Global block

bissplus@gmail.com

Global Menu

സഹകരണമേഖല കേരളത്തിന്റെ നട്ടെല്ല്‌ തളയ്‌ക്കാനോ കേന്ദ്രനീക്കം

പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ റിസര്‍വ്‌ ബാങ്ക്‌ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്‌. റിസര്‍വ്‌ ബാങ്ക്‌ നീക്കത്തെ എങ്ങനെ മറികടക്കാനാകും എന്നതിനെക്കുറിച്ചു നിയമ വിദഗ്‌ധരുടെയും അഡ്വക്കറ്റ്‌ ജനറലിന്റെയും ഉപദേശം തേടാനും സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പ്രാഥമിക സഹകരണ സംഘങ്ങള്‍ ബാങ്ക്‌ എന്ന പേര്‌ ഉപയോഗിക്കരുത്‌, വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിക്കരുത്‌ തുടങ്ങിയ നിയന്ത്രണങ്ങളാണ്‌ റിസര്‍വ്‌ ബാങ്ക്‌ നവംബറില്‍ ഇറക്കിയ കുറിപ്പിലൂടെ ആവര്‍ത്തിച്ചത്‌. ഈ തീരുമാനം 1625 പ്രാഥമിക സഹകരണ സംഘങ്ങളെയും ആയിരക്കണക്കിനു മറ്റു സഹകരണ സംഘങ്ങളെയും പ്രതികൂലമായി ബാധിക്കും. 2020 സെപ്‌റ്റംബറില്‍ നിലവില്‍ വന്ന ബാങ്കിങ്‌ റഗുലേഷന്‍ ഭേദഗതി ചട്ടപ്രകാരമാണ്‌ സഹകരണ സംഘങ്ങള്‍ക്കു ബാങ്കിങ്ങില്‍ നിയന്ത്രണം കൊണ്ടുവന്നത്‌. ഈ വ്യവസ്ഥ കേരളത്തില്‍ നിര്‍ദേശിക്കപ്പെട്ട പോലെ നടപ്പായില്ല.

സഹകരണമേഖല കേരളത്തിന്റെ നട്ടെല്ലാണ്‌. 14 ജില്ലാസഹകരണബാങ്കുകള്‍ സംയോജിപ്പിച്ച്‌ കേരളബാങ്ക്‌ പ്രാബല്യത്തിലായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രസക്തി ബോധ്യപ്പെടുത്താന്‍ റിസര്‍വ്‌ ബാങ്കിനെയും സമീപിക്കാനാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സമാന സാഹചര്യം നേരിടുന്ന മറ്റു സംസ്ഥാനങ്ങളുടെ പിന്തുണയും തേടും. അവിടത്തെ സഹകരണ മന്ത്രിമാരുമായി ആശയവിനിമയം നടത്തും. കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കാന്‍ ആവശ്യമെങ്കില്‍ പ്രതിനിധി സംഘത്തെയും അയയ്‌ക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം.തുടര്‍ നടപടികള്‍ക്കായി മന്ത്രിമാരായ വി.എന്‍.വാസവനെയും കെ.എന്‍.ബാലഗോപാലിനെയും ചുമതലപ്പെടുത്തുകയും ചെയ്‌തു.

വോട്ടവകാശം ഉള്ള അംഗങ്ങളില്‍ നിന്നു മാത്രമേ നിക്ഷേപം സ്വീകരിക്കാന്‍ പാടുള്ളൂവെന്ന ആര്‍ബിഐയുടെ നിര്‍ദേശം സുപ്രീം കോടതി വിധിക്കു വിരുദ്ധമാണെന്നു കേരളം ചൂണ്ടിക്കാട്ടുന്നു. സഹകരണ സ്ഥാപനങ്ങളിലെ ലാഭത്തില്‍ നിന്നു നികുതി ഈടാക്കണമെന്ന ആദായ നികുതി വകുപ്പിന്റെ കേസിലാണ്‌ അംഗത്വ വിഷയവും വന്നത്‌. വോട്ടവകാശം ഇല്ലാത്ത അംഗങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിക്കുന്നുവെന്നാണ്‌ ആദായ നികുതി വകുപ്പ്‌ കോടതിയില്‍ വാദിച്ചത്‌. എന്നാല്‍ അംഗത്വം സംബന്ധിച്ച തീരുമാനം സഹകരണ സ്ഥാപനങ്ങളുടേതാണെന്നും അക്കാര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നുമായിരുന്നു കോടതിയുടെ നിലപാട്‌. സഹകരണം സംസ്ഥാന വിഷയമായതിനാല്‍ അംഗത്വത്തിനുള്ള യോഗ്യത തീരുമാനിക്കുന്നതില്‍ കേന്ദ്രത്തിനോ ആര്‍ബിഐയ്‌ക്കോ ഇടപെടാന്‍ അധികാരമില്ലെന്നാണു കേരളത്തിന്റെ വാദം. അങ്ങനെ വന്നാല്‍ അത്‌ ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമാണെന്നും കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ പറയുന്നു.

