Global block

bissplus@gmail.com

Global Menu

ആന്തമാന്‍ കാഴ്‌ചകള്‍ - ലിസി സമ്പത്ത്‌

 കൊവിഡ്‌ മനുഷ്യരാശിയെയാകെ ബാധിച്ചതിനു ശേഷം ആര്‍ക്കെങ്കിലും ആസ്വദിച്ച്‌, ഭീതിയേതുമില്ലാതെ എവിടെയെങ്കിലും സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന്‌ ചിന്തിക്കവേയാണ്‌്‌ 2018ലെ ആന്തമാന്‍ യാത്ര ഓര്‍മ്മയിലേക്ക്‌ തിക്കിത്തിരക്കിയെത്തിയത്‌. ആന്തമാനിലേക്ക്‌ വിമാനമാര്‍ഗ്ഗവും കപ്പലിലും എത്താം. ചെന്നൈയില്‍ നിന്ന്‌ രണ്ട്‌ മണിക്കൂര്‍ കൊണ്ട്‌ ആന്തമാനിലെത്താം. കടലിന്റെ മാസ്‌മരിക സൗന്ദര്യത്തില്‍ ചരിത്രമുറങ്ങുന്ന ആന്തമാനിലേക്കൊരു യാത്ര എന്ന വളരെക്കാലത്തെ ആഗ്രഹമാണ്‌ സാധിച്ചത്‌. ഒരാഴ്‌ചത്തെ യാത്രയായിരുന്നു.....

1.15 ഫ്‌ളൈറ്റില്‍ പോര്‍ട്ട്‌ബ്ലെയറില്‍ ചെന്ന ദിവസം തന്നെ ഒട്ടും സമയം പാഴാക്കാതെ സെല്ലുലര്‍ ജയില്‍ കാണുവാന്‍ തീരുമാനിച്ചു. സെല്ലുലര്‍ ജയില്‍ ഒരു പ്രത്യേകരീതിയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ഒരു ചക്രത്തിന്റെ ആരക്കാലുകള്‍ പോലെ....ഇപ്പോള്‍ അതിന്റെ എല്ലാ ആരക്കാലുകളും അന്നുളളതുപോലെ ഇല്ല. ഒന്നോ രണ്ടോ എണ്ണം ഇടിച്ചുകളഞ്ഞിരിക്കുന്നു.

1.42 മധ്യഭാഗത്തുനിന്നും കയറിക്കഴിഞ്ഞാല്‍ ജയിലിന്റെ എല്ലാ ഭാഗത്തേക്കും പോകവുന്ന രീതിയിലാണ്‌ നിര്‍മ്മിതി. അതുവഴിയല്ലാതെ ആര്‍ക്കും അകത്തേക്കും പുറത്തേക്കും കടക്കാനാവില്ല. മൂന്ന്‌ നിലകളിലും ജയിലില്‍ പാര്‍പ്പിച്ചിരുന്നവരുടെ പേരുകള്‍ കൊത്തിവച്ചിട്ടുണ്ട്‌. ഓരോ സെല്ലും നിരനിരയായി നിര്‍മ്മിച്ചിരിക്കുന്നു. വെളിയില്‍ സ്‌കൂളിലേതുപോലെ ഇടനാഴിയും വരാന്തയും.വരാന്തയിലൂടെ ഒരറ്റം മുതല്‍ മറ്റെ അറ്റംവരെ പോകാം. വെന്റിലേറ്ററുകളോ ജനാലകളോ ഇല്ല. ഇരുമ്പഴികൊണ്ടുളള കതകാണ്‌. അന്തേവാസികളെ ഭക്ഷണത്തിനും ജോലി ചെയ്യിക്കുവാന്‍ കൊണ്ടുപോകുവാനും കൂറ്റന്‍ താഴിട്ടുപൂട്ടിയ വാതില്‍ തുറക്കും. പൊടിപിടിച്ച തറയും ഒരു മണ്‍കലവും. മണ്‍കലം വെളളം കുടിക്കുന്നതിനല്ല!! പ്രാഥമിക കൃത്യനിര്‍വ്വഹണങ്ങള്‍ക്കായിരുന്നു. ഭക്ഷണത്തിനായി ഒരു പാത്രവുമുണ്ടായിരുന്നു. കടുത്ത കുറ്റവാളികളായി അഥവാ രാജ്യദ്രോഹികളായി മുദ്രകുത്തിയവരായിരുന്നു ഈ കുപ്രസിദ്ധ ജയിലിലെ അന്തേവാസികള്‍.

