Global block

bissplus@gmail.com

Global Menu

മഹാ നഗരം

തിരുവനന്തപുരത്തെക്കുറിച്ച്‌ പറയുമ്പോള്‍ രാജഭരണ കാലഘട്ടം മുതല്‍ തിരുവനന്തപുരം ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഒരു സ്ഥലമായി മാറിയിരുന്നു എന്നുള്ളത്‌ നമുക്ക്‌ നന്നായിട്ടറിയാം. പത്മനാഭസ്വാമി ക്ഷേത്രവും ശംഖുമുഖം കടപ്പുറവും എല്ലാ തിരുവനന്തപുരത്തിന്റെ മനോഹാരിതയ്‌ക്ക്‌ മാറ്റ്‌ കൂട്ടുന്നവയായിരുന്നു. എന്നാല്‍ അതോടൊപ്പം ജനാധിപത്യഭരണം വന്നതിനുശേഷം കേരളത്തിന്റെ മുഖഛായ മാറ്റുന്നതില്‍ എല്ലാ ഗവണ്‍മെന്റും തലസ്ഥാന നഗരിയെ കൂടുതല്‍ മെച്ചപ്പെടുന്നതിനുവേണ്ടി പരിശ്രമിച്ചിട്ടുണ്ട്‌ എന്നുള്ളതില്‍ നമുക്കാര്‍ക്കും തര്‍ക്കം കാണാന്‍ വഴിയില്ല. അതില്‍ ശ്രീ. സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ തിരുവനന്തപുരത്ത്‌ കൊണ്ടുവന്ന സ്ഥാപനങ്ങള്‍ നമ്മുടെ തലസ്ഥാന നഗരിക്ക്‌ കുറച്ചുകൂടി പേരും പ്രശസ്‌തിയും ഉണ്ടാക്കി കൊടുക്കാന്‍ ഉപകരിക്കുന്നതായിരുന്നു എന്ന വിശ്വാസമാണ്‌ എനിക്കുള്ളത്‌. അത്‌ കേവലം തിരുവനന്തപുരം എന്ന തലസ്ഥാനനഗരിക്ക്‌ തിലകക്കുറി ആയത്‌ മാത്രമല്ല മറിച്ച്‌ കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും ആശ്വാസം പകരുന്ന, ശ്രദ്ധ നല്‍കുന്ന ഓരോ സ്ഥാപനങ്ങളാണ്‌ ആ ഗവണ്‍മെന്റിന്റെ കാലഘട്ടത്തില്‍ തിരുവനന്തപുരത്ത്‌ കൊണ്ടുവന്നത്‌. അതില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശം അര്‍ഹിക്കുന്ന ഒരു സ്ഥാപനമാണ്‌ ശ്രീചിത്തിരതിരുന്നാള്‍ മെഡിക്കല്‍ സെന്റര്‍. രാജകുടുംബം നല്‍കിയ ആ സ്ഥലത്ത്‌ ഇന്ന്‌ കാണുന്ന മനോഹരമായ കെട്ടിടം ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്കും ഉള്ള ഒരു മികച്ച ആശുപത്രിയായി കേന്ദ്രഗവണ്‍മെന്റിന്റെ സഹായത്തോടുകൂടി വളളര്‍ത്തിക്കൊണ്ടുവന്നത്‌ ശ്രീ. സി. അച്ച്യുതമേനോനാണ്‌. അദ്ദേഹത്തിന്റെ വ്യക്തിപരമായ ആഗ്രഹവും, ഡോ. എം. എസ്‌. വല്യത്താനെ ആശുപത്രിയുടെ ചുമതലയില്‍ കൊണ്ടുവരുവാനെടുത്ത തീരുമാനവുമാണ്‌ നമുക്ക്‌ ആരോഗ്യമേഖലയില്‍ ശ്രീ ചിത്തിരതിരുന്നാള്‍ ആശുപത്രിയെ ഇന്നത്തെ നിലയിലേക്ക്‌ കൊണ്ടുവന്നെത്തിച്ചത്‌. തിരുവനന്തപുരത്തിന്റെ ഒരു പ്രധാനപ്പെട്ട സ്ഥാപനമായി തലയുയര്‍ത്തി നില്‍ക്കുന്നു. അതുപോലെ തന്നെ സംസ്ഥാന ഗവണ്‍മെന്റിന്റെ ചുമതലയില്‍ ആര്‍. സി. സി. ക്യാന്‍സര്‍ സംബന്ധമായ അസുഖങ്ങള്‍ക്ക്‌ കേരളത്തില്‍ ഒരുപക്ഷെ ആദ്യമായി വന്ന ആശുപത്രിയും ആര്‍. സി. സി. തന്നെയാണ്‌. തിരുവനന്തപുരത്തിന്റെ ഒരു പ്രത്യേക മുതല്‍ കൂട്ടായി ഞാന്‍ അതിനെ കാണുന്നു.

