Global block

bissplus@gmail.com

Global Menu

സ്വാന്തന സ്പർശവുമായി ബ്ലഡ് 4 ലൈഫ് 5-ആം വർഷത്തിലേക്ക്....

1.ബ്ലഡ്‌ 4 ലൈഫിന്റെ തുടക്കം ഒന്ന് വിശദീകരിക്കാമോ?

 ബ്ലഡ് ഫോർ ലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ തുടക്കത്തെ കുറിച്ച് പറയുമ്പോൾ ചില വ്യക്തിപരമായ കാര്യങ്ങൾ പറയേണ്ടതുണ്ട്. എന്റെ ഒൻപത് വയസ്സിൽ അമ്മ കാൻസർ രോഗത്താൽ മരണപ്പെട്ടു. വളരെ ചെറുപ്പമായിരിയ്ക്കെ തന്നെ അമ്മയുടെ രണ്ട് സഹോദരന്മാരും കാൻസർ രോഗത്താൽ മരണപ്പെട്ടു. അത്യാവശ്യം ഭൂസ്വത്തുക്കൾ ഉള്ള അറിയപ്പെടുന്ന തറവാടുകളിലെ അംഗങ്ങളായിരുന്നു അച്ഛനും അമ്മയും എങ്കിലും കാൻസർ രോഗത്തിന്റെ ചികിത്സയ്ക്കായി പെട്ടെന്ന് പണമായി വലിയ സാമ്പത്തികം കണ്ടെത്തേണ്ടി വന്നതിന്റെ ബുദ്ധിമുട്ടുകൾ അമ്മയുടെയും അമ്മയുടെ സഹോദരന്മാരുടെയും ചികിത്സാ കാലയളവിൽ ശരിയ്ക്കും അനുഭവിച്ചറിഞ്ഞു.ഇങ്ങനെയുള്ള അവസരങ്ങളിൽ ഭൂസ്വത്തുക്കൾ ഉണ്ടെങ്കിലും പെട്ടെന്ന് വിറ്റ് പണമാക്കുവാൻ ഉള്ള സാഹചര്യം ലഭിക്കില്ല. അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ളവരുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ RCC യിൽ ചികിത്സയ്ക്കായി എത്തുന്ന ഭൂരിഭാഗം വരുന്ന നിർധന രോഗികളുടെ അവസ്ഥ എന്തായിരിക്കുമെന്ന ചിന്ത എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. കുറേ കാലത്തിനുശേഷം ഒരു സുഹൃത്തിന്റെ സഹോദരന്റെ ചികിത്സയ്ക്കുവേണ്ടി ഒന്നരവർഷത്തോളം ബൈസ്റ്റാൻഡർ ആയി RCC യിൽ ചിലവഴിക്കേണ്ടി വന്നപ്പോൾ അവിടുത്തെ രോഗികളുടെയും കുടുംബത്തിന്റെയും ബുദ്ധിമുട്ടുകൾ കൂടുതലായി മനസ്സിലാക്കുവാൻ കഴിഞ്ഞു. ചെറിയ ജോലികൾ ചെയ്ത് കുടുംബം പുലർത്തിയിരുന്നവർ രോഗികളായോ പ്രിയപ്പെട്ടവരെയും കൊണ്ട് കൂട്ടിരിപ്പുകാർ ആയോ RCC യിൽ വലിയൊരു കാലയളവ് ചിലവിടേണ്ടി വരുമ്പോൾ ജോലിക്ക് പോകുവാൻ കഴിയാതെയും ചികിത്സയ്ക്കുള്ള വലിയ സാമ്പത്തികം കണ്ടെത്തുവാൻ കഴിയാതെയും ദൂരസ്ഥലങ്ങളിൽ നിന്നെത്തി പരിചയമില്ലാത്ത ഒരിടത്ത് രക്തദാതാക്കളെ കണ്ടെത്തുവാൻ കഴിയാതെയും വളരെയേറെ കഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കി. അങ്ങനെയുള്ളവരെ സഹായിക്കുവാൻ എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിലൂടെയാണ് ബ്ലഡ്‌ 4 ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന ആശയം പിറക്കുന്നത്. സാമൂഹിക പ്രവർത്തനങ്ങൾക്കായി ഒരു സ്ത്രീ മുന്നിട്ടിറങ്ങുക എന്നത് എന്റെ കുടുംബത്തിനെ സംബന്ധിച്ച് അംഗീകരിക്കുവാൻ ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നതിനാൽ അനുമതിയ്ക്കായി ഒരുവർഷത്തോളം കാത്തിരിയ്ക്കേണ്ടിവന്നു. പിന്നീട് ചെയ്യുവാൻ ആഗ്രഹിയ്ക്കുന്ന കാര്യങ്ങളുടെ നന്മ മനസ്സിലാക്കി അനുവാദം നൽകുകയും 2017 ജൂലൈ 21ന് ബ്ലഡ് 4 ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ഉഷശ്രീ മേനോൻ, അഭിലാഷ് നായർ, ഹരികൃഷ്ണൻ S നായർ എന്നിവർ സ്ഥാപക അംഗങ്ങളായി രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിക്കുകയും ചെയ്തു.

