Global block

bissplus@gmail.com

Global Menu

അദാനി വരട്ടെ വിമാനത്താവളവും അനന്തപുരിയും വികസിക്കട്ടെ ഒപ്പം ഗണ്യമായ വ്യവസായങ്ങളും

 എൻ.പീതാംബരകുറുപ്പ്
മുൻ.എം.പി 

പ്രകൃതിദത്തമായ ധാരാളം സാധ്യതകളും സൗകര്യങ്ങളും നിറപറ വച്ചപോലെ നിറവോടെ നിൽക്കുന്ന ഒരു എയർപോർട്ട് സങ്കേതൊണ് ഇപ്പോൾ തിരുവനന്തപുരം എയർപോർട്ട്. വർഷങ്ങൾക്കുമുമ്പ് തിരുവിതാംകൂർ രാജകുടുംബത്തിലെ വിവാഹക്കാരനായ കേണൽ ഗോദവർമരാജ അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കൾക്ക് ലണ്ടനിൽ നിന്ന് മദ്രാസ് വഴി തിരുവനന്തപുരത്ത് വന്നിറങ്ങുവാൻ വേണ്ടി വളരെ വേഗത്തിൽ പൂർത്തിയാക്കിയ ഒരു വിസ്തൃതമായ ഹെലിപാഡ് ആണ് വാസ്തവത്തിൽ പിൽക്കാലത്ത് തിരുവനന്തപുരം വിമാനത്താവളമായി വികസിച്ചത്. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ആത്മാർത്ഥമായ ശ്രമവും കേണൽ ഗോദവർമ്മയുടെ ഒരു നല്ല പരിശ്രമവും അതിന്റെ പിന്നിലുണ്ട്.
 
സമീപത്ത് കുന്നുകളും മലകളും ഇല്ലാത്ത, വലിയ തോതിൽ പക്ഷിശല്യമില്ലാത്ത, പ്രകൃതി വളരെ അനുകൂലമായി നില കൊളളുന്ന ഒരു പ്രദേശമെന്ന നിലയിലാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ സങ്കേതം ആകർഷകമായിരിക്കുന്നത്. തന്ത്രപരമായി സിലോണിന്റെയും സിലോണിനെ പ്രത്യേകം സഹായിച്ചുതുടങ്ങിയിരിക്കുന്ന പാകിസ്ഥാന്റെയും പാകിസ്ഥാന്റെ വാത്സല്യം നേടിയിരിക്കുന്ന താലിബാന്റെയും ഒക്കെ കണ്ണണ് ഭാരതത്തിന്റെ ദക്ഷിണകേന്ദ്രത്തിലാണ്. ആസന്നഭാവിയിൽ ഒരു യുദ്ധ സാധ്യത ഉണ്ടായാൽ (ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ) ഇന്നത്തെ തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളത്തിന്റെ പ്രാധാന്യം വല്ലാതെ മാറും. അങ്ങനെ വന്നാൽ തിരുവനന്തപുരം വിമാനത്താവളം ഒരു സൈനിക വിമാനത്താവളമായി രൂപാന്തരപ്പെട്ടേക്കാം. അങ്ങനെയാണെങ്കിൽ കൊല്ലം, തിരുവനന്തപുരം, 
കൊട്ടാരക്കര, പത്തനംതിട്ട, റാന്നി, കോഴഞ്ചേരി, മടത്തറ, അച്ചൻകോവിൽ, വർക്കല, ചിറയിൻകീഴ്, നെയ്യാറ്റിൻകര, തിരുവനന്തപുരത്തിന്റെ മറ്റ് കിഴക്കൻ മേഖലകൾ എല്ലാം നോക്കുമ്പോൾ ജനങ്ങൾക്കായി മറ്റൊരു വിമാനത്താവളം മരക്കൂട്ടങ്ങൾക്ക് നാശം വരാതെ സൗകര്യപ്രദമായി തീർക്കാനാവുന്നത് നാവായിക്കുളത്താണ്. നാവായിക്കുളം വിമാനത്താവളത്തിന് പറ്റിയ സ്ഥലമാണെന്ന് നേരത്തേ തന്നെ സർവ്വേ റിപ്പോർട്ടുകളുണ്ട്. അതിന് വലിയ പബ്ലിസിറ്റി കിട്ടിയിട്ടില്ലെങ്കിലും.