2.52 1938 വരെയുളളവരുടെ പേരുകളാണ്‌ ജയിലില്‍ രേഖപ്പെടുത്തിയിരുക്കുന്നത്‌. കൂടുതലും ബംഗാളിപേരുകളാണ്‌. ഇടയ്‌ക്ക്‌ തമിഴ്‌, തെലുങ്ക്‌ പേരുകളും കണ്ടു. കൂട്ടത്തില്‍ മലയാളിപേരുകള്‍ വല്ലതുമുണ്ടോ എന്ന്‌ ഞാന്‍ പരതി. കാരണം എന്റെ സദാശിവന്‍ എന്ന്‌ പേരുളള വലിയമ്മാവന്‍ ഐഎന്‍എയില്‍ ചേര്‍ന്നിരുന്നു എന്ന്‌ പറഞ്ഞറിയാം. പിന്നീട്‌ എന്ത്‌ സംഭവിച്ചു എന്നാര്‍ക്കും അറിയില്ല. ജയിലില്‍ കിടന്നവര്‍ ഭൂരിഭാഗവും സ്വതന്ത്ര്യസമരവുമായി ബന്ധപ്പെട്ട്‌്‌ സുഭാഷ്‌ചന്ദ്രബോസിന്റെ ഐഎന്‍എയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചവരാണെന്നതിന്‌ ചരിത്രം സാക്ഷി! എന്തുതന്നെയായാലും കെട്ടിട നിര്‍മ്മാണത്തില്‍ വെളളക്കാരന്റെ ബുദ്ധിവൈഭവവും കാര്യക്ഷമതയും പഠിക്കാന്‍ യു.കെ വരെ പോകേണ്ടതില്ല. ഈ ഒരൊറ്റ നിര്‍മ്മിതി കണ്ടാല്‍ മതി. പഴക്കം ഏറെയുണ്ടെങ്കിലും ശക്തിയിലും പ്രൗഢിയിലും സുരക്ഷയിലും ഇത്രയേറെ മികച്ച ഒരു ജയില്‍ സ്‌മാരകം ഉണ്ടാകുമോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

