Global block

bissplus@gmail.com

Global Menu

ചങ്ങാതിക്കൂട്ടത്തില്‍ നിന്ന്‌ ബൈജൂസ്‌ ആപ്പിലേക്ക്‌........

രാജ്യം മുഴുവന്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക്‌ ചുവട്‌ വയ്‌ക്കുന്നതിന്‌ മുന്‍പേ ഈ മേഖലയിലെ സാധ്യതകള്‍ മനസ്സിലാക്കിയ വ്യക്തിയാണ്‌ കണ്ണൂര്‍ അഴീക്കോട്‌ സ്വദേശി ബൈജൂ രവീന്ദ്രന്‍.ബൈജു ലേണിങ്ങ്‌സ്‌ ആപ്പ്‌ എന്നത്‌ ചെറിയ കുട്ടികള്‍ക്കു വരെ സുപരിചിതം. പരസ്യചിത്രങ്ങളില്‍ എത്തുന്നത്‌ വന്‍ സെലിബ്രിറ്റികള്‍.ഒരു ചെറിയ കോഫി ഷോപ്പില്‍ ചങ്ങാതിക്കൂട്ടത്തിന്‌ കണക്കുപറഞ്ഞുകൊടുത്തു തുടങ്ങിയ ചെറുപ്പക്കാരനില്‍ നിന്ന്‌ ഇന്ത്യയിലെ ഏറ്റവും മൂല്യമുളള കമ്പനിയുടെയും ലോകത്തിലെ ഏറ്റവും മൂല്യമുളള എഡ്യുടെക്‌ കമ്പനിയുടെയും മേധാവിയായി വളര്‍ന്ന ബൈജുവിന്റെ ജീവിതത്തിലൂടെ......

അധ്യാപക ദമ്പതിമാരായ രവീന്ദ്രന്റെയും ശോഭനവല്ലിയുടെയും മകനാണ്‌ രവീന്ദ്രന്‍. പഠനത്തില്‍ പണ്ടേ മിടുമിടുക്കന്‍. അഴീക്കോട്ടെ സര്‍ക്കാര്‍ സ്‌കൂളില്‍ മലയാളം മീഡിയത്തില്‍ പഠനം. ഗണിതം ഇഷ്ടവിഷയം.കണക്കിലെ കളിയും ഗ്രൗണ്ടിലെ കളിയും പ്രിയം.പഠിക്കുന്ന സമയത്ത്‌ മാത്‌സ്‌ ഒളിമ്പ്യാഡിലും, സയന്‍സ്‌ ക്വിസ്സിലുമെല്ലാം വിജയിയായിരുന്നു. കുട്ടിക്കാലത്ത്‌ ഗണിതശാസ്‌ത്ര മല്‍സരങ്ങള്‍ക്കായി കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രകളിലെല്ലാം ബൈജുവിന്റെ കണ്ണ്‌ വഴിയിലെ വൈദ്യുതി പോസ്റ്റുകളിലായിരുന്നു. ഒരു പോസ്റ്റില്‍നിന്ന്‌ രണ്ടാമത്തെ പോസ്റ്റിലേക്കെത്താന്‍ ട്രെയിന്‍ എത്ര സമയമെടുക്കുമെന്നും അങ്ങനെയെങ്കില്‍ മണിക്കൂറില്‍ ട്രെയിനിന്റെ വേഗമെത്രയെന്നും ബൈജു കണക്കുകൂട്ടിക്കൊണ്ടേയിരുന്നു.കണക്കില്‍ ബൈജുവിന്‌ സ്വന്തമായ വഴികളുണ്ടായിരുന്നു. അവ രസകരവുമായിരുന്നു. കണക്കിലെ ഈ രസകരമായ വഴികളും കായികതാരത്തിന്റേതുപോലുളള സദാ പോരാട്ട സജ്ജമായ മനസ്സുമാണ്‌ അന്നും ഇന്നും ബൈജുവിനെ മുന്നോട്ടു നയിക്കുന്നത്‌.