അതൊക്കെ അവിടെ നിൽക്കട്ടെ, വളരെ അന്താരാഷ്ട പ്രശസ്തിയും സാധ്യതയുമുളള ഇപ്പോഴത്തെ തിരുവനന്തപുരം വിമാനത്താവളം അദാനി എന്ന വ്യവസായ പ്രതിഭയ്ക്ക് 50 കൊല്ലത്തേക്ക് കൈമാറിയതിനെ കുറിച്ചാണ് ഇപ്പോൾ ചർച്ച കൊഴുക്കുന്നത്. ഞാൻ ഇക്കാര്യത്തിൽ രാഷ്ട്രീയം കാണുന്നില്ല. രാഷ്ട്രീയം നമ്മുടെ രാജ്യത്ത് പ്രാണവായുവിനെ പോലെ ഒരു വികാരൊണ്. രാഷ്ട്രീയത്തെ മാറ്റിനിർത്തി ഒരു കാര്യത്തെ  വേർതിരിച്ചെടുക്കാൻ ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ സാധ്യമല്ല താനും. കാരണം ഇത് തിങ്കിംഗ് ആൻഡ് സ്പീക്കിംഗ് ജീനിയസുകളുടെ നാടാണ്. അതുകൊണ്ട് അവരെ നിശബ്ദരാക്കിയിട്ട് ഒരു കാര്യവും സാധ്യമല്ല. ഈ വിമാനത്താവളത്തിന്റെ കാര്യക്ഷമമായ നടത്തിപ്പ്, അത്യാവശ്യമായ പരിഷ്ക്കാരങ്ങൾ, അവിടെ വേണ്ടിവരുന്ന പ്രത്യേകമായ മാറ്റങ്ങൾ ഒക്കെ സംഘടിപ്പിക്കാൻ ഇതിന് മികവുളള ഒരു ഏജൻസിയെ കേന്ദ്രസർക്കാർ ഇന്റർവ്യൂ ചെയ്‌തെടുക്കുകയാണുണ്ടായത്. അതുവഴിയാണ് അദാനിയുടെ കൈയിൽ ഇത് എത്തുന്നത്. സർക്കാർ ചെയ്യേണ്ട രീതിയിലാണ് കാര്യങ്ങൾ ചെയ്തിരിക്കുന്നത്. പക്ഷേ, അതിന്റെ ന്യായാന്യായ 
വശങ്ങളെക്കുറിച്ച് വലിയ വാചാലമായ ചർച്ചകൾ നമ്മുടെ രാജ്യത്ത് നടക്കുകയാണ്. 

സ്വകാര്യമേഖല അത്രയ്ക്ക് നിഷിദ്ധമാണോ? നിഷിദ്ധമെന്ന് പറയാൻ നമുക്കു സാധിക്കുമോ? ഇന്ത്യയുടെ ഭരണഘടന തന്നെ ദി കോഎക്സിസ്റ്റൻസ് ഓഫ് പബ്ലിക് ആൻഡ് പ്രൈവറ്റ് എന്റർപ്രൈസസ് ആണ് നമ്മുടെ രാജ്യത്തിന് കമ്യമായിട്ടുളളത് എന്ന് പറയുന്നു. വിശ്വപൗരനായ ജവഹർലാൽ നെഹ്റുപോലും കാര്യങ്ങൾ കണക്കാക്കുന്നതിന് സ്വീകരിച്ച നയവുമിതാണ്. അങ്ങനെയാണ് പ്ലാനിംഗ് ബോർഡൊക്കെ വന്നത്. മോദി സർക്കാർ വന്നപ്പോൾ തന്നെ പ്ലാനിംഗ് ബോർഡൊക്കെ പിരിച്ചുവിട്ടു. അദ്ദേഹം നീതിആയോഗ് സംവിധാനങ്ങളിലൂടെയാണ് കാര്യങ്ങളൊക്കെ ചെയ്യുന്നത്. അതിലൊന്നും ഞാൻ ഒരു എതിർപ്പും പറയുന്നില്ല. പക്ഷേ, പ്ലാനിംഗ് ബോർഡ് ഒരു രാജ്യത്തിന് അനിവാര്യൊണ്. ആ സ്‌റ്റൈലിൽ ഉളള പ്രവർത്തനം തന്നെ ഒഴിച്ചുകൂടാനാവാത്തതാണ്. അതിൽ അഴിമതികളും തെറ്റുകളും ഉണ്ടെങ്കിൽ അതൊക്കെ നിയന്ത്രിക്കേണ്ടതുതന്നെയാണെന്ന കാര്യത്തിൽ സംശയമൊന്നുെില്ല. വളരുന്ന ഒരു ഡെമോക്രസി എന്ന നിലയ്ക്ക് ഇന്ത്യ ജനങ്ങൾക്ക്  ആവശ്യമുളള സൗകര്യങ്ങൾ എപ്പോൾ അവർക്ക് കൊടുക്കാൻ കഴിയും എന്ന് ഗവണ്മെന്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

