Global block

bissplus@gmail.com

Global Menu

സുവർണ്ണ സാമ്രാജ്യത്തിന്റ അജയ്യ ചക്രവർത്തി

 

സൗന്ദര്യം, കരുത്ത്, സ്നേഹം എല്ലാം ഒത്തുചേർന്നതാണ് ഭീമൻ . ഭീമ നൽകുന്ന സ്വർണവും അങ്ങനെതന്നെ. ഓരോ തരി പൊന്നും സ്‌നേഹം കൊണ്ടാണ് വിളക്കി ചേർക്കുന്നത്. കലർപ്പില്ലാത്ത ശുദ്ധവും പരിശുദ്ധവുമായ പൊന്നിന്റെ സ്‌നേഹം. ആ പൊന്നു ചാർത്തിയ ദശലക്ഷങ്ങൾ ഭീമയെയും സ്‌നേഹിച്ചു. ഈ ജൈത്രയാത്ര തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടോട് അടുക്കുന്നു. 1925-ഇൽ കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ നിന്ന് തുടങ്ങിയതാണ് ഈ യാത്ര. ഏറ്റവും അപൂർവവും അമൂല്യവുമായ കല്യാണസൗഗന്ധികം തേടി ഭീമൻ പോയതുപോലെ പരിശുദ്ധമായ സ്വർണം കണ്ടെത്തി ആഭരണങ്ങളാക്കി ഭീമയും തങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് ഒരു നൂറ്റാണ്ടായി നൽകിവരുന്നു.

ആ യാത്ര കേരളത്തിന്റെയും, ഇന്ത്യയുടെയും അതിർത്തികൾ കടന്ന് മുന്നോട്ടു പോയി. ഇന്ന് ഭീമനെ പോലെ ഭീമയും  സ്വർണ്ണാഭരണരംഗത്ത് കരുത്തിന്റെയും പരിശുദ്ധിയുടെയും  പര്യായമാണ്. ഇന്ത്യയിലെതന്നെ സ്വർണ വ്യാപാര സാമ്രാജ്യത്തിന് ഉത്തുംഗശഷംഗത്തിൽ ഭീമാ ജ്വല്ലേഴ്സ് വാഴുമ്പോൾ, അതിന്റെ ചക്രവർത്തിയായി ഡോ.ബി ഗോവിന്ദൻ അജയ്യനായി മുന്നേറുന്നു.

 ഭീമാ ജുവലറി സ്ഥാപകൻ ഭീമ ഭട്ടരുടെ മൂന്നാമത്തെ മകനായി 1944 ജൂൺ ഒന്നിന് ആലപ്പുഴയിലാണ് ബി ഗോവിന്ദന്റെ ജനനം. കൊമേഴ്സിൽ ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയ ഗോവിന്ദൻ പിതാവായ ഭീമ ഭട്ടരുടെ ആലപ്പുഴയിലെ ജ്വല്ലറിയിൽ ആണ് സ്വർണ വ്യാപാര രംഗത്തെ ആദ്യാക്ഷരങ്ങൾ പഠിച്ചത്. 1990- ൽ കേരളത്തിന്റെ തലസ്ഥാനനഗരമായ തിരുവനന്തപുരത്ത് ഭീമ ജ്വല്ലറി  സ്ഥാപിതമായി. ഭീമ ഗോവിന്ദന്റെ ആസ്ഥാനവും ഇവിടെയാണ്.

ഇവിടെ നിന്നുമാണ് അദ്ദേഹം മറ്റു ബ്രാഞ്ചുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ഭീമ ജ്വല്ലറി ചെയർമാൻ ഡോ.ബി ഗോവിന്ദനുമായി ബിസിനസ് പ്ലസ് അസോസിയേറ്റ് എഡിറ്റർ ജിജു ജോർജ് എബ്രഹാം നടത്തിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്.

