Global block

bissplus@gmail.com

Global Menu

ഭാവി ഇ-വാഹനങ്ങളുടേത്‌ സാരഥിയായി ഇഎംസി

 

ഇലക്ട്രിക്‌ വാഹനങ്ങളെക്കുറിച്ചുളള ചര്‍ച്ചകള്‍ക്ക്‌ നാല്‌ പതിറ്റാണ്ടിലേറെ പ്രായമുണ്ട്‌. പെട്രോള്‍-ഡീസല്‍-പാചകവാതക വില ജനജീവിതം പൊളളിക്കുമ്പോള്‍ ഇലക്ട്രിക്‌ വാഹനങ്ങള്‍ പ്രതീക്ഷയുടെ പുതുവഴികള്‍ തീര്‍ക്കുന്നു. ഫോസില്‍ ഇന്ധനങ്ങളെ മാത്രം ആശ്രയിച്ചുളള മനുഷ്യന്റെ സഞ്ചാരത്തിന്‌ ഇനി അധികം ആയുസ്സില്ലെന്ന്‌ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പേ തന്നെ വിദഗ്‌ദ്ധര്‍ മുന്നറിയിപ്പുനല്‍കിയതാണ്‌. വൈകിയാണെങ്കിലും അതു മനസ്സിലാക്കിയ ലോകം ഇപ്പോള്‍ പുതുമാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുകയാണ്‌. കാലാവസ്ഥാവ്യതിയാനത്തില്‍ ആഗോളതലത്തിലുളള ബോധവത്‌ക്കരണം നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്‌. നിലവില്‍ വാഹനങ്ങളെല്ലാം ഓടുന്നത്‌ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചാണ്‌. ഓസോണ്‍ പാളിയുടെ ശോഷണത്തിനും അതുവഴി ആഗോളതാപനത്തിനും കാരണമാകുന്ന കാര്‍ബണ്‍ പുറംതളളലില്‍ ഒന്നാം സ്ഥാനം വാഹനങ്ങള്‍ക്കു തന്നെയാണ്‌. അപ്പോള്‍ മനുഷ്യരാശിയുടെ നിലനില്‌പിന്‌ ഭീഷണിയല്ലാത്ത വ്യത്യസ്‌തമായ ഒരു സാങ്കേതികവിദ്യ വരേണ്ടത്‌ അനിവാര്യമാണ്‌. അത്‌ മനസ്സിലാക്കി വിവിധ രാജ്യങ്ങളിലെ ഗവേഷണവിഭാഗവും സര്‍ക്കാരുകളും അത്തരമൊരു സങ്കേതത്തിനായുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും വളരെയധികം മുന്നോട്ടുപോകുകയും ചെയ്‌തു കഴിഞ്ഞു. ഇന്ത്യയുമതേ. ഈ സാഹചര്യത്തിലാണ്‌ വിദ്യൂച്ഛക്തി (വൈദ്യുതി) ഉപയോഗിച്ച്‌ ഓടുന്ന വാഹനങ്ങള്‍ക്ക്‌ പ്രചാരമേറുന്നത്‌. മറ്റ്‌ രാജ്യങ്ങളെന്ന പോലെ ഇന്ത്യയും ഇപ്പോള്‍ ഇലക്ട്രിക്‌ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌- 'ഗോ ഇലക്ട്രിക്‌' ക്യാമ്പയിനിലൂടെ. ഇന്ധനവിലവര്‍ദ്ധനയും ഭാവിയില്‍ വന്നുഭവിച്ചേക്കാവുന്ന ക്ഷാമവും മാത്രമല്ല ഇതിന്‌ കാരണം; ഡല്‍ഹി ഉള്‍പ്പെടെയുളള നഗരങ്ങളിലെ വായുമലീനീകരണവും കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യത്തിന്‌ വന്നുഭവിച്ചേക്കാവുന്ന വിപത്തുകളെ കുറിച്ചുളള ബോധ്യവും കൂടിയാണ്‌. കേന്ദ്രസര്‍ക്കാരിന്റെ 'ഗോ ഇലക്ട്രിക'്‌' ക്യാമ്പയിനിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഓരോ സംസ്ഥാനത്തിലും നോഡല്‍ ഏജന്‍സി ആവശ്യമാണ്‌. കേരളമാണ്‌ ഇക്കാര്യത്തില്‍ ആദ്യ ചുവടുവയ്‌പ്‌ നടത്തിയത്‌. 1996ല്‍ സംസ്ഥാനത്തെ നിയുക്ത ഏജന്‍സി (എസ്‌ഡിഎ) ആയി ഊര്‍ജ്ജ മാനേജ്‌മെന്റ്‌ സെന്റര്‍ (ഇഎംസി ) സ്ഥാപിച്ചത്‌ ഇപ്പോഴത്തെ മുഖ്യമന്ത്രി വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണെന്നതും ഒരു അപൂര്‍വ്വതയാണ്‌.

