Global block

bissplus@gmail.com

Global Menu

ഫോർഡ് ഇന്ത്യ വിട്ടതെന്തിന്?

അഞ്ചു വർഷത്തിനിടയ്ക്ക് ഇത് മൂന്നാമത്തെ വൻകിട വിദേശ വാഹനനിർമ്മാണക്കമ്പനിയാണ് ഇന്ത്യ വിടുന്നത്. 2017ൽ അമേരിക്കൻ വാഹനഭീമനായ ജനറൽ മോട്ടേഴ്സ് ഇന്ത്യവിട്ടിരുന്നു. പിന്നാലെ 2020ൽ ആഡംബരബൈക്ക് നിർമ്മാതാക്കളായ ഹർലി ഡേവിഡ്സണും.

വിദേശ വാഹനനിർമ്മാതാക്കൾ ഇന്ത്യൻ വിപണിയെ അവരുടെ സുവർണ്ണനേട്ടങ്ങളുടെ ഇടമായാണ് കണ്ടിരുന്നത്. അതുകൊണ്ടുതന്നെയാണ് ഒന്നിനു പിറകെ ഒന്നായി ജപ്പാനീസ്, അമേരിക്കൻ, കൊറിയൻ കമ്പനികൾ ഇന്ത്യ എന്ന ലോകവിപണിയെ ലക്ഷ്യംവച്ചിറങ്ങിയതും. പലതരം അഭിരുചികളുളള ജനങ്ങളുടെ രാജ്യം. തങ്ങളുടെ ബിസിനസ് തന്ത്രങ്ങൾ വിതയ്ക്കാൻ വളക്കൂറുളള മണ്ണ്. ഇന്ത്യൻ നിരത്തുകൾ കീഴടക്കിയ അംബാസഡർ മുതലിങ്ങോട്ട് വാഹനനിർമ്മാതാക്കൾക്കൊക്കെയും പറയാനുളളത് വൻ വരവേല്പിന്റെ കഥകൾ. പക്ഷേ, കാലമൊട്ടു കഴിയുമ്പോൾ ചിലർ വഴിപിരിയുകയാണ്. അതും ഇന്ത്യൻ ജനത തങ്ങളുടെ വാഹനസങ്കല്പനങ്ങളിൽ അത്രത്തോളം ലാളിച്ച, സ്‌നേഹിച്ച, ആരാധിച്ച ഒരു വിഭാഗം. ആ വിഭാഗത്തിൽ ഏറ്റവും പുതിയ കൊഴിഞ്ഞുപോക്കാണ് ഫോർഡ് ഇന്ത്യയുടേത്.
 
ഇന്ത്യക്കാർക്ക് ഫോർഡ് എന്നാല് ഇക്കോ സ്‌പോർട്ട് ആണ്. അത്രയും മനോഹരമായ കാർ. ഇനിയും എത്രയോ അഴകുളള സ്‌റ്റൈലിഷായ കാറുകൾ ഇറങ്ങാനിരിക്കെ പാതിവഴിയിൽ നിർത്തി ഫോർഡ് കളംവിടുമ്പോൾ നന്നായി മുന്നേറിക്കൊണ്ടിരുന്ന ഒരു മത്സരാർത്ഥി ഗ്രാൻപ്രീയിൽ നിന്ന്  അപ്രതീക്ഷിതമായി പിണങ്ങിപ്പോയതു പോലെയാണ് ഒരോ വാഹനപ്രേമിക്കും തോന്നുന്നത്. ഗാലറിയിൽ ഇരുന്നു കളി  കാണാനും പ്രിയപ്പെട്ടവരുടെ വീഴ്ചകളിൽ സങ്കടപ്പെടാനുമല്ലേ ഉപഭോക്തൃ സമൂഹത്തിന് കഴിയൂ.

ഫോർഡിന്റെ വരവും വളർച്ചയും

1995ൽ ഇന്ത്യൻ വാഹനനിർമ്മാതാക്കളായ മഹീന്ദ്രയുമായി കൂട്ടൂകൂടിയാണ് അമേരിക്കൻ വാഹനഭീമനായ ഫോർഡിന്റെ ഇന്ത്യൻ എൻട്രി. മഹീന്ദ്ര ഫോർഡ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ ഫോർഡ് എ്ത്തുമ്പോൾ ഇന്ത്യയ്ക്കും ഫോർഡിനും  പ്രതീക്ഷകളേറെയായിരുന്നു. 1998ൽ മഹീന്ദ്രയുമായുളള കൂട്ടുവിട്ട് ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആയി മാറി. പിന്നീട് വളർച്ചയുടെ ഗ്രാഫ് മുകളിലേക്ക്. ആറ് വർഷത്തിനുള്ളിൽ 25,75,38,75,00,000 രൂപയുടെ നിക്ഷേപം ആകർഷിച്ച കമ്പനി. ഗുജറാത്തിലെ സനന്ദ്, തമിഴ്നാട്ടിൽ ചെന്നൈയ്ക്കടുത്ത് മരൈമലൈ എന്നിവിടങ്ങളിൽ നിർമ്മാണപ്ലാന്റുകൾ. ഇന്ത്യയിലെ സുവർണ്ണകാലത്ത് 2016ലെ കണക്കുപ്രകാരം 209 ഇന്ത്യൻ നഗരങ്ങളിലായി 376 സെയിൽസ് ആൻഡ് സർവ്വീസ് ഔട്ട്‌ലെറ്റുകൾ. 27 വർഷം കൊണ്ട് ഫോർഡ് ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രിയ വാഹനബ്രാൻഡുകളിൽ ഒന്നായി. ഒരു കാലത്ത് ഇന്ത്യൻ നിരത്തിലെ താരവും.

