Global block

bissplus@gmail.com

Global Menu

കഠിനാധ്വാനത്തിലൂടെ നേടിയ വിജയം

ലക്ഷ്‌മി ഇലക്ട്രിക്കല്‍സ്‌ എന്ന സ്ഥാപനം അതിന്റെ സേവനവും പ്രൗഢിയും കൊണ്ട്‌ യശസ്സുനേടുമ്പോള്‍ അതിനു പിന്നില്‍ തന്റെ പിതാവ്‌ മണിസ്വാമിയുടെ കഠിനാധ്വാനത്തിന്റയും കഷ്ടപ്പാടിന്റെയും ത്യാഗോജ്ജ്വലമായ ജീവിതമുണ്ടെന്ന്‌ മകന്‍ സുരേഷ്‌ നാരായണന്‍ പറയുന്നു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട, പഠനത്തിനായി ഹോട്ടലില്‍ പണിയെടുത്ത, പതിനാലാം വയസ്സില്‍ മുംബൈയിലേക്ക്‌ ജീവിതം തേടിപ്പോയ പിതാവിന്റെ കഷ്ടപ്പാടുകളെ കുറിച്ചുപറയുമ്പോള്‍ അദ്ദേഹത്തിന്‌ വാക്കുകള്‍ മുറിയുന്നു. ലക്ഷ്‌മി ഇലക്ട്രിക്കല്‍സിന്റെ തുടക്കത്തെയും വളര്‍ച്ചയെയും കുറിച്ച്‌ ബിസിനസ്‌ പ്ലസിനോട്‌ സുരേഷ്‌ നാരായണന്‍ മനസ്സുതുറന്നപ്പോള്‍.....

ലക്ഷ്‌മി ഇലക്ട്രിക്കല്‍സ്‌ എന്ന പേര്‌?

എന്റെ അച്ഛന്റെ അമ്മയുടെ പേരാണ്‌ ലക്ഷ്‌മി. അമ്മൂമ്മ മാവേലിക്കരക്കാരിയാണ്‌. അച്ഛന്റെ അച്ഛനും(അപ്പൂപ്പന്‍) അമ്മയും (അമ്മൂമ്മ)കൂടി തിരുവനന്തപുരത്തേക്ക്‌ വരുമ്പോള്‍ അവരുടെ കൈയില്‍ ഒന്നുമില്ല. എന്റെ അച്ഛന്‍ തിരുവനന്തപുരത്താണ്‌ ജനിച്ചത്‌. അദ്ദേഹത്തിന്‌ രണ്ട്‌ സഹോദരിമാരും ഒരു സഹോദരനുമുണ്ട്‌. വളരെ കഷ്ടപ്പെട്ടാണ്‌ ഇന്ന്‌ കാണുന്ന നിലയിലെത്തിയത്‌. അപ്പൂപ്പന്‍ നാരായണസ്വാമി അശ്വതി തിരുനാള്‍ മഹാരാജാവിന്റെ സഭയില്‍ പാട്ടുകാരനായിരുന്നു. അദ്ദേഹത്തിന്റെ പേരാണ്‌ അച്ഛന്‍ എനിക്ക്‌ നല്‍കിയത്‌. അപ്പൂപ്പന്‌ മാവേലിക്കരയില്‍ ചെറിയൊരു തുണിക്കടയുണ്ടായിരുന്നു. കലാകാരനായ അപ്പൂപ്പന്‍ ബിസിനസിലൊന്നും വലിയ ശ്രദ്ധ കാട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ കടയൊക്കെ പൂട്ടിപ്പോയി. അച്ഛന്റെ ഏഴാം വയസ്സില്‍ അപ്പൂപ്പന്‍ മരിച്ചു. ഒന്‍പതാം വയസ്സില്‍ അമ്മൂമ്മയും മരിച്ചു. പിന്നീട്‌ അച്ഛന്‍ വളരെ കഷ്ടപ്പെട്ടാണ്‌ പഠിച്ചത്‌. എസ്‌.എസ്‌.എല്‍.സി അന്നത്തെ ഇ.എസ്‌.എസ്‌.സി വരെ പഠിക്കുന്നതിനായി ഹോട്ടലില്‍ പണിയെടുത്തു. പുസ്‌തകം വാങ്ങാനും ഭക്ഷണത്തിനുമുളള പണത്തിനുവേണ്ടി കടയുടമയുടെ പീഡനം സഹിച്ചു. പത്താംതരം കഴിഞ്ഞ്‌ 14-ാമത്തെ വയസ്സില്‍ അദ്ദേഹം ബോംബെയ്‌ക്ക്‌ പോയി. മഹാദേവന്‍ എന്ന ഒരു സാറാണ്‌ അദ്ദേഹത്തെ കൊണ്ടുപോയത്‌. ആ യാത്രയാണ്‌ വഴിത്തിരിവായത്‌. അന്ന്‌ ഇന്നത്തെ പോലെ ഗതാഗതസൗകര്യങ്ങളൊന്നുമില്ല. ഒരു നല്ല വസ്‌ത്രം വാങ്ങാന്‍ പോലും കാശുണ്ടായിരുന്നില്ല. പരിമള്‍ ഇലക്ട്രിക്‌ കോര്‍പറേഷന്‍ എന്ന കമ്പനിയുടെ സെയില്‍സ്‌റെപ്രസെന്റേറ്റീവ്‌ ആയിട്ടാണ്‌ അച്ഛന്‍ മുംബയിലെത്തിയത്‌. ഇന്ന്‌ അവര്‍ വലിയ റിയല്‍ എസ്റ്റേറ്റ്‌ ഉടമകളാണ്‌ അവര്‍. ഷാ ബ്രദേഴ്‌സ്‌ -അവരാണ്‌ നവിമുംബയിലെ ഏറ്റവും വലിയ റിയല്‍ട്ടേഴ്‌സ്‌. അച്ഛന്റെ അത്യധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും നല്ല ഫലമാണ്‌ ഇന്ന്‌ കാണുന്ന ലക്ഷ്‌മി ഇലക്ട്രിക്കല്‍സ്‌. 1963ലാണ്‌ തിരുവനന്തപുരത്ത്‌ കോര്‍പറേഷന്‍ കെട്ടിടത്തിനു സമീപം ചെറിയ രീതിയില്‍ കട തുടങ്ങുന്നത്‌. ആദ്യകാലത്ത്‌ അച്ഛന്റെ അനുജനെയാണ്‌ കട നോക്കിനടത്താന്‍ ഏല്‌പിച്ചത്‌. 1966ല്‍ അച്ഛന്‍ മുംബയില്‍ നിന്നു മടങ്ങിയെത്തി. അച്ഛന്‍ സെയില്‍സ്‌ റെപ്രസെന്റ്‌റേറ്റീവ്‌ ആയിരുന്നല്ലോ. കശ്‌മീര്‍ മുതല്‍ തിരുവനന്തപുരം വരെ ജോലിയുടെ ഭാഗമായി യാത്ര ചെയ്യും. ഓര്‍ഡറെടുത്ത്‌ സാധനങ്ങള്‍ കൊടുത്ത്‌ കാശ്‌ കിട്ടുമ്പോഴേക്കും അടുത്ത ഓര്‍ഡര്‍ റെഡിയായി കഴിഞ്ഞിരിക്കും. അന്നൊക്കെ ഇന്നത്തെ പോലെ തങ്ങാന്‍ ഹോട്ടലുകളൊന്നുമില്ല. എവിടെയെങ്കിലും കിടന്നുറങ്ങി, പൊതുസ്ഥലത്തു കുളിച്ച്‌ റെഡിയായി കടകളില്‍ ചെല്ലണം. അന്നും സെയില്‍സ്‌ റെപ്രസന്റേറ്റീവുമാര്‍ വെല്‍ഡ്രസ്‌ഡ്‌ ആയിരി്‌ക്കണം.തുടര്‍ച്ചയായി ഏഴുമാസം വരെ യാത്ര ചെയ്യേണ്ടി വരുമായിരുന്നു. അങ്ങനെയുളള യാത്രകള്‍ക്കിടയില്‍ എത്രയോ സ്ഥലങ്ങളും ആളുകളെയും കാണുന്നു. ആ അനുഭവസമ്പത്തൊക്കെ ലക്ഷ്‌മി ഇലക്ട്രിക്കല്‍സിന്റെ വളര്‍ച്ചയ്‌ക്ക്‌ സഹായകമായി.

