനെയാവണം?
''എന്റെ  കയ്യിൽ പുതിയൊരു ആശയമുണ്ട്. എത്രയും വേഗം അത് നടപ്പിലാക്കിയില്ലെങ്കിൽ മാറ്റാരെങ്കിലും അത് നടപ്പിലാക്കും. അതുകൊണ്ട് എത്രയും പെട്ടെന്ന് വിപണിയിലേക്ക് പ്രവേശിക്കണം.''
പലപ്പോഴും നാം കേൾക്കുന്ന വാക്കുകളാണ്. ആശയമുണ്ടെങ്കിൽ എടുത്തുചാടി അത് നടപ്പിലാക്കുകയാണ് സംരംഭകത്വത്തിന്റെ വിജയത്തെ നിർണ്ണയിക്കുന്നതെന്ന അബദ്ധധാരണ കുറേപ്പേരെങ്കിലും വെച്ചുപുലർത്തുന്നുണ്ട്. എത്രയും വേഗം നടപ്പിലാക്കുക എന്ന് പറയുമ്പോൾ കാര്യമായ പഠനമോ തയ്യാറെടുപ്പോ ആവശ്യമില്ല ഉടനെതന്നെ ചെയ്യുക എന്നതാണോ അർത്ഥമാക്കുന്നത്?
ഒരിക്കലും അത്തരമൊരു ചിന്താഗതിയല്ല പുതിയ കാലത്തെ സംരംഭകര്ക്ക്  ഉണ്ടാകേണ്ടത്. മുൻകാലങ്ങളെക്കാൾ വളരെ വേഗതയിൽ അറിവ് നേടാനും തയ്യാറെടുപ്പുകൾ നടത്തുവാനും ഇന്നത്തെ കാലഘട്ടത്തിൽ സാധിക്കും. പുതിയ ആശയങ്ങൾ നടപ്പിലാക്കുമ്പോൾ വിജയസാധ്യത കൂടുതലാണെന്നതു പോലെ റിസ്‌ക്കും കൂടുതലാണ് എന്നത് നാം ഓർക്കേണ്ടതാണ്. സംരംഭകത്വത്തിന്റെ വിജയം നിർണ്ണയിക്കുന്നത് വികാരമല്ല വിവേകമാണ് എന്ന് സംരംഭകൻ മനസിലാക്കേണ്ടതുണ്ട്.
ആശയത്തെ വേഗതയിൽ പ്രാവർത്തികമാക്കുക എന്ന ലക്ഷ്യം നിറവേറ്റണമെങ്കിൽ സംരംഭകൻ വേഗതയിൽ നടത്തേണ്ട ചില തയ്യറെടുപ്പുകളുണ്ട്. ഇവ സംരംഭം ആരംഭിച്ചതിനു ശേഷം ചെയ്യുക ആത്മഹത്യാപരമാകും. നാം ആദ്യം കണ്ട ചെറുപ്പക്കാർക്ക് സംഭവിച്ചതു പോലെ. തിരുത്താനാവാത്ത അബദ്ധങ്ങൾ സംരംഭത്തെ നശിപ്പിക്കും. വേഗതയെന്നാൽ എടുത്തുചാടുക എന്നതല്ല വേഗതയിൽ തയ്യാറെടുപ്പുകൾ പൂർത്തീകരിക്കുക എന്നതാണ്.
സംരംഭത്തെ വിജയത്തിലേക്ക് നയിക്കുവാൻ സംരംഭകൻ അത് തുടങ്ങുന്നതിനു മുൻപേ ചില മേഖലകളിൽ സ്വയം പരിശീലിപ്പിക്കേണ്ടതുണ്ട്. കൊണ്ടറിഞ്ഞു പഠിക്കുക സംരംഭകത്വത്തിൽ അത്ര സുഖകരമായ ഏർപ്പാടല്ല. സംരംഭത്തെ വിജയത്തിലേക്ക് നയിക്കുവാൻ സംരംഭകൻ എങ്ങിനെയാണ് തയ്യാറെടുക്കേണ്ടത് എന്ന് നമുക്ക് കാണാം.