2.കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനങ്ങൾ ഒന്ന് ചുരുക്കി പറയാമോ?

5 വർഷത്തെ പ്രവർത്തനങ്ങൾ ചുരുക്കിപ്പറയുക എന്നത് പ്രയാസമാണ് . അത്രമേൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ദിവസേന ചെയ്തു വരികയാണ്.എടുത്തു പറയേണ്ട പ്രവർത്തനങ്ങൾ ഇവയെല്ലാമാണ്.

a) രക്‌തദാന പ്രവർത്തനങ്ങൾ :ഏഷ്യയിലെ ഏറ്റവും പ്രധാന കാൻസർ ചികിത്സാ കേന്ദ്രങ്ങളിൽ ഒന്നായ തിരുവനന്തപുരം RCC യിൽ ദീർഘകാലം നീളുന്ന ചികിത്സാ കാലയളവിൽ നിരവധി രോഗികളാണ് ദിവസേന രക്തദാതാക്കളെ ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. കീമോതെറാപ്പി ചെയ്യുന്ന സമയത്ത് പ്ലേറ്റ്‌ലെറ്റ് കൗണ്ട് വളരെയധികം കുറയുന്നതിനാൽ ഒരു കാൻസർ രോഗിയ്ക്ക് ഒരു ദിവസം തന്നെ 4,5 യൂണിറ്റ് രക്തം ആവശ്യം വരാറുണ്ട്. ദിവസേന നൂറുകണക്കിന് രോഗികൾ RCC യിൽ കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആവശ്യം വരുന്ന രക്തദാതാക്കൾ നിരവധിയാണ്.ദൂരസ്ഥലങ്ങളിൽ നിന്ന് ചികിത്സ തേടിയെത്തുന്ന രോഗികൾക്കും വീട്ടുകാർക്കും ഇതുമൂലം ഉണ്ടാകുന്ന മാനസിക സമ്മർദ്ദം പറഞ്ഞറിയിക്കുവാൻ കഴിയില്ല. ഇങ്ങനെയുള്ള രോഗികൾക്ക് രക്തദാതാക്കളെ കണ്ടെത്തുന്നതിനും വിദഗ്ധ ചികിത്സ തേടി നിരവധി സ്ഥലങ്ങളിൽ നിന്നും രോഗികൾ വന്നെത്തുന്ന ആശുപത്രികളായ തിരുവനന്തപുരം മെഡിക്കൽ കോളേജ് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജി(ശ്രീചിത്ര )ശ്രീ അവിട്ടം തിരുനാൾ ആശുപത്രി (SAT) ജനറൽ ആശുപത്രി തുടങ്ങിയ ആശുപത്രികളിലേക്കും സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ തിരുവനന്തപുരത്തും കൊല്ലത്തും ഉള്ള എല്ലാ ആശുപത്രികളിലും ആവശ്യം വരുന്ന രക്തത്തിനായി കഴിയുംവിധം രക്തദാതാക്കളെ കണ്ടെത്തുകയും ആശുപത്രികളുമായി ചേർന്ന് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു.