വലിയ ലക്ഷ്യം മാത്രം
സ്‌പോര്‍ട്‌സില്‍ മെസിയും റോജര്‍ ഫെഡററുമാണ്‌ ബൈജുവിന്റെ ഇഷ്ടതാരങ്ങള്‍. തങ്ങളുടേതായ മേഖലകളില്‍ എല്ലാം നേടിയവര്‍. ൈബജുവിന്റെ ലക്ഷ്യവും മറ്റൊന്നല്ല. ഇന്ത്യയിലെ ഏറ്റവും വലിയ എജ്യുടെക്‌ കമ്പനിയാവുക എന്നതായിരുന്നു 2015ലെ ലക്ഷ്യം. ഒരു വര്‍ഷംകൊണ്ട്‌ അതു സാധിച്ചു. ലോകത്തിലെ ഏറ്റവും മൂല്യമുളള എഡ്യ്യുടെക്‌ കമ്പനിയാവുക എന്ന ലക്ഷ്യത്തിലേക്കും അധികം കാത്തിരിപ്പുണ്ടായില്ല. വലിയ ലക്ഷ്യം വയ്‌ക്കുക, അവിടെയെത്താറാകുമ്പോള്‍ ലക്ഷ്യമുയര്‍ത്തുക-അതാണ്‌ ബൈജൂസ്‌ സ്റ്റൈല്‍. ബൗണ്ടറി മറികടന്നാല്‍ സിക്‌സര്‍ കിട്ടുമെങ്കിലും സ്റ്റേഡിയത്തിനു പുറത്തേക്ക്‌ അടിക്കുമ്പോഴല്ലേ ഗാലറിയുടെ ആരവം അറിയാനാകൂ. അത്തരത്തില്‍ ഗാലറിയുടെ ആരവം തേടുന്ന കായികതാരത്തിന്റെ പോരാട്ടസജ്ജമായ മനസ്സാണ്‌ ബൈജുവിന്റേത്‌. വലിയ ലക്ഷ്യങ്ങളിലേക്ക്‌ ബൈജു കുതിച്ചുകൊണ്ടേയിരിക്കുന്നു.....

ഗണിതവഴികളുടെ കുട്ടിക്കാലം

അച്ഛന്‍ രവീന്ദ്രനും അമ്മ ശോഭനവല്ലിയും അധ്യാപകരായി ജോലിനോക്കിയ അഴീക്കോട്‌ ഹൈസ്‌കൂളിലാണ്‌ 5 മുതല്‍ 10 വരെ ബൈജു പഠിച്ചത്‌. അച്ഛനും അമ്മയും പഠിപ്പിക്കാനില്ലാത്ത ഡിവിഷനിലാണു ബൈജുവിനെ ചേര്‍ത്തത്‌. കണക്കില്‍ സ്വന്തം വഴികള്‍ തേടിപ്പോയ ബൈജു കണക്ക്‌ ടീച്ചറായ അമ്മയുടെ സഹായം തേടിയില്ല. പഠിക്കുന്നതു വളരെ പ്രധാനമാണ്‌ എന്നാണ്‌ അവര്‍ മകനെ ഉപദേശിച്ചത്‌. അതെങ്ങനെ വേണം എന്നതില്‍ ബൈജുവിന്‌ സ്വന്തമായ വഴികളുണ്ടായിരുന്നു. ആ സ്വാതന്ത്ര്യം മാതാപിതാക്കള്‍ അനുവദിക്കുകയും ചെയ്‌തു.

പുസ്‌തകപ്പുഴുവല്ല
ഒന്നാംക്ലാസ്‌ മുതല്‍ എഴുതിയ എല്ലാ പരീക്ഷയ്‌ക്കും സ്‌കൂളില്‍ ബൈജുവായിരുന്നു ഒന്നാമന്‍. കണക്കിന്‌ എന്നും നൂറില്‍ നൂറ്‌.എന്നുകരുതി ബൈജു ഒരു പുസ്‌തകപ്പുഴുവായിരുന്നെന്നു കരുതിയാല്‍ തെറ്റി. കളിക്കമ്പക്കാരനായ ബൈജു ക്ലാസില്‍ പോലും കയറാതെ കളിച്ചുനടന്നിട്ടുണ്ട്‌. സ്‌കൂളിലെത്തിയാല്‍ മൈതാനത്ത്‌. വീട്ടിലെത്തിയാല്‍ പാടത്തോ, പറമ്പിലോ, പന്തുരുളുന്നിടത്തെല്ലാം ബൈജുവുണ്ടായിരുന്നു.
ക്രിക്കറ്റ്‌, ഫുട്‌ബോള്‍, ടേബിള്‍ ടെന്നിസ്‌ എന്നിവയാണ്‌ ഇഷ്ട ഇനങ്ങള്‍. മൂന്നിലും സര്‍വകലാശാലാ തലത്തില്‍ മത്സരിച്ചിട്ടുമുണ്ട്‌. ഫുട്‌ബോളിനോടുള്ള ഇഷ്ടം കാരണം നിരവധി തവണ പരിക്കുപറ്റി. പരിക്കു മാറ്റാന്‍ അഞ്ചു ശസ്‌ത്രക്രിയകളാണു ചെയ്‌തത്‌.