4.07 അക്കാലത്ത്‌ ജയിലിലെ അന്തേവാസികളെ കയ്യിലും കാലിലും ഒറ്റച്ചങ്ങലയിട്ട്‌ ബന്ധിച്ചായിരുന്നു സെല്ലിനു വെളിയില്‍ ഇറക്കിയിരുന്നതത്രേ! ഓടിപ്പോകാതിരിക്കാന്‍. കാഠിന്യമേറിയ ജോലികളാണ്‌ അവരെക്കൊണ്ട്‌ ചെയ്യിപ്പിച്ചിരുന്നത്‌. കെട്ടിടനിര്‍മ്മാണം, മരംമുറി, പാചകം, തേങ്ങ ചക്കിലാട്ടല്‍ എന്നിവയുടെയൊക്കെ ചിത്രങ്ങള്‍ മ്യൂസിയത്തില്‍ കാണാന്‍ കഴിഞ്ഞു. ജോലി ചെയ്യാന്‍ വിസമ്മതിച്ചവരെയും ജയിലിലെ അച്ചടക്കലംഘനം നടത്തുന്നവരെയുമൊക്കെ കൈകാലുകള്‍ മുന്നിലേക്കാക്കി ഇരുമ്പ്‌ ചട്ടക്കൂടില്‍ ബന്ധിച്ച്‌ ശരീരത്തിന്റെ പിന്‍ഭാഗത്ത്‌ ചാട്ടകൊണ്ടടിച്ചിരുന്നു. പരസ്യമായി! വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ടവര്‍ക്ക്‌ മൃഗീയ മര്‍ദ്ദനങ്ങളാണ്‌ നേരിടേണ്ടിവന്നത്‌. തൂക്കുമരം ഇപ്പോഴും മ്യൂസിയത്തില്‍ കാണാം. തൂക്കിലേറ്റുന്നതിന്റെ ഡെമോയും കാണാം. ഇതൊക്കെ കണ്ടുകഴിയുമ്പോള്‍ നാം ഇന്ന്‌ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വില ഇത്രയധികമോ എന്ന്‌ തോന്നിപ്പോകും. കൂട്ടത്തില്‍ ബ്രിട്ടീഷുകാരോടുളള ഒരു മനോവികാരവും; അതിനെ വെറുപ്പെന്ന പറഞ്ഞുകൂടാ. അവരുടെ രാജ്യം ശക്തിപ്പെടുത്തുന്നതിന്‌ ഉപയോഗിച്ച തന്ത്രങ്ങളുടെ ഒരു അവലോകനം എന്റെ മനസ്സിലൂടെ കടന്നുപോയി എന്ന്‌ പറയേണ്ടി വരും...എനിക്ക്‌ യുകെയില്‍ സായിപ്പിന്റെജീവിതം കാണാന്‍ സാധിച്ചപ്പോള്‍ ഒരു കാര്യം ബോധ്യപ്പെട്ടു. സായിപ്പിന്റെ നാട്ടില്‍ കുടിയേറ്റക്കാര്‍ ധാരാളമായുണ്ട്‌. അവര്‍ക്ക്‌ ആദ്യകാലങ്ങളില്‍ വളരെയധികം സൗകര്യങ്ങള്‍ ആ രാജ്യം ചെയ്‌തിട്ടുണ്ട്‌. ഇപ്പോഴും അത്‌ തുടരുന്നുണ്ട്‌. ഇതില്‍ നിന്നും ബോധ്യപ്പെടുന്നത്‌ നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന ജാതീയമായ വേര്‍തിരിവിന്‌ ഇവിടെയുളള ഫ്യൂഡലുകളുടെ ഒപ്പം ചേര്‍ന്ന്‌ അവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ചൂഷണം ചെയ്‌തുവെന്നതാണ്‌. ബ്രിട്ടീഷുകാരുടെ ക്രൂരതകള്‍ക്ക്‌ ഇന്നാട്ടിലുളളവരാണ്‌ കുടപിടിച്ചിരുന്നത്‌ എന്ന്‌ പറയേണ്ടിവരും.

