Global block

bissplus@gmail.com

Global Menu

കിഴക്കിന്റെ വെനീസില്‍ ഉദിച്ചുയര്‍ന്ന കനകതാരം

നൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഉഡുപ്പിക്ക്‌ സമീപമുള്ള ഉദ്യാവര്‍ എന്ന ഗ്രാമത്തിലെ ഒരു ചെറിയ ക്ഷേത്രത്തില്‍ ശാന്തിക്കാരനായിരുന്നു ലക്ഷ്‌മി നാരായണ ഭട്ടര്‍. ഒരു ഉയര്‍ന്ന നിലവാരമുള്ള ജീവിതം കെട്ടിപ്പടുക്കുന്നതും സ്വപ്‌നം കണ്ട്‌ ആ ബാലന്‍ ഗ്രാമം വിട്ട്‌ യാത്രയായി. കിഴക്കിന്റെ വെനീസ്‌ എന്‌ പ്രശസ്‌തമായ തുറമുഖ വ്യാപാര നഗരമായ ആലപ്പുഴയില്‍ അദ്ദേഹം വന്നിറങ്ങി. അവിടെ അദ്ദേഹത്തിന്റെ ഭാര്യാസഹോദരന്റെ ഗിരിജ നിവാസ്‌ എന്ന ഭക്ഷണശാലയില്‍ സഹായിയായി കൂടെ ചേര്‍ന്നു. സ്‌കൂള്‍ പഠനം കഴിഞ്ഞ്‌ കിട്ടുന്ന സമയത്താണ്‌ ഇവിടെ സേവനം ചെയ്‌തത്‌. അതോടൊപ്പം അവിടെ ഭക്ഷണം കഴിക്കാന്‍ വരുന്ന ആളുകള്‍ക്ക്‌ സുഗന്ധദ്രവ്യങ്ങളും സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളും വില്‌പന നടത്തിവന്നു.

അവിടെ ജോലി നോക്കുന്നതിനിടയില്‍ പല വ്യാപാര സാധ്യതകളും ഭീമ ഭട്ടര്‍ എന്ന വിളിപ്പേരുള്ള ലക്ഷ്‌മി നാരായണ ഭട്ടര്‍ മനസ്സിലാക്കി. വെള്ളിയില്‍ തീര്‍ത്ത ആഭരണങ്ങള്‍ക്കും, പാത്രങ്ങള്‍ക്കും, പൂജാപാത്രങ്ങള്‍ക്കും നല്ല സാധ്യത മുന്നില്‍ കണ്ട്‌ ഭീമ ഭട്ടര്‍ തന്റെ ഭാര്യ വനജയുടെ കാല്‍തളകള്‍ കൊണ്ട്‌ ഉണ്ടാക്കിയ വെള്ളി പാത്രങ്ങള്‍ ആദ്യം വില്‌പനക്കായി വച്ചു. ഇതോടെ ഭട്ടരുടെ വെള്ളി പാത്രങ്ങള്‍ക്ക്‌ ആലപ്പുഴയില്‍ ആവശ്യക്കാര്‍ കൂടിവരാന്‍ തുടങ്ങി. 1925-ല്‍ ആലപ്പുഴയിലെ മുല്ലക്കല്‍ എന്ന സ്ഥലത്ത്‌ ഭീമ ഭട്ടര്‍ ആദ്യത്തെ സ്വര്‍ണ്ണ വെള്ളി ആഭരണ ഷോറും സ്ഥാപിച്ചു. അവിടെ നിന്നുമാണ്‌ ഭീമ എന്ന സുവര്‍ണ്ണ സാമ്രാജ്യത്തിന്റെ ആരംഭം കുറിക്കുന്നത്‌.

