Global block

bissplus@gmail.com

Global Menu

പുതിയ നയനിലപാടുകളുമായി ആർ.ബി.ഐ

 

പണവായ്പാനയത്തിനുള്ള ഘടകങ്ങളുടെ മുന്‍ഗണനാക്രമം മാറ്റി റിസര്‍വ് ബാങ്ക്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനായി രണ്ടുവര്‍ഷക്കാലത്തോളം വളര്‍ച്ചയ്ക്കു മുന്‍തൂക്കം നല്‍കിയാണ് ആര്‍.ബി.ഐ. നയനിലപാടുകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, യുക്രൈന്‍ യുദ്ധമടക്കം ആഗോള സാമ്പത്തികമേഖലയില്‍ ഉണ്ടായിട്ടുള്ള ദ്രുതഗതിയിലുള്ള വലിയ മാറ്റങ്ങളുടെ സാഹചര്യത്തില്‍ പണപ്പെരുപ്പം നിര്‍ദിഷ്ട പരിധിക്കുള്ളില്‍ നിര്‍ത്താനാകും മുന്‍ഗണന നല്‍കുകയെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വളര്‍ച്ചയ്ക്ക് രണ്ടാംസ്ഥാനമാകും ഇനി ലഭിക്കുക.

സാമ്പത്തികരംഗത്തെ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുള്ള നയനിലപാടിലും ഘട്ടംഘട്ടമായി മാറ്റംവരുത്തും. ഇതുവരെ വളര്‍ച്ച പരിപോഷിപ്പിക്കാന്‍ ഏതറ്റംവരെയും പോകാമെന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഇത്തവണ അടിസ്ഥാനനിരക്കുകള്‍ മാറ്റാതെ നിലനിര്‍ത്തിയെങ്കിലും വിപണിയിലെ അധികമുള്ള പണലഭ്യത കുറയ്ക്കുന്നതിനായി കോവിഡിനുമുമ്പ് ഉപയോഗിച്ചിരുന്ന പണലഭ്യതാ നിയന്ത്രണസംവിധാനം (എല്‍.എ.എഫ്.) രണ്ടുവര്‍ഷത്തിനുശേഷം തിരികെക്കൊണ്ടുവന്നു. റിവേഴ്‌സ് റിപ്പോ നിരക്ക് ഉയര്‍ത്തുന്നതിനു പകരം സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്.ഡി.എഫ്.) പ്രകാരമാകും ബാങ്കുകളില്‍ അധികമുള്ള പണം ഇനി റിസര്‍വ് ബാങ്കിലേക്കെത്തുക. എസ്.ഡി.എഫിന് 3.75 ശതമാനം പലിശയാണ് ബാങ്കുകള്‍ക്ക് ലഭിക്കുക. ഏപ്രില്‍ എട്ടുമുതല്‍ ഇതു പ്രാബല്യത്തിലായി. വാണിജ്യബാങ്കുകളില്‍ അധികമുള്ള പണം പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്കിനുള്ള പ്രധാന ഉപാധികളിലൊന്നാണിത്. ഇത്തരത്തില്‍ നിക്ഷേപിക്കുന്ന പണത്തിനു പകരം ഈടായി സര്‍ക്കാര്‍ കടപ്പത്രം നല്‍കേണ്ടതില്ല. റിവേഴ്‌സ് റിപ്പോ വഴി അധികപണം സ്വീകരിക്കുമ്പോള്‍ തുല്യതുകയ്ക്ക് സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കേണ്ടതുണ്ട്.

എല്‍.എ.എഫ്. സംവിധാനത്തില്‍ ബാങ്കുകള്‍ക്ക് പണലഭ്യത കുറയുമ്പോള്‍ ആര്‍.ബി.ഐ.യില്‍നിന്ന് കടമെടുക്കാനുള്ളതാണ് മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എം.എസ്.എഫ്.). ഇതിന് 4.25 ശതമാനമായിരിക്കും പലിശനിരക്ക്. എസ്.ഡി.എഫ്-എം.എസ്.എഫ്. നിരക്കുകള്‍ തമ്മിലുള്ള അന്തരം അരശതമാനംമാത്രമാണ്. റിപ്പോ-റിവേഴ്‌സ് റിപ്പോ രീതിയില്‍ നിരക്കിലെ വ്യത്യാസം 0.95 ശതമാനവും. ഈ അന്തരം കുറച്ചതിലൂടെ വിപണിയില്‍ അധികമായുള്ള പണം വേഗത്തില്‍ റിസര്‍വ് ബാങ്കിലേക്കെത്തും.

കോവിഡ് പ്രതിസന്ധിയില്‍നിന്ന് സമ്പദ് വ്യവസ്ഥ തിരിച്ചുവന്നിട്ടുണ്ട്. അതിനിടയിലാണ് ഫെബ്രുവരി 24-ന് റഷ്യ - യുക്രൈന്‍ യുദ്ധം പുതിയ വെല്ലുവിളിയായി വന്നത്. ഇത് ആഗോള സമ്പദ്വ്യവസ്ഥയില്‍ ദ്രുതഗതിയില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. അസംസ്‌കൃത എണ്ണവില 130 ഡോളര്‍ നിരക്കിലെത്തി. ഗോതമ്പ്, ഭക്ഷ്യഎണ്ണ, അലുമിനിയം, കോബാള്‍ട്ട്, ചെമ്പ് പോലുള്ള ഉത്പന്നങ്ങളുടെ വിലയും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ പണപ്പെരുപ്പം നിര്‍ദിഷ്ടപരിധിക്കുള്ളില്‍ നിര്‍ത്താന്‍ കൂടുതല്‍ മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ നടപ്പു സാമ്പത്തികവര്‍ഷത്തെ പണപ്പെരുപ്പ നിരക്ക് 5.7 ശതമാനത്തിലേക്കെത്തുമെന്ന് ആര്‍.ബി.ഐ. കണക്കാക്കുന്നത്. അസംസ്‌കൃത എണ്ണവിലയിലെ വലിയ ചാഞ്ചാട്ടം പണപ്പെരുപ്പം പ്രവചനാതീതമാക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. പണപ്പെരുപ്പം പരമാവധി ആറു ശതമാനംവരെ പോകാമെന്ന നിലപാടാണ് ആര്‍.ബി.ഐ. സ്വീകരിച്ചിട്ടുള്ളതെങ്കിലും കഴിഞ്ഞ രണ്ടു മാസങ്ങളിലായി ഇത് അതിനുമുകളിലാണ്

Post your comments