1925-ൽ സ്ഥാപിതമായ സ്വർണാഭരണ രംഗത്തെ ഭീമൻ സാമ്രാജ്യമോയ ഭീമാ ജുവലറി ഇന്ന് എത്രമാത്രം
പടർന്നു പന്തലിച്ചു ?

ഞങ്ങൾ ആറ് ആൺമക്കളിൽ അഞ്ച് പേരും ജ്വല്ലറി രംഗത്തു സജീവമാണ്. ഭീമാജ്വല്ലറിക്ക് ഇന്ന് ഇന്ത്യക്കകത്തും പുറത്തുമായി 55 ബ്രാഞ്ചുകൾ ഉണ്ട്. ഇതിൽ പത്തിലധികം ബ്രാഞ്ചുകൾ ഭീമ തിരുവനന്തപുരം ഗ്രൂപ്പിന് അധീനതയിൽ ഉള്ളതാണ്. സേവന സന്നദ്ധരായ 1500 -ൽ പരം ജീവനക്കാരും ഇന്ന് തിരുവനന്തപുരം ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നു.

ഏതൊരു ബിസിനസിന്റെയും വലുപ്പം അളക്കാനുള്ള എളുപ്പമാർഗ്ഗം അവർ സർക്കാറിലേക്ക് അടയ്ക്കുന്ന നികുതിയാണ്. ജ്വല്ലറി മേഖലയിൽ ഏറ്റവുമധികം നികുതി അടയ്ക്കുന്നത് ഭീമയാണ് എന്നത് വാസ്തവമാണോ?

അതെ വാസ്തവമാണ്, ഭീമ നൽകുന്ന മൊത്തം നികുതി തുകയുടെ പകുതിയോളം മാത്രമേ രണ്ടാം സ്ഥാനക്കാരായ മറ്റു സ്വർണ്ണ കമ്പനി നൽകുന്നുള്ളു എന്നതാണ് ഭീമയുടെ വ്യാപാരത്തിന്റെ വ്യാപ്തി മനസ്സിലാക്കിത്തരുന്നത്.

പത്തിൽ പരം ഭീമയുടെ ബ്രാഞ്ചുകൾ, അതിന്റെ മേൽനോട്ടം ഇതൊക്കെ ശ്രമകരമായ ജോലിയല്ലേ, കുടുംബത്തിൽ നിന്നും ലഭിക്കുന്ന പിന്തുണയെ പറ്റി പറയാമോ?

എല്ലാ ബ്രാഞ്ചുകളിലും സേവന മനോഭാവമുള്ള നല്ല ജീവനക്കാരാണ് ഭീമയുടെ മുതൽക്കൂട്ട്. പ്രധാന തീരുമാനങ്ങൾ എല്ലാം എടുക്കുന്നത് കോർ ഗ്രൂപ്പുമായി ആലോചിച്ച് മാത്രമാണ്. ഇതിനുപുറമേ എന്റെ സഹധർമ്മിണി ജയ മകൾ ഗായത്രി സുഹാസ് എന്നിവർ എപ്പോഴും തിരുവനന്തപുരം ഭീമയിൽ സജീവമാണ്. ഭീമ ബൗറ്റിക്വിന്റെ ചുമതലയും ഇവർക്കാണ്. മറ്റു രണ്ടു പെൺമക്കൾ ദീപയും ആരതിയും ജ്വല്ലറി രംഗത്ത് സജീവമാണ്.

ഡയമണ്ട്, പ്ലാറ്റിനം വിൽപ്പന നല്ലരീതിയിൽ പുരോഗമിക്കുന്നുണ്ടോ?

ഭീമയുടെ വ്യത്യസ്തമായ കളക്ഷനുകളാണ് ഡയമണ്ട് പ്ലാറ്റിനം ആഭരണങ്ങളുടേത്. വളരെയധികം ഉപഭോക്താക്കൾ ഇപ്പോൾ സ്വർണത്തിന് പുറമേ ഭീമയുടെ വജ്രാഭരണങ്ങൾകും പ്ലാറ്റിനം ആഭരണങ്ങൾക്കും വിശ്വാസമർപ്പിച്ചു മുന്നോട്ടുവരുന്നു. 40-50% വളർച്ചയാണ് കഴിഞ്ഞവർഷം വജ്രാഭരണ വിൽപനയിൽ ഉണ്ടായത്.