എന്തുകൊണ്ടാണ്‌ സഹകരണമേഖലയുമായി ബന്ധപ്പെട്ട കേന്ദ്രനയങ്ങള്‍ക്കെതിരെ കേരളം ഉടനടി പ്രതികരിക്കുന്നതെന്ന ചോദ്യം സ്വാഭാവികമാണ്‌. സര്‍വീസ്‌ സഹകരണ സംഘം മേഖലയിലെ ക്രെഡിറ്റ്‌ സംഘങ്ങളില്‍ 69 ശതമാനവും കേരളത്തിലാണ്‌ എന്നതാണ്‌ അതിനുളള ഉത്തരം. അതു കൊണ്ടാണു കേരളം ശക്തമായ നിലപാട്‌ സ്വീകരിക്കുന്നത്‌.കേരളത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണു സഹകരണമേഖല. അതുകൊണ്ടുതന്നെ, റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ആര്‍ബിഐ) കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങളുടെ പേരില്‍ സഹകാരികളിലും നിക്ഷേപകരിലും ഉണ്ടാവുന്ന ആശങ്കയുടെ വ്യാപ്‌തി വലുതാണ്‌. കഴിഞ്ഞ വര്‍ഷം സഹകരണ സംഘങ്ങള്‍ക്കു ബാങ്കിങ്ങിലും നിക്ഷേപകാര്യത്തിലും നിയന്ത്രണം കൊണ്ടുവന്ന വ്യവസ്ഥകള്‍ പക്ഷേ കേരളത്തില്‍ നിര്‍ദേശിക്കപ്പെട്ടതുപോലെ നടപ്പായില്ല. രാജ്യത്ത്‌ ഏറ്റവും ശക്തമായ സഹകരണ മേഖലയാണു കേരളത്തിലുള്ളത്‌.

ആര്‍ബിഐ പറയുന്നത്‌
ബാങ്കിങ്‌ നിയന്ത്രണ ഭേദഗതി നിയമം 2020 സെപ്‌റ്റംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടും ചില സൊസൈറ്റികള്‍ ബാങ്ക്‌ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പെട്ടെന്നും ആര്‍ബിഐയുടെ അംഗീകാരമുള്ളവയ്‌ക്ക്‌ ഒഴികെ മറ്റുള്ളവയ്‌ക്കു ബാങ്ക്‌ എന്ന പേരില്‍ പ്രവര്‍ത്തിക്കാനോ പൊതുജനങ്ങള്‍ക്കായി ബാങ്കിങ്‌ ഇടപാടു നടത്താനോ കഴിയില്ലെന്നും ആര്‍ബിഐ വ്യക്തമാക്കുന്നുണ്ട്‌. ഡിപ്പോസിറ്റ്‌ ഇന്‍ഷുറന്‍സ്‌ ആന്‍ഡ്‌ ക്രെഡിറ്റ്‌ ഗാരന്റി കോര്‍പറേഷന്‍ (ഡിഐസിജിസി) വഴിയുള്ള ബാങ്ക്‌ നിക്ഷേപസുരക്ഷ ഇത്തരം സൊസൈറ്റികളിലെ ഇടപാടുകള്‍ക്കു ലഭിക്കില്ലെന്നും ആര്‍ബിഐ പറയുന്നു.