1. ചെയ്യാൻ പോകുന്നതിനെക്കുറിച്ച് ആഴത്തിൽ പഠിക്കുക.
സംരംഭകന് തന്റെ മനസ്സിലെ ആശയത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകാം. അതിനെക്കുറിച്ചൊന്നും യാതൊരു തർക്കവുമില്ല. പക്ഷേ സംരംഭം പ്രാവർത്തി കമാക്കുവാൻ ആ ധാരണ മാത്രം മതിയോ? നാം കണ്ട ചെറുപ്പക്കാരുടേയും വിശ്വാസം അങ്ങിനെയൊക്കെ തന്നെയായിരുന്നു. അവർ ആശയത്തെക്കുറിച്ച് പരസ്പരം ചര്ച്ച  ചെയ്തു. അവരുടേതായ മാർഗ്ഗത്തിൽ സഞ്ചരിച്ചു. എന്നാൽ പിന്നീട്പ്രതീക്ഷിക്കാതിരുന്ന പല ദുർഘടങ്ങളേയും അഭിമുഖീകരിക്കേണ്ടി വന്നു.
ഇതൊഴിവാക്കാൻ എന്ത് ചെയ്യണം? ഇവിടെ വേണ്ടത് വിദഗ്ദ്ധരായ വ്യക്തികളുടെ സഹായമാണ്. എന്താണോ ആശയം അതിൽ അനുഭവ സമ്പത്തുള്ള, വൈദഗ്ദ്യമുള്ള ആളുകളെ കണ്ടെത്തുക. അവരുമായി ആശയം ചര്ച്ച  ചെയ്യുക. അതിന്റെ് പ്രാവർത്തിക തലങ്ങൾ മനസ്സിലാക്കുക. വരാൻ പോകുന്ന പ്രശ്‌നങ്ങളും അവയെ പരിഹരിക്കുവാനുള്ള മാർഗ്ഗങ്ങളും പഠിക്കുക. വിദഗ്ദ്ധരുടെ സഹായത്തോടെ മികച്ചൊരു ഉല്പന്നത്തെ നിർമ്മിക്കുക, അത് പരീക്ഷിക്കുക, മെച്ചപ്പെടുത്തുക.
ഒരിക്കലും പരീക്ഷണത്തിനായല്ല വിപണിയിലേക്ക് ഉല്പന്ന്നങ്ങൾ ഇറക്കുന്നത്. വിപണിയിലേക്ക് അവതരിപ്പിക്കുന്ന ഉല്പന്നം തന്നെ ഉപഭോക്താവിന്റെ പ്രശംസ പിടിച്ചുപറ്റാൻ കഴിവുള്ളതാവണം. നമ്മൾ കണ്ട ചെറുപ്പക്കാർ ആദ്യം ഇറക്കിയ ഉല്പന്നം തന്നെ വലിയൊരു പരാജയമായി. അവരുടേതായ ചിന്തകൾക്കനുസരിച്ച് നിർമ്മിച്ച ഉല്‌പന്നം ഉപഭോക്താക്കൾക്കിടയിൽ നല്ല അഭിപ്രായം സൃഷ്ടിച്ചില്ല. പിന്നീട് അത് മെച്ചപ്പെടുത്താൻ ധാരാളം സമയം അവർക്ക്  ചെലവഴിക്കേണ്ടി വന്നു. ഇത് സംരംഭത്തെ പരാജയത്തിലേക്ക് നയിച്ചു.
ഉല്പന്നത്തിന്റെ വലുപ്പചെറുപ്പങ്ങൾ ഇവിടെ പ്രശ്‌നമല്ല. ഉല്പ്പ്ന്നം മികച്ചതാവുക എന്നതാവണം ലക്ഷ്യം. സംരംഭകന് തന്റെ  ബുദ്ധിയിൽ വിശ്വസിക്കാം അതിൽ അഭിമാനം കൊള്ളാം. എന്നാൽ ആശയം ഉല്പന്നമാകുമ്പോൾ അവിടെ വിദഗ്ദ്ധരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും ഒഴിവാക്കുവാനാകില്ല. ഉല്പന്നം വിപണിയിൽ ആദ്യം സൃഷ്ടിക്കുന്ന ഒരു പ്രഭാവമുണ്ടല്ലോ അതാണ് ബിസിനസിന്റെ  ജയപരാജയങ്ങൾ നിശ്ചയിക്കുന്നത്. അവിടെ തോല്ക്കാ തിരിക്കുവാൻ ശ്രദ്ധിക്കുക. മികച്ചൊരു ഉല്പന്നം തന്നെ വിപണിയിൽ അവതരിപ്പിക്കുവാൻ തയ്യാറെടുക്കുക.
