Global block

bissplus@gmail.com

Global Menu

“തിരുവനന്തപുരം എന്ന ശ്രീവാഴുംകോട് “ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി

 

 ശ്രീവാഴുംകോട് ഐശ്വര്യം വിളയുന്ന നാട്. തിരുവിതാംകൂറിന് പലപേരുകളും ഉണ്ടായിരുന്നു. അതിലൊന്നാണ് ശ്രീവാഴുംകോട് അതായത് ഐശ്വര്യം വിളയുന്ന നാട് എന്ന് അർത്ഥം. ആ പേരിനെ പല രീതിയിൽ വ്യാഖ്യാനിക്കാം ഒന്ന് തിരുവിതാംകൂറും അതിൻറെ തലസ്ഥാനമായ നമ്മൾ വളരെയധികം സ്നേഹിക്കുന്ന തിരുവനന്തപുരവും ഐശ്വര്യം വിളയുന്ന നാട് തന്നെയായിരുന്നു എന്നതിൽ സംശയമില്ലാ. വേറെ ഒരു രീതിയിൽ വേണമെങ്കിലും പറയാം ശ്രീ എന്നാൽ ലക്ഷ്മി ദേവിയുടെ പര്യായമാണ് അപ്പോൾ ലക്ഷ്മിദേവി വാഴുന്ന നാട്. ലക്ഷ്മി ദേവി എന്നുപറയുമ്പോൾ ഐശ്വര്യം എന്നാണല്ലോ. ലക്ഷ്മിയുടെ വല്ലഭൻ ആണ് പത്മനാഭൻ. ലക്ഷ്മി ദേവി പത്മനാഭന്റേതാണല്ലോ.  അപ്പോൾ പത്മനാഭന്റെ നാട്. അതാണ് തിരു അനന്തപുരം. ഇതുപോലെ, അനന്തശയനനഗരി, ആനന്ദപുരം അങ്ങനെ പലപേരുകളുണ്ട്. എല്ലാം  ഈ ദേശദേവനായിരിക്കുന്ന ഭഗവാനുമായി ബന്ധപെട്ടാണ്. ഏതായാലും ഇത് ഒരു ഐശ്വര്യം വിളയുന്ന നാടാണ്. സൗന്ദര്യത്തിൽ അങ്ങേയറ്റം ഉച്ചസ്ഥായിയിൽ നിൽകുന്നു, എവിടെ നോക്കിയാലും പച്ചപ്പ്, കുന്നുകൾ, പാറക്കെട്ടുകൾ, പലതരത്തിലുള്ള  ഫലവൃക്ഷങ്ങൾ അങ്ങനെ പ്രകൃതിയുടെ സമ്മാനങ്ങൾ. 

തിരുവനന്തപുരത്തെ കുറിച്ച് പറയുമ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്തതാണ് ചരിത്രവും, ചരിത്രസ്മാരകങ്ങളും. തിരുവനന്തപുരത്തിന്റെ ചരിത്രപ്രസിദ്ധമായ സ്മാരകങ്ങളിലൊന്നാണ് കോട്ടമതിലും കോട്ടയ്ക്കകവും. പക്ഷെ ഇന്ന് കോട്ടയ്ക്കകമില്ലാ. കാരണം വടക്കുവശത്തെ കോട്ട ഇടിച്ചുകളഞ്ഞു.  അതിലൂടെ നശിപ്പിച്ചത് ചരിതം മാത്രമല്ല, പഴയതലമുറയുടെ നിർമ്മാണ കഴിവുകളുടെ വലയിലൊരു സ്മാരകത്തെ കൂടിയാണ്. ചിറയൻകീഴിൽനിന്നു മറ്റും മണ്ണുകൊണ്ടവന്ന് കുഴച്ചിറുക്കിയാണ് ഇത്രയും വലിയ കട്ടകലുണ്ടാക്കി അതുവച്ചാണ് ഈ കോട്ടയുണ്ടാക്കിയത് . അന്ന് ഇപ്പോളുള്ളതുപോലുള്ള ആധുനിക സിമന്റിങ് ഘടകങ്ങളോ,
നിർമ്മാണ ശേഷിയോ ഇല്ലാ. വെള്ളക്കാർ പോലും അതിശയത്തോടെ കണ്ടുനിന്നൊരു നിർമിതിയെയാണ് വികസനത്തിന്റ പേരിൽ നശിപ്പിച്ചത്. അന്ന് ഇങ്ങനെയൊരു കോട്ടയെന്ന് പറയുന്നത് നിർമ്മാണത്തിലെ ഒരു അത്ഭുതംതന്നെയായിരിന്നു. ഇന്ന് ആ അത്ഭുതം എവിടെപ്പോയി? വികാസങ്ങളൊക്കെ ആവശ്യമാണ് പക്ഷെ അത് ഒരിക്കലും നമ്മുടെ ചരിത്രവും സംസ്കാരവും നശിപ്പിച്ചുകൊണ്ടാകരുത്. 

