Global block

bissplus@gmail.com

Global Menu

പോയിന്റ്‌ ബ്ലാങ്കില്‍ നാടിനെ നിര്‍ത്തി ഭരണകൂടങ്ങള്‍

പൊതുജനസംബന്ധിയായ ചര്‍ച്ചകളില്‍, വിഷയങ്ങളില്‍ പ്രമുഖരെ പോയിന്റ്‌ബ്ലാങ്കില്‍ നിര്‍ത്തിയ മാധ്യമപ്രവര്‍ത്തകനാണ്‌ ജിമ്മി ജെയിംസ്‌. കുറിക്കുകൊളളുന്ന ചോദ്യങ്ങളുമായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-സാമ്പത്തികമേഖലകളിലെ പ്രമുഖരെ നേരിട്ട ജിമ്മിയുടെ രണ്ടുപതിറ്റാണ്ടിലേറെ കാലത്തെ മാധ്യമരംഗത്തെ ജീവിതം സംഭവബഹുലവും, അനുഭവസമ്പന്നവുമാണ്‌. ഇപ്പോഴിതാ സജീവ മാധ്യമപ്രവര്‍ത്തനം വിട്ട്‌ അക്കാദമികതലത്തിലേക്ക്‌ വഴിമാറി നടക്കുകയാണ്‌ അദ്ദേഹം. സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി എന്ന സ്ഥാപനത്തിലാണ്‌ അദ്ദേഹം ഇപ്പോള്‍ സേവനമനുഷ്‌ഠിക്കുന്നത്‌. ഒരു രാജ്യത്തിന്റെ നിലനില്‌പിനെ തന്നെ ബാധിക്കുന്ന സാമ്പത്തിക വിഷയത്തില്‍ സാധാരണക്കാരനുളള അറിവ്‌ പരിമിതമാണെന്നും അവരോട്‌ ആരും അത്‌ മനസ്സിലാകുന്ന ഭാഷയില്‍ പറയുന്നില്ലെന്നും ജിമ്മി പറയുന്നു. സാങ്കേതികപദങ്ങളില്‍ കുരുക്കി അവരെ അതില്‍ നിന്ന്‌ അകറ്റി നിര്‍ത്തുകയാണ്‌. എന്നാല്‍ സാമ്പത്തികമായ വിവരങ്ങള്‍ ജനം അറിയേണ്ടത്‌ ജനാധിപത്യസംവിധാനത്തിന്റെ തുടര്‍ച്ചയ്‌ക്ക്‌ അനിവാര്യമാണ്‌. അതിലേക്കും ഇന്ത്യയുടെ നിലവിലെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സ്ഥിതിയെ കുറിച്ചും വിശദീകരിക്കുകയാണ്‌ ജിമ്മി. ബിസിനസ്‌ പ്ലസ്‌ ചീഫ്‌ എഡിറ്ററും സതീര്‍ത്ഥ്യനുമായ അശോക്‌ കുമാറുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്‌.....

സജീവമാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന്‌ വഴിമാറി നടന്നത്‌?
ടെലിവിഷന്‍ ജേണലിസത്തില്‍ നിന്ന്‌ അതായത്‌ 24 മണിക്കൂര്‍ ന്യൂസ്‌ വര്‍ക്കില്‍ നിന്ന്‌ മാറി കുറച്ചുകൂടി കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കുന്ന ജോലിയിലേക്ക്‌ മാറുകയാണ്‌ ചെയ്‌തത്‌. എന്റെ അഭിപ്രായത്തില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരും ഒരു ഘട്ടം കഴിയുമ്പോള്‍ ഇത്തരത്തില്‍ കുറച്ചുകൂടി ആഴത്തിലുളള പ്രവര്‍ത്തനത്തിലേക്ക്‌ പോകണം എന്നാണ്‌. ഒരു ടെലിവിഷന്‍ ജേണലിസ്‌റ്റ്‌ ഒരു ദിവസം കൈകാര്യം ചെയ്യുന്നത്‌ നിരവധി വിഷയങ്ങളാണ്‌. ഞാനിപ്പോള്‍ ഫിനാന്‍ഷ്യല്‍ ജേണലിസത്തില്‍ കുറച്ചുകൂടി ആഴത്തില്‍ പോകുകയാണ്‌. അതിന്‌ രണ്ട്‌ കാരണങ്ങളുണ്ട്‌. ഒന്ന്‌ ഫിനാന്‍സ്‌ എന്നു പറഞ്ഞാല്‍ ബാങ്ക്‌, ഓഹരി ഇത്‌ രണ്ടുമാണ്‌ സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം ആകെ അറിയാവുന്നത്‌. അതുകൊണ്ടുതന്നെ ആരും അത്‌ നോക്കാറുമില്ല. ഉദാഹരണം ബജറ്റ്‌ തന്നെയെടുക്കാം. നികുതി, കൂടിയോ കുറഞ്ഞോ എന്നു മാത്രമാണ്‌ ബജറ്റ്‌ അവതരിപ്പിക്കുമ്പോള്‍ ജനം ശ്രദ്ധിക്കുക. ജിഎസ്‌ടി വന്നതോടുകൂടി അതുമില്ല. അപ്പോള്‍ പിന്നെ ഫിനാന്‍സുമായി ബന്ധപ്പെട്ട്‌ എന്താണ്‌ നടക്കുന്നത്‌ എന്നതിനെ പറ്റി ജനങ്ങള്‍ക്ക്‌ ഒട്ടും തന്നെ ബോധമില്ല. അവരോടാരും അതെപ്പറ്റി മനുഷ്യന്റെ ഭാഷയില്‍ സംസാരിക്കാറുമില്ല.

മറ്റൊരു കാരണം ഇന്ത്യയിൽ ഫിനാൻഷ്യൽ  ജേണലിസം ഉണ്ട്‌. എന്നാല്‍ അത്‌ അടിസ്ഥാനപരമായി ടെക്‌നിക്കല്‍ ജാര്‍ഗണ്‍സ്‌ വച്ചിട്ടുളള പരിപാടികളാണ്‌. ഉദാഹരണമായി ഡെബ്‌റ്റ്‌ ഫിനാന്‍സിംഗ്‌. അത്‌ വെറുതെ പറഞ്ഞുപോകുകയാണ്‌. എന്താണ്‌ എന്ന്‌ ആരും വിശദമാക്കുന്നില്ല. സര്‍ക്കാരിന്‌ ബജറ്റ്‌ കമ്മി വരുമ്പോള്‍ നോട്ട്‌ (കറന്‍സി) പ്രിന്റ്‌ ചെയ്യുന്നതിനാണ്‌ ഡെഫിസിറ്റ്‌ ഫിനാന്‍സിംഗ്‌ അല്ലെങ്കില്‍ ഡെബ്‌റ്റ്‌ ഫിനാന്‍സിംഗ്‌ എന്ന്‌ പറയുന്നത്‌.ഇതിന്റെ യുക്തി എന്താണ്‌? എന്നു തുടങ്ങി? ഇതു സംബന്ധിച്ചൊന്നും ആര്‍ക്കും അറിയില്ല.

സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയുടെ ധര്‍മ്മം?
നോട്ടുനിരോധനത്തി (ഡീമോനിറ്റൈസേഷന്‍) ന്റെ അഞ്ചാം വര്‍ഷമാണിത്‌. എന്താണ്‌ അതിന്റെ ഇംപാക്ട്‌? സാമ്പത്തികവിദഗ്‌ദ്ധര്‍ സംസാരിക്കുന്നത്‌ മറ്റൊരു ഭാഷയിലാണ്‌. നോട്ടുനിരോധനത്തിന്റെ പ്രശ്‌നങ്ങള്‍ അനുഭവിച്ച സാധാരമക്കാരന്‌ അത്‌ മനസ്സിലാകുന്നില്ല. ഇങ്ങനൊരു വിടവുണ്ട്‌. ആ വിടവ്‌ നികത്താനുളള നിരവധി ചെറിയ ഗ്രൂപ്പുകള്‍ ലോകവ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇന്ത്യയില്‍ അത്‌ കുറവാണ്‌. ഞാന്‍ ജോലി ചെയ്യുന്ന സംഘടനയുടെ പേര്‌ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി എന്നാണ്‌. സാമ്പത്തികകാര്യങ്ങളില്‍ അത്‌ ചെലവാക്കുന്നവര്‍ക്ക്‌ , സര്‍ക്കാരുകള്‍ക്ക്‌ ഉത്തരവാദിത്വം വേണം എന്നതാണ്‌ ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ നിലപാട്‌. മനുഷ്യര്‍ക്ക്‌ മനസ്സിലാകുന്ന ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിക്കാനും ആ രീതിയില്‍ അതിനെ വിശദീകരിക്കാനും ശ്രമിക്കുന്നു.

പൊതുമേഖലാസ്ഥാപനങ്ങള്‍ വ്യാപകമായി വില്‌പനയ്‌ക്ക്‌ വച്ചിരിക്കുകയാണല്ലോ?

അതെ. അതുസംബന്ധിച്ച്‌ സര്‍ക്കാരിന്റെ വിശദീകരണം നല്ല രീതിയില്‍ ആ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല, അതുകൊണ്ട്‌ വില്‍ക്കുന്നു എന്നാണ്‌. എന്നാല്‍ അതല്ല സത്യം. സര്‍ക്കാരിന്റെ കൈയില്‍ ദൈനംദിന ചെലവുകള്‍ക്കുപോലും പണമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സര്‍ക്കാരിന്റെ ആസ്‌തികള്‍ വില്‍ക്കുകയാണ്‌. അത്‌ റെയില്‍വേ ആയാലും, റെയില്‍വേ സ്റ്റേഷനോ, എണ്ണപ്പാടങ്ങളോ, കല്‍ക്കരിപ്പാടങ്ങളോ എല്ലാം വില്‍ക്കുകയാണ്‌. ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ തിരികെ വരുന്നു എന്നു പറയുമ്പോഴും കഴിഞ്ഞ തവണത്തെ തകര്‍ച്ചയേക്കാള്‍ ഭേദമെന്നേ അര്‍ത്ഥമുളളു. അങ്ങനെയുളളപ്പോള്‍ കരയിലിരുന്ന്‌ കളി കാണുന്ന സ്വകാര്യകമ്പനികള്‍ക്ക്‌ നിങ്ങള്‍ നിങ്ങളുടെ വന്‍ മൂലധനനിക്ഷേപമുളള സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ കൊണ്ടുവച്ചാല്‍ ആരു വാങ്ങും? ഉദാഹരണം എയര്‍ ഇന്ത്യ തന്നെയെടുക്കാം. എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ വച്ചിട്ട്‌ പല തവണ അത്‌ പാളിപ്പോയി. 35,000 കോടിയുടെ കടമുണ്ട്‌. ആരെങ്കിലും ഏറ്റെടുക്കണം എന്ന്‌ ആവശ്യപ്പെട്ടിട്ട്‌ ആരും വന്നില്ല. നിലവില്‍ 60,000 കോടി രൂപയുടെ കടമായി. വന്നതാകട്ടെ രണ്ടേ രണ്ട്‌ കമ്പനികള്‍ വന്നു. ടാറ്റയും സ്‌പൈസ്‌ ജറ്റും. സംപൈസ്‌ ജറ്റ്‌ കമ്പനിയുടെ പേരിലല്ല വാങ്ങാനെത്തിയത്‌. അവര്‍ക്ക്‌ അതില്‍ ഒരു താല്‌പര്യവുമില്ല. കച്ചവടം ആകെ മുടിഞ്ഞിരിക്കുന്ന നാട്ടില്‍ സ്വന്തം വസ്‌തു ആരെങ്കിലും വില്‍ക്കാന്‍ വയ്‌ക്കുമോ? ചെറിയ വിലയല്ലേ കിട്ടൂ. എന്നിട്ടും എന്തിനാണ്‌ വില്‌പനയ്‌ക്ക്‌ വയ്‌ക്കുന്നത്‌. അതിന്‌ രണ്ട്‌ കാരണങ്ങളുണ്ടാവാം. ഒന്ന്‌ തങ്ങളുടെ ആളുകളെ അതിലേക്ക്‌ കയറ്റുവാന്‍, അതല്ലെങ്കില്‍ ഇന്ത്യന്‍ ഭരണകൂടം വളരെ മോശം സാമ്പത്തികാവസ്ഥയിലേക്ക്‌ നീങ്ങുകയാണ്‌. ഒരു പക്ഷേ ഈ രണ്ടു കാരണങ്ങളും ഈ വില്‌പനയ്‌ക്ക്‌ വയ്‌ക്കലിന്‌ പിന്നില്‍ ഒരുപോലെ ഉണ്ടാവാം. അതായത്‌ നിസാരവിലയ്‌ക്ക്‌ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുപോകും. ഇക്കാര്യം ജനങ്ങളോട്‌ സംസാരിക്കേണ്ട സമയമാണിത്‌. ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്ന റിസര്‍ച്ച്‌ ഗ്രൂപ്പാണ്‌ ഞങ്ങളുടേത്‌. എന്താണ്‌ നടക്കുന്നതെന്ന്‌ സാധാരണക്കാരന്റെ ഭാഷയില്‍ ചര്‍ച്ചചെയ്യുന്നു.