സ്വർണാഭരണ രംഗത്ത് ഒന്നാം സ്ഥാനത്ത് എത്തുക എന്നത് ഭീമയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം ആണ്, ജനങ്ങളുടെ മനസ്സിൽ കയറിപ്പറ്റാൻ എന്ത് വിജയരഹസ്യം ആണ് ഭീമയുടേത്?

സ്വർണ്ണം എന്നാൽ ലക്ഷ്മി ദേവി ആണ് ഐശ്വര്യത്തിന്റെ പ്രതീകമാണ് അതിനാൽ സ്വർണ്ണത്തോട് ഞങ്ങൾ 100% നീതി പുലർത്തും. പരിശുദ്ധമായ സ്വർണ്ണം മാത്രമേ ഭീമയിൽ നിന്ന് ലഭിക്കൂ. ഈ പരിശുദ്ധ സ്വർണ്ണത്തിൻറെ ഐശ്വര്യവും അഭിവൃദ്ധിയും ഭീമയിൽ നിന്നും ഇത് വാങ്ങുന്ന ഏതൊരു 
ഉപഭോക്താവിന്റെയും കുടുംബത്തിൽ പ്രതിഫലിക്കണം എന്നതിൽ ഞങ്ങൾക്ക് നിർബന്ധമുണ്ട്. വെറും കച്ചവട ലാഭം മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം. 100 വർഷത്തെ പാരമ്പര്യം ഇനിയും ഒരു 200 കൊല്ലം കൂടി മുന്നേറണാം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. അതിനായി ഏറ്റവും പരിശുദ്ധമായ സ്വർണ്ണം എന്നും ഞങ്ങൾ നൽകും.

നിരവധി ജ്വല്ലറി,ബിസിനസ്, സാമൂഹ്യ ക്ഷേമം എന്നിങ്ങനെ പല സംഘടനകളുടെയും അമരത്ത് താങ്കൾ പ്രവർത്തിക്കുന്നുണ്ടല്ലോ?

തീർച്ചയായും. നിരവധി സംഘടനകളിൽ നേതൃസ്ഥാനത്ത് ഇപ്പോഴാം തുടരുന്നു. ജെംസ് ആൻഡ് ജ്വല്ലേഴ്സ് കൗൺസിൽ (G&JC) എന്ന സംഘടനയുടെ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളുടെ സൗത്ത് ഇന്ത്യ ചെയർമാൻ സ്ഥാനം അലങ്കരിക്കുന്നു. ഇന്ത്യൻ ബുള്ളിയൻ ജ്വല്ലേഴ്സ് അസോസിയേഷൻ (IBJA) എന്ന സംഘടനയിലും സതേൺ റീജിയൻ ചെയർമാൻ സ്ഥാനാം വഹിക്കുന്നു. ഇതിനു പുറമേ നിരവധി സാമൂഹ്യക്ഷേമ സംഘടനകളിലും ബിസിനസ് സംഘടനകളിലും  നേതൃനിരയിൽ പ്രവർത്തിച്ചു വരുന്നു.

ഭീമ എന്ന ബ്രാൻഡ്  ജനലക്ഷങ്ങളുടെ മനസ്സിന്റെ അംഗീകാരം  നേടിയെടുത്തത് പോലെ മറ്റു പല രാജ്യരാജ്യാന്തര അംഗീകാരങ്ങളും നേടിയെടുത്തിട്ടുണ്ടോ?