2. സംരംഭം മാനേജ് ചെയ്യുന്നത്                                     മനസ്സിലാക്കുക
എന്റെ ഇഷ്ടത്തിനനുസരിച്ച്, സൗകര്യത്തിനനുസരിച്ചാണ് ഞാൻ എന്റെ ബിസിനസ് മാനേജ് ചെയ്യാൻ പോകുന്നത്. എം ബി എ പഠിച്ചാലേ ബിസിനസ് ചെയ്യാൻ പറ്റൂ എന്നുണ്ടോ?
ഇല്ലല്ലോ. ബിസിനസ് മാനേജ് ചെയ്യാൻ അതിനെ നയിക്കാൻ സംരംഭകൻ എം ബി എ പഠിക്കേണ്ടതുണ്ടോ? തീർച്ചയായും വേണ്ട. എന്നാൽ പ്രാഥമികമായ അറിവെങ്കിലും വേണ്ടതല്ലേ? നാം നേരത്തെ ചർച്ച ചെയ്ത പോലെ കാലഘട്ടം മാറിയിരിക്കുന്നു. ഇവിടെ വ്യത്യസ്തങ്ങളായ അറിവും തന്ത്രങ്ങളും സംരംഭകൻ കരസ്ഥമാക്കിയേ പറ്റൂ.
ഒരു ബിസിനസ് എങ്ങിനെ മാനേജ് ചെയ്യണം എന്നതിനെക്കുറിച്ച് വളരെ ആഴത്തിലല്ലെങ്കിൽ പോലും കുറെയേറെ കാര്യങ്ങളെങ്കിലും മനസ്സിലാക്കിയിരിക്കുവാൻ സംരംഭകൻ ശ്രമിക്കണം. സംരംഭം കെട്ടിപ്പടുക്കുന്നതിന് ഈ പഠനം സഹായിക്കും. തന്റെ സ്ഥാപനത്തിൽ ഏതൊക്കെ ഡിപ്പാർട്ട്മെന്റുകൾ വേണം, അവയുടെ ആവശ്യകത എന്താണ്, ഏതൊക്കെ സ്ഥാനങ്ങളിൽ ജീവനക്കാർ ആവശ്യമാണ്, അവരുടെ ചുമതലകൾ എന്തൊക്കെയാണ്, അവര്ക്ക്  എത്രമാത്രം വേതനം നല്കണം, ഉല്പാദനക്ഷമത ഉറപ്പു വരുത്താൻ ഞാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, മീറ്റിങ്ങുകൾ ഏതൊക്കെ, എങ്ങിനെയാണ് നടത്തേണ്ടത്, റിപ്പോര്ട്ടു കൾ ഏതൊക്കെ വേണം, ചെലവുകൾ നിയന്ത്രിക്കുവാൻ നടപ്പിലാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, സംരംഭത്തിലെ പ്രവർത്തനങ്ങൾ എങ്ങനെ മാനേജ് ചെയ്യണം തുടങ്ങിയ കാര്യങ്ങളിലുള്ള പ്രാഥമിക അറിവെങ്കിലും സംരംഭകൻ നേടിയിരിക്കണം.
സംരംഭം പരാജയപ്പെട്ട സംരംഭകർ പറയുന്ന ഒരു വാചകം വളരെ സാധാരണമാണ്. അഞ്ച് ജീവനക്കാർ മാത്രം ആവശ്യമുണ്ടായിരുന്ന സ്ഥാനത്ത് ഞാൻ ഇരുപതു പേരെയാണ് നിയമിച്ചിരുന്നത്. പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടുമോ? അനുഭവസമ്പത്തുള്ളവരുടെ ഉപദേശങ്ങൾ സംരംഭകർക്ക്  പ്രയോജനകരമാകും. വിദഗ്ദ്ധരുടെ നിര്‌ദ്ദേ ശങ്ങൾ തേടാം. പരിശീലന ക്ലാസുകളിൽ പങ്കെടുത്ത് ഇതൊക്കെ എങ്ങിനെയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാം. പുസ്തകങ്ങൾ വായിച്ച് അറിവ് നേടാം.