വേർപിരിയൽ

ആദ്യം ഫോർഡ് മഹീന്ദ്രയുമായുളള കൂട്ടാണ് വിട്ടതെങ്കിൽ ഇപ്പോഴിതാ ഇന്ത്യ വിടുകയാണ്. 

വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെയാണ് ഇന്ത്യയിലെ വാഹനനിർമ്മാണം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. കഴിഞ്ഞ 10 വർഷത്തിനിടെ 2 ബില്യൺ ഡോളറിലധികം നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇതോടെയാണ് ഫോർഡ് ഇന്ത്യയുടെ പ്രവർത്തനത്തിൽ കാര്യമായ മാറ്റം വരുത്താൻ കമ്പനി തീരുമാനിച്ചത്. 'ഇന്ത്യയിൽ സുസ്ഥിരവും ലാഭകരമായ ബിസിനസ്സ് സൃഷ്ടിക്കാൻ' ശ്രമിക്കാനാണ് പുതിയ നീക്കമെന്നാണ് ഫോർഡ് വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഇന്ത്യയെ പോലെ ഒരു വലിയ വിപണിയെ 'കൈകാര്യം' ചെയ്യുന്നതിലെ ബുദ്ധിമുട്ടും തുടർച്ചയായ നഷ്ടവുമാണ് കമ്പനിയെ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. 

കഴിഞ്ഞ മാസമാണ് (സെപ്തംബറിൽ) ഫോർഡ് ഞെട്ടിപ്പിക്കുന്ന ഈ പ്രഖ്യാപനം നടത്തിയത്. 2021 ന്റെ അവസാന പാദത്തോടെ ഫോർഡ്, ഗുജറാത്തിലെ സാനന്ദിലുള്ള പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കും. അവിടെ കയറ്റുമതിയ്ക്കായുള്ള വാഹനങ്ങളുടെ നിർമ്മാണങ്ങളുടെ പ്രവർത്തനമാണ് നടക്കുന്നത്. 2022 ന്റെ രണ്ടാം പാദത്തോട് കൂടി ചെന്നൈയിലെ പ്രവർത്തനങ്ങളും അവസാനിപ്പിക്കാനാണ് പദ്ധതി്. അവിടെ നിലവിൽ വാഹന, എഞ്ചിൻ നിർമ്മാണങ്ങളാണ് നടക്കുന്നത്. ഇതിനകം നിർമിച്ചതും, ഡീലർമാരുടെ പക്കൽ സ്റ്റോക്കുമുള്ള ഫിഗോ, ആസ്പയർ, ഫ്രീസ്‌റ്റൈൽ, ഇക്കോസ്‌പോർട്ട്, എൻഡവർ തുടങ്ങിയ കാറുകളുടെ വിൽപന സ്റ്റോക്ക് അവസാനിക്കുന്നതുവരെ തുടരും. ഇതിന് ശേഷം ഫോർഡ് മാസ്സ് മാർക്കറ്റ് സെഗ്മെന്റുകളിൽ നിന്നും പിൻവാങ്ങുമെങ്കിലും മസ്താങ് സ്‌പോർട്സ് കാർ, മാക്-ഇ പോലുള്ള പുതിയ ഹൈബ്രിഡ്, ഇലക്ട്രിക്ക്കാറുകൾ ഇന്ത്യയിൽ വിൽക്കും. ഈ മോഡലുകൾ ഇന്ത്യയിൽ അസ്സെമ്പിൽ ചെയ്യുന്നതോ, പൂർണമായും ഇറക്കുമതി ചെയ്യുന്നതോ ആണ്.