താങ്കള്‍ ലക്ഷ്‌മി ഇലക്ട്രിക്കല്‍സിലേക്കെത്തുന്നത്‌?
ഞാന്‍ ജനിച്ച്‌ ആറുമാസം കഴിഞ്ഞാണ്‌ ലക്ഷ്‌മി ഇലക്ട്രിക്കല്‍സ്‌ തുടങ്ങുന്നത്‌. എസ്‌എസ്‌എല്‍സിക്ക്‌ പഠിക്കുന്ന സമയം മുതല്‍ ഞാനും ചേട്ടനും എന്നും ഉച്ചയ്‌ക്ക്‌ കടയില്‍ വരും. കോര്‍പറേഷന്‍ കെട്ടിടത്തിന്‌ സമീപമായിരുന്നു ഞങ്ങളുടെ കട.ഞങ്ങള്‍ എസ്‌എംവി സ്‌കൂളിലാണ്‌ പഠിച്ചത്‌. പ്രീഡിഗ്രിക്ക്‌ ഞാന്‍ എംജി കോളജിലായിരുന്നു. ഡിഗ്രി പ്രൈവറ്റായാണ്‌ ചെയ്‌തത്‌. കാരണം അപ്പോഴേക്കും മുഴുവന്‍ സമയവും കടയില്‍ എന്റെ സേവനം ആവശ്യമായി വന്നു. ഖെയ്‌ത്താന്‍ ഫാന്‍, ഉഷ ഫാന്‍ എന്നിവയുടെ വരവ്‌ ഞങ്ങളുടെ കടയുടെ ഒരു ടേണിംഗ്‌ പോയിന്റായിരുന്നു.1974-75ലാണ്‌ അത്‌. നന്നായി വിറ്റുപോയി. അന്ന്‌ ഒരു ഫാന്‍ 300 രൂപയാണ്‌. ഫാനൊന്നിന്‌ 5 രൂപയാണ്‌ ലാഭം. എന്നിട്ടും ഫാന്‍ വിറ്റ്‌ ഞങ്ങളുടെ സ്ഥാപനം നേട്ടം കൊയ്‌തു. ദിവസം 25,000 രൂപയുടെ ബിസിനസ്‌ വരെ നടന്നു. പളളികള്‍, സ്‌കൂളുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ ഞങ്ങളാണ്‌ ഫാനുകള്‍ സപ്ലൈ ചെയ്‌തത്‌.

പിതാവിനൊപ്പം ജോലിചെയ്‌തപ്പോഴുളള അനുഭവം?