എം ബി എ ഒന്നും പഠിക്കേണ്ട. പക്ഷേ സംരംഭം എങ്ങിനെ മുന്നോട്ടു കൊണ്ടു പോകണം എന്ന വ്യക്തമായ ധാരണ ഉണ്ടാക്കുവാൻ ആവശ്യമായ പഠനം നടത്തണം. കാര്യങ്ങൾ മനസ്സിലാക്കണം. മൂലധനം അനാവശ്യമായി ചെലവിടാതിരിക്കുവാൻ അത് തുണയാകും. ലാഭം ഉണ്ടാക്കുവാനും വർദ്ധിപ്പിക്കുവാനും സാധിക്കും. തന്റെ അറിവുകേടാണ് ഇത്തരം പാളിച്ചകൾക്ക്  കാരണമെന്ന് സംരംഭകൻ മനസ്സിലാക്കുന്ന നിമിഷം തിരിച്ചറിവ് ഉണ്ടാകും, പഠിക്കാൻ തുടങ്ങും.
3. സാമ്പത്തികം കൈകാര്യം ചെയ്യുന്നത് പഠിക്കുക
വ്യക്തിപരമായ സാമ്പത്തികം കൈകാര്യം ചെയ്യുന്നതു പോലെയല്ല സംരംഭത്തിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. മൂലധനം ആവിയായിപ്പോകുവാൻ മണിക്കൂറുകൾ മതിയാകും. തെറ്റായ ഒരു തീരുമാനം മൂലധനം ശോഷിപ്പിക്കും. സംരംഭത്തിലെ ഓരോ തീരുമാനത്തിനും സാമ്പത്തികമായ വശം കൂടി ഉണ്ടായിരിക്കും. ഒരു ജീവനക്കാരനെ നിയമിക്കുവാൻ എടുക്കുന്ന തീരുമാനത്തിൽ, ഒരു യന്ത്രം മാറ്റി മറ്റൊന്ന് സ്ഥാപിക്കുവാനുള്ള തീരുമാനത്തിൽ, ഒരു പരസ്യം നല്കുവാനുള്ള തീരുമാനത്തിൽ എല്ലാം തന്നെ സാമ്പത്തികമായ വശം കൂടി വരുന്നുണ്ട്. ഇവയെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സംരംഭകന് കഴിഞ്ഞില്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് ഊഹിക്കുവാൻ നമുക്ക് സാധിക്കും.
ബിസിനസിന്റെ അക്കൗണ്ട്സ് എങ്ങിനെ സൂക്ഷിക്കണമെന്ന് സംരംഭകൻ പഠിക്കണം എന്നതല്ല ഉദ്ദേശിക്കുന്നത്. മറിച്ച് ബിസിനസിലെ പണം എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് പഠിക്കണമെന്നാണ്. രണ്ടും വ്യത്യസ്തങ്ങളായ നിപുണതകളാണ്. ബജറ്റ് ഉപയോഗിച്ച് എങ്ങിനെ പണത്തിന്റെ് ഉപഭോഗം നിയന്ത്രിക്കാം, ക്യാഷ് ഫ്ളോ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം, സാമ്പത്തിക തീരുമാനങ്ങളെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, അനാവശ്യ ചെലവുകളെ എങ്ങിനെ നിയന്ത്രിക്കാം, ഉല്പാ ദനക്ഷമതയില്ലാത്ത ചെലവുകൾ എങ്ങിനെ തിരിച്ചറിയാം സംരംഭകൻ അത്യാവശ്യം മനസ്സിലാക്കിയിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
4. വിപണിയെക്കുറിച്ച് പഠിക്കുക
ഉല്പ്ന്നവുമായി വിപണിയിലേക്കെത്തുമ്പോൾ ഉപഭോക്താക്കൾ ഉല്പന്നത്തെ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്നലര്‌പ്പൊടിക്കാരന്റെ  സ്വപ്നമാണ്. വിപണിയെ പഠിച്ച സംരംഭകനു മാത്രമേ വിപണിയുടെ പൾസ് അറിയുവാൻ കഴിയുകയുള്ളൂ. സംരംഭകന് സാധാരണ ശക്തമായ തിരിച്ചടി കിട്ടുന്ന ഇടമാണ് പരിചിതമല്ലാത്ത വിപണി.പഠിക്കാത്ത, അറിയാത്ത ഓരോ വിപണിയിടവുംഅപരിചിതമായ യുദ്ധഭൂമിയാണ്. വിപണിയെ പഠിക്കുക ലാഘവബുദ്ധിയോടെ കാണേണ്ട ഒന്നല്ല. പണ്ടും ഇപ്പോഴും അതൊരു അനിവാര്യതയാണ്.