ഡൽഹിയിൽ വലിയ അധികാരത്തിൽ ഇരിക്കുന്ന ആരും ഇന്ന് കേരളത്തിൽ ഇല്ല. ഉളളവർ തന്നെ കാര്യങ്ങൾ ചെയ്യാൻ അത്രകണ്ട് ശ്രമിച്ചിട്ടില്ല. ശ്രീ പട്ടം താണുപിളളയെ പോലെ, ശ്രീ.കെ.കരുണാകരനെ പോലെ ചിലർ മാത്രമാണ് അത്തരത്തിൽ പ്രവർത്തിച്ചിട്ടുളളത്. തുമ്പ റോക്കറ്റ് ലോഞ്ചിംഗ് സ്‌റ്റേഷൻ യാഥാർത്ഥ്യമായത് വി.കെ.കൃഷ്ണമേനോനും പട്ടം താണുപിളളയും ഒക്കെ കേരള രാഷ്ട്രീയത്തിന്റെ മുഖം അവിടെ അവതരിപ്പിച്ചതുകൊണ്ടു കൂടിയാണ്. അതു തന്നെ പലർക്കും രസിച്ചിട്ടില്ല. ഇന്ത്യയിലെ പല പ്രദേശങ്ങളും അതിനായി കടിപിടി കൂടിയിട്ടുണ്ട്. 

വിമാനത്താവളത്തിന്റെ കാര്യത്തിലേക്കു തിരികെ വരാം. തിരുവനന്തപുരം ഒരിക്കലും വികസിച്ചുകൂടാ എന്ന് വാശിയുളള കുറേപേരെ നമുക്ക് ഈ യാത്രയ്ക്കിടയിൽ കാണാൻ സാധിക്കും. ആരും പ്രത്യേക താല്പര്യം എടുക്കാതെ തന്നെ വളരെക്കാലമായി ഈ വിമാനത്താവളത്തിന്റെ സ്വകാര്യവത്ക്കരണ സാധ്യത പഠിച്ചുകൊണ്ടിരിക്കുകയാണ് സർക്കാർ. ഇപ്പോൾ അവർ തീരുമാനത്തിലെത്തി. തിരുവനന്തപുരത്ത് നിന്നുളള യാത്രക്കാർക്കും നല്ല ലോഞ്ചുണ്ടാകണം, നല്ല വിമാനങ്ങളുണ്ടാകണം, വിമാനത്താവളത്തിന്റെ സൗകര്യങ്ങൾ ഇന്നുളളതിന്റെ എത്രയോ ഇരട്ടി വർദ്ധിക്കണം, ഗുഡ്സ് ട്രാൻസ്‌പോർട്ടേഷന് വളരെ വിപുലമായ സൗകര്യങ്ങൾ ഉണ്ടാകണം. യാത്രാസൗകര്യം മാത്രമല്ല വിമാനത്താവളങ്ങൾ കൊണ്ട് ലക്ഷ്യമിടേണ്ടത്. നമ്മുടെ കാർഷികവിളകൾ, മത്സ്യം തുടങ്ങിയവയുടെ ട്രാൻസ്‌പോർട്ടേഷനുകൂടി അവിടെ സൗകര്യമുണ്ടാകണം. കാരണം നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്ന കപ്പയും പച്ചക്കറിയും ഒക്കെ വിദേശത്ത് വൻ ഡിമാൻഡുളള സാധനങ്ങളാണ്. ഇത് വൻതോതിൽ കയറ്റി അയച്ചാൽ നമ്മുടെ കർഷകന്റെ സ്ഥിതി വളരെ മെച്ചപ്പെടും. നെടുമങ്ങാടും പോത്തൻകോട്ടു, കഴക്കൂട്ടത്തും ഒക്കെയുളള കർഷകരുടെ വിളകൾ ആറുമ ണിക്കൂറിനുളളിൽ വിദേശത്ത് എത്തിക്കാനാവും. വൻതോതിൽ കയറ്റുമതി സാധ്യതയുളള ഒന്നാണ് പച്ചമത്സ്യം. കേരളത്തിൽ നിന്നുളള മത്സ്യത്തിന് വലിയ ഡിമാൻഡാണ്. മത്സ്യം വിമാനത്താവളങ്ങൾ വഴി കയറ്റുമതി ചെയ്യാനുളള സൗകര്യം വർദ്ധിച്ചാൽ അതുവഴി വൻതോതിൽ മത്സ്യം കയറ്റുമതി ചെയ്യാം. മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ ജീവിതനിലവാരം വർദ്ധിക്കും അതിനൊപ്പം നമ്മുടെ തീരദേശങ്ങളും വികസിക്കും. കടലിനോട് വളരെ അടുത്താണ് നമ്മുടെ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. നല്ല പ്രോസസിംഗ് യൂണിറ്റുകളും, പായ്ക്കിംഗ് സംവിധാനങ്ങളും അതിനൊത്ത ഗതാഗതസൗകര്യവുമുണ്ടായാൽ രാവിലെ 6.00 മണിക്ക് കടലിൽ നിന്ന് കരയിലെത്തുന്ന മത്സ്യം രാവിലെ 10 മണിക്ക് മുമ്പ് ഗൾഫ് രാജ്യങ്ങളിലെത്തിക്കാം. 12 മണിക്കൂർ കൊണ്ട് യൂറോപ്പിലെത്തിക്കാം. ഈ വിമാനത്താവളം മെച്ചപ്പെട്ടാൽ ഉപഭോക്തൃവസ്തുക്കളുടെ വൻതോതിലുളള കയറ്റുെതിക്ക് ഉപകരിക്കും.