കളിച്ചുനടക്കാന്‍ എന്‍ജിനീയറിംഗ്‌്‌
ബൈജുവിനെ ഡോക്ടറായി കാണാനായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാല്‍ പ്രീഡിഗ്രിക്കുശേഷം ബൈജു എന്‍ജിനിയറിങ്‌ പഠിക്കാനാണു ചേര്‍ന്നത്‌. കൂടുതല്‍ ഒഴിവുസമയം കിട്ടുമെന്നും നാലു വര്‍ഷം കൂടി കളിച്ചുനടക്കാമല്ലോ എന്നുമായിരുന്നു മനസ്സില്‍.എന്‍ജിനീയറിങ്‌ കഴിഞ്ഞ പാടേ 2001ല്‍ പ്രമുഖ ഷിപ്‌ മാനേജ്‌മെന്റ്‌ കമ്പനിയില്‍ ജോലി കിട്ടി. മൂന്നര വര്‍ഷത്തെ ജോലിക്കിടെ നാല്‍പതോളം രാജ്യങ്ങള്‍ കറങ്ങി. ജോലിക്കിടയിലെ നീണ്ട അവധി ദിനങ്ങളാണു ബൈജുവിന്റെ ജീവിതം മാറ്റിമറിച്ചത്‌.

ചങ്ങാതിക്കൂട്ടത്തിന്‌ ട്യൂഷന്‍

അവധിക്കാലത്ത്‌ സുഹൃത്തുക്കളെ കാണാന്‍ ബെംഗളൂരുവിലേക്കു വാരാന്ത്യ യാത്രകള്‍ നടത്തുമായിരുന്നു. ഒരിക്കല്‍ അത്തരമൊരു അവധിക്കാലത്ത്‌ ബാംഗ്ലൂരിലെത്തുമ്പോള്‍ സുഹൃത്തുക്കള്‍ സിഎടി (CAT)പരീക്ഷയ്‌ക്കു തയാറെടുക്കുകയായിരുന്നു. കണക്കില്‍ തനിക്കറിയാവുന്ന സൂത്രപ്പണികള്‍ ഫ്‌ളാറ്റിലും കോഫി ഷോപ്പിലും മറ്റും വച്ച്‌ അവര്‍ക്കു പറഞ്ഞുകൊടുത്തു. തമാശയ്‌ക്ക്‌ അവര്‍ക്കൊപ്പം പരീക്ഷയുമെഴുതി. ഫലം വന്നപ്പോള്‍ ടോപ്പര്‍ ബൈജു. കണക്കു പറഞ്ഞുകൊടുത്ത 10ല്‍ നാലുപേര്‍ക്ക്‌ ഐഐഎം പ്രവേശനവും കിട്ടി. ഐഐഎമ്മില്‍ ചേരാന്‍ മകനെ ഉപദേശിക്കണമെന്ന്‌ രവീന്ദ്രനോട്‌ ചില സുഹൃത്തുക്കള്‍ പറഞ്ഞെങ്കിലും മകനെ അറിയാവുന്ന ആ അച്ഛന്‍ അവനെ അവന്റെ വഴിക്കുവിട്ടു.