ടെക്നോപാർക്ക് തിരുവനന്തപുരത്തിന്റെ അഭിമാനം തന്നെയാണ്. പക്ഷേ അത് മാത്രം മതിയോ? കഴക്കൂട്ടം വികസനത്തിന്റെ പേരിൽ എന്തുമാത്രം പ്രകൃതിയെ നാം നശിപ്പിച്ചു. ഹൈവേയുടെ പണിക്കുവേണ്ടി എത്രമാത്രം പാറക്കെട്ടുകളാണ് പൊട്ടിച്ചുകളഞ്ഞത്. നമ്മുടെ പാറക്കെട്ടുകളും മൺകുന്നുകളും അങ്ങനെ നശിക്കുകയാണ്. 1924 ലെ വെള്ളപ്പൊക്ക സമയത് കുന്നിൻമുകളിൽ കയറിനിന്നാണ് പലരും രക്ഷപെട്ടത്. പക്ഷേ ഇനി അങ്ങനെ ഒരു സാഹചര്യം വന്നാൽ നമ്മളെ രക്ഷിക്കാൻ കുന്നുകൾ ഇല്ലാ. മനുഷ്യന്റെ അത്യാഗ്രഹം എല്ലാം നശിപ്പിക്കുകയാണ്. ഇന്ന് പച്ചപ്പില്ലാ, കോൺക്രീറ്റ് കെട്ടിടങ്ങൽ മാത്രം.  കൂനിൽമേൽകുരുപോലെ കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് മുന്നിൽ ഗ്ലാസ് ആക്കി ചൂട് കൂട്ടുകയാണ്. ഇങ്ങനെ പോകുകയാണെങ്കിൽ ഇവിടം തിരുആനന്ദപുരം എന്നത് മാറി തിരു അനാഥപുരം എന്നാകും. അങ്ങനെ മാറ്റരുതേയെന്നാണ് ഞങ്ങളുടെ അപേക്ഷ.    

ഇന്ന് തിരുവനന്തപുരത്തെ പല ചരിത്രസ്മാരകങ്ങളും തിരിച്ചറിയപ്പെടാത്തെ അല്ലെങ്കിൽ ശ്രദ്ധിക്കപ്പെടാത്തെ പോകുന്നുണ്ട്. ഏറ്റവും വലിയ ഉദാഹരണമാണ് മരുതംകുഴി അണ. ഉത്രം തിരുനാൾ തിരുമനസിന്റെ കാലത്ത് കെട്ടിയ വലിയൊരു സംഭവം തന്നെയായിരുന്നു. ഇന്ന് എത്രപേർ ഓർകുന്നുണ്ട് അത്? അങ്ങനെയൊരു അണയെപ്പറ്റി എത്ര പേർക്ക് അറിയാം?   വിഴിഞ്ഞത്തിനടുത്ത് ഒരു മത്സ്യച്ചന്തയുടെ നടുക്കായി രണ്ട് ഒറ്റമുറി ശിവക്ഷേത്രങ്ങൾ ഉണ്ട്. വാസ്തുശില്പ കലയുടെ ഉത്തമ ഉദാഹരണങ്ങൾ.എത്രയോ അപേക്ഷകൾ അത് സംരക്ഷിക്കാൻ വേണ്ടി പുരാവസ്തു വകുപ്പിന് കൊടുത്തിട്ടുണ്ട്. അവിടെ അത് വീണ്ടും തുടങ്ങണമെന്നോ മത്സ്യച്ചന്തയെ അവിടെനിന്നും മാറ്റണമെന്നോയല്ല. അവിടെ നിന്നും അങ്ങനയെ എടുത്തുമാറ്റി വേറെ എവിടേലും വച് സംരക്ഷിക്കാമല്ലോ.  അതുപോലെതന്നെ പാർവ്വതിപുത്തനാർ. അതിന്റെ അവസ്ഥകണ്ടാൽ സഹിക്കില്ലാ. വർക്കലയിൽ നിന്ന് തിരുവനന്തപുരം വരെ പാർവ്വതിപുത്തനാറിലൂടെ വരാം. പുതിയ ജലപാത വരുമ്പോൾ ഇവയൊക്കെ വീണ്ടെടുക്കാൻ പറ്റണം. വെറും കടലാസ്സിൽ ഒതുങ്ങുന്ന പദ്ധതിയായി മാറരുത്.  