36 വര്‍ഷം അച്ഛനോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. ഇലക്ട്രിക്കല്‍ രംഗം ഒരു കടലാണെന്ന്‌ അച്ഛന്‍ എപ്പോഴും പറയും. അത്രയ്‌ക്ക്‌ വൈവിധ്യമാര്‍ന്ന ഉത്‌പന്നങ്ങളുണ്ട്‌. പുതുതായി ഏത്‌ സാധനം മാര്‍ക്കറ്റില്‍ വന്നാലും അവഗണിക്കരുതെന്നതാണ്‌ അച്ഛന്‍ പകര്‍ന്നു തന്ന പ്രധാന പാഠങ്ങളിലൊന്ന്‌. പുതിയ ഏത്‌ ടെക്‌നോളജി വന്നാലും അപ്പോള്‍ തന്നെ അത്‌ സ്വായത്തമാക്കുക. ഉദാഹരണമായി പുതിയൊരു കേബിള്‍ മാര്‍ക്കറ്റില്‍ വന്നാല്‍ അതിനെക്കുറിച്ച്‌ എല്ലാം അറിയണം. അതിനെക്കുറിച്ച്‌ പഠിക്കണം. അതിന്‌ ഡിമാന്‍ഡിനെ കുറിച്ച്‌ അറിയണം. അല്ലാതെ അത്‌ നമുക്ക്‌ വേണ്ട എന്നു പറയരുത്‌. അങ്ങനെ പറഞ്ഞ്‌ അവഗണിച്ചാല്‍ പിന്നെ നിലനില്‌പില്ല.

ആദ്യകാലത്ത്‌ ഇലക്ട്രിക്കല്‍ വര്‍ക്കുകളും ചെയ്‌തിരുന്നല്ലോ?

അതെ, ആദ്യകാലത്ത്‌ അച്ഛന്‍ നേരിട്ടിറങ്ങി ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ പിടിക്കുകയായിരുന്നു. അന്ന്‌ മത്സരരംഗത്ത്‌ അധികംപേരില്ല. വെളളായണി കാര്‍ഷിക കോളജിന്റെ വര്‍ക്കൊക്കെ ചെയ്‌തു. 65 കൊല്ലം മുമ്പുളള ഇരുപതോളം സ്ഥാപനങ്ങളുടെ ഇലക്ട്രിക്കല്‍ വര്‍ക്ക്‌ ഞങ്ങളാണ്‌ ചെയ്‌തത്‌. ഇന്നിപ്പോള്‍ വീണ്ടും അതേക്കുറിച്ച്‌ ആലോചിക്കുന്നുണ്ട്‌. പക്ഷേ നിലവില്‍ അതിന്‌ ചെലവ്‌ കൂടുതലാണ്‌. അന്നൊക്കെ പുറത്തുനിന്നാണ്‌ ഇലക്ട്രിക്ക്‌ സാധനങ്ങള്‍ ഇറക്കുമതി ചെയ്‌തിരുന്നത്‌. ഇന്ത്യയില്‍ ഇലക്ട്രിക്കല്‍ സാമഗ്രികള്‍ നിര്‍മിച്ചു തുടങ്ങുന്നത്‌ 1968 മുതലാണ്‌. ഇംഗ്ലണ്ടില്‍ നിന്നും മറ്റുമാണ്‌ ആദ്യകാലത്ത്‌ വന്നിരുന്നത്‌. അന്നൊക്കെ ഞങ്ങള്‍ക്ക്‌ മെറ്റീരിയല്‍ വരാന്‍ തന്നെ 25 ദിവസമെടുക്കും. ഇന്നാണെങ്കില്‍ മൂന്ന്‌ ദിവസത്തിനുളളില്‍ കിട്ടും.

പ്രമുഖ ബ്രാന്‍ഡുകളുടെ ആദ്യകാല നമ്പര്‍ വണ്‍ ഡീലര്‍ ആണല്ലോ?
ഏത്‌ ബ്രാന്‍ഡ്‌ ആണ്‌ നല്ലത്‌ എന്നൊക്കെ അച്ഛന്‌ നന്നായി അറിയാമായിരുന്നു. ഗുണമേന്മ കുറഞ്ഞ ഒരു ഉത്‌പന്നവും അദ്ദേഹം വില്‍ക്കില്ല. അക്കാര്യം എപ്പോഴും മനസ്സില്‍ വേണമെന്ന്‌ എന്നോടും പറഞ്ഞു. പഴയ മികച്ച ബ്രാന്‍ഡുകളില്‍ ഇപ്പോഴുമുളളത്‌ ആങ്കറും, ഫിനോലെക്‌സുമാണ്‌. ഇപ്പോഴുളള വന്‍ ബ്രാന്‍ഡുകളൊക്കെ വന്നിട്ട്‌ 45 വര്‍ഷത്തോളമേ ആയിട്ടുളളു. ഹണിവെബ്‌, ഫിലിപ്‌സ്‌, സ്‌നൈഡര്‍ തുടങ്ങി നാല്‌പത്‌ വന്‍കമ്പനികള്‍ ഉള്‍പ്പെടെ 65-ഓളം ബ്രാന്‍ഡുകളുടെ സാധനങ്ങള്‍ ലക്ഷ്‌മി ഇലക്ട്രിക്കല്‍സ്‌ ഡീല്‍ ചെയ്യുന്നുണ്ട്‌. ഖെയ്‌ത്താന്‍, ഉഷ ഫാനുകളുടെ ഡിസ്‌ട്രിബ്യൂഷന്‍ ദക്ഷിണകേരളത്തില്‍ തുടങ്ങിയത്‌ ഞങ്ങളാണ്‌. പോളാറുമതേ. ജനസംഖ്യാനുപാതികമായി ഇന്ത്യയില്‍ ഉഷ ഫാനിന്റെയും മറ്റും വില്‌പനയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. കെയ്‌ത്താന്റെ വില്‌പനയിലും 1985ല്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.പോളാറിന്റെ വില്‌പനയിലും ഒന്നാം സ്ഥാനത്തായിരുന്നു. ആ ബ്രാന്‍ഡ്‌ ഇപ്പോഴില്ല.അതുപോലെ ആങ്കറിന്റെ സ്വിച്ചുകളും ലക്ഷ്‌മി ഇലക്ട്രിക്കല്‍സ്‌ വഴിയാണ്‌ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പോയിരുന്നത്‌. അന്ന്‌ സ്വിച്ചൊന്നും അധികം ബ്രാന്‍ഡുകളില്ല. ഇന്ന്‌ നിരവധി ബ്രാന്‍ഡുകളുണ്ട്‌.
മള്‍ട്ടിനാഷണല്‍ ബ്രാന്‍ഡുകള്‍ക്ക്‌ വലിയ ഡിമാന്‍ഡാണ്‌.

