Global block

bissplus@gmail.com

Global Menu

KSIDC എന്നും സംരംഭകരോടൊപ്പം

കോവിഡ് തകർത്തെറിഞ്ഞ കേരളത്തെ വ്യാപാരവാണിജ്യ മേഖലക്ക് കരുത്തായി നിൽക്കുകയാണ്  Kerala State Industrial Development Corporation (KSIDC). ദുരിതകാലത്തും നിക്ഷേപകരെ-സംരംഭകരെ സഹായിക്കാൻ കേരള സർക്കാർ മുന്നോട്ട് വന്നിരിക്കുന്ന ഈ ഘട്ടത്തിൽ KSIDC യുടെ പദ്ധതികളെക്കുറിച്ച് മാനേജിംഗ് ഡയറക്ടർ  രാജമാണിക്യം  IAS ബിസിനസ് പ്ലസിനോട് സംസാരിക്കുന്നു

 

 

പ്രകൃതിക്ഷോഭങ്ങളും, മഹാമാരിയും കഴിഞ്ഞ അഞ്ചു വർഷം കൃഷിയും, വ്യവസായങ്ങളും ഉൾപ്പെടെ സർവ്വമേഖലകളിലും പ്രതിസന്ധി തീർത്തു. ബിസിനസ്സ് സമൂഹം ഇത്രയധികം ബുദ്ധിമുട്ടുകൾ സഹിച്ച ഒരു കാലഘട്ടം അടുത്തകാലത്ത് ഉണ്ടായിട്ടില്ല. സർക്കാരും, സർക്കാർ ഏജൻസികളും സംരംഭകരെ ഈ പ്രതിസന്ധി ഘട്ടത്തിൽനിന്നും കരകയറ്റുന്നതിന് വേണ്ടതെല്ലാം ചെയ്തുവരുന്നു. കൂടുതൽ സംരംഭങ്ങൾ വരുന്നതോടൊപ്പം, തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും എന്നതിനാൽ പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് സർക്കാർ വിവിധ നയങ്ങൾ നടപ്പിലാക്കിവരുന്നുണ്ട്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (MSME) സർക്കാർ പ്രത്യേക പരിഗണന നൽകി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒരു ലക്ഷം സംരംഭങ്ങൾ കൊണ്ടുവരുന്നതിന് 2022-'23 സാമ്പത്തിക വർഷം 'സംരംഭക വർഷം' ആയി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് KSIDC സാധ്യമായതെല്ലാം ചെയ്യുന്നതാണ്.

കോവിഡ് സമാശ്വാസ പദ്ധതി പ്രകാരം msme യൂണിറ്റുകൾക്ക്  5 ശതമാനം പലിശ നിരക്കിൽ വായ്പകൾ, പലിശ ഇളവുകൾ, കൂടാതെ പ്രതിസന്ധി നേരിടുന്ന സംരംഭകർക്ക് വർക്കിങ് ക്യാപിറ്റൽ ലോൺ, എന്നിവക്കായി 200 കോടി രൂപ വകയിരുത്തി.

കോവിഡ് കാലത്ത് പുതിയ സംരംഭങ്ങൾ തുടങ്ങുന്നവരെയും നിലവിലുള്ള സംരംഭകരെയും CM Special Assistance Scheme ൽ ഉൾപ്പെടുത്തി സഹായിച്ചുവരുന്നു. 7 ശതമാനം പലിശ നിരക്കിൽ പ്രവാസി സംരംഭകർക്കും MSME കൾക്കും 2 കോടി രൂപ വരെ വായ്പ ലഭ്യമാക്കി വരുന്നുണ്ട്.
കോവിഡ് പ്രതിസന്ധി മൂലം തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭം തുടങ്ങുന്നതിന് 5 ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന പ്രവാസി ഭാരത - മെഗാസ്കീമിൽ ഉൾപ്പെടുത്തിയ പ്രത്യേക പദ്ധതിയും നിലവിലുണ്ട്.