കുറച്ചുകൂടി നേരത്തേ ആവാമായിരുന്നു
റിസര്‍വ്‌ ബാങ്കിന്റെ തീരുമാനം 1625 പ്രാഥമിക സഹകരണ സംഘങ്ങളെയും ആയിരക്കണക്കിനു മറ്റു സഹകരണ സംഘങ്ങളെയും ബാധിക്കും. അതുകൊണ്ടുതന്നെ, നിയമത്തിലെ വ്യവസ്ഥകള്‍ സംബന്ധിച്ചു നിക്ഷേപകര്‍ക്കുള്ള തെറ്റിദ്ധാരണകളും ആശങ്കകളും നീക്കാന്‍ മുന്‍പുതന്നെ കേരള സര്‍ക്കാര്‍ മുന്‍കയ്യെടുക്കേണ്ടതായിരുന്നുവെന്ന അഭിപ്രായം ശക്തമാണ്‌. സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനു പുറമേ, കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രസക്തി ബോധ്യപ്പെടുത്താന്‍ റിസര്‍വ്‌ ബാങ്കിനെയും സമീപിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം സഹകരണ മേഖലയ്‌ക്കു പ്രതീക്ഷയേകുന്നതാണ്‌. സമാന സാഹചര്യം നേരിടുന്ന മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ തേടാനുളള നീക്കവും ഉചിതമാണ്‌.

സര്‍വീസ്‌ സഹകരണ ബാങ്കുകള്‍ എന്ന പേരില്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്‌പ വിതരണ സഹകരണ സംഘങ്ങള്‍ വഴിയാണു സഹകരണ മേഖലയിലെ നിക്ഷേപം പ്രധാനമായും വരുന്നത്‌. വായ്‌പയും അതുപോലെതന്നെ. നിയമം കര്‍ക്കശമായി നടപ്പാക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ തീരുമാനിച്ചാല്‍ താല്‍ക്കാലികമായെങ്കിലും പ്രതിസന്ധിയുണ്ടാകാം. നിക്ഷേപകര്‍ക്കിടയില്‍ ഭീതി പരത്തുന്നതിനെക്കാള്‍, സഹകരണ മേഖലയെ സംരക്ഷിച്ചുനിര്‍ത്താന്‍ ആവശ്യമായ ആത്മവിശ്വാസം നല്‍കാനാണു സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്‌.

രണ്ടു പ്രളയങ്ങളിലും ഓഖിയിലും കോവിഡിലും തളര്‍ന്നുനിന്ന കേരളത്തിനു സഹകരണ മേഖല നല്‍കിയ പിന്തുണ വളരെ വലുതാണ്‌. അതേസമയം, ഹകരണപ്രസ്‌ഥാനത്തിന്റെ വളര്‍ച്ചയ്‌ക്കു വിഘാതമാവുന്ന തരത്തില്‍ അഴിമതിയും തട്ടിപ്പുകളും ചിലയിടത്തു നടക്കുന്നു.അത്‌ തിരുത്തപ്പെടേണ്ടതു തന്നെ. ഭൂരിപക്ഷം സഹകരണസംഘങ്ങളും നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു മികവിന്റെ മാതൃകകളാവുമ്പോള്‍ ഏതാനും സംഘങ്ങളില്‍ നടക്കുന്ന അഴിമതിയുടെ പേരില്‍ സഹകരണ മേഖലയെ മൊത്തം അടച്ചാക്ഷേപിക്കുന്നതും നന്നല്ല.

സുതാര്യതയും കൃത്യതയും ഉറപ്പാക്കി, നിയമാനുസൃത സേവനങ്ങളിലൂടെ മുന്നോട്ടുപോകാന്‍ സഹകരണ മേഖലയ്‌ക്ക്‌ സര്‍ക്കാരില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും എല്ലാവിധ പിന്തുണയും ആവശ്യമാണ്‌. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ പ്രതികൂല സാഹചര്യം ഫലപ്രദമായി മറികടക്കാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടേണ്ടതുണ്ട്‌.