ക്ലാസ്‌ മുറിയിലേക്ക്‌
അടുത്ത അവധിക്കാലത്ത്‌ ബെംഗളൂരുവിലെത്തിയപ്പോഴും സിഎടി പരീക്ഷാ സമയം. സുഹൃത്തുക്കള്‍ മാത്രമല്ല, അവര്‍ പറഞ്ഞുകേട്ട്‌ മറ്റു ചിലരും ബൈജുവില്‍നിന്നു പഠിക്കാനെത്തി. ഫ്‌ളാറ്റിലും കോഫി ഷോപ്പിലും വച്ചുള്ള പഠനം വേണ്ട, ഏതെങ്കിലും ക്ലാസ്‌മുറിയിലാകാമെന്നു സുഹൃത്തുക്കള്‍ പറഞ്ഞതോടെ ജ്യോതിനിവാസ്‌ കോളജിലെ ക്ലാസ്‌ മുറിയിലായി അധ്യാപനം. ആദ്യ സെഷനില്‍ 35 പേര്‍. രണ്ടാമത്തെ സെഷനില്‍ 85 പേര്‍. 200 പേരായപ്പോള്‍ ക്ലാസ്‌റൂം പോരെന്നായി. കോളജിന്റെ ഓഡിറ്റോറിയം വാടകയ്‌ക്കെടുക്കാമെന്ന നിര്‍ദേശം വച്ചതു വിദ്യാര്‍ഥികളാണ്‌. ഒരു ലക്ഷം രൂപയ്‌ക്കടുത്താണു വാടക. തുക കണ്ടെത്താന്‍ ഒരാളില്‍നിന്ന്‌ ഒരു സെഷന്‌ 1000 രൂപ വീതം വാങ്ങാന്‍ തീരുമാനിച്ചതും ശിഷ്യര്‍ തന്നെ.
അങ്ങനെ വിദ്യാര്‍ഥികള്‍തന്നെ ഫീസ്‌ പിരിച്ച്‌, വിദ്യാര്‍ഥികള്‍ വാടകയ്‌ക്കെടുത്ത ഓഡിറ്റോറിയത്തില്‍ ബൈജു ക്ലാസെടുത്തു. കോഫിഷോപ്പിലെ വിരലിലെണ്ണാവുന്ന വിദ്യാര്‍ഥികളില്‍നിന്ന്‌ ഡല്‍ഹിയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാല്‍ലക്ഷത്തോളം വിദ്യാര്‍ഥികളിലേക്കു വളരാന്‍ ഏതാനും മാസമേ വേണ്ടിവന്നുള്ളൂ.അതായിരുന്നു ബൈജൂസ്‌ ആപ്പിലേക്കുളള ആദ്യ ചവിട്ടുപടി.

പഠിപ്പിക്കാനായി ഇന്ത്യ മുഴുവന്‍ യാത്ര
വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു. ദൂരെയുള്ള സംസ്ഥാനങ്ങളില്‍നിന്നു വിദ്യാര്‍ഥികള്‍ക്ക്‌ ബെംഗളൂരുവിലെത്തുക ബുദ്ധിമുട്ടായതിനാലാണ്‌ അങ്ങോട്ടുചെന്നു പഠിപ്പിക്കുന്ന രീതി തുടങ്ങിയത്‌. ബസും ട്രെയിനും വിമാനവും മാറിക്കയറി, ബസ്‌ സ്റ്റാന്‍ഡിലും ട്രെയിനിലും ഇരുന്നുറങ്ങി, തെരുവിലെ ഭക്ഷണവും കഴിച്ച്‌ ഇന്ത്യയിലെ നഗരങ്ങളിലേക്കെല്ലാം മുടങ്ങാതെ യാത്ര ചെയ്‌താണ്‌ ബൈജു പഠിപ്പിച്ചത്‌. എല്ലാ ആഴ്‌ചയും ഒന്‍പതു നഗരങ്ങളിലേക്കു യാത്ര.2006 മുതല്‍ 2009 വരെ ഇതു തുടര്‍ന്നു.