വില്‌പനയില്‍ ശ്രദ്ധിക്കേണ്ടത്‌?
ഡെഡ സ്‌റ്റോക്ക്‌ വരരുത്‌ എന്നുളളതാണ്‌ പ്രധാനകാര്യം. പക്ഷേ, ഇപ്പോള്‍ കുറച്ചുനാളായി എല്ലാവര്‍ക്കും ഡെഡ്‌ സ്‌റ്റോക്ക്‌ വരുന്നുണ്ട്‌. പ്രളയം, ഓഖി, ഇടമുറിയാത്ത മഴ, കൊവിഡ്‌ തുടങ്ങിയവയാണ്‌ കാരണം. കൊവിഡ്‌ അനന്തരം കാര്യങ്ങള്‍ ഭേദപ്പെടുന്നുണ്ട്‌.

താങ്കള്‍ ചുമതലയേറ്റ ശേഷമുളള മാറ്റങ്ങള്‍?

അച്ഛന്‍ പുറത്തിറങ്ങി ബിസിനസ്‌ ചെയ്യുന്നില്ലായിരുന്നു. ഓര്‍ഡര്‍ സ്ഥാപനത്തെ തേടിയെത്തുകയായിരുന്നു. ഞാന്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പല ഭാഗങ്ങളിലേക്ക്‌ യാത്ര ചെയ്‌ത്‌ ബിസിനസ്‌ പിടിച്ചു. അന്നൊക്കെ കാശായിട്ടാണ്‌ പേമെന്റ്‌. പഴയ മെറ്റഡോര്‍ വാനിലായിരുന്നു യാത്ര. ആദ്യം ഒരു വാനില്‍ തുടങ്ങി പിന്നീട്‌ മൂന്ന്‌ വാന്‍ വരെയായി. മുന്നിലെ വാനില്‍ ഞാനുണ്ടാവും. ഡ്രൈവര്‍മാരെ കൂടാതെ രണ്ട്‌ സെയില്‍സ്‌മാന്മാരും യാത്രയില്‍ ഒപ്പമുണ്ടാകും. നിലവിലെ ഷോപ്പിലേക്ക്‌ മാറുന്നത്‌ 1992ലാണ്‌. 13,500 ച.അടി ബില്‍ഡിംഗിലാണ്‌ ഷോറൂം.
ഇപ്പോള്‍ ഡിസ്‌പ്ലേ കൂട്ടിയിട്ടുണ്ട്‌. വൈവിധ്യവത്‌ക്കരണവും നടത്തിയിട്ടുണ്ട്‌. വിവിധ കമ്പനികളുടെ വിവിധങ്ങളായ ഇനങ്ങള്‍ ലഭ്യമാക്കുക വഴി വില്‌പന വര്‍ദ്ധിച്ചിട്ടുണ്ട്‌. ഇന്‍ഡസ്‌ട്രിയല്‍ പ്രെഡക്ടുകള്‍ക്കായി ഒരു വിംഗ്‌ തുടങ്ങാനും പദ്ധതിയിടുന്നുണ്ട്‌.