b)സ്നേഹവിരുന്ന് : തിരുവനന്തപുരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന RCC, ശ്രീചിത്ര, മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങൾ ശ്രീ അവിട്ടം തിരുനാൾ ആശുപത്രി തുടങ്ങിയ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി എല്ലാ ഞായറാഴ്ചകളിലും സ്പോൺസർഷിപ്പ് ലഭിയ്ക്കുന്നതനുസരിച്ച് മറ്റു ദിവസങ്ങളിലും വിശേഷദിവസങ്ങളിലും ഹർത്താൽ ദിവസങ്ങളിലും കൃത്യമായി പ്രഭാതഭക്ഷണവും ചില അവസരങ്ങളിൽ ഉച്ചഭക്ഷണവും നൽകിവരുന്നു. സ്പോൺസർഷിപ്പ് ലഭിയ്ക്കുന്നതിനനുസരിച്ച് പൂജപ്പുര നൃത്താലയ ആശുപത്രിയിലും അനാഥാലയങ്ങളിലും സ്നേഹവിരുന്ന് നടത്താറുണ്ട്. ഞങ്ങൾ നടത്തുന്ന സ്നേഹ വിരുന്നുകൾ നിർധനയും അനാഥയുമായ ഒരു യുവതിയുടെയും രണ്ടു ചെറിയ കുഞ്ഞുങ്ങളുടെയും ജീവിത മാർഗ്ഗം കൂടിയാണ്. ജീവിയ്ക്കുവാൻ മാർഗ്ഗമില്ലാതെ ചെറിയ കുഞ്ഞുങ്ങളുമായി ഒരു ഘട്ടത്തിൽ ജീവിതം അവസാനിപ്പിയ്ക്കുവാൻ വരെ ശ്രമിച്ച സരസ്വതി എന്ന സഹോദരിയെയും കുഞ്ഞുങ്ങളെയും രണ്ടു വർഷങ്ങൾക്ക് മുൻപ് ബ്ലഡ്‌ 4 ലൈഫ് സംഘടന ഏറ്റെടുക്കുകയും കഴിഞ്ഞ ഒരു വർഷമായി സംഘടന നടത്തുന്ന സ്നേഹവിരുന്നുകൾക്കുള്ള ഭക്ഷണം  തനിയെ പാകം ചെയ്ത് നൽകുന്നതിലൂടെ കിട്ടുന്ന വരുമാനത്തിൽ സരസ്വതി പരാശ്രയം കൂടാതെ മക്കളോടൊപ്പം സുരക്ഷിതമായി കഴിയുകയും ചെയ്യുന്നു.

c)അമൃതധാര പെൻഷൻ പദ്ധതി :
 വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിയ്ക്കുന്ന കിടപ്പുരോഗികളുടെ കുടുംബത്തിന് എല്ലാമാസവും 2500 രൂപ വീതം പെൻഷനായി നൽകിവരുന്ന പദ്ധതിയാണ് അമൃതധാര പെൻഷൻപദ്ധതി. കിടപ്പുരോഗികളുടെ കുടുംബാംഗങ്ങളും രോഗികളായിരിയ്ക്കുകയോ രോഗികളെ തനിച്ചാക്കി പുറത്ത് ജോലിക്ക് പോകുവാനോ  കഴിയാത്ത അവസ്ഥയിലുള്ളവരോ ആയിരിക്കുകയും സാമ്പത്തികമായി മറ്റ് വരുമാന മാർഗങ്ങൾ ഒന്നും ഇല്ലാതിരിയ്ക്കുകയും ചെയ്യുന്ന അവസ്ഥയിലുള്ള കുടുംബങ്ങൾക്കാണ് അമൃതധാര പെൻഷൻ നൽകുക. നിലവിൽ 12 കുടുംബങ്ങൾക്കാണ് അമൃതധാര പെൻഷൻ നൽകി വരുന്നത്. കൂടുതൽ റിക്വസ്റ്റുകൾ വരുന്നതനുസരിച്ച് സഹായിയ്ക്കുവാൻ തയ്യാറുള്ളവരെ കണ്ടെത്തി കൂടുതൽ പേരിലേക്ക് അമൃതധാര പെൻഷൻ എത്തിക്കുവാൻ ഉള്ള ശ്രമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.

