Global block

bissplus@gmail.com

Global Menu

ഊര്‍ജ്ജമേഖലയെ ഉത്തേജിപ്പിക്കാന്‍ എനര്‍ജി മാനേജ്‌മെന്റ്‌ സെന്റര്‍

പരിസ്ഥിതി മലിനീകരണവും അനുബന്ധപ്രശ്‌നങ്ങളായ ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും രാജ്യാന്തരതലത്തില്‍ ചര്‍ച്ചയായിട്ട്‌ ദശാബ്ദങ്ങളായി. ക്യോട്ടോ കോണ്‍ഫറന്‍സുപോലുളള വിവാദങ്ങള്‍ക്കു വഴിവെച്ച എത്രയോ രാജ്യാന്തരയോഗങ്ങള്‍ നാം കണ്ടിരിക്കുന്നു. ആദ്യകാലത്ത്‌ പരിസ്ഥിതിവാദികളുടെയും ശാസ്‌ത്രലോകത്തിന്റെയും വിലാപങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും ചെവികൊടുക്കാതിരുന്ന ലോകസാമ്പത്തിക-സൈനിക ശക്തികള്‍ പോലും ഇപ്പോള്‍ പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നുവെന്നതാണ്‌ ആശാവഹമായ മാറ്റം. ഭൂമികുലുക്കമായും ചുഴലികളായും കാലാവസ്ഥാവ്യതിയാനത്തിന്റെ അനന്തരഫലങ്ങളായ വിപത്തുകള്‍ തങ്ങളുടെ രാജ്യങ്ങളിലേക്ക്‌ നിരന്തരമെത്തിയതോടെയാണ്‌ വമ്പന്മാര്‍ വിട്ടുവീഴ്‌ചകളില്ലാത്ത വികസനം എന്ന തങ്ങളുടെ വമ്പിനൊപ്പം പരിസ്ഥിതിസൗഹൃദം എന്നു കൂടി ചേര്‍ത്തുതുടങ്ങിയത്‌. വികസിതരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക്‌ ഉറ്റുനോക്കുന്ന ഇന്ത്യയും പരിസ്ഥിതി സംരക്ഷണത്തിലെ വിട്ടുവീഴ്‌ചകള്‍ മാറ്റിവെച്ച്‌ പരിസ്ഥിതിയെ ചേര്‍ത്തുപിടിച്ചുളള വികസനത്തിലേക്ക്‌ നോക്കിത്തുടങ്ങിയത്‌ അടുത്തകാലത്താണ്‌. രാജ്യതലസ്ഥാനത്തെ ജീവവായു പോലും മലിനപ്പെട്ട സാഹചര്യത്തില്‍ ഈ ചേര്‍ത്തുപിടിക്കല്‍ അനിവാര്യവുമാണ്‌. പരിസ്ഥിതി വികസനം പോലെ തന്നെ പ്രാധാന്യമുളളതാണ്‌ പ്രകൃതിവിഭവങ്ങളുടെയും ഫോസില്‍ ഇന്ധനങ്ങളുടെയും മറ്റും ഉപഭോഗവും. കല്‍ക്കരിയുടെയും പെട്രോളിന്റെയുമെല്ലാം റിസര്‍വ്വ്‌ ശോഷിച്ചുതുടങ്ങിയിട്ട്‌ കാലമൊട്ടായി. ഭൂമിയുടെ ശ്വാസകോശങ്ങളായ വനങ്ങളും തുലോം ശോഷിച്ചിരിക്കുന്നു. വനങ്ങളുടെ മാത്രമല്ല പ്രകൃതിവിഭവങ്ങളുടെയെല്ലാം സ്ഥിതി ഇതാണ്‌. ഈ സാഹചര്യത്തില്‍ അവയുടെ ഉപയോഗം കുറച്ച്‌ മറ്റ്‌ സുസ്ഥിര മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതുണ്ട്‌. ഈ ബോധ്യത്തോടെയാണ്‌ കേന്ദ്ര ഊര്‍ജ്ജമന്ത്രാലയം പല പദ്ധതികളും ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കിവരുന്നത്‌. ഊര്‍ജ്ജമേഖലയെ ഉടച്ചുവാര്‍ത്ത്‌ പുതിയ നിരവധി പദ്ധതികള്‍ ഇതിനകം കേന്ദ്രം നടപ്പിലാക്കിക്കഴിഞ്ഞു.സംസ്ഥാനതലത്തില്‍ നിയുക്ത ഏജന്‍സികള്‍ (State Designated Agency)വഴിയാണ്‌ കേന്ദ്രപദ്ധതികള്‍ നടപ്പിലാക്കപ്പെടുന്നത്‌. അതതുസംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ഈ പ്രവര്‍ത്തനത്തിനൊപ്പം നില്‍ക്കുന്നു.