5.45 യാത്രയ്‌ക്കിടയില്‍ ഒരു കൗതുകത്തിന്‌ ആന്തമാന്‍ എന്നാല്‍ എന്താണ്‌ അര്‍ത്ഥമെന്ന്‌ ഗൈഡിനോട്‌ അന്വേഷിച്ചു. `എല്ലാം ലഭിക്കുന്നിടം' എന്നാണ്‌ അര്‍ത്ഥം. ശരിയാണ്‌ ആ മണ്ണില്‍ എന്തുനട്ടാലും വളരും. നമ്മുടെ നാട്ടിലുളള എല്ലാ വൃക്ഷലതാദികളും അവിടെ കാണാം. തെങ്ങും കവുങ്ങും നെല്‍കൃഷിയുമാണ്‌ പ്രധാനം. നല്ല ആരോഗ്യമുളള തെങ്ങും കവുങ്ങും കുലകളായി കായ്‌ചുനില്‍ക്കുന്ന മനോഹരമായ കാഴ്‌ച ഒരിക്കലും മറക്കാന്‍ കഴിയില്ല. വരും കാലത്ത്‌ കവുങ്ങിന്റെ സ്ഥാനത്ത്‌ റബ്ബര്‍ ഇടംപിടിക്കാതിരിക്കട്ടെ എന്ന്‌ ആശിക്കാം. നെല്‍പാടങ്ങള്‍ക്ക്‌ മധ്യത്തായിട്ടായിരുന്നു ഞങ്ങളുടെ താമസസ്ഥലത്തേക്കുലള റോഡ്‌. നെല്‍പാടം നികത്തിയുളള റോഡ്‌. റോഡിന്‌ ഇരുവശവും പല പേരുകളില്‍ വലുതും ചെറുതുമായ റിസോര്‍ട്ടുകള്‍. അവയില്‍ സ്‌നോര്‍ക്കലിംഗ്‌, സ്‌കൂബ ഡൈവിംഗ്‌, സീവാക്ക്‌ എന്നിവയെ കൂടാതെ ആയുര്‍വേദിക്‌ മസാജ്‌ തുടങ്ങി ടൂറിസ്‌റ്റുകളെ ആകര്‍ഷിക്കാനുളളതെല്ലാം ഉണ്ട്‌. ഇവയെല്ലാം ഹാവ്‌ലോക്ക്‌ എന്ന ദ്വീപിലെ കാഴ്‌ചകളാണ്‌. ഈ ദ്വീപിന്റെ 30% സ്ഥലം മാത്രമാണ്‌ ഉപയോഗയോഗ്യം. ബാക്കിയൊക്കെ ചെറിയ മലമ്പ്രദേശമാണ്‌. ഇവിടെ വര്‍ഷത്തില്‍ മുഴുവനും മഴ ലഭിക്കുന്നതിനാല്‍ വെളളം പൊങ്ങാറുളളതുകൊണ്ട്‌ പുതിയ കെട്ടിടങ്ങള്‍ എല്ലാം തന്നെ കോണ്‍ക്രീറ്റ്‌ തൂണുകള്‍ക്ക്‌ മുകളിലാണ്‌. ഭൂമിയില്‍ നിന്ന്‌ ഒരാള്‍ പൊക്കത്തിലായിരിക്കും കെട്ടിടത്തിന്റെ തറനിരപ്പ്‌. മുന്നില്‍ നീളത്തിലുളള പടികള്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ തൂണിന്റെ മുകളിലാണ്‌ കെട്ടിടമെന്ന്‌ ഒറ്റനോട്ടത്തില്‍ അറിയാന്‍ കഴിയില്ല. അടിഭാഗം സ്‌റ്റോറേജ്‌ സ്‌പെയ്‌സായി ഉപയോഗിച്ചിട്ടുണ്ട്‌. കൂടുതലും കൃഷിയാവശ്യങ്ങള്‍ക്കാണ്‌. നമ്മുടെ നാട്ടിലും വെളളപ്പൊക്ക ഭീഷണിയുളള ഇടങ്ങളില്‍ അനുകരണീയമായ മാതൃക. ഇവിടെയുളള പുരാതന ഭവനങ്ങള്‍ അധികവും തടിപ്പലകഭിത്തിയും വനത്തിലെ നീളന്‍ പുല്ല്‌ ഉപയോഗിച്ചുളള ചരിഞ്ഞ മേല്‍ക്കൂരയും ഉളളവയായിരുന്നു. പുല്ലുകൂരയ്‌ക്ക്‌ ആറുവര്‍ഷം വരെ ആയുസ്സുണ്ടത്രെ. ഒാലക്കൂര വര്‍ഷാവര്‍ഷം മാറ്റേണ്ടതിനാലാവും എവിടേയും കണ്ടില്ല.