സ്നേഹസാന്ത്വനം : സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിയ്ക്കു ന്ന രോഗികൾക്ക് അടിയന്തിരമായി ആവശ്യം വരുന്ന മരുന്നുകൾ വാങ്ങി നൽകുക, അടിയന്തരമായി ചെയ്യേണ്ട മെഡിക്കൽ ടെസ്റ്റുകൾക്ക് പണമില്ലാതെ വിഷമിയ്ക്കുന്നവർക്ക് സാമ്പത്തികസഹായം നൽകുക,വളരെ ദാരിദ്ര്യം അനുഭവിയ്ക്കുന്ന കുടുംബങ്ങളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ എത്തിയ്ക്കുക,വീൽ ചെയർ,ഹോസ്പിറ്റൽ കട്ടിൽ, എയർ ബെഡ് തുടങ്ങിയവ രോഗികളുടെ ആവശ്യാനുസരണം വാങ്ങി നൽകുക, ആംബുലൻസ് സർവ്വീസ് ആവശ്യം വരുന്ന നിർധന രോഗികൾക്ക് സൗജന്യമായി ആംബുലൻസ്  സൗകര്യം ലഭ്യമാക്കി കൊടുക്കുക, നിർദ്ധനരായ പെൺകുട്ടികളുടെ വിവാഹത്തിന് സാമ്പത്തിക സഹായങ്ങൾ നൽകുക തുടങ്ങിയ കാര്യങ്ങൾ സ്നേഹസാന്ത്വനം എന്ന പേരിൽ  ബ്ലഡ്‌ 4 ലൈഫ് സംഘടന ചെയ്തുവരുന്നു.

d)അക്ഷരധാര :സർക്കാർ സ്കൂളുകളിൽ പഠിയ്ക്കുന്ന നിർധന വിദ്യാർത്ഥികൾക്ക് യാത്രാ ചിലവിനും,പുസ്തകങ്ങൾ, പഠനോപകരണങ്ങൾ എന്നിവ വാങ്ങുന്നതിനും ആരംഭിച്ച പദ്ധതിയാണ് അക്ഷരധാര പഠന സഹായ പദ്ധതി.എന്നാൽ കോവിഡ് മഹാമാരിയുടെ കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിനായി നിരവധി സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും മൊബൈൽ ഫോണുകൾ,ടെലിവിഷനുകൾ, പഠനോപകരണങ്ങൾ എന്നിവ വാങ്ങി നൽകി സഹായിക്കുവാൻ കഴിഞ്ഞു.

e)ചികിത്സാ ധനസഹായം :കേരളത്തിൽ പല സ്ഥലങ്ങളിൽ നിന്നും ചികിത്സയ്ക്ക് പണമില്ലാതെ കഷ്ടത അനുഭവിയ്ക്കുന്ന രോഗികളുടെ സഹായ റിക്വസ്റ്റുകൾ വരാറുണ്ട്. സംഘടനയുടെ പ്രോഗ്രാം കോർഡിനേറ്റർ നേരിട്ട് അന്വേഷിച്ച് രോഗി തികച്ചും സഹായം അർഹിയ്ക്കുന്നു എന്ന് ഉറപ്പാക്കിയതിന് ശേഷം  കഴിയും വിധമുള്ള സാമ്പത്തിക സഹായം സംഘടനയുടെ അക്കൗണ്ടിൽനിന്ന് ട്രാൻസ്ഫർ ചെയ്തു നൽകുകയോ ചെക്ക് ആയി  നൽകുകയോ ചെയ്യുന്നു.