ബൈജൂസ്‌ ആപ്‌
വിദ്യാര്‍ത്ഥികളുടെ ബാഹുല്യം നിമിത്തം നേരിട്ടുളള പഠിപ്പിക്കല്‍ ബുദ്ധിമുട്ടായതോടെ 2009ലാണു വീഡിയോ വഴിയുള്ള ക്ലാസുകളിലേക്കു മാറിയത്‌. 2011ല്‍ തിങ്ക്‌ ആന്‍ഡ്‌ ലേണ്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനി രൂപീകരിച്ചു. സ്വന്തം വിദ്യാര്‍ഥികളായിരുന്ന എട്ടുപേരാണ്‌ ഒപ്പം ചേര്‍ന്നത്‌. 2013 അവസാനം. മണിപ്പാല്‍ ഗ്രൂപ്പിന്റെ തലവന്‍ രഞ്‌ജന്‍ പൈ നഗരത്തിലെ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ചിറങ്ങവേ ആ കാഴ്‌ച കണ്ട്‌ അദ്‌ഭുതപ്പെട്ടു. രാത്രി 10ന്‌ നാനൂറോളം വിദ്യാര്‍ഥികള്‍ ഹോട്ടലിലെ ഓഡിറ്റോറിയത്തില്‍ നിശബ്ദരായിരുന്ന്‌, മുന്‍പിലെ വീഡിയോ വോളില്‍ നോക്കി കണക്ക്‌ പഠിക്കുന്നു. വീഡിയോയിലുള്ളത്‌ ബൈജു രവീന്ദ്രന്‍. ഇത്രയും ആസ്വദിച്ച്‌ ഇവര്‍ കണക്കു ക്ലാസിനിരിക്കുന്നുണ്ടെങ്കില്‍ പഠിപ്പിക്കുന്നയാള്‍ ചില്ലറക്കാരനല്ലല്ലോ എന്നു പൈ കണക്കുകൂട്ടി. തിങ്ക്‌ ആന്‍ഡ്‌ ലേണ്‍ കമ്പനിയിലേക്ക്‌ ആദ്യനിക്ഷേപമായി 55 കോടി രൂപ വന്നത്‌ ഇങ്ങനെയാണ്‌.
തുടര്‍ന്ന്‌ ബൈജുവും സംഘവും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു കണക്ക്‌ എളുപ്പമാക്കുന്നതിനുള്ള ഉള്ളടക്കം തയാറാക്കുന്ന ജോലിയിലേര്‍പ്പെട്ടു. അന്ന്‌ ആപ്‌ എന്നു ചിന്തിച്ചിരുന്നില്ല. സ്‌മാര്‍ട്‌ ഫോണും മൊബൈല്‍ അപ്ലിക്കേഷനുമെല്ലാം ജനകീയമായതോടെ ഈ ഉള്ളടക്കം പ്രചരിപ്പിക്കാനുള്ള മാര്‍ഗം ആപ്‌ തന്നെയെന്നു നിശ്ചയിച്ചു. 2015 ഓഗസ്റ്റില്‍ ആപ്‌ ലോഞ്ച്‌ ചെയ്‌തു. ബൈജുവിന്റെ ക്ലാസ്‌ എന്ന പേരങ്ങനെ ബൈജുവിന്റെ ആപ്‌ എന്നായി മാറി. ഇന്ന്‌ മൂവായിരത്തിലേറെ ജീവനക്കാരുള്ളതില്‍ 60 ശതമാനം പേരും പഴയ വിദ്യാര്‍ഥികള്‍.

എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ്‌ ആദ്യം കണക്കു പഠിപ്പിച്ചു തുടങ്ങിയത്‌. അതും 10ലും 12ലുമൊക്കെ പഠിക്കുന്ന അയല്‍പക്കത്തെ ചേട്ടന്‍മാര്‍ക്ക്‌. കണക്കില്‍ മിടുക്കനായ ബൈജുവിനെ തേടി സംശയങ്ങളുമായി കുട്ടികള്‍ എത്തുകയായിരുന്നു
ബൈജുവില്‍നിന്ന്‌ എത്രപേര്‍ കണക്കു പഠിച്ചെന്നു ചോദിച്ചാല്‍ കൃത്യമായൊരുത്തരമില്ല. 2005 മുതല്‍ 2015ല്‍ ആപ്‌ ലോഞ്ച്‌ ചെയ്യുന്നതുവരെയുള്ള 10 വര്‍ഷത്തെ ശിഷ്യരുടെ കണക്ക്‌ തിട്ടപ്പെടുത്തിയിട്ടുമില്ല. ഇന്ന്‌ ബൈജൂസ്‌ ആപ്പ്‌ ലോകത്തിന്റെ പാഠശാലയായി മാറിയിരിക്കുന്നു. എവിടെയും ബൈജു സ്വയം പരിചയപ്പെടുത്തുന്നത്‌ "ഞാന്‍ വരുന്നത്‌ കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍നിന്നാണ്‌'- എന്നു പറഞ്ഞാണ്‌. അവിടെ നിന്ന്‌ താന്‍ ഇവിടെവരെയെത്തിയതിന്‌ കുറുക്കുവഴികളില്ല എന്ന്‌ ധ്വനി. കമ്പനിയില്‍ നിക്ഷേപം നടത്താനെത്തിയ ഫെയ്‌സ്‌ബുക്‌ സ്ഥാപകന്‍ മാര്‍ക്ക്‌ സക്കര്‍ബര്‍ഗിനു മുന്‍പില്‍ കസേര വലിച്ചിട്ടിരുന്നതും അതേ ആര്‍ജ്ജവത്തോടെ തന്നെ. കുട്ടിക്കാലത്ത്‌ റേഡിയോയില്‍ ക്രിക്കറ്റ്‌ കമന്ററി കേട്ടാണ്‌ ബൈജു ഇംഗ്ലീഷ്‌ പഠിച്ചത്‌. ആ അടിത്തറയില്‍നിന്നാണ്‌ നാലര മണിക്കൂര്‍ തുടര്‍ച്ചയായി ഇംഗ്ലിഷില്‍ ക്ലാസെടുക്കുന്നത്‌.