തുടക്കം യൂറോപ്പില്‍

ചൂഷക വര്‍ഗത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്നും അടിസ്ഥാനവര്‍ഗ്ഗത്തെ മോചിപ്പിക്കാനായി ഉരുവം കൊണ്ടതാണ്‌ സഹകരണപ്രസ്ഥാനം. 19 ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവത്തെ തുടര്‍ന്നുണ്ടായ സാമൂഹ്യ-സാമ്പത്തിക അവസ്ഥകളാണ്‌ ഇതിലേക്ക്‌ നയിച്ചത്‌. നിരവധി പേരുടെ നിരന്തരമായ പ്രവര്‍ത്തനവും സഹനവുമാണ്‌ ഈ പ്രസ്ഥാനത്തിന്റെ ഉദയത്തിലേക്ക്‌ നയിച്ചത്‌. യൂറോപ്പില്‍നിന്നും മറ്റ്‌ ഭൂഖണ്ഡങ്ങളിലേക്ക്‌ പടിപടിയായി വ്യാപിച്ച സഹകരണ പ്രസ്ഥാനത്തിന്‌ ഇന്ന്‌ നൂറോളം രാജ്യങ്ങളിലായി 100 കോടിയിലേറെ അംഗങ്ങളുണ്ട്‌. സഹകരണ പ്രസ്ഥാനത്തിന്റെ സ്വീകാര്യതയും മേന്മയും കൊണ്ട്‌ മാത്രമാണ്‌ വിവിധ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഈ പ്രസ്ഥാനം വേരുപിടിച്ചത്‌.
അന്തര്‍ദേശീയ മാനമുള്ള തത്വസംഹിതയായതുകൊണ്ട്‌ മുതലാളിത്ത-സോഷ്യലിസ്റ്റ്‌ സമ്പദ്‌ വ്യവസ്ഥകളുടെ മധ്യമമായി സഹകരണ പ്രസ്ഥാനത്തിന്‌ മാറാനും കഴിഞ്ഞു.

ഇന്ത്യയില്‍
ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനം രൂപം കൊള്ളുന്നത്‌ സര്‍ക്കാര്‍ സഹായത്തോടെയാണ്‌. ആദ്യത്തെ സഹകരണ സംഘം നിയമം 1904 ല്‍ നിലവില്‍ വന്നതോടെയാണ്‌ ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനത്തിന്‌ തുടക്കമാകുന്നത്‌. പിന്നീട്‌ വന്ന നിരവധി കമ്മിറ്റികളുടേയും കമ്മീഷനുകളുടേയും ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരും റിസര്‍വ്‌ ബാങ്കും കൈക്കൊണ്ട നടപടികളാണ്‌ പ്രസ്ഥാനത്തിന്റെ ഇന്ന്‌ കാണുന്ന വളര്‍ച്ചക്ക്‌ കാരണമായത്‌. ഇന്ത്യയില്‍ അഞ്ച്‌ ലക്ഷം സംഘങ്ങളിലായി 24 കോടി അംഗങ്ങളുണ്ട്‌ (2018ലെ കണക്കുകള്‍ പ്രകാരം) സഹകരണ മേഖലയിലെ മൊത്തം നിക്ഷേപം 2.5 ലക്ഷം കോടി രൂപയാണ്‌ (2018ലെ കണക്കുകള്‍ പ്രകാരം).

എന്‍.സി.ഡി.സി, നബാര്‍ഡ്‌, എന്‍.സി.യു.ഐ, വിവിധ അപ്പെക്‌സ്‌ സഹകരണ സംഘങ്ങള്‍, സഹകരണ വിദ്യാഭ്യാസ പരിശീലനസ്ഥാപനങ്ങള്‍ എന്നിവയുടെ രൂപീകരണം, സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം, വിളവായ്‌പ, പ്രൊഫഷണലിസം, ഘടനാപരമായ മാറ്റങ്ങള്‍, നിയമപരിഷ്‌കരണം എന്നിവ വഴി ഇന്ത്യയില്‍ സഹകരണ മേഖലയുടെ അതിവേഗം വളര്‍ന്നു. ലോകത്തിനു തന്നെ വിസ്‌മയമായ അമുല്‍ തുടങ്ങി ഇഫ്‌കോ, ക്രിപ്‌കോ, കാംകോ എന്നിങ്ങനെ വന്‍ സഹകരണ സംഘങ്ങള്‍ വളര്‍ന്നുവന്നു.