നമുക്ക് നമ്മുടെ കാര്യങ്ങളിൽ ശ്രദ്ധക്കുറവായതുകൊണ്ടാണ് ഇല്ലെങ്കിൽ ഇന്നും തിരുവനന്തപുരം നമ്പർ 1 സിറ്റിയായിരിക്കുമായിരിന്നു.  നമ്മുടെ നാടായിരുന്നു ഒരിക്കൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം. ഓൾ ഇന്ത്യ ഫസ്റ്റ് ആയിട്ടുള്ള പട്ടികയിൽ പലകാര്യങ്ങളിലും തിരുവനന്തപുരം ആയിരിന്നു മുന്നിൽ. 1741ൽ നടന്ന കുളച്ചൽ യുദ്ധത്തിലാണ് ആദ്യമായി ഒരു സ്വദേശി നാട് വെള്ളക്കാരനെ തോല്പിക്കുന്നത്. അത് വെറുമൊരു വെള്ളക്കാരനെയല്ലാ ലോകത്തിലെ ഏറ്റവും മികച്ച നാവികസേനയാണ് തോല്പിച്ചത്. അത് ഏഷ്യയിൽ തന്നെ ആദ്യമായിയായിരിന്നു. 1817 ൽ ലോകത്ത് തന്നെ ആദ്യമായി പ്രൈമറി വിദ്യാഭ്യാസം സർക്കാർ ചിലവായി നടത്തുനുള്ള ഉത്തരവ് കൊണ്ടുവന്നത് തിരുവനന്തപുരത്ത് റാണി ഗൗരി പാർവ്വതി ഭായിയാണ്. യൂഎൻന്റെ റെക്കോർഡ്സിൽ ഇതുണ്ട്. പക്ഷേ നമ്മുടെ കുട്ടികൾക്ക് അറിയില്ല.  ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രഞ്ജിയും റാണി ഗൗരി പാർവ്വതി ഭായിത്തന്നെയാണ്. പൂരാടം തിരുനാൾ സേതു ലക്ഷ്മി ബായി (റീജന്റ് രാജ്ഞി) തിരുമാനസിന്റെ കാലത്ത് ഡോക്ടർ മിസ്സിസ് മേരി പുന്നൻ ലൂക്കോസാണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ സർജൻ ജനറൽ, അതുപോലെ അന്ന ചാണ്ടി ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജിയാകുന്നത്. കൂടാതെ ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്‌ട്രേട്ടായിരുന്ന ഓമന കുഞ്ഞമ്മ,  ഇന്ത്യയിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയറായ പി.കെ. ത്രേസ്യയെല്ലാം തിരുവിതാംകൂർകാരാണ്. രാജ്യത്തെ ആദ്യ വനിതാ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ഫാത്തിമ ബീവി പഴയ തിരുവിതാംകൂർകാരിയാണ് . ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് ഇന്ത്യയിൽ ആദ്യമായി രണ്ട് സ്ത്രീകളെ നോമിനേറ്റ് ചെയ്ത് അസംബ്ലിലേക്ക് അയക്കുന്നത്. അങ്ങനെ ഒരുപാട് ഓൾ ഇന്ത്യ ഓൾ ഏഷ്യ ഫസ്റ്റ് നമുക്കുണ്ട്. പക്ഷേ ഇതൊന്നും നമ്മുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നില്ല. എന്തുകൊണ്ട്? ബ്രിട്ടീഷ്കാരെ പറ്റിയും മുഗൾ രാജാക്കന്മാരെ പറ്റിയും പഠിക്കുമ്പോൾ ഇതും നമ്മുടെ കുട്ടികളെ പഠിപ്പിക്കണ്ടേ? ആറാട്ടു നടക്കുന്ന കൽമണ്ഡപത്തിനും, വിമാനത്താവളത്തിനുള്ളിലെ കല്ലുമണ്ഡപത്തിനുമെല്ലാം അതിന്റെതായ പ്രാധാന്യമുണ്ട്. അത് എന്താണയെന്ന് അറിഞ്ഞാൽ അല്ലേ വരും തലമുറയ്ക്ക് സംരക്ഷിക്കാൻ പറ്റു. അതുകൊണ്ട് തന്നെ അവരെ തിരുവിതാംകൂറിന്റെ ചരിത്രം പഠിപ്പിക്കേണ്ടതുണ്ട്. 