പുത്തന്‍ ആശയമല്ല

ഇലക്ട്രിക്‌ വാഹനമെന്നത്‌ പുതിയ ആശയമൊന്നുമല്ല. 1980കള്‍ മുതലേ ഇലക്ട്രിക്‌ വാഹനങ്ങള്‍ വന്നിട്ടുണ്ടായിരുന്നുവെങ്കിലും ഇന്ധനങ്ങള്‍ കുറഞ്ഞ വിലയ്‌ക്ക്‌ സുലഭമായിരുന്നതിനാല്‍ ജനങ്ങള്‍ അതിലേക്ക്‌ പോയില്ല. ഇലക്ട്രിക്‌ ട്രാക്ഷന്‍ എന്ന സാങ്കേതികവിദ്യ വളരെ മുമ്പുതന്നെ മനുഷ്യന്‍ തീവണ്ടിയിലും മറ്റും ഉപയോഗിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ സങ്കേതത്തെ ഒരു മൊഡ്യൂള്‍ രൂപത്തിലാക്കി ചെറുകിട വാഹനങ്ങളിലേക്ക്‌ കൊണ്ടുവന്നിരിക്കുകയാണ്‌. പുതിയ രൂപത്തില്‍ അതിന്റെ സ്വീകാര്യത വര്‍ദ്ധിച്ചെങ്കിലും വില ഒരു തടസ്സമായി പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇലക്ട്രിക്‌ വാഹനങ്ങള്‍ക്ക്‌ ഉദ്ദേശിച്ച ജനകീയത കൈവരണമെങ്കില്‍ അതിന്റെ വില കുറച്ചുകൂടി കുറയേണ്ടതുണ്ട്‌. അതിനുവേണ്ടി 2019ലെ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ പോളിസിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

2022 ആകുമ്പോഴേക്കും പത്തുലക്ഷം ഇലക്ട്രിക്‌ വാഹനങ്ങളെങ്കിലും നിരത്തിലിറങ്ങണം എന്നാണ്‌ കേരള ഇലക്ട്രിക്‌ വെഹിക്കിള്‍ പോളിസില്‍ പറയുന്നത്‌. കൊവിഡ്‌ പശ്ചാത്തലത്തില്‍ അത്‌ കുറച്ചുനീണ്ടുപോയേക്കാമെങ്കിലും 2024ഓടെയെങ്കിലും പത്ത്‌ ലക്ഷം ഇലക്ട്രിക്‌ വാഹനങ്ങള്‍ നിരത്തിലിറങ്ങണമെന്നാണ്‌ ലക്ഷ്യമിടുന്നത്‌. അത്രയും വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ തീര്‍ച്ചയായും സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്‌. ആ സമയത്താണ്‌ FAME വണ്‍ സബ്‌സിഡിയും FAME2 സബ്‌സിഡിയും കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രിക്‌ വാഹനങ്ങള്‍ക്കായി കൊണ്ടുവന്നത്‌. ഈ സബ്‌സിഡികള്‍ പാസഞ്ചര്‍ ടാക്‌സി അല്ലെങ്കില്‍ കമേഴ്‌സ്യല്‍ പര്‍പ്പസ്‌ കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, മുച്ചക്രവാഹനങ്ങള്‍ എന്നിവയ്‌ക്കാണ്‌. ചാര്‍ജ്ജിംഗ്‌ സ്റ്റേഷനുകള്‍ക്ക്‌ ഉള്‍പ്പെടെ ഇതിനുവേണ്ട പിന്തുണയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഗോ ഇലക്ട്രിക്‌ ക്യാമ്പയിന്‍
കേന്ദ്രസര്‍ക്കാരിന്റെ സ്‌കീമാണ്‌ 'ഗോ ഇലക്ട്രിക്‌' ക്യാമ്പയിന്‍. ഫോസില്‍ ഇന്ധനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന രണ്ട്‌ മേഖലകളാണ്‌ ഗതാഗതം, പാചകം എന്നിവ. ജനങ്ങളെ നേരിട്ട്‌ ബാധിക്കുന്ന മേഖലകളാണിവ. അതുകൊണ്ടുതന്നെ ഈ മേഖലകളെ വൈദ്യുത സങ്കേതങ്ങളിലേക്ക്‌ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ 'ഗോ ഇലക്ട്രിക്‌' ക്യാമ്പയിന്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്‌. ഇതിനെ ജനങ്ങളുടെ ഇടയിലേക്കെത്തിക്കാനുളള കേരളത്തിലെ നോഡല്‍ ഏജന്‍സി എനര്‍ജി മാനേജ്‌മെന്റ്‌ സെന്റര്‍ (ഇഎംസി)ആണ്‌. ഇതിനായി വിവിധ പരിപാടികള്‍ എനര്‍ജി മാനേജ്‌മെന്റ്‌ സെന്റര്‍ നടത്തുന്നുണ്ട്‌. ജനങ്ങളെ ബോധവത്‌ക്കരിക്കാനുളള സെമിനാറുകളും ഇലക്ട്രിക്‌ വാഹനങ്ങള്‍ എവിടെ കിട്ടുമെന്നുളള വിവരങ്ങളും എല്ലാം ജനങ്ങളിലേക്കെത്തിക്കുന്നത്‌ ഇഎംസിയാണ്‌.

