Global block

bissplus@gmail.com

Global Menu

പണി കിട്ടുമോ പേറ്റിയെമിന്ന്?

 

പേടിഎം നിക്ഷേപകരുടേയും, ഉപയോക്താക്കളുടേയും ചങ്കിടിപ്പ് ഏറുന്നു. ചൈനീസ് ബന്ധം സംശയിക്കുന്ന 40 ഓളം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശം ആര്‍.ബി.ഐ. കാര്യമായി പരിഗണിച്ചേക്കുമെന്നതു തന്നെ കാര്യം. ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യന്‍ ബിസിനസുകാരാനായ വിജയ് ശേഖര്‍ ശര്‍മ്മയുടെ പേടിഎമ്മിനു നടപടികള്‍ വെല്ലുവിളിയുയര്‍ത്തുമെന്ന വാദവും ശക്തമാകുകയാണ്. ആര്‍.ബി.ഐ. ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും പട്ടികയിലുണ്ടെന്ന സൂചനയാണ് പേടിഎമ്മിനെ മുള്‍മുനയിലാക്കുന്നത്. ചെറുകിട വ്യാപാരികള്‍ക്കും, ഉപയോക്താക്കള്‍ക്കും ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്നതില്‍ പേടിഎം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെയാണു നടപടിയെന്നതും ശ്രദ്ധേയം.

വായ്പ നല്‍കുന്നതിനോ തുക തിരിച്ചുപിടിക്കുന്നതിനോ വ്യവസ്ഥകളൊന്നും പാലിക്കാത്ത കമ്പനികളാണ് പട്ടികയില്‍ ഏറെയുമെന്നാണു വിവരം. അതേസമയം ലിസ്റ്റഡ് കമ്പനിയായ പേടിഎം നടപടികള്‍ പാലിക്കുന്നുണ്ടെന്നാണു വിവരം. ചൈനീസ് ബന്ധമാണ് കമ്പനിക്കു തലവേദന ഉയര്‍ത്തുന്നത്.

പേടിഎം ഇടപാടുകളില്‍ ദുരൂഹത ആരോപിച്ച് അടുത്തിടെ ആര്‍.ബി.ഐ. പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആര്‍.ബി.ഐ. നടപടിക്കു പുറകേ പേടിഎം, ഉപയോക്താക്കളുടെ ഇടപാട് വിവരങ്ങള്‍ ചൈനീസ് പങ്കാളികള്‍ക്കു കൈമറുന്നവെന്ന ആരോപണം ശക്തമായിരുന്നു. ചൈനീസ് ബിസിനസ് വമ്പന്‍മാരായ ആന്റ് ഫിനാന്‍ഷ്യല്‍, ആലിബാബ എന്നിവര്‍ക്കാണ് പേടിഎമ്മില്‍ പങ്കാളിത്വമുള്ളത്. ഐ.പി.ഒയില്‍ ഓഹരി പാങ്കാളിത്വം കുറച്ചെന്നു വ്യക്തമാക്കുമ്പോഴും കമ്പനികള്‍ തമ്മിലുള്ള അന്തര്‍ധാര ശക്തമാണെന്നാണു റിപ്പോര്‍ട്ടുകള്‍. ചൈനീസ് വ്യവസായ പ്രമുഖനായ ജാക് മായുടെ സ്ഥാപനങ്ങളും സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്നു.

ഏറെ പ്രതീക്ഷയോടെ നിക്ഷേപകര്‍ എതിരേറ്റ ഓഹരിയായിരുന്നു പേടിഎം. വിപണികളിലെ സാന്നിധ്യം തന്നെയായിരുന്നു ഇതിനു പ്രധാന കാരണം. എന്നാല്‍ ഐ.പി.ഒ മുതല്‍ കമ്പനിക്കു കാലിടറുകയായിരുന്നു. പ്രതീക്ഷിച്ച പങ്കാളിത്വം ലഭിക്കാതെ വന്നതോടെ ഡിസ്‌കൗണ്ട് റേറ്റിലാണ് ലിസ്റ്റിങ് നടന്നത്. അതിനു ശേഷം 1,955 തൊട്ട ഓഹരികളുടെ പതനം അതിവേഗമായിരുന്നു. നിലവില്‍ 533.20ല്‍ എത്തിനില്‍ക്കുന്ന ഓഹരി വില 521 വരെ താഴ്ന്നിരുന്നു. പുതിയ റിപ്പോര്‍ട്ടിന്റെ പശ്ചാതലത്തില്‍ ഇന്നും ഓഹരികള്‍ വീഴുമെന്നാണു സൂചന. ഓഹരികള്‍ ലിസ്റ്റ് ചെയ്ത് ആറു മാസത്തില്‍ താഴെ നില്‍ക്കവേ നിക്ഷേപകരുടെ നഷ്ടം 66 ശതമാനമാണ്. ഉപയോക്താക്കളെ സംബന്ധിച്ച് വിവരച്ചോര്‍ച്ചയാണ് ഭീഷണി. വന്‍കിട കമ്പനികളടക്കം പേടിഎമ്മിന്റെ ഉപയോക്താക്കളാണ്. ഇടപാട് വിവരങ്ങള്‍ ചോരുന്നത് വ്യാപാരികള്‍ക്കും തിരിച്ചടിയാണ്.

Post your comments