കേരളത്തില്‍
കേരളത്തില്‍ സഹകരണ പ്രസ്ഥാനത്തിന്‌ തുടക്കം കുറിക്കുന്നത്‌ 1913 ലെ തിരുകൊച്ചി സഹകരണ നിയമത്തോടെയാണ്‌. തുടര്‍ന്ന്‌ 1914 ല്‍ തിരുവിതാംകൂര്‍ സഹകരണ നിയമവും 1932 ല്‍ മദ്രാസ്‌ സഹകരണ നിയമവും നിലവില്‍വന്നു. ഐക്യകേരളപ്പിറവിക്ക്‌ ശേഷം 1969 ലെ കേരള സഹകരണ നിയമം പ്രസ്ഥാനത്തിന്റെ വളര്‍ച്ച വേഗത്തിലാക്കി. ഇന്ന്‌ കേരളത്തില്‍ 1692 പ്രാഥമിക വായ്‌പാസംഘങ്ങളും സംസ്ഥാനസഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും 60 ല്‍പരം അര്‍ബന്‍ ബാങ്കുകളും സംസ്ഥാന കാര്‍ഷിക വികസന ബാങ്കും പ്രാഥമിക കാര്‍ഷിക വികസനബാങ്കുകളും വനിതാസഹകരണ സംഘങ്ങളും (2019ല്‍ കേരളബാങ്ക്‌) വായ്‌പാമേഖലയിലും ഇതര മേഖലകളിലായി പതിനയ്യായിരത്തിലധികം മറ്റു സംഘങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. സര്‍ക്കാര്‍ കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ സഹകരണ പ്രസ്ഥാനത്തില്‍ ഇന്ന്‌ 1.25 ലക്ഷം ജീവനക്കാര്‍ ജോലി ചെയ്യുന്നു. കേരളത്തിലെ സഹകരണ വായ്‌പാമേഖല രാജ്യത്തിന്‌ തന്നെ മാതൃകയാണ്‌.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1969 ല്‍ നടപ്പിലാക്കിയ ബാങ്ക്‌ ദേശസാത്‌കരണത്തോടെ ഇന്ത്യയിലെ ബാങ്കിങ്‌ വ്യവസായത്തിന്‌ തന്നെ പുതിയ മാനം കൈവരികയുണ്ടായി. വരേണ്യവര്‍ഗം മാത്രം നടത്തിയിരുന്ന ബാങ്കിടപാടുകള്‍ പൊതു സമൂഹത്തിന്‌കൂടി പ്രാപ്യമാക്കിയതില്‍ ബാങ്ക്‌ ദേശസാത്‌കരണത്തിനുള്ള പങ്ക്‌ വിസ്‌മരിക്കാനാവില്ല. കേരളത്തില്‍ ക്ലാസ്‌ ബാങ്കിങ്ങില്‍നിന്നും മാസ്‌ ബാങ്കിങ്ങിലേക്കുള്ള മാറ്റത്തില്‍ സഹകരണ മേഖല നിര്‍ണ്ണായക പങ്ക്‌ വഹിച്ചിട്ടുണ്ട്‌. പ്രത്യേകിച്ചും പ്രാഥമിക വായ്‌പാ സഹകരണ സംഘങ്ങള്‍. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ അസൂയാവഹമായ വളര്‍ച്ചയാണ്‌ കേരളത്തിലെ സഹകരണ മേഖല കൈവരിച്ചത്‌. കേരളത്തിലെ അത്രയും വൈവിധ്യപൂര്‍ണ്ണമായ സഹകരണ സംഘങ്ങള്‍ മറ്റൊരു സംസ്ഥാനത്തുമില്ല. മാത്രമല്ല, ഏറെ പരാധീനതകളുള്ള കയര്‍, കൈത്തറി, വനിത, പട്ടികജാതി/പട്ടികവര്‍ഗം, കണ്‍സ്യൂമര്‍, മാര്‍ക്കറ്റിങ്‌ തുടങ്ങിയ രംഗങ്ങളിലൊക്കെ പ്രതികൂലാവസ്ഥയിലും പിടിച്ചുനില്‍ക്കാന്‍ ഇവിടുത്തെ സഹകരണ സംഘങ്ങള്‍ക്കാവുന്നുണ്ട്‌. അസംഘടിത മേഖലയില്‍ സേവനത്തിന്റെ കൈത്താങ്ങുമായി സഹകരണ പ്രസ്ഥാനം ഇന്ന്‌ സജീവമാണ്‌.