8.0 ഹാവ്‌ലോക്ക്‌ ദ്വീപിലെ പ്രധാന ആകര്‍ഷണം രാധാനഗര്‍ ബീച്ചാണ്‌. അതിന്റെ മനോഹാരിത വരികളില്‍ ഒതുങ്ങുന്നതല്ല. പഞ്ചാരമണല്‍, നീളം കൂടിയ ചരിവു കുറഞ്ഞ, തിരകളുളള ബീച്ച്‌. ഒരു ഭാഗത്തു നിന്നു നോക്കിയാല്‍ ഒരു വലിയ തടാകം പോലെ തോന്നും. ബീച്ച്‌ തുടങ്ങുന്നിടത്ത്‌ വലിയ വൃക്ഷത്തണല്‍; വൃക്ഷത്തണലില്‍ ഇരിക്കുവാനുളള സൗകര്യങ്ങള്‍ ഉണ്ട്‌. കരിക്കും നാടന്‍ ഫലങ്ങളുടെയും കച്ചവടം തകൃതി. കൂടാതെ ചിപ്പികളും മുത്തുകളും കൊണ്ടുളള കരകൗശലവസ്‌തുക്കള്‍ ബീച്ചിലുപയോഗിക്കാനുളള വസ്‌ത്രങ്ങള്‍ ഒക്കെ കിട്ടും. ഞാനും വാങ്ങി മുത്തുകള്‍ ഇടയ്‌ക്കുവച്ചിട്ടുളള സ്വര്‍ണ്ണനിറമുളള മൂന്നുചുറ്റുളള മനോഹരമായ ചുറ്റുവള.

9.10 ബീച്ചില്‍ പ്രായഭേദമില്ലാതെ എല്ലാവരും വെളളത്തില്‍ തന്നെ. ചരിവ്‌ കുറവായതിനാല്‍ തിരകൊണ്ടുപോകുമെന്ന പേടി വേണ്ട. കേരളത്തിലെ ബീച്ചുകള്‍ താരതമ്യേന ചരിവ്‌ കൂടിയതും അപകടസാധ്യതയുളളതുമാണ്‌. ആന്തമാനിലെ വെളുത്ത പഞ്ചാരമണലും, നീലയും പച്ചയും നിറമുളള കടലും ഓരത്ത്‌ പച്ചപ്പട്ടുപോലുളള മരങ്ങളും ദൂരക്കാഴ്‌ചയ്‌ക്ക്‌ അതിമനോഹരം. ഒരു നീല പട്ടുപാവാടയ്‌ക്ക്‌ വെളളയും പച്ചയും ബോര്‍ഡര്‍ ആണോ എന്ന്‌ വിസ്‌മയിച്ചുപോയി. എത്രനേരം ബീച്ചില്‍ ഉല്ലസിച്ചാലും മതിയാകാത്തപോലെ. ഇതുപോലെ വൃത്തിയും വെടിപ്പുമുളള പ്ലാസ്റ്റിക്‌ മാലിന്യമില്ലാത്ത ബീച്ച്‌ നമ്മുടെ നാട്ടില്‍ കാണാത്തതെന്തുകൊണ്ടെന്ന്‌ ഞാന്‍ ആശ്ചര്യപ്പെട്ടു.