സുസ്ഥിര സാമ്പത്തിക-പാരിസ്ഥിക വികസനപ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉത്തേജകമെന്ന നിലയിലേക്ക്‌ ഊര്‍ജ്ജമേഖലയെ പരുവപ്പെടുത്തിയെടുക്കുകയും ഇന്‍സ്‌ട്രുമെന്റലൈസ്‌ ചെയ്യുകയും ചെയ്യുന്നതിന്‌്‌ സംസ്ഥാന തലത്തില്‍ ഒരു ഊര്‍ജ്ജ മാനേജ്‌മെന്റ്‌ സെന്റര്‍ (ഇഎംസി) സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ്‌ കേരളം. ഊര്‍ജ്ജമേഖലയെ സുപ്രധാനമായ ഉത്തേജകമെന്ന നിലയിലേക്ക്‌ വളര്‍ത്തിയെടുക്കുന്നതിന്‌ ഊര്‍ജ്ജ മാനേജ്‌മെന്റില്‍ നൂതനവും സമഗ്രവുമായ സമീപനമാണ്‌ ഇഎംസി സ്വീകരിച്ചുവരുന്നത്‌. പാരമ്പര്യ-പാരമ്പര്യേതര ഊര്‍ജ്ജസംരക്ഷണത്തിനും ഊര്‍ജ്ജമേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങളുടെ പരിപാലനത്തിനായി പ്രത്യേകമായ ആശയങ്ങളും വികസിപ്പിച്ചെടുത്തു. എനര്‍ജി റിസോഴ്‌്‌സ്‌ മാനേജ്‌മെന്റ്‌, ഗ്രാമീണ-നാഗരിക ഊര്‍ജ്ജ സംവിധാനങ്ങളുടെ ആധുനികവത്‌ക്കരണവും പരിപാലനവും, ഊര്‍ജ്ജസംരക്ഷണത്തെക്കുറിച്ചുളള ബോധവത്‌ക്കരണവും പരിശീലനവും, ഊര്‍ജ്ജോത്‌പാദനവും സംരക്ഷണവുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങള്‍, ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ തുടങ്ങിയവയൊക്കെ നടപ്പിലാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ ഇഎംസി.