പൊതു ശുചിത്വമാണ് നമ്മൾ നേരിടുന്ന അടുത്ത പ്രധാന പ്രശ്നം. എത്ര സർക്കാരുകൾ വിചാരിച്ചാലും, കോർപ്പറേഷനുകൾ വിചാരിച്ചാലും ഓരോ വ്യക്തികൾ വിചാരിക്കാതെ ഇത് പരിഹരിക്കാനാകില്ല. നമുക്കെല്ലാം ശുചിത്വമുണ്ട് പക്ഷേ പൊതു ശുചിത്വമില്ലാ. പൗരബോധമില്ലാ. റോഡിൽ തുപ്പുന്നു, ചപ്പും ചവറും വലിച്ചെറിയുന്നു, പ്ലാസ്റ്റിക് വലിച്ചെറിയുന്നു. വരും തലമുറയെയെങ്കിലും കുഞ്ഞിലേതൊട്ട് ഇതിന്റെ പ്രാധാന്യത്തെപ്പറ്റി പഠിപ്പിക്കുക. ഭുമിയോടുള്ള ബഹുമാനം കൂട്ടുകയാണെങ്കിൽ ഇത്രെയും വൃത്തികേടുകൾ നമ്മൾ ഭൂമിയോട് കാണിക്കില്ലാ. പ്ലാസ്റ്റിസിനെ റിയൂസ് ചെയ്യാനുള്ള പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുക. സർക്കാരിനും കോർപ്പറേഷനുമെല്ലാം ചെയ്യുന്നതിൽ ഒരു പരിധിയുണ്ട്. നമ്മൾ ഓരോത്തരും വിചാരിച്ചല്ലേ ഇതിന് ഒരു അറുതിവരൂ.
 
തിരുവനന്തപുരത്തുകാരായ  ഞങ്ങളുടെ ഹൃദയത്തോട് ചേർന്നിരിക്കുന്ന പട്ടണമാണ് ഇവിടം.  അതുകൊണ്ട് തന്നെ എല്ലാ വികസന പ്രവർത്തങ്ങളും നല്ല രീതിക്ക് മുന്നോട്ട് പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പ്രകൃതിയെയും അതുതന്ന ഭാഗ്യങ്ങളും ഉൾകൊണ്ടുകൊണ്ട് തിരുവനന്തപുരത്തിന്റെ വ്യക്തിമുദ്ര ഇല്ലാതാകാതെ സൂക്ഷിച്ച് മുന്നോട്ടുപോകുക. തിരുവനന്തപുരത്തകർക്ക് എന്നും തിരുവനന്തപുരം സ്പെഷ്യലാണ്. പത്നാഭ സ്വാമി അനുഗ്രഹങ്ങൾ വാരിച്ചൊരിഞ്ഞ നാട്. ഈ മണിൽ ജനിക്കാനും നമ്മുടെ തിരുവനന്തപുരം എന്ന് അഭിമാനത്തോടെ പറയാനും സ്വാമി അനുഗ്രഹിച്ചു അതിൽ ഒരുപാട് നന്ദിയുണ്ട്.  എന്നും തിരുവനന്തപുരം ശ്രീവാഴുംകോടായി നിലനിൽക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.

Post your comments