10.00 പോര്‍ട്ട്‌ ബ്ലെയറില്‍ നിന്ന്‌ രണ്ട്‌ മണിക്കൂര്‍ ക്രൂസിംഗ്‌ കഴിഞ്ഞാണ്‌ ഹാവ്‌ലോക്ക്‌ ഐലന്‍ഡില്‍ എത്തിയതെങ്കില്‍ ഇവിടെ നിന്നും അര മണിക്കൂര്‍ ബോട്ടുയാത്രയാണ്‌ അടുത്ത ദ്വീപായ എലിഫെന്റയിലേക്ക്‌. ഇത്രയും പറഞ്ഞപ്പോള്‍ സീ ക്രൂസിങ്ങിനെ കുറിച്ച്‌ പറയാതിരുന്നാല്‍ കേരളത്തില്‍ സീ ക്രൂസിങ്ങിന്റെ സാധ്യതാപഠനം നടത്തിയ ഒരാളെന്ന നിലയില്‍ ഈ കുറിപ്പ്‌ അപൂര്‍ണ്ണമാകും. ക്രൂസിങ്ങ്‌ ബോട്ട്‌ പകല്‍ യാത്രയ്‌ക്ക മാത്രമുളളതാണ്‌. എളുപ്പത്തിനു വേണമെങ്കില്‍ ഒരു ജനശതാബ്ദികോച്ചു പോലെഎന്നു പറയാം. ഒരേ സമയം 200 യാത്രക്കാര്‍ വരെ പോകാം. ക്രൂ ഒക്കെ എയര്‍ഹോസ്‌റ്റസുമാരെ പോലെ ട്രെയിനിംഗ്‌ കിട്ടിയവര്‍. ഫ്‌ളെയിറ്റിലേതിനു സമാനമായ ഭക്ഷണസൗകര്യങ്ങളും ഇരിപ്പിടങ്ങളും. ചെറുകപ്പല്‍ എന്നു പറയാം. രാവിലെയും വൈകിട്ടും ഓരോ ട്രിപ്പുവീതം. പോര്‍ട്ടിലെ ചെക്കിങ്ങുകളും എയര്‍പോര്‍ട്ടിലേതിനു സമാനം. കടലിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകള്‍ താരതമ്യം ചെയ്‌താല്‍ മാത്രമേ നമ്മുടെ നാട്ടില്‍ ചെറുദൂരങ്ങള്‍ക്കായി ഇപ്പറയുന്ന സീ ക്രൂസിങ്ങ്‌ മോഡല്‍ അനുകരണീയമാകുമോ എന്ന്‌ പറയാന്‍ സാധിക്കൂ. സീക്രൂസിങ്ങ്‌ കുറച്ചുസമയത്തേക്കായതിനാല്‍ ആസ്വാദ്യകരമായി തോന്നി.

11.30 ഏഴുപേര്‍ക്ക്‌ കയറാവുന്ന തുറന്ന ബോട്ടിലാണ്‌ എലിഫെന്റ ദ്വീപിലേക്ക്‌ പോയത്‌. മുഷിഞ്ഞ്‌ പഴകിയ ലൈഫ്‌ ജാക്കറ്റ്‌ ഒക്കെയുളള ഒരു സെറ്റപ്പ്‌. `കാലാപാനി' എന്ന പേര്‌ അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഇവിടുത്തെ സമുദ്രജലം. നല്ല കറുപ്പ്‌ നിറം. ഇവിടെയും ധാരാളം ടൂറിസ്റ്റുകള്‍ ഉണ്ട്‌. വൃത്തിയും വെടിപ്പും ഉളള ബീച്ച്‌. ഓരത്ത്‌ ധാരാളം തണല്‍മരങ്ങള്‍. അവയുടെ ചാഞ്ഞ കൊമ്പുകളില്‍ ഇരിക്കുന്നത്‌ വളരെ ആഹ്ലാദദായകം! ക്ഷീണം മാറ്റാന്‍ നാടന്‍ ഫലങ്ങളുടെ സാലഡ്‌. മൊബൈലില്‍ റേഞ്ചില്ല എന്നാണെന്റെ ഓര്‍മ്മ. തീര്‍ത്തും മനസ്സിനെ സ്വര്‍്‌ഗ്ഗലോകത്തില്‍ എത്തിച്ച ഒരു പ്രതീതി. ഇവിടെയും പ്രധാന ആകര്‍ഷണം വാട്ടര്‍ സ്‌പോര്‍ട്‌സ്‌ തന്നെ. സ്‌നോര്‍ക്കലിംഗ്‌, സ്‌കൂബാ ഡൈവിംഗ്‌, ഗ്ലാസ്‌ ബോട്ടിംഗ്‌, ഡൈവിംഗ്‌, സീ വാക്ക്‌, ജെറ്റ്‌ സ്‌ക്രീയിംഗ്‌, പാരാസെയിലിംഗ്‌ ഇവയൊക്കെയാണ്‌ ചിലത്‌. ഇന്ത്യയില്‍ വേറെ എവിടെയും കോറല്‍ റീഫ്‌ ഇല്ല എന്നാണ്‌ ഗൈഡ്‌ പറഞ്ഞത്‌. നനയാന്‍ വയ്യാത്തതിനാല്‍ ഞാനും ഭര്‍ത്താവും ഗ്ലാസ്‌ ബോട്ടിംഗ്‌ നടത്തി. മോന്‍ സ്‌നോര്‍ക്കലിങ്ങിനുപോയി. അവന്‍ വെളളത്തിലിറങ്ങാനുളള സര്‍വ്വ സന്നാഹങ്ങളുമായാണ്‌ യാത്ര തുടങ്ങിയതുതന്നെ. ഗ്ലാസ്‌ ബോട്ടിനടിവശത്തെ സുതാര്യമായ ഗ്ലാസിലൂടെയുളള കാഴ്‌ചകളെല്ലാം അതിമനോഹരം. പല വര്‍ണ്ണങ്ങളിലുളള മീനുകള്‍ കോലാഹലങ്ങള്‍ ഒന്നുമറിയാതെ പവിഴപ്പുറ്റുകള്‍ക്കിടയിലൂടെ അലസം നീന്തിക്കളിക്കുന്നു. ഇതൊക്കെ ബീച്ചില്‍ നിന്നും വെറും നൂറുമീറ്റര്‍ അപ്പുറത്തെ കാഴ്‌ചകളാണ്‌.