കേരളത്തിലെ ആദ്യത്തെ BIS അംഗീകൃത ഷോറൂം ഞങ്ങളുടെ ഭീമ ജ്വല്ലറി ആണ്. അതുപോലെ കേരളത്തിലെ ആദ്യത്തെ A/C ജ്വല്ലറി ഷോറൂമും ഭീമയുടേതാണ്.ഇന്ത്യയിലെ ആദ്യത്തെ ISO-9001 അംഗീകൃത ജ്വല്ലറി ഷോറൂമും ഭീമ ജ്വല്ലറിയാണ്‌. HUID ആദ്യമായി നടപ്പിലാക്കിയതിന്റെ പെരുമയും ഭീമ ജ്വല്ലറിക്ക്‌ അവകാശപ്പെട്ടതാണ്‌. 

ഇതിന്‌ പുറമേ ടൈംസ്‌ ഗ്രൂപ്പ്‌ അവാര്‍ഡ്‌-ബ്രാന്‍ഡ്‌ ഐക്കണ്‍ ഓഫ്‌ ദ ഇയര്‍ 2016 കരസ്ഥമാക്കിയത്‌ ഭീമ ജ്വല്ലറിയാണ്‌. 2014-ല്‍ GJEPC ജ്വല്ലറി വില്‌പന രംഗത്തെ ആദ്യ അഞ്ച്‌ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഭീമ ജ്വല്ലറിയും ഇടം പിടിച്ചു. ഇതിന്‌ പുറമേ നിരവധി പുരസ്‌കാരങ്ങളും ഭീമ ജ്വല്ലറിയെ തേടിയെത്തിയിട്ടുണ്ട്‌.

ഭീമ ജ്വല്ലറി ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ താങ്കള്‍ക്കും അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടോ?

2015-ല്‍ ബ്രിട്ടീഷ്‌ പാര്‍ലിമെന്റിന്റെ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ ലഭിക്കുകയുണ്ടായി. ജേം & ജ്വല്ലറി ഡൊമസ്റ്റിക്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ ആന്‍മോള്‍ രത്‌ന അവാര്‍ഡ്‌ 2018 പുരസ്‌കാരം എനിക്കാണ്‌ ലഭിച്ചത്‌. എല്ലാ ചെറുതും വലുതുമായ അനവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. എല്ലാ അംഗീകാരങ്ങളും ഭീമയുടെ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയും ജനങ്ങള്‍ ഭീമയില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെയും അംഗീകാരമായേ കാണുന്നുള്ളൂ.

തിരുവനന്തപുരം ജില്ലയുടെ വികസനത്തിനായി നിതാന്ത പരിശ്രമം നടത്തുന്ന വ്യക്തിയാണ്‌ താങ്കള്‍ എന്ന്‌ കേട്ടിട്ടുണ്ട്‌. ശരിയാണോ?

