Global block

bissplus@gmail.com

Global Menu

പാമോയിൽ കയറ്റുമതി നിരോധനം പിൻവലിക്കാൻ ഇന്തോനേഷ്യ; പാമോയിൽ വരവ് കൂടും

പാമോയിൽ കയറ്റുമതിക്ക് ഇന്തൊനീഷ്യ ഏർപ്പെടുത്തിയ നിരോധനത്തിന് ഇന്നു വിരാമമാകുന്നത് ഇന്ത്യൻ വിപണിയിൽ ഭക്ഷ്യ എണ്ണകളുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായകമാകും. പണപ്പെരുപ്പ നിരക്കു വളരെ ഉയർന്ന നിലവാരത്തിൽ എത്തിയിരിക്കുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്നു ഭക്ഷ്യ എണ്ണകളുടെ വിലക്കയറ്റമാണ്.  ഉപഭോക്‌തൃ വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 7.79 ശതമാനത്തിലാണ് ഇപ്പോൾ. സൂചിക നിർണയത്തിൽ ഭക്ഷ്യോൽപന്നങ്ങൾക്കാണു പകുതിയോളം പങ്ക്. അവയിൽത്തന്നെ ഭക്ഷ്യ എണ്ണകൾക്കാണു  മുന്തിയ സ്‌ഥാനം. ഈ സാഹചര്യത്തിൽ ഭക്ഷ്യ എണ്ണകളുടെ വിപണിയിലുണ്ടാകുന്ന ഏതു ചലനവും ശ്രദ്ധേയമാണ്.  

റഷ്യ – യുക്രെയ്‌ൻ യുദ്ധത്തെ തുടർന്നു സൂര്യകാന്തി എണ്ണ ഇറക്കുമതിയിലുണ്ടായ കനത്ത ഇടിവാണു ഭക്ഷ്യ എണ്ണകളുടെ വിലക്കയറ്റത്തിനു വലിയ തോതിൽ കാരണമായത്. അതിനു പിന്നാലെയായിരുന്നു ഇന്തൊനീഷ്യയുടെ പാമോയിൽ കയറ്റുമതി നിരോധനം. ഇന്തൊനീഷ്യയിൽ പാചകാവശ്യത്തിനുള്ള എണ്ണയ്‌ക്കു ക്ഷാമം നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. നിരോധനം ഒരു മാസം പിന്നിടുന്നതിനു മുമ്പ് അവിടത്തെ സംഭരണശാലകൾ നിറഞ്ഞതാണു നിരോധനം ഇപ്പോൾ പിൻവലിക്കുന്നതിനു കാരണം.   സസ്യ എണ്ണയുടെ ആഗോളവിപണിയിൽ മൂന്നിലൊന്നിലേറെ വിഹിതം പാമോയിലിനാണ്. പാമോയിൽ വിഹിതത്തിന്റെ 60 ശതമാനവും ലഭ്യമാക്കുന്നതാകട്ടെ ഇന്തൊനീഷ്യയും. പാചകാവശ്യത്തിനുള്ള എണ്ണയെന്ന നിലയ്‌ക്കു പുറമെ ഇതിനെ അടിസ്‌ഥാനമാക്കിയുള്ള ഉൽപന്നങ്ങൾക്കും ഏറെ ആവശ്യമാണുള്ളത്. സോപ്പ്, ഷാംപൂ, ബിസ്‌കറ്റ്, നൂഡിൽസ് തുടങ്ങി അനേകം ഉൽപന്നങ്ങൾ ഇക്കൂട്ടത്തിൽ പെടുന്നു.

ഇന്ത്യയിലെ ഭക്ഷ്യ എണ്ണ ഉപഭോഗത്തിന്റെ 40% നിറവേറ്റുന്നതു പാമോയിലാണ്. ഇന്തൊനീഷ്യയിൽനിന്നു വർഷം 80 ലക്ഷം ടൺ പാമോയിൽ ഇന്ത്യ ഇറക്കുമതിചെയ്യുന്നുണ്ട്. അവിടെനിന്ന് ഇത്രയും ഇറക്കുമതി ചെയ്യുന്ന രാജ്യം വേറെയില്ല. ഇന്തൊനീഷ്യ കയറ്റുമതി നിരോധിച്ചതോടെ മലേഷ്യ, തായ്‌ലൻഡ് എന്നിവയെയാണ് ഇന്ത്യ ആശ്രയിച്ചത്. എന്നാൽ വേണ്ടത്ര അളവിൽ പാമോയിൽ ലഭ്യമാക്കാൻ കഴിയുന്ന രാജ്യങ്ങളല്ല അവ. ഇന്തൊനീഷ്യ നിരോധനം അവസാനിപ്പിക്കുന്നതോടെ ഇന്ത്യയിൽ പാമോയിൽ സുലഭമാകുന്നതു വെളിച്ചെണ്ണ വിപണിക്ക് അനുകൂലമല്ല. അല്ലെങ്കിൽത്തന്നെ കേരകർഷകർ ഏറ്റവും  മോശമായ സാമ്പത്തിക കാലാവസ്‌ഥയാണു നേരിടുന്നത്. പാമോയിൽ സുലഭമല്ലാതിരുന്നിട്ടുകൂടി ഇക്കഴിഞ്ഞ ആഴ്‌ച വെളിച്ചെണ്ണ വില കുറഞ്ഞ നിലവാരത്തിലായിരുന്നു. കൊച്ചി വിപണിയിൽ മില്ലിങ് ഇനം വെളിച്ചെണ്ണയുടെ വ്യാപാരം ആരംഭിച്ചതു ക്വിന്റലിനു 15,100 രൂപയിലായിരുന്നു. പക്ഷേ പിന്നീടുള്ള ദിവസങ്ങളിലെല്ലാം വില 15,000 രൂപയിലൊതുങ്ങി. തയാർ വില 14,500 ൽ ആരംഭിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ 14,400 രൂപ മാത്രമായിരുന്നു. 

Post your comments