 

ഇഎംസിയുടെ സ്വന്തം പോര്‍ട്ടല്‍
ഇരുചക്രവാഹനങ്ങളാണ്‌ ജനം കൂടുതല്‍ ഉപയോഗിക്കുന്നത്‌ എന്നതിനാല്‍ ആ വിഭാഗത്തിലെ ഇലക്ട്രിക്‌ വാഹനങ്ങളുടെ പ്രചാരണത്തിനാണ്‌ ഇഎംസി നിലവില്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത്‌. തുല്യ പ്രാധാന്യം മുച്ചക്രവാഹനങ്ങള്‍ക്കും നല്‍കിവരുന്നു. ഇതിന്റെ ഭാഗമായി www.myev.org.in വെബ്‌പോര്‍ട്ടല്‍ തുടങ്ങുകയും ആറ്‌ കമ്പനികളുടെ 12 വിവിധ മോഡല്‍ ഇലക്ട്രിക്‌ ഇരുചക്രവാഹനങ്ങള്‍ അതില്‍ ലഭ്യമാക്കുകയും ചെയ്‌തിട്ടുണ്ട്‌. കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ EESL ന്റെ സബ്‌സിഡിയറി കമ്പനിയായ CESL-മായി സഹകരിച്ച്‌ 2021 ജൂണ്‍ 5ന്‌ ഒരു ധാരണാപത്രം ഒപ്പുവയ്‌ക്കുകയും അതുപ്രകാരം ആദ്യപദ്ധതിയായി ന്യായമായ വിലയില്‍ ഇലക്ട്രിക്‌ ഇരുചക്രവാഹനങ്ങളെ ജനകീയവത്‌ക്കരിക്കുന്നതിന്റെ (Popularisation of two wheelers at cost effective price) ഭാഗമായി 12 മോഡലുകള്‍ ലഭ്യമാക്കുകയുമായിരുന്നു. 50,000 മുതല്‍ 1,50,000 ലക്ഷം രൂപ വരെ വിലയുളള ഇരുചക്രവാഹനങ്ങള്‍ ലഭ്യമാണ്‌. 27 ശതമാനം മുതല്‍ 47% വരെ കേന്ദ്രസബ്‌സിഡി കഴിഞ്ഞിട്ടുളള തുകയാണിത്‌.ഇന്‍ഷൂറന്‍സും റോഡ്‌ ടാക്‌സുമെല്ലാം ഈ വിലയില്‍ ഉള്‍പ്പെടും. ബാറ്ററിയുടെ കപ്പാസിറ്റിയെ അടിസ്ഥാനമാക്കിയാണ്‌ സബ്‌സിഡി നിശ്ചയിക്കുന്നത്‌.

