Global block

bissplus@gmail.com

Global Menu

കാലത്തെ അതിജീവിക്കാം; വിജയം നേടാം.

കോട്ടയത്ത്‌ ബസിറങ്ങുമ്പോള്‍ ഒരു ടെലിഫോണ്‍ ബൂത്ത്‌ ശ്രദ്ധിച്ചിരുന്നു. എല്ലാവരുടെയും കൈയില്‍ ഒന്നും രണ്ടും മൊബൈല്‍ ഫോണുകളും മറ്റുമുള്ളപ്പോള്‍, ടെലിഫോണ്‍ ബൂത്തുകളുടെ പ്രസക്തി തന്നെ നഷ്‌ടമായ ഇക്കാലത്ത്‌ എന്തിനാണ്‌ ഈ സ്ഥാപനം തുറന്നിരിക്കുന്നതെന്ന്‌ പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌. അവസാനം ആരും കടയില്‍ എത്താതായതോടെ ആ സ്ഥാപനം ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ അടച്ചുപൂട്ടി.
ഒരു കാലത്ത്‌ ടൈപ്പ്‌ റൈറ്റിംഗും ഷോര്‍ട്ട്‌ ഹാന്‍ഡും പഠിച്ചശേഷം മലയാളികള്‍ ധാരാളമായി കുടിയേറിയിരുന്ന നഗരമാണ്‌ കല്‍ക്കട്ട. അറുപതുകളിലും മറ്റും അഞ്ച്‌ ലക്ഷത്തിലധികം മലയാളികള്‍ ഉണ്ടായിരുന്ന നഗരത്തില്‍ ഇന്ന്‌ പതിനായിരത്തില്‍ താഴെ മാത്രമേ മലയാളികള്‍ ഉള്ളൂ. ടൈപ്പ്‌ റൈറ്ററുകളുടെ സ്ഥാനത്ത്‌ കംപ്യൂട്ടറുകള്‍ വന്നതോടെ ഡി.ടി.പി. വ്യാപകമായി. കാലഘട്ടം മാറിയതിന്‌ അനുസരിച്ച്‌ ഡി.ടി.പി. കോഴ്‌സും കൂടി പഠിച്ചവര്‍ക്ക്‌ ജോലി നഷ്‌ടമായില്ല. കാലഘട്ടത്തിനനുസരിച്ച്‌ മാറാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും തയ്യാറാകാതിരുന്നവര്‍ക്ക്‌ വൈകാതെ ജോലി തന്നെ നഷ്‌ടമായി.
1960കള്‍ വരെ വാച്ച്‌ നിര്‍മ്മാണ രംഗത്ത്‌ ലോകത്ത്‌ ഒന്നാം സ്ഥാനത്ത്‌ നിന്നിരുന്ന രാജ്യമായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡ്‌. ഓട്ടോമാറ്റിക്‌ വാച്ചുകളില്‍ മെയ്‌ഡ്‌ ഇന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്‌ വന്‍ ഡിമാന്റായിരുന്നു. ലോകവിപണിയില്‍ വില്‍ക്കുന്ന വാച്ചുകളുടെ 65 ശതമാനത്തിലധികം സ്വിസ്‌ വാച്ചുകളായിരുന്നു. വിപണിയില്‍ അജയ്യരായി നിന്ന സമയത്താണ്‌ 1968-ല്‍ വാച്ച്‌ നിര്‍മ്മാണ രംഗത്തെ പുതിയ സാങ്കേതിക വിദ്യയായ ക്വാര്‍ട്ട്‌സുമായി ചില ഗവേഷകര്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും വലിയ വാച്ച്‌ നിര്‍മ്മാണ കമ്പനിയെ സമീപിക്കുന്നത്‌.
