Global block

bissplus@gmail.com

Global Menu

"മലയാള സിനിമയുടെ തലസ്ഥാനം" സുരേഷ്‌ കുമാർ, നിർമ്മാതാവ്

 

മലയാളസിനിമയുടെ ഉത്ഭവം തന്നെ തിരുവനന്തപുരത്തല്ലേ. മലയാളത്തിലെ ആദ്യത്തെ സിനിമ വിഗതകുമാരൻ 1930 ഒക്ടോബർ 23 ന് തിരുവനന്തപുരത്തെ ക്യാപിറ്റോൾ തീയേറ്ററിൽ ആണ് റിലീസ് ചെയ്യുന്നത്. മലയാള സിനിമയിലെ കാരണവരും ആദ്യ സൂപ്പർ സ്റ്റാറുമായ തിക്കുറിശ്ശി ജനിച്ചതും തിരുവിതാംകൂർ ദേശത്ത് തന്നെ. മലയാളത്തിലെ സൂപ്പർസ്റ്റാർ സത്യൻ, നസീർ,മധു എന്നിവരും തലസ്ഥാന നഗരിയിൽ തന്നെ. മലയാളത്തിന്റെ മഹാനടൻ മോഹൻലാലും പൃഥിരാജും അനന്തപുരിയിലാണ് കളിച്ചുവളർന്നത്.
          ഞങ്ങളൊക്കെ സിനിമാരംഗത്ത് എത്തുന്നത് എഴുപതുകളുടെ അവസാനമാണ്. അന്ന് സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ നിൽക്കുകയാണ്.1971 - ൽ സത്യൻ മാഷ് മരിച്ചു. നസീർ സാറിന്റെയും മധു സാറിന്റെയും സിനിമകൾ കണ്ടാണ് ഞങ്ങൾ വളർന്നത്. പിന്നീട് സോമൻ, സുകുമാരൻ.1978- ൽ ആണ് ലാൽ എത്തുന്നത്.തൊട്ടടുത്ത് തന്നെ വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി, രതീഷ്, ശങ്കർ ഒക്കെ വന്നു.
     ലാൽ, പ്രിയൻ, അശോക്, ശ്രീക്കുട്ടൻ,സനൽ,മണിയൻ പിള്ള രാജു, കിരീടം ഉണ്ണി,ഞാൻ ഉൾപ്പെടെ ഉള്ള ചെറുപ്പക്കാർ സിനിമാ മോഹവുമായി ഈ രംഗത്തെത്തുന്നത് ഈ സമയത്താണ്. മദിരാശിയിലായിരുന്ന സിനിമ ആക്കാലത്താണ് തിരുവനന്തപുരത്തേക്ക് മാറുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോ ആയിരുന്നു അതിന് കാരണം.
       1980 കളുടെ തുടക്കത്തിൽ വരെ സിനിമ മൊത്തത്തിൽ മദിരാശിയിലായിരുന്നു. കോടമ്പാക്കം പാലം കയറാതെ സിനിമ എടുക്കാൻ കഴിയില്ല എന്ന സ്ഥിതി ആയിരുന്നു എഴുപതുകളുടെ അവസാനം വരെ. അത്  ഒന്ന് പൊളിച്ച് എഴുതണം എന്ന് ഞങ്ങൾക്ക് ഉദ്ദേശം ഉണ്ടായിരുന്നു. പൂച്ചാക്കൊരു മൂക്കുത്തി പൂർണമായും തിരുവനതപുരത്തു എടുത്ത ചിത്രമാണ്. തിരുവനന്തപുരത്ത് ആദ്യമായി സെൻസർ ചെയ്ത ചിത്രവും പൂച്ചാക്കൊരു മൂക്കുത്തി ആയിരുന്നു.1978-ൽ ബ്ലാക്ക് ആൻഡ് വൈറ്റ് എടുത്ത ഞങ്ങൾ പിന്നീട് കളർ ചിത്രവും എടുത്തു. സിനിമ കളർ ആയപ്പോൾ ലൊക്കേഷൻ കൂടുതലും തലസ്ഥാനമായി.1993- ന് ശേഷം മദ്രാസിലെ സിനിമ ഇൻഡസ്ട്രി തിരുവനന്തപുരതേക്കു ഹൈദ്രാബാദിലേക്കും ബാംഗ്ലൂരിലേക്കും ഒക്കെ മാറ്റപെട്ടു. അങ്ങനെ ഞങ്ങൾ ക്കൊക്കെ സിനിമയുടെ പല കാലഘട്ടങ്ങൾ കാണാൻ കഴിഞ്ഞു. ബ്ലാക്ക് ആൻഡ് വൈറ്റ്, കളർ, സിനിമ സ്കോപ്പ്, 3D, ഡിജിറ്റൽ എന്നിങ്ങനെ.1981-ൽ നസീർ സാറിനെ നായകനാക്കി തേനും വയമ്പും എന്ന സിനിമ എടുക്കാൻ കഴിഞ്ഞു. അശോക് കുമാർ ആയിരുന്നു സംവിധായകൻ.
  ഏറ്റവും കൂടുതൽ തീയേറ്ററുകൾ ഉണ്ടായിരുന്ന സ്ഥലമായിരുന്നു തലസ്ഥാനം. അന്ന് സിറ്റിയിൽ മാത്രമല്ല ജില്ലയുടെ നാനാ വശത്തും നിരവധി തീയേറ്ററുകൾ ഉണ്ടായിരുന്നു.