സര്‍ക്കാരിനും വ്യവസായികള്‍ക്കും എതിരാണോ?
എന്നു പറയാന്‍ പറ്റില്ല. ഞങ്ങളുടേത്‌ മനുഷ്യര്‍ക്ക്‌ വേണ്ടിയുളള പ്രവര്‍ത്തനമാണ്‌.സാധാരണക്കാരനുവേണ്ടി. അങ്ങനെവരുമ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിക്കേണ്ടതുണ്ടെങ്കില്‍ സര്‍ക്കാരിനെ വിമര്‍ശിക്കും അതല്ല കോര്‍പറേറ്റുകളെ വിമര്‍ശിക്കേണ്ടതുണ്ടെങ്കില്‍ അങ്ങനെ ചെയ്യും. ഡീമോണിറ്റൈസേഷന്‌ ശേഷം ചെറുകിട വ്യവസായമേഖലകള്‍ തകര്‍ന്നുതരിപ്പണമായ ചരിത്രം ഇന്ത്യയ്‌ക്കുണ്ട്‌. അതിനുശേഷം രാജ്യത്ത്‌ പൊങ്ങിവന്ന കമ്പനികള്‍ ഏതൊക്കെയാണ്‌? അവര്‍ കൂടുതല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. അവിടങ്ങളിലെല്ലാം ചെറുകിടവ്യവസായങ്ങള്‍ തകരുന്നു. അപ്പോള്‍ ചില പോളിസികള്‍ വ്യവസായങ്ങള്‍ക്ക്‌ തന്നെ ഭീഷണിയാണ്‌.

അതുപോലെ സ്വകാര്യവത്‌ക്കരണത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്ന ന്യായം കാര്യക്ഷമതയാണ്‌. അത്തരത്തില്‍ കാര്യക്ഷമതയുണ്ടെങ്കില്‍ മൊബൈല്‍ മേഖലയിലെ എല്ലാ കമ്പനികളും പൊളിഞ്ഞതെന്തുകൊണ്ടാണ്‌? ഒരു കമ്പനി മാത്രം വളരുന്നു. അതായത്‌ 90% സ്വകാര്യകമ്പനികളും പരാജയപ്പെട്ട മേഖലയാണ്‌ ടെലികമ്മ്യൂണിക്കേഷന്‍. അപ്പോള്‍ അവിടെയും മേല്‍പ്പറഞ്ഞ ന്യായങ്ങളൊന്നും നിലനില്‌്‌ക്കില്ല. ക്രോണിക്‌ ക്യാപിറ്റലിസവും സര്‍ക്കാരിന്‌ താല്‌പര്യമുളളവരെയും മാത്രം സംരക്ഷിക്കുന്നരീതിയാണിത്‌. മാര്‍ക്കറ്റ്‌ ഇക്കോണമിയുടെ അടിസ്ഥാനം എന്നു പറയുന്നത്‌ നിരവധി പേര്‍ വരും മത്സരമുണ്ടാകും അപ്പോള്‍ അതുകൊണ്ടുളള ഗുണവുമുണ്ടാകും എന്നതാണ്‌. ഇപ്പോള്‍ നടക്കുന്നത്‌ മാര്‍ക്കറ്റിന്റെ നീതിശാസ്‌ത്രം അനുസരിച്ചുളള കാര്യങ്ങളല്ല.

സര്‍ക്കാര്‍ കുത്തകവത്‌ക്കരണത്തിന്‌ കുടപിടിക്കുന്നുവെന്നാണോ?
അമേരിക്കയിലും ഇന്ത്യയിലും കുത്തകനിരോധന (Antimonopolize) നിയമങ്ങളുണ്ട്‌ . അമേരിക്കയില്‍ അതിന്‌ വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ എത്ര വമ്പനായാലും പിഴയിടും. എന്നാല്‍ ഇന്ത്യയില്‍ അത്‌ നടക്കുന്നില്ല. അമേരിക്ക ഗൂഗിളിന്‌ വരെ പിഴയിടുമ്പോള്‍ റിലയന്‍സിന്‌ പിഴയിടുന്ന ഇന്ത്യാ ഗവണ്മെന്റിനെ കുറിച്ച്‌ നമുക്ക്‌ ചിന്തിക്കാന്‍ പറ്റുമോ? ബിഎസ്‌എന്‍എല്ലിനെ കൊന്നതിനെ കുറിച്ചുളള കഥകള്‍ ഇപ്പോള്‍ പരസ്യമാണ്‌. ആവശ്യപ്പെടുമ്പോള്‍ സ്‌പെക്ട്രം നല്‍കില്ല. ഇത്ര ശതമാനം അസംസ്‌കൃതവസ്‌തുക്കള്‍ കൊളള വിലയ്‌ക്ക്‌ ഇന്ത്യയില്‍ നിന്ന്‌ വാങ്ങണം. വിലകുറച്ച്‌ കിട്ടുന്നിടത്തുനിന്ന്‌ വാങ്ങാന്‍ പറ്റില്ല. അങ്ങനെ ചുവപ്പുനാടയില്‍ കുരുക്കി പൊതുമേഖലാ സ്ഥാപനങ്ങളെ കൊന്നിട്ട്‌ അവയുടെ പ്രവര്‍ത്തനം മോശമാണെന്ന്‌ പറയുന്നതിലെ യുക്തിയെന്താണ്‌?

23 വര്‍ഷത്തെ ദൃശ്യമാധ്യമമേഖലയിലെ അനുഭവം?