കുറഞ്ഞ ചെലവും ഓട്ടോമാറ്റിക്‌ വാച്ചുകളേക്കാള്‍ അനേക മടങ്ങ്‌ കൃത്യതയുമായിരുന്നു ക്വാര്‍ട്ട്‌സ്‌ വാച്ചുകുടെ പ്രത്യേകത. പക്ഷേ, തങ്ങളുടെ സാങ്കേതികവിദ്യക്കും ബ്രാന്‍ഡിനും ഇപ്പള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത എന്നും തുടരുമെന്ന അമിത ആത്മവിശ്വാസത്തില്‍ കമ്പനി അവരെ തിരിച്ചയച്ചു. എന്നാല്‍ ജപ്പാനിലെ സീക്കോ, അമേരിക്കയിലെ ടെക്‌സാസ്‌ ഇന്‍സ്‌ട്രമെന്റ്‌സ്‌ എന്നീ കമ്പനികള്‍ പുതിയ സാങ്കേതികവിദ്യയെ സ്വീകരിക്കാന്‍ തയ്യാറായി.
പത്ത്‌ വര്‍ഷത്തിനുള്ളില്‍ വിപണിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മേല്‍ക്കോയ്‌മ തകര്‍ന്നു. ലോകവ്യാപാര പങ്കാളിത്തം 65 ശതമാനത്തില്‍ നിന്ന്‌ വെറും പത്ത്‌ ശതമാനമായി കുറഞ്ഞു. വാച്ച്‌ നിര്‍മ്മാണ രംഗത്ത്‌ പ്രവര്‍ത്തിച്ചിരുന്ന 65000 തൊഴിലാളികളില്‍ അര ലക്ഷത്തോളം പേരെ പിരിച്ചുവിടേണ്ടിന്നു. പുതിയ ഒരാശയം സ്വീകരിക്കാന്‍ തയ്യാറാകാതെ വന്നപ്പോള്‍ വന്‍ ഉയരത്തില്‍ നിന്ന്‌ താഴേക്കുള്ള വീഴ്‌ച അതായിരുന്നു സ്വിസ്‌ കമ്പനികള്‍ക്ക്‌ സംഭവിച്ചത്‌.
ഒരു കാലത്ത്‌ ഫോട്ടോഗ്രാഫി മേഖലയിലെ സുപരിചിത നാമമായിരുന്നു `കൊഡാക്‌' ഫിലിമുകള്‍. വിപണിയില്‍ നമ്പര്‍ വണ്‍ സ്ഥാനത്ത്‌ നിന്നിരുന്ന കമ്പനി. പതിയെ പതിയെ കാറ്റ്‌ മാറി വീശുവാന്‍ തുടങ്ങുന്നതിന്റെ സൂചനകള്‍ ലഭിച്ചു. ഫിലിം ഉപയോഗിച്ചുള്ള ക്യാമറകളില്‍ നിന്ന്‌ ഡിജിറ്റല്‍ ക്യാമറകളിലേക്ക്‌ ആളുകള്‍ ചുവടുമാറാന്‍ തുടങ്ങി. അപ്പോഴും കൊഡാക്‌ മാനേജ്‌മെന്റ്‌ മാറ്റത്തിന്‌ തയ്യാറായില്ല. ഞങ്ങള്‍ക്ക്‌ മികച്ച ബ്രാന്‍ഡ്‌ നെയിമുണ്ട്‌. അതുമതി വിപണിയിലെ സ്ഥാനം നിലനിര്‍ത്താന്‍ എന്നവര്‍ വിശ്വസിച്ചു. പക്ഷേ കാറ്റ്‌ വളരെ വേഗം വീശി. ഫിലിം വേണ്ടാത്ത ഡിജിറ്റല്‍ ക്യാമറാകള്‍ കുറഞ്ഞ ചെലവില്‍ വ്യാപകമായതോടെ ഫിലിം റോളുകളുടെ വില്‍പന വന്‍തോതില്‍ ഇടിഞ്ഞു. അവസാനം നാമമാത്രമായതോടെ കൊഡാക്‌ ഫിലിം കമ്പനി തന്നെ തകര്‍ന്നു. അതേസമയം, പല ഫിലിം റോള്‍ നിര്‍മ്മാണ കമ്പനികളുടെ എക്‌സ്‌റേ ഫിലിമുകളുടെയും മറ്റും മേഖലയിലേക്ക്‌ കാലഘട്ടത്തിന്‌ അനുസരിച്ച്‌ വഴിമാറി ചിന്തിച്ചുകൊണ്ട്‌ ചുവടുവച്ചപ്പോള്‍, അവര്‍ പ്രതിസന്ധികളെ അതിജീവിച്ച്‌ വിപണിയില്‍ തുടര്‍ന്നു.
