Global block

bissplus@gmail.com

Global Menu

അത്ഭുതം.....അഭിമാനം അനന്തപുരിക്ക് തിലകം ചാര്‍ത്തി ലുലുമാള്‍

 ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിങ് വിസ്മയം.10,000 പേര്‍ക്ക് ജോലി. 2000 കോടി ചെലവിട്ട് 20 ലക്ഷം ചതുരശ്രഅടിയില്‍ ഷോപ്പിംഗ് വിസ്മയം. രണ്ടു ലക്ഷം ചതുരശ്ര അടിയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ്.  മൂന്നൂറിലേറെ ലോക ബ്രാന്‍ഡുകളുടെ വിസ്മയലോകം. 3800 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. 12 മള്‍ട്ടിപ്ലക്‌സ് സിനിമാശാലകള്‍.

''ഒരു നാട് ആഗ്രഹിക്കുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കാനും സന്തോഷകരമായ ഷോപ്പിങ്ങിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാനും പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് എന്നതില്‍ അഭിമാനമുണ്ട്. രാജ്യാന്തര നിലവാരമുള്ള ഒരു സ്ഥാപനം അനന്തപുരി എന്നറിയപ്പെടുന്ന നമ്മുടെ തലസ്ഥാനനഗരിയില്‍ ഉണ്ടാകണമെന്ന ആഗ്രഹം കൂടിയാണ് ലുലു മാളിന്റെ ഉദ്ഘാടനത്തോടെ സഫലമാകുന്നത്. ഈ മാളിന്റെ വിജയം നിങ്ങളുടേതു കൂടിയാണ്.''-ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ വാക്കുകള്‍. വന്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തി അതിന്റെ അമരത്ത് അഭിമാനത്തോടെ നില്‍ക്കുമ്പോഴും അഹങ്കാരത്തിന്റെ തലച്ചുമട് പേറാത്ത ഒരു മനുഷ്യന്റെ വാക്കുകളാണിവ. ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍- ആക്കുളത്ത് ടെക്‌നോപാര്‍ക്കിന് സമീപം തലയുയര്‍ത്തിനില്‍ക്കുന്ന ലുലു മാള്‍- അനന്തപുരിക്ക് ക്രിസ്തുമസ് സമ്മാനമായി നല്‍കിക്കൊണ്ടാണ് അദ്ദേഹം എളിയവാക്കുകളില്‍ തന്റെ സ്ഥാപനത്തെ അവതരിപ്പിച്ചത്. ഡിസംബര്‍ 16നാണ് ലുലുമാള്‍ മിഴി തുറക്കുന്നത്. 2000 കോടി ചെലവിട്ട് 20 ലക്ഷം ചതുരശ്രഅടിയില്‍ ഒരുങ്ങുന്ന ഈ ഷോപ്പിംഗ് വിസ്മയം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.   ലുലു ഗ്രൂപ്പിന്റെ രാജ്യത്തെ ഏറ്റവും വലുതും, വലുപ്പത്തിലും ആകര്‍ഷണീയതയിലും ഏഷ്യയില്‍ ഒന്നാംനിരയിലേതുമായ ലുലു മാളാണ് അനന്തപുരിയിലേത്. ദേശീയപാതയോരത്ത് ടെക്‌നോപാര്‍ക്കിന് സമീപം ആക്കുളത്ത് ഉദ്ഘാടനത്തിനൊരുങ്ങി നില്‍ക്കുന്ന ഈ മാള്‍ വിസ്മയങ്ങളുടെ കൊട്ടാരമാണ്.