സംസ്ഥാനം കൂടുതൽ നിക്ഷേപ സൗഹൃദമാക്കുന്നതിന് സർക്കാരും, വ്യവസായവകുപ്പും ഇതര വകുപ്പുകളും, ഏജൻസികളുമായി ചേർന്ന് ആത്മാർത്ഥമായ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സംരംഭകരുടെ പ്രശ്നങ്ങൾ, മുൻഗണന നൽകി പരിഹരിക്കുന്നതിന് ശ്രമിച്ചുവരുന്നു. നിയമങ്ങളിലും, നടപടിക്രമങ്ങളിലും, ഡിജിറ്റൽ സംവിധാനങ്ങളിലും സമൂലമായ പരിഷ്ക്കാരങ്ങൾ വന്നുകഴിഞ്ഞിട്ടുണ്ട്. വിവിധ വകുപ്പുകളിൽനിന്നും, ഏജൻസികളിൽനിന്നും സംരംഭകർക്ക് ഓൺലൈനായി അനുമതികൾ ലഭ്യമാക്കുന്നതിന് കെസ്വിഫ്റ്റ് സംവിധാനം കൂടുതൽ പരിഷകരിച്ചിട്ടുണ്ട്.

വ്യവസായ സൗഹൃദ റാങ്കിങ്ങ് പട്ടികയിൽ കേരളത്തിന്റെ സ്ഥാനം ഈ വർഷം കൂടുതൽ മെച്ചപ്പെടുമോ?

ഇത്തവണ കേന്ദ്രസർക്കാർ നിർദ്ദേശിച്ച സംസ്ഥാനതല പരിഷ്കരണ നടപടികളിൽ 93.5 ശതമാനവും നമ്മൾ നടപ്പിലാക്കി ബന്ധപ്പെട്ട തെളിവുകൾ സമർപ്പിച്ചിരുന്നു. പരിഷ്കരണ നടപടികൾ 91 ശതമാനവും കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുണ്ട്. നേരത്തെ, ജില്ലാതലത്തിൽ നടപ്പിലാക്കേണ്ട പരിഷ്കരണ നടപടികൾ മുഴുവനും സമയബന്ധിതമായി നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിൽ 0.25 ശതമാനം അധികവായ്പ ലഭ്യമാക്കുന്നതിനുള്ള അനുമതി കേന്ദ്രസർക്കാർ കേരളത്തിന് നൽകുകയുണ്ടായി. ഈ അനുമതി ഉപയോഗപ്പെടുത്തി 2,600 കോടി രൂപയോളം വായ്പ സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ അനുമതി ലഭിച്ച ആദ്യ 8 സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നു.

ഇത്തവണ റാങ്ക് പട്ടികയിൽ ആദ്യ പത്തിൽ കേരളവുമുണ്ടാകുക എന്നതുതന്നെയാണ് സർക്കാരിന്റെയും, ബഹുമാനപ്പെട്ട വ്യവസായ മന്ത്രിയുടെയും, വകുപ്പിന്റെയുമെല്ലാം ലക്‌ഷ്യം. പരിഷ്‌കാരങ്ങൾ രേഖകളിൽ മാത്രം ഒതുങ്ങുന്നവയല്ല. ഉദാഹരണം പറയാം, കെസ്വിഫ്റ്റ് മുഘേനെ സംരംഭം തുടങ്ങുന്നതിന് വിവിധ അനുമതികൾക്കായി ഏകദേശം 34,000 ത്തിൽ അധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 19,000 ത്തിൽ അധികം പേർ MSME അനുമതിപത്രവും മറ്റ് വിവിധ വകുപ്പുകളുടെ അനുമതികളും ലഭ്യമാക്കി സംരംഭങ്ങൾ തുടങ്ങിയിട്ടുള്ളതാണ്. ഇതുവഴി ഏകദേശം 5,000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് വരുന്നു.

