Global block

bissplus@gmail.com

Global Menu

2025നകം 10 വൈദ്യുത കാറുകള്‍ വില്‌പന 10,000 യൂണിറ്റ്‌ പിന്നിട്ടു

ഭാവിയുടെ വാഹനമെന്ന നിലയില്‍ വൈദ്യുതവാഹനങ്ങള്‍ക്ക്‌ ആഗോളതലത്തിലും ഇന്ത്യയിലും ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത്‌ ബാറ്ററിയില്‍ നിന്ന്‌ ഊര്‍ജം കണ്ടെത്തുന്ന 10 പുതിയ വൈദ്യുത വാഹന(ബിഇവി)ങ്ങള്‍ കൂടി 2025നകം ആഭ്യന്തര വിപണിയില്‍ ലഭ്യമാക്കുമെന്നു ടാറ്റ മോട്ടോഴ്‌സ്‌. വൈദ്യുത വാഹന വ്യാപാരത്തില്‍ സുസ്ഥിരത കൈവരിക്കാന്‍ ലക്ഷ്യമിട്ടാണ്‌ ഈ നീക്കമെന്നും കമ്പനി ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ പറഞ്ഞു. ഹരിത വാഹനങ്ങള്‍ക്കു ബാറ്ററി ലഭ്യത ഉറപ്പാക്കുകയെന്ന ഉദ്ദേശ്യത്തോടെ ഇന്ത്യയിലും യൂറോപ്പിലുമുള്ള ബാറ്ററി നിര്‍മാതാക്കളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യതയും ടാറ്റ മോട്ടോഴ്‌സ്‌ പരിഗണിക്കുന്നുണ്ട്‌.

കുറഞ്ഞ സമയത്തിനുളളില്‍ തന്നെ വൈദ്യുത വാഹന വില്‍പ്പനയില്‍ കാര്യമായ മുന്നേറ്റമാണു ടാറ്റ മോട്ടോഴ്‌സ്‌ കൈവരിച്ചത്‌. ഇക്കൊല്ലത്തെ വില്‍പ്പനയില്‍ രണ്ടു ശതമാനത്തോളം ഇ വികളുടെ വിഹിതമാണ്‌. കോംപാക്ട്‌ എസ്‌ യു വിയായ `നെക്‌സന്‍ ഇ വി'യുടെ ഇതുവരെയുള്ള വില്‍പ്പന 4,000 യൂണിറ്റ്‌ പിന്നിട്ടതും ടാറ്റയ്‌ക്കു പ്രതീക്ഷ പകര്‍ന്നിട്ടുണ്ട്‌.വരുംവര്‍ഷങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്കുള്ള സ്വീകാര്യത കുതിച്ചുയരുമെന്നും ടാറ്റ മോട്ടോഴ്‌സ്‌ വിലയിരുത്തുന്നു. ഇന്ത്യന്‍ വിപണിയില്‍ വൈദ്യുതീകരണത്തിലേക്കുള്ള കുതിപ്പിന്‌ നേതൃസ്ഥാനം വഹിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ടാറ്റ മോട്ടോഴ്‌സിന്റെ പ്രവര്‍ത്തനം. രാജ്യവ്യാപകമായി തന്നെ വൈദ്യുത വാഹന ബാറ്ററി ചാര്‍ജ്‌ ചെയ്യാനുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും ടാറ്റ ഗ്രൂപ്‌ മുന്‍കയ്യെടുക്കുമെന്നും ചന്ദ്രശേഖരന്‍ അറിയിച്ചു.

കമ്പനി നിര്‍മിച്ച വൈദ്യുത വാഹന(ഇ വി)ങ്ങളുടെ ഇതുവരെയുള്ള മൊത്തം വില്‍പ്പന 10,000 യൂണിറ്റ്‌ പിന്നിട്ടുകഴിഞ്ഞു. ടാക്‌സി/കോര്‍പറേറ്റ്‌ വിഭാഗങ്ങള്‍ ഉള്‍പ്പെട്ട ഫ്‌ളീറ്റ്‌ മേഖലയ്‌ക്കായി `ടിഗൊര്‍ ഇ വി' അവതരിപ്പിച്ചായിരുന്നു ടാറ്റ ഈ വിപണിയില്‍ പ്രവേശിച്ചത്‌. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വ്യക്തിഗത ഉപയോഗം ലക്ഷ്യമിട്ട്‌ കമ്പനി നെക്‌സന്‍ ഇവിയും പുറത്തിറക്കി. വിപണി സാഹചര്യം തികച്ചും പ്രതികൂലമായിട്ടും പരിമിത കാലത്തിനുള്ളില്‍ വൈദ്യുത വാഹന വില്‍പന 10,000 യൂണിറ്റിലെത്തിച്ച്‌ ഉജ്വല നേട്ടമാണു കമ്പനി കൈവരിച്ചതെന്നും ടാറ്റ മോട്ടോഴ്‌സ്‌ കരുതുന്നു. നിലവില്‍ വൈദ്യുത വാഹന വിപണിയില്‍ 70% വിഹിതമാണു ടാറ്റ മോട്ടോഴ്‌സ്‌ അവകാശപ്പെടുന്നത്‌; ഓഗസ്റ്റിലാവട്ടെ 1,000 ഇ വി വില്‍ക്കാനും കമ്പനിക്കു സാധിച്ചു.