ദൃശ്യമാധ്യമരംഗം മുഖ്യധാരയിലേക്ക്‌ വരുന്ന സമയത്താണ്‌ ഞാനൊക്കെ ഈ രംഗത്തെത്തുന്നത്‌. കേരളത്തില്‍ ടെലിവിഷന്‍ ജേണലിസം പച്ചപിടിക്കുന്നത്‌ 1995കളിലാണ്‌. 1998 ഓടെയാണ്‌ ഞങ്ങളൊക്കെ ഈ രംഗത്തെത്തുന്നത്‌. ഇപ്പോള്‍ ടെലിവിഷന്റെ തളര്‍ച്ചയുടെ സമയവും സമൂഹമാധ്യമങ്ങളുടെ, നവമാധ്യമത്തിന്റെ കുതിപ്പിന്റെ സമയവുമാണ്‌. ബ്രോഡ്‌കാസ്റ്റ്‌ ജേണലിസത്തിന്റെ കാലം കഴിയുകയാണ്‌. നവമാധ്യമങ്ങള്‍ അതായത്‌ പരസ്‌പരം ആശയങ്ങള്‍ കൈമാറാന്‍ കഴിയുന്ന മാധ്യമങ്ങളുടെ കാലമാണിത്‌. അതായത്‌ പറയുന്നത്‌ കേള്‍ക്കുക, കിട്ടുന്നത്‌ വായിക്കുക എന്ന പഴയകാലത്തെ അധീശത്വത്തില്‍ നിന്ന്‌ ജനങ്ങള്‍ക്ക്‌ പ്രതികരിക്കാനുളള ചെറിയ അവസരങ്ങള്‍ നല്‍കിക്കൊണ്ടാണ്‌ ടിവി എത്തിയത്‌. ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ എല്ലാവര്‍ക്കും ഏതുസമയത്തും അഭിപ്രായങ്ങള്‍ പങ്കുവയ്‌ക്കാവുന്ന, വാര്‍ത്തകള്‍ പങ്കുവയ്‌ക്കാവുന്ന ഒരു സ്‌പേസിലേക്ക്‌ എത്തിനില്‌ക്കുന്നു. ഒരു പരിധിവരെ നല്ലതാണ്‌. എന്നാല്‍ കുഴപ്പങ്ങളുമുണ്ട്‌. അതായത്‌ ഏതാണ്‌ സത്യം, ഏതാണ്‌ വ്യാജം എന്നറിയാനാകാത്ത ഒരു കാലവും കൂടിയാണിത്‌. സത്യാനന്തരകാലം എന്നൊക്കെ ഇന്ത്യയ്‌ക്ക്‌ പുറത്ത്‌ ആളുകള്‍ സൈദ്ധാന്തികമായി പറഞ്ഞുതുടങ്ങിയിട്ടുണ്ട്‌. ഒരു കാര്യം അസത്യമാണ്‌. പക്ഷേ അത്‌ പ്രശ്‌നമില്ല. നമുക്കത്‌ ഓക്കേയാണ്‌. അത്‌ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും മതങ്ങള്‍ക്കും പ്രമുഖര്‍ക്കും ഒക്കെ അങ്ങനെയാണ്‌.

മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്തെ രസകരമായ അനുഭവം പറയാമോ?
ക്യാമറ ഓണ്‍ ആയിരിക്കുമ്പോള്‍ നഖശിഖാന്തം എതിര്‍ക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്ന പലരും ക്യാമറ ഓഫ്‌ ചെയ്യുമ്പോള്‍ നമ്മള്‍ പറഞ്ഞതെല്ലാം ശരിയാണെന്ന്‌ സമ്മതിക്കുന്ന വേളകളാണ്‌ രസകരമായി തോന്നിയിട്ടുളളത്‌.

എങ്ങനെയാണ്‌ സാമ്പത്തികരംഗത്തേക്ക്‌ എത്തിയത്‌?
ആര്‍ക്കും ഒന്നും പ്രത്യേകമായി തിരഞ്ഞെടുത്ത്‌ ചെയ്യാന്‍ കഴിയുന്ന മേഖലയല്ല ടെലിവിഷന്‍ ജേണിലിസം. രാഷ്ട്രീയമോ ഫിനാന്‍സോ ഏത്‌ വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകളും കൈകാര്യം ചെയ്യാന്‍ സന്നദ്ധരായിരിക്കണം. "ജാക്ക്‌ ഓഫ്‌ ആള്‍ ആര്‍ട്‌സ്‌ മാസ്റ്റര്‍ ഒഫ്‌ നണ്‍' എന്നതാണ്‌ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകരുടെ പൊതുവെയുളള രീതി. അങ്ങനെ കുറേക്കാലം കഴിയുമ്പോള്‍ നമുക്ക്‌ ഇഷ്ടപ്പെട്ട, തിളങ്ങാന്‍ കഴിയുന്ന മേഖലകള്‍ തെരഞ്ഞെടുക്കും. അങ്ങനെവന്ന ഒരു താല്‌പര്യമായിരിക്കാം ഫിനാന്‍സ്‌ തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്‌. ഇന്ത്യയില്‍ അല്ലെങ്കില്‍ കേരളത്തില്‍ ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റുകളെ ആവശ്യമുളളത്‌ രണ്ടേ രണ്ട്‌ ദിവസമാണ്‌. ഒന്ന്‌ ബജറ്റ്‌ ദിവസവും അതിനുമുമ്പേയുളള സാമ്പത്തികഅവലോകന റിപ്പോര്‍ട്ടിന്റെ ദിവസവും. അതു മാറണം.

കടത്തിനുമേല്‍ കടത്തിലാണ്‌ കേരള സമ്പദ്‌ വ്യവസ്ഥ. എന്നിട്ടും കേരള മോഡല്‍ വികസനത്തെപ്പറ്റി പറയുന്നു. അതെപ്പറ്റി വിശദീകരിക്കാമോ?