ഇപ്പോൾ വിമാനത്താവളത്തിന്റെ സ്ഥിതി എന്താണ്? കാശുകൊടുത്ത് ടിക്കറ്റെടുത്ത് ബോംബെയിലോ ഡൽഹിയിലോ കൊൽക്കത്തയിലോ മദ്രാസിലോ ഒക്കെ പോകണമെങ്കിൽ ഒരു മാസം മുമ്പ് ഉറക്കമൊഴിഞ്ഞ് ട്രാവൽ ഏജന്റിനെ ബന്ധപ്പെടണം. 20 കിലോയിൽ കൂടുതൽ ലഗേജ് ഉണ്ടെങ്കിൽ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് പോകണം. ഒരാളിന് സിംഗപ്പൂരോ അമേരിക്കയിലോ പോകണമെന്നുണ്ടെങ്കിൽ ടിക്കറ്റു ലഭിക്കാനുളള പ്രയാസം, കയറിയാൽ എപ്പോൾ പൊട്ടിവീഴും എന്നറിയാൻ വയ്യാത്തവിമാനങ്ങൾ. മറ്റൊരിടത്തും ഉപയോഗിക്കാൻ കഴിയാത്ത പഴകിയ വിമാനങ്ങളാണ് തിരുവനന്തപുരം വിമാനത്താവളത്തിന് സർവ്വീസിന് നൽകുന്നത്. അത് എവിടെയെങ്കിലും കൊണ്ടിറക്കിയിട്ട് രണ്ട് പത്രവാർത്തയും ഒരു ടിവി ചാനൽ വാർത്തയും വന്നാൽ അതിനെ കുറിച്ചുളള ബഹളങ്ങൾ തീർന്നു. അതൊക്കെ ഈ വിമാനത്താവളത്തിന്റെ അനാഥത്വമാണ് വ്യക്തമാക്കുന്നത്. സർക്കാരിന്റെ ലേബൽ ഒട്ടിച്ചിട്ടില്ലെങ്കിലും ഇത് എടുക്കുന്നവർ ഇന്ത്യാക്കാരാണ്. ഇന്ത്യാ ഗവണ്മെന്റിന് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ശീലം ഉണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾക്കായി മുന്നോട്ടുവരുന്നവരെ വൻതോതിൽ പ്രോത്സാഹിപ്പിക്കണം. എൺപത് ശതമാനം ജീവനക്കാരും ഇന്ത്യാക്കാരായിരിക്കണം തുടങ്ങിയ നിബന്ധനകൾ സർക്കാരിന് സംരംഭകരുടെ മുമ്പാകെ വയ്ക്കാം.
 