ആറ്‌ പതിറ്റാണ്ടിനിടയില്‍ ഇലക്ട്രിക്കല്‍ ഉത്‌പന്നങ്ങളില്‍ വന്ന മാറ്റം?
സാധാരണ ബള്‍ബ്‌ വന്ന കാലത്ത്‌ അത്‌ ധാരാളമായി വിറ്റുപോകുമായിരുന്നു. പിന്നെ അതുമാറി ചെറിയ കാന്‍ഡി ബള്‍ബ്‌ വന്നു. അതുംമാറി സിഎഫ്‌എല്‍ വന്നു.ഒരു കാലത്ത്‌ ഫ്‌ളൂറസെന്റ്‌ ലാംപിന്‌ (ട്യൂബ്‌) വളരെ ഡിമാന്‍ഡായിരുന്നു. ഇപ്പോള്‍ ട്യൂബൊക്കെ മുഖംമിനുക്കി എല്‍ഇഡിയായി. അതിന്റെ രീതിയേ മാറി. വിലയും കുറഞ്ഞു. ഓണ്‍ലൈന്‍ ബള്‍ബുകളും ട്യൂബുകളുമാണ്‌ പുതിയ ടെക്‌നോളജി. അതായത്‌ കമാന്‍ഡിനനുസരിച്ച്‌ തെളിയുകയും ഓഫാവുകയും ഡിം ആകുകയും ഒക്കെ ചെയ്യുന്ന ബള്‍ബുകള്‍. പുതുതലമുറ വീടുകള്‍ അത്തരം വൈദ്യുതവിളക്കുകളാല്‍ അലംകൃതമാകും. അതുപോലെ ഓട്ടോമേഷന്‍ സ്വിച്ചുകളാണ്‌ ഭാവിയിലെ മറ്റൊരു സങ്കേതം.ബിഎല്‍ഡിസി ഫാന്‍ വന്നില്ലേ അതുപോലെ മറ്റുളള ഉത്‌പന്നങ്ങളും പുതുപുത്തന്‍ സങ്കേതങ്ങളുമായെത്തും. ഊര്‍ജ്ജക്ഷമതയുളള, സ്റ്റാര്‍ റേറ്റഡ്‌ ആയ, അതില്‍ തന്നെ ബ്രഷ്‌ലെസ്‌ ആയ പ്രൊഡക്ടുകള്‍ വരും. കേബിളിലും അതുപോലെ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. എഫ്‌ആര്‍എല്‍, എഫ്‌ആര്‍എല്‍എസ്‌, എഫ്‌ആര്‍എല്‍എസ്‌ എച്ച്‌ അങ്ങനെയങ്ങനെ. ഹാലൊജന്‍രഹിത, തീപിടിക്കാത്ത കേബിളുകളാണ്‌ നിലവിലെ താരം.

പത്തുവര്‍ഷത്തിനിടയില്‍ ഇലക്ട്രിക്കല്‍ റീറ്റെയില്‍ ബിസിനസില്‍ വന്ന മാറ്റം?
ഇലക്ട്രിക്കല്‍ റീറ്റെയില്‍ ബിസിനസില്‍ കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടയില്‍ വന്‍ വളര്‍ച്ചയാണുണ്ടായത്‌. എറണാകുളം പോലുളള മെട്രോനഗരമൊക്കെ വികസനത്തിന്റെ ഉച്ചകോടിയിലെത്തിക്കഴിഞ്ഞു. അവിടെ ഇനി വികസിക്കാനൊന്നുമില്ലെന്നു തന്നെ പറയാം. തിരുവനന്തപുരത്ത്‌ അതല്ല സ്ഥിതി. ഇനിയും വികസനത്തിന്‌ വലിയ സാധ്യതയുണ്ട്‌, അതിനുളള സ്ഥലവുമുണ്ട്‌. അതുപോലെ തന്നെ ഇലക്ട്രിക്കല്‍ ഉത്‌പന്നങ്ങളിലും വലിയ തോതില്‍ വൈവിധ്യവത്‌ക്കരണം നടക്കുന്നു. പണ്ട്‌ ഫാന്‍ രണ്ടേ രണ്ടു നിറത്തിലുളളതേ ലഭിക്കുമായിരുന്നുളളു. ബ്രൗണും വെളളയും. ഇപ്പോള്‍ വിവിധ നിറങ്ങളില്‍, ഡിസൈനുകളില്‍, വ്യത്യസ്‌തങ്ങളായ സങ്കേതങ്ങളുളള ഫാനുകള്‍ ലഭ്യമാണ്‌. എല്ലാ ഉത്‌പന്നങ്ങളും അങ്ങനെയാണ്‌. പുതുസങ്കേതങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു.

ബിസിനസിലേക്കിറങ്ങുന്നവരോട്‌ പറയാനുളളത്‌?
ആസ്വദിച്ച്‌ ബിസിനസ്‌ ചെയ്യുക. ബിസിനസില്‍ ഫണ്ട്‌ ഒരു വലിയ ഘടകമാണ്‌.അതില്ലാതെ പറ്റില്ല. പിന്നെ വളര്‍ച്ച അത്‌ ക്രമേണയാണ്‌ ഉണ്ടാകുന്നത്‌. ഒറ്റയടിക്ക്‌ ഇത്ര വളരണം ഇയാളെ പോലെയാകണം എന്നു വിചാരിച്ചാലൊന്നും നടക്കില്ല. കേരളത്തില്‍ ലക്ഷ്‌മി ഇലക്ട്രിക്കല്‍സിനും മുകളില്‍ 19 ഷോപ്പുകളുണ്ട്‌. അവരെയൊക്കെ പോയി കാണുമ്പോഴാണ്‌ കാര്യം മനസ്സിലാകുക. കടല്‍ പുറമെ നിന്ന്‌ കാണാന്‍ നല്ല രസമാണ്‌. അടിയിലാണ്‌ തിമിംഗലവും മറ്റുമുളളത്‌. എല്ലാവരും വിചാരിക്കുന്നത്‌. ബിസിനസുകാര്‍ പെട്ടെന്ന്‌ വളരുന്നുവെന്ന്‌. വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ്‌ ഒരു ബിസിനസ്‌ വളര്‍ത്തിയെടുക്കുന്നത്‌.