രണ്ട്‌ രീതിയില്‍ ആലോചിച്ചുകൂടെ. അതായത്‌ സോഷ്യല്‍ സെക്ടറില്‍ സാമ്പത്തിക സുരക്ഷ അതാണ്‌ കേരള മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. വിദ്യാഭ്യാസ-ആരോഗ്യമേഖലയില്‍ കേരളം വന്‍തോതില്‍ ഇന്‍വെസ്‌റ്റ്‌ ചെയ്‌തിരുന്ന ഒരു കാലം. ആ ഇന്‍വെസ്‌റ്റ്‌മെന്റ്‌ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കേരളത്തെ മുന്നോട്ടുപോകാന്‍ സഹായിച്ചു. 80കളില്‍ ഗള്‍ഫിലേക്ക്‌ മലയാളി ജോലിതേടി പോയിത്തുടങ്ങിയതോടെയാണ്‌ കേരളം രക്ഷപ്പെട്ടത്‌. സമ്പദ്‌ വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകാനുളള, സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനുളള പണം സര്‍ക്കാരിന്‌ കിട്ടിയത്‌ അങ്ങനെയാണ്‌. എഴുപതുകള്‍വരെയുളള സാമ്പത്തിക വളര്‍ച്ചയും 80കളിലെ വളര്‍ച്ചയും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ആ വ്യത്യാസം മനസ്സിലാകും. വലിയ വ്യത്യാസമാണുളളത്‌. അടുത്ത ഘട്ടം തുടങ്ങുന്നത്‌ 1997 കഴിഞ്ഞ്‌ ഈ നൂറ്റാണ്ടിന്റെ തുടക്കം ആകുമ്പോഴേക്കും കേരളത്തിന്‌ സംഭവിച്ചത്‌ എന്താണെന്നുവച്ചാല്‍ അങ്ങനെയൊരു വരുമാനവളര്‍ച്ച ഉണ്ടായില്ല എന്നതാണ്‌. നികുതിപിരിവും മറ്റും കേരളത്തിന്‌ പ്രശ്‌നമായി. അപ്പോഴാണ്‌ വാറ്റ്‌ (VAT)വന്നത്‌ . VAT വന്നതോടെ കേരളത്തിന്റെ വളര്‍ച്ച കുതിച്ചുയര്‍ന്നു. പക്ഷേ കുറച്ചുകഴിഞ്ഞപ്പോള്‍ അതിലും വിളംബം വന്നു. നികുതി പിരിവ്‌ 10% ആയി കുറഞ്ഞു. അങ്ങനെ അന്തംവിട്ടുനില്‍ക്കുമ്പോഴാണ്‌ ജിഎസ്‌ടി വരുന്നത്‌ . ജിഎസ്‌ടി ഉപഭോക്തൃസംസ്ഥാനങ്ങള്‍ക്ക്‌ ഗുണം ചെയ്യും എന്ന ഒരു ബോധ്യത്തില്‍ നിന്നാണ്‌ അത്‌ കൊണ്ടുവരുന്നത്‌. പക്ഷേ, അത്‌ വലിയൊരു അബദ്ധമായിരുന്നു. രണ്ട്‌ രീതിയിലാണ്‌ ജിഎസ്‌ടി കേരളത്തിനെ ബാധിച്ചത്‌. അതായത്‌ നികുതി എന്ന്‌ പറയുന്നത്‌ രാഷ്ട്രീയഇടപെടലിനുളള ഒരു ഉപാധി കൂടിയാണ്‌.ഉദാഹരണത്തിന്‌ പ്ലാസ്റ്റിക്‌ നിരോധനം കൊണ്ടുവരണം എന്നിരിക്കട്ടെ, പാസ്റ്റികിന്‌ അധികനികുതി ചുമത്തി അതിന്റെ ഉപയോഗം കുറയ്‌ക്കാം. ജിഎസ്‌ടിയില്‍ സംസ്ഥാനങ്ങള്‍ക്ക്‌ ആ അധികാരം നഷ്ടമായി. രണ്ടാമത്തേത്‌ കേരളം പ്രതീക്ഷിച്ച ജിഎസ്‌ടിവരുമാനം ലഭിച്ചില്ല എന്നതാണ്‌.അതുകൊണ്ടുതന്നെ കേരള മോഡല്‍ പരാജയമായിരുന്നോ എന്ന്‌ ചോദിച്ചാല്‍ അതിനെ നിലനിര്‍ത്താനുളള വരുമാന സ്രോതസ്സുകള്‍ ഒരു കാലത്തും കേരളം ഉണ്ടാക്കിയിട്ടില്ല എന്ന്‌ പറയേണ്ടിവരും.

കേരളം പിടിച്ചുനിന്ന്‌ത്‌ വിദേശത്തുനിന്നുളള (പ്രവാസി മലയാളി) പണം കൊണ്ടും മറ്റൊന്ന്‌ ഐടി പാര്‍ക്കുകള്‍ വഴിയുളള വിദേശനാണ്യംകൊണ്ടുമാണ്‌. അതൊക്കെയായിരുന്നു കേരളത്തിന്റെ ശ്രമങ്ങള്‍. നികുതിവരുമാനം കുറയുകയും സര്‍ക്കാരിന്റെ (സംസ്ഥാനത്തിന്റെ) ചെലവുകള്‍ കുതിക്കുകയും ചെയ്യുന്ന കാലമാണിത്‌. അതുകൊണ്ട്‌ കേരള മോഡലിന്റെ പരാജയമല്ല, മറിച്ച്‌ ശരിയായ രീതിയില്‍ ചെലവഴിക്കാത്തതിന്റെ (ഫിനാന്‍ഷ്യല്‍ മിസ്‌ മാനേജ്‌മെന്റ്‌) പ്രശ്‌നമാണ്‌. ഉദാഹരണത്തിന്‌ കേരളം നല്ലൊരു ശതമാനം ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലാണ്‌ നിക്ഷേപിക്കുന്നത്‌. ജീവനക്കാര്‍ക്കുളള ശമ്പളം ഉള്‍പ്പെടെ ഇതില്‍ വരും. പക്ഷേ, എവിടെയോ ചില പാളിച്ചകളുണ്ട്‌. ഉദാഹരണം, സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപകനിയമനത്തില്‍ സര്‍ക്കാരിന്‌ എന്തു റോളാണുളളത്‌? അതുപോലെ വന്‍കിട്ട തോട്ടങ്ങള്‍ അവിടെ സമരമൊക്കെ നടക്കുന്നു. പക്ഷേ, ഒന്നും എവിടെയും എത്തുന്നില്ല. അപ്പോള്‍ കാര്യങ്ങള്‍ സംസ്ഥാനത്തിന്റെ വഴിക്ക്‌ കൊണ്ടുവരുന്നതില്‍ രാഷ്ട്രീയഇച്ഛാശക്തിയുടെ പ്രശ്‌നവുമുണ്ട്‌.

ഇന്ധനവില വര്‍ദ്ധനവിലും മറ്റും കേരളം കേന്ദ്രത്തെ പഴിചാരുകയാണല്ലോ?