അദാനി ഒരു പക്കാ ഇന്ത്യാക്കാരനാണ്. അദ്ദേഹത്തോടൊപ്പമുളള ബിസിനസ് സഹായികൾ ഇന്ത്യാക്കാരാണ്. എം.എ.യുസുഫലി, രവി പിളള, ആസാദ് മൂപ്പൻ തുടങ്ങിയവരൊക്കെ നമ്മുടെ നാടിന്റെ അഭിമാനമല്ലേ. അവരൊക്കെ നമ്മുടെ നാട്ടുകാരല്ലേ. വിദേശരാജ്യങ്ങൾ വലിയ വാത്സല്യത്തോടെയാണ് അവരെ സ്വീകരിക്കുന്നത്. എവിടെയൊക്കെയാണ് യൂസുഫലിയെ അവിടത്തെ ഭരണാധികാരികൾ വിളിച്ചുകൊണ്ടുപോയി സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നത്. അതായത് ഇന്ത്യയെ കൈയടക്കി വച്ചിരുന്ന ഈസ്റ്റിന്ത്യാ കമ്പനിയുടെ ആസ്ഥാനം വിലയ്ക്കുവാങ്ങിയ ആളാണ് യൂസുഫലി. നമുക്ക് അഭിമാനിക്കാൻ ആയിരം വക തന്ന ഇന്ത്യാക്കാരനാണ് അദ്ദേഹം. വ്യവസായത്തിൽ മുൻപന്തിയിലെത്തിയതൊക്കെ അവർ രാജ്യത്തിന് പുറത്തുപോയി അവിടെ കിട്ടിയ സൗകര്യങ്ങൾ ഉപയോഗിച്ചാണ്. അപ്പോൾ ഇവിടെ ജനിച്ചു വളർന്നവരല്ലാതെ ഒരുത്തൻ പടിക്കകത്തു കയറരുതെന്നൊക്കെ പറയുന്നത് ഒരു ശിലായുഗ സംസ്കാരത്തിന്റെ ഭാഗമാണ്. പ്രാകൃതമാണ്. കാര്യക്ഷമത (Efficiancy) ഉളളവർ എവിടെയുണ്ടെങ്കിലും അവരുടെ സേവനം നമ്മൾ പ്രയോജനപ്പെടുത്തണം. എസ്എസ്എൽസി കഴിഞ്ഞ് ടെസ്റ്റെഴുതി, അതല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞ് ടെസ്റ്റെഴുതി, അതല്ലെങ്കിൽ ഐഎഎസോ, ഐഎഫ്എസോ, മറൈൻ എഞ്ചിനീയറിംഗിനോ ഏതെങ്കിലും വിഷയത്തിൽ പഠിച്ച് വൈദഗ്ദ്ധദ്ധ്യം നേടിയ, സർക്കാർ ശമ്പളം വാങ്ങിക്കുന്നവൻ മാത്രമേ ഇതൊക്കെ നയിക്കാനും നിയന്ത്രിക്കാനും പ്രാപ്തരായിട്ടുളളു എന്ന കണക്കുകൂട്ടലും നമ്മൾ മാറ്റിവയ്ക്കണം. നേരെ നടത്താൻ സർക്കാരുണ്ടല്ലോ ഇവിടെ. സർക്കാരിന് മുകളിലൂടെ കാര്യങ്ങൾ ചെയ്യാൻ ഈ സ്ഥാപനങ്ങൾക്ക് കഴിയില്ല. 
ശ്രദ്ധാപൂർവ്വം കാര്യങ്ങൾ ചെയ്യുന്ന ഒരു സർക്കാരുളളപ്പോൾ ആ ഗവണ്മെന്റിൽ സൂപ്പർവിഷനും നിയന്ത്രണവും
നിക്ഷിപ്തമാക്കിക്കൊണ്ട് ഇത് ആർക്കു കൊടുത്താലും കുഴപ്പമില്ല. അവരാരും ഇത് തട്ടിയെടുത്തു പോകില്ല. സർക്കാരിന്റെ ഉടമസ്ഥതയിൽ നടന്നതുകൊണ്ട് യാത്രാക്കാർക്കോ
നാട്ടുകാർക്കോ പ്രത്യേക ഗുണം വല്ലതും ഉണ്ടായിട്ടുണ്ടോ? 
ടിക്കറ്റിന്റെ കാര്യത്തിൽ വല്ല സൗജന്യമോ, റിസർവ്വേഷനോ അനുവദിച്ചിട്ടുണ്ടോ? ജനങ്ങൾ പ്രതീക്ഷിക്കുന്നത് 
ഇതൊക്കെയാണ്. 