കഴിഞ്ഞ കുറച്ച് വർഷത്തിനിടെ ഫ്രീസ്‌റ്റൈൽ മാത്രമാണ് ഫോർഡ് പുതുതായി വിപണിയിൽ അവതരിപ്പിച്ച കാർ. കൃത്യമായ ഇടവേളകളിൽ മുഖയം മിനുക്കി അവതരിപ്പിച്ച എസ്യുവികളായ എൻഡവറും ഈക്കോസ്‌പോർട്ടുമാണ് ഭേദപ്പെട്ട വില്പന ഇന്ത്യയിൽ നേടുന്ന ഫോർഡ് വാഹനങ്ങൾ. ഫിഗോ, അസ്പയർ എന്നീ കാറുകളുണ്ടെങ്കിലും വില്പന പരിതാപകരമാണ്. വൻതുക മുടക്കി പ്രവർത്തിക്കുന്ന വലിയ വിപണിയിൽ നിന്ന് പ്രതീക്ഷിച്ച ലാഭമെത്താത്തതാണ് കടുത്ത തീരുമാനത്തിലേക്ക് ഫോർഡിനെ നയിച്ചത്. ഇതിനിടെ മഹീന്ദ്രയുമായി വീണ്ടും കൂട്ടുകൂടി വിപണിയിൽ പിടിച്ചുനിൽക്കാനുളള ശ്രമവും ഫോർഡ് നടത്തി.

2019ലാണ് ഫോർഡും മഹീന്ദ്രയും രണ്ടാമത് വീണ്ടും സഹകരിക്കാൻ തീരുമാനിച്ചത്. വാഹനങ്ങളുടെ ഗവേഷണത്തിലും, ഡിസൈനിലും, നിർമ്മാണത്തിലും, വിൽപ്പനയിലും സഹകരിക്കാനായിരുന്നു ധാരണ. ഇതിന്റെ ഭാഗമായി ഫോർഡ് ഇന്ത്യയുടെ 51 ശതമാനം വിഹിതം മഹീന്ദ്ര വാങ്ങാനായിരുന്നു പ്ലാൻ. അതിനിടെയാണ് വില്ലനായി കൊവിഡ്-19 എത്തിയത്. ഇതോടെ സാമ്പത്തിക കാര്യങ്ങളിൽ ഇരു കൂട്ടരും കൂടുതൽ ശ്രദ്ധചെലുത്താൻ തുടങ്ങി. അതോടെ 2020 ഡിസംബർ 31ന് മുൻപായി ഒപ്പുവെക്കേണ്ടിയിരുന്ന കരാർ കേവലം  ധാരണയിൽ ഒതുങ്ങി. 2021 ജനുവരിയിൽ ഇരുകൂട്ടരും പാർട്നർഷിപ്പ് പദ്ധതി ഉപേക്ഷിച്ചതായും രണ്ട് കമ്പനി കളായി തുടരും എന്നും ഇരുകമ്പനികളും പ്രസ്താവനകളിറക്കി. അതോടെ ഫോർഡ്-മഹീന്ദ്ര രണ്ടാം കൂട്ടുകെട്ട് അവസാനിച്ചു. തുടർന്ന് ഫോർഡിന്റെ ഇന്ത്യൻ യാത്രയ്ക്കും സ്‌റ്റോപ്പ് സിഗ്നൽ.....

ഉപഭോക്താക്കൾക്ക് ആശങ്കവേണ്ട

നിലവിലുള്ള ഫോർഡ് ഉപഭോക്താക്കൾ സർവീസ് സംബന്ധിച്ച് പരിഭ്രാന്തരാവേണ്ട എന്നാണ് കമ്പനി പറയുന്നത്. 'ഇന്ത്യയിലെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഫോർഡ് തുടർന്നും സർവീസ് തടസ്സം കൂടാതെ ലഭ്യമാക്കും എന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ഇതിനായി ഫോർഡ് ഇന്ത്യ ഞങ്ങളുടെ ഡീലർമാരുമായി ചേർന്ന് പ്രവർത്തിക്കും. അവരെല്ലാം ദീർഘകാലമായി കമ്പനിയെ പിന്തുണച്ചിട്ടുണ്ട്-ഫോർഡ് മോട്ടോർ 
കമ്പനി പ്രസിഡന്റും സിഇഒയുമായ ജാം ഫാർലി പറയുന്നു.
 
എന്തുകൊണ്ട്?

