Global block

bissplus@gmail.com

Global Menu

"നമ്മുടെ നാട് നന്നാവാൻ നാം തന്നെ വിചാരിക്കണം" - പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി

തിരുവനന്തപുരം എന്റെ കുട്ടിക്കാലത്ത് വൃത്തിയുള്ള ഹരിത നഗരമായിരുന്നു. ഒരു പരിസ്ഥിതി സൗഹൃദ നഗരം. ഒരുപാട് തുറസ്സായ സ്ഥലങ്ങൾ, പാർക്കുകൾ, പൂന്തോട്ടങ്ങൾ, ആളുകൾക്ക് സ്വതന്ത്രമായി ചുറ്റിക്കറങ്ങി നടക്കാനുള്ള സൗകര്യങ്ങൾ, വയലുകൾ അങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടുണ്ടായിരുന്നു. സിറ്റിക്ക് അകത്തുതന്നെ എത്ര വയലുകൾ ഉണ്ടായിരുന്നയെന്ന് അറിയാമോ? ഇപ്പോഴയാതെ ജവഹർ നഗറിൽ അന്ന് മുഴുവനും മരിച്ചീനി കൃഷിയായിരുന്നു. അപ്പോൾ ധാരാളം ശുദ്ധവായു ശ്വസിക്കാനും ശുദ്ധജലം കുടിക്കാനും പറ്റിയിട്ടുണ്ട്. ഞങ്ങളാരും മിനറൽ വാട്ടർ കുടിച്ചല്ലാ വളർന്നത്. കോളേജിൽ പഠിക്കുമ്പോൾ എല്ലാം പൈപ്പിൽ വരുന്ന വെള്ളമായിരിന്നു കുടിച്ചിരുന്നത്. എന്ത് നല്ല വെള്ളമായിരിന്നു അതെന്ന് അറിയുമോ? എന്നാൽ ഇന്ന് അരുവിക്കര റിസർവോയർ ചെന്ന് കണ്ടാൽ പിന്നെ നമ്മൾ വെള്ളം കുടിക്കില്ലാ. ആ സ്ഥിതിയായി. അതുകൊണ്ട് നമ്മൾ ചെയ്യണ്ടതെന്തന്നാൽ നമ്മൾക്ക് ഉള്ളതിനെ നന്നായി വികസിപ്പിച്ച് നന്നായി നോക്കുക.  പ്രകൃതിയെ സംരക്ഷിച്ച് കൊണ്ട് വികസനം നടത്തുക അല്ലാതെ നശിപ്പിച്ചുകൊണ്ടാകരുത്. പ്രകൃതിയെ നശിപ്പിക്കുന്നതിന്റെ അനന്തരഫലമാണ് ഇന്നത്തെ കാലാവസ്ഥ വ്യതിയാനം. എല്ലാത്തിനും കാരണം നമ്മുടെ പ്രവർത്തികളാണ്. നമ്മുടെ വീണ്ടുവിചാരമില്ലാത്ത പ്ലാനിംഗ്. വരും തലമുറയെയും പറ്റി കൂടി മുൻകൂട്ടി ചിന്തിച്ചുവേണം വികസനങ്ങൾ നടത്താൻ. 

വികസനത്തിന്റെ ഏറ്റവും വലിയ പ്രശ്നം വിവിധ വകുപ്പുകളുടെ സംയോജനമാണ്. പരസ്പര വിരുദ്ധമായിയാണ് പല വകുപ്പുകളും പ്രവർത്തിക്കുന്നത്.  അതുകാരണം ചരിത്ര പ്രസിദ്ധമായ പല കെട്ടിടങ്ങളും ഇടിച്ചുകളഞ്ഞു. അതിൽ പ്രധാനമാണ് എസ്.പി ഫോർട്ട് ഹോസ്പിറ്റലിന്റെ അടുത്തുണ്ടായിരുന്ന ആനക്കൊട്ടിൽ. ഡബിൾ ഡക്കർ ബസ് പോകാൻവേണ്ടിയാണ് അതെ പൊളിച്ചത്. എന്നിട്ട് ബസ് ആ വഴിപോയതുമില്ലാ.  ആനക്കൊട്ടിൽ ഇടിക്കാതെയും ചുറ്റി ബസിന് പോകാമായിരുന്നു. എന്നിട്ടും വെറും രണ്ട് മണിക്കൂർകൊണ്ട് അതിനെ ഇല്ലാതാക്കി. നമ്മുടെ ഹെഡ് പോസ്റ്റ് ഓഫീസ് ഇടിച്ചു, സെക്രട്ടറിയേറ്റിന് അടുത്തയിട്ടുണ്ടായിരുന്ന ആനക്കച്ചേരിയെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ യഥാർത്ഥ ഹെഡ് ഓഫീസ് ഇടിച്ചുകളഞ്ഞു, ഇവിടുത്തെ മ്യുസിയത്തിലുണ്ടായിരുന്ന പല സാധനങ്ങളും വേറെ പല സ്ഥലത്തോട്ട് കൊണ്ടുപോയി. നമ്മുടേതായിട്ട് ഉള്ളതിനൊന്നും നമുക്ക് വിലയില്ല. ഇങ്ങനെ ഉള്ളതിനൊക്കെ വേണ്ട വിലകൊടുത്തിരുന്നെങ്കിൽ തിരുവനന്തപുരം ജീവിതം സ്വർഗ്ഗതുല്യമാകുമായിരിന്നു. 