അടിയന്തരസാഹചര്യങ്ങളിൽ ചിലതൊക്കെ ചെയ്യുന്നുണ്ടെന്നല്ലാതെ ഏതെങ്കിലും കാരുണ്യാധിഷ്ഠിത പദ്ധതി 
സർക്കാർ ആർക്കും കൊടുക്കുന്നില്ല. സർക്കാരും ഇതു
ചെയ്യുന്നതെങ്ങനെയാണ്? ഏതെങ്കിലും കൂറ്റൻ സമൂഹങ്ങളുടെ കൈയിൽ റിക്രൂട്ട്‌മെന്റ് ഏല്പിക്കുന്നു, അവർ സെലക്ടു ചെയ്യുന്നു, സർക്കാർ ശമ്പളം കൊടുക്കുന്നു. സർക്കാരിന്റെ നികുതി മുഴുവൻ ഉപയോഗിക്കേണ്ടത് ജനങ്ങളുടെ പട്ടിണിയും രോഗവും ദുരിതവും അകറ്റാനുളള ആയിരക്കണക്കിന് വികസനമേഖലകളിലാണ്. ലോകോത്തരനിലവാരമുളള , അനേകം ആളുകൾക്ക് ഗുണമുളള ഒരു നല്ല വിദ്യാഭ്യാസ
സ്ഥാപനം ഈ രാജ്യത്തുണ്ടാക്കാൻ നമ്മുടെ ഒരു സർക്കാരിനും കഴിഞ്ഞിട്ടില്ല. ഇവിടെ ഇപ്പോഴും എഞ്ചുവടിയും അങ്കഗണിതവും ഒക്കെ പഠിച്ച് മടിയിൽ വച്ച് കണക്കുമെഴുതി തയ്യാറാക്കിയിട്ട് ഇതാണ് വലിയ വിദ്യാഭ്യാസമെന്ന് പറഞ്ഞിരിക്കുകയാണ്. ജനോപകാരപ്രദമായ വലിയ കാര്യങ്ങൾക്ക് ഇന്ത്യയുടെ നികുതി ഉപയോഗിക്കാൻ സർക്കാർ വഴി കണ്ടെത്തണം. വിമാനത്താവളം, തുറമുഖം, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ ഇവയൊക്കെ
അടിച്ചുവാരാനും തൂത്തുതുടയ്ക്കാനും വേണ്ടി സർക്കാർ ചെലവാക്കുന്ന കോടിക്കണക്കിന് രൂപയ്ക്ക് തുല്യമായ ആദായം 
ലഭിക്കുന്നില്ലെങ്കിൽ സർക്കാർ ഇക്കാര്യത്തിൽ അപ്രാപ്തമാണ് (കിരീാുലലേി)ക എന്നാണ് അർത്ഥം. അപ്പോൾ പ്രാപ്തരായവരെ, മത്സരക്ഷമതയുളളവരെ ആ ജോലി ഏല്പിക്കണം. മുടന്തനെ പിടിച്ച് ഓട്ടമത്സരത്തിലേക്ക് റിക്രൂട്ട് ചെയ്താൽ അവന് കപ്പ് നേടാൻ സാധിക്കില്ല. അക്കാര്യത്തിൽ സർക്കാരിന് സാമാന്യബോധം വേണം. 