നടന്നുകാണാന്‍ വേണം ഒരു ദിവസം
2000 കോടി രൂപ ചെലവിട്ട് 20 ലക്ഷം ചതുരശ്രയടിയില്‍ നിര്‍മിച്ച, ലുലു ഗ്രൂപ്പിന്റെ ഷോപ്പിങ് മാള്‍  ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ മാളാണ്.  'സാധനമൊന്നും വാങ്ങാതെ സാമാന്യം വേഗത്തില്‍ നടന്നു കാണുകയാണെങ്കില്‍ പകുതി ദിവസം വേണം. അതല്ല ആസ്വദിച്ച് നടന്നും ഷോപ്പുകളില്‍ കയറിയിറങ്ങിയുമാണെങ്കില്‍ ഒരു ദിവസം പോര താനും.  മാളിന്റെ പ്രത്യേകതയെക്കുറിച്ച് ശില്‍പികളുടെ വാക്കുകള്‍ ഇങ്ങനെ. 300 രാജ്യാന്തര ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍ മാളില്‍ തുറക്കും. ഇതില്‍ വസ്ത്രമേഖലയിലെയും സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെയും 10 ബ്രാന്‍ഡുകള്‍ കേരളത്തില്‍ ഇതുവരെ വരാത്തത്. ഇവ തെക്കേ ഇന്ത്യയിലും ആദ്യമായാണെത്തുന്നത്. 2500 പേര്‍ക്കിരിക്കാവുന്ന ഫുഡ് കോര്‍ട്ട്, 3,500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന 8 നിലകളിലെ പാര്‍ക്കിങ് കേന്ദ്രവും തയാറായി.  7200 ചതുരശ്രമീറ്ററില്‍ 12 മള്‍ട്ടിപ്ലക്‌സ് സിനിമാശാലകള്‍. 2 ലക്ഷം ചതുരശ്ര അടി വലുപ്പത്തില്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ്.  ഇതോടൊപ്പം ലുലു കണക്ട്, ലുലു സെലിബ്രിറ്റ്, 80,000 ചതുരശ്രയടിയില്‍ കുട്ടികള്‍ക്കായി എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍, 2,500 പേര്‍ക്കിരിക്കാവുന്ന വിശാലമായ ഫുഡ്‌കോര്‍ട്ട് എന്നിവയുമുണ്ട്.

രൂപരേഖ തയാറാക്കിയ യുകെയിലെ ആര്‍ക്കിടെക്ട് സ്ഥാപനമായ ഡിസൈന്‍ ഇന്റര്‍നാഷനലാണ് മാളിന്റെ ട്രാഫിക് ഇംപാക്ട് പഠനവും നടത്തിയത്. ഷോപ്പിങ് മാളിനുള്ള എല്ലാ അനുമതികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നു ലഭിച്ചതായി ലുലു തിരുവനന്തപുരം ഡയറക്ടര്‍ ജോയ് സദാനന്ദന്‍ നായര്‍ അറിയിച്ചു. ഡിസംബര്‍ 17 മുതല്‍ ഷോപ്പിങ് സൗകര്യമുണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിച്ചു.

 ഫണ്‍ ട്യൂറ
കുട്ടികള്‍ക്കായി കേരളത്തിലെ ഏറ്റവും വലിയ പാര്‍ക്കാണ് മാളില്‍ തയാറാകുന്നത്. ഫണ്‍ ട്യൂറ എന്നാണ് ഇതിന് പേര്‍. 450 റൈഡുകള്‍. ഇതില്‍ തന്നെ 50 റൈഡുകള്‍ കേരളത്തില്‍ ആദ്യമാണെന്നും നിര്‍മാതാക്കള്‍ . 80,000 ചതുരശ്ര അടി ഫാമിലി എന്റര്‍ടൈന്‍മെന്റ് സെന്ററും ഇതില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുമിച്ച് കുതിച്ചു ചാടാന്‍ ട്രാംപോളിന്‍ പാര്‍ക്കും. ഇതോടെ മാള്‍ നഗരത്തിലെ ഏറ്റവും വലിയ എന്റര്‍ടെയ്ന്‍മെന്റ് മേഖലയായി മാറും.