മോശം കാലാവസ്ഥ കാരണം തിരുവനന്തപുരം എയർപോർട്ട് അടച്ചിടേണ്ടി വന്ന സാഹചര്യങ്ങൾ വളരെ വിരളമാണ്.  ജലഗതാഗതത്തിന് വേണ്ടുന്ന നല്ല ജലപാതകളുണ്ട്. ഇപ്പോൾ റോഡ്, വായു, ജലഗതാഗതങ്ങൾ ഇവിടെ സാധ്യമാണ്. നമ്മുടെ കനലുകളൊക്കെ ഒന്ന് വൃത്തിയാക്കിയെടുക്കുവാണെങ്കിൽ ചരക്കുഗതാഗതം സുഗമമായി നടക്കുകയും റോഡിലെ തിരക്ക് കുറയ്ക്കാൻ കഴിയുകയും ചെയ്യും. ഒരുകാലത്ത് ഏറ്റവും മികച്ച റോഡുകൾ ട്രാവൻകുറിലായിരിന്നു. ഇന്നിപ്പോൾ ഇവിടെ നിന്ന് കൊല്ലം വരെ പോകാൻ തന്നെ രണ്ട് മണിക്കൂറെടുക്കും. പുരോഗതി നല്ലതും, അനിവാര്യവും, ഒഴിച്ചുകൂടാൻ പറ്റാത്തതുമാണ്. പക്ഷേ അതിനെ നമ്മൾ എങ്ങനെ കൈകാര്യം ചെയുന്നു എന്നതിലാണ് കാര്യം.

നമുക്ക് ഇവിടെ ധാരാളം സ്കൂളുകളും മികച്ച വിദ്യാഭ്യാസത്തിനുവേണ്ട സൗകര്യങ്ങളുമുണ്ട്, വായനശാലകളുണ്ട്. വളരെ നല്ലയൊരു എയർപോർട്ടുണ്ട് , ഏറ്റവും മികച്ച ആശുപത്രികൾ ഉള്ളത് നമ്മുടെ തിരുവനന്തപുരത്താണ്. ഇതിനൊക്കെ നല്ലരീതിയിൽ പരിപാലിച്ചു കൊണ്ടുപോകുകയെന്നതാണ് അടുത്ത കടമ്പ. വികസനം വന്നാൽ പോരാ അതിനെ നിലനിർത്തണം. അതെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ഉറപ്പായും നമ്മുടെ നാട് ഒരു പറുദീസയാകും. 

നമുക്ക് അഭിമാനത്തോടെ പറയാൻ ടെക്നോപാർക്കുണ്ട്. അത് കാരണം രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ളവർ നമ്മുടെ നാട്ടിൽ വരുന്നുണ്ട്. പല പുതിയ ബിസിനസുകളും അതിനെ ചുറ്റിപറ്റി വികസിക്കുന്നുണ്ട്. ഇതെല്ലാമായി കഴിയുമ്പോൾ കുടിക്കാൻ വെള്ളമില്ലാത്തയാൽ ഉള്ള അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ജലാശയങ്ങൾ എല്ലാം മലിനമാകുന്നു. ടെക്നോപാർക്കിന്റെ അടുത്തുള്ള ആക്കുളം കായലിന്റെ അവസ്ഥ നോക്കിയാൽ മതി. എത്രത്തോളം മെഡിക്കൽ വേസ്റ്റാണ് ആക്കുളം കായലിൽ തള്ളുന്നത്. അരുവിക്കരയിൽ എന്ത്മാത്രം പ്ലാസ്റ്റിക് വേസ്റ്റാണ് അടിയുന്നത്. പ്ലാസ്റ്റിക് മാത്രമല്ല അറവുമാലിന്യങ്ങളുമുണ്ട്. ഈ വെള്ളമാണ് നമ്മൾ കുടിക്കുന്നത്. ഇതെല്ലാം കാണുമ്പോൾ സത്യത്തിൽ സങ്കടമാണ് വരുന്നത്. സത്യത്തിൽ തിരുവനന്തപുരം ശ്വാസം മുട്ടിച്ചു തുടങ്ങി. 