അദാനിയോ, അപ്പുക്കുട്ടനോ എന്നുളളതല്ല വിഷയം. ഈ 
വിമാനത്താവളം ലണ്ടനിലെയോ, ഫ്രാൻസിലെയോ, 
അമേരിക്കയിലോ, ജപ്പാനിലെയോ പോലെ ലോകോത്തര 
നിലവാരത്തിൽ സർവ്വീസ് നടക്കുന്ന ഏതെങ്കിലും രാഷ്ടങ്ങളിലെ വിമാനത്താവളങ്ങൾക്ക് തുല്യമാക്കി മാറ്റണമെന്ന് വിഭാവന ചെയ്യാനെങ്കിലും സർക്കാരിന് കഴിയണ്ടേ? അതിന് ഒരു ഏജൻസി തയ്യാറായി വന്നാൽ, ആ ഏജൻസിയെ അംഗീകരിക്കണം. അദാനിക്ക് കൊടുക്കുന്നത് നികുതി ഇളവുനൽകിയോ ഏതെങ്കിലും വിധത്തിൽ സാമ്പത്തിക ഇളവുനൽകിയ അല്ലല്ലോ. വൈദ്യുതിയോ, വെളളമോ സൗജന്യമായി നൽകുന്നില്ലല്ലോ. ജനങ്ങളുടെ പണം കൊണ്ട് ജനങ്ങളുടെ വകയായി നിർമ്മിച്ചതാണ് തിരുവനന്തപുരം വിമാനത്താവളം. എന്നാൽ അതിൽ നിന്ന് ജനങ്ങൾക്ക് ഒരു പ്രയോജനവും ലഭിച്ചിട്ടില്ല. 

ലോകത്തിന്റെ പല ഭാഗത്തുളളവർക്ക് വന്നെത്താൻ  ഇഷ്ടമുളള രാജ്യമാണ് ഇന്ത്യ. ടൂറിസ്റ്റുകൾക്ക് ഏറെ പ്രിയങ്കരമായ സംസ്ഥാനമാണ് കേരളം. അടുത്ത 50 കൊല്ലം നമ്മുടെ രാജ്യത്തിന് പിടിച്ചുനില്ക്കണമെങ്കിൽ അപാരമായി ടൂറിസം വികസിക്കണം. ടൂറിസ്റ്റ് വന്നാൽ അവന്റെ ഫോണും വാച്ചും ഹസ്തദാനം ചെയ്യുമ്പോൾ അവന്റെ മോതിരവും ഊരിയെടുത്തുകൊണ്ടുപോകുന്ന രീതികൊണ്ട് നമ്മുടെ രാജ്യം രക്ഷപ്പെടില്ല. മികച്ച ഇൻസ്റ്റിസ്റ്റ്യൂഷനുകൾ, മികച്ച സർവ്വീസ്, മികച്ച സൗകര്യങ്ങൾ എന്നിവയാണ് വേണ്ടത്. അത് നന്നായി കൊടുക്കാൻ കഴിയുന്ന ഹോസ്പിറ്റാലിറ്റി ടീമിനെയാണ് ഏല്പിക്കേണ്ടത്. മര്യാദയ്ക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഹോട്ടലുകൾ നമ്മുടെ രാജ്യത്ത് എത്രയുണ്ട്? കോടീശ്വരന്മാർക്ക് വന്ന് കാറ്റുകൊളളാനുളള ഹോട്ടലുകളെ പറ്റിയല്ല ഞാൻ പറയുന്നത്, ഒരു ഇടത്തരം ഫാമിലിക്ക് മാന്യമായി വന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന എത്ര ഹോട്ടലുകളുണ്ട് നമ്മുടെ നാട്ടിൽ? പല ഹോട്ടലുകളുടെയും അകത്തെ സ്ഥിതി എന്താണ്? ഇവിടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി കൊറോണ കാലത്ത് ഒരു കാര്യം പറഞ്ഞു പൊലീസുകാർ കുറെ ജോലി ഏറ്റെടുക്കണമെന്ന്. അവർ തെറ്റിദ്ധരിച്ച് റോഡിൽ കൂടി പോകുന്ന കാറും ബസും ലോറിയും തടഞ്ഞുനിർത്തി അവന്റെ കഴുത്തിന് കുത്തിപ്പിടിച്ചതല്ലാതെ, ഇവിടത്തെ ഭക്ഷണസാധനങ്ങൾ ഉത്പാദിപ്പിച്ചു വിൽക്കുന്ന ഏതെങ്കിലും സ്ഥലത്ത് പരിശോധന നടത്തിയില്ല. ഇവിടുത്തെ മാർക്കറ്റുകൾ പതിറ്റാണ്ടുകളായി വാർന്നൊലിക്കുന്ന അഴുക്കും കശാപ്പുശാലയിൽ നിന്നുളള വെളളവും മത്സ്യക്കുട്ടകളിൽ നിന്നുളള വെളളവും കൂടി ചേർന്നൊഴുകി നമ്മുടെ നാട്ടിലെ തുറന്ന ഓടകളിൽ കൂടി പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് ജനങ്ങൾ ഇറങ്ങി കുളിച്ചുകൊണ്ടിരുന്ന ആമയിഴഞ്ചാൻ തോട്-ഇപ്പോളതിന്റ സ്ഥിതി എന്താണ്? തിരുവനന്തപുരം വിമാനത്താവളത്തിന്റെ പരിസരത്തുളള വഴികളിലൂടെ ഇറങ്ങിനടന്നാൽ കാണാനാകുക വീടുകളിൽ നിന്നുളള മാലിന്യം പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് തളളിയിരിക്കുന്നതാണ് . ഇങ്ങനെയൊരു നഗരമുണ്ടോ?
 