ഇത്തരത്തില്‍ കോസ്‌റ്റ്‌ കുറച്ചുകൊടുത്തുകഴിഞ്ഞാല്‍ നിലവില്‍ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയേറിയ ഐസി എന്‍ജിന്‍ വാഹനങ്ങളെക്കാള്‍ കുറഞ്ഞ വിലയ്‌ക്ക്‌ ഇലക്ട്രിക്‌ വാഹനങ്ങള്‍ ലഭിക്കുന്ന നിലയിലേക്കെത്തുമെന്നാണ്‌ ഇഎംസിയുടെ വിലയിരുത്തല്‍. ഐസി എന്‍ജിന്‍ വാഹനങ്ങളെക്കാള്‍ കുറഞ്ഞ വിലയില്‍ അതിനേക്കാള്‍ കപ്പാസിറ്റിയുളള വാഹനം കിട്ടുമെന്നു വരുമ്പോള്‍ ആളുകള്‍ പിന്നീട്‌ ഐസി വാഹനങ്ങളിലേക്ക്‌ പോകില്ല. അതായത്‌ പുതിയ വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഒരാളും ഐസി എന്‍ജിന്‍ വാഹനത്തെക്കുറിച്ച്‌ ചിന്തിക്കരുത്‌. അത്രത്തോളം സാധ്യത ഇലക്ട്രിക്‌ വാഹനങ്ങള്‍ക്ക്‌ ഉറപ്പാക്കാന്‍ കഴിയണമെന്ന ലക്ഷ്യത്തോടെയാണ്‌ 'ഗോ ഇലക്ട്രിക്‌' ക്യാമ്പയിനുമായി ഇഎംസി മുന്നോട്ടുപോകുന്നത്‌.

മൂന്ന്‌ മണിക്കൂര്‍ ചാര്‍ജ്ജിംഗ്‌
ഫുള്‍ചാര്‍ജ്ജ്‌ ചെയ്‌താല്‍ 100 കിമി മുതല്‍ 160 കി.മി വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഇലക്ട്രിക്‌ ഇരുചക്രവാഹനങ്ങള്‍ ഇപ്പോഴുണ്ട്‌. രാത്രിയില്‍ ചാര്‍ജ്ജുചെയ്യാനിട്ടു കഴിഞ്ഞാല്‍ പിറ്റേന്നത്തെ യാത്രയ്‌ക്ക്‌ സജ്ജമാകും. സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ചാര്‍ജ്ജിംഗ്‌ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നു. അതായത്‌ പെട്രോള്‍ വാഹനത്തിന്‌ കിലോമീറ്ററിന്‌ 5-6 രൂപ വരെ ചെലവുവരുന്നിടത്ത്‌ ഇലക്ട്രിക്‌ വാഹനത്തിന്‌ 25 പൈസയേ ചെലവുവരുന്നുളളു. വീട്ടില്‍ നിന്നുതന്നെ ചാര്‍ജ്ജ്‌ ചെയ്യാം. സോളാര്‍ പാനല്‍ ഉളള വീടുകളിലാകട്ടെ വൈദ്യുതിക്കും കാശ്‌ ചെലവാക്കണ്ട.

എന്തുകൊണ്ട്‌ ഇലക്ട്രിക്‌ വാഹനം?
ഹരിതഇന്ധനങ്ങളുടെ ആസന്നമായ ക്ഷാമവും ഇലക്ട്രിക്‌ വാഹനത്തിന്റെ ചാര്‍ജ്ജിംഗ്‌ ഗുണവും മാത്രമല്ല വൈദ്യുതി വാഹനങ്ങളിലേക്ക്‌ മാറാന്‍ സര്‍ക്കാരുകള്‍ ആഹ്വാനം ചെയ്യാനുളള കാരണം. കൃത്യമായി പറഞ്ഞാല്‍ പ്രതിവര്‍ഷം എട്ടു ലക്ഷം കോടി രൂപ ചെലവഴിച്ചാണ്‌ ഇന്ത്യയിലേക്ക്‌ ഇന്ധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്‌. വൈദ്യുതവാഹനങ്ങളിലേക്ക്‌ മാറുമ്പോള്‍ ഹരിതഇന്ധനങ്ങളുടെ ഇറക്കുമതി സ്വാഭാവികമായും കുറയും. തത്‌ഫലമായി വിദേശവിനിമയത്തിലുണ്ടാകുന്ന വ്യത്യാസം വലുതാണ്‌-അതുകൊണ്ടുണ്ടാകുന്ന ലാഭവും. അതായത്‌ ഇതില്‍ ഒരു 30% കുറവുവരുത്താനായാല്‍ പോലും ഒരു വലിയ തുക നാം ലാഭിക്കുകയാണ്‌. അത്‌ രാജ്യത്തിന്റെ വികസനപ്രവര്‍ത്തങ്ങള്‍ക്കായി ഉപയോഗിക്കാനാവും.