f)സ്നേഹാമൃതം : തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ഭാഗമായുള്ള ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ സെന്ററിലെ നിർധന കിടപ്പു രോഗികളും കൂട്ടിരിപ്പുകാരും ദീർഘനാൾ വേണ്ടിവരുന്ന ചികിത്സാ കാലയളവിൽ ഭക്ഷണത്തിന് മാർഗ്ഗമില്ലാതെ  ബുദ്ധിമുട്ടുന്നതായി അവിടുത്തെ ജീവനക്കാരിൽനിന്ന് തന്നെ അറിയുവാൻ ഇടയായി. അങ്ങനെയുള്ള രോഗികൾക്കും അവരോടൊപ്പം ആശുപത്രിയിൽ സഹായിയായി കൂടെ ഉള്ളവർക്കും ഭക്ഷണം മുടങ്ങാതെ ലഭിയ്ക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് സ്നേഹാമൃതം.അവിടെയുള്ള കിടപ്പ് രോഗികളുടെ എണ്ണം എടുത്തതിനുശേഷം മെഡിക്കൽ കോളേജ് ക്യാന്റീനിൽ ലഭ്യമായവയിൽ അവർക്ക് ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടമുള്ള നേരത്ത് വാങ്ങാവുന്ന  വിധത്തിൽ ഒരു മാസത്തേക്കുള്ള ഭക്ഷണ കൂപ്പണുകൾ മുൻകൂറായി വാങ്ങി ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ സെന്ററിലെ ഉത്തരവാദിത്തപ്പെട്ട ജീവനക്കാരെ ഏൽപ്പിക്കുന്നു. ബ്ലഡ് 4 ലൈഫ് സംഘടനയിലെ അംഗവും അവിടുത്തെ സ്റ്റാഫുമായ ശ്രീമതി ശ്രീജ. M. S മാഡത്തിന്റെ ഉത്തരവാദിത്തത്തിൽ അവിടുത്തെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം എല്ലാ നേരങ്ങളിലും മുടക്കമില്ലാതെ ലഭ്യമാക്കുന്നു.

g)സ്വപ്നധാര ജീവൻ സഹായ പദ്ധതി :ജീവിതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവർക്ക് ജീവിതമാർഗ്ഗം നൽകി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമമാണ് സ്വപ്നധാര ജീവൻ സഹായ പദ്ധതിയിലൂടെ ചെയ്യുന്നത്. മുന്നോട്ടുള്ള ജീവിതത്തിന്റെ എല്ലാ വഴികളും അടഞ്ഞ...ഭർത്താവ് മരണപ്പെട്ട സരസ്വതിയെയും രണ്ട് കുഞ്ഞുങ്ങളെയും ബ്ലഡ് 4 ലൈഫ് സംഘടന ഏറ്റെടുക്കുകയും രണ്ടുലക്ഷത്തോളം രൂപ ചിലവാക്കി സരസ്വതിയുടെ കടങ്ങൾ കുറെയേറെ തീർക്കുവാൻ സഹായിച്ച് ജീവിതമാർഗ്ഗമായി ഒരു നല്ല തട്ടുകടയും അതിന് ആവശ്യമായ മറ്റ് എല്ലാ സാധനങ്ങളും വാങ്ങി നൽകുകയും ചെയ്തു. എല്ലാ ആഴ്ചകളിലും സംഘടനയുടെ അന്നദാന ഓർഡറുകൾ നൽകുകയും  പരാശ്രയമില്ലാതെ ജീവിയ്ക്കുവാൻ പ്രാപ്തയാക്കുകയും ചെയ്തു. ഇന്ന് സരസ്വതി കുഞ്ഞുങ്ങളെ നല്ല ഒരു സ്കൂളിൽ ചേർത്ത് നല്ല ഒരു വാടകവീട്ടിൽ സമാധാനമായി ജീവിയ്ക്കുന്നു.തുടർച്ചയായ വെള്ളപ്പൊക്കത്തിലും കോവിഡ് പ്രതിസന്ധിയിലും ജീവിതമാർഗ്ഗം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങളിലെ സ്ത്രീകൾക്ക് തയ്യൽ മെഷീനുകൾ, പുരുഷന്മാർക്ക് മത്സ്യബന്ധനത്തിനുള്ള വള്ളങ്ങൾ,വലകൾ,കോവിഡ് മഹാമാരിയിൽ ജീവിതം നഷ്ടപ്പെട്ടവർക്ക് ഉപജീവനത്തിനായി മത്സ്യ കച്ചവടത്തിനുള്ള സ്കൂട്ടർ അനുബന്ധ സാമഗ്രികൾ, മൂലധനം,ലോട്ടറി കച്ചവടത്തിനായി സൈക്കിൾ അതിനുള്ള മൂലധനം, പച്ചക്കറി കച്ചവടത്തിനുള്ള മൂലധനം എന്നിവ നൽകി സഹായിച്ചിരുന്നു.