ബിസിനസ് ഇവന്റുകള്‍ക്ക് വിശാലമായ സ്‌പേസ്
ഇന്ത്യയിലെ തന്നെ മാളുകളില്‍ ഏറ്റവും കൂടുതല്‍ തുറന്ന സ്ഥലവും ഇടനാഴികളും ഉള്ള മാളാണ് തിരുവനന്തപുരത്തെ ലുലുവെന്ന് നിര്‍മാതാക്കള്‍ പറയുന്നു. മാളിന്റെ പ്രധാന കവാടം കഴിഞ്ഞ് അകത്തേക്ക് കയറുന്ന ഈ സ്ഥലത്തു വലിയ ബിസിനസ് ഇവന്റുകള്‍ നടത്താനുള്ള വിശാലമായ ഇടം ഇവിടെയുണ്ട്.. പുതിയ ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തല്‍,  ബിസിനസ് സംരംഭങ്ങളുടെ തുടക്ക പ്രഖ്യാപനമൊക്കെ ഇപ്പോള്‍ ഇത്തരം മാളുകളിലാണ് വന്‍കിട കമ്പനികള്‍ നടത്തുന്നത്. രാജ്യത്തെ വന്‍നഗരങ്ങളുടെ മാത്രം കുത്തകയായ ഇത്തരം ബിഗ് ഇവന്റുകള്‍ ഇനി തിരുവനന്തപുരത്തേക്കു കൂടുമാറുമെന്നുറപ്പ്.

നാടിന് നേട്ടം, 10,000 പേര്‍ക്ക് ജോലി
10,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമെന്ന നിലയിലും പുതിയ ലുലു ശ്രദ്ധാ കേന്ദ്രമാകുന്നു. ജൈവ ഉല്‍പന്നങ്ങളുടെ പ്രത്യേക കേന്ദ്രവും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തുറക്കുന്നുണ്ട്. അവിടേക്ക് നാട്ടിലെ കര്‍ഷകരുടെ ഉല്‍പന്നങ്ങളെത്തിച്ച് ന്യായമായ വില നല്‍കി പ്രോത്സാഹിപ്പിക്കും. ജൈവ അരി മുതല്‍ പച്ചക്കറിയും അനുബന്ധ ഉല്‍പന്നങ്ങളും വരെയുളളവയ്ക്ക് ലിയൊരു വിപണിയൊരുക്കുകയാണ് ഇവിടം.

പച്ചക്കറിയും മത്സ്യവും മറ്റു സാധനങ്ങളും മാളിലേക്ക് നല്‍കുന്ന പുതു ചെറുകിട വ്യവസായ ഗ്രൂപ്പുകളും പിറവിയെടുക്കും. മാളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന സംരംഭങ്ങളിലൂടെ നൂറുകണക്കിനാളുകള്‍ക്ക് തൊഴിലും ജീവിതവും നല്‍കും. ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് താമസിക്കാന്‍ ഹോസ്റ്റലുകളും വീടുകളും ഒരുക്കുന്നതിലൂടെ നഗരത്തിന് വരുമാനവും വളര്‍ച്ചയും ലഭിക്കും.അങ്ങനെ അനന്തപുരിയുടെ ബഹുമുഖമായ വികസനത്തിലേക്കാണ് ലുലു തുറക്കുന്നത്.