5.25 ആന്തമാനില്‍ ഞങ്ങള്‍ക്ക്‌ പോകുവാന്‍ കഴിയാത്ത ഐലന്‍ഡിലൊന്നാണ്‌ ബാരന്‍ ഐലന്‍ഡ്‌. അവിടെ സജീവമായ അഗ്നിപര്‍വ്വതം ഇപ്പോള്‍ പുക തുപ്പുകയാണ്‌. അതുകാണാന്‍ ദിവസേന ധാരാളം പേര്‍ ബോട്ടുകളില്‍ രാത്രി സമയത്ത്‌ പോകുന്നുണ്ട്‌. ദൂരെ നിന്നും പുകയും തീയുമൊക്കെ കാണാന്‍ കഴിയും. ചാരപ്പൊടി പറന്ന്‌ ബോട്ടില്‍വരെ എത്താറുണ്ട്‌. സള്‍ഫര്‍ അടങ്ങിയ പുകയുടെ കാഠിന്യം കാരണം അടുത്തേക്കൊന്നും ആര്‍ക്കും പോകാന്‍ കഴിയില്ല.

13.55 സമയക്കുറവു കാരണം മൂന്നു മണിയോടെ ഹാവ്‌ലോക്ക്‌ ഐലന്‍ഡില്‍ തിരിച്ചെത്തി. വൈകിട്ടത്തെ ക്രൂസിങ്ങ്‌ ട്രിപ്പിന്‌ പോര്‍ട്ട്‌ ബ്ലെയറിലെത്തി. അന്ന്‌ അവിടെ തങ്ങിയ ശേഷം പിറ്റേദിവസം ചെന്നൈ വഴി നാട്ടിലും. കാഴ്‌ചകളൊക്കെ കണ്ടുകഴിഞ്ഞപ്പോള്‍ മനസ്സില്‍ തോന്നിയത്‌ ആന്തമാനില്‍ ഇനിയും ഒരായിരം കാലാപാനി സിനിമകള്‍ നിര്‍മ്മിക്കുവാനുളള ചരിത്രവും മാസ്‌മരികതയും ബാക്കിയുണ്ട്‌ എന്നാണ്‌.

Post your comments