Global block

bissplus@gmail.com

Global Menu

വന്‍സ്രാവുകളെ വകഞ്ഞുമാറ്റി ബൈജൂസ്‌ കുതിക്കുന്നു.......

അതിസമ്പന്നരിലെ ഏക യുവമലയാളി......ജുന്‍ജുന്‍വാലയെയും ആനന്ദ്‌ മഹീന്ദ്രയേക്കാള്‍യെയും കടത്തിവെട്ടി. 24,300 കോടിയുടെ സമ്പത്ത്‌....

സ്വപ്‌നതുല്യമായ നേട്ടം!!!! ബൈജൂസ്‌ ആപ്പ്‌ എന്ന എഡ്യുക്കേഷന്‍ ആപ്ലിക്കേഷന്റെയും അതിന്റെ അമരക്കാരനായ ബൈജു രവീന്ദ്രന്റെയും വളര്‍ച്ച കാണുമ്പോള്‍ ഏതൊരാള്‍ക്കും അങ്ങനെയേ തോന്നൂ. പക്ഷേ, സ്വപ്‌നങ്ങളെ കാര്യക്ഷമതയോടെ പിന്തുടര്‍ന്നും ശരിയായ ആസൂത്രണത്തിലൂടെ പ്രവര്‍ത്തിച്ചും കഠിനാധ്വാനം ചെയ്‌തുമാണ്‌ താനിവിടെ വരെയെത്തിയതെന്ന്‌ ബൈജു പറയും;അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും കുടുംബവും. ഒരു ചെറിയ സ്റ്റാര്‍ട്ടപ്പില്‍ നിന്ന്‌ വന്‍കിട ഏറ്റെടുക്കലുകള്‍ നടത്തുന്ന എഡ്യുടെക്‌ വമ്പനായി കേരളത്തിന്റെ സ്വന്തം ബൈജൂസ്‌ വളരുകയാണ്‌. ബൈജൂസിന്റെ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലും അത്‌ ലോകശ്രദ്ധ പിടിച്ചുപറ്റുന്ന വാര്‍ത്തയായി.ഇപ്പോള്‍ വീണ്ടും ബൈജൂസിന്റെ സാരഥി വാര്‍ത്തയിലെ താരമാകുന്നത്‌ പത്താമത്‌ ഹുറൂണ്‍ റിച്ച്‌ ലിസ്റ്റ്‌ പുറത്തിറങ്ങിയതോടെയാണ്‌. അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയിലെ പല വമ്പന്മാരെയും കടത്തിവെട്ടി ബൈജു രവീന്ദ്രന്‍ മുന്നേറിയിരിക്കുന്നു. ഇന്ത്യയില്‍ കൊവിഡ്‌ കാലത്തും സമ്പത്ത്‌ വളര്‍ത്തിയ സഹസ്രകോടീശ്വരന്മാരില്‍ ഒരാളായി കണ്ണൂരുകാരന്‍ ബൈജുവും. എത്രയോ കാലമായി കുടുംബ ബിസിനസില്‍ നില്‍ക്കുന്ന, തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ആദ്യ സ്ഥാനങ്ങള്‍ നേടിയെടുക്കുന്ന മുകേഷ്‌ അംബാനിക്കും അദാനിക്കുമൊക്കെ ഒപ്പം ഹുറൂണ്‍ പട്ടികയിലെ ആദ്യ 70 പേരിലെഏക മലയാളി യുവസാന്നിധ്യമായി ബൈജു രവീന്ദ്രന്‍മാറിയെന്നു മാത്രമല്ല, രാകേഷ്‌ ജുന്‍ജുന്‍വാല അടക്കമുള്ള സമ്പന്നരെക്കാളും മുന്നിലെത്തിയെന്നതാണ്‌ നേട്ടം.ഐഐഎഫ്‌എല്‍ വെല്‍ത്ത്‌ ഹുറൂണ്‍ ഇന്ത്യ റിച്ച്‌ ലിസ്റ്റ്‌ 2021 അനുസരിച്ച്‌, സമ്പത്തില്‍ ഇന്ത്യയിലെ 67ാം സ്ഥാനക്കാരനാണ്‌ ബൈജു.