വളരെ ശരിയാണ്‌. കഴിഞ്ഞ മാസം ഞങ്ങള്‍ തിരുവനന്തപുരം അജണ്ട ടാസ്‌ക്‌ ഫോഴ്‌സ്‌ (TATF) എന്ന സംഘടനയിലെ പ്രമുഖ അംഗങ്ങള്‍ ചെന്നൈയില്‍ പോയി മുഖ്യമന്ത്രി സ്റ്റാലിനെ സന്ദര്‍ശിച്ചു. തിരുവനന്തപുരം, നാഗര്‍കോവില്‍, തിരുനെല്‍വേലി, കന്യാകുമാരി എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു വാണിജ്യ ഇടനാഴി പ്രാവര്‍ത്തികമാക്കുന്നതിനായി ചര്‍ച്ച ചെയ്യാനാണ്‌ പോയത്‌. ഇങ്ങനെ ഒരു വാണിജ്യ ഇടനാഴി വന്നാല്‍ അത്‌ തിരുവനന്തപുരത്തിനാകും ഏറ്റവും പ്രയോജനകരം. അതേപോലെ ഈ റൂട്ടില്‍ കൂടിയുള്ള റോഡ്‌ വികസനവും ചര്‍ച്ചയില്‍ വന്നു. വളരെ വലിയ അനുകൂല നിലപാടാണ്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ ഇതില്‍ സ്വീകരിച്ചത്‌. ഞങ്ങള്‍ ഇറങ്ങി ഒരു മണിക്കൂര്‍ ആകുന്നതിന്‌ മുന്‍പ്‌ ഇതേപറ്റി കൂടുതല്‍ സംശയനിവാരണത്തിനായി വിവിധ വകുപ്പുകളില്‍ നിന്നും ഐ. എ. എസ്‌. ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ഏഴോളം പേരാണ്‌ വിളിച്ചത്‌. അത്രയും കാര്യമായാണ്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ അത്‌ ഏറ്റെടുത്തത്‌. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമാണ്‌. മന്ത്രിമാരും എം.എല്‍.എ. മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എല്ലാം ഇവിടെയാണ്‌. പക്ഷെ, ഇവിടെ വലിയ ഒരു വ്യവസായ സ്ഥാപനങ്ങളും പേരെടുത്തു പറയാനായി ഇല്ല. മറ്റ്‌ പല ജില്ലയെ വച്ച്‌ നോക്കുമ്പോള്‍ തിരുവനന്തപുരം വളരെ പിന്നിലാണ്‌. തിരുവനന്തപുരം അര്‍ഹമായ രീതിയില്‍ വികസിച്ചേ മതിയാകൂ. അതിനാലാണ്‌ തിരുവനന്തപുരം വികസനത്തിന്‌ ഞാന്‍ മുന്നിട്ട്‌ ഇറങ്ങിയത്‌. വികസനം വരുമ്പോള്‍ അത്‌ എല്ലാവര്‍ക്കും ഗുണം ചെയ്യും. നാട്‌ നന്നാകും.

ഭീമ ജ്വല്ലറി പരസ്യങ്ങളില്‍ ഒരിക്കലും ഒരു പ്രശസ്‌ത വ്യക്തി തെളിഞ്ഞുവന്നതായി ഓര്‍ക്കുന്നില്ല. ഭീമക്ക്‌ എന്താണ്‌ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയി ആരെയും നിയമിക്കാത്തത്‌?

നൂറ്റാണ്ടായി പരിശുദ്ധ സ്വര്‍ണ്ണം ഭീമ ജ്വല്ലറിയില്‍ ലഭിക്കും എന്ന്‌ ജനഹൃദയങ്ങളില്‍ ആഴത്തില്‍ പതിഞ്ഞതാണ്‌. അത്‌ കൂടുതല്‍ ഊട്ടി ഉറപ്പിക്കാന്‍ ഇനി ആരും സാക്ഷ്യപ്പെടുത്തേണ്ട ആവശ്യം ഇല്ലെന്ന്‌ വിശ്വസിക്കുന്നു. സ്വയം ഉപയോഗിച്ച്‌ വിശ്വാസമാര്‍ജ്ജിക്കുന്നതിലും വലുത്‌ അല്ലല്ലോ മറ്റാരെങ്കിലും പരസ്യത്തില്‍ പറഞ്ഞു ബോധിപ്പിക്കുന്നത്‌. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി മറ്റൊരാള്‍ പരസ്യത്തിലൂടെ പറഞ്ഞു സാക്ഷ്യപ്പെടുത്തിയാലേ കച്ചവടം നടക്കൂ എന്നുള്ളവര്‍ അങ്ങനെ ചെയ്യട്ടെ. ഭീമ ജ്വല്ലറിക്ക്‌ ഞങ്ങളുടെ കോടിക്കണക്കിന്‌ ഉപഭോക്താക്കള്‍ തന്നെയാണ്‌ ഞങ്ങളുടെ ശക്തി. ഏറ്റവും നല്ല പരിശുദ്ധമായ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരാണ്‌. തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ ആ വിശ്വാസം ഞങ്ങള്‍ തലമുറകള്‍ക്ക്‌ കൈമാറും.