സ്നേഹപൂർവ്വം ഒരു കൈത്താങ്ങ് : 2018 ൽ കേരളത്തെ പിടിച്ചുലച്ച പ്രളയം മുതൽ വർഷങ്ങളായി തുടരുന്ന പ്രകൃതി ദുരന്തങ്ങളിലും മഹാമാരിയിലും ദുരിതമനുഭവിക്കുന്നവർക്കായി  നൽകിവരുന്ന സഹായങ്ങളാണ് സ്നേഹപൂർവ്വം ഒരു കൈത്താങ്ങ്. 2018 പ്രളയകാലത്ത് ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന സാധനങ്ങൾ കുട്ടനാട്, വന്മഴി,ചെങ്ങന്നൂർ ഭാഗങ്ങളിൽ വളരെ അർഹമായ കുടുംബങ്ങളെ കണ്ടെത്തി നൽകിയിരുന്നു.ഓരോ സ്ഥലങ്ങളിലെയും വാർഡ് മെമ്പർമാരുമായി ബന്ധപ്പെട്ട്‌ ഓരോ വാർഡുകളിലേക്കും വീടുകളിലേക്കും ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് എടുത്ത് അതിനനുസരിച്ചുള്ള സാധനങ്ങളാണ് എത്തിച്ചു നൽകിയത്.തിരുവനന്തപുരത്തും കൊല്ലത്തുമുള്ള നിരവധി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ മരുന്നുകൾ, വസ്ത്രങ്ങൾ,ഭക്ഷണം എന്നിവ ആവശ്യാനുസരണം എത്തിച്ചു നൽകുവാൻ കഴിഞ്ഞിരുന്നു. ഓഖി ചുഴലിക്കാറ്റിൽ ജീവിതം താറുമാറായ കടലോര പ്രദേശവാസികൾക്കും ചെല്ലാനത്ത് കടൽക്ഷോഭത്താൽ ജീവിതം താറുമാറായവർക്കും നിരവധി സഹായങ്ങളും ഭക്ഷണവും എത്തിച്ചു നൽകിയിരുന്നു 2019 നിലമ്പൂർ കവളപ്പാറ പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായപ്പോഴും വീട്ടുസാധനങ്ങൾ ഉൾപ്പെടെ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളും പ്രകൃതി ദുരന്തത്തിൽ തകർന്നുപോയ എടക്കരയിൽ ഉള്ള പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിലേക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും എത്തിച്ചു നൽകുവാൻ കഴിഞ്ഞിരുന്നു.2019ൽ ആസ്സാമിലെ വെള്ളപ്പൊക്ക ദുരിതങ്ങളുടെ സമയത്തും ശേഖരിയ്ക്കാവുന്ന പരമാവധി സാധനങ്ങൾ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ റെയിൽ മാർഗ്ഗം ആസ്സാമിൽ എത്തിച്ചു നൽകിയിരുന്നു. പിന്നീട് കോവിഡ് മഹാമാരി പടർന്നു പിടിച്ചപ്പോഴും ഇന്നും പ്രശ്നങ്ങൾ തുടരുമ്പോഴും കഷ്ടപ്പെടുന്നവർക്ക് സഹായങ്ങളുമായി ഞങ്ങൾ ഒപ്പമുണ്ട്. 