ആരംഭം മുതല്‍ തന്നെ ഭീമയുടെ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയില്‍ ആളുകള്‍ക്ക്‌ വലിയ വിശ്വാസം ആയിരുന്നു. ഈ വിശ്വാസ്യത ഒന്നു മാത്രമാണ്‌ ചുരുങ്ങിയ കാലയളവില്‍ ഭീമയുടെ വലിയ സ്വീകാര്യതക്കും വളര്‍ച്ചക്കും കാരണമായത്‌. സ്വര്‍ണ്ണ വ്യാപാരത്തില്‍ അതുവരെയുള്ള കീഴ്‌വഴക്കം എന്നത്‌ ആവശ്യക്കാരന്റെ ആവശ്യാനുസരണം ആഭരണം ഉണ്ടാക്കി നല്‍കുക എന്നതായിരുന്നു. അങ്ങനെ ആവശ്യാനുസരണം നിര്‍മ്മിച്ചു നല്‍കുന്ന ചെറിയ സ്വര്‍ണ്ണശാലകള്‍ ഉള്ളപ്പോഴാണ്‌ ഭീമ ഭട്ടര്‍ റെഡിമെയ്‌ഡ്‌ ആഭരണങ്ങളുടെ വലിയ ഷോറും ആരംഭിക്കുന്നത്‌. ആ കാലഘട്ടത്തില്‍ സ്വര്‍ണ്ണം വാങ്ങാന്‍ കിട്ടുക തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ബോംബെയില്‍ പോയി അവിടെ നിന്നും ശ്രമപ്പെട്ടാണ്‌ ഭീമ ഭട്ടര്‍ ശുദ്ധമായ സ്വര്‍ണ്ണം വാങ്ങി ആലപ്പുഴയില്‍ എത്തുന്നത്‌. ഈ സ്വര്‍ണ്ണം റെഡിമെയ്‌ഡ്‌ സ്വര്‍ണ്ണാഭരണങ്ങളായി പണി കഴിപ്പിച്ച്‌ സ്വന്തം ഷോറൂമില്‍ വില്‍പ്പനയ്‌ക്ക്‌ വയ്‌ക്കും. ഇത്‌ ജനങ്ങളില്‍ വലിയ സ്വീകാര്യതയ്‌ക്ക്‌ കാരണമായി. ആലപ്പുഴ മുല്ലക്കലില്‍ സ്ഥാപിതമായ ഭീമ ജ്വല്ലറി കേരളത്തിലെ തന്നെ ആദ്യത്തെ AC സ്വര്‍ണ്ണ വ്യാപാര സ്ഥാപനമായി മാറി. കേരളത്തിലെ ആദ്യത്തെ വജ്രാഭരണ വ്യാപാരിയും ഭീമ ഭട്ടര്‍ തന്നെ. ഇതിനായി നവരത്‌ന ജ്വല്ലറി ആരംഭിക്കുകയും ചെയ്‌തു.

1978-ല്‍ എറണാകുളം എം. ജി. റോഡില്‍ ഭീമയുടെ മറ്റൊരു വലിയ ജ്വല്ലറി ഷോറൂം ആരംഭിച്ചു. 1984 ജൂണ്‍ 22 ന്‌ ഭീമ ഭട്ടരുടെ എല്ലാ ഐശ്വര്യത്തിനും കാരണം എന്ന്‌ അദ്ദേഹം വിശ്വസിച്ച അദ്ദേഹത്തിന്റെ സഹധര്‍മ്മിണി വനജയുടെ വിയോഗം അദ്ദേഹത്തെ വല്ലാതെ തളര്‍ത്തി. 1985-ല്‍ അദ്ദേഹത്തിന്റെ 81-ാമത്തെ വയസ്സില്‍ ഭീമ ഭട്ടരും ഈ ലോകത്തോട്‌ വിടവാങ്ങി.