ഇന്ത്യയിലെ എയ്‌സ്‌ നിക്ഷേപകനായ രാകേഷ്‌ ജുന്‍ജുന്‍വാലയെ മാത്രമല്ല ബൈജു കടത്തിവെട്ടിയത്‌. ആനന്ദ്‌ മഹീന്ദ്രയും കുടുംബവും പോലും സമ്പത്തില്‍ ബൈജുവിന്‌ താഴെയാണ്‌. ബൈജുവിന്റെയും കുടുംബത്തിന്റേതുമായ സമ്പത്ത്‌ 19 ശതമാനം വര്‍ധിച്ച്‌ 24,300 കോടി രൂപയായപ്പോള്‍, സോഹോയുടെ രാധ വെമ്പുവിന്റെ സമ്പത്ത്‌ 23,100 കോടി രൂപയും ജുന്‍ജുന്‍വാലയുടേത്‌ 22,300 കോടി രൂപയും ആനന്ദ്‌ മഹീന്ദ്രയുടെയും കുടുംബത്തിന്റെയും സ്വത്ത്‌ 22,000 കോടി രൂപയുമാണ്‌. നന്ദന്‍ നിലേകനിയും കുടുംബത്തിന്റെ സമ്പത്തും 20,900 കോടി രൂപയുമാണ്‌.യുപിഐ സേവന ദാതാക്കളായ ഭാരത്‌ പേ സാരഥി നക്രണിയാണ്‌ ഹുറൂണ്‍ ലിസ്റ്റില്‍ സ്ഥാനമുറപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 23 കാരനാണ്‌ നക്രാണി.തുടര്‍ച്ചയായ പത്താം വര്‍ഷവും ഏറ്റവും വലിയ സമ്പന്നനായി റിലയന്‍സ്‌ ഗ്രൂപ്പിന്റെ മുകേഷ്‌ അംബാനി തന്നെ. രണ്ടാം സ്ഥാനത്ത്‌ അദാനി ഗ്രൂപ്പ്‌ തലവന്‍ ഗൗതം അദാനി തുടരുന്നു. എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ്‌നാടാരും കുടുംബവുമാണ്‌ സമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്‌.

പറഞ്ഞുവന്നത്‌ ബൈജൂസിനെ കുറിച്ചാണല്ലോ. കൊവിഡ്‌ പശ്ചാത്തലത്തില്‍ രാജ്യത്തെ ഓണ്‍ലൈന്‍ പഠന മേഖലയുടെ വളര്‍ച്ച 40 കാരനായ ബൈജു രവീന്ദ്രന്റെയും കുടുംബത്തിന്റെയും സമ്പത്തും വര്‍ധിപ്പിച്ചു. നിരവധി വമ്പന്‍ നിക്ഷേപകരാണ്‌ ബൈജുവിന്റെ കമ്പനിയിലേക്കെത്തിയത്‌. ഏറ്റെടുക്കലും വളര്‍ച്ചയും എല്ലാം കണ്ണടച്ചുതുറക്കും വേഗത്തില്‍. ഇത്രവേഗം അതിസമ്പന്നരുടെ നിരയിലേക്കെത്തിയ മറ്റൊരു മലയാളിയില്ല തന്നെ.
ലോകത്തെ ഏറ്റവും മൂല്യമേറിയ എഡ്യുടെക്‌ സ്റ്റാര്‍ട്ടപ്പാണ്‌ ഇന്ന്‌ ബൈജൂസ്‌.ഒരു സ്റ്റാര്‍ട്ടപ്പ്‌ എന്നതെല്ലാം മറന്ന്‌ വന്‍ ഏറ്റെടുക്കല്‍ പരമ്പര തന്നെ നടത്തുകയാണ്‌ ബൈജൂസ്‌. ആറ്‌ മാസത്തിനിടെ മാത്രം ഏറ്റെടുക്കലുകള്‍ക്കായി ചെലവഴിച്ചത്‌ ഏകദേശം 15,000 കോടി രൂപ. 2021ല്‍ മാത്രം ബൈജൂസ്‌ ഏറ്റെടുത്തത്‌ ഏഴ്‌ സംരംഭങ്ങളെയാണ്‌. അടുത്തിടെയാണ്‌ സിംഗപ്പൂര്‍ കേന്ദ്രമാക്കിയ അപ്‌ സ്‌കില്ലിംഗ്‌ പ്ലാറ്റ്‌ഫോമായ ഗ്രേറ്റ്‌ ലേണിംഗിനെ 600 മില്യണ്‍ ഡോളറിന്‌ ബൈജൂസ്‌ ഏറ്റെടുത്തത്‌. ആകാശ്‌ ഇന്‍സ്റ്റിറ്റിയൂട്ടിനെ ഏറ്റെടുത്തതാകട്ടെ ഏകദേശം ഒരു ബില്യണ്‍ ഡോളറിനാണ്‌. ടോപ്പര്‍, എപിക്ക്‌, ഗ്രേഡ്‌ അപ്പ്‌, ഹാഷ്‌ ലേണ്‍, സ്‌കോളര്‍ തുടങ്ങിയവയാണ്‌ ബൈജൂസ്‌ 2021ല്‍ ഏറ്റെടുത്ത മറ്റ്‌ കമ്പനികള്‍. അതിന്‌ മുമ്പ്‌ നടത്തിയ വലിയ ഏറ്റെടുക്കലുകള്‍ വൈറ്റ്‌ഹാറ്റ്‌ ജൂനിയര്‍, ഓസ്‌മോ, മാത്ത്‌ അഡ്വഞ്ചര്‍ എന്നിവയുടേതാണ്‌. ഇത്രയും ഏറ്റെടുക്കലുകള്‍ക്ക്‌ ശേഷവും ബൈജൂസിന്റെ പക്കല്‍ ഏകദേശം 100 കോടി ഡോളര്‍ ക്യാഷ്‌ ഉണ്ടത്രെ.