അതുപോലെ പ്രധാനപ്പെട്ട വികസനങ്ങളൊന്നും തിരുവനന്തപുരത്ത് വരുന്നില്ല. ഉദാഹരണത്തിന് ഹൈക്കോടതിയെല്ലാം വടക്കോട്ടാണ് പോയിരിക്കുന്നത്.  ടെക്നോപാർക്ക്, ടെക്നോസിറ്റിയല്ലാതെ വേറെ വികസനകളൊന്നും ഇവിടേക്ക് വരുന്നില്ല. പറയാൻപറ്റാത്ത ഒരു കാര്യം മാലിന്യ സംസ്കരണമാണ്. വളരെ മോശമായിയാണ് അത് നടക്കുന്നതെന്ന് അട്ടകുളങ്ങര ഭാഗത്തൊക്കെ പോയാൽ കൃത്യമായി മനസിലാകും.  
മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണവിടെ. ഈ പ്രശ്നങ്ങൾക്കൊകെ പരിഹാരമുണ്ട്. മാലിന്യ നിർമാർജനം സർക്കാരിന്റെയും കോർപറേഷന്റെയും മാത്രം കടമയല്ല നമ്മുടെ ഓരോരുത്തരുടെയുമാണ് എന്ന ചിന്തവന്നാൽ തന്നെ പകുതി പ്രശ്നം തീരും. 

തിരുവനന്തപുരത്ത് ജനിച്ചവരും തിരുവനന്തപുരത്തിനെ  സ്വന്തമായവരും ഉണ്ട്. നമ്മുടെയൊക്കെ ഉത്തരവാദിത്തമാണ് നമ്മുടെ കുട്ടികൾ ഇവിടെ നിന്ന് ജോലിക്കോ മറ്റും പോയാൽ അവരെ അവിടെ സെറ്റിലാകാൻ വിടാതെ തിരിച്ചുകൊണ്ട് വരേണ്ടത്.  തിരുവനന്തപുരം എന്റേതാണ് എന്ന തോന്നൽ അവരിൽ ഉണ്ടാകേണ്ടത്  നമ്മളാണ്. മകളേ നിങ്ങൾ എവിടേലും പോയി ജീവിച്ചോ എന്ന മനോഭാവം മാറ്റണം. അത് മാറണമെങ്കിൽ നമ്മൾ അതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കണം. കൂടാതെ നമ്മുടെ പൈതൃകത്തെയും, സംസകാരത്തെയും, ചരിത്രസ്മാരകങ്ങളെയും നിലനിർത്തണം.

ഇത് ഒന്നും സർക്കാരിന്റെ കുഴപ്പങ്ങളോ കുറ്റങ്ങളോ അല്ല. നമ്മൾ ഓരോത്തരും നന്നായാലേ നാട് നന്നാക്കൂ. പൗരബോധം വേണം. ഉപയോഗിച്ച മാസ്ക്ക് മുതൽ വീട്ടിലെ ചപ്പുചവറുകൾ വരെ റോഡിൽ വലിച്ചെറിയരുത്. ഒരു മിട്ടായി കഴിച്ചാൽ പോലും  അതിന്റെ കവർ വലിച്ചെറിഞ്ഞില്ലെങ്കിൽ നമ്മൾക്ക് സമാധാനമില്ല. അങ്ങനെ ചെയ്യാൻപാടില്ല എന്നാലും നമ്മൾ ചെയ്യും. എല്ലാരും അത് ചെയ്യാതിരുന്നാൽ നാട്ടിന് എന്തെല്ലാം ഗുണം ലഭിക്കും. വരും തലമുറയെ എങ്കിലും പറഞ്ഞു കൊടുത്ത് വളർത്തുക ഈ നാട് നമ്മുടേതാണ്, ഇവിടുത്തെ ഓരോ സാധനവും അത് റോഡയലും മതിലായാലും നമ്മുടേതാണ്. അത് സംരക്ഷിക്കേണ്ട കടമ നമ്മുടേതാണ്. ഭഗവാന്റെ തിരുവനന്തപുരമാണ് അത് നേരെ നോക്കിക്കൊള്ളണമേ എന്ന് നമുക്ക് ഭഗവാനോട് തന്നെ പ്രാർത്ഥിക്കാം

Post your comments