മറ്റൊരു കാര്യം തദ്ദേശീയമായ നിര്‍മ്മാണപ്ലാന്റുകള്‍ക്കുളള സാധ്യതയാണ്‌. ഐസി വാഹനങ്ങള്‍ക്കുവേണ്ട അത്രയും പാര്‍ട്‌സ്‌ ഇതില്‍ ആവശ്യമില്ല. അപ്പോള്‍ പ്രാദേശികമായി ഒരു മോട്ടോറും കുറച്ചു ബാറ്ററിയും ഒരു ആകൃതിയുമുണ്ടെങ്കില്‍ നിര്‍മ്മാണ യൂണിറ്റായി. ഈ രംഗത്ത്‌ റിട്രോഫിക്കിന്‌ വരെ ചാന്‍സുണ്ട്‌. അങ്ങനെവരുമ്പോള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും അതുവഴി ജനങ്ങളുടെ കൈയില്‍ പണമെത്താനുളള സാധ്യത കൂടുകയും ചെയ്യുന്നു. എആര്‍എഐ (Automotive Research Association of India)യുടെ സര്‍ട്ടിഫിക്കേഷനുണ്ടെങ്കില്‍ പ്രാദേശികമായി തന്നെ വാഹനങ്ങള്‍ നിര്‍മ്മിക്കാനാവും. ഇരുചക്രവാഹനങ്ങള്‍ക്കും, മുച്ചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കുമുളള സര്‍ട്ടിഫൈഡ്‌ കിറ്റുകളും നിലവില്‍ ലഭ്യമാണ്‌. കാറുളളവര്‍ക്ക്‌ 50,000 മുതല്‍ 60,000 രൂപ വരെ ചെലവാക്കിയാല്‍ ഇലക്ട്രിക്‌ വാഹനമാക്കി മാറ്റിയെടുക്കാവുന്ന രീതിയിലേക്കൊക്കെ കാര്യങ്ങളെത്തുകയാണ്‌. ഇലക്ട്രിക്‌ വാഹനങ്ങളുടെ മറ്റൊരു ഗുണം അവയ്‌ക്ക്‌ ആയുര്‍ദൈര്‍ഘ്യം അഥവാ ദീര്‍ഘകാലപ്രവര്‍ത്തനക്ഷമത ഐസി വാഹനങ്ങളെ അപേക്ഷിച്ച്‌ കൂടുതലാണ്‌ എന്നതാണ്‌. മലിനീകരണം കുറയും, വാഹനങ്ങള്‍ പുറന്തളളുന്ന ചൂട്‌ കുറയും അങ്ങനെ പരിസ്ഥിതിക്കും സമൂഹത്തിനും വാഹനഉടമകള്‍ക്കുമെല്ലാം ഗുണങ്ങള്‍ പലതാണ്‌.

വരുന്നു ഫിനാന്‍സിംഗും
അതോടൊപ്പം myev.org.in എന്ന പോര്‍ട്ടലില്‍ തന്നെ ഫിനാന്‍സിംഗിനുളള ഓപ്‌ഷനും കൊണ്ടുവരാനുളള നടപടികള്‍ പുരോഗമിക്കുകയാണ്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി 2021 സെപ്‌തംബര്‍ മാസം 2 മുതല്‍ 4 -ാം തീയതി വരെ നാലുദിവസം നീണ്ട പ്രദര്‍ശനം ഇഎംസി സംഘടിപ്പിച്ചിരുന്നു. പദ്ധതിപ്രകാരം ലഭ്യമായ വൈദ്യുതവാഹന മോഡലുകളാണ്‌ പ്രദര്‍ശിപ്പിച്ചത്‌. നിരവധി ബുക്കിങ്ങുകളാണ്‌ ലഭിച്ചത്‌.

ഭാവി പുതിയ ഊര്‍ജ്ജസ്രോതസ്സുകളുടേതാണ്‌. റഷ്യ ബഹിരാകാശത്ത്‌ സിനിമ പിടിക്കാനൊരുങ്ങുന്ന കാലത്ത്‌ നാമിനിയും പഴയ സങ്കേതങ്ങളില്‍ കുരുങ്ങിക്കിടക്കുന്നത്‌ ആശാവഹമല്ല..പുരോഗമനപരവുമല്ല. അതിനാല്‍ സര്‍ക്കാരും ശാസ്‌ത്രലോകവും പറയുന്നതു കേള്‍ക്കാം.... 'ഗോ ഇലക്ട്രിക്‌'....അതാകട്ടെ പുതുവര്‍ഷത്തിനായുളള ആദ്യ ചുവടുവെയ്‌പ്‌..... ചുക്കാന്‍ പിടിച്ച്‌ ഇ.എം.സി ഒപ്പമുണ്ട്‌.

Post your comments