കൂട്ടുകുടുംബം
അഴീക്കോട്‌ വന്‍കുളത്തുവയല്‍ തയ്യിലെ വളപ്പില്‍ വീട്ടില്‍ 22 വയസ്സുവരെ ബൈജു വളര്‍ന്നത്‌ കൂട്ടുകുടുംബത്തിലാണ്‌. അച്ഛന്റെ സഹോദരങ്ങളും അവരുടെ മക്കളുമുള്‍പ്പെടെ ഇരുപതോളം പേരുണ്ടായിരുന്നു തറവാട്ടില്‍. ഇന്ന്‌ തറവാടിനു ചുറ്റും വീടുകള്‍ വച്ച്‌ കൂട്ടുകുടുംബമായിത്തന്നെ മുന്നോട്ടുപോകുന്നു. ഒപ്പം കളിച്ചുവളര്‍ന്ന അഞ്ചു കസിന്‍സില്‍ നാലുപേരും കംപ്യൂട്ടര്‍ സയന്‍സ്‌ പഠനം കഴിഞ്ഞ്‌ ഏകസഹോദരന്‍ റിജുവും ബൈജുവിനൊപ്പം ബെംഗളൂരുവിലുണ്ട്‌. ബൈജുവിന്റെ ഭാര്യ ദിവ്യ ഗോകുല്‍നാഥ്‌ കര്‍ണാടകക്കാരിയാണ്‌. തന്റെ വിദ്യാര്‍ഥിനിയായിരുന്ന ദിവ്യയെ ബൈജു ഒപ്പം കൂട്ടുകയായിരുന്നു. കമ്പനിയുടെ ഡയറക്ടറും അധ്യാപികയുമാണ്‌ ഇന്നു ദിവ്യ. മകന്‍ അഞ്ചുവയസ്സുകാരന്‍ നിഷ്‌ ബൈജു. കണക്കിലെ മികവില്‍ നിന്ന്‌ ബിസിനസിലേക്ക്‌ വളര്‍ന്ന കഥ ചോദിക്കുന്നവരോട്‌ ബൈജു പറയുന്നു....ബിസിനസ്‌ ഈസ്‌ എ കാല്‍കുലേറ്റഡ്‌ റിസ്‌ക്‌.. അതെ കൃത്യമായ കണക്കൂകൂട്ടലിലൂടെ പോകുന്നതുകൊണ്ടാണ്‌ ബൈജൂസ്‌ ആപ്പ്‌ എന്ന ബിസിനസ്‌ വളരുന്നത്‌...അതിരുകളില്ലാതെ....

ബൈജുവിന്റെ ഒരു ദിനം

രാവിലെ 4ന്‌ ഉണരും
5 മുതല്‍ 7 വരെ ഓട്ടവും കളിയും.
7.30ന്‌ ഓഫിസില്‍. 12 മണിക്കൂര്‍ ജോലി
രാത്രി 8.30 മുതല്‍ 11 വരെ കുടുംബത്തിനൊപ്പം
ഉറക്കം രാത്രി 12ന്‌