കേരളബാങ്ക്‌

കേരളത്തില്‍ ത്രിതല വായ്‌പാസംവിധാനമാണ്‌ നിലവിലുണ്ടായിരുന്നത്‌. പ്രാഥമിക വായ്‌പാ സംഘങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന സര്‍വീസ്‌ സഹകരണ ബാങ്കുകള്‍ പ്രൈമറി തലത്തിലും സെന്‍ട്രല്‍ ബാങ്കുകള്‍ എന്നറിയപ്പെടുന്ന 14 ജില്ലാ സഹകരണ ബാങ്കുകള്‍ ജില്ലാ തലത്തിലും സംസ്ഥാന സഹകരണ ബാങ്ക്‌ സംസ്ഥാന തലത്തിലും പ്രവര്‍ത്തിച്ചുവന്നു. വായ്‌പാ മേഖലയിലെ ത്രിതല സംവിധാനത്തെ ദ്വിതലമാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായി ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന 13 ജില്ലാ ബാങ്കുകള്‍ സംസ്ഥാന ബാങ്കില്‍ ലയിപ്പിച്ച്‌ കേരളബാങ്ക്‌ 2019 നവംബറില്‍ രൂപീകരിച്ചു.

ബാങ്കിങ്‌ നിയമഭേദഗതി ചട്ടത്തിനു ശേഷം സുപ്രീം കോടതി പുറപ്പെടുവിച്ച 2 വിധികളും സംസ്ഥാനത്തെ സഹകരണ മേഖലയുടെ താല്‍പര്യം സംരക്ഷിക്കുന്നതായിരുന്നുവെന്നും ഇതു മറികടക്കാനുള്ള ശ്രമമാണു റിസര്‍വ്‌ ബാങ്ക്‌ നടത്തുന്നതെന്നും സഹകരണമന്ത്രി വി.എന്‍.വാസവന്‍ കുറ്റപ്പെടുത്തുന്നു. 97ാം ഭരണഘടനാ ഭേദഗതി സംബന്ധിച്ച വിധിയില്‍ സഹകരണ മേഖലയില്‍ കൈ കടത്താനുള്ള കേന്ദ്രനീക്കം തടഞ്ഞിരുന്നു. ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട വിധിയില്‍ അംഗത്വത്തെ സംബന്ധിച്ചും വ്യക്തമാക്കി. വോട്ടവകാശമുള്ള അംഗങ്ങള്‍ക്കും ഇല്ലാത്ത അംഗങ്ങള്‍ക്കും തുല്യ അവകാശമാണെന്നും വിധിച്ചു. ഈ വിധികളുടെ അടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങള്‍ക്കു നിക്ഷേപം സ്വീകരിക്കാനും വായ്‌പ നല്‍കാനും സാധിക്കും. സംസ്ഥാന സഹകരണ നിയമമനുസരിച്ച്‌ തന്നെ ഇത്തരം ഇടപാടുകള്‍ നടത്താമെന്നും മന്ത്രി പറയുന്നു.

വോട്ടവകാശം ഉള്ള അംഗങ്ങളില്‍ നിന്നു മാത്രമേ നിക്ഷേപം സ്വീകരിക്കാന്‍ പാടുള്ളൂവെന്ന ആര്‍ബിഐയുടെ നിര്‍ദേശം സുപ്രീം കോടതി വിധിക്കു വിരുദ്ധമാണ്‌.

2020 സെപ്‌റ്റംബറില്‍ നിലവില്‍ വന്ന ബാങ്കിങ്‌ റഗുലേഷന്‍ ഭേദഗതി ചട്ടപ്രകാരമാണ്‌ സഹകരണ സംഘങ്ങള്‍ക്കു ബാങ്കിങ്ങില്‍ നിയന്ത്രണം കൊണ്ടുവന്നത്‌. ഈ വ്യവസ്ഥ കേരളത്തില്‍ നിര്‍ദേശിക്കപ്പെട്ട പോലെ നടപ്പായില്ല.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1969 ല്‍ നടപ്പിലാക്കിയ ബാങ്ക്‌ ദേശസാത്‌കരണത്തോടെ ഇന്ത്യയിലെ ബാങ്കിങ്‌ വ്യവസായത്തിന്‌ തന്നെ പുതിയ മാനം കൈവരികയുണ്ടായി. വരേണ്യവര്‍ഗം മാത്രം നടത്തിയിരുന്ന ബാങ്കിടപാടുകള്‍ പൊതു സമൂഹത്തിന്‌കൂടി പ്രാപ്യമാക്കിയതില്‍ ബാങ്ക്‌ ദേശസാത്‌കരണത്തിനുള്ള പങ്ക്‌ വിസ്‌മരിക്കാനാവില്ല.

 

Post your comments