മലിനീകരണനിയന്ത്രണ ബോർഡിന്റെ സൂചനയനുസരിച്ച് ചുവപ്പുവിഭാഗത്തിൽപ്പെടാത്തതും MSME വിഭാഗത്തിൽപ്പെടുന്നതുമായ, അതായത് 50 കോടി രൂപയിൽ താഴെ മുതൽമുടക്കുള്ളതുമായ സംരംഭങ്ങൾ, തുടങ്ങുന്നതിന് അപേക്ഷ സമർപ്പിച്ച് ഉടൻതന്നെ അനുമതിപത്രം ലഭ്യമാക്കുന്ന സംവിധാനം കെസ്വിഫ്റ്റിൽ സജ്‌ജമാക്കിയിട്ടുണ്ട്. ഇത്തരം സംരംഭങ്ങളെ സംസ്ഥാനനിയമങ്ങൾക്ക് കീഴിലുള്ള അനുമതികൾ എടുക്കുന്നതിൽനിന്നും 3 വർഷത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. 3 വർഷം  കഴിഞ്ഞ് 6 മാസത്തിനുള്ളിൽ അനുമതികൾ ലഭ്യമാക്കിയാൽ മതി. ഇക്കാലയളവിൽ ബന്ധപ്പെട്ട വകുപ്പുകൾ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതും ഒഴിവാക്കിയിട്ടുണ്ട്.  

ഓൺലൈനായി വിവിധ വകുപ്പുകളുടെ അനുമതികൾ ലഭ്യമാക്കുന്നതിനുള്ള ഏകജാലക സംവിധാനമായ കെസ്വിഫ്റ്റ് വീണ്ടും പരിഷ്കരിച്ച് മൂന്നാം പതിപ്പ് വരുന്നു. നിലവിൽ 21 വകുപ്പുകളുടെയും, ഏജൻസികളുടെയും 79 സേവനങ്ങളാണ് കെസ്വിഫ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മൂന്നാം പതിപ്പിൽ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് അതോറിറ്റി, ഡ്രഗ്സ് കണ്ട്രോൾ വകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പിന്റെ കൂടുതൽ സേവനങ്ങൾ എന്നിവയും, മലിനീകരണ നിയന്ത്രണബോർഡിന്റെ പുതുക്കിയ പോർട്ടലുമായുള്ള ഇന്റഗ്രേഷൻ എന്നിവയും തയ്യാറാകുന്നുണ്ട്. കൂടാതെ കെസ്വിഫ്റ്റിന്റെ മൊബൈൽ അപ്ലിക്കേഷനും സജ്ജമാക്കുന്നുണ്ട്.

വ്യവസായസ്ഥാപനങ്ങളിലെ ചട്ടപ്രകാരമല്ലാത്ത പരിശോധനകളെക്കുറിച്ച് സംരംഭകർ ഉയർത്തിയ പരാതികൾക്ക് ഒരു പരിധിവരെ പരിഹാരമായി. 5 വകുപ്പുകളുടെയും, ഏജൻസികളുടെയും പരിശോധന പൂർണ്ണമായും ഡിജിറ്റൈസ് ചെയ്ത കെ-സിസ് സംവിധാനം മുഖേനെയാക്കിയത് വഴിയാണിത് സാധിച്ചത്. സർക്കാർ നിർദേശപ്രകാരം KSIDC ത്വരിതഗതിയിലാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്, തൊഴിൽ വകുപ്പ്, ലീഗൽ മെട്രോളജി, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ പരിശോധനകളാണ് കെ-സിസ് സംവിധാനം വഴി നടത്തുന്നത്.

മലിനീകരണനിയന്ത്രണ ബോർഡിന്റെ സൂചനയനുസരിച്ച് ചുവപ്പുവിഭാഗത്തിൽപ്പെടാത്ത MSME ഇതര സംരംഭങ്ങൾ തുടങ്ങുന്നതിന്, സംസ്ഥാന നിയമങ്ങൾക്ക് കീഴിലുള്ള അനുമതികൾ 5 വർഷം സാധുതയുള്ള ഒരു സംയുക്ത അനുമതിയായി ലഭ്യമാക്കുന്നതിന് അധികാരമുള്ള ഒരു ബ്യൂറോ രൂപീകരിക്കുന്നതിന് നിയമനിർമ്മാണം നിലവിൽവന്നിട്ടുണ്ട്. പൂർണ്ണമായ ഒരു അപേക്ഷ ലഭിച്ചാൽ അത്തരത്തിൽ ലഭ്യമായ അപേക്ഷകളിന്മേൽ 7 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുന്നതിന് ബ്യൂറോക്ക് അധികാരമുണ്ടായിരിക്കും.

 

 

Post your comments