ലക്ഷ്‌മി ഇലക്ട്രിക്കല്‍സിന്റെ ഹൈലൈറ്റ്‌?
ഗുണമേന്മയുളള ബ്രാന്‍ഡുകള്‍ മാത്രമാണ്‌ ലക്ഷ്‌മി ഇലക്ട്രിക്കല്‍സ്‌ വില്‍ക്കുന്നത്‌. അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി ഉപഭോക്താക്കളില്‍ നിന്ന്‌ ഒരു പരാതിയുമുണ്ടായിട്ടില്ല. ഒരൊറ്റ കേസുപോലും റിപ്പോര്‍ട്ടുചെയ്‌തിട്ടില്ല. അത്രയ്‌ക്ക്‌ മികച്ച സര്‍വ്വീസാണ്‌. ഒരേ കുടുംബത്തില്‍ നാലാമത്തെ തലമുറയ്‌ക്ക്‌ വരെ ഞങ്ങള്‍ മെറ്റീരിയല്‍ സപ്ലൈ ചെയ്‌തു. നാലാം തലമുറയില്‍പെട്ട കസ്റ്റമര്‍ പറഞ്ഞത്‌ തന്റെ അപ്പൂപ്പന്‍ ഇവിടെ നിന്നാണ്‌ ഉപകരണം വാങ്ങിയത്‌. ഇവിടെ നിന്ന്‌ മാത്രമേ വാങ്ങാവൂ എന്ന്‌ അപ്പൂപ്പന്‍ പറഞ്ഞു എന്നാണ്‌. അത്രമാത്രം കസ്റ്റമേഴ്‌സിന്റെ വിശ്വാസ്യത നേടിയെടുക്കാന്‍ കഴിഞ്ഞു. അതുതന്നെയാണ്‌ നിലനില്‌പിന്റെ രഹസ്യവും.

വി-ഗാര്‍ഡിന്റെ തുടക്കകാലം മുതലുളള ഡീലറാണല്ലോ?
അതെ, 43 വര്‍ഷമായി വി-ഗാര്‍ഡ്‌ സ്‌റ്റെബിലൈസറിന്റെ ഡീലറാണ്‌. ടിവി,ഫ്രിഡ്‌ജ്‌, വാഷിംഗ്‌ മെഷീന്‍ എന്നിവ വില്‍ക്കാത്ത ഒരു കടയ്‌ക്ക്‌ കേരളത്തിലാകെ സ്‌റ്റെബിലൈസറിന്റെ ഡീലര്‍ഷിപ്പ്‌ വി-ഗാര്‍ഡ്‌ നല്‍കിയത്‌ ലക്ഷ്‌മി ഇലക്ട്രിക്കല്‍സിനാണ്‌. വി-ഗാര്‍ഡിന്റെ വാന്‍ പണ്ട്‌ ഞങ്ങളുടെ കടയുടെ മുന്നിലാണ്‌ പാര്‍ക്കുചെയ്‌തിരുന്നത്‌. അപ്പോള്‍ അവര്‍ ഞങ്ങളുടെ കടയൊക്കെ ശ്രദ്ധിക്കുമായിരുന്നു. ഞങ്ങള്‍ക്കും വി-ഗാര്‍ഡ്‌ സ്‌റ്റെബിലൈസര്‍ വേണമായിരുന്നു. ധാരാളം എന്‍ക്വയറി വന്നു. അങ്ങനെയാണ്‌ ഡീലര്‍ഷിപ്പ്‌ എടുക്കുന്നത്‌.

യാത്രകള്‍ ഇഷ്ടമാണോ?
ബിസിനസിനായി യാത്രകള്‍ അനിവാര്യമാണല്ലോ. അല്ലാതെയും ധാരാളം യാത്ര ചെയ്‌തു. 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. ആസ്‌ട്രേലിയയാണ്‌ ഏറ്റവും ഇഷ്ടപ്പെട്ട നാട്‌. അതു കഴിഞ്ഞാല്‍ സ്വിറ്റ്‌സര്‍ലന്റ്‌, ജര്‍മനി. ഏറ്റവും ഒടുവില്‍ സന്ദര്‍ശിച്ചത്‌ ജപ്പാനാണ്‌. വളരെ നല്ല രാജ്യം.

ബ്രാന്‍ഡുകളുടെ ഫാക്ടറികള്‍ സന്ദര്‍ശിക്കാറുണ്ടോ?
ഉണ്ട്‌. എന്നാല്‍ മാത്രമേ ഉത്‌പന്നങ്ങളെ കുറിച്ച്‌ വിശദമായി അറിയാന്‍ സാധിക്കൂ. കമ്പനികളുടെ പരിശീലനപരിപാടികളിലും പങ്കെടുക്കാറുണ്ട്‌്‌.
പോളിക്യാബ്‌, ആങ്കര്‍,ആദര്‍ശ്‌, ലൂക്കര്‍, ബജാജ്‌,ഓറിയന്റ്‌ തുടങ്ങി നിരവധി കമ്പനികളുടെ ഫാക്ടറികള്‍ സന്ദര്‍ശിച്ചു.

സ്വന്തം ബ്രാന്‍ഡിനെ കുറിച്ച്‌ ചിന്തിച്ചില്ലേ?
സ്വന്തമായൊരു ബ്രാന്‍ഡിനെ കുറിച്ചൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ല. നമ്മുടെ ആളുകള്‍ മനസ്സിലൊരു ബ്രാന്‍ഡ്‌ ഉറപ്പിച്ചാണ്‌ വരുന്നത്‌. അവരെ ക്യാന്‍വാസ്‌ ചെയ്യലൊന്നും ഇന്ന്‌ എളുപ്പമല്ല.ഒരു 35 വര്‍ഷം മുമ്പ്‌ പറ്റുമായിരുന്നു. പക്ഷേ താല്‌പര്യമുണ്ടായിരുന്നില്ല.