 

ഒലക്കൊട്ടകൾ ആയിരുന്നു ആക്കാലത്ത്. എത്രയോ തീയേറ്ററുകൾ പൂട്ടിപ്പോയി. ഇന്ന് അവസ്ഥ മാറി. എ. സി. ഇല്ലാത്ത തീയേറ്ററുകൾ ഇല്ല. മൾട്ടിപ്ലക്സുകൾ കൊണ്ട് ദേശം നിറഞ്ഞു. ഒ. ടി.ടി ആശയം വന്നതോടുകൂടി എല്ലായിടവും തീയേറ്ററുകൾ ആയി മാറി. ഏറ്റവും കൂടുതൽ തീയേറ്ററുകൾ ഉള്ള ജില്ല അന്നും ഇന്നും തിരുവനന്തപുരം ആണ്. ലുലു മാളിൽ തീയേറ്ററുകൾ തുറക്കുമ്പോൾ സിറ്റിയിൽ പന്ത്രണ്ടു തീയേറ്റർ കൂടി വരും.എല്ലാ ഗ്രാമങ്ങളിലും തീയേറ്റർ ആയി. നേരത്തെ പതിനാല് റിലീസ് കേന്ദ്രങ്ങൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് എല്ലാ തീയേറ്ററുകളും റിലീസ് കേന്ദ്രങ്ങളായി മാറി. മരയ്ക്കാർ 600 തീയേറ്ററുകളിൽ റിലീസ് ചെയ്തു. റീൽ പെട്ടി തലയിൽ ചുമന്നു കൊണ്ട് പോയി റിലീസ് ചെയ്യുന്ന കാലം മാറി.600 തീയേറ്ററുകളിൽ ഒരുമിച്ച് സിനിമ റിലീസ് ചെയ്യുന്ന രീതിയിലേക്ക് സിനിമ വളർന്നു. കോവിഡ് -19 കാരണം സിനിമ ഒ.ടി.ടി റിലീസിലേക്ക് മാറുന്നത് നാം കണ്ടു.

നാല്പത് വർഷങ്ങൾക്കിപ്പുറം  മലയാള സിനിമ എത്ര മാറിയിരിക്കുന്നു. നമ്മുടെ തലസ്ഥാനം എത്രയെത്ര പ്രശസ്ത വ്യക്തികൾക്ക് ജന്മം നൽകിയിരിക്കുന്നു. ഈ അടുത്തകാലത്ത് മരണമടഞ്ഞ കെ. കെ. പിള്ള, ബിച്ചു തിരുമല എന്നിവർ തലസ്ഥാന ജില്ലയിൽ നിന്നുള്ളവർ ആയിരുന്നു. നെടുമുടി വേണു താമസിച്ചിരുന്നതും തലസ്ഥാനത്ത് തന്നെ. മെരിലാൻഡ് ഉടമസ്ഥനും ന്യൂ തീയേറ്റർ ഉൾപ്പെടെയുള്ള സംരംഭത്തിന്റെ അധിപനുമായ സബ്രമഹ്ണ്യൻ മുതലാളി മലയാള സിനിമയുടെ ആസ്ഥാനം തിരുവനന്തപുരം ആക്കാൻ നിർണ്ണായക പങ്ക് വഹിച്ചു.

    എത്രയെത്ര നിർമ്മാതാക്കൾ, സംവിധായകർ, നടൻമാർ, നടികൾ,സംഗീത സംവിധായകർ, ഗാനരചയിതാക്കൾ, ഗായികാഗായകർ ടെക്‌നീഷ്യന്മാർ, വിതരണക്കാർ, തിയേറ്റർ ഉടമകൾ, എന്നിവർ തലസ്ഥാനത്ത് നിന്ന് ഉയർന്ന് വന്നിരിക്കുന്നു. കൃഷ്ണൻ നായർ സാറും അടൂർ ഗോപാല കൃഷ്ണനും ജോഷിയും, കെ. എസ്. ചിത്രയും, ശോഭനയും തുടങ്ങിയ പ്രമുഖർ.ഇവിടെ നിന്ന് ഉയർന്ന് വന്നവരുടെ പേരുകൾ എഴുതാൻ തന്നെ നിരവധി പേജുകൾ വേണ്ടി വരും. പ്രതിഭാ ധനരായ നിരവധി കലാകാരന്മാർ ഈ മനോഹര തീരത്തിന് മാറ്റ്‌ കൂട്ടിയിട്ടുണ്ട്. മലയാളസിനിമക്ക് അഭിമാനിക്കാൻ കഴിയുന്ന തരത്തിലുള്ള സംഭാവനകൾ നൽകിയ നിരവധി കലാകാരമാർ ജനിച്ചതും വളർന്നതും ഇവിടെയാണ്. ഞാൻ ഈ ലേഖനം എഴുതുമ്പോഴും നാലോളം ചിത്രങ്ങളുടെ ഷൂട്ടിംഗ് ഇവിടെ നടക്കുന്നുണ്ട്. മലയാള സിനിമ ജനിച്ചതും വളർന്ന് പന്തലിച്ചതും വിശ്വപ്രശസ്തി നേടിയതും കലകൾക്ക് ഏറെ വളക്കൂറുള്ള തിരുവനന്തപുരത്ത് നിന്ന് തന്നെ.

Post your comments