അതെ, കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരി രക്ഷപ്പെടുന്നു. പക്ഷേ, ഇരുകൂട്ടരും നടപ്പിലാക്കുന്നത്‌ ഒരേ സാമ്പത്തികനയങ്ങളാണ്‌. ഉദാഹരണത്തിന്‌ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന തന്നെയെടുക്കാം. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തമ്മിലുളള പെട്രോള്‍ നികുതി വ്യത്യാസം നിലവില്‍ 6.90 പൈസയായി കുറഞ്ഞിട്ടുണ്ട്‌. കേന്ദ്രത്തിന്റേത്‌ 32.90 പൈസ. കേരളത്തിന്റേത്‌ ഏതാണ്ട്‌ 26 രൂപ. എത്രകാലം മോദിയെ പഴിച്ച്‌ മുന്നോട്ടുപോകാനാവും? ഇടതുപക്ഷം എന്നു പറയുന്നത്‌ വാക്കുകളില്‍ മാത്രമാണ്‌. സാമ്പത്തികനയങ്ങളില്‍ അത്‌ ദൃശ്യമല്ല. പങ്കാളിത്ത പെന്‍ഷന്‍ യുഡിഎഫ്‌ സര്‍ക്കാരാണ്‌ കൊണ്ടുവന്നത്‌. അപ്പോള്‍ അതിനെതിരെ ഇടതുമുന്നണി പടനയിച്ചു. അതിനുശേഷം രണ്ട്‌ ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നു. പങ്കാളിത്തപെന്‍ഷനെ പറ്റി മിണ്ടുന്നേയില്ല. എന്തുകൊണ്ടാണത്‌. അതില്‍ തൊടാന്‍പറ്റില്ല. കാരണം കൈയില്‍ കാശില്ല. പെട്രോള്‍ വില വര്‍ദ്ധനവിന്‌ മോദിയെ പഴിചാരുന്നു. പക്ഷേ, കഴിഞ്ഞ ഒരു വര്‍ഷമായി മോദി സര്‍ക്കാരിന്‌ അതുവഴി ഒരു പൈസ പോലും ലാഭമില്ല.കാരണം 2020 മെയ്‌ മാസത്തിലാണ്‌ അവസാനമായി കേന്ദ്രനികുതികള്‍ വര്‍ദ്ധിപ്പിച്ചത്‌. അതിനുശേഷം 30 രൂപയോളം പെട്രോള്‍ വില വര്‍ദ്ധിച്ചു. അതിന്റെ ഗുണം മുഴുവന്‍ കേരള സര്‍ക്കാരിനാണ്‌.

ഇപ്പോള്‍ നടക്കുന്നത്‌ രണ്ടാം ഉദാരവത്‌ക്കരണമാണോ?

ഉദാരവത്‌ക്കരണം പല രീതിയിലാണ്‌. തോമസ്‌ പിക്കറ്റിയുടെ ഒരു പഠനമുണ്ട്‌. ഒരു സമൂഹത്തില്‍ ബിസിനസില്‍ ഒരു രൂപ മുതല്‍ മുടക്കിയാല്‍, അതില്‍ എത്ര രൂപയാണ്‌ മൂലധനത്തിന്‌ മാറ്റിവയ്‌ക്കുക, എത്ര രൂപ ലേബറിന്‌ കൊടുക്കേണ്ടിവരും.ഉദാരവത്‌ക്കരണത്തിന്‌ മുമ്പ്‌ മൂലധനനിക്ഷേപകന്‌ അതായത്‌ കമ്മ്യൂണിസ്റ്റ്‌ഭാഷയില്‍ പറഞ്ഞാല്‍ ബൂര്‍ഷ്വായ്‌ക്ക്‌ 50 ല്‍ താഴെയാണ്‌ വരുമാനം. 60 ശതമാനത്തോളം തൊഴിലാളിക്കാണ്‌. അതായത്‌ തൊഴില്‍ശക്തിക്കായി (ലേബറിനായി) മാറ്റപ്പെടുന്നു. ഉദാരവത്‌ക്കരണത്തിനുശേഷം അത്‌ നേരെ തിരിച്ചായി. അതായത്‌ 60% മുതലാളിക്കും 40 ശതമാനം തൊഴിലാളിക്കും. ഞാനും നിങ്ങളും ഒക്കെ ഉദാരവത്‌ക്കരണത്തിന്റെ ഗുണം അനുഭവിച്ചവരാണ്‌. അതായത്‌ മിഡില്‍ക്ലാസുകാര്‍ക്കാണ്‌ ഇതിന്റെ ഗുണം കിട്ടിയത്‌. താഴെത്തട്ടുകാര്‍ക്ക്‌ ഇത്‌ ഗുണംചെയ്‌തിട്ടില്ല.അത്‌ ഇന്ത്യയില്‍ സാമ്പത്തികഅസമത്വം വല്ലാതെ കൂട്ടിയിട്ടുണ്ട്‌.

മാത്രവുമല്ല, ഉദാരവത്‌ക്കരണം എന്നേ കഴിഞ്ഞുപോയി. ഇപ്പോള്‍ നടക്കുന്നത്‌ രണ്ടാം ഉദാരവത്‌ക്കരണമല്ല, മറിച്ച്‌ വില്‌പനയാണ്‌. കടത്തില്‍ നിന്ന്‌ കരകയറാനാണ്‌ വില്‌പന. 2019ല്‍ നിര്‍മല സീതാരാമന്‍ ആദ്യ ബജറ്റ്‌ അവതരിപ്പിക്കുമ്പോള്‍ ഒരു ലക്ഷത്തി അമ്പത്തിയേഴായിരം കോടിയായിരുന്നു ഡെഫിസിറ്റ്‌(കമ്മി). റിസര്‍വ്വ്‌ ബാങ്കിന്റെ കരുതല്‍ ധനം ആറു ശതമാനത്തില്‍ നിന്ന്‌ അഞ്ചുശതമാനമാക്കി കുറച്ചാണ്‌ ഒരു ലക്ഷം കോടി സ്വരൂപിച്ചത്‌. അപ്പോഴും അമ്പത്തിയേഴായിരം കോടി രൂപയുടെ കമ്മിയുണ്ട്‌. എന്നിട്ടും മോദി ഒരു ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപപദ്ധതികള്‍ പ്രഖ്യാപിച്ചു. പണം എവിടെനിന്നാണ്‌. റിസര്‍വ്വ്‌ ബാങ്കിന്റെ കരുതല്‍ ധനം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ്‌ എടുത്തത്‌. പക്ഷേ ആ പണം എന്തിന്‌ ഉപയോഗിച്ചുഎന്നത്‌ വിഷയമാണ്‌. കടം തീര്‍ക്കാനാണ്‌ ഉപയോഗിച്ചത്‌, മൂലധനനിക്ഷേപപദ്ധതികള്‍ക്കല്ല. അത്‌ പ്രശ്‌നമാണ്‌.