കസ്റ്റമേഴ്‌സിനോട്‌ പറയാനുളളത്‌?
സുരക്ഷ വളരെ പ്രധാനമാണ്‌. 35-50 വര്‍ഷം പഴക്കമുളള വീടുകളുടെ വയറിംഗ്‌ പുതുക്കി ചെയ്യണമെന്നാണ്‌ എനിക്ക്‌ പറയാനുളളത്‌. അതല്ലെങ്കില്‍ വൈദ്യുതി പാഴാകും. ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ പോലുളള അപകടങ്ങളുമുണ്ടാകാം. മറ്റൊരു കാര്യം ഒരു വീടു വയ്‌ക്കുമ്പോള്‍ തന്നെ എന്തെല്ലാം ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ വേണമെന്ന്‌ ആദ്യമേ തീരുമാനിക്കണം. അതുപോലെ ഓരോന്നും എത്ര വാട്ട്‌ വൈദ്യുതി ഉപയോഗിക്കുന്നുവെന്നും അറിയണം. എന്നാല്‍ മാത്രമേ അതിനനുസരിച്ചുളള എല്‍സിവികളും എംസിവികളും തിരഞ്ഞെടുക്കാനാവൂ. ചില വീടുകളിലൊക്കെ ചില ഉപകരണങ്ങള്‍ പ്ലഗ്‌ ചെയ്യുമ്പോള്‍ ട്രിപ്പായി പോകുന്നതിനുളള കാരണം വയറിംഗ്‌ സമയത്തെ ഈ അറിവില്ലായ്‌മയാണ്‌. വയറിംഗിന്‌ മിനിമം ഫോര്‍ സ്‌റ്റാര്‍ വയര്‍ തന്നെ ഉപയോഗിക്കണം. സാധാരണ ഇലക്ട്രീഷ്യന്മാര്‍ 2.5 സ്‌റ്റാര്‍ വയറാണ്‌ നിര്‍ദ്ദേശിക്കുക. എസിയും മറ്റുമൊക്കെയുണ്ടെങ്കില്‍ അത്‌ അപകടകരമാണ്‌. വില കുറച്ചു കൂടിയാലും കുഴപ്പമില്ല ഗുണമേന്മയുളള വയറുകളേ വാങ്ങാവൂ. അത്‌ വര്‍ഷങ്ങളോളം അപകടമില്ലാതെ നില്‍ക്കും. രണ്ടില്‍ കൂടുതല്‍ എസിയൊക്കെ ഉണ്ടെങ്കില്‍ 6 സ്റ്റാര്‍ വയര്‍ തന്നെ വേണം. വയറിംഗില പ്രശ്‌നം കൊണ്ടാണ്‌ കറന്റ്‌ ലീക്കേജ്‌ ഉണ്ടാകുനന്ത്‌. അതുപോലെ ഡിബി എളുപ്പം കൈകാര്യം ചെയ്യാന്‍ പറ്റിയ സ്ഥലത്തുവേണം വയ്‌ക്കാന്‍. പെട്ടെന്ന്‌ ഓഫ്‌ ചെയ്യാനും മറ്റും സൗകര്യമുളള സ്ഥലത്താകുന്നതാണ്‌ നന്ന്‌.

മറ്റ്‌ മേഖലകളിലേക്ക്‌ ബിസിനസ്‌ വ്യാപിപ്പിക്കുന്നതിന്‌ പദ്ധതിയുണ്ടോ?

ഇലക്ട്രിക്കല്‍ മേഖലയല്ലാതെ മറ്റൊരു ബിസിനസിനെ കുറിച്ചും ചിന്തിച്ചിട്ടില്ല. പ്ലംബിംഗ്‌ സാമഗ്രികളൊക്കെ തുടങ്ങിക്കൂടേയെന്ന്‌ പലരും ചോദിച്ചിട്ടുണ്ട്‌. പക്ഷേ, ഇലക്ട്രിക്കലില്‍ തന്നെ ധാരാളം ഐറ്റംസ്‌ ഉണ്ട്‌. അതില്‍ തന്നെ കേന്ദ്രീകരിക്കാനാണ്‌ തീരുമാനിച്ചത്‌.

എന്തുകൊണ്ടാണ്‌ തിരുവനന്തപുരത്തേക്ക്‌ മാത്രം പ്രവര്‍ത്തനം ചുരുക്കിയത്‌?
തിരുവനന്തപുരംവിട്ട്‌ മറ്റൊരിടത്തേക്കും ബിസിനസ്‌ വ്യാപിപ്പിക്കാത്തതിന്‌ രണ്ടു കാരണങ്ങളാണ്‌. ഒന്ന്‌ തൊഴിലാളികളുമായി ബന്ധപ്പെട്ടതാണ്‌. നമുക്ക്‌ മാനേജ്‌ ചെയ്യാന്‍ ബുദ്ധിമുട്ടാണ്‌. മറ്റൊന്ന്‌ ഇത്തരത്തില്‍ അടിത്തറ വിട്ട്‌ മറ്റു സ്ഥലങ്ങളിലേക്ക്‌ ബിസിനസ്‌ പറിച്ചുനട്ടവരില്‍ വിജയിച്ചവര്‍ കുറവാണ്‌. നിരവധി പേര്‍ ഫ്രാഞ്ചൈസിക്കായി സമീപിച്ചു. താല്‌പര്യമേ കാണിച്ചില്ല. കാരണം അവരുടെ സ്റ്റോക്കിംഗ്‌ ലെവലും ലക്ഷ്‌മി ഇലകട്രിക്കല്‍സിന്റെ സ്റ്റോക്കിംഗ്‌ ലെവലും തമ്മില്‍ വ്യത്യാസമുണ്ട്‌. കൂട്ടുകച്ചവടത്തോട്‌ എനിക്ക്‌ താല്‌പര്യമില്ല. പിന്നൊരു കാലത്ത്‌ അത്‌ പ്രശ്‌നമാകും. അറുപത്‌ വര്‍ഷമായി തിരുവനന്തപുരത്ത്‌ ഇലക്ട്രിക്കല്‍ മേഖലയില്‍ ലക്ഷ്‌മി ഇലക്ട്രിക്കല്‍സ്‌ മുന്നിട്ടു നില്‍ക്കുന്നു.മറ്റൊരു സ്ഥലത്തും പോയിട്ട്‌ കാര്യമില്ല. നമ്മുടെ സ്ഥലം തിരുവനന്തപുരമാണ്‌. ഇവിടെയാണ്‌ തുടക്കം. ഇവിടെ തന്നെ തുടരാനാണ്‌ താല്‌പര്യം. ആദ്യകാലത്ത്‌ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുളളവര്‍ ഇവിടെ വന്നാണ്‌ സാധനങ്ങളെടുത്തിരുന്നത്‌. ഇപ്പോഴാണ്‌ അവിടെയൊക്കെ നിറയെ ഷോപ്പുകള്‍ വന്നത്‌. അഞ്ചല്‍, ആയൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന്‌ ഇപ്പോഴും കസ്‌റ്റമേഴ്‌സ്‌ വരുന്നുണ്ട്‌.