പുതിയ സാങ്കേതികവിദ്യകളെ ആദ്യം തന്നെ സ്വാഗതം ചെയ്യുന്നവരുടെ പിന്‍ബലത്തിലാണു വൈദ്യുത വാഹന വില്‍പ്പനയില്‍ 10,000 യൂണിറ്റ്‌ നേട്ടം സ്വന്തമാക്കിയതെന്ന്‌ കമ്പനി വിശദീകരിച്ചു. ഭാവിക്കായി പ്രായോഗികമായ റോഡ്‌ മാപ്‌ തയാറാക്കിയിട്ടുണ്ടെന്നും വൈദ്യുത വാഹനങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ടാറ്റ മോട്ടോഴ്‌സ്‌ വ്യക്തമാക്കി. കമ്പനി അവതരിപ്പിച്ച പുതുമ നിറഞ്ഞ വൈദ്യുത വാഹന ശ്രേണിക്ക്‌ ഉപയോക്താക്കളില്‍ നേടാനായ സ്വീകാര്യതയ്‌ക്കുള്ള തെളിവാണ്‌ വില്‍പ്പനയിലെ 10,000 യൂണിറ്റ്‌ നേട്ടമെന്ന്‌ ടാറ്റ മോട്ടോഴ്‌സ്‌ പാസഞ്ചര്‍ വെഹിക്കിള്‍സ്‌ ബിസിനസ്‌ യൂണിറ്റ്‌ പ്രസിഡന്റ്‌ ശൈശേഷ്‌ ചന്ദ്ര വിലയിരുത്തി. ആദ്യ ഇ വികള്‍ സ്വന്തമാക്കാനെത്തിയവരുടെ പ്രതീക്ഷകള്‍ക്കൊത്ത്‌ ഉയരാന്‍ സാധിച്ചതില്‍ കമ്പനിക്ക്‌ അഭിമാനമുണ്ട്‌. ഈ തുടക്കക്കാര്‍ നേടിത്തന്ന അടിത്തറയുടെ പിന്‍ബലത്തിലാണു കൂടുതല്‍ പുതിയ ഉപയോക്താക്കള്‍ വൈദ്യുത വാഹനങ്ങള്‍ വാങ്ങാന്‍ എത്തിയതെന്നും ചന്ദ്ര കൂട്ടിച്ചേര്‍ത്തു.

മാലിന്യ വിമുക്തമായ സഞ്ചാരസൗകര്യത്തിലേക്കുള്ള പരിവര്‍ത്തനത്തിനായി ടാറ്റ പവര്‍, ടാറ്റ കെമിക്കല്‍സ്‌, ടാറ്റ ഓട്ടോകോംപ്‌, ടാറ്റ മോട്ടോഴ്‌സ്‌ ഫിനാന്‍സ്‌, ക്രോമ തുടങ്ങിയ ഗ്രൂപ്‌ കമ്പനികളുടെ സഹകരണത്തോടെ ടാറ്റ യൂണി ഇവേഴ്‌സ്‌ എന്ന ഇ മൊബിലിറ്റി വ്യവസ്ഥയും ടാറ്റ മോട്ടോഴ്‌സ്‌ ആവിഷ്‌കരിച്ചിട്ടുണ്ട്‌. രാജ്യത്തെ 120 നഗരങ്ങളിലായി എഴുനൂറിലേറെ ചാര്‍ജിങ്‌ കേന്ദ്രങ്ങളാണു ടാറ്റ പവര്‍ ഇതിനോടകം സജ്ജമാക്കിയത്‌.

ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ പൂര്‍ണമായും മലിനീകരണ വിമുക്തമായ മോഡലുകള്‍ അവതരിപ്പിക്കാനാണു ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ്‌ ആഡംബര ബ്രാന്‍ഡായ ജഗ്വാര്‍ ലാന്‍ഡ്‌ റോവറി(ജെ എല്‍ ആര്‍)ന്റെ തീരുമാനം. 2025ല്‍ തന്നെ ഉല്‍പന്ന ശ്രേണി പൂര്‍ണമായും വൈദ്യുത വാഹനങ്ങളിലേക്കു മാറ്റാനാണു ജഗ്വാര്‍ ലക്ഷ്യമിടുന്നത്‌. 2030 ആകുന്നതോടെ കമ്പനിയുടെ വില്‍പ്പനയില്‍ 60 ശതമാനവും ബി ഇ വികളുടെ വിഹിതമാവുമെന്നു ജഗ്വാര്‍ കണക്കുകൂട്ടുന്നു.
 

Post your comments