കമ്പനിയില്‍ ഇപ്പോഴും 25 ശതമാനത്തിലധികം ഓഹരി ബൈജു രവീന്ദ്രന്‌ തന്നെയാണ്‌. 2011ല്‍ ആരംഭിച്ച ബൈജൂസിലേക്ക്‌ ഇതിനോടകം തന്നെ 30 നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബൈജു രവീന്ദ്രന്‌ സാധിച്ചിട്ടുണ്ട്‌ എന്നതാണ്‌ ശ്രദ്ധേയം. ഇനിയും കമ്പനിയില്‍ നിക്ഷേപിക്കാന്‍ വമ്പന്മാര്‍ തയ്യാര്‍. നിലവില്‍ 80 മില്യണ്‍ ഉപഭോക്താക്കളാണ്‌ ബൈജൂസ്‌ പ്ലാറ്റ്‌ഫോമിലുള്ളത്‌. ഇന്ത്യക്ക്‌ പുറത്ത്‌ യുഎസ്‌ ഉള്‍പ്പടെയുള്ള വിപണികളില്‍ വന്‍ നേട്ടമുണ്ടാക്കാനാണ്‌ കമ്പനി പദ്ധതിയിട്ടിരിക്കുന്നത്‌.അതൊക്കെ മുന്‍കൂട്ടി കണ്ടാണ്‌ വന്‍ ഏറ്റെടുക്കലുകള്‍. വിദേശത്ത്‌ കോഡിംഗ്‌, അപ്‌ സ്‌കില്ലിംഗ്‌ രംഗങ്ങളിലായിരിക്കും ശ്രദ്ധയൂന്നുക. കോവിഡ്‌ മഹാമാരിക്ക്‌ ശേഷം ഓണ്‍ലൈന്‍ പഠനരംഗത്തുണ്ടായ കുതിപ്പ്‌ പരമാവധി മുതലെടുക്കുകയെന്ന ഉദ്ദേശ്യത്തിലാണ്‌ ചെറുകിട എതിരാളികളെയും വമ്പന്മാരെയും എല്ലാം ഒരുപോലെ ഏറ്റെടുക്കാന്‍ ബൈജൂസ്‌ ഇറങ്ങിത്തിരിച്ചിരിക്കുന്നത്‌. ഏറ്റെടുക്കലുകള്‍ ഇനിയും ഊര്‍ജസ്വലമായി തുടങ്ങുമെന്ന്‌ തന്നെയാണ്‌ സൂചന. പുതുനേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ ബൈജൂസിന്റെ വളര്‍ച്ചയുടെ കഥ വായനക്കാര്‍ക്കു മുന്നില്‍ വയ്‌ക്കുകയാണ്‌ ബിസിനസ്‌ പ്ലസ്‌. സംരംഭങ്ങള്‍ക്ക്‌ സാധ്യതയേറിയ കാലത്ത്‌ പുതുസംരംഭകര്‍ക്ക്‌ പ്രചോദനമാകും ബൈജൂസിന്റെ വിജയഗാഥ......

Post your comments