കുടുംബം
1991ലാണ്‌ എന്റെ വിവാഹം. ഭാര്യ കോയമ്പത്തൂര്‍ സ്വദേശിനിയാണ്‌. മകന്‍ ആനന്ദ്‌ .

ബിസിനസിലെ പുതിയ തലമുറ?

മകന്‍ ആനന്ദ്‌ എംബിഎ കഴിഞ്ഞു. അമേരിക്കയിലായിരുന്നു. ലൂക്കര്‍ ഉള്‍പ്പെടെ മൂന്ന്‌ പ്രമുഖ കമ്പനികളില്‍ ജോലി ചെയ്‌തു. ജോലിയെപ്പറ്റിയൊക്കെ മനസ്സിലാക്കാനും കാര്യങ്ങള്‍ കൃത്യതയോടെ ചെയ്യാന്‍ പഠിക്കാനുമാണ്‌ അത്തരത്തില്‍ ജോലിക്കുവിട്ടത്‌. കുടുംബ ബിസിനസ്‌ ഉണ്ടെന്നു കരുതി പഠിത്തം കഴിഞ്ഞ്‌ നേരെ വന്ന്‌ മുതലാളിയായാല്‍ ശരിയാവില്ല. തൊഴിലാളിയായി തന്നെ കാര്യങ്ങള്‍ ഗ്രഹിക്കണം. ഗുജറാത്തിലെ വജ്രവ്യാപാരിയൊക്കെ ചെയ്‌തത്‌ കണ്ടില്ലേ. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ നമ്മള്‍ അനുഭവങ്ങളിലൂടെ കരുത്താര്‍ജ്ജിക്കേണ്ടതുണ്ട്‌. അതിന്‌ ആദ്യമേ മുതലാളിയായാല്‍ പറ്റില്ല. ഞാന്‍ ബിസിനസില്‍ മാതൃകയാക്കിയത്‌ എന്റെ അച്ഛനെയാണ്‌. അദ്ദേഹം കടംകൊടുക്കുകയോ വാങ്ങുകയോ ചെയ്യില്ല. അദ്ദേഹം അപ്‌ടുഡേറ്റ്‌ ആയിരുന്നു. ഏത്‌ പ്രതിസന്ധിയെയും സമചിത്തതയോടെ നേരിടുമായിരുന്നു. അതൊക്കെയാണ്‌ ഞാനും പകര്‍ത്തിയത്‌. അതുപോലെ മുഴുവന്‍ സമയവും ഇറങ്ങിനിന്ന്‌ കച്ചവടം ചെയ്യണം എന്ന പാഠവും അച്ഛനാണ്‌ പറഞ്ഞുതന്നത്‌. മുതലാളി എന്നതിനേക്കാള്‍ എന്റെ സ്ഥാപനത്തില്‍ നല്ലൊരു സെയില്‍സ്‌മാന്‍ ആയിരിക്കുന്നതാണ്‌ എന്റെ സന്തോഷം. പുതിയ കാലത്തിന്റെ പ്രതിസന്ധികള്‍ തരണം ചെയ്യണമെങ്കില്‍ വ്യത്യസ്‌തമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയിച്ചേ മതിയാകൂ. ഇപ്പോള്‍ പത്തുമാസത്തോളമായി ആനന്ദ്‌ നാട്ടില്‍ എന്നോടൊപ്പമുണ്ട്‌.

പുതുതലമുറയ്‌ക്കുളള സന്ദേശം?
ബിസിനസിലേക്ക്‌ ഇറങ്ങുന്നവര്‍ക്ക്‌ ആദ്യം വേണ്ടത്‌ കൃത്യനിഷ്‌ഠയാണ്‌. പിന്നെ പ്രസന്നമായ വ്യക്തിത്വം വേണം. കസ്റ്റമേഴ്‌സിനോടുളള പെരുമാറ്റം വളരെ പ്രധാനമാണ്‌. പ്രൊഡക്ട്‌ സംബന്ധിയായ അറിവ്‌ തീര്‍ച്ചയായും വേണം. ബിസിനസില്‍ അപ്‌ടുഡേറ്റ്‌ ആയിരിക്കണം.

Post your comments