ഗോക്കളെ മേയ്‌ച്ചും ജൈവകൃഷിക്കാരനായും ഗോവിന്ദന്‍ എന്ന പ്രകൃതിസ്‌നേഹി

കുട്ടിക്കാലത്ത്‌ എന്റെ അമ്മയ്‌ക്ക്‌ പശുക്കളോട്‌ വലിയ താല്‌പര്യം ഉണ്ടായിരുന്നു. അന്ന്‌ ഞങ്ങള്‍ ആലപ്പുഴയിലായിരുന്നു താമസം. ആ കാലഘട്ടത്തില്‍ ഞങ്ങള്‍ക്ക്‌ പതിനഞ്ചോളം പശുക്കളുണ്ടായിരുന്നു. അമ്മയോടൊപ്പം ഇതിനെ പരിപാലിക്കാനായി ഞാനും കൂടെ കൂടാറുണ്ടായിരുന്നു. അങ്ങനെ തുടങ്ങിയതാണ്‌ ഗോക്കളോടുള്ള സ്‌നേഹം. ഞാന്‍ തിരുവനന്തപുരത്തേക്ക്‌ താമസം മാറിയശേഷം ബാലരാമപുരതക്ത്‌ ഒരു ഫാം സ്ഥാപിച്ചു. മൂന്ന്‌ വലിയ ഗോശാലകളും 110 പശുക്കളും ഇപ്പോള്‍ ഇവിടെയുണ്ട്‌. പ്രശസ്‌ത ഗണത്തില്‍പ്പെടുന്ന പശുക്കളും ഇതില്‍പ്പെടും. വെച്ചൂര്‍ പശുക്കള്‍, കാസര്‍ഗോഡ്‌ കുള്ളന്‍, ജേഴ്‌സി പശുക്കള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടും. കഴിവതും എല്ലാ ഞായറാഴ്‌ചകളിലും ഞാന്‍ ഫാം സന്ദര്‍ശിക്കാറുണ്ട്‌. പശുക്കള്‍ക്ക്‌ എല്ലാം 10-20 പഴം വച്ച്‌ നല്‍കുകയും ചെയ്യും. മനസ്സിന്‌ ഒരു സന്തോഷവും, സമാധാനവും എല്ലാം ഇവിടെ നില്‍ക്കുമ്പോള്‍ അനുഭവിക്കാറുണ്ട്‌. ജോലിത്തിരക്കിന്റെ പിരിമുറുക്കത്തില്‍ നിന്നും ഒരു മോചനമാണ്‌ ഇവിടെ വന്ന്‌ ഇവയെ പരിപാലിക്കുമ്പോള്‍.

വിഷം കലരാത്ത ജൈവകൃഷിക്കായി കാര്യവട്ടത്ത്‌ വലിയ ഒരു ഫാം ഉണ്ട്‌. വിവിധയിനം പച്ചക്കറിത്തോട്ടം ഇവിടെ നല്ല രീതിയില്‍ പരിപാലിച്ച്‌ പോകുന്നു. കൃഷിയിടത്തില്‍ നിന്നു ലഭിക്കുന്ന പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വിശ്വാസത്തോടെ കഴിക്കാം. എല്ലാ ജനങ്ങളും അവരവരുടെ പരിമിത സ്ഥലത്ത്‌ ചെറിയ രീതിയിലെങ്കിലും ഒരു പച്ചക്കറിത്തോട്ടം പരിപാലിച്ചാല്‍ ആരോഗ്യപരമായി വളരെ നേട്ടം ചെയ്യും.

അങ്ങനെ സ്വര്‍ണ്ണാഭരണ വ്യാപാരിയായി അറിയപ്പെടുന്ന ഞാന്‍ ഇടയ്‌ക്ക്‌ എങ്കിലും ഒരു ക്ഷീരകര്‍ഷകനായും കൃഷിക്കാരനായും മാറാറുണ്ട്‌.

Post your comments