Global block

bissplus@gmail.com

Global Menu

കുറഞ്ഞ ചെലവിൽ ഇനി വിമാന യാത്ര തുടങ്ങാം; വരുന്നു ഇന്ത്യൻ വാറൻ ബഫറ്റിൻെറ വിമാന കമ്പനി

 

കുറഞ്ഞ ചെലവിൽ ഇനി വിമാന യാത്ര നടത്താം. ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നറിയപ്പെടുന്ന നിക്ഷേപ ഗുരു രാഖേഷ് ജുൻജുൻ വാലയുടെ വിമാന കമ്പനി സര്‍വീസ് തുടങ്ങുന്നു. ആദ്യഘട്ടമായി 72 ബോയിങ് 737 മാക്സ് എയര്‍ക്രാഫ്റ്റുകൾക്ക് ഓര്‍ഡര്‍ നൽകി. 900 കോടി ഡോളര്‍ മുതൽ മുടക്കിയാണ് വിമാനങ്ങൾ വാങ്ങുന്നത്. ബോയിങ് മാക്സ് എയര്‍ക്രാഫ്റ്റുകൾ വീണ്ടും പറത്താൻ വിമാന കമ്പനികൾക്ക് അനുമതി ലഭിച്ചിട്ട് അധികമായില്ല. കുറഞ്ഞ നിരക്കിലെ സര്‍വീസ് ലക്ഷ്യമിടുന്ന ആകാശ എയര്‍ അമേരിക്കൻ മൾട്ടി നാഷണൽ കമ്പനിയായ ബോയിങ്ങിലാണ് വൻ നിക്ഷേപം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. മറ്റ് വിമാന കമ്പനികളുമായും ചര്‍ച്ചകൾ നടത്തിയിരുന്നു.

വിമാന നിരക്കുകൾ സംബന്ധിച്ച് എയര്‍ലൈനുകൾക്കിടയിൽ ശക്തമായ കിടമത്സരങ്ങൾ നിലനിൽക്കുന്നു. കൊവിഡ് കാലത്ത് ശതകോടികളുടെ നഷ്ടമാണ് എയര്‍ലൈൻ കമ്പനികൾ നേരിടുന്നത്. വിമാനങ്ങൾ പ്രവര്‍ത്തിപ്പിക്കുന്നതിന് ചെലവേറുന്നതും വെല്ലുവിളിയാകുന്നുണ്ട്. അതുകൊണ്ട് തന്നെ മത്സരിച്ച് വിമാനക്കമ്പനികൾ നിരക്കുകളും വര്‍ധിപ്പിക്കുന്നുണ്ട്. പലപ്പോഴും ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കുകൾ സാധാരണക്കാര്‍ക്ക് പ്രഹരമാണ്. സീസണിൽ വിദേശത്ത് നിന്ന് നാട്ടിലേക്കും തിരിച്ചുമൊക്കെയുള്ള യാത്രകൾക്ക് ലക്ഷങ്ങൾ ചെലവഴിക്കേണ്ടതായി വരാറുണ്ട്. ബജറ്റ് കാരിയറുകൾക്കായി സാധാരണക്കാരൻെറ മുറവിളി ശക്തമാകുമ്പോഴാണ് പുതിയ എയര്‍ലൈനുമായി ജുൻജുൻവാല എത്തുന്നത്. ബജറ്റ് കാരിയറുകൾ എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം.

കൊവിഡ് കാലത്ത് ഏറ്റവുമധികം നഷ്ടം നേരിട്ട ഒരു മേഖലയാണ് വ്യോമയാന രംഗം. ആഭ്യന്തര, രാജ്യാന്തര യാത്രക്കാര്‍ കുറഞ്ഞതും മിക്ക വിദേശ രാജ്യങ്ങളും ഫ്ലൈറ്റ് സര്‍വീസുകൾ നിര്‍ത്തി വെച്ചതുമെല്ലാം എയര്‍ലൈൻ കമ്പനികൾക്ക് തിരിച്ചടിയായി. മിക്ക കമ്പനികളും പൈലറ്റ്മാരെ ഉൾപ്പെടെ പിരിച്ച് വിട്ടിരുന്നു. ഏറെ പ്രഖ്യാപനങ്ങളുമായി എത്തിയ വമ്പൻ കമ്പനികൾ പോലും കടക്കെണിയിൽ വീണുപോയ ചരിത്രവും ഈ രംഗത്തുണ്ട്. പ്രത്യേകിച്ച് വിമാനം പ്രവര്‍ത്തിപ്പിക്കുന്നതിന് ചെലവുകളും കുത്തനെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിൽ ബജറ്റ് കാരിയറുകൾ എന്ന സ്വപ്നം എത്ര നാൾ സാക്ഷാത്കരിക്കാൻ ആകും എന്നത് പ്രധാനമാണ്. 2022 മാര്‍ച്ചോടെ എയര്‍ലൈൻ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് സൂചന. എസ്എൻവി ഏവിയേഷൻ ലിമിറ്റഡ് എന്ന കമ്പനിയാകും ആകാശ എയര്‍ലൈനുകൾ പ്രവര്‍ത്തിപ്പിക്കുക.

ഈ രംഗത്തെ വിദഗ്ധരെ തന്നെ ഉൾപ്പെടുത്തിയാണ് പുതിയ വ്യോമയാന കമ്പനിയുടെ പ്രവര്‍ത്തനം. മുൻ ജെറ്റ് എയര്‍വെയ്സ് ചീഫ് വിനയ ദുബെയും കമ്പനിയുടെ സഹസ്ഥാപകൻ ആണ്. മുൻ ഇൻഡിഗോ പ്രസിഡൻറ് ആദിത്യ ഘോഷും കമ്പനിയ്‍ക്കൊപ്പമുണ്ട്. സിവിൽ ഏവിയേഷൻ മന്ത്രാലയം കമ്പനിക്ക് എൻഒസി അനുവദിച്ചിരുന്നു. അൾട്രാ ലോ കോസ്റ്റ് കാരിയറുകളാണ് ആകാശ എയര്‍ ലക്ഷ്യമിടുന്നത്. ഇൻഡി ഗോയാകും ഒരു എതിരാളി. അതേസമയം സ്പിരിറ്റ് എയര്‍ലൈൻ ഉൾപ്പെടെ മുന്നോട്ട് വെച്ച അൾട്രാ ലോ കാസ്റ്റ് കാരിയറുകളുടേതിന് സമാനമായിരിക്കും സര്‍വീസ് എന്ന സൂചനകളും ശക്തമാണ്.

Post your comments