1992-ല്‍ ഗോള്‍ഡ്‌ കണ്‍ട്രോള്‍ ആക്‌ട്‌ പൂര്‍ണ്ണമായി പിന്‍വലിച്ചോടെ ഭീമ ഗ്രൂപ്പ്‌ കേരളത്തിലും, തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും ചിറകുകള്‍ വരിച്ചു. ഭീമ ഭട്ടരുടെ ആറ്‌ ആണ്‍മക്കളില്‍ അഞ്ച്‌ പേരും സ്വര്‍ണ്ണാഭരണ വ്യാപാര രംഗത്ത്‌ തന്നെ ആധിപത്യം ഉറപ്പിച്ചു. കോഴിക്കോടും കണ്ണൂരുമുള്ള ഭീമ ഷോറൂം അദ്ദേഹത്തിന്റെ മൂത്തമകന്‍ ഗിരിരാജന്‍ നേതൃത്വം നല്‌കുന്നു. ദക്ഷിണ ഇന്ത്യയിലും UAE യിലുമായി 55 ല്‍പ്പരം ബ്രാഞ്ചുകള്‍ ഭീമ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ എടുത്തുപറയേണ്ടത്‌ തിരുവനന്തപുരത്ത്‌ പ്രവര്‍ത്തിക്കുന്ന ഭീമ ജ്വല്ലറിയാണ്‌. ഭീമ ഭട്ടരുടെ മൂന്നാമത്തെ മകന്‍ ഡോ. ബി. ഗോവിന്ദന്‍ സാരഥിയായുള്ള തിരുവനന്തപുരം ഭീമ ഗ്രൂപ്പിന്‌ ഇപ്പോള്‍ തിരുവനന്തപുരത്തിന്‌ പുറമെ നാഗര്‍കോവില്‍, മധുര, അടൂര്‍, മാര്‍ത്താണ്‌ഡം എന്നിവിടങ്ങളിലായി 15-ല്‍പ്പരം സ്വര്‍ണ്ണാഭരണ ഷോറൂമുകള്‍ ഉണ്ട്‌. 1944-ല്‍ ജനിച്ച ഗോവിന്ദന്‍ ആലപ്പുഴ എസ്‌. ഡി. കോളേജില്‍ നിന്നും ബിരുദം എടുക്കുകയും പിന്നീട്‌ ഡോക്‌ടറേറ്റ്‌ കരസ്ഥമാക്കുകയും ചെയ്‌തു. കേരളത്തില്‍ സ്വര്‍ണ്ണ വില്‌പന രംഗത്ത്‌ ആദ്യമായി ബാര്‍കോഡും റേറ്റ്‌ കാര്‍ഡും അവതരിപ്പിച്ച്‌ പ്രശംസ പിടിച്ചുപറ്റിയത്‌ തിരുവനന്തപുരം ഭീമയാണ്‌. ഈ രീതി പിന്നീട്‌ പല ജ്വല്ലറികളും പന്‍തുടരുകയായിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ നികുതിയടക്കുന്ന സ്വര്‍ണ്ണ വ്യാപാര സ്ഥാപനം എന്ന ബഹുമതിയും ഭീമ തിരുവനന്തപുരത്തിന്‌ അവകാശപ്പെട്ടതാണ്‌. സ്വര്‍ണ്ണ വ്യാപാരികളുടെ ക്ഷേമത്തിനായി പ്രവര്‍ക്കുന്ന നിരവധി സംഘടനകളുടെ അമരത്ത്‌ ബി. ഗോവിന്ദന്‍ എന്ന ദീര്‍ഘവീക്ഷണമുള്ള വ്യവസായി വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്നു. ഇതിന്‌ പുറമേ കേരളത്തിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ്‌ വ്യവസായ സമിതികളുടെയും നേതൃത്വനിരയില്‍ ഡോ. ഗോവിന്ദന്റെ സാന്നിധ്യം ശ്രദ്ധേയമാണ്‌.

ഭീമ ഭട്ടരുടെ അഞ്ച്‌ മക്കളുടെ കീഴിലായി പ്രവര്‍ത്തിക്കുന്ന 55-ല്‍പ്പരം ബ്രാഞ്ചുകള്‍ വളരെ ചിട്ടയോടും ഐക്യത്തിലുമാണ്‌ മുന്നോട്ടുപോകുന്നത്‌. കൂട്ടായ തീരുമാനങ്ങളിലൂടെ പുരോഗതിയും വികസന പദ്ധതികളും എല്ലാം സഹോദരങ്ങള്‍ ഒരുമിച്ച്‌ ഇരുന്നാണ്‌ തീരുമാനിക്കുന്നത്‌. ഭീമ ഭട്ടര്‍ തെളിച്ച മാര്‍ഗ്ഗദീപം കൂടുതല്‍ പ്രകാശഭരിതമാക്കുകയാണ്‌ മക്കള്‍.
 

Post your comments