കേരളത്തിന്റെ കിഫ്‌ബി?
കേരളം കിഫ്‌ബി വഴി സ്വരൂപിക്കുന്ന പണം മൂലധനനിക്ഷേപപദ്ധതികളില്‍ മുടക്കും എന്നാണ്‌ പറയുന്നത്‌. അതിനിടെ കൊവിഡ്‌ കൂടിയെത്തിയതോടെ സാഹചര്യം മാറി. ജിഡിപിയുടെ 3.5 ശതമാനത്തിന്‌ മുകളില്‍ കടം ഉയരാന്‍ പാടില്ല. അങ്ങനെ വന്നാല്‍ കടക്കെണിയിലേക്ക്‌ പോകും. അപ്പോഴാണ്‌ പറയുന്നത്‌ ബജറ്റിന്‌ പുറത്തുനിന്ന്‌ പണം കടമെടുക്കാമെന്ന്‌. അതായത്‌ ഷര്‍ട്ടിന്റെ കീശയില്‍ നിന്ന്‌ പണമെടുക്കില്ല എന്ന്‌ പറഞ്ഞിട്ട്‌, അതേ പണം പഴ്‌സിനകത്തേക്ക്‌ മാറ്റിയിട്ട്‌ അവിടെ നിന്ന്‌ എടുക്കുന്നതുപോലത്തെ യുക്തിയാണിത്‌. അതായത്‌ നിയമം മറികടക്കാന്‍ ബജറ്റിന്‌ പുറത്തുനിന്ന്‌ കടമെടുക്കുന്നത്‌ സ്വയം പറ്റിക്കുന്നതിന്‌ തുല്യമാണ്‌.

ജിഎസ്‌ടിയിലെ അവ്യക്തതകള്‍ തുടരുകയാണല്ലോ?

സത്യത്തില്‍ ഇന്ത്യയെ സംബന്ധിച്ച്‌ അത്ഭുതമാണ്‌ സംഭവിച്ചിരിക്കുന്നത്‌. കാരണം ജിഎസ്‌ടി നടപ്പിലാക്കിയ മറ്റൊരു രാജ്യത്തും ആ സര്‍ക്കാര്‍ പിന്നീട്‌ അധികാരത്തില്‍ വന്നിട്ടില്ല. ഇവിടെ മാത്രം മറിച്ചു സംഭവിച്ചു. ജിഎസ്‌ടിയിലൂടെ പ്രതീക്ഷിച്ച നികുതി വരുമാനം കേരളത്തിനുള്‍പ്പെടെ ഒരു സംസ്ഥാനത്തിനും ഉണ്ടായിട്ടില്ല. സമ്പദ്‌ വ്യവസ്ഥയെയും അത്‌ വല്ലാതെ ബാധിക്കുന്നുണ്ട്‌. ജിഎസ്‌ടി നടപ്പിലാക്കുന്ന സമയത്ത്‌ അന്നത്തെ കേന്ദ്രധനകാര്യമന്ത്രി പറഞ്ഞത്‌ ""If Kerala doesn't benefit, who else will'' എന്നാണ്‌. ആ വാചകം ഉയര്‍ത്തിപ്പിടിച്ചാണ്‌ തോമസ്‌ ഐസക്‌ സിപിഎമ്മിനകത്ത്‌ ക്യാമ്പയിന്‍ ചെയ്‌ത്‌ ഇവിടെ ജിഎസ്‌ടിക്ക്‌ അനുകൂലമായ സാഹചര്യം സ്‌ൃഷ്ടിച്ചത്‌. എന്നിട്ടെന്തായി? ജിഎസ്‌ടി ഒരു നല്ല നികുതി സംവിധാനം തന്നെയാണ്‌. കാരണം ഒരേ സാധനത്തിന്‌ ഡബിള്‍ ടാക്‌സ്‌ ഒഴിവാക്കപ്പെടുന്നു. എന്നാല്‍ നടപ്പിലാക്കിയതിലെ ധൃതി കൊണ്ടോ മറ്റെന്തൊക്കെയോ വീഴ്‌ചകള്‍ കൊണ്ടോ അത്‌ പ്രതീക്ഷിച്ച വരുമാനം ഇതുവരെ ഉണ്ടാക്കിയില്ല. വ്യാപാരികളടക്കം ബുദ്ധിമുട്ടിലുമാണ്‌.

വരുന്ന കാലത്ത്‌ മാധ്യമരംഗം?