തിരുവനന്തപുരത്തെ ഏറ്റവും വലിയ വ്യവസായ കേന്ദ്രമായി ശ്രീ അച്യുതമേനോന്‍ ഗവണ്‍മെന്റിന്റെ കാലഘട്ടത്തില്‍ ശ്രീ. ടി. വി. തോമസ്സ്‌ മുന്‍കൈയെടുത്ത്‌ കൊണ്ടുവന്ന സ്ഥാപനമാണ്‌ കെല്‍ട്രോണ്‍. കെല്‍ട്രോണ്‍ കേരളത്തില്‍ തുടങ്ങുമ്പോള്‍ അതിന്റെ ഹെഡ്‌ക്വാര്‍ട്ടേഴ്‌സായി തീരുമാനിച്ചത്‌ വെള്ളയമ്പലത്ത്‌ ഇന്ന്‌ നമ്മള്‍ കാണുന്ന കെല്‍ട്രോണിന്റെ ഹെഡ്‌ ഓഫീസ്‌ തന്നെയാണ്‌. ഇലക്‌ട്രോണിക്‌സ്‌ മേഖലയിലെ കേരളത്തിന്റെ ആദ്യത്തെ സംരംഭമാണ്‌ കെല്‍ട്രോണ്‍. കെല്‍ട്രോണില്‍ കൂടി കേരളത്തിന്‌ ഇലക്‌ട്രോണിക്‌സ്‌ മേഖലയില്‍ മുന്നോട്ടുപോകാന്‍ കഴിയും എന്ന്‌ ഗവണ്‍മെന്റ്‌ തെളിയിച്ചു. കേരളത്തിന്റെ ഭൂമിശാസ്‌ത്രമായ പ്രത്യേകതകള്‍ കണക്കിലെടുക്കുമ്പോള്‍ ഇലക്‌ട്രോണിക്‌സ്‌ മേഖലയാണ്‌ നമ്മുടെ സംസ്ഥാനത്തിന്‌ ഏറ്റവും ആവശ്യമായിട്ടുള്ളത്‌ എന്ന തിരിച്ചറിവുള്ള ഗവണ്‍മെന്റായിരുന്നു അച്യുതമേനോന്‍ ഗവണ്‍മെന്റ്‌. അങ്ങനെയാണ്‌ കെല്‍ട്രോണ്‍ തിരുവനന്തപുരത്ത്‌ സ്ഥാപിക്കുന്നത്‌. പിന്നീട്‌ അതിന്റെ വിവിധ യൂണിറ്റുകള്‍ കേരളത്തിന്റെ നാനാഭാഗങ്ങളിലും സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. ശ്രീ. ടി. വി. തോമസിന്റെയും ശ്രീ. അച്യുതമേനോന്റെയും ദീര്‍ഘവീക്ഷണപരമായ ഒരു സമീപനമാണ്‌ കെല്‍ട്രോണിന്റെ വളര്‍ച്ചയ്‌ക്ക്‌ സഹായകരമായത്‌ എന്നുള്ളത്‌ ഞാന്‍ ഓര്‍ക്കുകയാണ്‌. തിരുവനന്തപുരത്തിന്റെ മനോഹരമായ കായലോര മേഖലയും കടലോര മേഖലയും ഒത്തുചേര്‍ന്നുകൊണ്ട്‌ സിനിമാ വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിന്‌ വേണ്ടിയും സിനിമാ സംരംഭകര്‍ക്ക്‌ കുറഞ്ഞ ചിലവില്‍ സിനിമ നിര്‍മ്മിക്കുന്നതിനാവശ്യമായ സൗകര്യം ഒരുക്കുന്നതിന്‌ വേണ്ടിയും ആ ഗവണ്‍മെന്റ്‌ കൊണ്ടുവന്നതാണ്‌ ചിത്രാഞ്‌ജലി സ്റ്റുഡിയോ. കേരം തിങ്ങും കേരള നാടിന്റെ മനോഹാരിതയെ അഭ്രപാളിയിലേക്ക്‌ പകര്‍ത്തുന്നതിന്‌ ഒരു നല്ല ലൊക്കേഷന്‍ നോക്കി എടുത്തതാണ്‌ ചിത്രാഞ്‌ജലി സ്റ്റുഡിയോ. ഇതെല്ലാം നമ്മുടെ തിരുവനന്തപുരത്തിന്റെ ഒരു വലിയ പെരുമ വിളിച്ചോതുന്ന സ്ഥാപനങ്ങളാണ്‌. അതുപോലെ എടുത്ത്‌ പറയേണ്ട ഒന്നാണ്‌ ആക്കുളം ടൂറിസ്റ്റ്‌ കേന്ദ്രം. ഇന്ന്‌ കേരളത്തിന്റെ ഒരു പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രമായി മാറി. ശ്രീ. ഇ. ചന്ദ്രശേഖരന്‍ ടൂറിസ്റ്റ്‌ മന്ത്രിയായിരിക്കുമ്പോള്‍ കോവളത്തെയും, ആക്കുളത്തെയുമെല്ലാം ഡെസ്റ്റിനേഷന്‍ കേരള എന്ന ടൂറിസ്റ്റ്‌ ഭൂപടത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നത്‌ ഞാന്‍ ഒരു നേട്ടമായിട്ട്‌ തന്നെ കാണുകയാണ്‌. അവര്‍ മാത്രമല്ല മറ്റനേകം ഭരണാധികാരികളും തിരുവനന്തപുരത്തെ മെച്ചപ്പെടുത്തുന്നതിനുവേണ്ടിയും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനുവേണ്ടിയും തലസ്ഥാനനഗരിയായി മാറ്റുന്നതിനുവേണ്ടിയും പരിശ്രമിച്ചിട്ടുണ്ട്‌ എന്നുള്ളതില്‍ തര്‍ക്കമില്ലാത്ത കാര്യമാണ്‌. എന്നാല്‍ കോവളത്ത്‌ ഏറ്റവും കൂടുതല്‍ ടുറിസ്റ്റുകളെ ആകര്‍ഷിക്കണം എന്ന ചിന്തയോടുകൂടി നമ്മുടെ ഗവണ്‍മെന്റുകള്‍ കോവളം മേഖലയെ ഇന്ത്യയിലെ തന്നെ ഒരു പ്രധാന ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റുകേന്ദ്രമാക്കി മാറ്റിയെടുക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഗവണ്‍മെന്റുകള്‍ ചെയ്‌ത്‌ എന്നുള്ളത്‌ വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. അതുപോലെ ഇ. കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന സന്ദര്‍ഭത്തിലാണ്‌ ടെക്‌നോപാര്‍ക്ക്‌ ആരംഭിക്കുന്നത്‌. കഴക്കൂട്ടത്തിന്‌ സമീപമുള്ള ടെക്‌നോപാര്‍ക്ക്‌ ഇന്ന്‌ കേരളത്തിന്റെ ഏറ്റവും വലിയ ഐ. ടി. പാര്‍ക്ക്‌ ആണ്‌. നമ്മുടെ രാജ്യത്തും പുറത്തുമുള്ള നിരവധി കമ്പനികളും പതിനായിരക്കണക്കിന്‌ ജീവനക്കാര്‍ ജോലി ചെയ്യുന്ന ഒരു സംരംഭമായി അതിനെ ഉയര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതും വലിയ നേട്ടമാണ്‌. തിരുവനന്തപുരത്തിന്റെ വളര്‍ച്ചയെക്കുറിച്ച്‌ ഏറ്റവും കൂടുതല്‍ സ്വപ്‌നം കണ്ട രണ്ട്‌ നേതാക്കളായിരുന്നു സഖാവ്‌ പി. കെ. വി. യും സഖാവ്‌ കെ. വി. സുരേന്ദ്രനാഥ്‌ ആശാനും. അവരുടെയൊക്കെ പരിശ്രമഫലമായി തിരുവനന്തപുരത്തിന്റെ വിവിധയിടങ്ങളില്‍ നിരവധി സ്ഥാപനങ്ങള്‍ കൊണ്ടുവരാനും തലസ്ഥാന നഗരിയെ കൂടുതല്‍ മെച്ചപ്പെടുത്താനുമുള്ള പരിശ്രമങ്ങള്‍ ഉണ്ടായി. കേരളത്തിന്റെ മുഖ്യമന്ത്രിയായ ശ്രീ. പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌ത ലുലുമാള്‍ നമ്മുടെ വ്യവസായ സംരംഭത്തിലെ ഏറ്റവും വലിയ നേട്ടമായി തന്നെ ഞാന്‍ കാണുന്നു. കൊച്ചുവേളിയിലെ റെയില്‍വേ സ്റ്റേഷന്റെ പരമാവധി വികസനത്തിലെത്തുമ്പോള്‍ ആ പ്രദേശമാകെ ഒരു വലിയ വികസനത്തിന്റെ പാതയിലേക്ക്‌ എത്തിച്ചേരും. അത്‌ കേരളത്തിന്റെ തലസ്ഥാനനഗരിക്ക്‌ ഏറ്റവും വലിയ മാറ്റുകൂട്ടുന്ന ഒരു സംരംഭമാണ്‌. ഇതിലെല്ലാറ്റിലും നമ്മുടെ സാധാരണക്കാരായ ജനങ്ങളെ മറന്നുപോകാതെ ആ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ അവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ കൂടി അവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തികൊണ്ടാണ്‌ കേരളത്തിലെ ഗവണ്‍മെന്റുകള്‍ തലസ്ഥാന നഗരിയെ മോടിപിടിപ്പിക്കുന്നതിനുവേണ്ടി പരിശ്രമിച്ചിട്ടുള്ളത്‌ എന്നതും ഈ സന്ദര്‍ഭത്തില്‍ നമ്മള്‍ ഓര്‍ക്കേണ്ടതായിട്ടുണ്ട്‌. ഏത്‌ സാഹചര്യത്തിലും തിരുവനന്തപുരത്തിനെ കൂടുതല്‍ ഉന്നതമായ ലോകശ്രദ്ധയിലേക്ക്‌ ആകര്‍ഷിക്കുന്നതിനുവേണ്ടി നടത്തുന്ന എല്ലാ സംരംഭങ്ങള്‍ക്കും അതിനുവേണ്ടി നടത്തുന്ന പ്രചരണ പരിപാടികള്‍ക്കുമെല്ലാം ഞാന്‍ ആശംസയും ഈ സന്ദര്‍ഭത്തില്‍ അര്‍പ്പിക്കുന്നു.

Post your comments