ഒരുകാലത്ത്‌ മൊബൈല്‍ ഫോണുകളില്‍ ഒന്നാം സ്ഥാനത്ത്‌ നിന്നിരുന്ന ബ്രാന്‍ഡ്‌ നെയിമാണ്‌ `നോക്കിയ'. എന്നാല്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള `ആന്‍ഡ്രോയിഡ്‌' സ്‌മാര്‍ട്ട്‌ ഫോണുകള്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുമായി വ്യാപകമായതോടെ നോക്കിയയുടെ പ്രതാപം അസ്‌തമിച്ചു. സാംസങ്ങും മറ്റും വിപണിയില്‍ മുന്നിലെത്തി. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്‌ നിര്‍മ്മിച്ച `അംബാസഡര്‍' കാര്‍ ഒരു കാലത്ത്‌ ഇന്ത്യന്‍ വിപണിയിലെ നമ്പര്‍ വണ്‍ ആയിരുന്നു. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വരെ വാഹനമായിരുന്നു. റെഡ്‌ ബീക്കണ്‍ ലൈറ്റ്‌ ഘടിപ്പിച്ച വെള്ള അംബാസഡര്‍ കാറുകള്‍. പക്ഷേ പുതിയ കമ്പനികളുടെ പുതിയ മോഡല്‍ കാറുകള്‍ കൂടുതല്‍ സൗകര്യങ്ങളോടെ നിരത്തിലിറങ്ങിയതോടെ മാറ്റം വരുത്താത്ത അംബാസഡര്‍ കാറുകള്‍ വിപണിയില്‍ നിന്ന്‌ അപ്രത്യക്ഷമായി.
ജീവിതത്തിലെ സമസ്‌തമേഖലകളിലും സംതൃപ്‌തിയും സന്തോഷവും നിലനിര്‍ത്തി വിജയം നേടാന്‍ മാറ്റം ആവശ്യമാണ്‌. കാലഘട്ടത്തിനനുസരിച്ച്‌ മാറാന്‍ തയ്യാറാകാത്തവര്‍ പിന്നിലാവുന്നു. അവര്‍ പരാജയവും തിരിച്ചടികളും ഏറ്റുവാങ്ങുന്നു. എന്നാല്‍ കാലഘട്ടത്തിന്‌ അനുസരിച്ച്‌ ശരിയായ വഴിയിലൂടെ, പുതിയ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട്‌ മാറാന്‍ തയ്യാറാകുന്നവര്‍ ജീവിതത്തിലും ജോലിയിലും ബിസിനസിലുമെല്ലാം ഉയര്‍ന്ന നേട്ടങ്ങള്‍ സ്വന്തമാക്കുന്നു.
നിങ്ങള്‍ ഒരു അധ്യാപകനോ, അധ്യാപികയോ, ഡോക്‌ടറോ, നഴ്‌സോ, അഭിഭാഷകനോ, ബിസിനസുകാരനോ, ട്രെയ്‌നറോ, മാധ്യരംഗത്തുള്ളയാളോ, അഭിനേതാവോ, സംവിധായകനോ, കലാകാരനോ, സാഹിത്യകാരനോ, കര്‍ഷകനോ ആരുമായിക്കൊള്ളട്ടെ, നിങ്ങളുടെ മേഖലയിലെ മാറ്റങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവ്‌ നിങ്ങള്‍ക്കുണ്ടായിരിക്കണം. അതിനനുസരിച്ച്‌ നിങ്ങളെ തന്നെ അപ്‌ഡേറ്റ്‌ ചെയ്യാന്‍ തയ്യാറാകുമ്പോഴാണ്‌ കാലഘട്ടത്തിന്റെ മാറ്റത്തില്‍ ഇടറിവീഴാതെ കാലത്തെ അതിജീവിച്ച്‌ മുന്നേറാന്‍ സാധിക്കുന്നത്‌.