ഇനി വരും കാലത്ത്‌ രണ്ടുതരം മാധ്യമങ്ങളാണ്‌ ഉണ്ടാവുക. മോദി സര്‍ക്കാരിന്‌ ജയ്‌ വിളിക്കുന്ന മാധ്യമങ്ങളും അതിനോട്‌ യോജിക്കാത്ത മാധ്യമങ്ങളും. തങ്ങള്‍െൈക്കതിരായ ചെറിയ ശബ്ദങ്ങളെ പോലും അടിച്ചമര്‍ത്തുന്ന സ്വേച്ഛാധിപത്യസര്‍ക്കാരിന്‌ കീഴില്‍ മാധ്യമങ്ങളുടെ സ്ഥിതി വളരെ ദയനീയമാകും. മാധ്യമമേഖലയില്‍ മാത്രമല്ല, എല്ലാ മേഖലയിലും എല്ലാ സംവിധാനങ്ങളിലും ഈ അടിച്ചമര്‍ത്തലുണ്ട്‌. ഇന്ത്യ മാത്രമല്ല ബ്രസീല്‍ തുടങ്ങി പല രാജ്യങ്ങളും വീണ്ടും സ്വേച്ഛാധിപത്യത്തിന്റെ പിടിയിലേക്ക്‌ വീണ്ടും അമരുകയാണ്‌. അമേരിക്കയില്‍ ട്രംപിന്‌ കീഴില്‍ അതു കണ്ടു. അമേരിക്ക ഒരു കൊട്ടാരം കലാപത്തിനടുത്തുവരെയെത്തി. ടെക്‌നോളജിയുടെ വളര്‍ച്ചയാണ്‌ ഏകഛത്രാധിപതികളെ അതിന്‌ സഹായിക്കുക. സാങ്കേതികവിദ്യ അതിവേഗം വളരുന്നതോടെ സാധാരണക്കാര്‍ സംവിധാനത്തിന്‌ പുറത്താകുകയാണ്‌. ഉദാഹരണം ബാങ്ക്‌ ഇടപാടുകളുടെ കാര്യമെടുക്കാം. ബാങ്കില്‍ നേരിട്ട്‌ പോയി ചെന്ന്‌ കാര്യങ്ങള്‍ ചെയ്യാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്‌. അവര്‍ എ.ടി.എമ്മിനെയും ഇന്റര്‍നെറ്റ്‌ ബാങ്കിംഗിനെയും മറ്റും ആശ്രയിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ്‌ കണക്ടിവിറ്റി എത്ര ശതമാനമാണ്‌? സ്‌മാര്‍ട്ട്‌ ഫോണ്‍ ഉളളവര്‍ എത്രയാണ്‌? അപ്പോള്‍ ഈ സംവിധാനങ്ങള്‍ പോപ്പുലറാകുമ്പോള്‍ സാധാരണക്കാരില്‍ സാധാരണക്കാരന്‍ അതിന്‌ പുറത്താകുകയാണ്‌. ബാങ്കുകള്‍ പരമാവധി ശാഖകള്‍ കുറയ്‌ക്കണമെന്നും വെര്‍ച്ച്വലിലേക്ക്‌ മാറണമെന്നും റിസര്‍വ്വ്‌ ബാങ്ക്‌ ഒരു നയം കൊണ്ടുവന്നിരുന്നു. കൊവിഡ്‌ സാഹചര്യത്തിലാണ്‌ അത്‌ മുന്നോട്ടുപോകാത്തത്‌. അത്‌ നടപ്പായാല്‍ സര്‍ക്കാരിന്‌ ഒരാളുടെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കാന്‍കഴിയും. അപ്പോള്‍ സാങ്കേതികവിദ്യയുടെ അതിവ്യാപനത്തിലൂടെ ജനങ്ങളെ നിരീക്ഷണത്തില്‍വയ്‌ക്കാനുളള സൗകര്യം ഭരണകൂടങ്ങള്‍ക്ക്‌, അധികാരികള്‍ക്ക്‌ കിട്ടുകയാണ്‌.

ഇത്‌ ഡാറ്റ ചോര്‍ച്ച വിവാദങ്ങളുടെ കാലം കൂടിയാണല്ലോ?
കേരളത്തില്‍ കൊവിഡിന്റെ ആദ്യഘട്ടത്തിലുണ്ടായ വലിയ വിവാദം സ്‌പ്രിംഗ്‌ളര്‍ ഡാറ്റ വിവാദമായിരുന്നു. അങ്ങനെ ഒരാളുടെ വ്യക്തിഗതവിവരം പുറത്തുകൊടുത്താല്‍ എന്താണ്‌ പ്രശ്‌നം എന്നു ചോദിച്ചാല്‍ , ആ വിവരം വച്ച്‌ അതിവേഗം അയാളുടെ വ്യക്തിപരമായ രൂപരേഖ ഉണ്ടാക്കാന്‍ കഴിയും. കൊവിഡ്‌ കാലത്ത്‌ ലോകമെമ്പാടും നിരവധി നിരീക്ഷണ ആപ്പുകള്‍ വന്നു. ജനാവകാശ സംരക്ഷണത്തിന്‌ പ്രാധാന്യം നല്‍കുന്ന രാജ്യങ്ങളില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്‌ ചെയതത്‌. അത്‌ അവര്‍ സര്‍ക്കാരിന്‌ കൈമാറിയില്ല. ഇന്ത്യയിലൊന്നും അങ്ങനെയല്ല സംഭവിച്ചത്‌. അപ്പോള്‍ സര്‍ക്കാരിന്റെ കൈയിലേക്ക്‌ ജനങ്ങളുടെ വ്യക്തിഗതവിവരങ്ങളെത്തുമ്പോള്‍ അത്‌ സര്‍ക്കാരിന്‌ വലിയ അധികാരങ്ങള്‍ നല്‍കും. ജനാധിപത്യസര്‍ക്കാര്‍ എന്നു പറഞ്ഞാല്‍ സര്‍ക്കാരിനും സര്‍ക്കാരിന്റെ വിമര്‍ശകര്‍ക്കും സ്‌പേസ്‌ വേണം. ഭരണകൂടത്തിന്റെ പക്കല്‍ വിവരങ്ങളുടെ അമിതമായ കേന്ദ്രീകരണം ജനാധിപത്യവ്യവസ്ഥയ്‌്‌ക്ക്‌ എതിരാണ്‌. ജനങ്ങളുടെ സ്വകാര്യതയിലേക്ക്‌ ഭരണകൂടം കടന്നുകയറുന്നത്‌ അവകാശലംഘനവുമാണ്‌.

കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയിലാണോ?
നോട്ടുനിരോധനത്തിന്‌ ശേഷം ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ തകര്‍ന്നു. അത്‌ ജനം അറിയാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പല കാര്യങ്ങളും ചെയ്‌തു. ഉദാഹരണമായി ദേശീയ സാംപിള്‍ സര്‍വ്വേ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടില്ല.തൊഴില്ലായ്‌മ കണക്ക്‌ പുറത്തുവിട്ടില്ല. നോട്ടുനിരോധനത്തിലൂടെ 99.3% കളളപ്പണം തിരികെ വന്നു. പക്ഷേ, അതിനുകൊടുത്ത വില എത്രയോ ഇരട്ടിയാണ്‌. നികുതിവരുമാനം മുഴുവന്‍ ഇല്ലാതായി പോകുന്ന അവസ്ഥയില്‍ സര്‍ക്കാര്‍ എങ്ങനെ പ്രശ്‌നം പരിഹരിക്കുമെന്നറിയാതെ നട്ടംതിരിയുകയാണ്‌. നിലവില്‍ കൊവിഡിന്റെ പേരില്‍ കുറച്ചുനാള്‍ കൂടി പോകാം.പക്ഷേ എങ്ങനെയാണ്‌ രാജ്യം സുസ്ഥിരതയിലേക്ക്‌ പോകുക എന്നത്‌ വലിയ പ്രശ്‌നമാണ്‌.
 

Post your comments