അക്ഷരമുറ്റത്തു നിന്നൊരു കൈത്താങ്ങ് : സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നന്മയുടെ വിത്ത് പാകുന്നതിനും അതിലൂടെ ക്യാൻസർ രോഗികളെ സഹായിയ്ക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയാണ് അക്ഷരമുറ്റത്തു നിന്നൊരു കൈത്താങ്ങ്.വിദ്യാർത്ഥികൾ ആഴ്ചയിലൊരിക്കൽ വീട്ടിൽ നിന്നും ന്യൂസ് പേപ്പറുകളും മാസികകളും സ്കൂളിൽ കൊണ്ടുവന്ന് ശേഖരിയ്ക്കുകയും കുറെയേറെ ആകുമ്പോൾ ബ്ലഡ്‌ 4 ലൈഫ് സംഘടനയുടെ സഹായത്തോടെ അത് വിറ്റ് ലഭിക്കുന്ന പണം സ്കൂൾ അസംബ്ലിയിൽ വെച്ച് സംഘടന വഴി സഹായം അഭ്യർത്ഥിച്ചു വരുന്ന കുട്ടികളായ ഏതെങ്കിലും കാൻസർ രോഗിയുടെ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു വന്നിരുന്നു. അന്നേദിവസം രക്തദാനത്തെക്കുറിച്ചും സമൂഹത്തിൽ ദുരിതമനുഭവിയ്ക്കുന്നവരെ സഹായിയ്‌ക്കേണ്ടതിനെക്കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുന്നതിനുള്ള ക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു. കോവിഡ് വ്യാപനത്താൽ  സ്കൂളുകളിൽ ക്ലാസുകൾ ഇല്ലാതായതിനുശേഷം  ഈ പദ്ധതി തുടരുവാൻ കഴിഞ്ഞിട്ടില്ല. ഭാവി തലമുറയിൽ നന്മയുടെ ശീലം വളർത്തുവാൻ ഏറെ സഹായിയ്ക്കുന്ന ഈ പദ്ധതി സാഹചര്യങ്ങൾ അനുകൂലമായാൽ വീണ്ടും തുടരുന്നതാണ്.

പ്രവർത്തനമേഖല തിരുവനന്തപുരം മാത്രമാണോ?

തിരുവനന്തപുരം  RCC, ശ്രീചിത്ര, മെഡിക്കൽ കോളേജ്, SAT തുടങ്ങിയ ആശുപത്രികളിലെ രോഗികളെ സഹായിയ്ക്കുവാൻ ലക്ഷ്യമിട്ട് ആരംഭിച്ച സംഘടനയാണെങ്കിലും ഇന്ന് കേരളത്തിലുടനീളം വളരെ ദുരിതമനുഭവിക്കുന്ന രോഗികൾക്ക് സംഘടനയുടെ സഹായങ്ങൾ ലഭിയ്ക്കുന്നു. കേരളത്തിൽ പല സ്ഥലങ്ങളിലും ബ്ലഡ് 4  ലൈഫ് സംഘടനയിലെ അംഗങ്ങൾ ഉള്ളതിനാൽ നേരിട്ട് അന്വേഷിച്ച് ഉറപ്പുവരുത്തേണ്ട റിക്വസ്റ്റുകൾ അവരെക്കൊണ്ട് അന്വേഷിപ്പിയ്ക്കുകയും സംഘടനയുടെ പ്രോഗ്രാം കോർഡിനേറ്റർ ഒരു തുടരന്വേഷണം നടത്തി രോഗി സഹായത്തിന് തികച്ചും അർഹനാണെന്ന് ബോധ്യപ്പെട്ടാൽ സംഘടനയിലൂടെ ശേഖരിയ്ക്കുന്ന പണം  രോഗിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തോ ചെക്ക് ആയോ രോഗിയ്ക്ക് നൽകുന്നു. ചെറിയ രീതിയിലുള്ള പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളും ഇപ്പോൾ ചെയ്യുവാൻ ആരംഭിച്ചിട്ടുണ്ട്.