കംപ്യൂട്ടറുകളും ഡി. ടി. പി. യും വന്നപ്പോള്‍ അത്‌ ആദ്യം ബാധിക്കുന്നത്‌ ടൈപ്പ്‌ റൈറ്ററുകളെയാണെന്ന്‌ തിരിച്ചറിഞ്ഞവര്‍ അതിനുസരിച്ച്‌ ചുവടുമാറ്റി. അവര്‍ മാറ്റത്തിലും വിജയികളായി. മാറ്റത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയണമെങ്കില്‍ നമ്മുടെ അറിവിന്റെ ചക്രവാളം വികസിക്കണം, വായനയും മറ്റുള്ളവരുമായുള്ള തുറന്ന സംസാരവും പ്രഭാഷണങ്ങളിലും പരിശീലനങ്ങളിലും മറ്റും പങ്കാളികളാവുന്നതുമെല്ലാം ഇത്തരത്തില്‍ നമ്മുടെ അറിവിനെ ദീപ്‌തമാക്കും. നമ്മുടെ അറിവുകള്‍, ആരോഗ്യം, ചിന്തകള്‍, തീരുമാനങ്ങള്‍, ചുവടുവയ്‌പുകള്‍ എന്നിവയൊക്കെ കാലത്തിന്‌ അനുസരിച്ച്‌ മാറണം. ഓര്‍ക്കുക, തീരത്ത്‌ കപ്പല്‍ സുരക്ഷിതമാണ്‌. പക്ഷേ കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്‌ വെറുതെ തീരത്ത്‌ കിടക്കാനല്ല. മറിച്ച്‌ കാറും കോളും നിറഞ്ഞ കടലിലെ പ്രതിസന്ധികള്‍ താണ്ടി വന്‍കരകളെ ലക്ഷ്യമിടുന്നതിനാണ്‌. നമ്മുടെ ജീവിതത്തിലും ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥ ഒരു `കംഫര്‍ട്ടബിള്‍ സോണ്‍' (സുരക്ഷിത മേഖല) ആയി നമുക്കനുഭവപ്പെട്ടേക്കാം. പക്ഷേ ആ സുരക്ഷിതത്വം എന്നും നിലനില്‍ക്കണമെങ്കില്‍ നാം കാലത്തിന്‌ അനുസരിച്ച്‌ മാറ്റത്തിന്‌ തയ്യാറാകണം.
ജോലിയിലും ബിസിനസിലുമെല്ലാം അതുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാകണം. വിദ്യാഭ്യാസത്തിന്‌ പ്രായം ഒരു തടസമല്ല എന്നു മനസ്സിലാക്കി നമ്മളെത്തന്നെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കണം. അതിനാല്‍ മാറ്റം മുന്‍കൂട്ടി, അതിനായി തയ്യാറെടുക്കാം. പുതിയ അവസരങ്ങളെ കയ്യെത്തിപ്പിടിക്കാം. ജീവിതത്തില്‍ സന്തോഷവും സംതൃപ്‌തിയും നിലനിര്‍ത്തി ഉയരങ്ങള്‍ കീഴടക്കാം. വിജയാശംസകള്‍

ചിന്ത
അവസാന നിമിഷത്തിലെ ഗോളിന്‌ ഒരു കളിയുടെ ഗതിയെ തന്നെ മാറ്റാന്‍ കഴിയും. അതിനാല്‍ അവസാന നിമിഷം വരെ ശ്രമിക്കൂ. ജീവിതത്തില്‍ എന്തും സാധ്യമാണ്‌.
 

Post your comments