സംരംഭകൻ താൻ ലക്ഷ്യം വെക്കുന്ന വിപണിയെക്കുറിച്ച് ആഴത്തിൽ പഠിക്കുക,എതിരാളികളുടെ തന്ത്രങ്ങൾ മനസ്സിലാക്കുക,വില്പന ഉണ്ടാക്കുവാനും ഉയർത്താനുമുള്ള മാർഗ്ഗങ്ങൾ തേടുക, ഉപഭോക്താക്കളുടെ അഭിരുചികൾ കണ്ടെത്തുക, തന്റെ  ഉല്പന്നത്തിന്റെ  ശക്തികളും ദൗർബ്ബല്യങ്ങളും അറിയുക തുടങ്ങി വിപണിയുടെ ഓരോ മുക്കിലും മൂലയിലും സംരംഭകന്റെ കണ്ണും കാതും എത്തണം.
ഉല്പ്പന്നം വിപണിയിലേക്കിറക്കി പിന്നീട് വിപണിയുടെ അടികിട്ടിയല്ല വിപണിയെ പഠിക്കാൻ തുടങ്ങേണ്ടത്. വിപണി കരുതിവെക്കുന്ന ധാരാളം വെല്ലുവിളികളെ നേരിടാൻ വിപണിയെക്കുറിച്ചുള്ള മുൻകൂർ പഠനം സംരംഭകനെ പ്രാപ്തനാക്കും. ഉല്പന്നം ഗവേഷണം ചെയ്യുന്ന, നിർമ്മിക്കുന്ന അതേ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും ആവണം വിപണിയേയും സമീപിക്കേണ്ടത്. ബിസിനസിൽ വിജയിക്കുവാൻ നല്ല ഉല്പന്നം മാത്രം പോര അതെങ്ങിനെ വിൽക്കുമെന്നും കൂടി അറിഞ്ഞിരിക്കണം.
സംരംഭകൻ എത്രമാത്രം ബുദ്ധിമാനായിരുന്നാലും, അച്ചടക്കമുള്ളവനായിരുന്നാലും, ദീർഘവീക്ഷണമുള്ളവനായിരുന്നാലും, ഏത് വെല്ലുവിളികളെ നേരിടാൻ മാനസിക ശക്തിയുള്ളവനായിരുന്നാലും ഈ ആധുനിക യുഗത്തിൽ അതുമാത്രം പോര വിജയിക്കുവാൻ. എതിരാളികളും ഇത്തരം സ്വഭാവസവിശേഷതകൾ ഉള്ളവരൊക്കെ തന്നെയാവും എന്ന് മനസ്സിലാക്കുക. സംരംഭകന്റെ  അറിവാണ് അയാളെ മുന്നോട്ടുള്ള യാത്രയിൽ തുണയ്ക്കുന്നത് എന്ന് തിരിച്ചറിയുക. നിരന്തരം സ്വയം മെച്ചപ്പെടുത്തുവാൻ സംരംഭകൻ തയ്യാറാവുക. ആധുനിക കാലത്തെ സംരംഭകത്വം പുതിയ വെല്ലുവിളികൾ കൂടി ഉയർത്തുന്നുണ്ട്. 

Post your comments