അനന്തപുരിയുടെ മണ്ണില്‍ ലുലു മാള്‍ തുറക്കാന്‍ കഴിയുന്നതില്‍ അതിയായ ആഹ്ലാദവും അഭിമാനവുമുണ്ട്. രാജ്യാന്തര നിലവാരമുള്ള ഷോപ്പിങ് അനുഭവം തിരുവനന്തപുരം നിവാസികള്‍ക്കും സമീപ ജില്ലക്കാര്‍ക്കും നമ്മുടെ അയല്‍ സംസ്ഥാനത്തുള്ളവര്‍ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വിനോദ സഞ്ചാരികള്‍ക്കും നല്‍കാന്‍ സാധിക്കും എന്നതാണു സന്തോഷകരം. കോവിഡ് മൂലം വിറങ്ങലിച്ചു നിന്ന ലോകം ക്രമേണ സാധാരണ നിലയിലേക്കു മടങ്ങുമ്പോള്‍ ഒപ്പം പ്രതീക്ഷയുടെ പ്രതീകം പോലെ, തലസ്ഥാന നഗരത്തിന് പുതുവത്സര സമ്മാനം പോലെയാണ് ലുലുമാള്‍- എം.എ.യൂസഫലി പറഞ്ഞുനിര്‍ത്തുന്നിടത്ത് ലുലുമാളെന്ന ആക്കുളത്തിന്റെ വിസ്മയം തലസ്ഥാനനിവാസികളില്‍ നിറയുകയാണ്.  

ഉദ്ഘാടനത്തിനു മുന്‍പേ 3.5 കോടി നികുതിയടച്ച് ലുലു
 ടെക്‌നോപാര്‍ക്കു കഴിഞ്ഞാല്‍ കോര്‍പറേഷന്‍ ഖജനാവു നിറയ്ക്കുന്ന നഗരത്തിലെ രണ്ടാമത്തെ വലിയ സ്ഥാപനമാണ് ആക്കുളത്തെ ലുലു മാള്‍. ലൈബ്രറി സെസും സേവന നികുതിയും ഉള്‍പ്പെടെ 3,51,51,300 രൂപ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പേ ലുലു അധികൃതര്‍ കോര്‍പറേഷനില്‍ ഒടുക്കി. കെട്ടിട നിര്‍മാണം പൂര്‍ത്തിയായെന്ന് എന്‍ജിനീയറിങ് വിഭാഗം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് മാര്‍ച്ച് 19 നാണ്. അസസ്‌മെന്റ് പൂര്‍ത്തിയായ ദിവസം മുതല്‍ നികുതി നിര്‍ണയിക്കണമെന്നുള്ളതിനാലാണ് ഈ സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി മുഴുവനായി അടയ്‌ക്കേണ്ടി വന്നത്. സിനിമ തിയറ്റര്‍, വന്‍കിട ഹോട്ടലുകള്‍, കുട്ടികള്‍ക്കള്ള കളിസ്ഥലം, ഓഫിസുകള്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് ലുലു മാളില്‍ ആരംഭിക്കാനിരിക്കുന്നത്. ചതുരശ്ര മീറ്ററിന് 60 രൂപ നിരക്കില്‍ 11,096.30 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള 12 സ്‌ക്രീനുകള്‍ക്കാണ് നികുതി നിര്‍ണയം നടത്തിയിരിക്കുന്നത്. ചതുരശ്ര മീറ്ററിന് 80 രൂപ നിരക്കില്‍ 2,320.04 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഓഫിസ് സ്ഥലത്തിനും പാര്‍ക്കിങ് ഏരിയ ഉള്‍പ്പെടെ  ചതുരശ്ര മീറ്ററിന് 150 രൂപ നിരക്കില്‍ 1.99 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്തിനും നികുതി നിര്‍ണയിച്ചു. 3500 വാഹനങ്ങള്‍ക്കു പാര്‍ക്കിങ് സ്ഥലം ഒരുക്കിയിട്ടുണ്ട്. 293 ടിസി നമ്പരുകളാണ് അനുവദിച്ചിരിക്കുന്നത്. മാളില്‍ ആരംഭിക്കാനിരിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ട്രേഡ് ലൈസന്‍സ്, തൊഴില്‍ നികുതി എന്നിവ ഉള്‍പ്പെടെ ഇനിയും കോടികള്‍ ലുലുവില്‍ നിന്നു കോര്‍പറേഷനിലേക്ക് ഒഴുകുമെന്നാണു കണക്കുകൂട്ടല്‍.

 

 

Post your comments