Global block

bissplus@gmail.com

Global Menu

ഇ-കോമേഴ്‌സ് രംഗത്തേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്

സാങ്കേതിക വിദ്യാ രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം എ യൂസഫലി. നിർമ്മിത ബുദ്ധിയിലേതുൾപ്പെടെ ആധുനിക സാങ്കേതിക മേഖലകളിൽ പുതിയ പ്രവണതകൾ പ്രാവർത്തികമാക്കുന്നവർക്ക് മാത്രമേ മാത്രമേ ഭാവിയിൽ വിജയിക്കുവാൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡാനന്തര വാണിജ്യ വ്യവസായ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കൾ ഏറ്റവും മികച്ച ഉല്പന്നങ്ങളും സേവനങ്ങളും ആണ് ആഗ്രഹിക്കുന്നത്. പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കാണ് കൂടുതൽ ആവശ്യകത. നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യയിലേക്ക് ലുലു ഗ്രൂപ്പും മാറിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഈ കോമേഴ്സ് പ്രവർത്തനം വിപുലപ്പെടുത്തുന്നതിനായി കൂടുതൽ ഡാർക്ക് സ്റ്റോറുകൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ കമ്പനി ആരംഭിച്ചു. ആരോഗ്യകരമായ ഉല്പന്നങ്ങൾക്ക് കോവിഡ് കാലത്ത് വൻആവശ്യകതയാണ് ഉപഭോക്താക്കളിൽ നിന്നുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി ബിൻ ദാവൂദ് ഹോൾഡിംഗ് ചീഫ് എക്സിക്യൂട്ടിവ് അഹമ്മദ് ബിൻ ദാവുദ്, അൽ ഷായ ഗ്രുപ്പ് സി.ഇ.ഒ. ജോൺ ഹാഡൺ, നൂൺ സി.ഇ.ഒ ഫറാസ് ഖാലിദ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. അറബ് നെറ്റ് സി.ഇ.ഒ ഒമർ ക്രിസ്റ്റിദിസ് മോഡറേറ്ററായിരുന്നു. സൗദി കിരീടാവകാശിയുടെ മേല്‍നോട്ടത്തിലുള്ള സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറോളം പ്രമുഖരാണ് പങ്കെടുക്കുന്നത്. സൗദിയിലെ നിക്ഷേപവും കോവിഡാനന്തര വെല്ലുവിളികളും സമ്മേളനത്തിൽ ചര്‍ച്ചയാകും. ഈ മാസം 28 വരെ നടക്കുന്ന സമ്മേളനത്തിൽ അയ്യായിരത്തിലേറെ പേര്‍ റിയാദ് റിറ്റ്‌സ് കാള്‍ട്ടണില്‍ നടക്കുന്ന വേദിയിലെത്തും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സുസ്ഥിരത എന്നീ മേഖലയിലാകും പ്രധാന ചര്‍ച്ച. വിവിധ പ്രഖ്യാപനങ്ങളും ഇതിന്റെ ഭാഗമായുണ്ടാകും. സൗദിയിലെ പ്രധാന ടൂറിസം മേഖലയിലെ മാറ്റങ്ങലുടെ പ്രഖ്യാപനവും നടത്തും. ആഗോള നിക്ഷേപകരെ സൗദിയിലെത്തിക്കാന്‍ സൗദി കിരീടാവകാശി രൂപം നല്‍കിയതാണ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്.

Post your comments