Global block

bissplus@gmail.com

Global Menu

കോടികണക്കിന് പ്രതിമാസ ട്രാൻസാക്ഷനുമായി യുപിഐ മുന്നോട്ട്

 

യുപിഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്) പ്ലാറ്റ്ഫോം വഴിയുള്ള ഡിജിറ്റൽ പണമിടപാടുകൾ തുടർച്ചയായ രണ്ടാം മാസത്തിലും 7.5 ലക്ഷം കോടി രൂപ കടന്നു. നവംബറിൽ നടന്നത് 7.68 ലക്ഷം കോടി രൂപയുടെ കൈമാറ്റം. ആകെ 418 കോടി ഇടപാടുകൾ. 2016 ഏപ്രിലിൽ ആരംഭിച്ച യുപിഐ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം കൈമാറിയത് ഒക്ടോബറിലാണ്. 421 കോടി ഇടപാടുകളിലൂടെ 7.71 ലക്ഷം കോടി രൂപ. 7.5 ലക്ഷം കോടിയെന്ന നാഴികക്കല്ല് ആദ്യമായി പിന്നിട്ടതും ഒക്ടോബറിൽ തന്നെ. വിവിധ ബാങ്കുകളുടെ ആപ്പുകൾക്കു പുറമേ നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) ഭീം ആപ്, ഗൂഗിൾ പേ, പേയ്ടിഎം, ഫോൺ പേ, ആമസോൺ പേ തുടങ്ങി യുപിഐ പ്ലാറ്റ്ഫോം അടിസ്ഥാനപ്പെടുത്തി പണമിടപാടുകൾക്കു സൗകര്യമൊരുക്കുന്ന ആപ്പുകൾ ഏറെയുണ്ട്.

ന്നാം മോദി സർക്കാർ ‘കറൻസി അസാധുവാക്കൽ’ തീരുമാനം നടപ്പാക്കി 5 വർഷം കഴിഞ്ഞിട്ടും അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ തുടരുമ്പോൾ യുപിഐ വഴി മാത്രമുള്ള ഡിജിറ്റൽ പണമിടപാടുകളിലും വൻ കുതിപ്പാണു ദൃശ്യമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബർ 8 നു രാത്രിയാണ് 500, 1000 രൂപ നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചത്. അതിനും 7 മാസം മുൻപേ കേന്ദ്ര സർക്കാരിനു കീഴിലുള്ള എൻപിസിഐ യുപിഐ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരുന്നു. 21 ബാങ്കുകളെ ഉൾപ്പെടുത്തിയാണു യുപിഐ ആരംഭിച്ചത്. എന്നാൽ, ആദ്യ 3 മാസം കാര്യമായൊന്നും നടന്നില്ല. 2016 ജൂലൈയിൽ വെറും 38 ലക്ഷം രൂപയുടെ ഇടപാടുകൾ. ഓഗസ്റ്റിൽ 3.09 കോടിയായി.

യുപിഐ വഴിയുള്ള പണം കൈമാറ്റം പ്രതിവർഷം 75 ലക്ഷം കോടി രൂപയായി ഉയർത്തുകയാണ് എൻപിസിഐയുടെ ലക്ഷ്യം. കോവിഡ് പ്രതിസന്ധി യുപിഐ പ്ലാറ്റ്ഫോം വഴിയുള്ള  ഇടപാടുകൾ ഗണ്യമായി വർധിപ്പിച്ചു. ആദ്യ ലോക്ഡൗൺ തുടങ്ങിയ 2020 മാർച്ചിൽ 206,462 കോടി രൂപയുടെ ഇടപാടുകളാണു നടന്നത്. രണ്ടാം ലോക്ഡൗൺ പ്രഖ്യാപിച്ച ഈ വർഷം മാർച്ച് എത്തിയപ്പോഴേക്കും 5,04,886 കോടിയായി; 145 % വർധന. 274 ബാങ്കുകൾ യുപിഐ ശൃംഖലയിലുണ്ട്. ക്രിസ്മസ് – പുതുവത്സരകാലം ആയതിനാൽ ഡിസംബർ, ജനുവരി മാസങ്ങളിലും യുപിഐ പണമിടപാടുകൾ ഉയർന്നു നിൽക്കുമെന്നാണു വിലയിരുത്തൽ.

Post your comments