ഭാവി പദ്ധതികൾ?
 സമൂഹത്തിൽ ദാരിദ്ര്യത്താലും മഹാരോഗത്താലും ദുരിതമനുഭവിയ്ക്കുന്ന കൂടുതൽ പേർക്ക് ഉപകാരപ്രദമാകും വിധം സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതോടൊപ്പം വാർദ്ധക്യകാലത്ത് അനാഥമാക്കപ്പെടുന്നവർക്കായി ഒരു ഓൾഡേജ് ഹോം ആരംഭിക്കണമെന്നും RCC യിൽ ചികിത്സയ്ക്കായെത്തുന്ന സാധുക്കളിൽ കുറച്ചു പേർക്കെങ്കിലും സൗജന്യ താമസവും ഭക്ഷണവും ലഭിയ്ക്കുവാനുള്ള സൗകര്യമൊരുക്കണമെന്നും വളരെ ആഗ്രഹിയ്ക്കുന്നു.

CSR ഫണ്ട്‌ കിട്ടുന്നുണ്ടോ?
ഇല്ല.ബ്ലഡ്‌ 4 ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ഇതുവരെ പ്രവർത്തിച്ചത് സമൂഹത്തിൽ നന്മ ചെയ്യുവാൻ ആഗ്രഹിയ്ക്കുന്ന സുമനസ്സുകളുടെ സഹായത്താൽ മാത്രമാണ്.ഞങ്ങളുടെ പ്രവർത്തനങ്ങൾ വളരെ ആത്മാർത്ഥവും സുതാര്യവും സത്യസന്ധവും ആണെന്ന് വിശ്വാസമുള്ളതിനാൽ തുടക്കകാലം മുതലുള്ള അംഗങ്ങൾ ഇന്നും സജീവമായി സംഘടനയിൽ തുടരുകയും ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് താല്പര്യമുള്ള അവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ബ്ലഡ്‌ 4 ലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്നതിനാൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി തുടരുവാൻ കഴിയുന്നു. സംഘടനയിൽ അംഗങ്ങളായ നിരവധി നല്ല മനസ്സുള്ളവരുടെയും സംഘടനയിലെ അംഗങ്ങൾ അല്ലെങ്കിൽ പോലും പ്രവർത്തനങ്ങളുടെ നന്മ മനസ്സിലാക്കി സഹായങ്ങൾ നൽകുന്ന കുറെ നല്ല മനസ്സുള്ളവരുടെയും സഹായത്താലാണ് സംഘടനയ്ക്ക് ഇത്രയധികം ജീവകാരുണ്യ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ചെയ്യുവാൻ കഴിയുന്നത്.ചെറുതും വലുതുമായി സംഘടനയ്ക്ക് സ്ഥിരമായി സഹായങ്ങൾ നൽകുന്ന പറയുവാൻ കഴിയാത്ത അത്രയും നന്മയുള്ള വ്യക്തികളുണ്ട്.അതോടൊപ്പം എടുത്തുപറയേണ്ട ചില വ്യക്തിത്വങ്ങൾ  ശ്രീ. റെജി മോഹൻ നായർ (ഷാർജ)  ശ്രീ. ഷിബിലി അഹമ്മദ്( നന്മ ചാരിറ്റബിൾ ട്രസ്റ്റ്, നോർത്ത് അമേരിക്ക )ശ്രീ. അജയ് ദാസ്. M (അഗ്നി വാട്സ്ആപ്പ് കൂട്ടായ്മ ), ശ്രീ. സജു ചാക്കോ (ന്യൂ ജേഴ്‌സി ), ശ്രീ. സിറിൽ (ന്യൂ ജേഴ്‌സി )ശ്രീ. ജയറാം (ഗുരുവായൂർ), ശ്രീ.ജയപ്രസാദ് (ദുബായ് )എന്നിവരാണ്.

Post your comments