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുളങ്ങൾ ഉണ്ടായിരുന്ന നഗരമാണ് തിരുവനന്തപുരം. ജനങ്ങൾക്ക് കുളിക്കാനും കുടിക്കാനും ശുദ്ധജലമുളള കുളങ്ങൾ. അതുമുഴുവൻ നികത്തി കെട്ടിടങ്ങൾ വച്ചു. വയലുകൾ മുഴുവൻ നികത്തി മണിമന്ദിരങ്ങൾ കെട്ടി. എല്ലാം പോകട്ടെ പരശുരാമക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുവല്ലത്താണ് ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും മനുഷ്യമാലിന്യങ്ങൾ മുഴുവൻ വന്നടിയുന്നത്. ജനങ്ങൾക്കുവേണ്ടി സ്ഥാപിച്ച ഇവിടത്തെ കനാലുകൾ, കുളങ്ങൾ ഇവയൊക്കെ നശിപ്പിച്ചതോടെ സാംക്രമിക രോഗങ്ങൾ പടർന്നുപൊന്തുകയാണ്. നശിപ്പിച്ചുകളഞ്ഞ ഈ നഗരത്തിന്റെ മോക്ഷപ്രാപ്തിക്കുളള മാർഗ്ഗങ്ങളിലൊന്ന് ഈ വിമാനത്താവളത്തിന്റെ വികസനമാണ്. നഗരത്തിന്റെ മാറ്റങ്ങൾക്കുളള തുടക്കമാണ് ഈ വിമാനത്താവളത്തിന്റെ വാടകയ്ക്ക് കൊടുക്കൽ. അതെടുക്കുന്ന വ്യക്തി നടത്താൻ കഴിവുളളയാളാണ്. അദ്ദേഹത്തിന്റെ കമ്പനിയ്ക്കറിയാം ഇത് വിമാനത്താവളമാണ്, അന്തിച്ചന്തയല്ല എന്ന്. ക്ലാസ് വൺ 
സ്ഥാപനമായി ഈ വിമാനത്താവളത്തെ മാറ്റാൻ അദാനിക്ക് സാധിക്കും. ജനങ്ങൾക്കും ഭരണകൂടത്തിനും ആ കാര്യം ശ്രദ്ധിക്കാനുളള ബാധ്യതയുണ്ട്.
 
ഈ നഗരത്തിന്റെ വികസനത്തിന്റെ ആദ്യപടിയാവട്ടെ ഈ വിമാനത്താവളത്തിന്റെ വികസനം. ഇത് ജനങ്ങളുടെ സ്വത്താണ്. അത് അദാനിക്ക് ഉണ്ണണാനും ഉടുക്കാനും ഇട്ടുകൊടുക്കരുത് എന്ന പക്ഷക്കാരനാണ് ഞാൻ. പക്ഷേ, അനാഥപ്രേതം പോലെ അതിങ്ങനെ കിടക്കുന്നത്  ദുർഗന്ധം മാത്രമെ ഉണ്ടാക്കൂ. തിരുവനന്തപുരം വിമാനത്താവളത്തെ ലോകോത്തര വിമാനത്താവളമാക്കി മാറ്റാൻ അദാനി ശ്രമിക്കും എന്നാണ് വിശ്വാസം. ഇത് സൈനിക വിമാനത്താവളമാക്കി മാറ്റുന്നുവെങ്കിൽ ദേശീയപാതയ്ക്ക്
സമീപം ഒരു വിമാനത്താവളം വരേണ്ടതുണ്ട്. അതിനേറ്റവും അനുയോജ്യമായ സ്ഥലം നാവായിക്കുളം തന്നെ. അങ്ങനെയും സംഭവിക്കട്ടെ എന്ന് ആശിക്കുന്നു.

Post your comments