ഊര്‍ജ്ജ ക്ഷാമത്തിലും ഊര്‍ജ്ജ വില വര്‍ദ്ധനയിലും ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യങ്ങളിലൊന്നായ ഇന്ത്യ, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ സാങ്കേതികവിദ്യയെ ജനകീയമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുള്‍പ്പെടെ, മുന്‍ഗണനാടിസ്ഥാനത്തില്‍ സമ്പദ്‌ വ്യവസ്ഥയുടെ എല്ലാ മേഖലകളിലും ഊര്‍ജ്ജ മാനേജ്‌മെന്റ്‌ നടപടികള്‍ സ്വീകരിക്കുന്നതിന്‌ വളരെ മുമ്പേ തന്നെ മുന്നോട്ടുവന്നു. സമ്പദ്‌വ്യവസ്ഥയുടെ ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും പ്രാബല്യത്തില്‍ വരുമ്പോള്‍, സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും മൊത്തം ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഊര്‍ജ്ജ മാനേജ്‌മെന്റ്‌ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ മത്സരശേഷി നിര്‍ണ്ണയിക്കുന്നതിനുള്ള പ്രധാന ഘടകമായി മാറി. ഈ ഊര്‍ജ്ജ-സമ്പദ്‌ വ്യവസ്ഥ ഇടപെടല്‍ പ്രക്രിയയ്‌ക്ക്‌്‌ ഉചിതമായ പരിഗണന നല്‍കിക്കൊണ്ട്‌, കേരള സര്‍ക്കാര്‍ വൈദ്യുതി വകുപ്പിന്‌ കീഴില്‍ ഒരു മള്‍ട്ടി-ഡിസിപ്ലിനറി എനര്‍ജി മാനേജ്‌മെന്റ്‌ സെന്റര്‍ (ഇഎംസി) സ്ഥാപിക്കുന്നതിനുള്ള നേതൃത്വപരമായ മുന്‍കൈ എടുത്തു.തത്‌ഫലമായാണ്‌ 1996ല്‍ പിണറായി വിജയന്‍ വൈദ്യുത വകുപ്പ്‌ മന്ത്രിയായിരിക്കെ ഊര്‍ജ്ജവകുപ്പിന്‌ കീഴില്‍ ഇഎംസി സ്ഥാപിതമായത്‌. ഒരു സ്വയംഭരണസ്ഥാപനമാണിത്‌. സംസ്ഥാനത്തിന്റെ ഊര്‍ജ്ജക്ഷമത വര്‍ദ്ധിപ്പിക്കുക എന്നതാണ്‌ ഇഎംസിയില്‍ നിക്ഷിപ്‌തമായിരിക്കുന്ന ഉത്തരവാദിത്തം.

`സമ്പൂര്‍ണ്ണ ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലൂടെയും സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും പുനരുപയോഗ ഊര്‍ജ്ജത്തിന്റെയും പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജ സംവിധാനങ്ങളുടെയും പ്രയോഗത്തിലൂടെയും സുസ്ഥിര വികസനം കൈവരിക്കുക` എന്ന ലക്ഷ്യത്തിലൂന്നിയാണ്‌ ഇഎംസി പ്രവര്‍ത്തിക്കുന്നത്‌. ഇഎംസിയുടെ ചുമതലകള്‍ ചുവടെ:

-ഊര്‍ജ്ജ സംരക്ഷണ നിയമം 2001-ലെ വ്യവസ്ഥകള്‍ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും നടപ്പാക്കാനുമുളള നിയുക്ത സര്‍ക്കാര്‍ ഏജന്‍സി (2001 ലെ കേന്ദ്ര നിയമം 52) എന്ന നിലയില്‍ പ്രവര്‍ത്തിക്കുക.

-ഊര്‍ജ്ജ-പരിസ്ഥിതി-വികസന ഇടപെടലുകളുടെ എല്ലാ വശങ്ങളുമായി ബന്ധപ്പെട്ട ഗവേഷണം, വിദ്യാഭ്യാസം, പരിശീലനം, കണ്‍സള്‍ട്ടന്‍സി എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഊര്‍ജ്ജ മാനേജ്‌മെന്റ്‌ പ്രോഗ്രാമുകളിലൂടെ സമ്പദ്‌ വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ സംയോജിതവും സുസ്ഥിരവുമായ വികസനത്തിന്‌ സമാരംഭം കുറിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക.

-ശാസ്‌ത്ര -സാങ്കേതിക ഗവേഷണം, വിദ്യാഭ്യാസം, പരിശീലനം, പ്രൊഫഷണല്‍ കണ്‍സള്‍ട്ടന്‍സി, സമയോചിതമായ ഉപദേശം എന്നിവയിലൂടെ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും ഊര്‍ജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കുക.

-ഊര്‍ജ്ജ സംരക്ഷണത്തില്‍ ജനകീയ പങ്കാളിത്തം- പ്രത്യേകിച്ചും സ്‌ത്രീകളുടെയും യുവാക്കളുടെയും- ലക്ഷ്യമിട്ടുളള സമഗ്രമായ തന്ത്രങ്ങളും, ചട്ടക്കൂടും പ്ലാറ്റ്‌ഫോമും പരിപാടികളും വികസിപ്പിക്കുക.