അഞ്ചു വർഷത്തിനിടയ്ക്ക് ഇത് മൂന്നാമത്തെ വൻകിട വിദേശ വാഹനനിർമ്മാണക്കമ്പനിയാണ് ഇന്ത്യ വിടുന്നത്. 2017ൽ അമേരിക്കൻ വാഹന ഭീമനായ ജനറൽ മോട്ടേഴ്സ് ഇന്ത്യവിട്ടിരുന്നു. പിന്നാലെ 2020ൽ ആഡംബരബൈക്ക് നിർമ്മാതാക്കളായ ഹർലി ഡേവിഡ്സണും. ഇപ്പോഴിതാ ഇന്ത്യൻ മനസ്സുകീഴടക്കിയ ഫോർഡും. മേക്ക് ഇൻ ഇന്ത്യ എന്ന് സർക്കാർ പറയുമ്പോഴും ഇന്ത്യയിൽ മേക്കിംഗ് അത്ര പന്തിയല്ല എന്ന സൂചനയാണ് ഈ കൊഴിഞ്ഞുപോക്കുകൾ സൂചിപ്പിക്കുന്നത്. കൃത്യമായ ഉത്തരം ഇനിയും ലഭ്യമല്ല. വിട്ടുപോകുന്നവരും അതെക്കുറിച്ച് മനസ്സുതുറക്കുന്നില്ലെന്നുവേണം പറയാൻ.

മേക്കിംഗ് ഇന്ത്യയെ ബാധിക്കില്ല

കേന്ദ്രത്തിന്റെ മേക്ക് ഇന് ഇന്ത്യ പദ്ധതിക്ക് അമേരിക്കൻ വാഹനനിർമാതാക്കളായഫോർഡിന്റെ പിന്മാറ്റം തിരിച്ചടിയാണെന്ന ആരോപണം കേന്ദ്രസർക്കാർ നിഷേധിച്ചു. ഫോർഡ് ഇന്ത്യ വിട്ടത് രാജ്യത്തെ വ്യവസായികാന്തരീക്ഷത്തിന്റെ പ്രശ്നമല്ലെന്നും ഉന്നതവൃത്തങ്ങൾ പറയുന്നു. ആറു വർഷത്തിനിടെ വാഹനരംഗത്ത് 3,500 കോടി ഡോളറിന്റെ (2.5 ലക്ഷം കോടി രൂപ) നിക്ഷേപമെത്തിയിട്ടുണ്ട്. ഒന്നരവർഷത്തിനിടെ 13 ആഭ്യന്തര - അന്താരാഷ്ട്ര കമ്പനികൾ നിക്ഷേപത്തിന് താത്പര്യമറിയിച്ചെത്തി. ആകെ 440 കോടി ഡോളറിന്റെ (ഏകദശം 32,000 കോടി രൂപ) പദ്ധതികൾ ഇപ്പോൾ വിവിധ ഘട്ടത്തിലുണ്ട്. 13 കമ്പനികളിൽ ബഹ്വാൻ ഇന്റർനാഷണൽ ഗ്രൂപ്പ്, സ്റ്റാൻലി ബ്ലാക്ക് ആൻഡ് ഡെക്കർ, കൈനറ്റിക് ഗ്രീൻ എനർജി, ടെസ്‌ല, നൈഡെക് തുടങ്ങി അഞ്ചെണ്ണം ഇന്ത്യയിലെ നിക്ഷേപപദ്ധതി വിലയിരുത്തി വരുകയാണ്.
 
ചെറു വൈദ്യുതവാഹനങ്ങൾ വിപണിയിലെത്തിക്കാൻ ലക്ഷ്യമിടുന്ന കൈനറ്റിക് ഗ്രീൻ എനർജി രാജ്യത്ത് വിപണനശൃംഖല ഒരുക്കിവരുകയാണ്. ചാർജിങ് കണക്ടർ പോലുള്ള ഘടകങ്ങൾ ഉത്പാദിപ്പിക്കുന്ന യസാകി, എയർ
ബാഗ് നിർമാതാക്കളായ ഡായിസെൽ, ലിഥിയം അയേൺ ബാറ്ററി  കമ്പനിയായ സി4വി പോലുള്ളവ ഉത്പാദനം തുടങ്ങുന്നതിന് 
ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. ഇന്ത്യ നിക്ഷേപത്തിന് അനുയോജ്യമെന്ന വിലയിരുത്തലിലാണ് അന്താരാഷ്ട്ര കമ്പനികളടക്കം ഇവിടേക്ക് വരുന്നത്. വാഹനമേഖലയ്ക്കായി 
ഉത്പാദന അനുബന്ധപദ്ധതി ഉടനുണ്ടാകും. ഇപ്പോൾ 2,700 കോടി ഡോളറിന്റെ കയറ്റുമതി ഈ രംഗത്തുണ്ട്. 

വൈദ്യുതവാഹനങ്ങളുടെ കടന്നുവരവോടെ ആഗോള 
വാഹനവ്യവസായം വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും സർക്കാർ പ്രതിനിധികൾ സൂചിപ്പിച്ചു. ഫോർഡിനെ പിടിച്ചുനിർത്തുന്നതിന് സർക്കാർ സന്നദ്ധമാകണമെന്ന് വിവിധതലങ്ങളിൽനിന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, എന്തെങ്കിലും സഹായത്തിനായി കമ്പനി സർക്കാരിനെ സമീപിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.

Post your comments