അവസരങ്ങളേറെയെന്ന്‌ ദിവ്യ
ബൈജൂസിന്റെ സഹസ്ഥാപകയും ഡയറക്ടറുമാണ്‌ ബൈജു രവീന്ദ്രന്റെ ഭാര്യ ദിവ്യ ഗോകുല്‍നാഥ്‌. ബയോടെക്‌നോളജിയില്‍ എന്‍ജിനീയറിങ്‌ പൂര്‍ത്തിയാക്കിയ ശേഷം വിദേശത്ത്‌ പിജി ചെയ്യാനുള്ള ഒരുക്കത്തിനിടെയാണ്‌ ബൈജുവിനെ പരിചയപ്പെട്ടതെന്ന്‌ ദിവ്യ പറയുന്നു. ഗ്രാജ്വേറ്റ്‌ റെക്കോര്‍ഡ്‌ എക്‌സാമിനേഷന്‍സ്‌ (ജിആര്‍ഇ) പരിശീലനത്തിനായി മാത്‌സ്‌ ഒന്നു മെച്ചപ്പെടുത്തണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നു. അപ്പോഴാണ്‌ ബൈജു രവീന്ദ്രന്‍ ഗണിതാധ്യാപകനെ കുറിച്ച്‌ കേള്‍ക്കുന്നത്‌. അങ്ങനെ ക്ലാസില്‍ ചേര്‍ന്നു. ആദ്യബാച്ചിലെ വിദ്യാര്‍ത്ഥിനിയായിരുന്നു താനെന്നും എപ്പോഴും സംശയങ്ങള്‍ ചോദിക്കുമായിരുന്നെന്നും ദിവ്യ പറയുന്നു. എന്തുകൊണ്ട്‌ പഠിപ്പിച്ചുകൂടാ എന്ന ഒറ്റ ചോദ്യത്തിലൂടെ തന്റെ ജീവിതം മാറ്റിമറിച്ചത്‌ ബൈജുവാണെന്നും ദിവ്യ പറയുന്നു. അങ്ങനെ അധ്യാപനരംഗത്തേക്ക്‌. പിന്നീട്‌ ബൈജൂസിന്റെ സഹസ്ഥാപക, ബൈജുവിന്റെ ജീവിതസഖി, കമ്പനി ഡയറക്ടര്‍ എന്നിങ്ങനെ ഉത്തരവാദിത്തങ്ങളേറി.

എഡ്‌ടെക്‌ മേഖലയില്‍ ഇനിയും ഒരുപാട്‌ അവസരങ്ങളുണ്ടെന്നാണ്‌ ദിവ്യയുടെ പക്ഷം. തങ്ങള്‍ നടത്തുന്ന ഒരു ഏറ്റെടുക്കലും വളരെ ആലോചിച്ചാണെന്നും കമ്പനികളെക്കുറിച്ച്‌ വ്യക്തമായി പഠിച്ചശേഷമാണ്‌ ഏറ്റെടുക്കലെന്നും ദിവ്യ പറയുന്നു.

എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ്‌ ആദ്യം കണക്കു പഠിപ്പിച്ചു തുടങ്ങിയത്‌. അതും 10ലും 12ലുമൊക്കെ പഠിക്കുന്ന അയല്‍പക്കത്തെ ചേട്ടന്‍മാര്‍ക്ക്‌. കണക്കില്‍ മിടുക്കനായ ബൈജുവിനെ തേടി സംശയങ്ങളുമായി കുട്ടികള്‍ എത്തുകയായിരുന്നു ബൈജുവില്‍നിന്ന്‌ എത്രപേര്‍ കണക്കു പഠിച്ചെന്നു ചോദിച്ചാല്‍ കൃത്യമായൊരുത്തരമില്ല.

മണിപ്പാല്‍ ഗ്രൂപ്പിന്റെ തലവന്‍ രഞ്‌ജന്‍ പൈ നഗരത്തിലെ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ചിറങ്ങവേ ആ കാഴ്‌ച കണ്ട്‌ അദ്‌ഭുതപ്പെട്ടു. രാത്രി 10ന്‌ നാനൂറോളം വിദ്യാര്‍ഥികള്‍ ഹോട്ടലിലെ ഓഡിറ്റോറിയത്തില്‍ നിശബ്ദരായിരുന്ന്‌, മുന്‍പിലെ വീഡിയോ വോളില്‍ നോക്കി കണക്ക്‌ പഠിക്കുന്നു. വീഡിയോയിലുള്ളത്‌ ബൈജു രവീന്ദ്രന്‍. ഇത്രയും ആസ്വദിച്ച്‌ ഇവര്‍ കണക്കു ക്ലാസിനിരിക്കുന്നുണ്ടെങ്കില്‍ പഠിപ്പിക്കുന്നയാള്‍ ചില്ലറക്കാരനല്ലല്ലോ എന്നു പൈ

 

Post your comments