-ഊര്‍ജ്ജ തീവ്രതയും ഊര്‍ജ്ജക്ഷമത നിലയും മനസ്സിലാക്കി സമ്പദ്‌ വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ ഊര്‍ജ്ജ കാര്യക്ഷമതാ മാനദണ്ഡങ്ങള്‍ വികസിപ്പിക്കുക.

-സുസ്ഥിര പാരിസ്ഥിതിക-സാമ്പത്തിക വികസനമാര്‍ജ്ജിക്കുന്നതിന്‌ സഹായകമായ വിധത്തില്‍ ഒരു സമഗ്ര ഊര്‍ജ്ജ നയം രൂപപ്പെടുത്തുന്നതിനായി ഊര്‍ജ്ജ-പരിസ്ഥിതി-വികസന ഇന്റര്‍ഫേസില്‍ ബഹുമുഖമായ ഗവേഷണം, പരിശീലനം,വിദ്യാഭ്യാസം, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ ആരംഭിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

-ഊര്‍ജ്ജത്തെ ഒരു അടിസ്ഥാന ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ സൗകര്യമായി കണ്ട്‌ എല്ലാ വശങ്ങളും അളവുകളും ഉള്‍ക്കൊള്ളുന്ന ഒരു അത്യാധുനിക ഡാറ്റാ ബാങ്ക്‌ വികസിപ്പിക്കുക.
-ദക്ഷിണ രാജ്യങ്ങളുടെ പ്രയോജനത്തിനായി സമഗ്രമായ ഊര്‍ജ്ജ മാനേജ്‌മെന്റിനെക്കുറിച്ചുള്ള പഠനത്തിന്‌ ഒരു അന്താരാഷ്ട്ര ഗവേഷണ, പരിശീലന, അക്കാദമിക്‌ സ്ഥാപനം വികസിപ്പിക്കുക.

-ഊര്‍ജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവബോധം നല്‍കുക.

-ഊര്‍ജ്ജ, പരിസ്ഥിതി മാനേജ്‌മെന്റ്‌ പ്രോഗ്രാമുകളില്‍ പരിശീലനത്തിലൂടെ ഈ മേഖലയിലെ പ്രൊഫഷണലുകളുടെ കഴിവുകളും കഴിവുകളും മെച്ചപ്പെടുത്തുക

-ഇന്ത്യയ്‌ക്കകത്തും പുറത്തുമുള്ള ഊര്‍ജ്ജ വിദഗ്‌ധരുടെ സഹകരണം സുഗമമാക്കുക.
-ദേശീയ, അന്തര്‍ദേശീയ സംഘടനകള്‍, സര്‍വകലാശാലകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, നിയന്ത്രണ സ്ഥാപനങ്ങള്‍, ഫണ്ടിംഗ്‌ ഏജന്‍സികള്‍ തുടങ്ങിയവയുമായി സഹകരിച്ച്‌ ഊര്‍ജ്ജ സംരക്ഷണവും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുക.

-ഊര്‍ജ്ജ സംവിധാനങ്ങള്‍, പ്രത്യേകിച്ച്‌ പാരമ്പര്യ ഊര്‍ജ്ജ പാക്കേജ്‌ സംവിധാനങ്ങള്‍ ജനങ്ങളുടെ പ്രത്യേകിച്ചും വൈദ്യുതി തുടങ്ങിയവ നിഷേധിക്കപ്പെട്ട ദരിദ്രവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗപ്പെടുത്തുക.

-സഹകരണ പ്രസ്ഥാനത്തിലൂടെയും സ്ഥാപനവികസനത്തിലൂടെയും ജനങ്ങളുടെ സമഗ്ര ജീവിതനിലവാര ഉയര്‍ത്തുകയും സുസ്ഥിരവികസനം സാധ്യമാക്കുകയും ചെയ്യുന്നതിന്‌ സഹായകമായ ഒരു ഊര്‍ജ്ജ സംവിധാനം രൂപപ്പെടുത്തുന്നതിന്‌ താഴേത്തട്ടില്‍ നിന്നുളള അവസരം പ്രദാനം ചെയ്‌തും സമഗ്രമായ ഊര്‍ജ്ജ ആസൂത്രണവും മാനേജ്‌മെന്റും പ്രോത്സാഹിപ്പിക്കുക.

Post your comments